റാഷി—സ്വാധീനശക്തിയുള്ള ഒരു ബൈബിൾ വ്യാഖ്യാതാവ്
റാഷി—സ്വാധീനശക്തിയുള്ള ഒരു ബൈബിൾ വ്യാഖ്യാതാവ്
എബ്രായ ഭാഷയിൽ അച്ചടിക്കപ്പെട്ട ആദ്യ പുസ്തകങ്ങളിൽ ഒന്ന് ഏതാണ്? പഞ്ചഗ്രന്ഥങ്ങളുടെ (മോശ എഴുതിയ അഞ്ചു പുസ്തകങ്ങൾ) ഒരു ഭാഷ്യമാണ്. 1475-ൽ ഇറ്റലിയിലെ റെജിയോ കലാബ്രിയയിലാണ് അതു പ്രസിദ്ധീകരിച്ചത്. അതിന്റെ ഗ്രന്ഥകർത്താവോ? റാഷി എന്ന് അറിയപ്പെടുന്ന ഒരാൾ.
ഒരു ഭാഷ്യത്തിന് ഇത്രമാത്രം പ്രാധാന്യം കൽപ്പിക്കുന്നത് എന്തുകൊണ്ടാണ്? റാഷി—ദ മാൻ ആൻഡ് ഹിസ് വേൾഡ് എന്ന പുസ്തകത്തിൽ എസ്രാ ഷെറെഷെവ്സ്കി പ്രസ്താവിക്കുന്നപ്രകാരം, റാഷിയുടെ ഭാഷ്യം “യഹൂദരുടെ ഭവനങ്ങളിലും പാഠശാലകളിലും പ്രധാന പാഠപുസ്തകം ആയിത്തീർന്നു. യഹൂദ സാഹിത്യത്തിൽ മറ്റൊരു കൃതിക്കും ഇത്രമാത്രം അംഗീകാരം ലഭിച്ചിട്ടില്ല . . . പഞ്ചഗ്രന്ഥങ്ങളെ കുറിച്ചുള്ള റാഷിയുടെ ഭാഷ്യത്തെ അപഗ്രഥിക്കുന്ന 200-ലധികം ഭാഷ്യങ്ങൾ ഉള്ളതായി അറിയപ്പെടുന്നു.”
റാഷിയുടെ ഭാഷ്യം യഹൂദന്മാരെ മാത്രമേ സ്വാധീനിച്ചിട്ടുള്ളോ? പലരും തിരിച്ചറിയുന്നില്ലെങ്കിലും എബ്രായ തിരുവെഴുത്തുകളെ കുറിച്ചുള്ള റാഷിയുടെ ഭാഷ്യം ബൈബിൾ പരിഭാഷകരെ നൂറ്റാണ്ടുകളോളം സ്വാധീനിച്ചിരിക്കുന്നു. റാഷി ആരായിരുന്നു? അദ്ദേഹം ഇത്രയധികം സ്വാധീനമുള്ള ആളായിത്തീർന്നത് എങ്ങനെ?
റാഷി ആരായിരുന്നു?
ഫ്രാൻസിലെ ട്രൊവായിൽ 1040-ലാണു റാഷി ജനിച്ചത്. a യുവ പ്രായത്തിൽ, അദ്ദേഹം റൈൻലൻഡിലെ വോംസിലും മൈൻസിലും ഉള്ള യഹൂദമത വിദ്യാപീഠങ്ങളിൽവെച്ച് യൂറോപ്പിലെ ഏറ്റവും വിഖ്യാതരായ ചില യഹൂദ പണ്ഡിതന്മാരുടെ കീഴിൽ വിദ്യ അഭ്യസിച്ചു. ഏതാണ്ട് 25 വയസ്സായപ്പോൾ വ്യക്തിഗത സാഹചര്യങ്ങൾ മൂലം അദ്ദേഹത്തിനു ട്രൊവായിലേക്കു മടങ്ങേണ്ടി വന്നു. ഒരു പ്രമുഖ പണ്ഡിതനായി അതിനോടകം അംഗീകരിക്കപ്പെട്ട റാഷി പെട്ടെന്നുതന്നെ പ്രാദേശിക യഹൂദ സമുദായത്തിന്റെ മത നേതാവ് ആയിത്തീരുകയും സ്വന്തം മത വിദ്യാപീഠം സ്ഥാപിക്കുകയും ചെയ്തു. ക്രമേണ, ഈ പുതിയ യഹൂദ വിദ്യാകേന്ദ്രം, റാഷിയെ പഠിപ്പിച്ച ജർമനിയിലെ അധ്യാപകരുടെ വിദ്യാപീഠങ്ങളെക്കാളും സ്വാധീനമുള്ളത് ആയിത്തീർന്നു.
അക്കാലത്തു ഫ്രാൻസിലെ യഹൂദർക്കും ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെട്ട അയൽക്കാർക്കും ഇടയിൽ ഒരു പരിധിവരെ സമാധാനവും ഐക്യവും നിലനിന്നിരുന്നു. അത് റാഷിയുടെ പാണ്ഡിത്യ ഗവേഷണത്തിനു കൂടുതലായ സ്വാതന്ത്ര്യം നൽകി. എങ്കിലും, മറ്റുള്ളവരിൽ നിന്ന് ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന ഒരു പണ്ഡിതൻ ആയിരുന്നില്ല അദ്ദേഹം. ഒരു അധ്യാപകനും വിദ്യാപീഠ തലവനും എന്ന നിലയിൽ വിഖ്യാതൻ ആയിരുന്നിട്ടും റാഷി, വീഞ്ഞ് ഉണ്ടാക്കിയാണ് ഉപജീവനം കഴിച്ചുപോന്നത്. ഈ സാമാന്യ തൊഴിലിനെ കുറിച്ചുള്ള അറിവ് സാധാരണക്കാരായ യഹൂദരുമായി അടുത്ത് ഇടപഴകാനും അവരുടെ ചുറ്റുപാടുകളെ കുറിച്ചു മനസ്സിലാക്കി സഹതപിക്കാനും അദ്ദേഹത്തെ സഹായിച്ചു. ട്രൊവായുടെ സ്ഥാനവും ഉൾക്കാഴ്ച വർധിപ്പിക്കുന്നതിൽ റാഷിക്കു സഹായകമായി. പ്രമുഖ വാണിജ്യ പാതകൾക്ക് അടുത്തായി സ്ഥിതിചെയ്തിരുന്ന ആ നഗരം പല ദേശക്കാർ വസിച്ചിരുന്നിടം ആയിരുന്നു. തന്മൂലം, വ്യത്യസ്ത ദേശങ്ങളിലെ ആളുകളുടെ പെരുമാറ്റ രീതികളും ആചാരങ്ങളുമായി നന്നായി പരിചിതനാകാൻ റാഷിക്കു സാധിച്ചു.
ഒരു ഭാഷ്യം ആവശ്യമായിരുന്നത് എന്തുകൊണ്ട്?
പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്ന ജനമായിട്ടാണ് യഹൂദർ അറിയപ്പെട്ടിരുന്നത്. എന്നാൽ “ആ പുസ്തകം”—ബൈബിൾ—എബ്രായ ഭാഷയിലേ ലഭ്യമായിരുന്നുള്ളൂ. “ആ ജനം” ഇപ്പോൾ അറബിക്, ജർമൻ, ഫ്രഞ്ച്, സ്പാനിഷ് എന്നിവയും മറ്റു പല ഭാഷകളുമായിരുന്നു സംസാരിച്ചിരുന്നത്. മിക്ക യഹൂദരും ചെറുപ്പം മുതലേ എബ്രായ ഭാഷ പഠിച്ചിരുന്നുവെങ്കിലും ബൈബിളിലെ മിക്ക പദപ്രയോഗങ്ങളും അവർക്കു വ്യക്തമായി അറിഞ്ഞുകൂടായിരുന്നു. കൂടാതെ, ബൈബിൾ പാഠത്തിന്റെ അക്ഷരീയ അർഥം മനസ്സിലാക്കുന്നതിൽ നിന്നു ജനങ്ങളെ നിരുത്സാഹപ്പെടുത്തുന്ന പ്രബലമായ ഒരു രീതി നൂറ്റാണ്ടുകളോളം റബിമാരുടെ യഹൂദ മതത്തിൽ നിലവിലിരുന്നു. ബൈബിൾ പദങ്ങളുമായി ബന്ധപ്പെടുത്തിയുള്ള ആലങ്കാരിക പ്രയോഗങ്ങളും ഐതിഹ്യങ്ങളും പെരുകാൻ തുടങ്ങി. അത്തരം അനേകം പരാമർശങ്ങളും കഥകളും മിദ്രാഷ് b എന്നു വിളിച്ചിരുന്ന ഗ്രന്ഥശേഖരത്തിൽ രേഖപ്പെടുത്തപ്പെട്ടു.
ഉല്പത്തി 37:2-നെ കുറിച്ചുള്ള തന്റെ ഭാഷ്യത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “[റാഷിക്കു മുമ്പുള്ള] പഴയ വ്യാഖ്യാതാക്കൾക്കു പ്രസംഗങ്ങൾ (ഡെറാഷോട്ട്) നടത്തുന്നതിൽ ആയിരുന്നു താത്പര്യം, അവർ അതിനെ സർവപ്രധാന ലക്ഷ്യമായി കരുതി. [എന്നാൽ] അവർക്ക് ബൈബിൾ വാക്യങ്ങളുടെ അർഥത്തെ കുറിച്ച് ആഴമായി ഗവേഷണം നടത്തുന്ന ശീലമില്ലായിരുന്നു.” ഈ രീതിയെ കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് ഡോ. എ. കോഹെൻ (സോസിനോ ബുക്സ് ഓഫ് ദ ബൈബിളിന്റെ മുഖ്യ എഡിറ്റർ) എഴുതുന്നു: “പെഷാറ്റിന് അല്ലെങ്കിൽ പാഠത്തിന്റെ സുവ്യക്ത അർഥത്തിന് നിരക്കാത്ത ഒറ്റ വ്യാഖ്യാനവും അംഗീകരിക്കരുത് എന്നു റബിമാർ ഒരു നിയമം ഉണ്ടാക്കി എന്നതു ശരിതന്നെ; എന്നാൽ, പ്രായോഗിക തലത്തിൽ അവർ ആ നിയമത്തിനു തെല്ലും വില കൽപ്പിച്ചില്ല.” അത്തരമൊരു മത പശ്ചാത്തലത്തിൽ ബൈബിൾ വാക്യം പരിചിന്തിക്കവേ ശരാശരി യഹൂദർക്ക് അതു ദുർഗ്രഹമായി തോന്നി. അങ്ങനെ, വിശദീകരണം പ്രദാനം ചെയ്യുന്ന ഗ്രന്ഥങ്ങളുടെ ആവശ്യം അവർ തിരിച്ചറിഞ്ഞു.
റാഷിയുടെ പൗത്രൻ ആയിരുന്ന റബി സാമുവെൽ ബെൻ മേയിറും (റാഷ്ബാം) ഒരു ബൈബിൾ പണ്ഡിതൻ ആയിരുന്നു.റാഷിയുടെ ലക്ഷ്യവും രീതികളും
എല്ലാ യഹൂദർക്കും മനസ്സിലാകുന്ന വിധത്തിൽ എബ്രായ തിരുവെഴുത്തുകൾ ലഭ്യമാക്കുക എന്നതായിരുന്നു റാഷിയുടെ ജീവിത ലക്ഷ്യം. ആ ലക്ഷ്യസാക്ഷാത്കാരത്തിനായി, വായനക്കാരനു ബുദ്ധിമുട്ടു വരുത്തിയേക്കുമെന്നു കരുതിയ വാക്കുകളും വാക്യങ്ങളുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഒട്ടേറെ നോട്ടുബുക്കുകളിലായി അദ്ദേഹം എഴുതിവെക്കാൻ തുടങ്ങി. റാഷിയുടെ കുറിപ്പുകളിൽ അദ്ദേഹത്തിന്റെ ഗുരുക്കന്മാരുടെ വിശദീകരണങ്ങൾ പ്രതിപാദിക്കുന്നതോടൊപ്പം റബിമാരുടെ സാഹിത്യങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെതന്നെ സമഗ്ര ജ്ഞാനവും പ്രതിഫലിക്കുന്നു. ഭാഷാ ഗവേഷണത്തിന്, ലഭ്യമായ എല്ലാ ഉറവിടങ്ങളും റാഷി കൂലങ്കഷമായി പരിശോധിച്ചു. പാഠഭാഗത്തിന്റെ ഗ്രാഹ്യത്തെ മാസരിറ്റുകാരുടെ സൂചക-ഉച്ചാരണ ചിഹ്നങ്ങൾ എങ്ങനെ ബാധിക്കുമെന്ന് അദ്ദേഹം ശ്രദ്ധിച്ചു മനസ്സിലാക്കി. ഒരു പദത്തിന്റെ അർഥം സ്പഷ്ടമാക്കുന്ന കാര്യത്തിൽ അദ്ദേഹത്തിന്റെ പഞ്ചഗ്രന്ഥഭാഷ്യം ഒട്ടുമിക്കപ്പോഴും അരാമിക് പരിഭാഷയെ (ഓങ്കെലോസിന്റെ റ്റാർഗം) ആശ്രയിക്കുന്നു. ഗതി, ഘടകം, ക്രിയാർഥം എന്നിവയും വ്യാകരണത്തിലെയും പദവിന്യാസത്തിലെയും മറ്റു വശങ്ങളും വിശദീകരിക്കുന്നതിന്, ഗവേഷണത്തിനായി മുമ്പ് ഉപയോഗിച്ചിട്ടില്ലാത്ത മാർഗങ്ങൾ ആരായവേ റാഷി വഴക്കവും വൈദഗ്ധ്യവും പ്രകടമാക്കി. എബ്രായ ഭാഷയുടെ പദവിന്യാസവും വ്യാകരണവും മനസ്സിലാക്കുന്നതിൽ അവ വിലപ്പെട്ട പങ്കുവഹിച്ചു.
റബിമാരുടെ യഹൂദമതത്തിൽ പ്രബലമായിരുന്നതിൽ നിന്നു വ്യത്യസ്തമായി ഒരു വാക്യത്തിന്റെ ലളിതവും അക്ഷരീയവുമായ അർഥം എടുത്തുകാണിക്കാൻ റാഷി എല്ലായ്പോഴും ശ്രമിച്ചിരുന്നു. എങ്കിലും, യഹൂദന്മാരുടെ ഇടയിൽ സുപരിചിതമായിരുന്ന മിദ്രാഷ്യ സാഹിത്യം അവഗണിക്കാവുന്നത് ആയിരുന്നില്ല. ബൈബിൾ പാഠങ്ങളുടെ അക്ഷരീയ അർഥത്തെ മിക്കപ്പോഴും ഗുപ്തമാക്കിയിരുന്ന മിദ്രാഷ്യ ലിഖിതങ്ങളെ പ്രതിപാദിക്കുന്ന രീതിയാണു റാഷിയുടെ ഭാഷ്യത്തിന്റെ ഒരു മുഖ്യ സവിശേഷത.
ഉല്പത്തി 3:8-നെ കുറിച്ചുള്ള ഭാഷ്യത്തിൽ റാഷി ഇങ്ങനെ വിശദീകരിക്കുന്നു: “നമ്മുടെ പണ്ഡിതന്മാർ ബെരെഷിറ്റ് റാബായിലും മറ്റ് മിദ്രാഷ്യ സാഹിത്യമാലയിലും സമുചിതം ക്രമപ്പെടുത്തിയ നിരവധി അഗാദിക c മിദ്രാഷിം ഉണ്ട്. എന്നുവരികിലും, ഈ വാക്യത്തിന്റെ ഋജുവായ അർഥത്തിലും (പെഷാറ്റ്) സന്ദർഭാനുസൃതം തിരുവെഴുത്തിനെ വിശദീകരിക്കുന്ന അഗാദോത്തിലുമാണ് എനിക്കു താത്പര്യം.” ഒരു വാക്യത്തിന്റെ അർഥമോ സന്ദർഭമോ വ്യക്തമാക്കാൻ ഉതകുന്നതെന്നു തനിക്കു തോന്നിയ മിദ്രാഷിം മാത്രം തിരഞ്ഞെടുത്ത് പ്രസിദ്ധീകരണത്തിനു തയ്യാർ ചെയ്ത റാഷി, പരസ്പരവിരുദ്ധമായ, ആശയക്കുഴപ്പം സൃഷ്ടിക്കുന്ന മിദ്രാഷിം തള്ളിക്കളഞ്ഞു. അതിന്റെ ഫലമായി യഹൂദരുടെ ഭാവി തലമുറകൾ കൂടുതലും, മിദ്രാഷിൽനിന്നു റാഷി തിരഞ്ഞെടുത്ത ഉയർന്ന നിലവാരമുള്ള ഭാഗങ്ങളുമായി സുപരിചിതരായി.
തന്റെ ഗുരുക്കന്മാർക്കു കലവറയില്ലാതെ ബഹുമതി നൽകിയിരുന്ന റാഷി, അവരുടെ വിശദീകരണങ്ങൾ ഒരു വാക്യത്തിന്റെ വ്യക്തമായ അർഥത്തിനു വിരുദ്ധമാണെന്നു മനസ്സിലാക്കിയപ്പോഴെല്ലാം അവരോടു വിയോജിക്കാനും മടി കാട്ടിയിരുന്നില്ല. ഒരു ഭാഗം തനിക്കു വ്യക്തമല്ലാതിരുന്നപ്പോൾ അല്ലെങ്കിൽ മുമ്പ് താൻ അതിനെ തെറ്റായി വിശദീകരിച്ചുവെന്നു മനസ്സിലാക്കിയപ്പോൾ അതു തുറന്നു സമ്മതിക്കാൻ അദ്ദേഹം മനസ്സൊരുക്കം കാട്ടിയിരുന്നു. വിദ്യാർഥികൾ തന്റെ തെറ്റായ ധാരണയെ തിരുത്താൻ സഹായിച്ച സന്ദർഭങ്ങളെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.
കാലത്തിന്റെ സ്വാധീനം
കാലത്തിനൊത്തു ജീവിച്ച വ്യക്തിയാണു റാഷി. ഒരു ഗ്രന്ഥകർത്താവ് ഇങ്ങനെ സംഗ്രഹിച്ചു പറഞ്ഞു: “സുവ്യക്തവും സ്ഫുടവുമായി, ഹൃദ്യവും കരുണാർദ്രവുമായി, അസാധാരണ കഴിവോടും പാണ്ഡിത്യത്തോടും കൂടി പ്രസക്ത ഭാഗങ്ങളെല്ലാം തന്റെ കാലത്തെ നാട്ടുഭാഷയിൽ പുനർവ്യാഖ്യാനം ചെയ്തതാണ് യഹൂദ സമുദായത്തിനു [റാഷി] നൽകിയ ഏറ്റവും വലിയ സംഭാവന. തന്മൂലം, ആളുകൾ അദ്ദേഹത്തിന്റെ ഭാഷ്യങ്ങൾ തിരുവെഴുത്തുകൾ പോലെ ആദരിക്കാനും സാഹിത്യം പോലെ പ്രിയപ്പെടാനും ഇടയായി. ബുദ്ധികൂർമതയോടും കൃത്യതയോടും കൂടെ, ഫ്രഞ്ച് ഭാഷ എഴുതുന്നതു പോലെയാണു റാഷി എബ്രായ ഭാഷ എഴുതിയിരുന്നത്. കൃത്യമായ എബ്രായ പദം ലഭിക്കാഞ്ഞപ്പോഴെല്ലാം തത്സ്ഥാനത്ത് അദ്ദേഹം എബ്രായ ലിപികളിൽ ഫ്രഞ്ച് പദം ഉപയോഗിച്ചു.” ലിപ്യന്തരണം ചെയ്യപ്പെട്ട ഈ ഫ്രഞ്ച് പദപ്രയോഗങ്ങൾ—അത്തരം 3,500-ലധികം പദങ്ങൾ റാഷി ഉപയോഗിച്ചിട്ടുണ്ട്—പഴയ ഫ്രഞ്ച് ഭാഷാശാസ്ത്രത്തിന്റെയും ഉച്ചാരണത്തിന്റെയും അധ്യേതാക്കൾക്ക് ഒരു വിലപ്പെട്ട ഉറവിടം ആയിത്തീർന്നു.
റാഷിയുടെ ജീവിതത്തിന്റെ തുടക്കം താരതമ്യേന ശാന്തമായ ചുറ്റുപാടിൽ ആയിരുന്നെങ്കിലും പിൽക്കാല വർഷങ്ങളിൽ അദ്ദേഹം യഹൂദരുടെയും നാമമാത്ര ക്രിസ്ത്യാനികളുടെയും ഇടയിലെ ഒന്നിനൊന്നു വർധിച്ച സംഘർഷത്തിനു സാക്ഷ്യം വഹിച്ചു. 1096-ലെ ഒന്നാമത്തെ കുരിശുയുദ്ധം, റാഷി വിദ്യ അഭ്യസിച്ചിരുന്ന റൈൻലൻഡിലെ യഹൂദ സമുദായത്തിന്മേൽ നാശം വിതച്ചു. ആയിരക്കണക്കിനു യഹൂദർ അരുംകൊല ചെയ്യപ്പെട്ടു. ആ കൂട്ടക്കൊലയെ കുറിച്ചുള്ള വാർത്ത റാഷിയുടെ ആരോഗ്യത്തെ ഹാനികരമായി ബാധിച്ചതായി (അദ്ദേഹത്തിന്റെ ആരോഗ്യനില നാൾക്കുനാൾ വഷളായി, ഒടുവിൽ 1105-ൽ അദ്ദേഹം മൃതിയടഞ്ഞു) തോന്നുന്നു. ആ ഘട്ടം മുതൽ അദ്ദേഹത്തിന്റെ തിരുവെഴുത്തു ഭാഷ്യങ്ങളിൽ ശ്രദ്ധേയമായ മാറ്റം സംഭവിച്ചു. യഹോവയുടെ, യാതന അനുഭവിക്കുന്ന ദാസനെ പരാമർശിക്കുന്ന യെശയ്യാവു 53-ാം അധ്യായം അതിനു മുന്തിയ ദൃഷ്ടാന്തമാണ്. മുമ്പ് റാഷി, തൽമൂദിൽ എന്നപോലെ ആ വാക്യങ്ങൾ മിശിഹായ്ക്കു ബാധകമാക്കിയിരുന്നു. എന്നാൽ, കുരിശുയുദ്ധത്തിനു ശേഷം, ആ വാക്യങ്ങൾ അന്യായമായി യാതന സഹിക്കേണ്ടി വന്ന യഹൂദ ജനതയ്ക്കു ബാധകമാകുന്നുവെന്ന് അദ്ദേഹം വിചാരിച്ചതായി കാണപ്പെടുന്നു. ആ വീക്ഷണം, യഹൂദർ പ്രസ്തുത വാക്യങ്ങളെ വ്യാഖ്യാനിച്ചിരുന്ന രീതിക്ക് ഒരു വഴിത്തിരിവായി ഭവിച്ചു. d അങ്ങനെ, ക്രൈസ്തവലോകത്തിന്റെ അക്രിസ്തീയ പെരുമാറ്റം യഹൂദർ ഉൾപ്പെടെ അനേകരെയും യേശുവിനെ കുറിച്ചുള്ള സത്യത്തിൽ നിന്ന് അകറ്റി.—മത്തായി 7:16-20; 2 പത്രൊസ് 2:1, 2.
അദ്ദേഹം ബൈബിൾ പരിഭാഷയെ സ്വാധീനിച്ചത് എങ്ങനെ?
പെട്ടെന്നുതന്നെ റാഷിയുടെ സ്വാധീനം യഹൂദമതത്തിന് അപ്പുറത്തേക്കും വ്യാപിച്ചു. ഫ്രാൻസിസ്കൻ ബൈബിൾ വ്യാഖ്യാതാവായ നിക്കോളസ് ലൈറാനസ് (1270-1349), ‘റബി സോളമന്റെ [റാഷിയുടെ]’ വീക്ഷണങ്ങൾ അടിക്കടി പരാമർശിച്ചിരുന്നതിനാൽ അദ്ദേഹത്തിന് “സോളമന്റെ ആൾക്കുരങ്ങ്” എന്ന ഇരട്ടപ്പേര് ലഭിച്ചു. പിന്നീട്, ലൈറ നിരവധി വ്യാഖ്യാതാക്കളിലും പരിഭാഷകരിലും സ്വാധീനം ചെലുത്തി. ഇംഗ്ലീഷിലുള്ള ജയിംസ് രാജാവിന്റെ ഭാഷന്തരത്തിന്റെ ആദ്യകാല പരിഭാഷകരും ജർമനിയിൽ ബൈബിൾ പരിഭാഷയിൽ വിപ്ലവം സൃഷ്ടിച്ച പരിഷ്കർത്താവായ മാർട്ടിൻ ലൂഥറും അതിൽ ഉൾപ്പെടുന്നു. ലൈറയുടെ കൃതി ലൂഥറിനെ അങ്ങേയറ്റം സ്വാധീനിച്ചിരുന്നു.
ക്രിസ്തീയ സത്യത്തോടു യോജിക്കാത്ത, റബിമാരുടെ ആശയങ്ങൾ റാഷിയെ അങ്ങേയറ്റം സ്വാധീനിച്ചിരുന്നു. എങ്കിലും, ബൈബിളിലെ എബ്രായ പദപ്രയോഗങ്ങളും പദവിന്യാസവും വ്യാകരണവും അതുപോലെ തന്നെ വാക്യത്തിന്റെ ലളിതവും അക്ഷരീയവുമായ അർഥം ഗ്രഹിക്കാനുള്ള അശ്രാന്ത പരിശ്രമവും കൊണ്ട് റാഷി, ബൈബിൾ ഗവേഷകർക്കും പരിഭാഷകർക്കും താരതമ്യപഠനത്തിനുള്ള അർഥവത്തായ ഉറവിടം പ്രദാനം ചെയ്യുന്നു.
[അടിക്കുറിപ്പുകൾ]
a “റാഷി” എന്നത് “റബി ഷ്ലോമോ യിറ്റ്ഷാക്കി [റബി സോളമൻ ബെൻ ഐസക്] എന്ന പദങ്ങളുടെ ആദ്യക്ഷരങ്ങൾ ചേർത്തുണ്ടാക്കിയ ഒരു എബ്രായ സംക്ഷേപ പദമാണ്.
b “മിദ്രാഷ്” എന്ന എബ്രായ പദം “അന്വേഷിക്കുക, പഠിക്കുക, പരിശോധിക്കുക” എന്നും വിപുലമായി പറഞ്ഞാൽ “പ്രസംഗിക്കുക” എന്നും അർഥമുള്ള എബ്രായ മൂലപദത്തിൽ നിന്നു വരുന്നു.
c ആഗാദാ (ബഹുവചനം ആഗാദോത്ത്) എന്നതിന്റെ അക്ഷരീയ അർഥം “ആഖ്യാനം” എന്നാണ്. അത് റബിമാരുടെ ലിഖിതങ്ങളിലെ നിയമ സംബന്ധമല്ലാത്ത വിശദാംശങ്ങളെ പരാമർശിക്കുന്നു. സാധാരണമായി, ബൈബിൾ കഥാപാത്രങ്ങളെ കുറിച്ചുള്ള കഥകളോ റബിമാരെ കുറിച്ചുള്ള ഐതിഹ്യങ്ങളോ അതിൽ ഉൾപ്പെടുന്നു.
d ഈ തിരുവെഴുത്തു ഭാഗത്തെ കുറിച്ചുള്ള കൂടുതലായ വിവരങ്ങൾക്ക് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച യുദ്ധമില്ലാത്ത ഒരു ലോകം എന്നെങ്കിലും ഉണ്ടായിരിക്കുമോ? (ഇംഗ്ലീഷ്) എന്ന ലഘുപത്രികയുടെ 28-ാം പേജിലുള്ള “എന്റെ ദാസൻ”—അവൻ ആരാണ്? എന്ന ചതുരം കാണുക.
[26-ാം പേജിലെ ചിത്രത്തിന് കടപ്പാട]
ലിഖിതം: Per gentile concessione del Ministerodei Beni Culturali e Ambientali