‘കടലിലെ ആപത്ത്’
‘കടലിലെ ആപത്ത്’
കൂരിരുട്ടുള്ള രാത്രിയിൽ, 276 ആളുകൾ കയറിയ ഒരു കപ്പൽ മധ്യധരണ്യാഴിയിലെ ഒരു ദ്വീപിനോട് അടുക്കുന്നു. പ്രക്ഷുബ്ധമായ കടലിൽ 14 ദിവസം ആടിയുലഞ്ഞ കപ്പലിലെ ജോലിക്കാരും യാത്രക്കാരും ക്ഷീണിതരാണ്. പ്രഭാതമായപ്പോൾ ഒരു തീരം കണ്ട അവർ കപ്പൽ കരയ്ക്ക് അടുപ്പിക്കാൻ ശ്രമിക്കുന്നു. എന്നാൽ മുന്നോട്ടു പോകാൻ കഴിയാതവണ്ണം അണിയം ഉറച്ചുപോകുന്നു. തിരമാലകൾ അമരം തകർത്തു തരിപ്പണമാക്കുന്നു. കപ്പൽത്തട്ടിലുള്ള എല്ലാവരും കപ്പൽ ഉപേക്ഷിച്ച് നീന്തിയും പലകകളിലും മറ്റും പിടിച്ചും കഷ്ടപ്പെട്ട് മെലിത്ത കടൽത്തീരത്ത് എത്തിച്ചേരുന്നു. തണുത്തു വിറങ്ങലിച്ച്, തളർന്ന് അവശരായി അവർ ആഞ്ഞടിക്കുന്ന തിരമാലകളിൽനിന്ന് ഇഴഞ്ഞു പുറത്തുവരുന്നു. ആ യാത്രക്കാരിൽ ക്രിസ്തീയ അപ്പൊസ്തലനായ പൗലൊസ് ഉണ്ട്. വിചാരണയ്ക്കായി അവനെ റോമിലേക്കു കൊണ്ടുപോകുകയാണ്.—പ്രവൃത്തികൾ 27:27-44.
പൗലൊസിനെ സംബന്ധിച്ചിടത്തോളം മെലിത്ത ദ്വീപിലെ ആ കപ്പൽച്ചേതം ജീവനു ഭീഷണി ഉയർത്തിയ ആദ്യത്തെ കടൽ ദുരന്തമല്ല. ഏതാനും വർഷം മുമ്പ് അവൻ എഴുതി: “[ഞാൻ] മൂന്നുവട്ടം കപ്പൽച്ചേതത്തിൽ അകപ്പെട്ടു, ഒരു രാപ്പകൽ വെള്ളത്തിൽ കഴിച്ചു.” തനിക്ക് ‘കടലിലെ ആപത്ത്’ ഉണ്ടായതായി അവൻ കൂട്ടിച്ചേർക്കുകയും ചെയ്യുന്നു. (2 കൊരിന്ത്യർ 11:25-27) ‘ജാതികളുടെ അപ്പൊസ്തലൻ’ എന്ന നിലയിലുള്ള തന്റെ ദൈവദത്ത ധർമം നിർവഹിക്കാൻ കടൽ യാത്ര പൗലൊസിനെ സഹായിച്ചിരുന്നു.—റോമർ 11:13.
ഒന്നാം നൂറ്റാണ്ടിൽ കടൽ യാത്ര എത്ര വ്യാപകമായിരുന്നു? ക്രിസ്ത്യാനിത്വത്തിന്റെ വ്യാപനത്തിൽ അത് എന്തു പങ്കു വഹിച്ചു? അത് എത്രത്തോളം സുരക്ഷിതമായിരുന്നു? ഏതു തരം കപ്പലുകളാണ് ഉപയോഗിച്ചിരുന്നത്? യാത്രക്കാർക്കു കപ്പലിൽ ഇടം നൽകിയിരുന്നത് എങ്ങനെ ആയിരുന്നു?
റോമിന് നാവിക വാണിജ്യത്തിന്റെ ആവശ്യം
റോമാക്കാർ മധ്യധരണ്യാഴിയെ മാരെ നോസ്ട്രു—നമ്മുടെ കടൽ—എന്നു വിളിച്ചിരുന്നു. സൈനികേതര കാരണങ്ങളാലും കപ്പൽ ചാലുകളുടെ മേലുള്ള ആധിപത്യം റോമിനു മർമപ്രധാനം ആയിരുന്നു. റോമാ സാമ്രാജ്യത്തിലെ അനേകം നഗരങ്ങൾ തുറമുഖങ്ങൾ ആയിരുന്നു, അല്ലെങ്കിൽ തുറമുഖങ്ങളുടെ പ്രയോജനം അനുഭവിച്ചിരുന്നവ ആയിരുന്നു. ദൃഷ്ടാന്തത്തിന്, റോമിന്, അതിനടുത്തുള്ള ഓസ്റ്റിയയിൽ തുറമുഖം ഉണ്ടായിരുന്നു. കൊരിന്താണെങ്കിൽ ലെഖായം, കെംക്രേയ എന്നീ തുറമുഖങ്ങൾ ഉപയോഗിച്ചിരുന്നു. സിറിയൻ അന്ത്യോക്ക്യയ്ക്ക് സെലൂക്യ തുറമുഖത്തിന്റെ പ്രയോജനം ലഭിച്ചിരുന്നു. ഈ തുറമുഖങ്ങൾ തമ്മിലുള്ള നല്ല നാവിക ബന്ധങ്ങൾ റോമൻ പ്രവിശ്യകളിലെ മുഖ്യ നഗരങ്ങൾ തമ്മിൽ പെട്ടെന്നുള്ള ആശയവിനിമയം ഉറപ്പുവരുത്തുകയും കാര്യക്ഷമമായ ഭരണം സുഗമമാക്കുകയും ചെയ്തു.
റോം ഭക്ഷ്യാവശ്യങ്ങൾക്കും കപ്പലുകളെ ആശ്രയിച്ചിരുന്നു. ഏകദേശം പത്തു ലക്ഷം ആളുകൾ പാർത്തിരുന്ന റോമിന് വളരെയേറെ—പ്രതിവർഷം ഏതാണ്ട് 2,50,000 ടണ്ണിനും 4,00,000 ടണ്ണിനും ഇടയ്ക്ക്—ധാന്യം ആവശ്യമായിരുന്നു. ഈ ധാന്യമെല്ലാം എവിടെ നിന്നാണ് വന്നിരുന്നത്? വർഷത്തിൽ എട്ടു മാസം വടക്കേ ആഫ്രിക്കയും ശേഷിച്ച നാലു മാസം ഈജിപ്തും റോമാ നഗരത്തിന് വേണ്ടത്ര ധാന്യം പ്രധാനം ചെയ്തിരുന്നെന്ന് ഹെരോദാവ് അഗ്രിപ്പാ രണ്ടാമൻ പറഞ്ഞതായി ഫ്ളേവിയസ് ജോസീഫസ് ഉദ്ധരിക്കുന്നു. ആ നഗരത്തിലേക്കു ധാന്യം എത്തിച്ചു കൊടുക്കാൻ ആയിരക്കണക്കിനു കപ്പലുകൾ ഉണ്ടായിരുന്നു.
തഴച്ചുവളർന്നുകൊണ്ടിരുന്ന നാവിക വാണിജ്യം എല്ലാത്തരം ചരക്കുകളും ലഭ്യമാക്കിക്കൊണ്ട് റോമാക്കാരുടെ ആഡംബര പ്രിയത്തെ തൃപ്തിപ്പെടുത്തിപ്പോന്നു. ലവണങ്ങൾ, കല്ല്, മാർബിൾ എന്നിവ
സൈപ്രസ്, ഗ്രീസ്, ഈജിപ്ത് എന്നിവിടങ്ങളിൽനിന്നും മര ഉരുപ്പടികൾ ലബനോനിൽനിന്നും കൊണ്ടുവന്നിരുന്നു. വീഞ്ഞ് സ്മുർന്നയിൽനിന്നും അണ്ടിപ്പരിപ്പുകൾ ദമാസ്ക്കസിൽനിന്നും ഈന്തപ്പഴം പാലസ്തീനിൽനിന്നും വന്നിരുന്നു. കിലിക്ക്യയിൽനിന്ന് ലേപനങ്ങളും റബ്ബറും മിലേത്തൂസ്, ലവോദിക്യ എന്നിവിടങ്ങളിൽനിന്ന് കമ്പിളിയും സിറിയ, ലബനോൻ എന്നിവിടങ്ങളിൽനിന്ന് തുണിത്തരങ്ങളും സോർ, സീദോൻ എന്നിവിടങ്ങളിൽനിന്ന് ധൂമ്രവസ്ത്രങ്ങളും കയറ്റി അയച്ചിരുന്നു. ചായങ്ങൾ തുയഥൈരയിൽനിന്നും ഗ്ലാസ് അലക്സാൻഡ്രിയ, സീദോൻ എന്നിവിടങ്ങളിൽനിന്നും ആണ് അയച്ചിരുന്നത്. പട്ട്, പരുത്തി, ആനക്കൊമ്പ്, സുഗന്ധദ്രവ്യങ്ങൾ എന്നിവ ചൈനയിൽനിന്നും ഇന്ത്യയിൽനിന്നും ഇറക്കുമതി ചെയ്തിരുന്നു.പൗലൊസ് യാത്ര ചെയ്തിരുന്ന, മെലിത്തയിൽവെച്ചു തകർന്ന കപ്പലിനെ കുറിച്ച് എന്തു പറയാവുന്നതാണ്? “ഇതല്യെക്കു പോകുന്ന ഒരു അലെക്സന്ത്രിയ”ൻ ധാന്യക്കപ്പൽ ആയിരുന്നു അത്. (പ്രവൃത്തികൾ 27:6; NW അടിക്കുറിപ്പ് കാണുക.) ധാന്യക്കപ്പലുകൾ ഗ്രീക്കുകാരുടെയും ഫിനീഷ്യക്കാരുടെയും സിറിയക്കാരുടെയും സ്വകാര്യ ഉടമസ്ഥതയിൽ ഉള്ളവ ആയിരുന്നു. അവയെ നയിക്കുകയും സജ്ജീകരിക്കുകയും ചെയ്തിരുന്നതും അവരായിരുന്നു. എന്നുവരികിലും, ആ കപ്പലുകൾ റോമാ ഭരണകൂടം വാടകയ്ക്കെടുത്തു. “ഈ ബൃഹത്തായ സേവനത്തിന് ആവശ്യമായ ആളുകളെയും അതുപോലെതന്നെ സാധനസാമഗ്രികളും സ്വയം സംഘടിപ്പിക്കുന്നതിനെക്കാൾ, നികുതി പിരിവിന്റെ കാര്യത്തിലെപ്പോലെ തന്നെ ഈ ജോലിയും ഉടമ്പടിക്കു കൊടുക്കുന്നതാണ് എളുപ്പമെന്ന് ഭരണകൂടം മനസ്സിലാക്കി” എന്ന് ചരിത്രകാരനായ വില്യം എം. റാംസേ പറയുന്നു.
“അശ്വനിചിഹ്ന”മുള്ള ഒരു കപ്പലിൽ പൗലൊസ് റോമിലേക്കുള്ള തന്റെ യാത്ര പൂർത്തിയാക്കി. ഇതും ഒരു അലക്സാഡ്രിയൻ കപ്പലായിരുന്നു. ധാന്യക്കപ്പലുകൾ സാധാരണമായി നിർത്തിയിടുന്ന തുറമുഖമായ നേപ്പിൾസ് ഉൾക്കടലിലെ പുത്യൊലിയയിൽ അത് കരയ്ക്കടുത്തു. (പ്രവൃത്തികൾ 28:11-13) പുത്യൊലിയയിൽനിന്നും—ഇന്നത്തെ പൊട്ട്സ്വൊളി—കപ്പൽച്ചരക്ക് കരമാർഗം, അല്ലെങ്കിൽ ചെറിയ നൗകകളിൽ കയറ്റി തീരക്കടലിലൂടെ വടക്കോട്ടു കൊണ്ടുപോയി ടൈബർ നദിയിലൂടെ റോമിന്റെ ഹൃദയഭാഗത്ത് എത്തിച്ചിരുന്നു.
ചരക്കു കപ്പലിൽ യാത്രക്കാരോ?
പൗലൊസും കാവൽ ഭടന്മാരും ഒരു ചരക്കു കപ്പലിൽ യാത്ര ചെയ്തത് എന്തുകൊണ്ട്? ആ ചോദ്യത്തിനുള്ള ഉത്തരത്തിനായി, ആ കാലത്തെ സമുദ്രമാർഗമുള്ള യാത്രയെ കുറിച്ച് നാം അറിയേണ്ടതുണ്ട്.
ഒന്നാം നൂറ്റാണ്ടിൽ യാത്രക്കപ്പൽ എന്നൊന്ന് ഇല്ലായിരുന്നു. ചരക്കു കപ്പലുകൾ ആയിരുന്നു യാത്രക്കാർ ഉപയോഗിച്ചിരുന്നത്. ഗവൺമെന്റ് ഉദ്യോഗസ്ഥർ, ബുദ്ധിജീവികൾ, മതപ്രസംഗകർ, മന്ത്രവാദികൾ, കലാകാരന്മാർ, കായികാഭ്യാസികൾ, വ്യാപാരികൾ, വിനോദ സഞ്ചാരികൾ, തീർഥാടകർ എന്നിങ്ങനെ എല്ലാ തരത്തിലുള്ള ആളുകളും അവയിൽ യാത്ര ചെയ്തിട്ടുണ്ടായിരിക്കാം.
തീർച്ചയായും, തീരക്കടലിലൂടെ യാത്രക്കാരെയും അതുപോലെതന്നെ ചരക്കുകളും കൊണ്ടുപോയിരുന്ന ചെറിയ നൗകകൾ ഉണ്ടായിരുന്നു. ത്രോവാസിൽനിന്ന് ‘മക്കെദോന്യെക്കു കടന്നു ചെല്ലാൻ’ പൗലൊസ് അത്തരമൊരു നൗക ആയിരിക്കണം ഉപയോഗിച്ചത്. ഒന്നിലേറെ തവണ ചെറിയ നൗകകൾ അവനെ ഏഥൻസിലേക്കും അവിടെനിന്ന് തിരിച്ചും കൊണ്ടുപോയിട്ടുണ്ടാകണം. ത്രോവാസിൽനിന്ന് ഏഷ്യാമൈനർ തീരത്തിന് അടുത്തുള്ള ദ്വീപുകളിലൂടെ പത്തരയിലേക്ക് പിന്നീടു നടത്തിയ കടൽ യാത്രയിലും പൗലൊസ് ചെറിയ നൗക ഉപയോഗിച്ചിരിക്കാം. (പ്രവൃത്തികൾ 16:8-11; 17:14, 15; 20:1-6, 13-15; 21:1) അത്തരം ചെറിയ നൗകകളുടെ ഉപയോഗം സമയം ലാഭിച്ചിരുന്നു. എന്നാൽ പുറംകടലിലേക്കു പോകുന്നത് അപകടകരമായിരുന്നു. അതുകൊണ്ട്, പൗലൊസിനെ സൈപ്രസിലേക്കും തുടർന്ന് പംഫുല്യയിലേക്കും കൊണ്ടുപോയ കപ്പലുകളും എഫെസൊസിൽനിന്നു കൈസര്യയിലേക്കും പത്തരയിൽനിന്നു സോരിലേക്കും അവൻ യാത്ര ചെയ്ത കപ്പലുകളും ഗണ്യമായ വലിപ്പമുള്ളവ ആയിരുന്നു. (പ്രവൃത്തികൾ 13:4, 13; 18:21, 22; 21:1-3) മെലിത്തയിൽവെച്ച് കപ്പൽച്ചേതത്തിൽ അകപ്പെട്ട, പൗലൊസ് സഞ്ചരിച്ചിരുന്ന കപ്പലും വലുത് ആയിരുന്നെന്നു പരിഗണിക്കപ്പെടുന്നു. അത്തരം കപ്പലുകൾ എത്രമാത്രം വലുതായിരുന്നിരിക്കാം?
ഒരു പണ്ഡിതൻ ഈ ഗ്രന്ഥാധിഷ്ഠിത അഭിപ്രായം പറയുന്നു: “പുരാതന കാലത്തെ ആളുകൾ സാധാരണമായി ഉപയോഗിച്ചിരുന്ന ഏറ്റവും ചെറിയ [കപ്പൽ] ഏകദേശം 70 മുതൽ 80 വരെ ടൺ കേവുഭാരം ഉള്ളതായിരുന്നു. കുറഞ്ഞപക്ഷം യവന യുഗത്തിലെങ്കിലും, വളരെ ജനസമ്മിതിയുള്ള ഒന്നായിരുന്നു 130 ടൺ കേവുഭാരമുള്ള കപ്പൽ. 250 ടൺ കേവുഭാരമുള്ള കപ്പൽ സാധാരണമായിരുന്നെങ്കിലും, അത് ശരാശരി കപ്പലിനെക്കാൾ വലിപ്പമുള്ളത് ആയിരുന്നു എന്നു വ്യക്തമാണ്. റോമൻ കാലങ്ങളിൽ രാജകീയ ഗതാഗത സേവനത്തിന് ഉപയോഗിച്ചിരുന്ന കപ്പലുകൾ അതിലും വലിപ്പമുള്ളവ ആയിരുന്നു, കൂടുതൽ അഭികാമ്യം 340 ടൺ കേവുഭാരമുള്ളവ ആയിരുന്നു. ഏറ്റവും വലിയ കപ്പലുകൾ 1,300 ടൺവരെയോ ഒരുപക്ഷേ അതിലും അൽപ്പം കൂടുതലോ കേവുഭാരമുള്ളവ ആയിരുന്നു.” രണ്ടാം നൂറ്റാണ്ടിൽ തയ്യാറാക്കിയ ഒരു വിവരണം അനുസരിച്ച് അലക്സാൻഡ്രിയൻ ധാന്യ കപ്പലായ ഐസിസ് 55 മീറ്റർ നീളവും ഏതാണ്ട് 14 മീറ്റർ വീതിയും കപ്പൽത്തട്ടിനു താഴേക്ക് ഏതാണ്ട് 13 മീറ്റർ ആഴവും ഉള്ളതും സാധ്യതയനുസരിച്ച്, ആയിരം ടൺ ധാന്യവും ഏതാനും ശതം യാത്രക്കാരെയും കയറ്റാൻ കഴിയുന്നതും ആയിരുന്നു.
ധാന്യക്കപ്പലിൽ യാത്രക്കാർക്ക് എന്തു പരിചരണമാണ് ലഭിച്ചിരുന്നത്? കപ്പലുകൾ പ്രധാനമായും ചരക്കു കൊണ്ടുപോകാനുള്ളവ ആയിരുന്നതിനാൽ യാത്രികർക്ക് രണ്ടാംകിട പരിഗണനയേ ലഭിച്ചിരുന്നുള്ളൂ. വെള്ളം കൊടുത്തിരുന്നു എന്നത് ഒഴിച്ചാൽ മറ്റെന്തെങ്കിലും ഭക്ഷണമോ സേവനമോ അവർക്കു നൽകിയിരുന്നില്ല. കപ്പൽത്തട്ടിൽ, ഒരുപക്ഷേ രാത്രിയിൽ ഉയർത്തുകയും രാവിലെ താഴ്ത്തി വെക്കുകയും ചെയ്തിരുന്ന ഒരു കൂടാരസമാന മേൽക്കൂരയുടെ കീഴിൽ ആയിരുന്നു അവർ ഉറങ്ങിയിരുന്നത്. ആഹാരം പാകം ചെയ്യാൻ കപ്പലിലെ അടുക്കള ഉപയോഗിക്കാൻ യാത്രക്കാരെ അനുവദിച്ചിരിക്കാമെങ്കിലും പാകം ചെയ്യാനും ഭക്ഷണം കഴിക്കാനും കുളിക്കാനും ഉറങ്ങാനും വേണ്ട സകലതും—കലം മുതൽ കിടക്കവിരി വരെ—അവർ കരുതണമായിരുന്നു.
കടൽ യാത്ര—എത്ര സുരക്ഷിതം?
യന്ത്രങ്ങൾ, വടക്കുനോക്കിയന്ത്രം പോലും, നിലവിൽ ഇല്ലാതിരുന്ന ഒന്നാം നൂറ്റാണ്ടിൽ നാവികർ കപ്പൽ ഓടിച്ചിരുന്നത് കാഴ്ചയെ മാത്രം ആശ്രയിച്ചായിരുന്നു. അതുകൊണ്ട്, യാത്ര ഏറ്റവും സുരക്ഷിതം ആയിരുന്നത് ഏറ്റവും നന്നായി കാണാൻ കഴിയുന്ന സമയത്തായിരുന്നു. അത് സാധാരണമായി മേയ് അവസാനം മുതൽ സെപ്റ്റംബർ മധ്യം വരെയുള്ള സമയം ആയിരുന്നു. അതിന് രണ്ടു മാസം മുമ്പും പിമ്പും വ്യാപാരികൾ ചിലപ്പോഴൊക്കെ സമുദ്രയാത്ര നടത്താറുണ്ടായിരുന്നു. എന്നാൽ ശൈത്യകാലത്ത് മൂടൽമഞ്ഞും മേഘങ്ങളും മിക്കപ്പോഴും ഭൂസ്ഥാനീയ ചിഹ്നങ്ങളെയും സൂര്യനെയും നക്ഷത്രങ്ങളെയും അവ്യക്തമാക്കിയിരുന്നു. തികച്ചും അനിവാര്യവും അടിയന്തിരവുമായ സാഹചര്യങ്ങൾ ഉടലെടുക്കാത്തപക്ഷം, നവംബർ 11 മുതൽ മാർച്ച് 10 വരെ സമുദ്രയാത്ര നിർത്തിവെച്ചിരുന്നു (ലത്തീൻ, മറെ ക്ലോസും) എന്നുതന്നെ പറയാം. യാത്രയ്ക്കു പറ്റിയ സമയത്തിന്റെ അവസാനത്തോട് അടുത്ത് യാത്രചെയ്തിരുന്നവർ സാധ്യതയനുസരിച്ച് വിദേശ തുറമുഖത്ത് ശീതകാലം കഴിച്ചുകൂട്ടേണ്ടി വരുമായിരുന്നു.—പ്രവൃത്തികൾ 27:12; 28:11.
കപ്പൽയാത്ര അപകടകരവും അനുയോജ്യ കാലാവസ്ഥകളിൽ മാത്രമുള്ളതും ആയിരുന്നെങ്കിലും, കരമാർഗമുള്ള യാത്രയെ അപേക്ഷിച്ച് അതിന് എന്തെങ്കിലും മെച്ചമുണ്ടായിരുന്നോ? തീർച്ചയായും ഉണ്ടായിരുന്നു! കപ്പൽയാത്ര അത്ര ക്ഷീണിപ്പിക്കാത്തതും ചെലവു കുറഞ്ഞതും വേഗം കൂടിയതും ആയിരുന്നു. കാറ്റ് അനുകൂലമായിരിക്കുമ്പോൾ ഒരു കപ്പലിന് ദിവസം 150 കിലോമീറ്റർവരെ പോകാൻ കഴിയുമായിരുന്നു. സാധാരണഗതിയിൽ, കാൽനടയായുള്ള ദീർഘയാത്രയിൽ ഒരു ദിവസം 25 മുതൽ 30 വരെ കിലോമീറ്റർ മാത്രമേ പോകാൻ കഴിയുമായിരുന്നുള്ളൂ.
കപ്പലിന്റെ വേഗത ഏതാണ്ട് പൂർണമായും കാറ്റിനെ ആശ്രയിച്ചാണിരുന്നത്. ഈജിപ്തിൽനിന്ന് ഇറ്റലിയിലേക്കുള്ള യാത്ര, ഏറ്റവും മെച്ചപ്പെട്ട സമയത്തുപോലും തുടർച്ചയായി കാറ്റിന് എതിരെ ആയിരുന്നു. സാധാരണമായി, ഏറ്റവും ദൂരം കുറഞ്ഞ പാത രൊദൊസ് അഥവാ മുറാ വഴിയോ അല്ലെങ്കിൽ ഏഷ്യാമൈനറിലെ ലുക്കിയാ തീരത്തുള്ള മറ്റേതെങ്കിലും തുറമുഖം വഴിയോ ആയിരുന്നു. കൊടുങ്കാറ്റിൽ അകപ്പെട്ട് വഴിതെറ്റിയ ശേഷം ഒരിക്കൽ ധാന്യക്കപ്പലായ ഐസിസ് അലക്സാൻഡ്രിയയിൽനിന്നു പുറപ്പെട്ടു കഴിഞ്ഞ് പീറെയ്സിൽ 70 ദിവസം നങ്കൂരമിട്ടു കിടന്നു. പിന്നിൽനിന്ന് വടക്കു പടിഞ്ഞാറോട്ട് തുടർച്ചയായി കാറ്റു ലഭിച്ചതു നിമിത്തം ഇറ്റലിയിൽനിന്നുള്ള മടക്കയാത്ര അത് 20 മുതൽ 25 ദിവസം കൊണ്ട് പൂർത്തിയാക്കി. കരമാർഗം ഒരു ദിശയിലേക്കുതന്നെ അതേ യാത്ര നടത്താൻ നല്ല കാലാവസ്ഥയിൽ 150 ദിവസം എടുക്കുമായിരുന്നു.
കടലിനക്കരെ വിദൂര രാജ്യങ്ങളിൽ സുവാർത്ത എത്തുന്നു
അനുകൂലമല്ലാത്ത കാലാവസ്ഥയിൽ സമുദ്രയാത്ര നടത്തുന്നതിന്റെ അപകടങ്ങളെ കുറിച്ച് പൗലൊസിന് അറിയാമായിരുന്നെന്നു വ്യക്തം. സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ കപ്പൽയാത്ര നടത്താതിരിക്കാൻ അവൻ പിൻവരുന്ന പ്രകാരം ഉപദേശിച്ചു: “പുരുഷന്മാരേ, ഈ യാത്രയിൽ ചരക്കിന്നും കപ്പലിന്നും മാത്രമല്ല നമ്മുടെ പ്രാണങ്ങൾക്കും ഏറിയ കഷ്ടനഷ്ടങ്ങൾ വരും എന്നു ഞാൻ കാണുന്നു.” (പ്രവൃത്തികൾ 27:9, 10) എന്നാൽ സൈന്യാധിപൻ ആ വാക്കുകൾ അവഗണിച്ചു. അത് മെലിത്തയിലെ കപ്പൽച്ചേതത്തിൽ കലാശിച്ചു.
തന്റെ മിഷനറി ജീവിതത്തിന്റെ അവസാനം ആയപ്പോഴേക്കും കുറഞ്ഞത് നാലു തവണയെങ്കിലും പൗലൊസ് കപ്പൽച്ചേതത്തിൽ അകപ്പെട്ടു. (പ്രവൃത്തികൾ 27:41-44; 2 കൊരിന്ത്യർ 11:25) എന്നാൽ അത്തരം പരിണതികളെ കുറിച്ചുള്ള അനാവശ്യമായ ആകുലതകൾ ആദ്യകാല സുവാർത്താ പ്രസംഗകരെ സമുദ്രയാത്രയിൽനിന്നു പിന്തിരിപ്പിച്ചില്ല. രാജ്യസന്ദേശം വ്യാപിപ്പിക്കാനായി അവർ ലഭ്യമായ യാത്രാ സൗകര്യങ്ങൾ പൂർണമായി പ്രയോജനപ്പെടുത്തി. യേശുവിന്റെ കൽപ്പന അനുസരിച്ചുകൊണ്ട് അവർ എല്ലായിടത്തും സാക്ഷ്യം നൽകി. (മത്തായി 28:19, 20; പ്രവൃത്തികൾ 1:8) അവരുടെ തീക്ഷ്ണതയും അവരുടെ ദൃഷ്ടാന്തം പിൻപറ്റിയവരുടെ വിശ്വാസവും യഹോവയുടെ പരിശുദ്ധാത്മാവിന്റെ മാർഗനിർദേശവും നിമിത്തം സുവാർത്ത ഭൂമിയുടെ അതിവിദൂര ഭാഗങ്ങളിൽ എത്തിച്ചേർന്നു.
[31-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Pictorial Archive (Near Eastern History) Est.