ബാൽ ആരാധന—ഇസ്രായേല്യരെ വശീകരിക്കാനുള്ള പോരാട്ടം
ബാൽ ആരാധന—ഇസ്രായേല്യരെ വശീകരിക്കാനുള്ള പോരാട്ടം
ആയിരം വർഷത്തോളം ഇസ്രായേൽ ജനതയെ വശീകരിക്കാനായി ഒരു പോരാട്ടം നടക്കുകയുണ്ടായി. ഒരു വശത്ത് അന്ധവിശ്വാസത്തിൽ അധിഷ്ഠിതമായ ഭയവും ലൈംഗിക ആചാരങ്ങളും, മറുവശത്ത് വിശ്വാസവും വിശ്വസ്തതയും. യഹോവയ്ക്കുള്ള ആരാധനയും ബാലാരാധനയും തമ്മിലായിരുന്നു ആ ജീവന്മരണ പോരാട്ടം.
തങ്ങളെ ഈജിപ്തിൽ നിന്നു വിടുവിച്ച സത്യദൈവത്തോട് ഇസ്രായേൽ ജനത വിശ്വസ്തമായി പറ്റിനിൽക്കുമായിരുന്നോ? (പുറപ്പാടു 20:2, 3) അതോ, ദേശം ഫലഭൂയിഷ്ഠമാക്കും എന്നു വാഗ്ദാനം ചെയ്ത, കനാന്റെ ഇഷ്ടദേവനായ ബാലിന്റെ പക്ഷത്തേക്കു തിരിയുമായിരുന്നോ?
ആയിരക്കണക്കിനു വർഷങ്ങൾ മുമ്പു നടന്ന ആ ആത്മീയ പോരാട്ടം നമ്മെ സംബന്ധിച്ചിടത്തോളം പ്രാധാന്യം അർഹിക്കുന്നു. കാരണം? ‘ഇതു ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിന്നായി എഴുതിയിരിക്കുന്നു’ എന്ന് പൗലൊസ് അപ്പൊസ്തലൻ എഴുതി. (1 കൊരിന്ത്യർ 10:11) ബാൽ ആരായിരുന്നു, ബാലാരാധനയിൽ എന്തെല്ലാം ഉൾപ്പെട്ടിരുന്നു എന്നീ കാര്യങ്ങൾ മനസ്സിലാക്കുന്നപക്ഷം ആ ചരിത്രപ്രധാന പോരാട്ടം സംബന്ധിച്ച, മേൽപ്പറഞ്ഞ ഗൗരവാവഹമായ മുന്നറിയിപ്പ് കൂടുതൽ അർഥവത്തായിരിക്കും.
ബാൽ ആരായിരുന്നു?
പൊ.യു.മു. 1473-നോടടുത്ത് കനാനിൽ എത്തിയപ്പോഴാണ് ഇസ്രായേല്യർ ബാലിനെ അറിയാനിടയായത്. കനാന്യർ ബഹുദൈവങ്ങളെ ആരാധിക്കുന്നതായി ഇസ്രായേല്യർ മനസ്സിലാക്കി. പേരുകൾക്കും ചില സ്വഭാവ വിശേഷങ്ങൾക്കും മാറ്റം ഉണ്ടായിരുന്നതൊഴിച്ചാൽ ആ ദൈവങ്ങളും ഈജിപ്തിലെ ദൈവങ്ങളും തമ്മിൽ കാര്യമായ വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. എന്നുവരികിലും, ബാലിനെ കനാന്യരുടെ മുഖ്യ ദൈവമായി ബൈബിൾ വേർതിരിച്ചു കാട്ടുന്നു. പുരാവസ്തു കണ്ടുപിടിത്തങ്ങളും അതു സ്ഥിരീകരിക്കുന്നു. (ന്യായാധിപന്മാർ 2:11) ബാൽ തങ്ങളുടെ ഇഷ്ടദേവന്മാരിൽ പ്രമുഖൻ ആയിരുന്നില്ലെങ്കിലും കനാന്യരെ സംബന്ധിച്ചിടത്തോളം അവൻ ഒരു പ്രധാന ദൈവമായിരുന്നു. മഴ, കാറ്റ്, മേഘങ്ങൾ എന്നിവയുടെമേൽ ശക്തി ചെലുത്താൻ ബാലിനു കഴിവുണ്ടെന്നും വന്ധ്യതയിൽനിന്നോ മരണത്തിൽനിന്നോ പോലും ജനങ്ങളെ—മൃഗങ്ങളെയും വിളവുകളെയും—വിടുവിക്കാൻ അവനു മാത്രമേ സാധിക്കൂ എന്നും അവർ വിശ്വസിച്ചിരുന്നു. ബാലിന്റെ സംരക്ഷണമില്ലെങ്കിൽ മോട്ട് എന്ന പ്രതികാരദാഹിയായ കനാന്യ ദേവൻ അവരുടെമേൽ നിശ്ചയമായും വിനാശം വിതയ്ക്കുമായിരുന്നത്രേ.
ബാലാരാധനയിൽ ലൈംഗിക ആചാരങ്ങൾ മുറ്റിനിന്നിരുന്നു. ബാലാരാധനയ്ക്ക് ഉപയോഗിച്ചിരുന്ന സ്തംഭവിഗ്രഹങ്ങളും അശേരാപ്രതിഷ്ഠകളും പോലുള്ള പൂജാവസ്തുക്കൾക്കു പോലും ലൈംഗിക പരിവേഷം ഉണ്ടായിരുന്നു. സ്തംഭവിഗ്രഹങ്ങൾ—പുരുഷലിംഗ പ്രതീകത്തിലുള്ള പാറയോ ചെത്തിയെടുത്ത കല്ലുകളോ—രതിബന്ധത്തിലുള്ള പുരുഷന്റെ പങ്കിനെ പ്രതിനിധാനം ചെയ്തു. നേരെമറിച്ച് അശേരാപ്രതിഷ്ഠകൾ, ബാലിന്റെ ഭാര്യയായ അശേരയെയും രതിബന്ധത്തിൽ സ്ത്രീയുടെ പങ്കിനെയും പ്രതിനിധാനം ചെയ്യുന്ന തടികൊണ്ടുള്ള വസ്തുക്കളോ മരങ്ങളോ ആയിരുന്നു.—1 രാജാക്കന്മാർ 18:19.
ക്ഷേത്രവേശ്യാവൃത്തിയും ശിശുബലിയും ആയിരുന്നു ബാലാരാധനയുടെ മറ്റു പ്രധാന സവിശേഷതകൾ. (1 രാജാക്കന്മാർ 14:23, 24; 2 ദിനവൃത്താന്തം 28:2, 3) ബൈബിളും പുരാവസ്തുശാസ്ത്രവും (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ പറയുന്നു: “കനാന്യ ക്ഷേത്രങ്ങളിൽ സ്ത്രീകളും പുരുഷന്മാരും (‘വിശുദ്ധ’ സ്ത്രീപുരുഷന്മാർ) വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരുന്നു. അവർ നാനാവിധ ലൈംഗിക വികടത്തരങ്ങളിലും മുഴുകിയിരുന്നു. വിളവുകളും വളർത്തു മൃഗങ്ങളും സമൃദ്ധമായി ഉണ്ടാകാൻ അത്തരം ആചാരങ്ങൾ എങ്ങനെയോ ഇടയാക്കുന്നതായി [കനാന്യർ] വിശ്വസിച്ചുപോന്നു.” അത്തരം അധാർമിക സംഗതികളുടെ മതപരമായ ന്യായീകരണം അതായിരുന്നെങ്കിലും, ആരാധകരുടെ ജഡിക തൃഷ്ണകൾക്ക് അവ ഹരം പകർന്നിരുന്നു എന്നതാണു വാസ്തവം. അങ്ങനെയെങ്കിൽ, ഇസ്രായേല്യരെ ബാൽ വശീകരിച്ചത് എങ്ങനെ?
അത്ര ആകർഷകം ആയിരുന്നത് എന്തുകൊണ്ട്?
തങ്ങളിൽ നിന്നു യാതൊന്നും നിഷ്കർഷിക്കാത്ത ഒരു ആരാധനാരീതി പിൻപറ്റാനാണു പല ഇസ്രായേല്യരും താത്പര്യം കാട്ടിയത്. ബാലാരാധന പിൻപറ്റുന്നപക്ഷം ന്യായപ്രമാണം—ശബത്തും പല ധാർമിക നിയമങ്ങളും പോലുള്ള സംഗതികൾ—അവർക്കു പാലിക്കേണ്ടതില്ലായിരുന്നു. (ലേവ്യപുസ്തകം 18:2-30; ആവർത്തനപുസ്തകം 5:1-3) ബാലിനെ പ്രീണിപ്പിക്കേണ്ടത് ആവശ്യമാണെന്നു കനാന്യരുടെ ഭൗതിക സമൃദ്ധി അവരെ ബോധ്യപ്പെടുത്തിയിരിക്കണം.
പൂജാഗിരികൾ എന്ന് അറിയപ്പെട്ടിരുന്ന കനാന്യ ക്ഷേത്രങ്ങൾ വൃക്ഷനിബിഡമായ കുന്നിൻ മുകളിലാണു പണിയപ്പെട്ടിരുന്നത്. അത്തരമൊരു ചുറ്റുപാട്, അവിടെ നടത്തിയിരുന്ന പ്രജനന ചടങ്ങുകൾക്ക് ആകർഷകമായ പശ്ചാത്തലം ഒരുക്കിയിരിക്കണം. കനാന്യരുടെ ആരാധനാസ്ഥലം അടിക്കടി സന്ദർശിക്കുന്നതിൽ തൃപ്തിവരാഞ്ഞ ഇസ്രായേല്യർ താമസിയാതെ, സ്വന്തം പൂജാഗിരികളും മറ്റും പണിതു. “അവർ ഉയർന്ന കുന്നിന്മേലൊക്കെയും പച്ചമരത്തിൻകീഴിലൊക്കെയും പൂജാഗിരികളും സ്തംഭവിഗ്രഹങ്ങളും അശേരാപ്രതിഷ്ഠകളും ഉണ്ടാക്കി.”—1 രാജാക്കന്മാർ 14:23; ഹോശേയ 4:13.
എന്നാൽ, പ്രഥമപ്രധാനമായ സംഗതി ബാലാരാധന ജഡികാഭിലാഷങ്ങളെ തൃപ്തിപ്പെടുത്തിയിരുന്നു എന്നതാണ്. (ഗലാത്യർ 5:19-21) ഈ ഭോഗാസക്ത ചടങ്ങുകൾ, വിളവുകളും ആടുമാടുകളും സമൃദ്ധമായി ഉണ്ടാകാൻ മാത്രം ഉദ്ദേശിച്ചുള്ളവ ആയിരുന്നില്ല. ലൈംഗികത മഹത്ത്വീകരിക്കപ്പെട്ടു. ലൈംഗിക ഉത്തേജനത്തെ ചിത്രീകരിക്കുന്ന, ലൈംഗിക വശങ്ങൾ എടുത്തുകാണിക്കുന്ന, ഖനനം ചെയ്തെടുത്ത രൂപങ്ങൾ അതു വ്യക്തമാക്കുന്നു. സദ്യയും നൃത്തവും സംഗീതവും കാമാസക്ത പെരുമാറ്റത്തിനു വേദിയൊരുക്കി.
ശരത്കാലത്തെ ഒരു സാധാരണ രംഗം നമുക്കു വിഭാവന ചെയ്യാം. വശ്യമനോഹരമായ പ്രകൃതിദൃശ്യം. മൂക്കറ്റം ഭക്ഷിച്ച, വീഞ്ഞുകുടിച്ചു മത്തരായ ആരാധകർ നൃത്തമാടുന്നു. മഴ പെയ്യിച്ചു ദേശത്തെ അനുഗ്രഹിക്കുന്നതിനായി ഗ്രീഷ്മകാല നിഷ്ക്രിയാവസ്ഥയിൽ നിന്നു ബാലിനെ ഉണർത്താനാണ് അവർ പ്രജനന നൃത്തം ചെയ്യുന്നത്. പുരുഷലിംഗ സ്തംഭങ്ങൾക്കും അശേരാപ്രതിഷ്ഠകൾക്കും ചുറ്റുമായി അവർ നൃത്തം ചെയ്യുന്നു. അവരുടെ ചലനങ്ങൾ, പ്രത്യേകിച്ചു ക്ഷേത്രവേശ്യകളുടേത്, കാമാസക്തവും ഭോഗാസക്തവുമാണ്. സംഗീതം മാത്രമല്ല ചുറ്റും നിൽക്കുന്നവരും അവരെ ഉത്തേജിപ്പിക്കുന്നു. സാധ്യതയനുസരിച്ച്, നൃത്തം പാരമ്യത്തിൽ എത്തുമ്പോൾ നർത്തകർ അധാർമിക ബന്ധത്തിൽ ഏർപ്പെടാനായി ബാലിന്റെ ക്ഷേത്രത്തിലുള്ള ഉൾമുറികളിലേക്കു പോകുന്നു.—സംഖ്യാപുസ്തകം 25:1, 2; പുറപ്പാടു 32:6, 17-19 താരതമ്യം ചെയ്യുക; ആമോസ് 2:8.
അവർ നടന്നത് വിശ്വാസത്താലല്ല, കാഴ്ചയാലാണ്
ഭോഗാസക്തി പോലെതന്നെ ഭയം നിമിത്തവും അനേകം ഇസ്രായേല്യർ ബാലാരാധനയിൽ ഏർപ്പെട്ടു. ഇസ്രായേല്യർക്ക് യഹോവയിൽ വിശ്വാസം ഇല്ലാതായപ്പോൾ മരിച്ചവരെ കുറിച്ചും ഭാവിയെ കുറിച്ചും ഉള്ള ഭയവും ഗൂഢവിദ്യയിലുള്ള ഭ്രമവും അവരെ ആത്മവിദ്യയിലേക്കു നയിച്ചു. അതു ക്രമേണ, അങ്ങേയറ്റം നികൃഷ്ടമായ ആചാരങ്ങളിലേക്ക് അവരെ തള്ളിവിട്ടു. പൂർവികാരാധനയുടെ ഭാഗമായി കനാന്യർ മരിച്ചവരുടെ ആത്മാക്കളെ പ്രീണിപ്പിച്ചിരുന്നത് എപ്രകാരമെന്ന് ദി ഇന്റർനാഷനൽ സ്റ്റാൻഡേഡ് ബൈബിൾ എൻസൈക്ലോപീഡിയ വർണിക്കുന്നു: “കുടുംബക്കല്ലറയിലോ മൺകൂനയിലോ വെച്ച് സദ്യകൾ നടത്തിയിരുന്നു. മരിച്ചവർ പങ്കുപറ്റിയിരുന്നതായി കരുതപ്പെട്ടിരുന്ന മദിരോത്സവവും ലൈംഗിക വേഴ്ചയും (നിഷിദ്ധ ബന്ധുവേഴ്ച ഉൾപ്പെട്ടിരിക്കാൻ സാധ്യതയുണ്ട്) ചടങ്ങിന്റെ ഭാഗമായിരുന്നു.” അധമമായ അത്തരം ആത്മവിദ്യാചാരങ്ങളിൽ ഏർപ്പെടുകവഴി ഇസ്രായേല്യർ തങ്ങളുടെ ദൈവമായ യഹോവയിൽ ആവർത്തനപുസ്തകം 18:9-12.
നിന്നു കൂടുതൽ അകന്നു.—വിശ്വാസത്താലല്ല, മറിച്ച് കാഴ്ചയാൽ നടക്കാൻ ആഗ്രഹിച്ച ഇസ്രായേല്യരെ വിഗ്രഹങ്ങളും ബന്ധപ്പെട്ട ആചാരങ്ങളും ആകർഷിച്ചു. (2 കൊരിന്ത്യർ 5:7) യഹോവയുടെ അദൃശ്യ കരങ്ങളാലുള്ള ശ്രദ്ധേയമായ അത്ഭുതങ്ങൾ കണ്ടിട്ടും അവനെ കുറിച്ച് ഓർമിപ്പിക്കുന്ന ദൃശ്യമായ ഒന്നിന്റെ ആവശ്യമുള്ളതായി ഈജിപ്തിൽ നിന്നു പോന്ന ഇസ്രായേല്യരിൽ അനേകർക്കും തോന്നി. (പുറപ്പാടു 32:1-4) അവരുടെ പിൻഗാമികളിൽ ചിലർ, ബാലിന്റെ വിഗ്രഹം പോലുള്ള ദൃശ്യമായ എന്തിനെയെങ്കിലും ആരാധിക്കാൻ ആഗ്രഹിച്ചു.—1 രാജാക്കന്മാർ 12:25-30.
ആരാണു വിജയിച്ചത്?
ഇസ്രായേല്യരെ വശീകരിക്കാനുള്ള പോരാട്ടം നൂറ്റാണ്ടുകളോളം നീണ്ടുനിന്നു. അവർ വാഗ്ദത്ത ദേശത്തു പ്രവേശിക്കുന്നതിനു തൊട്ടുമുമ്പ് മോവാബിൽ എത്തിയതു മുതൽ ബാബിലോനിലേക്കു നാടുകടത്തപ്പെടും വരെ അതു തുടർന്നു. ആരാധനയിൽ അവർ കൂടെക്കൂടെ അവിശ്വസ്തർ ആയിത്തീർന്നു. ഇസ്രായേല്യരിൽ ഭൂരിപക്ഷവും ചിലപ്പോഴൊക്കെ യഹോവയോടു വിശ്വസ്തർ ആയിരുന്നെങ്കിലും അവർ പലപ്പോഴും ബാലിലേക്കു തിരിഞ്ഞു. ചുറ്റുമുണ്ടായിരുന്ന വിജാതീയരുമായുള്ള അവരുടെ സഹവാസം ആയിരുന്നു അതിനു പ്രധാന കാരണം.
തങ്ങളുടെ സൈനിക പരാജയത്തിനു ശേഷം കനാന്യർ കൂടുതൽ കുടിലമായ വിധങ്ങളിൽ പോരാടി. ഇസ്രായേല്യരോടൊപ്പം താമസിച്ച അവർ തങ്ങളുടെ ദൈവങ്ങളെ ആരാധിക്കാൻ അവരെ പ്രോത്സാഹിപ്പിച്ചു. ഗിദെയോനെയും ശമൂവേലിനെയും പോലുള്ള ധൈര്യശാലികളായ ന്യായാധിപന്മാർ അത്തരം പ്രവണതകളെ ചെറുത്തു. “അന്യദൈവങ്ങളെ . . . നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളഞ്ഞു നിങ്ങളുടെ ഹൃദയങ്ങളെ യഹോവയിങ്കലേക്കു തിരിക്കയും അവനെ മാത്രം സേവിക്കയും ചെയ്വിൻ” എന്നു ശമൂവേൽ ജനത്തെ ഉദ്ബോധിപ്പിച്ചു. കുറച്ചു കാലത്തേക്കു ശമൂവേലിന്റെ ഉദ്ബോധനം അനുസരിച്ച ഇസ്രായേല്യർ “ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത്പ്രതിഷ്ഠകളെയും നീക്കിക്കളഞ്ഞു യഹോവയെ മാത്രം സേവിച്ചു.”—1 ശമൂവേൽ 7:3, 4; ന്യായാധിപന്മാർ 6:25-27.
ശൗലിനും ദാവീദിനും ശേഷം ശലോമോന്റെ വാഴ്ചക്കാലമായി. അവൻ തന്റെ പിൽക്കാല വർഷങ്ങളിൽ അന്യദേവന്മാർക്കു ബലികൾ അർപ്പിക്കാൻ തുടങ്ങി. (1 രാജാക്കന്മാർ 11:4-8) ഇസ്രായേലിലെയും യഹൂദയിലെയും മറ്റു രാജാക്കന്മാരും അങ്ങനെതന്നെ ചെയ്തു, അവർ തങ്ങളെത്തന്നെ ബാലിനു സമർപ്പിച്ചു. എന്നുവരികിലും, ഏലീയാവ്, എലീശാ, യോശീയാവ് എന്നിവരെ പോലുള്ള വിശ്വസ്ത പ്രവാചകന്മാരും രാജാക്കന്മാരും ബാലാരാധനയ്ക്ക് എതിരെയുള്ള പോരാട്ടത്തിനു ചുക്കാൻ പിടിച്ചു. (2 ദിനവൃത്താന്തം 34:1-5) കൂടാതെ, ഇസ്രായേല്യ ചരിത്രത്തിലെ ഈ കാലഘട്ടത്തിലുടനീളം യഹോവയോടു വിശ്വസ്തർ ആയിരുന്ന വ്യക്തികൾ ഉണ്ടായിരുന്നിട്ടുണ്ട്. ബാലാരാധന പാരമ്യത്തിൽ എത്തിയിരുന്ന, ആഹാബിന്റെയും ഈസേബെലിന്റെയും കാലത്തുപോലും ഏഴായിരംപേർ ‘ബാലിന്റെ മുമ്പിൽ മുട്ടുമടക്കാൻ’ വിസമ്മതിച്ചു.—1 രാജാക്കന്മാർ 19:18, പി.ഒ.സി. ബൈബിൾ.
ഒടുവിൽ, യഹൂദർ ബാബിലോന്യ പ്രവാസത്തിൽ നിന്നു മടങ്ങിയെത്തിയ ശേഷം ബാലാരാധനയെ കുറിച്ച് യാതൊരു പരാമർശവും ഇല്ല. എസ്രാ 6:21-ൽ പരാമർശിച്ചിരിക്കുന്നവരെ പോലെതന്നെ, സകലരും ‘യിസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കേണ്ടതിന്നു ദേശത്തെ ജാതികളുടെ അശുദ്ധിയെ വെടിഞ്ഞു.’
ബാലാരാധനയിൽ നിന്നുള്ള മുന്നറിയിപ്പുകൾ
ബാലാരാധന മൺമറഞ്ഞിട്ടു ദീർഘകാലം ആയെങ്കിലും, ആ കനാന്യ മതത്തിനും ഇന്നത്തെ സമൂഹത്തിനും പൊതുവായി ഒന്നുണ്ട്—ലൈംഗികത വാഴ്ത്തപ്പെടുന്നു. അധാർമികതയിൽ ഏർപ്പെടാനുള്ള പ്രലോഭനങ്ങൾ നമുക്കു ചുറ്റുമുള്ള വായുവിലെങ്ങും വ്യാപിച്ചിരിക്കുന്നതായി കാണാം. (എഫെസ്യർ 2:2) “ഈ അന്ധകാര ലോകത്തെ നിയന്ത്രിക്കുന്ന അദൃശ്യ ശക്തിക്കും തിന്മയുടെ ആസ്ഥാനത്തു നിന്നുള്ള ആത്മീയ ഏജന്റുമാർക്കും എതിരെയാണു നാം പോരാടുന്നത്” എന്നു പൗലൊസ് മുന്നറിയിപ്പു നൽകി.—എഫെസ്യർ 6:12, ഫിലിപ്സ്.
ആളുകളെ ആത്മീയമായി തടവിലാക്കുന്നതിന് സാത്താന്റെ ഈ “അദൃശ്യ ശക്തി” ലൈംഗിക അധാർമികതയെ ഊട്ടിവളർത്തുന്നു. (യോഹന്നാൻ 8:34) ഇന്നത്തെ സർവാനുവാദ സമൂഹത്തിൽ അതിലൈംഗികതയ്ക്കു പ്രജനന ആചാരവുമായല്ല, മറിച്ച് തന്നിഷ്ടപ്രകാരം ജീവിക്കാനുള്ള ഒരുവന്റെ വാഞ്ഛയുമായാണു ബന്ധമുള്ളത്. അതിനായുള്ള പ്രചാരണങ്ങൾ പ്രേരണാത്മകമാണ്. വിനോദം, സംഗീതം, പരസ്യങ്ങൾ എന്നിവയിലൂടെ കടന്നുകയറ്റം നടത്തുന്ന ലൈംഗിക സന്ദേശങ്ങൾ ആളുകളുടെ മനസ്സിൽ തിങ്ങിനിറയുന്നു. ദൈവജനവും അവയുടെ പിടിയിൽ അകപ്പെട്ടേക്കാം. വാസ്തവത്തിൽ, ക്രിസ്തീയ സഭയിൽനിന്നു പുറത്താക്കപ്പെട്ട ഭൂരിപക്ഷം പേരും അത്തരം നടപടികളിൽ ഏർപ്പെട്ടിരുന്നവരാണ്. അധാർമിക നടപടികളെ ചെറുത്തു നിൽക്കുന്നതിൽ തുടരുന്നുവെങ്കിൽ മാത്രമേ ഒരു ക്രിസ്ത്യാനിക്കു നൈർമല്യം കാത്തുസൂക്ഷിക്കാനാകൂ.—റോമർ 12:9.
തങ്ങൾക്ക് ആകർഷകമെന്നു തോന്നുന്ന പല കാര്യങ്ങളും ലൈംഗിക പൂരിതം ആയിരിക്കുന്നതിനാൽ യുവജനങ്ങൾ പ്രത്യേകിച്ചും അപകട വിധേയരാണ്. അവർക്കു സമപ്രായക്കാരുടെ സമ്മർദത്തെ ചെറുത്തു നിൽക്കേണ്ടതുണ്ട് എന്നതു പ്രശ്നം കൂടുതൽ വഷളാക്കുന്നു. (സദൃശവാക്യങ്ങൾ 1:10-15 താരതമ്യം ചെയ്യുക.) ഉദാഹരണത്തിന്, വലിയ കൂടിവരവുകളിൽ കുഴപ്പത്തിൽ അകപ്പെട്ടിട്ടുള്ളതു കുറച്ചു പേരൊന്നുമല്ല. പുരാതന കാലത്തെ ബാലാരാധനയുടെ കാര്യത്തിൽ എന്നപോലെ സംഗീതവും നൃത്തവും ലൈംഗിക വശീകരണവും പ്രലോഭനാത്മകമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.—2 തിമൊഥെയൊസ് 2:22.
“ബാലൻ തന്റെ നടപ്പിനെ നിർമ്മലമാക്കുന്നതു എങ്ങനെ?” എന്നു സങ്കീർത്തനക്കാരൻ ചോദിച്ചു. “നിന്റെ വചനപ്രകാരം അതിനെ സൂക്ഷിക്കുന്നതിനാൽ തന്നേ” എന്ന് അവൻ ഉത്തരം നൽകി. (സങ്കീർത്തനം 119:9) കനാന്യരുമായുള്ള സഹവാസം ഉപേക്ഷിക്കാൻ ദൈവത്തിന്റെ ന്യായപ്രമാണം ഇസ്രായേല്യരോട് അനുശാസിച്ചതു പോലെതന്നെ, മോശമായ സഹവാസത്തിനെതിരെ ബൈബിൾ നമുക്കു മുന്നറിയിപ്പു നൽകുന്നു. (1 കൊരിന്ത്യർ 15:32, 33) ഇന്ദ്രിയങ്ങൾക്ക് ആകർഷകമായി തോന്നുന്നതെങ്കിലും ധാർമികമായി ദ്രോഹകരമാണെന്ന് അറിയാവുന്ന കാര്യങ്ങൾ നിരാകരിക്കുമ്പോൾ ഒരു യുവ വ്യക്തി തന്റെ പക്വത പ്രകടമാക്കുകയാണ്. വിശ്വസ്തനായ ഏലീയാവിനെ പോലെ, നമ്മുടെ തീരുമാനങ്ങളെ സ്വാധീനിക്കാൻ ജനസമ്മതി നേടിയ അഭിപ്രായങ്ങളുടെ തള്ളിക്കയറ്റത്തെ നാം അനുവദിക്കരുത്.—1 രാജാക്കന്മാർ 18:21; മത്തായി 7:13, 14 താരതമ്യം ചെയ്യുക.
“നമ്മെ എളുപ്പം കുരുക്കുന്ന പാപ”മായ വിശ്വാസരാഹിത്യവുമായി ബന്ധപ്പെട്ടതാണു മറ്റൊരു മുന്നറിയിപ്പ്. (എബ്രായർ 12:1, NW) ഇസ്രായേല്യരിൽ അനേകരും യഹോവയിൽ വിശ്വസിച്ചപ്പോൾതന്നെ, തങ്ങളുടെ വിളവുകൾ സംരക്ഷിക്കുകയും അനുദിന ജീവിതാവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്ന ദൈവമായി ബാലിനെ വീക്ഷിച്ചതായി തോന്നുന്നു. യെരൂശലേമിലുള്ള യഹോവയുടെ ആലയം വളരെ അകലെയാണെന്നും അവന്റെ നിയമങ്ങൾ പാലിക്കുന്നത് അപ്രായോഗികമാണെന്നും അവർക്കു തോന്നിയിരിക്കണം. ബാലാരാധനയിൽ പ്രത്യേക നിബന്ധനകളൊന്നും ഇല്ലായിരുന്നു, അതു വളരെ എളുപ്പവുമായിരുന്നു—സ്വന്തം ഭവനങ്ങളുടെ മേൽപ്പുരകളിൽ വെച്ചുപോലും ബാലിനു ധൂപം കാട്ടാൻ അവർക്കു സാധിച്ചിരുന്നു. (യിരെമ്യാവു 32:29) ചില ആചാരങ്ങളിൽ പങ്കെടുക്കുകയോ യഹോവയുടെ നാമത്തിൽ ബാലിനു വഴിപാടുകൾ അർപ്പിക്കുകയോ ചെയ്തുകൊണ്ട് അവർ ബാലാരാധനയിലേക്കു വഴുതിവീണിരിക്കാനാണു സാധ്യത.
വിശ്വാസരാഹിത്യം സംഭവിച്ചു നാം സത്യദൈവത്തിൽ നിന്ന് സാവധാനം എങ്ങനെ അകന്നു പോയേക്കാം? (എബ്രായർ 3:12) യോഗങ്ങളിലും സമ്മേളനങ്ങളിലും ഉള്ള നമ്മുടെ വിലമതിപ്പു ക്രമേണ കുറഞ്ഞുവന്നേക്കാം. അത്തരം മനോഭാവം “തക്കസമയത്ത്” ആത്മീയ “ആഹാരം” പ്രദാനം ചെയ്യുന്ന യഹോവയിലുള്ള വിശ്വാസത്തിന്റെ അഭാവത്തെയാണു വെളിപ്പെടുത്തുന്നത്. (മത്തായി 24:45-47, NW) അങ്ങനെ ദുർബലർ ആയിത്തീരുന്നതിന്റെ ഫലമായി “ജീവന്റെ വചന”ത്തിലുള്ള നമ്മുടെ പിടി അയഞ്ഞേക്കാം. അല്ലെങ്കിൽ നമ്മുടെ ഹൃദയം വിഭജിതമായി നാം ഭൗതികത്വ അനുധാവനങ്ങളിലേക്കോ അധാർമികതയിലേക്കോ വഴുതിവീണേക്കാം.—ഫിലിപ്പിയർ 2:15; സങ്കീർത്തനം 119:113 താരതമ്യം ചെയ്യുക.
നമ്മുടെ നിർമലത മുറുകെപ്പിടിക്കൽ
ഇന്ന് ആളുകളെ വശീകരിക്കാനുള്ള ഒരു പോരാട്ടം നടക്കുന്നു എന്നതിൽ സംശയമില്ല. നാം യഹോവയോടു വിശ്വസ്തരായി നിലകൊള്ളുമോ അതോ ഈ ലോകത്തിന്റെ കുത്തഴിഞ്ഞ ജീവിതരീതിയിൽ അകപ്പെടുമോ? കനാന്യരുടെ വെറുപ്പുളവാക്കുന്ന നടപടികളിൽ ഇസ്രായേല്യർ ആകൃഷ്ടരായതുപോലെ, ഇന്നു ചില ക്രിസ്തീയ സ്ത്രീപുരുഷന്മാർ ലജ്ജാകരമായ പ്രവൃത്തികളിലേക്കു വശീകരിക്കപ്പെട്ടിരിക്കുന്നു എന്നതു ദുഃഖകരംതന്നെ.—സദൃശവാക്യങ്ങൾ 7:7, 21-23 താരതമ്യം ചെയ്യുക.
മോശയുടെ കാര്യത്തിലെന്നവണ്ണം, നാം ‘അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറെച്ചുനില്ക്കുന്നു’ എങ്കിൽ അത്തരം ആത്മീയ പരാജയം ഒഴിവാക്കാനാകും. (എബ്രായർ 11:27) നാം ‘വിശ്വാസത്തിന്നു വേണ്ടി [കഠിനമായി] പോരാടേണ്ടതുണ്ട്’ എന്നതു ശരിതന്നെ. (യൂദാ 3) എന്നാൽ, നമ്മുടെ ദൈവത്തോടും അവന്റെ തത്ത്വങ്ങളോടും നാം വിശ്വസ്തരായി നിലകൊള്ളുന്നുവെങ്കിൽ വ്യാജാരാധനയുടെ ഒരു കണിക പോലും അവശേഷിക്കാത്ത സമയത്തിനായി നമുക്കു നോക്കിപ്പാർത്തിരിക്കാനാകും. യഹോവയ്ക്കുള്ള ആരാധന ബാലാരാധനയെ കീഴ്പെടുത്തിയതുപോലെ താമസിയാതെ, “സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരി”ക്കും എന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും.—യെശയ്യാവു 11:9.
[31-ാം പേജിലെ ചിത്രം]
ബാലാരാധനയ്ക്ക് ഉപയോഗിച്ചിരുന്ന സ്തംഭവിഗ്രഹങ്ങളുടെ ഗെസറിലുള്ള ശൂന്യശിഷ്ടങ്ങൾ
[28-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Musée du Louvre, Paris