ഇന്നേക്കുള്ള സന്ദേശം അടങ്ങിയ ഒരു ജ്ഞാനഗ്രന്ഥം
ഇന്നേക്കുള്ള സന്ദേശം അടങ്ങിയ ഒരു ജ്ഞാനഗ്രന്ഥം
“ഒരു സഞ്ചി ജ്ഞാനം [ഒരു സഞ്ചി] പവിഴത്തെക്കാൾ വിലയേറിയത് ആണ്” എന്ന് പൂർവ പിതാവായ ഇയ്യോബ് പ്രസ്താവിച്ചു. തന്റെ കാലത്തെ അതിസമ്പന്നരിൽ ഒരാളായിരുന്നു അവൻ. (ഇയ്യോബ് 1:3; 28:18, NW; 42:12) ജീവിതം വിജയപ്രദം ആക്കുന്നതിൽ ഒരു വ്യക്തിയെ സഹായിക്കുന്ന കാര്യം വരുമ്പോൾ ജ്ഞാനം വാസ്തവമായും ഭൗതിക സ്വത്തുക്കളെക്കാൾ വളരെയധികം മൂല്യവത്താണ്. “ജ്ഞാനം ഒരു ശരണം, ദ്രവ്യവും ഒരു ശരണം, ജ്ഞാനമോ ജ്ഞാനിയുടെ ജീവനെ പാലിക്കുന്നു; ഇതത്രേ പരിജ്ഞാനത്തിന്റെ വിശേഷത” എന്നു ജ്ഞാനിയായ ശലോമോൻ രാജാവു പറഞ്ഞു.—സഭാപ്രസംഗി 7:12.
എന്നാൽ ഇന്ന് അത്തരം ജ്ഞാനം എവിടെ കണ്ടെത്താനാകും? ആളുകൾ വ്യക്തിപരമായ പ്രശ്നങ്ങൾക്ക് ഉപദേശം തേടി കോളമെഴുത്തുകാർ, മനശ്ശാസ്ത്രജ്ഞർ, മനോരോഗ ചികിത്സകർ എന്നിവരെ—കേശാലങ്കാര വിദഗ്ധർ, ടാക്സി ഡ്രൈവർമാർ എന്നിവരെ പോലും—സമീപിക്കുന്നു. ഏതു വിഷയത്തെ കുറിച്ചും ഉപദേശം പ്രദാനം ചെയ്യാൻ സന്നദ്ധർ ആയിരിക്കുന്ന—തക്ക കൂലിക്ക് ആണെന്നു മാത്രം—വിദഗ്ധർക്കു കയ്യും കണക്കുമില്ല. എങ്കിലും, ഒട്ടുമിക്കപ്പോഴും അത്തരം “ജ്ഞാന” മൊഴികൾ നിരാശയിലേക്കും വിനാശത്തിലേക്കും നയിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. അങ്ങനെയെങ്കിൽ, നമുക്ക് യഥാർഥ ജ്ഞാനം എങ്ങനെ കണ്ടെത്താനാകും?
മനുഷ്യ കാര്യാദികളിൽ ആഴമായ ഉൾക്കാഴ്ച ഉണ്ടായിരുന്ന യേശുക്രിസ്തു ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “ജ്ഞാനമോ തന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടിരിക്കുന്നു.” (മത്തായി 11:19) നമുക്കിപ്പോൾ ആളുകളുടെ ജീവിതത്തിൽ പൊന്തിവരുന്ന പൊതുവായ ചില പ്രശ്നങ്ങളെ കുറിച്ചു പരിചിന്തിക്കാം. ഒപ്പംതന്നെ അവരെ യഥാർഥത്തിൽ സഹായിച്ചിട്ടുള്ള, ‘ഒരു സഞ്ചി പവിഴ’ത്തെക്കാൾ അവർക്കു മൂല്യവത്ത് ആയിരുന്നിട്ടുള്ള ജ്ഞാനമൊഴികൾ ഏവയെന്നും പരിശോധിക്കാം. ആ “ഒരു സഞ്ചി ജ്ഞാനം” കണ്ടെത്തി അതിൽ നിന്നു പ്രയോജനം അനുഭവിക്കാൻ നിങ്ങൾക്കും കഴിഞ്ഞേക്കും.
നിങ്ങൾ വിഷാദത്തിന് അടിമയാണോ?
“ഉത്കണ്ഠാ യുഗത്തിലേക്കു രംഗപ്രവേശം ചെയ്ത 20-ാം നൂറ്റാണ്ട് വേദിയൊഴിയുന്നത് ശോക യുഗത്തിന്റെ പിറവിയോടെ ആണ്” എന്നു ലണ്ടനിലെ ഇന്റർനാഷണൽ ഹെറാൾഡ് ട്രിബ്യൂൺ പ്രസ്താവിക്കുന്നു. അത് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “കടുത്ത വിഷാദത്തെ കുറിച്ച് ആദ്യമായി നടത്തിയ അന്താരാഷ്ട്ര പഠനം, പ്രസ്തുത ക്രമക്കേട് ലോകവ്യാപകമായി വർധിച്ചിരിക്കുന്നതായി തെളിയിക്കുന്നു. തായ്വാനും ലബനോനും ന്യൂസിലൻഡും പോലുള്ള വൈവിധ്യമാർന്ന രാഷ്ട്രങ്ങളിൽ ഓരോ തലമുറയും പൂർവാധികം ആ രോഗത്തിന് അടിമപ്പെടുകയാണ്.” 1955-നു ശേഷം ജനിച്ചവർ, തങ്ങളുടെ മുത്തശ്ശീമുത്തശ്ശന്മാർ അനുഭവിച്ചതിന്റെ മൂന്നിരട്ടി കടുത്ത വിഷാദം അനുഭവിക്കുന്നതായി പറയപ്പെടുന്നു.
ടോമോയെയുടെ കാര്യത്തിലും അതാണു സംഭവിച്ചത്. കടുത്ത വിഷാദരോഗത്തിന് അടിപ്പെട്ടിരുന്ന അവൾ ദിവസത്തിന്റെ ഏറിയപങ്കും കിടക്കയിലാണു കഴിച്ചുകൂട്ടിയിരുന്നത്. രണ്ടു വയസ്സായ മകനെ പരിപാലിക്കാൻ അപ്രാപ്തയായതുകൊണ്ട് അവൾ മാതാപിതാക്കളോടൊപ്പമായി താമസം. അയൽപക്കത്തുള്ള ഒരു സ്ത്രീ—അവൾക്കും ടോമോയെയുടെ മകന്റെ പ്രായമുള്ള ഒരു പെൺകുട്ടി ഉണ്ടായിരുന്നു—ടോമോയെയുമായി സൗഹൃദത്തിലായി. തന്നെക്കൊണ്ടു യാതൊരു പ്രയോജനവും ഇല്ലാത്തതായി തോന്നുന്നു എന്ന് ടോമോയെ അയൽക്കാരിയോടു പറഞ്ഞപ്പോൾ അവൾ ഒരു ഗ്രന്ഥത്തിൽ നിന്ന് ഒരു വാക്യം കാണിച്ചുകൊടുത്തു. അത് ഇപ്രകാരം ആയിരുന്നു: “കണ്ണിന്നു കയ്യോടു: നിന്നെക്കൊണ്ടു എനിക്കു ആവശ്യമില്ല എന്നും, തലെക്കു കാലുകളോടു: നിങ്ങളെക്കൊണ്ടു എനിക്കു ആവശ്യമില്ല എന്നും പറഞ്ഞുകൂടാ. ശരീരത്തിൽ ബലം കുറഞ്ഞവ എന്നു തോന്നുന്ന അവയവങ്ങൾ തന്നേ ആവശ്യമുള്ളവയാകുന്നു.” a എല്ലാവർക്കും ലോകത്തിൽ ഒരു സ്ഥാനമുണ്ടെന്നും എല്ലാവരും ആവശ്യമുള്ളവരാണെന്നും തിരിച്ചറിഞ്ഞ ടോമോയെയുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി.
ആ വാക്കുകൾ അടങ്ങിയ പുസ്തകം പരിശോധിക്കാൻ അയൽക്കാരി ടോമോയെയെ പ്രോത്സാഹിപ്പിച്ചു. കടുത്ത വിഷാദം നിമിത്തം അന്നുവരെ യാതൊന്നും ചെയ്യാൻ, ഒരു കൊച്ചു വാഗ്ദാനം പോലും ചെയ്യാൻ, അവൾക്കു കഴിഞ്ഞിരുന്നില്ലെങ്കിലും അവളതിനു സമ്മതം മൂളി. ഷോപ്പിങ്ങിനു സഹായിച്ചതിനു പുറമേ ദിവസവും ടോമോയെയോടൊപ്പം ആ അയൽക്കാരി ഭക്ഷണവും പാകം ചെയ്തു. ഒരു മാസം കഴിഞ്ഞപ്പോൾ ഏതൊരു കുടുംബിനിയെയും പോലെ അതിരാവിലെ എഴുന്നേൽക്കാനും തുണി അലക്കുക, വീടു വൃത്തിയാക്കുക, കടയിൽപോയി സാധനങ്ങൾ വാങ്ങുക, അത്താഴം തയ്യാറാക്കുക എന്നീ ജോലികളൊക്കെ ചെയ്യാനും ടോമോയെയ്ക്കും സാധിച്ചു. അവൾക്കു നിരവധി ബുദ്ധിമുട്ടുകൾ തരണം ചെയ്യേണ്ടിവന്നു. എങ്കിലും, “ഞാൻ കണ്ടെത്തിയ ജ്ഞാനമൊഴികൾ അനുസരിച്ചു പ്രവർത്തിക്കുന്നപക്ഷം മെച്ചപ്പെട്ട വ്യക്തി ആയിത്തീരാൻ സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു,” അവൾ പറഞ്ഞു.
താൻ കണ്ടെത്തിയ ജ്ഞാനം പ്രാവർത്തികമാക്കിക്കൊണ്ടു ടോമോയെ വിഷാദാവസ്ഥയിൽ നിന്നു മുക്തി നേടി. പ്രശ്നങ്ങൾ തരണം ചെയ്യാൻ തന്നെ പ്രാപ്തയാക്കിയ അതേ വചനങ്ങൾ ബാധകമാക്കാൻ മറ്റുള്ളവരെ സഹായിച്ചുകൊണ്ട് ടോമോയെ ഇപ്പോൾ മുഴുസമയം സേവനം അനുഷ്ഠിക്കുന്നു. ആ ജ്ഞാനമൊഴികൾ, ഇന്നത്തെ സകലർക്കുമായുള്ള സന്ദേശം ഉൾക്കൊള്ളുന്ന ഒരു പുരാതന ഗ്രന്ഥത്തിൽ അടങ്ങിയിരിക്കുന്നു.
നിങ്ങൾക്കു കുടുംബ പ്രശ്നങ്ങളുണ്ടോ?
വിവാഹമോചന നിരക്ക് ലോകവ്യാപകമായി കുതിച്ചുയരുകയാണ്. ഒത്തൊരുമയുള്ള കുടുംബങ്ങളെക്കുറിച്ച് ഒരിക്കൽ അഭിമാനം കൊണ്ടിരുന്ന പൗരസ്ത്യ ദേശങ്ങളിൽ പോലും ഇന്നു കുടുംബ പ്രശ്നങ്ങൾ വർധിച്ചുവരികയാണ്. ജ്ഞാനപൂർവകവും പ്രായോഗികവുമായ ദാമ്പത്യ മാർഗനിർദേശം നമുക്ക് എവിടെ കണ്ടെത്താനാകും?
ഷൂഗോയുടെയും മീഹോക്കോയുടെയും കാര്യമെടുക്കാം. അവരുടെ ദാമ്പത്യ ജീവിതം പ്രശ്നപൂരിതം ആയിരുന്നു. കൊച്ചുകൊച്ചു കാര്യങ്ങളെ ചൊല്ലി അവർ വഴക്കിടുമായിരുന്നു. ഷൂഗോ മുൻകോപി ആയിരുന്നു. അതേസമയം, തന്നെ കുറ്റപ്പെടുത്തുന്ന ഓരോ സന്ദർഭത്തിലും ഷൂഗോയോടു മീഹോക്കോ തർക്കുത്തരം പറയുമായിരുന്നു. ‘ഒരു കാര്യത്തിൽ പോലും ഞങ്ങൾക്ക് ഒത്തുപോകാൻ സാധിക്കില്ല’ എന്നു മീഹോക്കോ വിചാരിച്ചിരുന്നു.
ഒരിക്കൽ ഒരു സ്ത്രീ, മീഹോക്കോയെ സന്ദർശിച്ച് ഒരു പുസ്തകത്തിൽ നിന്ന് പിൻവരുന്ന ഭാഗം വായിച്ചുകേൾപ്പിച്ചു: “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്വിൻ.” b മതത്തിൽ താത്പര്യം ഇല്ലായിരുന്നെങ്കിലും പ്രസ്തുത വാക്കുകൾ അടങ്ങിയിരിക്കുന്ന പുസ്തകം താൻ പഠിക്കാമെന്നു മീഹോക്കോ സമ്മതിച്ചു. കുടുംബ ജീവിതം മെച്ചപ്പെടുത്തണമെന്നേ അവൾക്കുണ്ടായിരുന്നുള്ളൂ. അതുകൊണ്ട്, നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ എന്ന പ്രസിദ്ധീകരണം ചർച്ച ചെയ്യുന്ന ഒരു യോഗത്തിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചപ്പോൾ മീഹോക്കോ—അവളുടെ ഭർത്താവും—ഉടനടി സമ്മതിച്ചു. c
d ഈ തത്ത്വം തന്റെ ജീവിതത്തിൽ ബാധകമാക്കാൻ കുറച്ചു സമയമെടുത്തെങ്കിലും, അദ്ദേഹം ജീവിതത്തിൽ ക്രമേണ വരുത്തിയ മാറ്റങ്ങൾ ഭാര്യ ഉൾപ്പെടെ ചുറ്റുപാടുമുള്ള സകലർക്കും വ്യക്തമായിരുന്നു.
യോഗത്തിനു ഹാജരായവർ, തങ്ങൾ പഠിക്കുന്ന കാര്യങ്ങൾ വാസ്തവമായി ബാധകമാക്കുന്നതായും അതീവ സന്തുഷ്ടർ ആയിരിക്കുന്നതായും ഷൂഗോ ശ്രദ്ധിച്ചു. ഭാര്യ പഠിച്ചുകൊണ്ടിരുന്ന പുസ്തകം വായിക്കാൻ അദ്ദേഹം തീരുമാനിച്ചു. ഒരു പ്രസ്താവന അദ്ദേഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി: “ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ; മുൻകോപിയോ ഭോഷത്വം ഉയർത്തുന്നു.”ഭർത്താവിൽ വന്ന മാറ്റങ്ങൾ കണ്ട്, മീഹോക്കോയും താൻ പഠിക്കുന്ന കാര്യങ്ങൾ ബാധകമാക്കാൻ തുടങ്ങി. അവൾക്കു പ്രത്യേകിച്ചും സഹായകമായിരുന്ന ഒരു തത്ത്വം ഇതാണ്: “നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുതു. നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും.” e അങ്ങനെ, ഇരുവരുടെയും നല്ല ഗുണങ്ങളെ കുറിച്ചു സംസാരിക്കാനും അന്യോന്യം പോരായ്മകൾ കണ്ടുപിടിക്കുന്നതിനു പകരം എങ്ങനെ തങ്ങൾക്കു പുരോഗമിക്കാനാകും എന്നു കണ്ടെത്താനും മീഹോക്കോയും ഭർത്താവും തീരുമാനിച്ചു. ഫലമോ? “അതെന്നെ വളരെ സന്തുഷ്ടയാക്കി. ദിവസവും അത്താഴത്തിനു മുമ്പ് ഞങ്ങൾ പരിപുഷ്ടിപ്പെടുത്തുന്ന സംഭാഷണത്തിൽ ഏർപ്പെടാറുണ്ട്. മൂന്നു വയസ്സുകാരനായ ഞങ്ങളുടെ മകനും അതിൽ പങ്കെടുക്കുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം അതു തികച്ചും നവോന്മേഷപ്രദമാണ്!”
തങ്ങൾക്കു ലഭിച്ച അർഥവത്തായ ബുദ്ധിയുപദേശം ആ കുടുംബം ബാധകമാക്കി. അങ്ങനെ, തകർച്ചയുടെ വക്കിലായിരുന്ന തങ്ങളുടെ ബന്ധത്തെ
ഉലച്ചിരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ അവർക്കു സാധിച്ചു. അത് ഒരു സഞ്ചി പവിഴത്തെക്കാൾ വിലയേറിയതല്ലേ?ജീവിതം വിജയപ്രദമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?
അനേകരെയും സംബന്ധിച്ചിടത്തോളം, സമ്പത്തു കുന്നുകൂട്ടുകയാണു ജീവിതലക്ഷ്യം. എന്നാൽ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കോടിക്കണക്കിനു ഡോളർ സംഭാവന ചെയ്ത, ഐക്യനാടുകളിലെ സമ്പന്നനായ ഒരു ബിസിനസുകാരൻ ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “പണം ചിലരെ ആകർഷിക്കുന്നു. എന്നാൽ, ഒരേസമയം രണ്ടു ജോഡി ഷൂസുകൾ ധരിക്കാൻ ആർക്കും സാധിക്കില്ല.” ചുരുക്കം ചിലരേ ഈ വസ്തുത അംഗീകരിക്കുന്നുള്ളൂ. അതിലും കുറച്ചുപേരേ പണത്തിനു പിറകേയുള്ള നെട്ടോട്ടം നിർത്തുന്നുള്ളൂ.
ദരിദ്ര കുടുംബത്തിൽ വളർന്ന ഹിറ്റോഷിക്ക് ധനികനാകണം എന്ന ഏക ചിന്തയേ ഉണ്ടായിരുന്നുള്ളൂ. പണം വായ്പ്പകൊടുക്കുന്നവർ പാവങ്ങളെ ചൂഷണം ചെയ്യുന്നതു കണ്ട് അദ്ദേഹം ഈ നിഗമനത്തിലെത്തി: “സമ്പത്തു കുന്നുകൂട്ടുന്നവർക്കേ നിലനിൽപ്പുള്ളൂ.” പണത്തിന്റെ ശക്തിയിൽ ഹിറ്റോഷി ശക്തമായി വിശ്വസിച്ചു, മനുഷ്യ ജീവൻപോലും പണം കൊടുത്തു വാങ്ങാം എന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണ. പണം സമ്പാദിക്കാനായി അദ്ദേഹം പ്ലംബിങ് ജോലിയിൽ ഏർപ്പെട്ടു. വർഷം മുഴുവൻ, ഒരു ദിവസം പോലും അവധി എടുക്കാതെ അദ്ദേഹം അധ്വാനിച്ചു. കഷ്ടപ്പെടുന്തോറും ഹിറ്റോഷിക്ക് ഒരു കാര്യം ബോധ്യമായി, സബ് കോൺട്രാക്ടറായ താൻ തന്റെ മുകളിലുള്ള കോൺട്രാക്ടർമാരെപ്പോലെ ഒരിക്കലും ശക്തനായിരിക്കില്ല. ശൂന്യതാബോധവും പാപ്പരത്തത്തെ കുറിച്ചുള്ള ഭയവും അദ്ദേഹത്തെ കീഴടക്കി.
അങ്ങനെയിരിക്കെ, ഒരു മനുഷ്യൻ ഹിറ്റോഷിയുടെ വീടു സന്ദർശിച്ചു. യേശുക്രിസ്തു മരിച്ചതു ഹിറ്റോഷിക്കു വേണ്ടിയാണ് എന്നത് അറിയാമായിരുന്നോ എന്ന് സന്ദർശകൻ ചോദിച്ചു. തന്നെപ്പോലുള്ള ഒരാൾക്കു വേണ്ടി ആരും മരിക്കുകയില്ലെന്നു വിചാരിച്ചിരുന്ന ഹിറ്റോഷി അതേക്കുറിച്ചു കൂടുതൽ അറിയാൻ ചർച്ചകൾക്കു സമ്മതിച്ചു. പിറ്റേ വാരം അദ്ദേഹം ഒരു പരസ്യപ്രസംഗത്തിനു ഹാജരായി. ‘കണ്ണ് ലഘുവായി സൂക്ഷിക്കുക’ എന്ന ഉദ്ബോധനം കേട്ടപ്പോൾ അദ്ദേഹത്തിന് അതിശയം തോന്നി. ‘ലഘുവായ’ കണ്ണ് ദീർഘവീക്ഷണം ഉള്ളതാണ്, അത് ആത്മീയ കാര്യങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നു. നേരേമറിച്ച്, ‘ദുഷ്ടമായ’ അല്ലെങ്കിൽ ‘അസൂയാവഹമായ’ കണ്ണ്, താത്കാലിക ജഡിക അഭിലാഷങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നു, അത് ദീർഘവീക്ഷണം ഇല്ലാത്തതാണ് എന്നു പ്രസംഗകൻ വിശദീകരിച്ചു. “നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും” എന്ന ബുദ്ധിയുപദേശം അദ്ദേഹത്തെ ആഴത്തിൽ സ്പർശിച്ചു. f പണം സമ്പാദിക്കുന്നതിലും വളരെ പ്രധാനമായിരിക്കുന്ന മറ്റൊന്നുണ്ടുപോലും! അത്തരമൊരു കാര്യം ആദ്യമായിട്ടാണ് അദ്ദേഹം കേൾക്കുന്നത്.
കേട്ട കാര്യങ്ങളിൽ വിലമതിപ്പു തോന്നിയ അദ്ദേഹം, അവ ബാധകമാക്കാൻ തുടങ്ങി. പണത്തിനു വേണ്ടി നെട്ടോട്ടം ഓടുന്നതിനു പകരം, അദ്ദേഹം ആത്മീയ മൂല്യങ്ങൾക്കു ജീവിതത്തിൽ പ്രഥമ സ്ഥാനം നൽകിത്തുടങ്ങി. കുടുംബത്തിന്റെ ആത്മീയ ക്ഷേമത്തിനായും അദ്ദേഹം സമയം ചെലവഴിച്ചു. സ്വാഭാവികമായും, അത് തൊഴിൽ സമയം കുറയ്ക്കേണ്ടത് ആവശ്യമാക്കിത്തീർത്തു. എങ്കിലും, അദ്ദേഹത്തിന്റെ ബിസിനസ് മെച്ചപ്പെട്ടു. കാരണം?
ബുദ്ധിയുപദേശത്തിനു ചെവി കൊടുത്തതിന്റെ ഫലമായി അക്രമ സ്വഭാവം മാറി അദ്ദേഹത്തിനു സൗമ്യതയും സൗഹൃദഭാവവും കൈവന്നു. പിൻവരുന്ന g പ്രസ്തുത ബുദ്ധിയുപദേശം പിൻപറ്റിയതുകൊണ്ട് അദ്ദേഹം ധനവാനായില്ല എന്നതു ശരിതന്നെ. എങ്കിലും, ‘പുതിയ വ്യക്തിത്വം’ അദ്ദേഹത്തിന്റെ പതിവ് ഇടപാടുകാരിൽ മതിപ്പ് ഉളവാക്കുകയും അവരുടെ ആദരവും വിശ്വാസവും നേടിയെടുക്കാൻ അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു. അതേ, താൻ കണ്ടെത്തിയ ജ്ഞാനമൊഴികൾ ജീവിതം വിജയപ്രദമാക്കാൻ അദ്ദേഹത്തെ സഹായിച്ചു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അവ അക്ഷരീയമായും ഒരു സഞ്ചി പവിഴത്തെക്കാൾ അല്ലെങ്കിൽ പണത്തെക്കാൾ വിലയേറിയത് ആയിരുന്നു.
ഉദ്ബോധനം അദ്ദേഹത്തിൽ മതിപ്പുളവാക്കി: ‘ഇനി ഇവയെല്ലാം ഉപേക്ഷിക്കണം: കോപം, ക്രോധം, ദ്വേഷം, പരദൂഷണം, നിങ്ങളുടെ അധരങ്ങളിൽനിന്നു പുറപ്പെടുന്ന ചീത്ത വാക്കുകൾ. നിങ്ങൾ അന്യോന്യം കള്ളം പറയരുത്; നിങ്ങളുടെ പഴയ പ്രകൃതിയെ [“വ്യക്തിത്വത്തെ,” NW] അതിന്റെ ദുശ്ശീലങ്ങളോടുകൂടി നിങ്ങൾ ഉപേക്ഷിച്ചിരിക്കുന്നുവല്ലോ. നിങ്ങൾ പുതിയ പ്രകൃതി [“വ്യക്തിത്വം,” NW] സ്വീകരിച്ചിരിക്കുന്നു. ഇത് ജ്ഞാനത്തിൽ സ്രഷ്ടാവിന്റെ ഛായയിൽ, നവീകരിച്ചുകൊണ്ടിരിക്കുവിൻ.’നിങ്ങൾ ആ സഞ്ചി തുറന്നു നോക്കുമോ?
മുകളിൽ പരാമർശിച്ച വ്യക്തികളുടെ കാര്യത്തിൽ, വളരെ വിലയേറിയതെന്നു തെളിഞ്ഞ ജ്ഞാനസഞ്ചി ഏതാണെന്നു നിങ്ങൾക്ക് അറിയാമോ? ഭൂവ്യാപകമായി ഏറ്റവുമധികം പ്രതികൾ വിതരണം ചെയ്യപ്പെട്ടിരിക്കുന്ന, എളുപ്പം ലഭ്യമായിരിക്കുന്ന ബൈബിളിൽ കാണുന്ന ജ്ഞാനമാണത്. നിങ്ങളുടെ പക്കൽ അതിന്റെ ഒരു പ്രതി ഉണ്ടായിരുന്നേക്കാം, ഇല്ലെങ്കിൽ നിഷ്പ്രയാസം ഒരെണ്ണം സംഘടിപ്പിക്കാനാകും. എന്നിരുന്നാലും, ഒരു സഞ്ചി പവിഴം വിലയേറിയതാണെങ്കിലും ഉപയോഗിക്കാത്തപക്ഷം അതിന്റെ ഉടമസ്ഥനു തെല്ലും ഫലം ചെയ്യുകയില്ലാത്തതു പോലെ ഒരാളുടെ പക്കൽ ബൈബിൾ ഉണ്ടായിരിക്കുന്നതുകൊണ്ടു മാത്രം ഫലമുണ്ടാകില്ല. ജ്ഞാനമൊഴികൾ അടങ്ങിയ സഞ്ചിയായ ബൈബിൾ തുറന്ന് അതിലെ കാലോചിത ജ്ഞാനോപദേശങ്ങൾ ബാധകമാക്കുകയും ജീവിത പ്രശ്നങ്ങളെ വിജയപ്രദമായി തരണം ചെയ്യാൻ അതിനു നിങ്ങളെ എങ്ങനെ സഹായിക്കാനാകും എന്നു പരിചിന്തിക്കുകയും ചെയ്യരുതോ?
ഒരു സഞ്ചി പവിഴം ലഭിക്കുന്നപക്ഷം, നന്ദി പ്രകടിപ്പിക്കേണ്ടതിന് അതു നൽകിയത് ആരാണെന്നു കണ്ടുപിടിക്കാൻ നിങ്ങൾ ശ്രമിക്കുകയില്ലേ? ബൈബിളിന്റെ കാര്യത്തിലോ? അതു നൽകിയത് ആരാണെന്നു നിങ്ങൾക്ക് അറിയാമോ?
പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ട് ബൈബിൾ അതിന്റെ സ്രോതസ്സിനെ വെളിപ്പെടുത്തുന്നു: “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ . . . പ്രയോജനമുള്ളതു ആകുന്നു.” (2 തിമൊഥെയൊസ് 3:16, 17) “ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതാ”ണ് എന്നും അതു നമ്മോടു പറയുന്നു. (എബ്രായർ 4:12) അതുകൊണ്ടാണു ബൈബിളിൽ കാണുന്ന ജ്ഞാനമൊഴികൾ നമുക്കിന്നു കാലോചിതവും ഫലപ്രദവും ആയിരിക്കുന്നത്. ഉദാരനായ ആ ദാതാവിനെ കുറിച്ച്, യഹോവയാം ദൈവത്തെ കുറിച്ച്, കൂടുതലായി അറിയാൻ നിങ്ങളെ സഹായിക്കുന്നതിൽ യഹോവയുടെ സാക്ഷികൾക്കു സന്തോഷമേയുള്ളൂ. അങ്ങനെ, ബൈബിളിൽ—ഇന്നത്തെ ആളുകൾക്കുള്ള സന്ദേശം ഉൾക്കൊള്ളുന്ന ജ്ഞാനഗ്രന്ഥത്തിൽ—അടങ്ങിയിരിക്കുന്ന “ഒരു സഞ്ചി ജ്ഞാന”ത്തിന്റെ ഗുണഭോക്താവ് ആയിരിക്കാനുള്ള പദവി നിങ്ങൾക്ക് ഉണ്ടായിരിക്കും.
[അടിക്കുറിപ്പുകൾ]
a 1 കൊരിന്ത്യർ 12:21, 22-ന്റെ ഉദ്ധരണി.
c വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ചത്.
f മത്തായി 6:21-23, NW അടിക്കുറിപ്പു കാണുക.
g കൊലൊസ്സ്യർ 3:8-10, ഓശാന ബൈബിൾ.
[4-ാം പേജിലെ ചതുരം/ചിത്രം]
വൈകാരിക സമനില നിലനിർത്താനുള്ള ജ്ഞാനമൊഴികൾ
“യഹോവേ, നീ അകൃത്യങ്ങളെ ഓർമ്മവെച്ചാൽ കർത്താവേ, ആർ നിലനില്ക്കും? എങ്കിലും നിന്നെ ഭയപ്പെടുവാൻ തക്കവണ്ണം നിന്റെ പക്കൽ വിമോചനം [“യഥാർഥ ക്ഷമ,” NW] ഉണ്ടു.”—സങ്കീർത്തനം 130:3, 4.
“സന്തോഷമുള്ള ഹൃദയം മുഖപ്രസാദമുണ്ടാക്കുന്നു; ഹൃദയത്തിലെ വ്യസനംകൊണ്ടോ ധൈര്യം ക്ഷയിക്കുന്നു.”—സദൃശവാക്യങ്ങൾ 15:13.
“അതിനീതിമാനായിരിക്കരുതു; അതിജ്ഞാനിയായിരിക്കയും അരുതു; നിന്നെ നീ എന്തിന്നു നശിപ്പിക്കുന്നു?”—സഭാപ്രസംഗി 7:16.
“സ്വീകരിക്കുന്നതിൽ ഉള്ളതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലുണ്ട്.”—പ്രവൃത്തികൾ 20:35, NW.
“കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ. സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുതു.”—എഫെസ്യർ 4:26.
[5-ാം പേജിലെ ചതുരം/ചിത്രം]
സന്തുഷ്ട കുടുംബ ജീവിതത്തിനുള്ള ജ്ഞാനമൊഴികൾ
“ആലോചന ഇല്ലാഞ്ഞാൽ ഉദ്ദേശങ്ങൾ സാധിക്കാതെപോകുന്നു; ആലോചനക്കാരുടെ ബഹുത്വത്താലോ അവ സാധിക്കുന്നു.”—സദൃശവാക്യങ്ങൾ 15:22.
“ബുദ്ധിമാന്റെ ഹൃദയം പരിജ്ഞാനം സമ്പാദിക്കുന്നു; ജ്ഞാനികളുടെ ചെവി പരിജ്ഞാനം അന്വേഷിക്കുന്നു.”—സദൃശവാക്യങ്ങൾ 18:15.
“തക്കസമയത്തു പറഞ്ഞ വാക്കു വെള്ളിത്താലത്തിൽ പൊൻനാരങ്ങാപോലെ.”—സദൃശവാക്യങ്ങൾ 25:11.
“അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്വിൻ; കർത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്വിൻ. എല്ലാററിന്നും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ.”—കൊലൊസ്സ്യർ 3:13, 14.
“പ്രിയസഹോദരന്മാരേ, നിങ്ങൾ അതു അറിയുന്നുവല്ലോ. എന്നാൽ ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവൻ ആയിരിക്കട്ടെ.”—യാക്കോബ് 1:19.
[6-ാം പേജിലെ ചതുരം/ചിത്രം]
ജീവിതം വിജയപ്രദമാക്കാനുള്ള ജ്ഞാനമൊഴികൾ
“കള്ളത്തുലാസ്സു യഹോവെക്കു വെറുപ്പു; ഒത്ത പടിയോ അവന്നു പ്രസാദം.”—സദൃശവാക്യങ്ങൾ 11:1.
“നാശത്തിന്നു മുമ്പെ ഗർവ്വം; വീഴ്ചക്കു മുമ്പെ ഉന്നതഭാവം.”—സദൃശവാക്യങ്ങൾ 16:18.
“ആത്മസംയമം ഇല്ലാത്ത പുരുഷൻ മതിൽ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണംപോലെയാകുന്നു.”—സദൃശവാക്യങ്ങൾ 25:28.
“നിന്റെ മനസ്സിൽ അത്ര വേഗം നീരസം ഉണ്ടാകരുതു; മൂഢന്മാരുടെ മാർവ്വിൽ അല്ലോ നീരസം വസിക്കുന്നതു.”—സഭാപ്രസംഗി 7:9.
“നിന്റെ അപ്പത്തെ വെള്ളത്തിന്മേൽ എറിക; ഏറിയനാൾ കഴിഞ്ഞിട്ടു നിനക്കു അതു കിട്ടും.”—സഭാപ്രസംഗി 11:1.
“കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന്നു ആവശ്യംപോലെ ആത്മികവർദ്ധനെക്കായി നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായിൽനിന്നു പുറപ്പെടരുതു.”—എഫെസ്യർ 4:29.
[7-ാം പേജിലെ ചിത്രം]
“ഒരു സഞ്ചി ജ്ഞാന”ത്തിന്റെ ഗുണഭോക്താവ് ആയിരിക്കുന്നതിനുള്ള ആദ്യ പടി ബൈബിൾ പഠനമാണ്