ഉൾക്കാഴ്ചയോടെയും പ്രേരണാശക്തിയോടെയും പഠിപ്പിക്കുക
ഉൾക്കാഴ്ചയോടെയും പ്രേരണാശക്തിയോടെയും പഠിപ്പിക്കുക
“ജ്ഞാനിയുടെ ഹൃദയം അവന്റെ വായ് ഉൾക്കാഴ്ച പ്രകടമാക്കാൻ ഇടയാക്കുന്നു, അത് അവന്റെ അധരങ്ങൾക്കു പ്രേരണാശക്തി കൂട്ടുന്നു.”—സദൃശവാക്യങ്ങൾ 16:23, NW.
1. ദൈവവചനം പഠിപ്പിക്കുന്നതിൽ കേവലം വിവരങ്ങൾ പകർന്നു കൊടുക്കുന്നതിലും അധികം ഉൾപ്പെട്ടിരിക്കുന്നത് എന്തുകൊണ്ട്?
ദൈവവചനത്തിന്റെ ഉപദേഷ്ടാക്കൾ എന്ന നിലയിൽ നമ്മുടെ ലക്ഷ്യം വിദ്യാർഥികളുടെ മനസ്സിനെ മാത്രമല്ല ഹൃദയത്തെയും പ്രബുദ്ധമാക്കുക എന്നതാണ്. (എഫെസ്യർ 1:17) അതുകൊണ്ട് പഠിപ്പിക്കുന്നതിൽ കേവലം വിവരങ്ങൾ പകർന്നു കൊടുക്കുന്നതിലും അധികം ഉൾപ്പെട്ടിരിക്കുന്നു. സദൃശവാക്യങ്ങൾ 16:23 [NW] പറയുന്നു: “ജ്ഞാനിയുടെ ഹൃദയം അവന്റെ വായ് ഉൾക്കാഴ്ച പ്രകടമാക്കാൻ ഇടയാക്കുന്നു, അത് അവന്റെ അധരങ്ങൾക്കു പ്രേരണാശക്തി കൂട്ടുന്നു.”
2. (എ) പ്രേരിപ്പിക്കുക എന്നാൽ അർഥമെന്ത്? (ബി) എല്ലാ ക്രിസ്ത്യാനികൾക്കും പ്രേരണാശക്തിയുള്ള ഉപദേഷ്ടാക്കൾ ആയിരിക്കാൻ കഴിയുന്നത് എങ്ങനെ?
2 തന്റെ പഠിപ്പിക്കൽ വേലയിൽ അപ്പൊസ്തലനായ പൗലൊസ് തീർച്ചയായും ഈ തത്ത്വം ബാധകമാക്കി. കൊരിന്തിൽ ആയിരുന്നപ്പോൾ “ശബത്തു തോറും അവൻ സിനഗോഗിൽ പ്രസംഗം നടത്തി യഹൂദന്മാരെയും യവനന്മാരെയും വിശ്വസിക്കാൻ പ്രേരിപ്പിക്കുമായിരുന്നു.” (പ്രവൃത്തികൾ 18:4, NW) ഒരു പ്രമാണ ഗ്രന്ഥം പറയുന്നത് അനുസരിച്ച്, ‘പ്രേരിപ്പിക്കുക’ എന്ന് ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദത്തിന്റെ അർഥം, “ന്യായയുക്തിയുടെയോ ധാർമിക പരിചിന്തനത്തിന്റെയോ സ്വാധീനത്താൽ മനംമാറ്റം വരുത്തുക” എന്നാണ്. ബോധ്യം വരുത്തുന്ന വാദമുഖങ്ങളാൽ ആളുകളുടെ ചിന്താരീതിക്കുതന്നെ മാറ്റം വരുത്തുന്നതിന് അവരെ പ്രേരിപ്പിക്കാൻ പൗലൊസിനു കഴിഞ്ഞു. പ്രേരിപ്പിക്കാനുള്ള അവന്റെ പ്രാപ്തി അതിശയകരം ആയിരുന്നതിനാൽ ശത്രുക്കൾ അവനെ ഭയപ്പെട്ടിരുന്നു. (പ്രവൃത്തികൾ 19:24-27) എന്നിരുന്നാലും, പൗലൊസിന്റെ പഠിപ്പിക്കൽ മാനുഷ പ്രാപ്തിയുടെ ഒരു പ്രകടനം ആയിരുന്നില്ല. അവൻ കൊരിന്ത്യരോടു പറഞ്ഞു: “നിങ്ങളുടെ വിശ്വാസത്തിന്നു മനുഷ്യരുടെ ജ്ഞാനമല്ല, ദൈവത്തിന്റെ ശക്തി തന്നേ ആധാരമായിരിക്കേണ്ടതിന്നു എന്റെ വചനവും എന്റെ പ്രസംഗവും ജ്ഞാനത്തിന്റെ വശീകരണവാക്കുകളാൽ അല്ല, ആത്മാവിന്റെയും ശക്തിയുടെയും പ്രദർശനത്താലത്രേ ആയിരുന്നതു.” (1 കൊരിന്ത്യർ 2:4, 5) എല്ലാ ക്രിസ്ത്യാനികൾക്കും ദൈവാത്മാവിന്റെ സഹായം ലഭ്യമായതിനാൽ അവർക്ക് എല്ലാവർക്കും പ്രേരണാശക്തിയുള്ള ഉപദേഷ്ടാക്കൾ ആയിരിക്കാൻ കഴിയും. എങ്ങനെ? ചില പഠിപ്പിക്കൽ വിദ്യകൾ നമുക്കു പരിശോധിക്കാം.
നല്ല ശ്രോതാവ് ആയിരിക്കുക
3. മറ്റുള്ളവരെ പഠിപ്പിക്കുമ്പോൾ ഉൾക്കാഴ്ച ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്, നമുക്ക് എങ്ങനെ ബൈബിൾ വിദ്യാർഥിയുടെ ഹൃദയത്തിൽ എത്തിച്ചേരാൻ കഴിയും?
3 ഒന്നാമത്തെ പഠിപ്പിക്കൽ വിദ്യയിൽ ഉൾപ്പെട്ടിരിക്കുന്നത് സംസാരിക്കലല്ല മറിച്ച് ശ്രദ്ധിക്കലാണ്. സദൃശവാക്യങ്ങൾ 16:23-ൽ കണ്ടതുപോലെ, പ്രേരിപ്പിക്കുന്നവർ ആയിരിക്കാൻ നമുക്കു ജ്ഞാനം ഉണ്ടായിരിക്കണം. താൻ പഠിപ്പിച്ച ആളുകളെ കുറിച്ച് യേശുവിന് ഉൾക്കാഴ്ച ഉണ്ടായിരുന്നെന്നു തീർച്ച. യോഹന്നാൻ 2:25 പറയുന്നു: “മനുഷ്യനിലുള്ളതു എന്തു എന്നു [അവൻ] സ്വതവെ അറിഞ്ഞി”രുന്നു. എന്നാൽ, നാം പഠിപ്പിക്കുന്നവരുടെ ഹൃദയത്തിൽ എന്താണ് ഉള്ളതെന്നു നമുക്ക് എങ്ങനെ അറിയാൻ കഴിയും? നല്ല ശ്രോതാവ് ആയിരിക്കുക എന്നതാണ് ഒരു മാർഗം. യാക്കോബ് 1:19 പറയുന്നു: ‘ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും ഉള്ളവനായിരിക്കട്ടെ.’ എല്ലാവരും തങ്ങളുടെ വിചാരങ്ങൾ എളുപ്പം പ്രകടിപ്പിക്കുകയില്ല എന്നതു സത്യമാണ്. ബൈബിൾ വിദ്യാർഥികളിലുള്ള നമ്മുടെ ആത്മാർഥമായ താത്പര്യം അവർക്കു ബോധ്യമാകുന്തോറും തങ്ങളുടെ യഥാർഥ വികാരങ്ങൾ പ്രകടിപ്പിക്കാൻ അവർ കൂടുതൽ ചായ്വു കാട്ടിയേക്കാം. ഹൃദയത്തിൽ എത്തിച്ചേർന്ന് അവ ‘കോരി എടുക്കാ’ൻ ദയയോടും വിവേകത്തോടും കൂടിയ ചോദ്യങ്ങൾ നമ്മെ മിക്കപ്പോഴും സഹായിക്കുന്നു.—സദൃശവാക്യങ്ങൾ 20:5.
4. ക്രിസ്തീയ മൂപ്പന്മാർ നല്ല ശ്രോതാക്കൾ ആയിരിക്കേണ്ടത് എന്തുകൊണ്ട്?
4 ക്രിസ്തീയ മൂപ്പന്മാർ നല്ല ശ്രോതാക്കൾ ആയിരിക്കേണ്ടതു വിശേഷാൽ പ്രധാനമാണ്. എങ്കിൽ മാത്രമേ ‘ഓരോരുത്തനോടും എങ്ങനെ ഉത്തരം പറയേണം എന്ന് [അവർക്ക്] അറിയാൻ’ കഴിയൂ. (കൊലൊസ്സ്യർ 4:6) സദൃശവാക്യങ്ങൾ 18:13 ഈ മുന്നറിയിപ്പു നൽകുന്നു: “കേൾക്കുംമുമ്പെ ഉത്തരം പറയുന്നവന്നു അതു ഭോഷത്വവും ലജ്ജയും ആയ്തീരുന്നു.” ഒരിക്കൽ രണ്ടു സഹോദരന്മാർ നല്ല ആന്തരത്തോടെ ഒരു സഹോദരിക്ക് ലൗകികത സംബന്ധിച്ച് ബുദ്ധിയുപദേശം നൽകി. കാരണം ആ സഹോദരി ചില യോഗങ്ങൾ മുടക്കിയിരുന്നു. എന്നാൽ ആ സഹോദരി ഹാജരാകാതിരുന്നതിന്റെ കാരണം അവർ തിരക്കിയില്ല, അതു സഹോദരിയെ വല്ലാതെ വേദനിപ്പിച്ചു. ആയിടെ നടത്തിയ ഒരു ശസ്ത്രക്രിയയിൽനിന്നു സഹോദരി സുഖം പ്രാപിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ബുദ്ധിയുപദേശം നൽകുന്നതിനു മുമ്പു നാം ശ്രദ്ധിക്കേണ്ടത് അപ്പോൾ എത്ര പ്രധാനമാണ്!
5. സഹോദരന്മാർക്ക് ഇടയിലുണ്ടാകുന്ന തർക്കങ്ങൾ മൂപ്പന്മാർക്ക് എങ്ങനെ കൈകാര്യം ചെയ്യാൻ കഴിയും?
5 മൂപ്പന്മാരെ സംബന്ധിച്ചിടത്തോളം, പഠിപ്പിക്കലിൽ മിക്കപ്പോഴും മറ്റുള്ളവർക്കു ബുദ്ധിയുപദേശം നൽകുന്നത് ഉൾപ്പെടുന്നു. ഇവിടെയും, നല്ല ശ്രോതാക്കൾ ആയിരിക്കേണ്ടതു പ്രധാനമാണ്. സഹക്രിസ്ത്യാനികൾക്ക് ഇടയിൽ തർക്കങ്ങൾ ഉയർന്നു വരുമ്പോൾ ശ്രദ്ധിക്കൽ പ്രത്യേകിച്ചും അനിവാര്യമാണ്. ശ്രദ്ധിച്ചാൽ മാത്രമേ മൂപ്പന്മാർക്ക് ‘മുഖപക്ഷം കൂടാതെ ന്യായം വിധിക്കുന്ന പിതാവിനെ’ അനുകരിക്കാൻ കഴിയൂ. (1 പത്രൊസ് 1:17) അത്തരം സാഹചര്യങ്ങളിൽ വികാരങ്ങൾ മിക്കപ്പോഴും വളരെ ശക്തമായിരുന്നേക്കാം. എന്നാൽ ഒരു മൂപ്പൻ സദൃശവാക്യങ്ങൾ 18:17-ലെ ബുദ്ധിയുപദേശം മനസ്സിൽ പിടിക്കണം. അത് ഇങ്ങനെ പറയുന്നു: “തന്റെ അന്യായം ആദ്യം ബോധിപ്പിക്കുന്നവൻ നീതിമാൻ എന്നു തോന്നും; എന്നാൽ അവന്റെ പ്രതിയോഗി വന്നു അവനെ പരിശോധിക്കും.” ഫലപ്രദനായ ഒരു ബുദ്ധിയുപദേശകൻ ഇരുപക്ഷത്തിനും ശ്രദ്ധ കൊടുക്കും. ഒരു പ്രാർഥന നടത്തിക്കൊണ്ട് അദ്ദേഹം അന്തരീക്ഷം ശാന്തമാക്കാൻ സഹായിക്കുന്നു. (യാക്കോബ് 3:18) വികാര പ്രകടനങ്ങൾ ചൂടുപിടിച്ചാൽ, ഇരുപക്ഷത്തും ഉള്ളവർ പരസ്പരം കലഹിക്കുന്നതിനു പകരം ഓരോ സഹോദരനും ആകുലതകൾ നേരിട്ട് തന്നോടു പറയാൻ അദ്ദേഹം ശുപാർശ ചെയ്തേക്കാം. പരിഗണിക്കപ്പെടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച അവ്യക്തതകൾ നീക്കം ചെയ്യാൻ ഉചിതമായ ചോദ്യങ്ങളിലൂടെ ഒരു മൂപ്പനു കഴിഞ്ഞേക്കും. മിക്ക കേസുകളിലും വഴക്കുകൾക്കു കാരണമായി തീരുന്നത് ആശയവിനിമയത്തിന്റെ അഭാവം ആയിരിക്കും, മറിച്ച് ദ്രോഹബുദ്ധി ആയിരിക്കില്ല. എന്നാൽ ബൈബിൾ തത്ത്വങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, ഇരുപക്ഷത്തിനും പറയാനുള്ളതു ശ്രദ്ധിച്ച ശേഷം, സ്നേഹവാനായ ഒരു ഉപദേഷ്ടാവിന് ഇപ്പോൾ ഉൾക്കാഴ്ചയോടെ പ്രബോധിപ്പിക്കാൻ കഴിയും.
ലാളിത്യത്തിന്റെ മൂല്യം
6. ലളിതമായി പഠിപ്പിക്കുന്നതിൽ പൗലൊസും യേശുവും ദൃഷ്ടാന്തം വെച്ചത് എങ്ങനെ?
6 കാര്യങ്ങൾ ലളിതമായി അവതരിപ്പിക്കുന്നതാണ് മൂല്യവത്തായ മറ്റൊരു പഠിപ്പിക്കൽ വിദ്യ. ബൈബിൾ വിദ്യാർഥികൾ സത്യത്തിന്റെ “വീതിയും നീളവും ഉയരവും ആഴവും എന്തു എന്നു സകലവിശുദ്ധൻമാരോടുംകൂടെ ഗ്രഹിപ്പാ”ൻ നാം ആഗ്രഹിക്കുന്നു എന്നതു സത്യമാണ്. (എഫെസ്യർ 3:18) ബൈബിൾ ഉപദേശങ്ങളുടെ ചില വശങ്ങൾ രസാവഹവും മിക്കപ്പോഴും വെല്ലുവിളിപരവുമാണ്. (റോമർ 11:33) എന്നാൽ, പൗലൊസ് ഗ്രീക്കുകാരോടു പ്രസംഗിച്ചപ്പോൾ അവൻ “ക്രൂശിക്കപ്പെട്ടവനായ യേശുക്രിസ്തു”വിനെ കുറിച്ചുള്ള ലളിതമായ സന്ദേശത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. (1 കൊരിന്ത്യർ 2:1, 2) സമാനമായി, യേശു വ്യക്തവും ആകർഷകവുമായ വിധത്തിലാണ് പ്രസംഗിച്ചത്. തന്റെ ഗിരിപ്രഭാഷണത്തിൽ അവൻ ലളിതമായ പദങ്ങളാണ് ഉപയോഗിച്ചത്. എന്നുവരികിലും, ഉച്ചരിക്കപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഗഹനമായ ചില സത്യങ്ങൾ അതിൽ ഉൾക്കൊള്ളുന്നു.—മത്തായി 5-7 അധ്യായങ്ങൾ.
7. ബൈബിൾ അധ്യയനങ്ങൾ നടത്തുമ്പോൾ കാര്യങ്ങൾ നമുക്കു ലളിതമായി ചർച്ച ചെയ്യാൻ കഴിയുന്നത് എങ്ങനെ?
7 ബൈബിൾ അധ്യയനം നടത്തുമ്പോൾ നമുക്കു കാര്യങ്ങൾ ലളിതമായി അവതരിപ്പിക്കാൻ കഴിയും. എങ്ങനെ? “കൂടുതൽ പ്രാധാന്യമുള്ള സംഗതിക”ളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ. (ഫിലിപ്പിയർ 1:10, NW) ഗഹനമായ വിഷയങ്ങൾ വിശദീകരിക്കുമ്പോൾ ലളിതമായ ഭാഷയിൽ സംസാരിക്കാൻ നാം ശ്രമിക്കണം. ഒരു പ്രസിദ്ധീകരണത്തിൽ പരാമർശിച്ചിരിക്കുന്ന എല്ലാ ബൈബിൾ വാക്യങ്ങളും വായിച്ചു ചർച്ച ചെയ്യാൻ ശ്രമിക്കുന്നതിനു പകരം നാം മുഖ്യ തിരുവെഴുത്തുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇതിന് നമ്മുടെ ഭാഗത്തു നല്ല തയ്യാറാകൽ ആവശ്യമാണ്. വിദ്യാർഥിയെ വിശദാംശങ്ങൾകൊണ്ടു വീർപ്പുമുട്ടിക്കുന്നതു നാം ഒഴിവാക്കണം. അത്ര പ്രാധാന്യമില്ലാത്ത വിഷയങ്ങളാൽ നാം വ്യതിചലിപ്പിക്കപ്പെടരുത്. വിദ്യാർഥിക്ക് പഠിക്കുന്ന പാഠത്തോടു നേരിട്ടു ബന്ധമില്ലാത്ത ഒരു ചോദ്യമുണ്ടെങ്കിൽ, ആ പാഠം തീർന്ന ശേഷം പ്രസ്തുത വിഷയം ചർച്ച ചെയ്യാമെന്നു നയപൂർവം പറയാവുന്നതാണ്.
ചോദ്യങ്ങളുടെ ഫലപ്രദമായ ഉപയോഗം
8. യേശു ചോദ്യങ്ങൾ ഫലപ്രദമായി ഉപയോഗിച്ചത് എങ്ങനെ?
8 പ്രയോജനകരമായ പഠിപ്പിക്കൽ വിദ്യയിൽ ഫലപ്രദമായ ചോദ്യങ്ങൾ ചോദിക്കുന്നത് ഉൾപ്പെടുന്നു. യേശുക്രിസ്തു തന്റെ പഠിപ്പിക്കലിൽ ചോദ്യങ്ങൾ ധാരാളമായി ഉപയോഗിച്ചു. ദൃഷ്ടാന്തത്തിന്, യേശു പത്രൊസിനോടു ചോദിച്ചു: “ശിമോനേ, നിനക്കു എന്തു തോന്നുന്നു? ഭൂമിയിലെ രാജാക്കൻമാർ ചുങ്കമോ കരമോ ആരോടു വാങ്ങുന്നു? പുത്രൻമാരോടോ അന്യരോടോ”? “അന്യരോടു” എന്ന് അവൻ മറുപടി പറഞ്ഞപ്പോൾ, യേശു ഇങ്ങനെ പറഞ്ഞു: “[അപ്പോൾ] പുത്രന്മാർ ഒഴിവുള്ളവരല്ലോ.” (മത്തായി 17:24-27) ആലയത്തിൽ ആരാധിക്കപ്പെട്ടിരുന്നവന്റെ ഏകജാത പുത്രൻ എന്ന നിലയിൽ ആലയ നികുതി കൊടുക്കാൻ യേശു വാസ്തവത്തിൽ ബാധ്യസ്ഥൻ അല്ലായിരുന്നു. എന്നാൽ യേശു ഈ സത്യം വ്യക്തമാക്കിയത് ചോദ്യങ്ങളുടെ ഫലപ്രദമായ ഉപയോഗത്തിലൂടെയാണ്. അങ്ങനെ, പത്രൊസിന് അപ്പോൾത്തന്നെ അറിയാമായിരുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി ശരിയായ ഒരു നിഗമനത്തിൽ എത്തിച്ചേരാൻ യേശു അവനെ സഹായിച്ചു.
9. ബൈബിൾ അധ്യയന സമയത്ത് നമുക്ക് എങ്ങനെ ചോദ്യങ്ങൾ ഉപയോഗിക്കാവുന്നതാണ്?
9 നമുക്കു ബൈബിൾ അധ്യയന സമയത്ത് ചോദ്യങ്ങൾ ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. വിദ്യാർഥി തെറ്റായ ഉത്തരം പറയുമ്പോൾ ശരിയായ ഉത്തരം പറഞ്ഞുകൊടുക്കാൻ നമുക്കു പ്രലോഭനം തോന്നിയേക്കാം. എന്നാൽ വിദ്യാർഥി ആ ഉത്തരം ശരിക്കും ഓർത്തിരിക്കുമോ? ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് വിദ്യാർഥിയെ ശരിയായ നിഗമനത്തിലേക്കു നയിക്കാൻ ശ്രമിക്കുന്നതാണ് മിക്കപ്പോഴും ഏറ്റവും മെച്ചം. ദൃഷ്ടാന്തത്തിന്, ദിവ്യനാമം ഉപയോഗിക്കേണ്ടതിന്റെ കാരണം മനസ്സിലാക്കാൻ വിദ്യാർഥിക്കു ബുദ്ധിമുട്ടുണ്ടെങ്കിൽ നമുക്ക് ഇങ്ങനെ ചോദിക്കാവുന്നതാണ്: ‘നിങ്ങളുടെ പേര് നിങ്ങൾക്കു പ്രധാനമാണോ? . . . എന്തുകൊണ്ട്? . . . നിങ്ങളുടെ പേര് ഉപയോഗിക്കാൻ ഒരുവൻ വിസമ്മതിച്ചാൽ നിങ്ങൾക്ക് എന്തു തോന്നും? . . . നാം ദൈവത്തിന്റെ വ്യക്തിപരമായ പേര് ഉപയോഗിക്കണമെന്ന് അവൻ ആവശ്യപ്പെടുന്നതു ന്യായയുക്തമല്ലേ?’
10. വൈകാരികമായി വ്രണിതർ ആയിരിക്കുന്നവരെ സഹായിക്കാൻ മൂപ്പന്മാർ ചോദ്യങ്ങൾ ഉപയോഗിച്ചേക്കാവുന്നത് എങ്ങനെ?
10 ആട്ടിൻകൂട്ടത്തിന്മേൽ ഇടയവേല ചെയ്യുമ്പോൾ മൂപ്പന്മാർക്കും ചോദ്യങ്ങൾ നന്നായി ഉപയോഗിക്കാവുന്നതാണ്. സഭയിലുള്ള അനേകർ സാത്താന്റെ ലോകത്താൽ വൈകാരികമായി വ്രണിതരും മർദിതരുമാണ്. തങ്ങൾ അശുദ്ധരാണെന്നും സ്നേഹിക്കപ്പെടാൻ അർഹരല്ലെന്നും അവർക്കു തോന്നിയേക്കാം. പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ട് ഒരു മൂപ്പന് അത്തരമൊരു വ്യക്തിയുമായി ന്യായവാദം ചെയ്യാവുന്നതാണ്: ‘നിങ്ങൾ അശുദ്ധനാണെന്നു തോന്നുന്നതായി നിങ്ങൾ പറയുന്നെങ്കിലും, യഹോവയ്ക്കു നിങ്ങളെ കുറിച്ച് എന്താണു തോന്നുന്നത്? നിങ്ങൾക്കു വേണ്ടി മരിച്ച് ഒരു മറുവില പ്രദാനം ചെയ്യാൻ നമ്മുടെ സ്നേഹവാനായ സ്വർഗീയ പിതാവ് തന്റെ പുത്രനെ അനുവദിച്ചത്, അവൻ നിങ്ങളെ സ്നേഹിക്കുന്നുവെന്ന് പ്രകടമാക്കുന്നില്ലേ?’—യോഹന്നാൻ 3:16.
11. പ്രഭാഷണ സാധാരണമായ ചോദ്യങ്ങളുടെ ഉദ്ദേശ്യമെന്ത്, പരസ്യ പ്രസംഗത്തിൽ അവ എങ്ങനെ ഉപയോഗിക്കാവുന്നതാണ്?
11 പ്രഭാഷണ സാധാരണമായ ചോദ്യങ്ങളാണ് പ്രയോജനപ്രദമായ മറ്റൊരു പഠിപ്പിക്കൽ വിദ്യ. ശ്രോതാക്കൾ ഇവയ്ക്ക് ഉത്തരം നൽകാൻ പ്രതീക്ഷിക്കപ്പെടുന്നില്ല. എന്നാൽ കാര്യങ്ങൾ സംബന്ധിച്ച് ന്യായവിചാരം നടത്താൻ അത് അവരെ സഹായിക്കുന്നു. ആഴമായി ചിന്തിക്കാൻ തങ്ങളുടെ ശ്രോതാക്കളെ സഹായിക്കുന്നതിന് പുരാതനകാലത്തെ പ്രവാചകന്മാർ മിക്കപ്പോഴും അത്തരം ചോദ്യങ്ങൾ ഉപയോഗിച്ചിരുന്നു. (യിരെമ്യാവു 18:14, 15) യേശുവും പ്രഭാഷണ സാധാരണമായ ചോദ്യങ്ങൾ ഫലപ്രദമായി ഉപയോഗിച്ചു. (മത്തായി 11:7-11) പരസ്യ പ്രസംഗത്തിൽ അത്തരം ചോദ്യങ്ങൾ വിശേഷിച്ചും ഫലപ്രദമാണ്. യഹോവയെ പ്രസാദിപ്പിക്കാൻ നാം മുഴു ഹൃദയത്തോടെ അവനെ സേവിക്കണമെന്ന് ഒരു സദസ്സിനോട് കേവലം പറയുന്നതിനെക്കാൾ ഏറെ ഫലപ്രദമായിരിക്കാം ഇങ്ങനെ ചോദിക്കുന്നത്: ‘നമ്മുടെ സേവനം വാസ്തവത്തിൽ മുഴു ഹൃദയത്തോടെ ഉള്ളതല്ലെങ്കിൽ, യഹോവ അതിൽ പ്രസാദിക്കുമോ?’
12. വീക്ഷണ ചോദ്യങ്ങൾ ചോദിക്കുന്നതിന്റെ മൂല്യം എന്താണ്?
12 ബൈബിൾ വിദ്യാർഥി താൻ പഠിക്കുന്ന കാര്യങ്ങൾ വാസ്തവത്തിൽ വിശ്വസിക്കുന്നുവോ എന്നു നിർണയിക്കാൻ വീക്ഷണ ചോദ്യങ്ങൾ ഉപകരിക്കുന്നു. (മത്തായി 16:13-16) പരസംഗം തെറ്റാണെന്ന് ഒരു വിദ്യാർഥി കൃത്യമായി ഉത്തരം പറഞ്ഞേക്കാം. എന്നാൽ, വിദ്യാർഥി അങ്ങനെ പറയുമ്പോൾ ധാർമികത സംബന്ധിച്ച ദൈവത്തിന്റെ നിലവാരങ്ങളെ കുറിച്ച് നിങ്ങൾക്കു വ്യക്തിപരമായി എന്തു തോന്നുന്നു? അവ അത്യന്തം കർക്കശമാണെന്ന് നിങ്ങൾ കരുതുന്നുവോ? നിങ്ങൾ അവ പിൻപറ്റുമോ ഇല്ലയോ എന്നത് ശരിക്കും പ്രാധാന്യം അർഹിക്കുന്ന കാര്യമാണെന്ന് നിങ്ങൾ കരുതുന്നുവോ? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ കൂടി ചോദിച്ചുകൂടേ?
ഹൃദയത്തിൽ എത്തിച്ചേരുന്ന ദൃഷ്ടാന്തങ്ങൾ
13, 14. (എ) ഒരു സംഗതിയെ ദൃഷ്ടാന്തീകരിക്കുക എന്നാൽ എന്താണ് അർഥം? (ബി) നല്ല ദൃഷ്ടാന്തങ്ങൾ ഫലപ്രദമായിരിക്കുന്നത് എന്തുകൊണ്ട്?
13 ഫലപ്രദമായ ദൃഷ്ടാന്തങ്ങളുടെ ഉപയോഗമാണ് ശ്രോതാക്കളുടെയും ബൈബിൾ വിദ്യാർഥികളുടെയും ഹൃദയത്തിൽ എത്തിച്ചേരാനുള്ള മറ്റൊരു മാർഗം. “ദൃഷ്ടാന്തം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദത്തിന്റെ അക്ഷരീയ അർഥം “അരികത്തു വെക്കുക അല്ലെങ്കിൽ ചേർത്തു വെക്കുക” എന്നാണ്. ദൃഷ്ടാന്തം ഉപയോഗിക്കുമ്പോൾ, നിങ്ങൾ ഒരു സംഗതി സമാനമായ മറ്റൊന്നിന്റെ ‘അരികത്തു വെച്ച്’ വിശദീകരിക്കുകയാണ് ചെയ്യുന്നത്. ദൃഷ്ടാന്തത്തിന്, യേശു ചോദിച്ചു: “ദൈവരാജ്യത്തെ എങ്ങനെ ഉപമിക്കേണ്ടു? ഏതു ഉപമയാൽ [“ദൃഷ്ടാന്തത്താൽ,” NW] അതിനെ വർണ്ണിക്കേണ്ടു?” ഉത്തരത്തിൽ, യേശു പരിചിതമായ കടുകുമണിയെ പരാമർശിച്ചു.—മർക്കൊസ് 4:30-32.
14 ദൈവത്തിന്റെ പ്രവാചകന്മാർ ശക്തമായ അനേകം ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചു. ഇസ്രായേല്യരെ ശിക്ഷിക്കുന്നതിൽ ദൈവത്തിന്റെ ഉപകരണമായി ഉതകിയ അസീറിയക്കാർ നിർദയമായ ക്രൂരത അവലംബിച്ചപ്പോൾ പിൻവരുന്ന ദൃഷ്ടാന്തം ഉപയോഗിച്ചുകൊണ്ട് യെശയ്യാവ് അവരുടെ ധിക്കാരം തുറന്നുകാട്ടി: “വെട്ടുന്നവനോടു കോടാലി വമ്പു പറയുമോ? വലിക്കുന്നവനോടു ഈർച്ചവാൾ വലിപ്പം കാട്ടുമോ?” (യെശയ്യാവു 10:15) സമാനമായി, മറ്റുള്ളവരെ പഠിപ്പിച്ചപ്പോൾ യേശു ധാരാളം ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചു. ‘ഉപമ [“ദൃഷ്ടാന്തം,” NW] കൂടാതെ [അവൻ] അവരോടു ഒന്നും പറഞ്ഞില്ല’ എന്ന് റിപ്പോർട്ടു ചെയ്യപ്പെട്ടിരിക്കുന്നു. (മർക്കൊസ് 4:34) നല്ല ദൃഷ്ടാന്തങ്ങൾ ഫലപ്രദമാണ്, കാരണം അവ മനസ്സിനെയും ഹൃദയത്തെയും ആകർഷിക്കുന്നു. തങ്ങൾക്ക് ഇപ്പോൾത്തന്നെ പരിചിതമായ വിവരങ്ങളുമായി പുതിയ വിവരങ്ങൾ താരതമ്യം ചെയ്തുകൊണ്ട് അവ എളുപ്പം ഉൾക്കൊള്ളാൻ ദൃഷ്ടാന്തങ്ങൾ ശ്രോതാക്കളെ സഹായിക്കുന്നു.
15, 16. ദൃഷ്ടാന്തങ്ങളെ ഏറ്റവും ഫലപ്രദമാക്കുന്നത് എന്താണ്? ഉദാഹരണങ്ങൾ നൽകുക.
15 ശരിക്കും ഹൃദയത്തിൽ എത്തിച്ചേരുന്ന ദൃഷ്ടാന്തങ്ങൾ നമുക്ക് എങ്ങനെ ഉപയോഗിക്കാൻ കഴിയും? ഒന്നാമതായി, വിശദീകരിക്കുന്ന സംഗതിയുമായി ദൃഷ്ടാന്തത്തിനു ന്യായമായ സാമ്യം ഉണ്ടായിരിക്കണം. താരതമ്യം വാസ്തവത്തിൽ യോജിച്ചതല്ലെങ്കിൽ, ദൃഷ്ടാന്തം ശ്രോതാക്കളെ പ്രബുദ്ധരാക്കുന്നതിനു പകരം വിഷയത്തിൽനിന്നു വ്യതിചലിപ്പിക്കുകയേ ഉള്ളൂ. അഭിഷിക്ത ശേഷിപ്പിന് യേശുക്രിസ്തുവിനോടുള്ള കീഴ്പെടലിനെ വിശദീകരിക്കാനായി ഒരിക്കൽ ഉദ്ദേശ്യ ശുദ്ധിയുള്ള ഒരു പ്രസംഗകൻ അവരെ വിശ്വസ്തനായ ഒരു വളർത്തു നായോട് താരതമ്യപ്പെടുത്തി. എന്നാൽ അത്തരം തരംതാണ താരതമ്യം വാസ്തവത്തിൽ ഉചിതമാണോ? ബൈബിൾ അതേ ആശയത്തെ വളരെയേറെ ഹൃദ്യവും അന്തസ്സുറ്റതുമായ വിധത്തിൽ വിശദീകരിക്കുന്നു. അത് യേശുവിന്റെ 1,44,000 അഭിഷിക്ത അനുഗാമികളെ “ഭർത്താവിന്നായി അലങ്കരിച്ചിട്ടുള്ള മണവാട്ടി”യോട് താരതമ്യം ചെയ്യുന്നു.—വെളിപ്പാടു 21:2.
16 ദൃഷ്ടാന്തങ്ങൾ ആളുകളുടെ ജീവിതത്തോടു ബന്ധപ്പെട്ടത് ആയിരിക്കുമ്പോഴാണ് ഏറ്റവും ഫലപ്രദമായിരിക്കുന്നത്. അറുക്കപ്പെട്ട കുഞ്ഞാടിനെ കുറിച്ചുള്ള നാഥാന്റെ ദൃഷ്ടാന്തം ദാവീദ് രാജാവിന്റെ ഹൃദയത്തെ സ്പർശിച്ചു. കാരണം ചെറുപ്പത്തിൽ ഒരു ആട്ടിടയൻ ആയിരുന്ന അവൻ ആടുകളെ സ്നേഹിച്ചിരുന്നു. (1 ശമൂവേൽ 16:11-13; 2 ശമൂവേൽ 12:1-7) ദൃഷ്ടാന്തം കാളയെ കുറിച്ച് ആയിരുന്നെങ്കിൽ അത് അത്രയും ഫലപ്രദമാകാൻ ഇടയില്ലായിരുന്നു. സമാനമായി, ദൃഷ്ടാന്തങ്ങൾ ശാസ്ത്രീയ പ്രതിഭാസത്തെയോ അറിയപ്പെടാത്ത ചരിത്ര സംഭവങ്ങളെയോ അടിസ്ഥാനപ്പെടുത്തിയുള്ളത് ആണെങ്കിൽ അതു നമ്മുടെ ശ്രോതാക്കളിൽ വലിയ ഫലമൊന്നും ഉളവാക്കാനിടയില്ല. അനുദിന ജീവിതത്തിൽനിന്നുള്ള ദൃഷ്ടാന്തങ്ങളാണ് യേശു ഉപയോഗിച്ചത്. വിളക്ക്, ആകാശത്തിലെ പറവകൾ, വയലിലെ താമരകൾ എന്നിങ്ങനെയുള്ള സാധാരണ കാര്യങ്ങളെ കുറിച്ച് അവൻ പറഞ്ഞു. (മത്തായി 5:15, 16; 6:26, 28) യേശുവിന്റെ ശ്രോതാക്കൾക്ക് അവ എളുപ്പം മനസ്സിലാക്കാൻ കഴിയുമായിരുന്നു.
17. (എ) നമ്മുടെ ദൃഷ്ടാന്തങ്ങളെ നമുക്ക് എന്തിൽ അടിസ്ഥാനപ്പെടുത്താവുന്നതാണ്? (ബി) നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ദൃഷ്ടാന്തങ്ങളെ വിദ്യാർഥികളുടെ സാഹചര്യങ്ങളുമായി നമുക്ക് എങ്ങനെ പൊരുത്തപ്പെടുത്താവുന്നതാണ്?
17 നമ്മുടെ ശുശ്രൂഷയിൽ, ലളിതവും എന്നാൽ ഫലപ്രദവുമായ ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കാൻ അനേകം അവസരങ്ങൾ ഉണ്ടായിരുന്നേക്കാം. നിരീക്ഷണപടുവായിരിക്കുക. (പ്രവൃത്തികൾ 17:22, 23) ഒരുപക്ഷേ ശ്രോതാവിന്റെ കുട്ടികളെയോ ഭവനത്തെയോ ജോലിയെയോ വിനോദത്തെയോ അടിസ്ഥാനമാക്കി ഒരു ദൃഷ്ടാന്തം പറയാവുന്നതാണ്. അല്ലെങ്കിൽ, അധ്യയന ഭാഗത്തുള്ള ദൃഷ്ടാന്തങ്ങളെ സമ്പുഷ്ടമാക്കാൻ ബൈബിൾ വിദ്യാർഥിയെ കുറിച്ചുള്ള നമ്മുടെ വ്യക്തിപരമായ അറിവ് നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഉദാഹരണത്തിന്, നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്തകത്തിന്റെ 8-ാം അധ്യായത്തിലെ 14-ാം ഖണ്ഡികയിൽ ഉപയോഗിച്ചിരിക്കുന്ന ഫലപ്രദമായ ദൃഷ്ടാന്തത്തിന്റെ കാര്യമെടുക്കാം. ഒരു അയൽക്കാരന്റെ അപവാദ പ്രചരണത്തിനു വിധേയനായ സ്നേഹവാനായ ഒരു പിതാവിനെ കുറിച്ചുള്ളതാണ് അത്. ഒരു മാതാവോ പിതാവോ ആയ ബൈബിൾ വിദ്യാർഥിയുടെ സാഹചര്യങ്ങളുമായി ആ ദൃഷ്ടാന്തത്തെ എങ്ങനെ പൊരുത്തപ്പെടുത്താമെന്ന് നമുക്കു ചിന്തിക്കാവുന്നതാണ്.
തിരുവെഴുത്തുകൾ വൈദഗ്ധ്യത്തോടെ വായിക്കൽ
18. ഒഴുക്കുള്ള വായനക്കാർ ആയിരിക്കാൻ നാം ശ്രമിക്കേണ്ടത് എന്തുകൊണ്ട്?
18 പൗലൊസ് തിമൊഥെയൊസിനെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “വായന [“പരസ്യവായന,” NW], പ്രബോധനം, ഉപദേശം എന്നിവയിൽ ശ്രദ്ധിച്ചിരിക്ക.” (1 തിമൊഥെയൊസ് 4:13) നമ്മുടെ പഠിപ്പിക്കലിന്റെ അടിസ്ഥാനം ബൈബിൾ ആയിരിക്കുന്നതിനാൽ അത് ഒഴുക്കോടെ വായിക്കാൻ പ്രാപ്തരായിരിക്കുന്നത് പ്രയോജനകരമാണ്. മോശൈക ന്യായപ്രമാണം ദൈവജനത്തെ വായിച്ചു കേൾപ്പിക്കുക എന്ന പദവി ലേവ്യർക്ക് ഉണ്ടായിരുന്നു. ആ വായനയിൽ അവർ തപ്പിത്തടയുകയോ ഒരേ സ്വരത്തിൽ വായിക്കുകയോ ആണോ ചെയ്തത്? അല്ല. നെഹെമ്യാവു 8:8-ൽ ബൈബിൾ ഇങ്ങനെ പറയുന്നു: “ഇങ്ങനെ അവർ ദൈവത്തിന്റെ ന്യായപ്രമാണപുസ്തകം തെളിവായി വായിച്ചുകേൾപ്പിക്കയും വായിച്ചതു ഗ്രഹിപ്പാൻതക്കവണ്ണം അർത്ഥം പറഞ്ഞുകൊടുക്കയും ചെയ്തു.”
19. തിരുവെഴുത്തുകൾ വായിക്കുന്നതിൽ നമുക്ക് എങ്ങനെ മെച്ചപ്പെടാനാകും?
19 ഒഴുക്കോടെ പ്രസംഗിക്കുന്ന ചില ക്രിസ്തീയ പുരുഷന്മാർ വായനയുടെ കാര്യത്തിൽ അത്രയും ശോഭിക്കുന്നില്ല. അവർക്ക് എങ്ങനെ പുരോഗതി വരുത്താനാകും? പരിശീലനത്താൽ. അതേ, ഒഴുക്കോടെ വായിക്കാൻ കഴിയുന്നതുവരെ ഉച്ചത്തിൽ വീണ്ടും വീണ്ടും വായിക്കുന്നതിനാൽ. മഹേർ-ശാലാൽ ഹാശ്-ബസ് എന്നതുപോലുള്ള പേരുകൾ പോലും പരിശീലനത്താൽ കാര്യമായ ബുദ്ധിമുട്ടൊന്നും കൂടാതെ വായിക്കാൻ സാധിക്കും.—യെശയ്യാവു 8:1.
20. നമുക്ക് എങ്ങനെ ‘നമ്മുടെ പഠിപ്പിക്കലിനു ശ്രദ്ധ കൊടുക്കാൻ’ കഴിയും?
20 യഹോവയുടെ ജനം എന്ന നിലയിൽ, ഉപദേഷ്ടാക്കളായി ഉപയോഗിക്കപ്പെടുകയെന്ന എന്തൊരു പദവിയാണ് നമുക്കുള്ളത്! അതുകൊണ്ട് നമുക്ക് ഓരോരുത്തർക്കും ആ ഉത്തരവാദിത്വം ഗൗരവമായി എടുക്കാം. ‘നമുക്കുതന്നെയും നമ്മുടെ പഠിപ്പിക്കലിനും അടുത്ത ശ്രദ്ധ നൽകാം.’ (1 തിമൊഥെയൊസ് 4:16, NW) നല്ല ശ്രോതാക്കൾ ആയിരുന്നുകൊണ്ടും കാര്യങ്ങൾ ലളിതമായി വിശദീകരിച്ചുകൊണ്ടും ഉൾക്കാഴ്ചയോടു കൂടിയ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടും ഫലപ്രദമായ ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചുകൊണ്ടും തിരുവെഴുത്തുകൾ വൈദഗ്ധ്യത്തോടെ വായിച്ചുകൊണ്ടും നമുക്ക് നല്ല ഉപദേഷ്ടാക്കൾ ആയിരിക്കാവുന്നതാണ്. യഹോവ തന്റെ സംഘടനയിലൂടെ നൽകുന്ന പരിശീലനത്തിൽനിന്ന് നമുക്ക് എല്ലാവർക്കും പ്രയോജനം നേടാം. കാരണം “പഠിപ്പിക്കപ്പെട്ടവരുടെ നാവ്” ഉണ്ടായിരിക്കാൻ അതു നമ്മെ സഹായിക്കും. (യെശയ്യാവു 50:4, NW) ലഘുപത്രികകൾ, ഓഡിയോ കാസറ്റുകൾ, വീഡിയോ കാസറ്റുകൾ എന്നിവ ഉൾപ്പെടെ, നമ്മുടെ ശുശ്രൂഷയ്ക്കായി പ്രദാനം ചെയ്തിരിക്കുന്ന എല്ലാ ഉപകരണങ്ങളും പൂർണമായി പ്രയോജനപ്പെടുത്തിക്കൊണ്ട് ഉൾക്കാഴ്ചയോടും പ്രേരണാശക്തിയോടും കൂടെ പഠിപ്പിക്കാൻ നമുക്കു പരിശീലിക്കാം.
[അടിക്കുറിപ്പ്]
Footnote is missing from the vernacular
നിങ്ങൾ ഓർമിക്കുന്നുവോ?
□ നല്ല ശ്രോതാവ് ആയിരിക്കുന്നത് പഠിപ്പിക്കലിൽ നമ്മെ സഹായിക്കുന്നത് എങ്ങനെ?
□ ലാളിത്യത്തോടെ പഠിപ്പിക്കുന്നതിൽ നമുക്ക് യേശുവിനെയും പൗലൊസിനെയും അനുകരിക്കാൻ കഴിയുന്നത് എങ്ങനെ?
□ മറ്റുള്ളവരെ പഠിപ്പിക്കുമ്പോൾ ഏതു തരത്തിലുള്ള ചോദ്യങ്ങൾ നമുക്ക് ഉപയോഗിക്കാനാകും?
□ ഏതുതരം ദൃഷ്ടാന്തങ്ങളാണ് ഏറ്റവും ഫലപ്രദം?
□ പരസ്യ വായനക്കാർ എന്ന നിലയിലുള്ള നമ്മുടെ വൈദഗ്ധ്യം നമുക്ക് എങ്ങനെ മെച്ചപ്പെടുത്താനാകും?
[അധ്യയന ചോദ്യങ്ങൾ]
[16-ാം പേജിലെ ചിത്രം]
നല്ല അധ്യാപകൻ ഉൾക്കാഴ്ച നേടാനായി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നു
[18-ാം പേജിലെ ചിത്രം]
യേശു അനുദിന ജീവിതത്തിൽനിന്നുള്ള ദൃഷ്ടാന്തങ്ങളാണ് ഉപയോഗിച്ചത്