പറുദീസ കണ്ടെത്താനുള്ള അന്വേഷണം
പറുദീസ കണ്ടെത്താനുള്ള അന്വേഷണം
പാസ്ക്കൽ സ്റ്റിസി പറഞ്ഞപ്രകാരം
രാവേറെ ചെന്നിരുന്നു. ദക്ഷിണ ഫ്രാൻസിലെ ബേസിയേ പട്ടണത്തിന്റെ നിരത്തുകൾ ശൂന്യമായിരുന്നു. മതഗ്രന്ഥങ്ങൾ വിറ്റിരുന്ന ഒരു കടയുടെ പുതുതായി പെയിന്റടിച്ച മതിലിൽ ഞാനും സുഹൃത്തും ജർമൻ തത്ത്വചിന്തകനായ നീഷേയുടെ വാക്കുകൾ വലിയ കറുത്ത അക്ഷരങ്ങളിൽ എഴുതി: ‘ദൈവങ്ങൾ മരിച്ചുപോയിരിക്കുന്നു. അതിമാനുഷൻ നീണാൾ വാഴട്ടെ!’ എന്നാൽ ഇതു ചെയ്യുന്നതിലേക്ക് എന്നെ നയിച്ചത് എന്താണ്?
ഞാൻ ജനിച്ചത് ഫ്രാൻസിലാണ്, 1951-ൽ. ഇറ്റാലിയൻ വംശജർ ആയിരുന്നു കത്തോലിക്കരായ ഞങ്ങളുടെ കുടുംബക്കാർ. ഞാനൊരു ബാലൻ ആയിരുന്നപ്പോൾ, ഞങ്ങൾ അവധിക്കാലത്ത് ഇറ്റലിയുടെ തെക്കൻ ഭാഗങ്ങൾ സന്ദർശിക്കുമായിരുന്നു. അവിടെ ഓരോ ഗ്രാമത്തിനും കന്യാമറിയത്തിന്റെ ഒരു പ്രതിമ ഉണ്ടായിരുന്നു. വിഭൂഷിതമായ ആ കൂറ്റൻ പ്രതിമകളെയും വഹിച്ച് മലകൾ കയറിയുള്ള നീണ്ട പ്രദക്ഷിണങ്ങളിൽ മുത്തച്ഛന്റെ കൂടെ ഞാനും ആ പ്രതിമകളുടെ പിന്നാലെ പോകുമായിരുന്നു. എങ്കിലും അവയിലൊന്നും എനിക്ക് അൽപ്പം പോലും വിശ്വാസം ഉണ്ടായിരുന്നില്ല. ജെസ്യൂട്ട് പുരോഹിതന്മാർ നടത്തിയിരുന്ന ഒരു മതപാഠശാലയിലാണ് ഞാൻ അടിസ്ഥാന വിദ്യാഭ്യാസം പൂർത്തിയാക്കിയത്. എന്നാൽ, എന്നിൽ ദൈവവിശ്വാസം അങ്കുരിപ്പിച്ച എന്തെങ്കിലും അവരിൽനിന്നു കേട്ടതായി ഞാൻ ഓർക്കുന്നില്ല.
മോൺപെല്യേ സർവകലാശാലയിൽ വൈദ്യശാസ്ത്രം പഠിക്കാൻ ചേർന്നപ്പോഴാണ് ജീവിതോദ്ദേശ്യത്തെ കുറിച്ച് ഞാൻ ചിന്തിച്ചുതുടങ്ങിയത്. യുദ്ധത്തിൽ പരിക്കേറ്റിരുന്നതിനാൽ, എന്റെ അച്ഛന് എപ്പോഴും ഡോക്ടർമാരുടെ പരിചരണം ആവശ്യമായിരുന്നു. യുദ്ധക്കെടുതികളിൽനിന്ന് ആളുകളെ സൗഖ്യമാക്കാൻ വളരെ സമയവും ശ്രമവും ചെലവഴിക്കുന്നതിനെക്കാൾ മെച്ചമല്ലേ യുദ്ധംതന്നെ അവസാനിപ്പിക്കുന്നത്? എന്നാൽ, വിയറ്റ്നാം യുദ്ധം കൊടുമ്പിരി കൊള്ളുകയായിരുന്നു. എന്റെ അഭിപ്രായത്തിൽ ശ്വാസകോശ അർബുദത്തിന്റെ ചികിത്സയ്ക്കുള്ള ഒരേയൊരു മാർഗം അതിന്റെ അടിസ്ഥാന കാരണം—പുകയിലയുടെ ഉപയോഗം—ഇല്ലാതാക്കുക എന്നതായിരുന്നു. വികസ്വര രാജ്യങ്ങളിലെ വികലപോഷണവും സമ്പന്ന രാജ്യങ്ങളിലെ അതിപോഷണവും നിമിത്തം ഉണ്ടാകുന്ന രോഗങ്ങളുടെ കാര്യമോ? ഭയങ്കരമായ പരിണതഫലങ്ങൾ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നതിനു പകരം അതിന്റെ കാരണങ്ങൾ നീക്കം ചെയ്യുന്നതല്ലേ മെച്ചം? ഭൂമിയിൽ ഇത്രയധികം കഷ്ടപ്പാട് ഉള്ളത് എന്തുകൊണ്ട്? ഈ സ്വവിനാശക സമൂഹത്തിന് എന്തോ ഭയങ്കര കുഴപ്പം സംഭവിച്ചിട്ടുണ്ടെന്ന് എനിക്കു തോന്നി, ഇതിനെല്ലാം ഉത്തരവാദികൾ ഗവൺമെന്റുകൾ ആണെന്നു ഞാൻ കരുതി.
എനിക്ക് ഏറ്റവും പ്രിയപ്പെട്ട പുസ്തകം ഒരു അരാജകത്വവാദി എഴുതിയത് ആയിരുന്നു. അതിലെ വാചകങ്ങൾ ഞാൻ ചുവരുകളിൽ എഴുതിപ്പിടിപ്പിക്കുമായിരുന്നു. ക്രമേണ ഞാനും ഒരു അരാജകത്വവാദി ആയിത്തീർന്നു. മതവിശ്വാസമോ ധാർമിക നിയമങ്ങളോ ഇല്ലായിരുന്ന എനിക്ക് ഒരു ദൈവത്തിന്റെയോ യജമാനന്റെയോ ആവശ്യം തോന്നിയില്ല. എന്റെ അഭിപ്രായത്തിൽ, മറ്റുള്ളവരെ ഭരിക്കാനും ചൂഷണം ചെയ്യാനും സമ്പത്തും ശക്തിയുമുള്ളവർ സൃഷ്ടിച്ചതായിരുന്നു ദൈവവും മതവുമൊക്കെ. ‘ഭൂമിയിൽ ഞങ്ങൾക്കു
വേണ്ടി കഠിനാധ്വാനം ചെയ്യുക. സ്വർഗത്തിലെ പറുദീസയിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും’ എന്ന് അവർ പറയുന്നതുപോലെ എനിക്കു തോന്നി. എന്നാൽ, ദൈവങ്ങളുടെ കാലം അസ്തമിച്ചിരുന്നു. അത് ആളുകളെ അറിയിക്കേണ്ടിയിരുന്നു. അതിനുള്ള ഒരു വിധമായിരുന്നു ചുവരെഴുത്ത്.തത്ഫലമായി, എന്റെ പഠനകാര്യങ്ങൾ രണ്ടാം സ്ഥാനത്തേക്കു തള്ളപ്പെട്ടു. അതിനിടെ, ഭൂമിശാസ്ത്രവും പരിസ്ഥിതിശാസ്ത്രവും പഠിക്കാൻ ഞാൻ മോൺപെല്യേയിലെ മറ്റൊരു സർവകലാശാലയിൽ ചേർന്നു, അവിടെ വിപ്ലവം നടമാടിയിരുന്നു. ഞാൻ എത്രയധികം പരിസ്ഥിതിശാസ്ത്രം പഠിച്ചുവോ അത്രയധികം നമ്മുടെ മനോഹരമായ ഗ്രഹം മലീമസമാകുന്നതു കണ്ടു, അത് എന്നിൽ വെറുപ്പുളവാക്കി.
ഞാൻ ഓരോ വർഷവും വേനലവധിക്കാലത്ത് മറ്റുള്ളവരുടെ വാഹനങ്ങളിൽ സൗജന്യമായി ആയിരക്കണക്കിനു കിലോമീറ്റർ യൂറോപ്പിലെങ്ങും ചുറ്റിക്കറങ്ങി. യാത്രയ്ക്കിടയിൽ, മാനവരാശിയെ ബാധിച്ചിരിക്കുന്ന തിന്മയും അപക്ഷയവും ഞാൻ നേരിട്ടു കണ്ടു. നൂറുകണക്കിനു ഡ്രൈവർമാരുമായുള്ള എന്റെ സംസാരം വെളിപ്പെടുത്തിയതും മറ്റൊന്നുമല്ല. പറുദീസ കണ്ടെത്താനുള്ള എന്റെ അന്വേഷണത്തിൽ, ഒരിക്കൽ സുന്ദരമായ ക്രീറ്റ് ദ്വീപിലെ മനോജ്ഞമായ ചില കടലോരങ്ങൾ കാണാനിടയായി. അവയെ എണ്ണ മൂടിയിരിക്കുന്നതു കണ്ട് എനിക്ക് അതീവ ദുഃഖം തോന്നി. ഭൂമിയിൽ എവിടെയെങ്കിലും പറുദീസയുടെ ഒരു അംശമെങ്കിലും അവശേഷിച്ചിട്ടുണ്ടോ?
തിരികെ കൃഷിയിലേക്ക്
സമൂഹത്തിന്റെ കഷ്ടതകൾക്കുള്ള പരിഹാരം എന്ന നിലയിൽ കൃഷിയിലേക്കു മടങ്ങാൻ ഫ്രാൻസിലെ പരിസ്ഥിതിവാദികൾ മുറവിളി കൂട്ടുകയായിരുന്നു. സ്വന്തം കൈകൊണ്ടു ജോലി ചെയ്യാൻ ഞാൻ ആഗ്രഹിച്ചു. അതുകൊണ്ട് ദക്ഷിണ ഫ്രാൻസിലെ സേവെൻ പർവതനിരയുടെ അടിവാരത്തുള്ള ഒരു കൊച്ചു ഗ്രാമത്തിൽ കല്ലുകൊണ്ടു നിർമിച്ച ഒരു പഴയ വീട് ഞാൻ വാങ്ങി. അതിന്റെ വാതിലിൽ “ഇപ്പോഴത്തെ പറുദീസ” എന്ന അമേരിക്കൻ ഹിപ്പികളുടെ ആപ്തവാക്യം ഞാൻ എഴുതിവെച്ചു. അതിലെ വന്ന ഒരു ജർമൻ യുവതി എന്റെ സഖി ആയിത്തീർന്നു. ഗവൺമെന്റ് പ്രതിനിധിയായ മേയറുടെ മുമ്പാകെവെച്ച് ഞാൻ വിവാഹം കഴിക്കുന്ന പ്രശ്നമേയില്ലായിരുന്നു. സഭയിൽവെച്ചോ? അതു ചിന്തിക്കാൻ പോലും ഞാൻ ഇഷ്ടപ്പെട്ടില്ല!
ഞങ്ങൾ മിക്കപ്പോഴും ചെരിപ്പ് ഉപയോഗിച്ചിരുന്നില്ല. എന്റെ നീണ്ട മുടി ഞാൻ ചീകിയൊതുക്കിയിരുന്നില്ല, ദീക്ഷ വളരെയധികം വളർന്നിരുന്നു. കൃഷി ചെയ്ത് പഴവർഗങ്ങളും പച്ചക്കറികളും ഉണ്ടാക്കുന്നത് എനിക്ക് ഒരു ഹരമായിരുന്നു. വേനൽക്കാല ആകാശം നീലിമ ചാർത്തി, സിക്കേദ പ്രാണികൾ ഗാനമുതിർത്തു, കുറ്റിച്ചെടിപ്പൂക്കൾ സുഗന്ധം പരത്തി. ഞങ്ങൾ കൃഷി ചെയ്ത് ഉണ്ടാക്കിയ മെഡിറ്ററേനിയൻ പഴവർഗങ്ങൾ—മുന്തിരിങ്ങയും അത്തിപ്പഴവും—നല്ല നീരുള്ളവ ആയിരുന്നു! ഒരു പറുദീസയിൽ ഞങ്ങൾ ഇടം കണ്ടെത്തിയതുപോലെ തോന്നി.
ദൈവത്തിൽ വിശ്വസിച്ചു തുടങ്ങുന്നു
സർവകലാശാലയിൽ വെച്ച് ഞാൻ കോശ ജീവശാസ്ത്രം, ഭ്രൂണവിജ്ഞാനം, ശരീരഘടനാ ശാസ്ത്രം എന്നിവ പഠിച്ചിരുന്നു. അവയുടെയെല്ലാം സങ്കീർണതയും പൊരുത്തവും എന്നിൽ വലിയ മതിപ്പ് ഉളവാക്കി. ദിവസവും സൃഷ്ടികളെ നേരിട്ട് നിരീക്ഷിക്കാനും അവയെക്കുറിച്ച് ധ്യാനിക്കാനും എനിക്കു കഴിഞ്ഞതിനാൽ, അവയുടെ മനോഹാരിതയും വികാസ സാധ്യതകളും എന്നിൽ വിസ്മയാദരവ് ഉളവാക്കി. ദിവസവും പ്രകൃതിയുടെ ഓരോ വശങ്ങൾ എന്റെ മുന്നിൽ ചുരുളഴിഞ്ഞു. ഒരു ദിവസം, മലമ്പ്രദേശത്ത് ദീർഘമായി നടക്കാൻ പോയ അവസരത്തിൽ ജീവിതത്തെ കുറിച്ചു ഗഹനമായി വിചിന്തനം ചെയ്ത ഞാൻ ഒരു സ്രഷ്ടാവ് തീർച്ചയായും ഉണ്ടായിരിക്കണം എന്ന നിഗമനത്തിൽ എത്തി. ദൈവത്തിൽ വിശ്വസിക്കാൻ ഞാൻ ഹൃദയാ നിശ്ചയിച്ചുറച്ചു. മുമ്പൊക്കെ, ശൂന്യതാബോധവും ഭയങ്കര ഏകാന്തതയും എനിക്ക് അനുഭവപ്പെട്ടിരുന്നു. ദൈവത്തിൽ വിശ്വസിക്കാൻ തുടങ്ങിയ ദിവസം ഞാൻ എന്നോടുതന്നെ പറഞ്ഞു, ‘പാസ്കൽ, നീ മേലാൽ തനിച്ചായിരിക്കില്ല.’ അത് അസാധാരണമായ ഒരു അനുഭൂതി ആയിരുന്നു.
താമസിയാതെ, ഞങ്ങൾക്ക് ഒരു പെൺകുട്ടി പിറന്നു—അമാൻഡിൻ. അവൾ ഞങ്ങളുടെ കണ്ണിലുണ്ണി ആയിരുന്നു. ഇപ്പോൾ ദൈവത്തിൽ വിശ്വസിക്കാൻ തുടങ്ങിയ സ്ഥിതിക്ക് എനിക്ക് അറിയാമായിരുന്ന ചില ധാർമിക നിയമങ്ങൾ ഞാൻ അനുസരിക്കാൻ തുടങ്ങി. മോഷണവും ഭോഷ്കു പറച്ചിലും നിർത്തി. ചുറ്റുമുള്ളവരുമായി ഉണ്ടായിരുന്ന അനേകം പ്രശ്നങ്ങൾ ഒഴിവാക്കാൻ ഇത് എന്നെ സഹായിച്ചു. ഞങ്ങൾക്കു പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഞങ്ങളുടെ പറുദീസ ഞാൻ ആഗ്രഹിച്ച തരത്തിലുള്ള ഒന്നായിരുന്നില്ല. പ്രാദേശിക മുന്തിരി കൃഷിക്കാർ ഉപയോഗിച്ച കീടനാശിനികളും കളനാശിനികളും ഞങ്ങളുടെ വിളകളെയും മലിനമാക്കിയിരുന്നു. ദുഷ്ടത എന്തുകൊണ്ട് എന്ന ചോദ്യത്തിന് എനിക്ക് ഉത്തരം കിട്ടിയില്ല. തന്നെയുമല്ല, കുടുംബ ജീവിതത്തെ കുറിച്ചുള്ള ധാരാളം വിവരങ്ങൾ ഞാൻ വായിച്ചിരുന്നെങ്കിലും എന്റെ സഖിയുമായുള്ള ചൂടുപിടിച്ച വാഗ്വാദങ്ങൾ ഒഴിവാക്കാൻ എനിക്കു കഴിഞ്ഞില്ല. ഞങ്ങൾക്ക് അധികം സുഹൃത്തുക്കളൊന്നും ഉണ്ടായിരുന്നില്ല. ഉള്ളവരാകട്ടെ ചതിയന്മാരും ആയിരുന്നു; എന്നെ വഞ്ചിക്കാൻ എന്റെ സഖിയെ പ്രേരിപ്പിക്കാൻ പോലും അവരിൽ ചിലർ ശ്രമിച്ചു. മെച്ചമായ പറുദീസയ്ക്കു വേണ്ടി പിന്നെയും കാത്തിരിക്കേണ്ടിയിരുന്നു.
എന്റെ പ്രാർഥനകൾക്കുള്ള ഉത്തരം
ജീവിതത്തിൽ എന്നെ വഴി കാട്ടണമേ എന്ന് എനിക്ക് അറിയാവുന്ന വിധത്തിൽ ഞാൻ ദൈവത്തോടു പ്രാർഥിച്ചു. ഒരു ഞായറാഴ്ച പ്രഭാതത്തിൽ
ഇറൻ ലോപ്പെസ് എന്ന സൗഹൃദഭാവമുള്ള ഒരു വനിതയും അവരുടെ മകനും ഞങ്ങളുടെ വീട്ടിൽ വന്നു. ആ വനിത ഒരു യഹോവയുടെ സാക്ഷി ആയിരുന്നു. അവർക്കു പറയാനുള്ളതു ഞാൻ കേൾക്കുകയും അവരുടെ മറ്റൊരു സന്ദർശനം സ്വാഗതം ചെയ്യുകയും ചെയ്തു. പിന്നീട് രണ്ടു പുരുഷന്മാർ എന്നെ കാണാൻ വന്നു. ഞങ്ങളുടെ സംഭാഷണത്തിൽ നിന്ന് രണ്ടു കാര്യങ്ങൾ എന്റെ മനസ്സിൽ പതിഞ്ഞു—പറുദീസയും ദൈവരാജ്യവും. ഞാൻ ആ സംഗതികൾ ഭദ്രമായി ഹൃദയത്തിൽ സംഗ്രഹിച്ചു. മാസങ്ങൾ കടന്നുപോയപ്പോൾ, ശുദ്ധമായ ഒരു മനസ്സാക്ഷിയും യഥാർഥ സന്തുഷ്ടിയും ഉണ്ടായിരിക്കണമെങ്കിൽ, ഞാൻ ദൈവവുമായി കാര്യങ്ങൾ നേരെ ആക്കേണ്ടതുണ്ടെന്നു മനസ്സിലാക്കി.ഞങ്ങളുടെ ജീവിതത്തെ ദൈവവചനവുമായി പൊരുത്തപ്പെടുത്തേണ്ടതിന് എന്നെ വിവാഹം കഴിക്കാൻ ആദ്യം എന്റെ സഖി ചായ്വു കാട്ടി. പിന്നീട് അവൾ, ദൈവത്തെയും അവന്റെ നിയമങ്ങളെയും പരിഹസിക്കുന്ന ആളുകളുമായി ചങ്ങാത്തത്തിലായി. ഒരു വസന്തത്തിലെ സായാഹ്നത്തിൽ വീട്ടിലെത്തിയ ഞാൻ ഞെട്ടിപ്പോയി. അവിടെ ആരും ഉണ്ടായിരുന്നില്ല. എന്റെ സഖി മൂന്നു വയസ്സുള്ള മകളെയും കൊണ്ട് സ്ഥലം വിട്ടിരുന്നു. അവർ മടങ്ങിവരും എന്നു വിചാരിച്ച് ഞാൻ ദിവസങ്ങളോളം കാത്തിരുന്നു—എന്നാൽ ആ വിചാരം വെറുമൊരു പാഴ്ക്കിനാവ് മാത്രമായി. ദൈവത്തെ പഴിക്കുന്നതിനു പകരം എന്നെ സഹായിക്കാൻ ഞാൻ അവനോടു പ്രാർഥിച്ചു.
താമസിയാതെ, ഞാൻ ബൈബിൾ എടുത്ത് അത്തിമരത്തിന്റെ ചുവട്ടിൽ ചെന്നിരുന്ന് വായിക്കാൻ തുടങ്ങി. വാസ്തവത്തിൽ, ഞാൻ അതിലെ വാക്കുകൾ ആർത്തിയോടെ വിഴുങ്ങുകയായിരുന്നു എന്നു പറയാം. മനഃശാസ്ത്രജ്ഞരുടെയും മനോവിശകലന വിദഗ്ധരുടെയും സർവവിധ ഗ്രന്ഥങ്ങളും ഞാൻ വായിച്ചിട്ടുണ്ടായിരുന്നെങ്കിലും, ബൈബിളിലുള്ളതരം ജ്ഞാനം ഞാൻ ഒരിക്കലും കണ്ടെത്തിയിരുന്നില്ല. ഈ പുസ്തകം ദിവ്യമായി നിശ്വസ്തമാക്കപ്പെട്ടത് ആയിരിക്കണം. യേശുവിന്റെ പഠിപ്പിക്കലും മനുഷ്യ പ്രകൃതം സംബന്ധിച്ച അവന്റെ ഗ്രാഹ്യവും എന്നെ അമ്പരപ്പിച്ചു. സങ്കീർത്തനങ്ങളിൽനിന്ന് എനിക്ക് ആശ്വാസം ലഭിച്ചു, സദൃശവാക്യങ്ങളിലെ പ്രായോഗിക ജ്ഞാനം എന്നെ അതിശയിപ്പിച്ചു. പ്രകൃതിയെ കുറിച്ചു പഠിക്കുന്നത് വളരെ നല്ലതാണെങ്കിലും ദൈവത്തോട് ഒരു വ്യക്തിയെ അടുപ്പിക്കുന്ന കാര്യത്തിൽ അതിന് ‘അവന്റെ വഴികളുടെ അറ്റങ്ങൾ’ വെളിപ്പെടുത്താനേ സാധിക്കൂ എന്നു ഞാൻ പെട്ടെന്നുതന്നെ മനസ്സിലാക്കി.—ഇയ്യോബ് 26:14.
നിത്യജീവനിലേക്കു നയിക്കുന്ന സത്യം, നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ a എന്നീ പുസ്തകങ്ങളും സാക്ഷികൾ എനിക്കു തന്നു. അവയുടെ വായന എന്റെ കണ്ണു തുറപ്പിച്ചു. വ്യാപകമായ മലിനീകരണം, യുദ്ധങ്ങൾ, വർധിച്ചുവരുന്ന അക്രമം, ആണവ ഉന്മൂലനാശത്തിന്റെ ഭീഷണി തുടങ്ങിയ സംഗതികൾ മനുഷ്യൻ അഭിമുഖീകരിക്കുന്നത് എന്തുകൊണ്ടെന്നു മനസ്സിലാക്കാൻ സത്യം പുസ്തകം എന്നെ സഹായിച്ചു. എന്റെ ഉദ്യാനത്തിൽനിന്ന് ഞാൻ കണ്ട ചെമന്ന ആകാശം പിറ്റേന്നത്തെ നല്ല കാലാവസ്ഥയെ വിളിച്ചോതിയതുപോലെ, ഈ സംഭവങ്ങളെല്ലാം ദൈവരാജ്യം സമീപമാണെന്നു തെളിയിച്ചു. കുടുംബജീവിതം പുസ്തകത്തിന്റെ കാര്യത്തിലാണെങ്കിൽ, അത് എന്റെ സഖിയെ കാണിച്ച് ബൈബിൾ ബുദ്ധിയുപദേശം ബാധകമാക്കുകവഴി സന്തുഷ്ടരായിരിക്കാൻ കഴിയുമെന്ന് അവളോടു പറയാൻ ഞാൻ ആഗ്രഹിച്ചു. എന്നാൽ അത് ഒരിക്കലും സാധിക്കുമായിരുന്നില്ല.
ആത്മീയ പുരോഗതി വരുത്തൽ
എനിക്കു കൂടുതൽ കാര്യങ്ങൾ അറിയാൻ ആഗ്രഹം ഉണ്ടായിരുന്നതിനാൽ, എന്നെ സന്ദർശിക്കാൻ റൊബർ എന്ന ഒരു സാക്ഷിയോട് ഞാൻ ആവശ്യപ്പെട്ടു. ഞാൻ സ്നാപനമേൽക്കാൻ ആഗ്രഹിക്കുന്നു എന്നു പറഞ്ഞപ്പോൾ അദ്ദേഹം അമ്പരന്നുപോയി. അങ്ങനെ ഒരു ബൈബിൾ അധ്യയനം തുടങ്ങി. ഞാൻ പെട്ടെന്നുതന്നെ പഠിക്കുന്ന കാര്യങ്ങളെ കുറിച്ചു മറ്റുള്ളവരോടു സംസാരിക്കാനും രാജ്യഹാളിൽനിന്നു ലഭിച്ച പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്യാനും തുടങ്ങി.
ഉപജീവനമാർഗം കണ്ടെത്തുക എന്ന ഉദ്ദേശ്യത്തിൽ മേസ്തിരിപ്പണി പഠിക്കുന്ന ഒരു കോഴ്സിൽ ഞാൻ ചേർന്നു. ആളുകളുടെ മേൽ ദൈവവചനത്തിന് ഉള്ള നല്ല സ്വാധീനത്തെ കുറിച്ചു മനസ്സിലാക്കിയ ഞാൻ സഹ വിദ്യാർഥികളോടും അധ്യാപകരോടും അനൗപചാരികമായി പ്രസംഗിക്കുന്നതിനുള്ള അവസരം പ്രയോജനപ്പെടുത്തി. ഒരു ദിവസം വൈകുന്നേരം ഒരു ഇടനാഴിയിൽ വെച്ച് ഞാൻ സെർഷിനെ കണ്ടുമുട്ടി. അദ്ദേഹത്തിന്റെ കൈവശം ഏതാനും മാസികകൾ ഉണ്ടായിരുന്നു. “നിങ്ങൾക്കു വായന ഇഷ്ടമാണെന്നു തോന്നുന്നല്ലോ,” ഞാൻ പറഞ്ഞു. “അതേ, എന്നാൽ ഈ പുസ്തകങ്ങൾ വായിച്ച് ഞാൻ മുഷിഞ്ഞു.” “വളരെ നല്ല എന്തെങ്കിലും വിവരങ്ങൾ വായിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?” ഞാൻ അദ്ദേഹത്തോടു ചോദിച്ചു. ഞങ്ങൾ ദൈവരാജ്യത്തെ കുറിച്ച് വളരെ നല്ല ഒരു ചർച്ച നടത്തി. അതേത്തുടർന്ന് അദ്ദേഹം കുറെ സാഹിത്യങ്ങൾ സ്വീകരിച്ചു. പിറ്റേ വാരം അദ്ദേഹം എന്നോടൊപ്പം രാജ്യഹാളിൽ വന്നു, അങ്ങനെ ഒരു ബൈബിൾ അധ്യയനം ആരംഭിക്കുകയും ചെയ്തു.
വീടുതോറുമുള്ള സുവിശേഷ പ്രസംഗത്തിൽ എനിക്കു പങ്കെടുക്കാൻ കഴിയുമോ എന്ന് ഒരു ദിവസം ഞാൻ റൊബറിനോടു ചോദിച്ചു. അദ്ദേഹം തന്റെ അലമാരയിൽ നിന്ന് എനിക്ക് ഒരു സൂട്ട് എടുത്തു തന്നു. പിറ്റേ ഞായറാഴ്ച, ആദ്യമായി, ഞാൻ അദ്ദേഹത്തോടൊപ്പം ശുശ്രൂഷയിൽ പങ്കെടുത്തു. ഒടുവിൽ 1981 മാർച്ച് 7-ന് യഹോവയാം ദൈവത്തിനുള്ള എന്റെ
സമർപ്പണം ജലസ്നാപനത്താൽ ഞാൻ പ്രതീകപ്പെടുത്തി.അരിഷ്ടകാലത്തെ സഹായം
അമാൻഡിനും അവളുടെ മാതാവും വിദേശത്ത് എവിടെയാണെന്നു ഞാൻ കണ്ടുപിടിച്ചു. സങ്കടകരമെന്നു പറയട്ടെ, എന്റെ മകളെ കാണുന്നതിൽനിന്ന് അവളുടെ മാതാവ് എന്നെ വിലക്കി—അവൾ താമസിക്കുന്ന രാജ്യത്തെ നിയമങ്ങളുടെ പിൻബലവും അതിനുണ്ടായിരുന്നു. ഞാൻ നിരാശനായി. അമാൻഡിന്റെ മാതാവ് മറ്റൊരാളെ വിവാഹം കഴിച്ചിരുന്നു. എന്റെ യാതൊരു സമ്മതവും കൂടാതെ എന്റെ മകളെ ദത്തെടുത്തതായി അവളുടെ ഭർത്താവിൽനിന്ന് ഔദ്യോഗികമായ അറിയിപ്പു ലഭിച്ചപ്പോൾ എന്റെ നിരാശ ഒന്നുകൂടി വർധിച്ചു. എന്റെ കുട്ടിയുടെ മേൽ എനിക്ക് പിന്നീട് യാതൊരു അവകാശവും ഇല്ലാതായി. നിയമ നടപടികൾ സ്വീകരിച്ചെങ്കിലും, കുട്ടിയെ സന്ദർശിക്കാനുള്ള അവകാശം എനിക്കു നിഷേധിക്കപ്പെട്ടു. വലിയൊരു ഭാരം ചുമന്നു നടക്കുന്നതു പോലെയാണ് എനിക്കു തോന്നിയത്, അത്രയ്ക്കു വലുതായിരുന്നു എന്റെ വേദന.
എന്നാൽ അനേകം വിധങ്ങളിൽ യഹോവയുടെ വചനം എന്നെ താങ്ങി. ഞാൻ തീർത്തും നിരാശനായിരുന്ന ഒരു ദിവസം സദൃശവാക്യങ്ങൾ 24:10-ലെ വാക്കുകൾ ഞാൻ വീണ്ടും വീണ്ടും ആവർത്തിച്ചു: “കഷ്ടകാലത്തു നീ കുഴഞ്ഞുപോയാൽ നിന്റെ ബലം നഷ്ടം തന്നേ.” മാനസികമായി തകരാതിരിക്കാൻ ഈ വാക്യം എന്നെ സഹായിച്ചു. മറ്റൊരു അവസരത്തിൽ മകളെ കാണാൻ കഴിയാതെവന്ന ഞാൻ ശുശ്രൂഷയ്ക്കായി പുറപ്പെട്ടു, അപ്പോൾ ഞാൻ പുസ്തക ബാഗിന്റെ പിടിയിൽ ശക്തിയായി അമർത്തി പിടിച്ചിരുന്നു. അത്തരം പ്രയാസകരമായ സമയങ്ങളിൽ സങ്കീർത്തനം 126:6-ന്റെ സത്യത അനുഭവിക്കാൻ എനിക്കു കഴിഞ്ഞിരുന്നു. ആ വാക്യം ഇങ്ങനെ പറയുന്നു: “വിത്തു ചുമന്നു കരഞ്ഞും വിതെച്ചുംകൊണ്ടു നടക്കുന്നു; കററ ചുമന്നും ആർത്തുംകൊണ്ടു വരുന്നു.” ഞാൻ തിരിച്ചറിഞ്ഞ പ്രധാനപ്പെട്ട ഒരു പാഠമുണ്ട്: ഗുരുതരമായ പ്രശ്നങ്ങൾ നേരിടുമ്പോൾ, ആവതെല്ലാം ചെയ്തുകഴിഞ്ഞ് അവയെക്കുറിച്ചു മറന്നുകളയുകയും യഹോവയുടെ സേവനത്തിൽ തുടരാനുള്ള ദൃഢനിശ്ചയത്തോടെ മുന്നോട്ടു പോകുകയും വേണം. അതാണ് സന്തോഷം നിലനിർത്താനുള്ള ഒരേയൊരു മാർഗം.
മെച്ചമായ ഒന്ന് എത്തിപ്പിടിക്കാൻ ശ്രമിക്കുന്നു
ഞാൻ വരുത്തിയ മാറ്റങ്ങൾ ശ്രദ്ധിച്ച എന്റെ പ്രിയ മാതാപിതാക്കൾ സർവകലാശാലാ പഠനത്തിൽ തുടരാൻ എന്നെ സഹായിക്കാമെന്നേറ്റു. ഞാൻ അവർക്കു നന്ദി പറഞ്ഞു. എന്നാൽ എന്റേതു മറ്റൊരു ലക്ഷ്യം ആയിരുന്നു. മാനവ തത്ത്വശാസ്ത്രം, അതീന്ദ്രിയവാദം, ജ്യോതിഷം തുടങ്ങിയ സംഗതികളിൽ നിന്ന് സത്യം എന്നെ മുക്തനാക്കിയിരുന്നു. യുദ്ധത്തിൽ ഒരിക്കലും പരസ്പരം കൊന്നൊടുക്കുകയില്ലാത്ത സുഹൃത്തുക്കളെ എനിക്കു ലഭിച്ചു. ഭൂമിയിൽ ഇത്രയധികം കഷ്ടപ്പാട് ഉള്ളത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് എനിക്ക് ഒടുവിൽ ഉത്തരം കിട്ടി. ദൈവത്തോടുള്ള കൃതജ്ഞത നിമിത്തം അവനെ എന്റെ മുഴു ശക്തിയോടെ സേവിക്കാൻ ഞാൻ ആഗ്രഹിച്ചു. യേശു തന്നെത്തന്നെ ശുശ്രൂഷയ്ക്കു വേണ്ടി ഉഴിഞ്ഞുവെച്ചിരുന്നു, അവന്റെ മാതൃക അനുകരിക്കാൻ ഞാൻ ആഗ്രഹിച്ചു.
1983-ൽ, ഞാൻ മേസ്തിരി ജോലി നിർത്തി മുഴുസമയ ശുശ്രൂഷകനായി. എന്റെ പ്രാർഥനയ്ക്കുള്ള ഉത്തരമായി ഒരു പാർക്കിൽ എനിക്ക് അംശകാല ജോലി കിട്ടി, അങ്ങനെ എന്റെ ചെലവുകൾ നടന്നു. സെർഷിനോടൊപ്പം—മേസ്തിരി ജോലി പഠിപ്പിക്കുന്ന സ്കൂളിൽവെച്ചു ഞാൻ സാക്ഷ്യം കൊടുത്ത യുവാവ്—പയനിയർ സ്കൂളിൽ സംബന്ധിക്കുന്നത് എത്രയോ സന്തോഷകരമായിരുന്നു! മൂന്നു വർഷം നിരന്തര പയനിയറായി പ്രവർത്തിച്ച എനിക്കു യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യണമെന്നായി. അങ്ങനെ 1986-ൽ, പാരീസിൽനിന്ന് വളരെ അകലെയല്ലാത്ത മനോഹരമായ ഒരു പട്ടണമായ പ്രൊവാനിൽ ഒരു പ്രത്യേക പയനിയറായി ഞാൻ നിയമിതനായി. വൈകുന്നേരം വീട്ടിൽ തിരിച്ചെത്തുമ്പോൾ, യഹോവയെ കുറിച്ചു മറ്റുള്ളവരോടു സംസാരിക്കാൻ കഴിഞ്ഞ
വളരെ നല്ല ദിവസത്തെപ്രതി ഞാൻ മുട്ടിൽനിന്ന് അവനു നന്ദി പറയുമായിരുന്നു. വാസ്തവത്തിൽ, ജീവിതത്തിൽ എനിക്ക് ഏറ്റവും സന്തോഷം ലഭിക്കുന്നത് ദൈവത്തോടു സംസാരിക്കുമ്പോഴും ദൈവത്തെ കുറിച്ചു സംസാരിക്കുമ്പോഴുമാണ്.ഫ്രാൻസിന്റെ തെക്കുള്ള ഒരു കൊച്ചു പട്ടണമായ സേയ്ബസാനിൽ താമസിച്ചിരുന്ന 68 വയസ്സുള്ള എന്റെ അമ്മയുടെ സ്നാപനം ആയിരുന്നു എനിക്കു വലിയ സന്തോഷം നൽകിയ മറ്റൊരു സംഗതി. അമ്മ ബൈബിൾ വായിക്കാൻ തുടങ്ങിയതോടെ ഞാൻ വീക്ഷാഗോപുരത്തിനും ഉണരുക!യ്ക്കുമുള്ള വരിസംഖ്യ അമ്മയ്ക്ക് അയച്ചു കൊടുത്തു. വളരെ ചിന്തിക്കുന്ന പ്രകൃതക്കാരിയായിരുന്ന അമ്മ, താൻ വായിച്ച സംഗതികളിൽ സത്യം ഉണ്ടെന്ന് പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു.
ബെഥേൽ—വിശിഷ്ടമായ ഒരു ആത്മീയ പറുദീസ
സൊസൈറ്റി പ്രത്യേക പയനിയർമാരുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചപ്പോൾ ശുശ്രൂഷാ പരിശീലന സ്കൂളിനും ബെഥേൽ സേവനത്തിനും വേണ്ടി ഞാൻ യഹോവയുടെ സാക്ഷികളുടെ ഫ്രാൻസിലെ ബ്രാഞ്ച് ഓഫീസിലേക്ക് അപേക്ഷ അയച്ചു. യഹോവയെ ഏറ്റവും മെച്ചമായി എനിക്ക് എങ്ങനെ സേവിക്കാൻ കഴിയും എന്ന് അവൻ തന്നെ തീരുമാനിക്കാൻ ഞാൻ ആഗ്രഹിച്ചു. ഏതാനും മാസങ്ങൾക്കു ശേഷം, 1989 ഡിസംബറിൽ, വടക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ലൂവിയയിലുള്ള ബെഥേലിലേക്ക് എനിക്കു ക്ഷണം ലഭിച്ചു. തത്ഫലമായി, എന്റെ മാതാപിതാക്കൾക്ക് തീരെ സുഖമില്ലാതിരുന്ന സമയത്ത് അവരെ പരിപാലിക്കുന്നതിൽ എന്റെ സഹോദരനെയും ഭാര്യയെയും സഹായിക്കാൻ എനിക്കു സാധിച്ചു. ആയിരക്കണക്കിനു കിലോമീറ്റർ അകലെ എവിടെയെങ്കിലും മിഷനറി സേവനത്തിൽ ആയിരുന്നെങ്കിൽ, എനിക്ക് അതിനു കഴിയുമായിരുന്നില്ല.
അമ്മ എന്നെ കാണാൻ ബെഥേലിൽ പല പ്രാവശ്യം വന്നിട്ടുണ്ട്. എന്നെ വിട്ട് ജീവിക്കുന്നത് അമ്മയെ സംബന്ധിച്ചിടത്തോളം പ്രയാസകരമായിരുന്നെങ്കിലും, അമ്മ പലപ്പോഴും ഇങ്ങനെ പറയുമായിരുന്നു: “മോനേ, ബെഥേലിൽതന്നെ നിൽക്കൂ. നീ അവിടെ യഹോവയെ സേവിക്കുന്നതാണ് എനിക്കു സന്തോഷം.” ദുഃഖകരമെന്നു പറയട്ടെ, എന്റെ മാതാപിതാക്കൾ രണ്ടു പേരും ഇന്നു ജീവിച്ചിരിപ്പില്ല. ഭൂമി അക്ഷരീയമായ ഒരു പറുദീസ ആയി മാറുമ്പോൾ അവരെ കാണാനായി ഞാൻ ആകാംക്ഷാപൂർവം കാത്തിരിക്കുന്നു!
“ഇപ്പോഴത്തെ പറുദീസ” എന്ന വിശേഷണം അർഹിക്കുന്ന ഏതെങ്കിലും ഭവനം ഉണ്ടെങ്കിൽ അത് “ദൈവ ഭവന”മായ ബെഥേൽ ആണെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു. യഥാർഥ പറുദീസയിൽ മറ്റെന്തിനെക്കാളും അധികം ഉണ്ടായിരിക്കേണ്ടത് ആത്മീയതയാണ്. ആത്മീയത മുറ്റിനിൽക്കുന്ന അന്തരീക്ഷമാണ് ബെഥേലിലേത്. ആത്മാവിന്റെ ഫലം നട്ടുവളർത്തുന്നതിനുള്ള അവസരം അവിടെ നമുക്കുണ്ട്. (ഗലാത്യർ 5:22, 23) അനുദിന ബൈബിൾ വാക്യ പരിചിന്തനത്തിൽ നിന്നും വീക്ഷാഗോപുരത്തിന്റെ കുടുംബ അധ്യയനത്തിൽ നിന്നും ലഭിക്കുന്ന സമൃദ്ധമായ ആത്മീയ ഭക്ഷണം എന്നെ ബെഥേൽ സേവനത്തിനു ശക്തനാക്കുന്നു. മാത്രമല്ല, ദശകങ്ങളായി യഹോവയെ വിശ്വസ്തമായി സേവിക്കുന്ന ആത്മീയോന്മുഖരായ സഹോദരങ്ങളോടൊത്തു സഹവസിക്കാൻ കഴിയുന്നതിനാൽ ആത്മീയമായി നമുക്കു വളരാൻ കഴിയുന്ന അപൂർവമായ ഒരു സ്ഥലമാണ് ബെഥേൽ. എന്റെ മകളിൽനിന്നു ഞാൻ ഇപ്പോൾ 17 വർഷമായി വേർപെട്ടു കഴിയുന്നെങ്കിലും, ഉത്സാഹികളായ നിരവധി യുവജനങ്ങളെ ഞാൻ ബെഥേലിൽ കണ്ടിട്ടുണ്ട്. ഞാൻ അവരെ എന്റെ മക്കളായി കരുതുന്നു. അവരുടെ ആത്മീയ പുരോഗതിയിൽ ഞാൻ സന്തോഷിക്കുകയും ചെയ്യുന്നു. കഴിഞ്ഞ എട്ടു വർഷം കൊണ്ട് ഞാൻ ഏഴ് വ്യത്യസ്ത നിയമനങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ആ മാറ്റങ്ങൾ അത്ര എളുപ്പം അല്ലായിരുന്നെങ്കിലും, ദീർഘകാല അടിസ്ഥാനത്തിൽ നോക്കുമ്പോൾ അത്തരം പരിശീലനം വളരെ പ്രയോജനപ്രദമാണ്.
നൂറു മേനി ഫലം തരുന്ന ഒരുതരം ബീൻസ് ആണ് ഞാൻ കൃഷി ചെയ്തിരുന്നത്. സമാനമായി, മോശമായതു വിതയ്ക്കുമ്പോൾ ഏറെ മോശമായത് ഒരു പ്രാവശ്യമല്ല, നൂറു പ്രാവശ്യം കൊയ്യുമെന്ന് ഞാൻ അനുഭവത്തിലൂടെ മനസ്സിലാക്കിയിരിക്കുന്നു. അനുഭവത്തിലൂടെ പഠിക്കുന്ന പാഠങ്ങൾക്കു കനത്ത വില ഒടുക്കേണ്ടി വരുന്നു. കാര്യങ്ങൾ അങ്ങനെ പഠിക്കാനല്ല, പിന്നെയോ യഹോവയുടെ വിധത്തിൽ വളർന്നുവരാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ക്രിസ്തീയ മാതാപിതാക്കൾ വളർത്തിക്കൊണ്ടുവന്ന യുവജനങ്ങളുടേത് എത്ര വലിയ പദവിയാണ്! നിസ്സംശയമായും യഹോവയുടെ സേവനത്തിൽ നല്ലതു വിതയ്ക്കുന്നതാണ് മെച്ചം, അപ്പോൾ സമാധാനവും സംതൃപ്തിയും നൂറു മേനി കൊയ്യാൻ സാധിക്കും.—ഗലാത്യർ 6:7, 8.
ഞാൻ ഒരു പയനിയർ ആയിരുന്നപ്പോൾ, മുമ്പ് ഞാൻ അരാജകത്വവാദ വചനങ്ങൾ എഴുതിയ കടയുടെ മതിലിന് അരികിലൂടെ ചിലപ്പോഴൊക്കെ കടന്നുപോയിട്ടുണ്ട്. ജീവനുള്ള ദൈവത്തെയും അവന്റെ ഉദ്ദേശ്യത്തെയും കുറിച്ച് ഞാൻ അകത്തു ചെന്ന് ആ കടക്കാരനോടു സംസാരിക്കുക പോലും ചെയ്തിട്ടുണ്ട്. അതേ, ദൈവം ജീവിച്ചിരിക്കുന്നു! തന്നെയുമല്ല, ഏകസത്യ ദൈവമായ യഹോവ വിശ്വസ്തനായ ഒരു പിതാവാണ്. അവൻ തന്റെ മക്കളെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. (വെളിപ്പാടു 15:4) സകല ജനതകളിൽ നിന്നുമുള്ള അനേകം ആളുകൾ ജീവനുള്ള ദൈവമായ യഹോവയെ സേവിക്കുകയും സ്തുതിക്കുകയും ചെയ്തുകൊണ്ട് ഇപ്പോഴത്തെ ആത്മീയ പറുദീസയും വരാനിരിക്കുന്ന പുനഃസ്ഥാപിത പറുദീസയും കണ്ടെത്തുമാറാകട്ടെ!
[അടിക്കുറിപ്പുകൾ]
a വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ചത്.
[26-ാം പേജിലെ ചിത്രം]
പ്രകൃതിയിലെ അത്ഭുതങ്ങളാൽ പ്രചോദിതനായ ഞാൻ, ദൈവത്തിൽ വിശ്വസിക്കാൻ ഹൃദയാ നിശ്ചയിച്ചുറച്ചു. (വലത്ത്) ഇന്നു ബെഥേൽ സേവനത്തിൽ