നിങ്ങളുടെ പഠിപ്പിക്കലിനു നിരന്തര ശ്രദ്ധ നൽകുക
നിങ്ങളുടെ പഠിപ്പിക്കലിനു നിരന്തര ശ്രദ്ധ നൽകുക
“നിനക്കു തന്നെയും നിന്റെ പഠിപ്പിക്കലിനും നിരന്തര ശ്രദ്ധ നൽകുക. ഈ കാര്യങ്ങളിൽ ഉറച്ചു നിൽക്കുക, എന്തെന്നാൽ ഇതു ചെയ്യുകവഴി നീ നിന്നെത്തന്നെയും നിന്നെ ശ്രദ്ധിക്കുന്നവരെയും രക്ഷിക്കും.”—1 തിമൊഥെയൊസ് 4:16, NW.
1, 2. ഇന്ന് തീക്ഷ്ണതയുള്ള ഉപദേഷ്ടാക്കളുടെ അടിയന്തിര ആവശ്യമുള്ളത് എന്തുകൊണ്ട്?
“പുറപ്പെട്ടു . . . ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു [“പഠിപ്പിച്ചുകൊണ്ട്,” NW] സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” (മത്തായി 28:19, 20) യേശുക്രിസ്തു അപ്രകാരം കൽപ്പിച്ചതിനാൽ എല്ലാ ക്രിസ്ത്യാനികളും ഉപദേഷ്ടാക്കൾ ആയിത്തീരാൻ ശ്രമിക്കണം. സമയം അതിക്രമിക്കും മുമ്പെ ദൈവപരിജ്ഞാനത്തിലേക്കു വരാൻ ആത്മാർഥ ഹൃദയരെ സഹായിക്കാൻ തീക്ഷ്ണതയുള്ള ഉപദേഷ്ടാക്കളുടെ ആവശ്യമുണ്ട്. (റോമർ 13:11) അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “വചനം പ്രസംഗിക്കുക, അനുകൂല കാലത്തും പ്രയാസ കാലത്തും അതിൽ അടിയന്തിരമായി ഏർപ്പെട്ടിരിക്കുക.” (2 തിമൊഥെയൊസ് 4:2) ഇത് സഭയ്ക്ക് അകത്തും പുറത്തുമുള്ള പഠിപ്പിക്കൽ ആവശ്യമാക്കിത്തീർക്കുന്നു. തീർച്ചയായും, പ്രസംഗ നിയോഗത്തിൽ ദൈവത്തിന്റെ സന്ദേശം കേവലം മറ്റുള്ളവരെ അറിയിക്കുന്നതിൽ അധികം ഉൾപ്പെട്ടിരിക്കുന്നു. താത്പര്യക്കാർ ശിഷ്യന്മാർ ആയിത്തീരണമെങ്കിൽ ഫലപ്രദമായ പഠിപ്പിക്കൽ ആവശ്യമാണ്.
2 “ദുർഘടസമയങ്ങ”ളിലാണ് നാം ജീവിക്കുന്നത്. (2 തിമൊഥെയൊസ് 3:1) ആളുകൾ ലൗകിക തത്ത്വചിന്തയാലും വ്യാജ ഉപദേശങ്ങളാലും മസ്തിഷ്കപ്രക്ഷാളനം ചെയ്യപ്പെട്ടിരിക്കുന്നു. അനേകർ “മാനസികമായി അന്ധകാരത്തി”ലാണ്. അവർക്ക് “സകല ധാർമിക ബോധവും നഷ്ടപ്പെട്ടി”രിക്കുന്നു. (എഫെസ്യർ 4:18, 19, NW) ചിലർക്ക് വേദനാകരമായ വൈകാരിക മുറിവുകൾ ഉണ്ട്. അതേ, ആളുകൾ വാസ്തവത്തിൽ “ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമാ”ണ്. (മത്തായി 9:36) എന്നിരുന്നാലും, ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ആത്മാർഥ ഹൃദയരായ ആളുകളെ നമുക്കു പഠിപ്പിക്കൽ കലയിലൂടെ സഹായിക്കാൻ കഴിയും.
സഭയ്ക്ക് ഉള്ളിലെ ഉപദേഷ്ടാക്കന്മാർ
3. (എ) യേശു നൽകിയ പഠിപ്പിക്കൽ നിയോഗത്തിൽ എന്ത് ഉൾപ്പെടുന്നു? (ബി) സഭയ്ക്ക് ഉള്ളിൽ പഠിപ്പിക്കാൻ പ്രാഥമിക ഉത്തരവാദിത്വം ഉള്ളത് ആർക്കാണ്?
3 ഭവന ബൈബിൾ അധ്യയന ക്രമീകരണത്തിലൂടെ ദശലക്ഷക്കണക്കിന് ആളുകൾക്ക് വ്യക്തിപരമായ പ്രബോധനം ലഭിക്കുന്നുണ്ട്. എന്നാൽ, “അടിസ്ഥാനത്തിൽ വേരൂന്നിയവരും ഉറച്ചവരും” ആയിത്തീരാൻ സ്നാപനത്തിനു ശേഷം ആ പുതിയവർക്ക് തുടർന്നും സഹായം ആവശ്യമാണ്. (എഫെസ്യർ 3:17, NW) മത്തായി 28:19, 20-ൽ രേഖപ്പെടുത്തിയിക്കുന്ന, യേശു നൽകിയ നിയോഗം നിർവഹിച്ചുകൊണ്ട് നാം പുതിയവരെ യഹോവയുടെ സംഘടനയിലേക്ക് നയിക്കുമ്പോൾ അവർ സഭയ്ക്കുള്ളിലെ പഠിപ്പിക്കലിൽനിന്നു പ്രയോജനം അനുഭവിക്കുന്നു. എഫെസ്യർ 4:11-13 പറയുന്നതുപോലെ, പുരുഷന്മാർ “ഇടയൻമാരായും ഉപദേഷ്ടാക്കൻമാരായും നിയമി”ക്കപ്പെട്ടിരിക്കുന്നു. അത് “വിശുദ്ധൻമാരുടെ യഥാസ്ഥാനത്വത്തിന്നായുള്ള ശുശ്രൂഷയുടെ വേലെക്കും ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മികവർദ്ധനെക്കും ആകുന്നു.” ചില അവസരങ്ങളിൽ, അവരുടെ പഠിപ്പിക്കൽ കലയിൽ ‘സകല ദീർഘക്ഷമയോടും കൂടെ ശാസിക്കുകയും താക്കീതു ചെയ്യുകയും പ്രബോധിപ്പിക്കുകയും’ ചെയ്യുന്നത് ഉൾപ്പെടുന്നു. (2 തിമൊഥെയൊസ് 4:2, NW) ഉപദേഷ്ടാക്കന്മാരുടെ വേല വളരെ പ്രധാനം ആയിരുന്നതിനാൽ, പൗലൊസ് കൊരിന്ത്യർക്ക് എഴുതുകയിൽ അപ്പൊസ്തലന്മാർക്കും പ്രവാചകന്മാർക്കും ശേഷം ഉപദേഷ്ടാക്കന്മാരെ പട്ടികപ്പെടുത്തുന്നു.—1 കൊരിന്ത്യർ 12:28.
4. എബ്രായർ 10:24, 25-ൽ രേഖപ്പെടുത്തിയിരിക്കുന്ന പൗലൊസിന്റെ ഉദ്ബോധനം അനുസരിക്കാൻ പഠിപ്പിക്കൽ പ്രാപ്തി നമ്മെ സഹായിക്കുന്നത് എങ്ങനെ?
4 എല്ലാ ക്രിസ്ത്യാനികളും മൂപ്പന്മാരോ മേൽവിചാരകന്മാരോ ആയി സേവിക്കുന്നില്ലെന്നുള്ളതു സത്യമാണ്. എന്നിരുന്നാലും, “സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും” അന്യോന്യം ഉത്സാഹിപ്പിക്കാൻ എല്ലാവരും പ്രോത്സാഹിപ്പിക്കപ്പെടുന്നു. (എബ്രായർ 10:24, 25) യോഗങ്ങളിൽ അപ്രകാരം ചെയ്യുന്നതിൽ, മറ്റുള്ളവരെ കെട്ടുപണി ചെയ്യാനും പ്രോത്സാഹിപ്പിക്കാനും കഴിയുന്ന നന്നായി തയ്യാറായ, ഹൃദയംഗമമായ ഉത്തരങ്ങൾ പറയുന്നത് ഉൾപ്പെടുന്നു. അനുഭവപരിചയമുള്ള രാജ്യപ്രസാധകർ പുതിയവരോടൊപ്പം വയൽ ശുശ്രൂഷയിൽ ആയിരിക്കുമ്പോൾ തങ്ങളുടെ അറിവും അനുഭവജ്ഞാനവും അവരുമായി പങ്കുവെച്ചുകൊണ്ടും ‘സൽപ്രവൃത്തികൾക്ക് ഉത്സാഹം വർധിപ്പി’ച്ചേക്കാം. അത്തരം അവസരങ്ങളിലും അനൗപചാരിക സന്ദർഭങ്ങളിലും വിലയേറിയ പ്രബോധനം നൽകാൻ കഴിയും. ദൃഷ്ടാന്തത്തിന്, “നന്മ ഉപദേശിക്കുന്നവരായിരി”ക്കാൻ പക്വതയുള്ള സ്ത്രീകൾ ഉദ്ബോധിപ്പിക്കപ്പെടുന്നു.—തീത്തൊസ് 2:5.
വിശ്വസിക്കാൻ പ്രേരിപ്പിക്കപ്പെടുന്നു
5, 6. (എ) സത്യ ക്രിസ്ത്യാനിത്വം വ്യാജ ആരാധനയിൽനിന്നു വേറിട്ടു നിൽക്കുന്നത് എങ്ങനെ? (ബി) ജ്ഞാനപൂർവകമായ തീരുമാനങ്ങൾ എടുക്കാൻ മൂപ്പന്മാർ പുതിയവരെ സഹായിക്കുന്നത് എങ്ങനെ?
5 വ്യാജമതങ്ങളിൽ അനേകവും തങ്ങളുടെ അംഗങ്ങളുടെ ചിന്തയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു, അതിൽനിന്നു തികച്ചും വ്യത്യസ്തമാണ് സത്യ ക്രിസ്ത്യാനിത്വം. യേശു ഭൂമിയിൽ ആയിരുന്നപ്പോൾ, മതനേതാക്കന്മാർ മർദകമായ മനുഷ്യനിർമിത പാരമ്പര്യങ്ങളാൽ ജനജീവിതത്തിന്റെ മിക്കവാറും എല്ലാ വശങ്ങളെയും നിയന്ത്രിക്കാൻ ശ്രമിച്ചു. (ലൂക്കൊസ് 11:46) ക്രൈസ്തവലോകത്തിലെ പുരോഹിതവർഗം മിക്കപ്പോഴും സമാനമായി പ്രവർത്തിച്ചിരിക്കുന്നു.
6 എന്നാൽ, സത്യാരാധന നാം “ന്യായബോധ”ത്തോടെ അർപ്പിക്കുന്ന “വിശുദ്ധ സേവന”മാണ്. (റോമർ 12:1, NW) യഹോവയുടെ ദാസന്മാർ ‘വിശ്വസിക്കാൻ പ്രേരിപ്പിക്കപ്പെടുകയാണ്’ ചെയ്യുന്നത്. (2 തിമൊഥെയൊസ് 3:14, NW) നേതൃത്വം എടുക്കുന്നവർ സഭയുടെ സുഗമമായ പ്രവർത്തനത്തിനു വേണ്ടി ചിലപ്പോഴൊക്കെ ചില മാർഗനിർദേശങ്ങൾ നൽകുകയും നടപടിക്രമങ്ങൾ സ്ഥാപിക്കുകയും ചെയ്യേണ്ടത് ഉണ്ടായിരിക്കാം. എന്നാൽ, സഹ ക്രിസ്ത്യാനികൾക്കു വേണ്ടി തീരുമാനങ്ങൾ എടുക്കാൻ ശ്രമിക്കുന്നതിനു പകരം മൂപ്പന്മാർ “നന്മതിന്മകളെ തിരിച്ചറിവാൻ” അവരെ പഠിപ്പിക്കുന്നു. (എബ്രായർ 5:14) മൂപ്പന്മാർ ഇതു ചെയ്യുന്നത് പ്രധാനമായും “വിശ്വാസത്തിന്റെയും സദുപദേശത്തിന്റെയും വചനത്താൽ” സഭയെ പോഷിപ്പിച്ചുകൊണ്ടാണ്.—1 തിമൊഥെയൊസ് 4:6.
നിങ്ങളുടെ പഠിപ്പിക്കലിനു ശ്രദ്ധ നൽകൽ
7, 8. (എ) പരിമിതമായ പ്രാപ്തികൾ ഉള്ളവർക്ക് ഉപദേഷ്ടാക്കളായി സേവിക്കാൻ കഴിയുന്നത് എങ്ങനെ? (ബി) ഫലപ്രദനായ ഒരു ഉപദേഷ്ടാവ് ആയിത്തീരുന്നതിനു വ്യക്തിഗത ശ്രമം ആവശ്യമാണെന്ന് എന്തു സൂചിപ്പിക്കുന്നു?
7 പഠിപ്പിക്കാനുള്ള നമ്മുടെ പൊതു നിയോഗത്തിലേക്കു നമുക്കു തിരിച്ചുപോകാം. ഈ വേലയിൽ പങ്കുപറ്റുന്നതിന് എന്തെങ്കിലും പ്രത്യേക വൈദഗ്ധ്യങ്ങളോ വിദ്യാഭ്യാസമോ പ്രാപ്തികളോ ആവശ്യമാണോ? നിർബന്ധമില്ല. ഈ ലോകവ്യാപക പഠിപ്പിക്കൽ വേലയുടെ ഭൂരിഭാഗവും നിർവഹിക്കുന്നത് പരിമിതമായ പ്രാപ്തികളുള്ള സാധാരണ വ്യക്തികളാണ്. (1 കൊരിന്ത്യർ 1:26-29) പൗലൊസ് വിശദീകരിക്കുന്നു: “എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റെ ദാനമത്രേ എന്നു വരേണ്ടതിന്നു ഈ നിക്ഷേപം [ശുശ്രൂഷ] ഞങ്ങൾക്കു മൺപാത്രങ്ങളിൽ [അപൂർണ ശരീരങ്ങളിൽ] ആകുന്നു ഉള്ളതു.” (2 കൊരിന്ത്യർ 4:7) ആഗോള രാജ്യപ്രസംഗ വേലയുടെ മഹത്തായ വിജയം യഹോവയുടെ ആത്മാവിന്റെ ശക്തിയുടെ തെളിവാണ്!
8 എന്നിരുന്നാലും, “സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ടു ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി” തീരണമെങ്കിൽ ആത്മാർഥമായ വ്യക്തിഗത ശ്രമം ആവശ്യമാണ്. (2 തിമൊഥെയൊസ് 2:15) പൗലൊസ് തിമൊഥെയൊസിനെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “നിനക്കു തന്നെയും നിന്റെ പഠിപ്പിക്കലിനും നിരന്തര ശ്രദ്ധ നൽകുക. ഈ കാര്യങ്ങളിൽ ഉറച്ചു നിൽക്കുക, എന്തെന്നാൽ ഇതു ചെയ്യുകവഴി നീ നിന്നെത്തന്നെയും നിന്നെ ശ്രദ്ധിക്കുന്നവരെയും രക്ഷിക്കും.” (1 തിമൊഥെയൊസ് 4:16, NW) ഒരുവൻ തന്റെ പഠിപ്പിക്കലിന്—അതു സഭയ്ക്ക് അകത്തോ പുറത്തോ ആയിക്കൊള്ളട്ടെ—ശ്രദ്ധ നൽകുന്നത് എങ്ങനെ? അതിന് ഏതെങ്കിലും പ്രാപ്തികളിലോ പഠിപ്പിക്കൽ വിദ്യകളിലോ വൈദഗ്ധ്യം അനിവാര്യമാണോ?
9. സ്വതഃസിദ്ധമായ പ്രാപ്തികളെക്കാൾ പ്രാധാന്യം അർഹിക്കുന്നത് എന്താണ്?
9 പഠിപ്പിക്കൽ രീതികൾ സംബന്ധിച്ച് യേശുവിനു തീർച്ചയായും അസാധാരണമായ ഗ്രാഹ്യം ഉണ്ടായിരുന്നെന്ന് അവന്റെ പ്രസിദ്ധമായ ഗിരിപ്രഭാഷണം പ്രകടമാക്കി. അവൻ സംസാരിച്ചു തീർന്നപ്പോൾ “പുരുഷാരം അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു.” (മത്തായി 7:28) യേശു പഠിപ്പിച്ച അത്രയും നന്നായി പഠിപ്പിക്കാൻ തീർച്ചയായും നമുക്ക് ആർക്കും സാധിക്കില്ല. എന്നാൽ, ഫലപ്രദരായ ഉപദേഷ്ടാക്കൾ ആകുന്നതിന് നാം വാഗ്വൈഭവമുള്ള പ്രഭാഷകർ ആയിരിക്കണമെന്നില്ല. എന്തിന്, ഇയ്യോബ് 12:7 പറയുന്നതുപോലെ ‘മൃഗങ്ങൾ’ക്കും ‘പക്ഷികൾ’ക്കും പോലും നിശ്ശബ്ദമായി പഠിപ്പിക്കാൻ കഴിയും! നമുക്കു സ്വതഃസിദ്ധമായ ചില കഴിവുകളോ പ്രാപ്തികളോ ഉണ്ടായിരുന്നേക്കാമെങ്കിലും, വിശേഷാൽ പ്രാധാന്യമുള്ളത് നാം “ഏതു തരത്തിലുള്ള വ്യക്തികൾ” ആണ് അല്ലെങ്കിൽ നമുക്ക് എന്തെല്ലാം ഗുണങ്ങളുണ്ട്, വിദ്യാർഥികൾക്ക് അനുകരിക്കാൻ കഴിയുന്ന ഏതെല്ലാം ആത്മീയ ശീലങ്ങൾ നാം വളർത്തിയെടുത്തിട്ടുണ്ട് എന്നിങ്ങനെയുള്ള കാര്യങ്ങളാണ്.—2 പത്രൊസ് 3:11, NW; ലൂക്കൊസ് 6:40.
ദൈവവചന വിദ്യാർഥികൾ
10. ദൈവവചനത്തിന്റെ ഒരു വിദ്യാർഥി എന്നനിലയിൽ യേശു നല്ലൊരു ദൃഷ്ടാന്തം വെച്ചത് എങ്ങനെ?
10 തിരുവെഴുത്തു സത്യങ്ങളുടെ ഫലപ്രദനായ ഒരു ഉപദേഷ്ടാവ് ദൈവവചനത്തിന്റെ ഒരു വിദ്യാർഥി ആയിരിക്കണം. (റോമർ 2:21) യേശുക്രിസ്തു ഈ സംഗതിയിൽ മുന്തിയ ദൃഷ്ടാന്തം വെച്ചു. യേശു തന്റെ ശുശ്രൂഷയിൽ എബ്രായ തിരുവെഴുത്തുകളിലെ പകുതിയോളം പുസ്തകങ്ങളിൽ നിന്നുള്ള വാക്യങ്ങൾക്കു സമാന്തരമായ ആശയങ്ങൾ പരാമർശിക്കുകയോ നേരിട്ടു പറയുകയോ ചെയ്തു. a 12-ാം വയസ്സിൽ ‘അവൻ ദൈവാലയത്തിൽ ഉപദേഷ്ടാക്കന്മാരുടെ നടുവിൽ ഇരുന്ന് അവരുടെ ഉപദേശം കേൾക്കയും അവരോടു ചോദിക്കയും’ ചെയ്തപ്പോൾത്തന്നെ ദൈവവചനത്തിലുള്ള അവന്റെ ഗ്രാഹ്യം പ്രകടമായിരുന്നു. (ലൂക്കൊസ് 2:46) മുതിർന്നപ്പോൾ, ദൈവവചനം വായിച്ചിരുന്ന സിനഗോഗിൽ പോകുന്നത് അവന്റെ പതിവായിരുന്നു.—ലൂക്കൊസ് 4:16.
11. ഒരു ഉപദേഷ്ടാവ് ഏതു നല്ല പഠനശീലങ്ങൾ വളർത്തിയെടുക്കണം?
11 ദൈവവചനത്തിന്റെ ഉത്സുകനായ ഒരു വായനക്കാരനാണോ നിങ്ങൾ? അതിലേക്കു കുഴിച്ചിറങ്ങുന്നതാണ് “യഹോവാഭക്തി ഗ്രഹിക്കയും ദൈവപരിജ്ഞാനം കണ്ടെത്തുകയും” ചെയ്യാനുള്ള മാർഗം. (സദൃശവാക്യങ്ങൾ 2:4, 5) അതുകൊണ്ട്, നല്ല പഠന ശീലങ്ങൾ വളർത്തിയെടുക്കുക. എല്ലാ ദിവസവും ദൈവവചനത്തിന്റെ ഒരു ഭാഗം വായിക്കാൻ ശ്രമിക്കുക. (സങ്കീർത്തനം 1:2) വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഓരോ ലക്കവും ലഭിച്ചാൽ ഉടനെ അതു വായിക്കുന്നത് ഒരു ശീലമാക്കുക. സഭായോഗങ്ങൾക്ക് അടുത്ത ശ്രദ്ധ നൽകുക. ശ്രദ്ധാപൂർവകമായ ഗവേഷണം നടത്താൻ പഠിക്കുക. “സകലവും സൂക്ഷ്മമായി പരിശോധി”ക്കാൻ ശീലിക്കുന്നപക്ഷം, പഠിപ്പിക്കുമ്പോൾ നിങ്ങൾക്ക് അതിശയോക്തിയും കൃത്യതയില്ലായ്മയും ഒഴിവാക്കാൻ കഴിയും.—ലൂക്കൊസ് 1:4.
നിങ്ങൾ പഠിപ്പിക്കുന്നവരോടുള്ള സ്നേഹവും ആദരവും
12. തന്റെ ശിഷ്യന്മാരോടുള്ള യേശുവിന്റെ മനോഭാവം എന്തായിരുന്നു?
12 നിങ്ങൾ പഠിപ്പിക്കുന്ന ആളുകളോടുള്ള ഉചിതമായ മനോഭാവമാണ് മറ്റൊരു പ്രധാന ഗുണം. യേശുവിനെ ശ്രദ്ധിച്ചവരോടു പരീശന്മാർക്കു തോന്നിയതു പുച്ഛമാണ്. “ന്യായപ്രമാണം അറിയാത്ത പുരുഷാരമോ ശപിക്കപ്പെട്ടവരാകുന്നു” എന്ന് അവർ പറഞ്ഞു. (യോഹന്നാൻ 7:49) എന്നാൽ യേശുവിനു തന്റെ ശിഷ്യന്മാരോട് ആഴമായ സ്നേഹവും ആദരവും ഉണ്ടായിരുന്നു. അവൻ പറഞ്ഞു: “യജമാനൻ ചെയ്യുന്നതു ദാസൻ അറിയായ്കകൊണ്ടു ഞാൻ നിങ്ങളെ ദാസൻമാർ എന്നു ഇനി പറയുന്നില്ല; ഞാൻ എന്റെ പിതാവിനോടു കേട്ടതു എല്ലാം നിങ്ങളോടു അറിയിച്ചതുകൊണ്ടു നിങ്ങളെ സ്നേഹിതൻമാർ എന്നു പറഞ്ഞിരിക്കുന്നു.” (യോഹന്നാൻ 15:15) യേശുവിന്റെ ശിഷ്യന്മാർ തങ്ങളുടെ പഠിപ്പിക്കൽ വേല എങ്ങനെ നടത്തണമെന്ന് ഇതു സൂചിപ്പിച്ചു.
13. താൻ പഠിപ്പിച്ചവരെ കുറിച്ചു പൗലൊസിന് എന്തു വികാരമാണ് ഉണ്ടായിരുന്നത്?
13 ദൃഷ്ടാന്തത്തിന്, പൗലൊസ് തന്റെ വിദ്യാർഥികളോടു നിർവികാരവും വ്യാപാര സമാനവുമായ ഒരു ബന്ധമല്ല പുലർത്തിയത്. അവൻ കൊരിന്ത്യരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്കു ക്രിസ്തുവിൽ പതിനായിരം ഗുരുക്കൻമാർ ഉണ്ടെങ്കിലും പിതാക്കൻമാർ ഏറെയില്ല; ക്രിസ്തുയേശുവിൽ ഞാനല്ലോ നിങ്ങളെ സുവിശേഷത്താൽ ജനിപ്പിച്ചതു.” (1 കൊരിന്ത്യർ 4:15) താൻ പഠിപ്പിച്ചവരെ ഉദ്ബോധിപ്പിച്ചപ്പോൾ ചില അവസരങ്ങളിൽ പൗലൊസ് കണ്ണീരൊഴുക്കുകപോലും ചെയ്തു! (പ്രവൃത്തികൾ 20:31) കൂടാതെ, അവൻ അസാധാരണമായ ക്ഷമയും ദയയും പ്രകടമാക്കി. അതുകൊണ്ട് അവനു തെസ്സലൊനീക്യരോട് ഇപ്രകാരം പറയാൻ കഴിഞ്ഞു: “ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പോററുംപോലെ ഞങ്ങൾ നിങ്ങളുടെ ഇടയിൽ ആർദ്രതയുള്ളവരായിരുന്നു.”—1 തെസ്സലൊനീക്യർ 2:7.
14. നമ്മുടെ ബൈബിൾ വിദ്യാർഥികളിലുള്ള വ്യക്തിപരമായ താത്പര്യം വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? ഉദാഹരിക്കുക.
14 നിങ്ങൾ യേശുവിനെയും പൗലൊസിനെയും അനുകരിക്കുന്നുവോ? സ്വതഃസിദ്ധമായ പ്രാപ്തികളിൽ നമുക്ക് ഉണ്ടായിരുന്നേക്കാവുന്ന ഏതൊരു കുറവും നികത്താൻ വിദ്യാർഥികളോടുള്ള നമ്മുടെ സ്നേഹത്തിനു സാധിക്കും. നമ്മുടെ ബൈബിൾ വിദ്യാർഥികളിൽ നമുക്കു വ്യക്തിപരമായ ആത്മാർഥ താത്പര്യം ഉണ്ടെന്ന് അവർക്കു ബോധ്യമുണ്ടോ? അവരെ അടുത്ത് അറിയാൻ നാം സമയം എടുക്കുന്നുണ്ടോ? തന്റെ വിദ്യാർഥി ആത്മീയമായി പുരോഗമിക്കാതായപ്പോൾ ഒരു ക്രിസ്തീയ സഹോദരി ദയാപൂർവം ഇങ്ങനെ ചോദിച്ചു: “നിങ്ങളെ എന്തെങ്കിലും ഉത്കണ്ഠപ്പെടുത്തുന്നുണ്ടോ?” തന്റെ അനേകം ചിന്താഭാരങ്ങളും ആകുലതകളും വിവരിച്ചുകൊണ്ട് ആ സ്ത്രീ ഹൃദയം തുറന്നു. ആ സ്നേഹപൂർവകമായ സംഭാഷണം പ്രസ്തുത സ്ത്രീയുടെ കാര്യത്തിൽ ഒരു വഴിത്തിരിവായി. അത്തരം കേസുകളിൽ, തിരുവെഴുത്തുപരമായ ആശയങ്ങളും ആശ്വാസവാക്കുകളും പ്രോത്സാഹനവും ഉചിതമാണ്. (റോമർ 15:4) എന്നാൽ ഒരു മുന്നറിയിപ്പ്: ബൈബിൾ വിദ്യാർഥി ത്വരിതഗതിയിൽ പുരോഗതി വരുത്തുക ആയിരിക്കാമെങ്കിലും, കീഴടക്കേണ്ട ക്രിസ്തീയമല്ലാത്ത ചില പ്രവൃത്തികൾ അപ്പോഴും ആ വ്യക്തിക്ക് ഉണ്ടായിരുന്നേക്കാം. അതുകൊണ്ട് ആ വ്യക്തിയോടു സാമൂഹികമായി കൂടുതൽ അടുക്കുന്നത് ജ്ഞാനമായിരിക്കില്ല. ശരിയായ ക്രിസ്തീയ പരിധികൾ പാലിക്കപ്പെടണം.—1 കൊരിന്ത്യർ 15:33, NW.
15. നമ്മുടെ ബൈബിൾ വിദ്യാർഥികളോട് എങ്ങനെ ആദരവു പ്രകടമാക്കാൻ കഴിയും?
15 വിദ്യാർഥികളോട് ആദരവു പ്രകടമാക്കുന്നതിൽ, അവരുടെ വ്യക്തിപരമായ ജീവിതത്തെ നിയന്ത്രിക്കാൻ ശ്രമിക്കാതിരിക്കുന്നത് ഉൾപ്പെടുന്നു. (1 തെസ്സലൊനീക്യർ 4:12) ദൃഷ്ടാന്തത്തിന്, വിവാഹം കൂടാതെ ഒരു പുരുഷനോടൊപ്പം താമസിക്കുന്ന ഒരു സ്ത്രീയെ നാം ബൈബിൾ പഠിപ്പിക്കുന്നുവെന്നു കരുതുക. ഒരുപക്ഷേ അവർക്കു കുട്ടികൾ ഉണ്ടായിരിക്കാം. സൂക്ഷ്മമായ ദൈവപരിജ്ഞാനം ലഭിച്ചതോടെ, യഹോവയുമായി കാര്യങ്ങൾ നേരെയാക്കാൻ ആ സ്ത്രീ ആഗ്രഹിക്കുന്നു. (എബ്രായർ 13:4) അവർ ആ പുരുഷനെ വിവാഹം കഴിക്കണമോ അതോ അയാളുമായുള്ള ബന്ധം വേർപെടുത്തണമോ? കാര്യമായ അല്ലെങ്കിൽ ഒട്ടുംതന്നെ ആത്മീയ താത്പര്യങ്ങൾ ഇല്ലാത്ത ഒരു മനുഷ്യനെ വിവാഹം കഴിക്കുന്നത് ആ സ്ത്രീയുടെ ഭാവി പുരോഗതിയെ തടസ്സപ്പെടുത്തുമെന്നു നാം ശക്തമായി വിചാരിച്ചേക്കാം. നേരെമറിച്ച്, നാം അവരുടെ കുട്ടികളുടെ ക്ഷേമത്തെ കുറിച്ചു വ്യാകുലപ്പെടുകയും അവർ അദ്ദേഹത്തെ വിവാഹം കഴിക്കുന്നതാണ് മെച്ചമെന്നു കരുതുകയും ചെയ്തേക്കാം. എന്തായിരുന്നാലും, ഒരു വിദ്യാർഥിയുടെ ജീവിതത്തിൽ കൈകടത്തിക്കൊണ്ട് അത്തരം കാര്യങ്ങളിൽ നമ്മുടെ സ്വന്തം അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് അനാദരവും സ്നേഹമില്ലായ്മയും ആണ്. തന്റെ തീരുമാനത്തിന്റെ ഫലങ്ങൾ അനുഭവിക്കേണ്ടത് ആ സ്ത്രീയാണല്ലോ. അതുകൊണ്ട്, അത്തരമൊരു വിദ്യാർഥിയെ സ്വന്തം ‘ഗ്രഹണ പ്രാപ്തികൾ’ ഉപയോഗിച്ച് എന്തു ചെയ്യണമെന്നു തീരുമാനിക്കാൻ പരിശീലിപ്പിക്കുന്നത് ആയിരിക്കില്ലേ ഏറ്റവും മെച്ചം?—എബ്രായർ 5:14.
16. ദൈവത്തിന്റെ ആട്ടിൻകൂട്ടത്തോടു മൂപ്പന്മാർക്ക് എങ്ങനെ സ്നേഹവും ആദരവും പ്രകടമാക്കാൻ കഴിയും?
16 സഭാ മൂപ്പന്മാർ ആട്ടിൻകൂട്ടത്തോടു സ്നേഹത്തോടും ആദരവോടും കൂടെ പെരുമാറേണ്ടതു വിശേഷാൽ പ്രധാനമാണ്. ഫിലേമോന് എഴുതവേ പൗലൊസ് ഇങ്ങനെ പറഞ്ഞു: “ആകയാൽ യുക്തമായതു നിന്നോടു കല്പിപ്പാൻ ക്രിസ്തുവിൽ എനിക്കു വളരെ ധൈര്യം [“സംസാര സ്വാതന്ത്ര്യം,” NW] ഉണ്ടെങ്കിലും . . . ഞാൻ സ്നേഹം നിമിത്തം അപേക്ഷിക്കയത്രേ ചെയ്യുന്നതു.” (ഫിലേമോൻ 8, 9) ചിലപ്പോൾ സഭയിൽ നിരാശാജനകമായ സാഹചര്യങ്ങൾ ഉടലെടുത്തേക്കാം. ദൃഢത അനിവാര്യം പോലും ആയിരുന്നേക്കാം. ദുഷ്പ്രവൃത്തിക്കാർ ‘വിശ്വാസത്തിൽ ആരോഗ്യമുള്ളവരായിത്തീരേണ്ടതിന്ന് [തെറ്റു ചെയ്യുന്നവരെ] കഠിനമായി ശാസിക്കാൻ’ പൗലൊസ് തീത്തൊസിനെ ഉദ്ബോധിപ്പിച്ചു. (തീത്തൊസ് 1:13, 14) എന്നുവരികിലും, സഭയോട് ഒരിക്കലും നിർദയമായി സംസാരിക്കാതിരിക്കാൻ മേൽവിചാരകന്മാർ ശ്രദ്ധിക്കണം. പൗലൊസ് എഴുതി: “കർത്താവിന്റെ ദാസൻ ശണ്ഠ ഇടാതെ എല്ലാവരോടും ശാന്തനും ഉപദേശിപ്പാൻ സമർത്ഥനും ദോഷം സഹിക്കുന്നവനുമായി അത്രേ ഇരിക്കേണ്ടതു.”—2 തിമൊഥെയൊസ് 2:24; സങ്കീർത്തനം 141:3.
17. മോശ എന്തു തെറ്റു ചെയ്തു, മൂപ്പന്മാർക്ക് അതിൽനിന്ന് എന്തു പഠിക്കാനാകും?
17 തങ്ങൾ ഇടപെടുന്നതു “ദൈവത്തിന്റെ ആട്ടിൻകൂട്ട”ത്തോടാണെന്ന് മൂപ്പന്മാർ എല്ലായ്പോഴും ഓർമിക്കണം. (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) (1 പത്രൊസ് 5:2) താഴ്മയുള്ളവൻ ആയിരുന്നെങ്കിലും മോശയ്ക്ക് ഒരു സമയത്ത് ആ വീക്ഷണം നഷ്ടപ്പെട്ടു. ഇസ്രായേല്യർ “അവന്റെ മനസ്സിനെ കോപിപ്പിച്ചതുകൊണ്ടു അവൻ അധരങ്ങളാൽ അവിവേകം സംസാരിച്ചുപോയി.” (സങ്കീർത്തനം 106:33) ദൈവത്തിന്റെ ആട്ടിൻകൂട്ടത്തോട്, അവർ കുറ്റക്കാർ ആയിരുന്നെങ്കിലും, മോശമായി പെരുമാറിയത് ദൈവത്തെ വളരെയേറെ അപ്രീതിപ്പെടുത്തി. (സംഖ്യാപുസ്തകം 20:2-12) ഇന്നു സമാനമായ വെല്ലുവിളികൾ നേരിടുമ്പോൾ, മൂപ്പന്മാർ ദയയോടും ഉൾക്കാഴ്ചയോടും കൂടെ പഠിപ്പിക്കാനും പ്രബോധിപ്പിക്കാനും ശ്രമിക്കണം. നമ്മുടെ സഹോദരന്മാരെ തിരുത്തപ്പെടാൻ കഴിയാത്തവരായിട്ടല്ല പകരം, സഹായം ആവശ്യമുള്ള വ്യക്തികളായി കണ്ട് പരിഗണനയോടെ ഇടപെടുമ്പോൾ അവർ നന്നായി പ്രതികരിക്കുന്നു. പിൻവരുന്ന പ്രകാരം പറഞ്ഞപ്പോൾ പൗലൊസിന് ഉണ്ടായിരുന്ന ക്രിയാത്മക വീക്ഷണം മൂപ്പന്മാർ നിലനിർത്തേണ്ടതുണ്ട്: “ഞങ്ങൾ ആജ്ഞാപിക്കുന്നതു നിങ്ങൾ ചെയ്യുന്നു എന്നും മേലാലും ചെയ്യും എന്നും ഞങ്ങൾ നിങ്ങളെക്കുറിച്ചു കർത്താവിൽ ഉറെച്ചിരിക്കുന്നു.”—2 തെസ്സലൊനീക്യർ 3:4.
അവരുടെ ആവശ്യങ്ങളോടു പ്രതികരിക്കുക
18, 19. (എ) പരിമിതമായ പ്രാപ്തികളുള്ള ബൈബിൾ വിദ്യാർഥികളുടെ ആവശ്യങ്ങളോടു നാം എങ്ങനെ പ്രതികരിക്കണം? (ബി) ചില പ്രത്യേക വിഷയങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള വിദ്യാർഥികളെ നമുക്ക് എങ്ങനെ സഹായിക്കാനാകും?
18 ഫലപ്രദനായ ഒരു ഉപദേഷ്ടാവ് വിദ്യാർഥികളുടെ പ്രാപ്തികളോടും പരിമിതികളോടും പൊരുത്തപ്പെടാൻ മനസ്സൊരുക്കം ഉള്ളവനാണ്. (യോഹന്നാൻ 16:12 താരതമ്യം ചെയ്യുക.) താലന്തുകളെ കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തത്തിൽ, യജമാനൻ “ഓരോരുത്തനും അവനവന്റെ പ്രാപ്തിക്ക് അനുസൃതമായി”ട്ടാണു പദവികൾ നൽകിയത്. (മത്തായി 25:15, NW) ബൈബിൾ അധ്യയനങ്ങൾ നടത്തുമ്പോൾ നമുക്ക് ആ മാതൃക പിൻപറ്റാൻ സാധിക്കും. സാധാരണഗതിയിൽ, ഒരു ബൈബിൾ അധിഷ്ഠിത പ്രസിദ്ധീകരണം താരതമ്യേന ഹ്രസ്വമായ ഒരു കാലഘട്ടംകൊണ്ടു ചർച്ചചെയ്തു തീർക്കുന്നതാണ് അഭികാമ്യം. എന്നാൽ, എല്ലാവർക്കും നല്ല വായനാ പ്രാപ്തിയോ പുതിയ ആശയങ്ങൾ പെട്ടെന്ന് ഉൾക്കൊള്ളാനുള്ള കഴിവോ ഇല്ലെന്നു തിരിച്ചറിയേണ്ടതാണ്. അതുകൊണ്ട്, വേഗത്തിൽ പഠിക്കാൻ വിദ്യാർഥിക്കു ബുദ്ധിമുട്ട് ഉണ്ടെങ്കിൽ, അധ്യയന സമയത്ത് ഒരു ആശയത്തിൽനിന്നു മറ്റൊന്നിലേക്ക് പോകേണ്ടത് എപ്പോഴെന്നു നിർണയിക്കാൻ വിവേചന ഉപയോഗിക്കണം. ഒരു നിശ്ചിത സമയത്തിനുള്ളിൽ ഒരു വിഷയം ചർച്ചചെയ്തു തീർക്കുന്നതിനെക്കാൾ പ്രധാനം, പഠിക്കുന്നതിന്റെ അർഥം ഗ്രഹിക്കാൻ വിദ്യാർഥിയെ സഹായിക്കുക എന്നതാണ്.—മത്തായി 13:51.
19 ത്രിത്വം, മതപരമായ വിശേഷദിനങ്ങൾ എന്നിങ്ങനെയുള്ള ചില പ്രത്യേക വിഷയങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ബൈബിൾ വിദ്യാർഥികളുടെ കാര്യത്തിലും ഇതു സത്യമാണ്. ബൈബിൾ അധിഷ്ഠിത ഗവേഷണ വിവരങ്ങൾ നമ്മുടെ അധ്യയനങ്ങളിൽ പൊതുവെ ഉൾപ്പെടുത്തേണ്ടതില്ലെങ്കിലും, വ്യക്തമായും പ്രയോജനപ്രദമെന്നു തോന്നുന്നപക്ഷം ചിലപ്പോഴൊക്കെ നമുക്ക് അവ ഉൾപ്പെടുത്താവുന്നതാണ്. വിദ്യാർഥിയുടെ പുരോഗതി അകാരണമായി മന്ദഗതിയിലാക്കാതിരിക്കാൻ നല്ല വിവേചന ഉപയോഗിക്കണം.
ഉത്സാഹമുള്ളവർ ആയിരിക്കുക!
20. തന്റെ പഠിപ്പിക്കലിൽ ഉത്സാഹവും ബോധ്യവും പ്രകടമാക്കുന്നതിൽ പൗലൊസ് ദൃഷ്ടാന്തം വെച്ചതെങ്ങനെ?
20 ‘ആത്മാവിനാൽ ജ്വലിക്കുന്നവർ ആയിരിക്കാൻ’ പൗലൊസ് പറയുന്നു. (റോമർ 12:11, NW) അതേ, നാം ഒരു ഭവന ബൈബിൾ അധ്യയനം നടത്തുകയാണെങ്കിലും സഭായോഗത്തിൽ ഒരു പരിപാടി അവതരിപ്പിക്കുകയാണെങ്കിലും, നാം അതു തീക്ഷ്ണതയോടെയും ഉത്സാഹത്തോടെയും ചെയ്യണം. തെസ്സലൊനീക്യരോടു പൗലൊസ് പറഞ്ഞു: “ഞങ്ങളുടെ സുവിശേഷം വചനമായി മാത്രമല്ല, ശക്തിയോടും പരിശുദ്ധാത്മാവോടും ബഹുനിശ്ചയത്തോടും [“ശക്തമായ ബോധ്യത്തോടും,” NW] കൂടെ ആയിരുന്നു നിങ്ങളുടെ അടുക്കൽ വന്നതു.” (1 തെസ്സലൊനീക്യർ 1:5) അങ്ങനെ, പൗലൊസും സഹകാരികളും ‘ദൈവത്തിന്റെ സുവിശേഷം മാത്രമല്ല [തങ്ങളുടെ] പ്രാണനുംകൂടെ’ നൽകി.—1 തെസ്സലൊനീക്യർ 2:8.
21. നമ്മുടെ പഠിപ്പിക്കൽ നിയമനങ്ങളോട് ഉത്സാഹപൂർവകമായ ഒരു മനോഭാവം എങ്ങനെ നിലനിർത്താനാകും?
21 നമുക്കു പറയാനുള്ളത് ബൈബിൾ വിദ്യാർഥികൾ കേൾക്കേണ്ടതാണെന്നുള്ള നമ്മുടെ ശക്തമായ ബോധ്യത്തിൽനിന്നാണ് യഥാർഥ ഉത്സാഹം ഉണ്ടാകുന്നത്. ഏതൊരു പഠിപ്പിക്കൽ നിയമനത്തെയും ഒരിക്കലും ഒരു ചടങ്ങുപോലെ നമുക്ക് കാണാതിരിക്കാം. ഇക്കാര്യത്തിൽ, എസ്രാ ശാസ്ത്രി തന്റെ പഠിപ്പിക്കലിന് അടുത്ത ശ്രദ്ധ നൽകുകതന്നെ ചെയ്തു. “യഹോവയുടെ ന്യായപ്രമാണം പരിശോധിപ്പാനും അതു അനുസരിച്ചു നടപ്പാനും യിസ്രായേലിൽ അതിന്റെ ചട്ടങ്ങളും വിധികളും ഉപദേശിപ്പാനും എസ്രാ മനസ്സുവെച്ചിരുന്നു.” (എസ്രാ 7:10) സമഗ്രമായി തയ്യാറായിക്കൊണ്ടും വിഷയത്തിന്റെ പ്രാധാന്യത്തെ കുറിച്ചു വിചിന്തനം ചെയ്തുകൊണ്ടും നാം സമാനമായി പ്രവർത്തിക്കണം. വിശ്വാസവും ബോധ്യവുംകൊണ്ട് നമ്മെ നിറയ്ക്കാൻ നമുക്കു യഹോവയോടു പ്രാർഥിക്കാം. (ലൂക്കൊസ് 17:5) നമ്മുടെ ഉത്സാഹം സത്യത്തോട് യഥാർഥ സ്നേഹം വളർത്തിയെടുക്കാൻ ബൈബിൾ വിദ്യാർഥികളെ സഹായിച്ചേക്കാം. നമ്മുടെ പഠിപ്പിക്കലിനു ശ്രദ്ധ നൽകുന്നതിൽ പ്രത്യേക പഠിപ്പിക്കൽ വിദ്യകൾ ഉപയോഗിക്കുന്നതും ഉൾപ്പെട്ടേക്കാം. നമ്മുടെ അടുത്ത ലേഖനം അവയിൽ ചിലതു ചർച്ച ചെയ്യും.
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച (ഇംഗ്ലീഷ്), വാല്യം 2, പേജ് 1071 കാണുക.
നിങ്ങൾ ഓർമിക്കുന്നുവോ?
□ ഇന്നു വിദഗ്ധരായ ക്രിസ്തീയ ഉപദേഷ്ടാക്കളുടെ ആവശ്യമുള്ളത് എന്തുകൊണ്ട്?
□ ഏതു നല്ല പഠന ശീലങ്ങൾ നമുക്കു വളർത്തിയെടുക്കാനാകും?
□ നാം പഠിപ്പിക്കുന്നവരോടുള്ള സ്നേഹവും ആദരവും പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
□ നമ്മുടെ ബൈബിൾ വിദ്യാർഥികളുടെ ആവശ്യങ്ങളോടു നമുക്ക് എങ്ങനെ പ്രതികരിക്കാനാകും?
□ മറ്റുള്ളവരെ പഠിപ്പിക്കുമ്പോൾ ഉത്സാഹവും ബോധ്യവും മർമപ്രധാനം ആയിരിക്കുന്നത് എന്തുകൊണ്ട്?
[അധ്യയന ചോദ്യങ്ങൾ]
[10-ാം പേജിലെ ചിത്രം]
നല്ല അധ്യാപകർ ദൈവവചനത്തിന്റെ വിദ്യാർഥികളുമാണ്
[13-ാം പേജിലെ ചിത്രം]
ബൈബിൾ വിദ്യാർഥികളിൽ വ്യക്തിപരമായ താത്പര്യം എടുക്കുക