നിങ്ങളുടെ ചിന്തയെ രൂപപ്പെടുത്തുന്നത് ആർ?
നിങ്ങളുടെ ചിന്തയെ രൂപപ്പെടുത്തുന്നത് ആർ?
“എന്തു ചിന്തിക്കണമെന്നും എന്തു ചെയ്യണമെന്നും ആരും എന്നോടു പറയേണ്ടതില്ല!” ഒരാൾ അങ്ങനെ തറപ്പിച്ചു പറയുമ്പോൾ സാധാരണമായി അതിന്റെ അർഥം, അയാൾക്ക് തന്നിലും തന്റെ അഭിപ്രായങ്ങളിലും ഉറച്ച ബോധ്യമുണ്ട് എന്നാണ്. നിങ്ങൾ അങ്ങനെ വിചാരിക്കുന്നുണ്ടോ? മറ്റൊരാളല്ല നിങ്ങൾക്കു വേണ്ടി തീരുമാനമെടുക്കേണ്ടത് എന്നതു മനസ്സിലാക്കാവുന്നതേ ഉള്ളൂ. എന്നാൽ, പ്രയോജനം ചെയ്തേക്കാവുന്ന ഒരു ഉപദേശം അത്ര പെട്ടെന്നങ്ങ് നിരസിക്കുന്നതു ജ്ഞാനമാണോ? ജ്ഞാനപൂർവം തീരുമാനങ്ങളെടുക്കാൻ ആർക്കും ഒരിക്കലും നിങ്ങളെ സഹായിക്കാൻ കഴിയില്ലെന്നു നിങ്ങൾ കരുതുന്നുണ്ടോ? നിങ്ങൾ അറിയാതെതന്നെ ആരും നിങ്ങളുടെ ചിന്തയെ സ്വാധീനിക്കുന്നില്ല എന്നു നിങ്ങൾക്ക് ഉറപ്പിച്ചു പറയാൻ സാധിക്കുമോ?
ഉദാഹരണത്തിന്, രണ്ടാം ലോക മഹായുദ്ധത്തിനു മുമ്പ് ഹിറ്റ്ലറുടെ ആശയപ്രചാരണ മന്ത്രി ആയിരുന്ന യോസഫ് ഗർബൽസ് ജർമനിയിലെ ചലച്ചിത്ര വ്യവസായത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. എന്തിന്? “ആളുകളുടെ വിശ്വാസങ്ങളെയും പെരുമാറ്റത്തെയും സ്വാധീനിക്കാൻ” പോന്ന അതിശക്തമായ ഒരു ആയുധമാണ് അത് എന്ന് അദ്ദേഹം മനസ്സിലാക്കി. (ആശയപ്രചാരണവും ജർമൻ സിനിമയും 1933-1945 [ഇംഗ്ലീഷ്]) നാസി തത്ത്വശാസ്ത്രം അന്ധമായി സ്വീകരിക്കാൻ സാധാരണക്കാരെ, ന്യായബോധമുള്ള സാമാന്യ ജനത്തെ, തന്ത്രപൂർവം സ്വാധീനിക്കാൻ ഇതും മറ്റു മാർഗങ്ങളും എത്ര വിദഗ്ധമായി അദ്ദേഹം ഉപയോഗിച്ചുവെന്ന് ഒരുപക്ഷേ നിങ്ങൾക്ക് അറിയാമായിരിക്കും.
നിങ്ങൾ ചെവികൊടുക്കുന്ന ആളുകളുടെ വികാരവിചാരങ്ങൾ നിങ്ങളുടെ ചിന്താരീതിയെയും പ്രവർത്തന വിധത്തെയും ഏതെങ്കിലുമൊരു വിധത്തിൽ എപ്പോഴും സ്വാധീനിക്കുന്നു എന്നതാണ് വാസ്തവം. തീർച്ചയായും, അത് അതിൽത്തന്നെ മോശമായ ഒരു സംഗതിയല്ല. അവർ നിങ്ങളുടെ ക്ഷേമത്തിൽ യഥാർഥ താത്പര്യമുള്ളവർ—അധ്യാപകർ, സ്നേഹിതർ, മാതാപിതാക്കൾ തുടങ്ങിയവർ—ആണെങ്കിൽ, അവരുടെ ബുദ്ധിയുപദേശവും മാർഗനിർദേശവും നിങ്ങൾക്കു വളരെ ഗുണം ചെയ്യും. എന്നാൽ അവർ സ്വാർഥ താത്പര്യങ്ങൾ പുലർത്തുന്ന, വക്ര ചിന്താഗതിക്കാരോ ദുഷിച്ച ആളുകളോ ആണെങ്കിൽ, അഥവാ പൗലൊസ് അപ്പൊസ്തലൻ പറഞ്ഞതുപോലെ ‘മനോവഞ്ചകർ’ ആണെങ്കിൽ, ജാഗ്രത പാലിക്കുക!—തീത്തൊസ് 1:10; ആവർത്തനപുസ്തകം 13:6-8.
അതുകൊണ്ട്, ആർക്കും നിങ്ങളെ സ്വാധീനിക്കാനാവില്ല എന്ന അലസഭാവം ഉപേക്ഷിക്കുക. (1 കൊരിന്ത്യർ 10:12 താരതമ്യം ചെയ്യുക.) ഒരുപക്ഷേ, നിങ്ങൾ അറിയുന്നില്ലെങ്കിലും ഇപ്പോൾത്തന്നെ—നിങ്ങൾ സമ്മതിച്ചേക്കാവുന്നതിലും കൂടുതൽ പ്രാവശ്യം—നിങ്ങൾ ആരുടെയെങ്കിലും സ്വാധീനത്തിനു വിധേയനായിരിക്കാനുള്ള സാധ്യത ഏറെയാണ്. നിങ്ങൾ കടയിൽ പോകുമ്പോൾ ഏതു സാധനം വാങ്ങാൻ തീരുമാനിക്കുമെന്ന ലളിതമായ ഉദാഹരണം എടുക്കുക. അത് എപ്പോഴും വ്യക്തിപരവും ന്യായയുക്തവുമായ ഒരു തീരുമാനമാണോ? അതോ പലപ്പോഴും നിങ്ങൾ കാണാത്തവർ നിങ്ങളുടെ തീരുമാനത്തെ സ്വാധീനിക്കുന്നുണ്ടോ? ഉണ്ട് എന്നാണ് അന്വേഷണാത്മക പത്രപ്രവർത്തനം നടത്തുന്ന എറിക് ക്ലാർക്ക് വിശ്വസിക്കുന്നത്. അദ്ദേഹം പറയുന്നു: “പരസ്യത്തിനു നമ്മുടെ മേലുള്ള സ്വാധീനം കൂടുന്തോറും ആ സ്വാധീനം സംബന്ധിച്ച നമ്മുടെ അവബോധം കുറഞ്ഞുവരുന്നു, അങ്ങനെ പരസ്യം നമ്മെ പൂർവാധികം സ്വാധീനിക്കുന്നു.” പരസ്യം എത്ര ശക്തമാണ് എന്നു ചോദിക്കുമ്പോൾ “അതിനു സ്വാധീനമുണ്ട്, പക്ഷേ തങ്ങളെ ഏശുകയില്ല” എന്നു മിക്കവരും പറയുമെന്നും അദ്ദേഹം റിപ്പോർട്ടു ചെയ്യുന്നു. തങ്ങളൊഴികെ എല്ലാവരും പരസ്യത്തിന്റെ സ്വാധീനവലയത്തിൽ പെടുന്നു എന്നാണ് ഓരോരുത്തരുടെയും വിചാരം. “അതിന്റെ സ്വാധീനവലയത്തിൽ പെടാത്തത് അവർ മാത്രമാണുപോലും.”—ആഗ്രഹ സ്രഷ്ടാക്കൾ (ഇംഗ്ലീഷ്).
സാത്താന്റെ മൂശയിലേക്കു തള്ളിക്കയറ്റപ്പെടുന്നുവോ?
അനുദിന പരസ്യങ്ങൾക്കു നിങ്ങളുടെ മേലുള്ള സ്വാധീനം ഗുരുതരമായ പരിണതഫലങ്ങൾ ഉണ്ടാക്കണമെന്നില്ല. എന്നാൽ, അതിനെക്കാൾ വിപത്കരമായ ഒരു സ്വാധീനമുണ്ട്. സാത്താൻ വിദഗ്ധനായ ഉപജാപകൻ ആണെന്നു ബൈബിൾ വ്യക്തമായി പ്രകടമാക്കുന്നു. (വെളിപ്പാടു 12:9) ഉപഭോക്താക്കളെ സ്വാധീനിക്കാൻ രണ്ടു വിധങ്ങൾ—“അവരെ വശീകരിക്കൽ, അല്ലെങ്കിൽ അവരുടെ മനസ്സു മാറ്റിയെടുക്കൽ”—ഉണ്ട് എന്നു പറഞ്ഞ ഒരു പരസ്യ ഏജന്റിന്റെ ചിന്തയോടു സമാനമാണ് അവന്റെ തത്ത്വശാസ്ത്രം. നിങ്ങളുടെ ചിന്തയെ രൂപപ്പെടുത്താൻ ആശയപ്രചാരകർക്കും പരസ്യക്കാർക്കും അത്തരം കുടിലമായ വിദ്യകൾ ഉപയോഗിക്കാൻ കഴിയുമെങ്കിൽ, സമാനമായ തന്ത്രങ്ങൾ ഉപയോഗിക്കുന്നതിൽ സാത്താൻ എത്ര വിദഗ്ധൻ ആയിരിക്കണം!—യോഹന്നാൻ 8:44.
പൗലൊസ് അപ്പൊസ്തലന് അത് അറിയാമായിരുന്നു. ജാഗ്രത നഷ്ടപ്പെട്ട് തന്റെ സഹ ക്രിസ്ത്യാനികളിൽ ചിലർ സാത്താന്റെ വഞ്ചനയ്ക്ക് ഇരയാകുമോ എന്ന് അവൻ ഭയപ്പെട്ടിരുന്നു. അവൻ ഇങ്ങനെ എഴുതി: “സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു.” (2 കൊരിന്ത്യർ 11:3) ആ മുന്നറിയിപ്പ് ഗൗരവമായി എടുക്കുക. അല്ലാത്തപക്ഷം, ആശയപ്രചാരണങ്ങളും തന്ത്രങ്ങളും സ്വാധീനശക്തി ഉള്ളവയാണ്, “പക്ഷേ തങ്ങളെ ഏശുകയില്ല” എന്നു വിശ്വസിക്കുന്നവരെ പോലെ ആയിത്തീർന്നേക്കാം നിങ്ങൾ. ക്രൂരത, അധമത്വം, കാപട്യം എന്നിവ മുഖമുദ്രയായുള്ള ഈ തലമുറയുടെ കാര്യമെടുത്താൽ സാത്താന്യ ആശയപ്രചാരണം ശരിക്കും നടക്കുന്നു എന്നു വ്യക്തമായി കാണാൻ കഴിയും എന്നതാണു വസ്തുത.
അതിനാൽ, “ഈ ലോകത്തിന്നു അനുരൂപമാകാ”തിരിക്കാൻ പൗലൊസ് സഹ ക്രിസ്ത്യാനികളോട് അപേക്ഷിച്ചു. (റോമർ 12:2) ഒരു ബൈബിൾ പരിഭാഷകൻ പൗലൊസിന്റെ വാക്കുകളെ മറ്റൊരു വിധത്തിൽ പറഞ്ഞു: “ചുറ്റുമുള്ള ലോകം നിങ്ങളെ അതിന്റെ മൂശയിലേക്കു തള്ളിക്കയറ്റാൻ അനുവദിക്കാതിരിക്കുക.” (റോമർ 12:2, ഫിലിപ്സ്) താൻ ആഗ്രഹിക്കുന്ന അടയാളങ്ങളും മുദ്രകളും പതിഞ്ഞു കിട്ടാൻ തുറന്ന മൂശയിലേക്കു കളിമണ്ണ് തള്ളിക്കയറ്റുന്ന ഒരു പ്രാചീന കുശവനെപ്പോലെ, തന്റെ മൂശയിലേക്കു നമ്മെ തള്ളിക്കയറ്റാൻ സാത്താൻ ആവതെല്ലാം ചെയ്യും. ലോകത്തിലെ രാഷ്ട്രീയം, വാണിജ്യം, മതം, വിനോദം എന്നിവയെല്ലാം അവൻ അതിനു വേണ്ടി ഒരുക്കിവെച്ചിരിക്കുന്നു. അവന്റെ സ്വാധീനം എത്ര വ്യാപകമാണ്? യോഹന്നാൻ അപ്പൊസ്തലന്റെ നാളുകളിൽ വ്യാപകമായിരുന്നതു പോലെയാണ് അത്. “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു” എന്ന് അവൻ പറഞ്ഞു. (1 യോഹന്നാൻ 5:19; 2 കൊരിന്ത്യർ 4:4 കൂടെ കാണുക.) ആളുകളെ വശീകരിക്കാനും അവരുടെ ചിന്തയെ ദുഷിപ്പിക്കാനുമുള്ള സാത്താന്റെ പ്രാപ്തി സംബന്ധിച്ചു നിങ്ങൾക്കു സംശയങ്ങൾ ഉണ്ടെങ്കിൽ, ദൈവത്തിനു സമർപ്പിക്കപ്പെട്ട ഒരു ജനതയോടുള്ള—ഇസ്രായേല്യരോടുള്ള—ബന്ധത്തിൽ അവൻ തന്ത്രപൂർവം എങ്ങനെ പ്രവർത്തിച്ചുവെന്ന് ഓർക്കുക. (1 കൊരിന്ത്യർ 10:6-12) നമ്മുടെ കാര്യത്തിലും സാത്താൻ അങ്ങനെ പ്രവർത്തിക്കാൻ ഇടയുണ്ടോ? സാത്താന്റെ വശീകരണ സ്വാധീനത്തിനു മനസ്സു തുറന്നിടുന്നപക്ഷം അതു സംഭവിച്ചേക്കാം.
ചുറ്റും നടക്കുന്ന കാര്യങ്ങൾ അറിയുക
പൊതുവെ പറഞ്ഞാൽ, അത്തരം കുടില ശക്തികളെ അനുവദിച്ചാൽ മാത്രമേ അവ നിങ്ങളെ സ്വാധീനിക്കുകയുള്ളൂ. ദ ഹിഡൺ പെഴ്സ്വേഡേഴ്സ് എന്ന ഗ്രന്ഥത്തിൽ വാൻസ് പാക്കാർഡ് ഇങ്ങനെ അഭിപ്രായപ്പെട്ടു: “[നിഗൂഢമായി] പ്രേരിപ്പിക്കുന്ന അത്തരം സ്വാധീന ഘടകങ്ങൾക്കെതിരെ ശക്തമായ ഒരു പ്രതിരോധം അപ്പോഴും നമുക്കുണ്ട്: പ്രേരണയ്ക്കു വശംവദർ ആകാതിരിക്കാൻ നമുക്കു കഴിയും. മിക്കവാറും എല്ലാ സാഹചര്യങ്ങളിലും നമുക്കു തിരഞ്ഞെടുപ്പ് ഉണ്ട്. ചുറ്റും നടക്കുന്ന കാര്യങ്ങൾ അറിയാമെങ്കിൽ നാം വളരെ പെട്ടെന്നൊന്നും തന്ത്രങ്ങൾക്ക് ഇരയാവുകയില്ല.” തന്ത്രപരമായ പ്രചാരണത്തിന്റെയും വഞ്ചനയുടെയും കാര്യത്തിലും അതു സത്യമാണ്.
തീർച്ചയായും, ‘ചുറ്റും നടക്കുന്ന കാര്യങ്ങൾ അറിയാൻ’ താത്പര്യമെടുക്കുകയും നല്ല സ്വാധീന ഘടകങ്ങൾ സ്വീകരിക്കാൻ മനസ്സുള്ളവർ ആയിരിക്കുകയും വേണം. മനസ്സ് നന്നായി പ്രവർത്തിക്കണമെങ്കിൽ, ആരോഗ്യമുള്ള ഒരു ശരീരത്തെ പോലെ അതിനെയും പോഷിതമാക്കി നിർത്തേണ്ടതുണ്ട്. (സദൃശവാക്യങ്ങൾ 5:1, 2) തെറ്റായ അറിവു പോലെതന്നെ ആപത്കരമാണ് അറിവില്ലായ്മയും. വഴിതെറ്റിക്കുന്ന ആശയങ്ങളിൽനിന്നും തത്ത്വശാസ്ത്രങ്ങളിൽനിന്നും നിങ്ങളുടെ മനസ്സിനെ സംരക്ഷിക്കേണ്ടത് ആവശ്യമാണെങ്കിലും ലഭിക്കുന്ന എല്ലാ വിവരങ്ങളോടും മുൻവിധി കലർന്നതും നിഷേധാത്മകവുമായ ഒരു മനോഭാവം വളർത്തി എടുക്കാതിരിക്കാൻ ശ്രമിക്കുക.—1 യോഹന്നാൻ 4:1.
സത്യസന്ധമായ പ്രേരണ നിഗൂഢമായ വശീകരണം ആയിരിക്കുന്നില്ല. “ദുഷ്ടമനുഷ്യരും മായാവികളും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടുംകൊണ്ടു മേല്ക്കുമേൽ ദോഷത്തിൽ മുതിർന്നുവരു”ന്നതിനാൽ ജാഗ്രത പാലിക്കാൻ പൗലൊസ് അപ്പൊസ്തലൻ യുവാവായ തിമൊഥെയൊസിനു മുന്നറിയിപ്പു നൽകി. എന്നാൽ പൗലൊസ് ഇങ്ങനെ കൂട്ടിച്ചേർത്തു: ‘നീയോ ഇന്നവരോടു പഠിച്ചു എന്നു ഓർക്കുകയും നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനില്ക്കുകയും’ ചെയ്യുക. (2 തിമൊഥെയൊസ് 3:13-15) നിങ്ങൾ മനസ്സിൽ ഉൾക്കൊള്ളുന്ന ഏതൊരു സംഗതിയും ഒരു പരിധിവരെ നിങ്ങളെ സ്വാധീനിക്കും എന്നതിനാൽ, ‘എങ്ങനെ ഉള്ളവരിൽ നിന്നാണ് നിങ്ങൾ പഠിക്കുന്നത് എന്ന് അറിയുന്നത്’ ഒരു പ്രധാന സംഗതിയാണ്. തീർച്ചയായും അവർ സ്വാർഥ ലക്ഷ്യങ്ങൾ ഉള്ളവരല്ല, മറിച്ച് നിങ്ങളുടെ ക്ഷേമത്തിൽ യഥാർഥ താത്പര്യമുള്ളവർ ആയിരിക്കും.
തിരഞ്ഞെടുപ്പു നിങ്ങളുടേതാണ്. നിങ്ങളുടെ ചിന്തയെ നിയന്ത്രിക്കാൻ ഈ ലോകത്തിന്റെ തത്ത്വശാസ്ത്രങ്ങളെയും മൂല്യങ്ങളെയും അനുവദിച്ചുകൊണ്ട് ‘ലോകത്തിന് അനുരൂപമാകാ’ൻ നിങ്ങൾക്കു തിരഞ്ഞെടുക്കാവുന്നതാണ്. (റോമർ 12:2) എന്നാൽ ഈ ലോകത്തിനു നിങ്ങളുടെ ക്ഷേമത്തിലല്ല താത്പര്യം. “തത്വജ്ഞാനവും വെറും വഞ്ചനയുംകൊണ്ടു ആരും നിങ്ങളെ കവർന്നുകളയാതിരിപ്പാൻ സൂക്ഷിപ്പിൻ” എന്നു പൗലൊസ് അപ്പൊസ്തലൻ മുന്നറിയിപ്പു നൽകുന്നു. (കൊലൊസ്സ്യർ 2:8) അവയാൽ സാത്താന്റെ മൂശയിലേക്ക് തള്ളിക്കയറ്റപ്പെടുന്നത്, അല്ലെങ്കിൽ ‘അവന്റെ ഇരയായിത്തീരുന്നത്,’ എളുപ്പമാണ്. ആളുകൾ ഊതിവിടുന്ന പുക പോലെയാണ് അത്. മലിന വായു ശ്വസിക്കുന്നതു മാത്രം മതി ഹാനി സംഭവിക്കാൻ.
എന്നാൽ മറ്റൊരു സംഗതിയുണ്ട്. ആ “വായു” നിങ്ങൾക്കു ശ്വസിക്കാതിരിക്കാൻ കഴിയും. (എഫെസ്യർ 2:2, NW) പകരം പൗലൊസിന്റെ ഉപദേശം പിൻപറ്റുക: “ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.” (റോമർ 12:2) അതിനു ശ്രമം ആവശ്യമാണ്. (സദൃശവാക്യങ്ങൾ 2:1-5) യഹോവ തന്ത്രശാലി അല്ല എന്ന് ഓർക്കുക. ആവശ്യമായ വിവരങ്ങളെല്ലാം അവൻ ലഭ്യമാക്കുന്നു. എന്നാൽ അതിൽനിന്നു പ്രയോജനം നേടാൻ നിങ്ങൾ അതു ശ്രദ്ധിക്കുകയും നിങ്ങളുടെ ചിന്തയെ സ്വാധീനിക്കാൻ അതിനെ അനുവദിക്കുകയും വേണം. (യെശയ്യാവു 30:20, 21; 1 തെസ്സലൊനീക്യർ 2:13) ദൈവത്തിന്റെ നിശ്വസ്ത വചനമായ “തിരുവെഴുത്തുക”ളിൽ അടങ്ങിയിരിക്കുന്ന സത്യംകൊണ്ട് മനസ്സിനെ നിറയ്ക്കാൻ നിങ്ങൾ മനസ്സൊരുക്കം കാട്ടണം.—2 തിമൊഥെയൊസ് 3:14-17.
യഹോവയുടെ രൂപപ്പെടുത്തലിനോടു പ്രതികരിക്കുക
യഹോവയുടെ രൂപപ്പെടുത്തലിൽനിന്ന് പ്രയോജനം നേടണമെങ്കിൽ, നാം മനസ്സൊരുക്കത്തോടെയും അനുസരണത്തോടെയും പ്രതികരിക്കേണ്ടത് ആവശ്യമാണ്. ഒരു കുശവന്റെ പണിപ്പുരയിൽ ചെല്ലാൻ യഹോവ യിരെമ്യാവിനോടു പറഞ്ഞപ്പോൾ അതു ശക്തമായി ദൃഷ്ടാന്തീകരിക്കപ്പെട്ടു. കുശവൻ ഉണ്ടാക്കാൻ ശ്രമിച്ച പാത്രം ‘അവന്റെ കയ്യിൽ ചീത്തയായിപ്പോയ’പ്പോൾ അതുകൊണ്ട് എന്തു ചെയ്യണമെന്നതു സംബന്ധിച്ചു കുശവൻ മനസ്സു മാറ്റുന്നതായി യിരെമ്യാവ് കണ്ടു. അപ്പോൾ യഹോവ പറഞ്ഞു: “യിസ്രായേൽഗൃഹമേ, ഈ കുശവൻ ചെയ്തതുപോലെ എനിക്കു നിങ്ങളോടു ചെയ്വാൻ കഴികയില്ലയോ . . . യിസ്രായേൽഗൃഹമേ, കളിമണ്ണു കുശവന്റെ കയ്യിൽ ഇരിക്കുന്നതുപോലെ നിങ്ങൾ എന്റെ കയ്യിൽ ഇരിക്കുന്നു.” (യിരെമ്യാവു 18:1-6) തനിക്കു തോന്നുന്ന വിധത്തിൽ ഏതെങ്കിലും തരത്തിലുള്ള ഒരു പാത്രമാക്കി മാറ്റാൻ കഴിയുന്ന, അവന്റെ കയ്യിലെ ജീവരഹിത കളിമണ്ണു പോലെ ആയിരുന്നു ഇസ്രായേൽ ജനത എന്നാണോ അതിന്റെ അർഥം?
തങ്ങളുടെ ഇഷ്ടത്തിന് എതിരായ കാര്യങ്ങൾ ആളുകളെക്കൊണ്ട് ചെയ്യിക്കാൻ യഹോവ തന്റെ പരമോന്നത ശക്തി ഒരിക്കലും ഉപയോഗിക്കുന്നില്ല. ഒരു മനുഷ്യ കുശവന്റെ കാര്യത്തിലെന്നപോലെ കേടുവന്ന ഉത്പന്നങ്ങൾക്ക് അവൻ ഉത്തരവാദിയുമല്ല. (ആവർത്തനപുസ്തകം 32:4) യഹോവ ക്രിയാത്മകമായ വിധത്തിൽ രൂപപ്പെടുത്താൻ ശ്രമിക്കുന്നവർ അവന്റെ നിർദേശത്തോടു മറുക്കുമ്പോൾ മാത്രമാണ് കേടു സംഭവിക്കുന്നത്. മനുഷ്യരും ജീവരഹിത കളിമണ്ണും തമ്മിലുള്ള വലിയ വ്യത്യാസം അതാണ്. മനുഷ്യർക്ക് സ്വതന്ത്ര ഇച്ഛാശക്തി ഉണ്ട്. അത് ഉപയോഗിച്ച് യഹോവ രൂപപ്പെടുത്തുന്ന വിധത്തോടു പ്രതികരിക്കാനോ മനഃപൂർവം അതിനോടു മറുത്തു നിൽക്കാനോ അവർക്കു കഴിയും.
എത്ര വലിയൊരു പാഠം! “എന്തു ചെയ്യണമെന്ന് ആരും എന്നോടു പറയേണ്ടതില്ല!” എന്ന് അഹങ്കാരപൂർവം പറയുന്നതിനു പകരം യഹോവയുടെ വാക്കുകൾക്കു ചെവി കൊടുക്കുന്നത് എത്രയോ മെച്ചമാണ്! നമുക്കെല്ലാം യഹോവയുടെ വഴിനടത്തിപ്പ് ആവശ്യമാണ്. (യോഹന്നാൻ 17:3) “യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്കു ഉപദേശിച്ചുതരേണമേ!” എന്നു പ്രാർഥിച്ച സങ്കീർത്തനക്കാരനായ ദാവീദിനെപ്പോലെ ആയിരിക്കുക. (സങ്കീർത്തനം 25:4) ശലോമോൻ രാജാവ് പറഞ്ഞതു മനസ്സിൽ പിടിക്കുക: ‘ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധി പ്രാപിക്കുന്നു.’ (സദൃശവാക്യങ്ങൾ 1:5) നിങ്ങൾ ചെവി കൊടുക്കുമോ? എങ്കിൽ, “വകതിരിവു [“ചിന്താപ്രാപ്തി,” NW] നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും.”—സദൃശവാക്യങ്ങൾ 2:11.