ആത്മീയ ബലഹീനത തിരിച്ചറിഞ്ഞ് അതു മറികടക്കാവുന്ന വിധം
ആത്മീയ ബലഹീനത തിരിച്ചറിഞ്ഞ് അതു മറികടക്കാവുന്ന വിധം
ഗ്രീക്കു പുരാണം അനുസരിച്ച്, ട്രോയ് നഗരത്തിനെതിരെ നടത്തിയ ട്രോജൻ യുദ്ധത്തിൽ പങ്കെടുത്ത ഗ്രീക്കു പോരാളികളിൽ ഏറ്റവും ധീരൻ അക്കിലിസ് ആയിരുന്നു. ഒരു ശിശു ആയിരുന്നപ്പോൾ അക്കിലിസിനെ അവന്റെ അമ്മ, സ്റ്റിക്സ് നദീജലത്തിൽ മുക്കി. അപ്പോൾ അവന്റെ അമ്മ അവനെ പിടിച്ചിരുന്നിടം—അക്കിലിസിന്റെ ഉപ്പൂറ്റികൾ—ഒഴികെയുള്ള ഭാഗങ്ങളിൽ അവൻ ഹാനിയേൽക്കാത്തവൻ ആയിത്തീർന്നു എന്നാണ് ഐതിഹ്യം. ട്രോയ് രാജാവായ പ്രയാമിന്റെ മകൻ പാരിസ്, അക്കിലിസിന്റെ ഉപ്പൂറ്റികളിൽത്തന്നെ അമ്പെയ്ത് അവനെ കൊലപ്പെടുത്തി.
ക്രിസ്ത്യാനികൾ ക്രിസ്തുവിന്റെ ഭടന്മാരാണ്, അവർ ഒരു ആത്മീയ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. (2 തിമൊഥെയൊസ് 2:3) “നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ” എന്ന് പൗലൊസ് അപ്പൊസ്തലൻ വിശദീകരിക്കുന്നു. പിശാചായ സാത്താനും ഭൂതങ്ങളുമാണു നമ്മുടെ ശത്രുക്കൾ.—എഫെസ്യർ 6:12.
തീർച്ചയായും, “യുദ്ധവീരൻ” എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള യഹോവയാം ദൈവത്തിന്റെ സഹായം ഇല്ലാത്തപക്ഷം അത് ഏകപക്ഷീയമായ ഒരു യുദ്ധമായിരിക്കും. (പുറപ്പാടു 15:3) ദുഷ്ട ശത്രുക്കളിൽനിന്നു നമ്മെത്തന്നെ സംരക്ഷിക്കുന്നതിനു നമുക്ക് ഒരു ആത്മീയ പടച്ചട്ട ലഭിച്ചിരിക്കുന്നു. അതുകൊണ്ടാണ് പൗലൊസ് അപ്പൊസ്തലൻ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്: “പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ.”—എഫെസ്യർ 6:11.
നിസ്സംശയമായും, യഹോവയാം ദൈവം നൽകുന്ന പടച്ചട്ട ഏറ്റവും മികച്ചതാണ്. ഏതുതരം ആത്മീയ ആക്രമണത്തെയും ചെറുത്തുനിൽക്കാൻ അതിനു കഴിയും. പൗലൊസ് നൽകിയ പട്ടിക പരിശോധിക്കുക: അരപ്പട്ടയായി സത്യം; കവചമായി നീതി; ചെരുപ്പായി സുവിശേഷം; വൻപരിചയായി വിശ്വാസം; ശിരോകവചമായി രക്ഷ; വാളായി ആത്മാവ്. അതിലും മെച്ചമായ ഏത് ഉപകരണങ്ങളാണ് ഒരുവനു പ്രതീക്ഷിക്കാനാകുക? അത്തരം പടച്ചട്ട ധരിക്കുന്ന ഒരു ക്രിസ്തീയ ഭടൻ വൻ പ്രതികൂല സാഹചര്യങ്ങളിൻ മധ്യേ പോലും വിജയിക്കാൻ സകല സാധ്യതയുമുണ്ട്.—എഫെസ്യർ 6:13-17.
യഹോവയിൽ നിന്നുള്ള പടച്ചട്ട ഏറ്റവും ഉത്തമവും നമുക്കു സുരക്ഷിതത്വം നൽകുന്നതും ആണെങ്കിലും,
നാം അവയെ നിസ്സാരമായി കാണരുത്. അജയ്യനായി കരുതപ്പെട്ടിരുന്ന അക്കിലിസിന്റെ കാര്യം കണക്കിലെടുക്കുമ്പോൾ, നമുക്കും ഒരു ബലഹീന വശം ഉണ്ടായിരുന്നേക്കുമോ? നാം ജാഗ്രത പുലർത്താത്തപക്ഷം അതു മാരകമെന്നു തെളിഞ്ഞേക്കാം.ആത്മീയ പടച്ചട്ട പരിശോധിക്കുക
രണ്ടു പ്രാവശ്യം ഒളിമ്പിക് സ്വർണ മെഡൽ ജേതാവായ ഒരു ഐസ് സ്കേറ്റർ, പ്രത്യക്ഷത്തിൽ ശാരീരികമായ യാതൊരു കുഴപ്പവും ഇല്ലാതിരിക്കെ, പരിശീലന സമയത്ത് കുഴഞ്ഞു വീണു മരിച്ചു. അതിനുശേഷം അധികനാൾ കഴിയുന്നതിനു മുമ്പ്, ദ ന്യൂയോർക്ക് ടൈംസിൽ ശ്രദ്ധേയമായ ഒരു വാർത്ത വന്നു: “ഓരോ വർഷവും ഹൃദയാഘാതം ഉണ്ടാകുന്ന 6,00,000 അമേരിക്കക്കാരിൽ നേരത്തേ അതിന്റെ യാതൊരു ലക്ഷണവും കാണാറില്ല.” വ്യക്തമായും, നമുക്ക് എങ്ങനെ തോന്നുന്നു എന്നതിനെ മാത്രം ആശ്രയിച്ച് നമ്മുടെ ആരോഗ്യാവസ്ഥയെ നിർണയിക്കാനാവില്ല.
നമ്മുടെ ആത്മീയ ക്ഷേമത്തിന്റെ കാര്യത്തിലും അതു സത്യമാണ്. “താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ” എന്നു ബൈബിൾ ബുദ്ധിയുപദേശിക്കുന്നു. (1 കൊരിന്ത്യർ 10:12) ലഭ്യമായ ഏറ്റവും നല്ല പടച്ചട്ടയാണ് ഉള്ളതെങ്കിൽ പോലും, നമുക്ക് ഒരു ബലഹീന വശം ഉണ്ടായിരുന്നേക്കാം. നാം പാപികളായി ജനിക്കുന്നു എന്നതാണ് അതിന്റെ കാരണം. പാപപൂർണമായ, അപൂർണമായ നമ്മുടെ പ്രകൃതം ദൈവഹിതം ചെയ്യാനുള്ള നമ്മുടെ തീരുമാനത്തെ അടിച്ചമർത്തിയേക്കാം. (സങ്കീർത്തനം 51:5) നമുക്കു നല്ല ഉദ്ദേശ്യങ്ങൾ ഉള്ളപ്പോൾ പോലും, എളുപ്പത്തിൽ നമ്മുടെ ബലഹീനത തള്ളിക്കളയാനും കുഴപ്പമൊന്നുമില്ല എന്നു തെറ്റായി നിഗമനം ചെയ്യാനും നമ്മെ പ്രേരിപ്പിക്കത്തക്കവിധം വ്യാജ ന്യായവാദങ്ങളും ഒഴികഴിവുകളും കെട്ടിച്ചമച്ചുകൊണ്ട് നമ്മുടെ വഞ്ചക ഹൃദയത്തിനു നമ്മെ ചതിക്കാൻ കഴിയും.—യിരെമ്യാവു 17:9; റോമർ 7:21-23.
മാത്രമല്ല, ശരിയും തെറ്റും സംബന്ധിച്ച് ആശയക്കുഴപ്പവും അവ്യക്തതയും ഉള്ള ഒരു ലോകത്തിലാണു നാം ജീവിക്കുന്നത്. ഒരുവൻ ഒരു സംഗതി ശരിയോ തെറ്റോ എന്നു നിർണയിക്കുന്നതു സ്വന്തം മനോഭാവം അനുസരിച്ച് ആയിരിക്കാം. പരസ്യങ്ങളും ജനപ്രിയ വിനോദങ്ങളും മാധ്യമങ്ങളുമെല്ലാം അത്തരം ചിന്തയെ പ്രോത്സാഹിപ്പിച്ചേക്കാം. വ്യക്തമായും, നാം ജാഗരൂകരല്ലെങ്കിൽ അത്തരം ചിന്താഗതിയിലേക്കു വഴുതിവീണേക്കാം. അങ്ങനെ നമ്മുടെ ആത്മീയ പടച്ചട്ട ദുർബലമായെന്നും വരാം.
അത്തരം അപകടകരമായ സാഹചര്യത്തിൽ ചെന്നുചാടുന്നതിനു പകരം, നാം ബൈബിളിന്റെ ഈ ബുദ്ധിയുപദേശത്തിനു ചെവി കൊടുക്കണം: “നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു നിങ്ങളെത്തന്നേ പരീക്ഷിപ്പിൻ; നിങ്ങളെത്തന്നേ ശോധന ചെയ്വിൻ.” (2 കൊരിന്ത്യർ 13:5) നാം അങ്ങനെ ചെയ്യുമ്പോൾ, ഒരുപക്ഷേ ഉണ്ടായിരുന്നേക്കാവുന്ന ബലഹീന വശം കാണാനും, നമ്മുടെ ശത്രുക്കൾ അതു കണ്ടെത്തി നമ്മെ ആക്രമിക്കുന്നതിനു മുമ്പ്, അതു പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും നമുക്കു കഴിയും. എന്നാൽ, അത്തരം ഒരു പരിശോധന എങ്ങനെയാണു നടത്തുക? ആത്മപരിശോധന നടത്തുമ്പോൾ ബലഹീനത സംബന്ധിച്ചു നാം നോക്കേണ്ട ചില ലക്ഷണങ്ങൾ ഏവയാണ്?
ലക്ഷണങ്ങൾ തിരിച്ചറിയൽ
ആത്മീയ ബലഹീനതയെ സൂചിപ്പിച്ചേക്കാവുന്ന പൊതുവായ ഒരു ലക്ഷണമാണു വ്യക്തിപരമായ പഠനശീലങ്ങളിലുള്ള മാന്ദ്യം. ചിലർക്കു കൂടുതലായി പഠിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും, അതിന് ആവശ്യമായ സമയം കണ്ടെത്താൻ കഴിയാത്തതു പോലെ തോന്നുന്നു. ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ അത്തരം മോശമായ ഒരു സ്ഥിതിവിശേഷത്തിൽ ചെന്നുചാടുക എളുപ്പമാണ്. സാധിക്കുമ്പോഴൊക്കെ ബൈബിൾ പ്രസിദ്ധീകരണങ്ങൾ വായിക്കുകയും ചില ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിക്കുകയും ചെയ്യുന്നതിനാൽ തങ്ങൾ അത്ര മോശമായ സ്ഥിതിവിശേഷത്തിൽ അല്ല എന്ന് ആളുകൾ മിക്കപ്പോഴും കരുതുന്നു എന്നതാണ് ഏറെ സങ്കടകരമായ സംഗതി.
അത്തരം ന്യായവാദം ഒരുതരം ആത്മവഞ്ചനയാണ്. ആഹാരം കഴിക്കാൻ സാധിക്കാത്ത വിധം താൻ വളരെ തിരക്കിലാണെന്നു കരുതുന്ന ഒരു മനുഷ്യന്റെ കാര്യം പോലെ ആയിരിക്കും അത്. അതിനാൽ, പലതും ചെയ്യുന്നതിനിടെ അൽപ്പമെന്തെങ്കിലും അയാൾ കഴിക്കുന്നു. അയാൾ പട്ടിണിയിൽ അല്ലെങ്കിലും, ഭാവിയിൽ ആരോഗ്യപ്രശ്നങ്ങൾ ഉടലെടുത്തേക്കാം. സമാനമായി, പരിപുഷ്ടിപ്പെടുത്തുന്ന ആത്മീയ ഭക്ഷണം ക്രമമായി കഴിക്കാത്തപക്ഷം നമ്മുടെ ആത്മീയ പടച്ചട്ടയുടെ ഏതെങ്കിലും ഒരു ഭാഗം ബലഹീനമായേക്കാം. ലൗകിക ആശയപ്രചാരണങ്ങളുടെയും മനോഭാവങ്ങളുടെയും നിരന്തര ആക്രമണം ഉള്ളതിനാൽ, സാത്താന്റെ മാരകമായ ആക്രമണങ്ങൾക്കു നാം എളുപ്പം വിധേയരായേക്കാം.
നമ്മുടെ ആത്മീയ ക്ഷേമത്തിന്റെ കാര്യത്തിൽ അടിയന്തിരതാബോധം നഷ്ടപ്പെടുന്നെങ്കിൽ, അത് ആത്മീയ ബലഹീനതയുടെ മറ്റൊരു ലക്ഷണമാണ്. ഒരു പട്ടാളക്കാരനു യുദ്ധസമയത്തെ പിരിമുറുക്കവും അപകട ഭീഷണിയും സമാധാനകാലത്ത് ഉണ്ടാകാറില്ല. അതുകൊണ്ട്, സജ്ജനായിരിക്കേണ്ടതിന്റെ അടിയന്തിരത അയാൾക്കു തോന്നുകയില്ലായിരിക്കാം. തന്നെ സേവനത്തിനായി പെട്ടെന്നു വിളിക്കുന്നപക്ഷം അയാൾ സജ്ജനല്ലാത്ത അവസ്ഥയിൽ ആയിരിക്കാം. ആത്മീയമായും അതുതന്നെ സത്യമാണ്. അടിയന്തിരതാബോധം നഷ്ടമാകാൻ അനുവദിക്കുന്നെങ്കിൽ, നേരിട്ടേക്കാവുന്ന ആക്രമണങ്ങളെ ചെറുത്തുനിൽക്കാൻ നമുക്കു കഴിയാതെ വന്നേക്കാം.
അത്തരമൊരു അവസ്ഥയിലേക്കു നാം വീണുപോയിരിക്കുന്നുവോ എന്ന് എങ്ങനെ പറയാൻ കഴിയും? കാര്യങ്ങളുടെ യഥാർഥ അവസ്ഥ വെളിപ്പെടുത്തിയേക്കാവുന്ന ചില ചോദ്യങ്ങൾ നമുക്കു സ്വയം ചോദിക്കാവുന്നതാണ്: ഒരു വിനോദ പരിപാടിക്കു പോകുന്ന അത്രയും ശുഷ്കാന്തി വയൽ സേവനത്തിനു പോകുന്ന കാര്യത്തിൽ എനിക്കുണ്ടോ? ടിവി കാണുന്നതിലുള്ള അത്രയും താത്പര്യം യോഗങ്ങൾക്കു തയ്യാറാകുന്ന കാര്യത്തിൽ ഉണ്ടോ? ഒരു ക്രിസ്ത്യാനി ആയപ്പോൾ ഉപേക്ഷിച്ച കാര്യങ്ങളെയും അവസരങ്ങളെയും കുറിച്ച് എനിക്കു നഷ്ടബോധം തോന്നുന്നുണ്ടോ? മറ്റുള്ളവരുടെ സുഖജീവിതത്തിൽ ഞാൻ അസൂയാലു ആണോ? സ്വയം വിലയിരുത്താൻ സഹായിക്കുന്ന ഈ ചോദ്യങ്ങൾ നമ്മുടെ ആത്മീയ പടച്ചട്ടയിൽ ഉണ്ടായിരിക്കാവുന്ന ബലഹീന വശം കാണാൻ സഹായിക്കും.
നമുക്കുള്ള സംരക്ഷണാത്മക പടച്ചട്ട ആത്മീയമായതിനാൽ, നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ പരിശുദ്ധാത്മാവ് സ്വതന്ത്രമായി ഒഴുകേണ്ടത് അനിവാര്യമാണ്. നമ്മുടെ എല്ലാ പ്രവർത്തനങ്ങളിലും ദൈവാത്മാവിന്റെ ഫലം എത്രത്തോളം ഉണ്ട് എന്നതിൽ ഇതു പ്രതിഫലിച്ചിരിക്കുന്നു. മറ്റുള്ളവർ നിങ്ങൾക്ക് ഇഷ്ടമില്ലാത്ത എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുമ്പോൾ നിങ്ങൾ പെട്ടെന്ന് അസ്വസ്ഥനോ ആകുലചിത്തനോ ആകുന്നുവോ? ബുദ്ധിയുപദേശം സ്വീകരിക്കാൻ നിങ്ങൾക്കു ബുദ്ധിമുട്ടുണ്ടോ, അതോ മറ്റുള്ളവർ എപ്പോഴും നിങ്ങളുടെമേൽ കുതിര കയറാൻ ശ്രമിക്കുന്നുവെന്നു നിങ്ങൾ കരുതുന്നുവോ? മറ്റുള്ളവരുടെ അനുഗ്രഹങ്ങളിലും നേട്ടങ്ങളിലും നിങ്ങൾ അങ്ങേയറ്റം അസൂയ ഉള്ളവനാണോ? മറ്റുള്ളവരുമായി, പ്രത്യേകിച്ച് നിങ്ങളുടെ സമപ്രായക്കാരുമായി, ഒത്തുപോകാൻ നിങ്ങൾക്കു ബുദ്ധിമുട്ടുണ്ടോ? നമ്മുടെ ജീവിതം ദൈവാത്മാവിന്റെ ഫലം നിറഞ്ഞതാണോ അതോ നാം അറിയാതെതന്നെ ജഡത്തിന്റെ പ്രവൃത്തികൾ നമ്മുടെ ഉള്ളിൽ വേരു പിടിക്കുന്നുവോ എന്നു മനസ്സിലാക്കാൻ സത്യസന്ധമായ ഒരു വിലയിരുത്തൽ നടത്തുന്നതിലൂടെ സാധിക്കും.—ഗലാത്യർ 5:22-26; എഫെസ്യർ 4:22-27.
ആത്മീയ ബലഹീനത മറികടക്കാൻ ക്രിയാത്മക പടികൾ
ആത്മീയ ബലഹീനതയുടെ ലക്ഷണങ്ങൾ തിരിച്ചറിയുന്നത് ഒരു സംഗതി; അവ നേരിടുന്നതും തിരുത്താനുള്ള നടപടികൾ സ്വീകരിക്കുന്നതും മറ്റൊരു സംഗതി. ഒഴികഴിവുകൾ പറയാൻ, വ്യാജമായ കാരണങ്ങൾ നിരത്താൻ, പ്രശ്നത്തെ ചെറുതാക്കി കാണാൻ, അല്ലെങ്കിൽ ഒരു പ്രശ്നവും ഇല്ലെന്നു വാദിക്കാൻ കാട്ടുന്ന പ്രവണത ഖേദകരമാണ്. അത് എത്രയോ അപകടകരമാണ്—എല്ലാ ഘടകങ്ങളും ഇല്ലാത്ത ഒരു പടച്ചട്ട ധരിച്ചുകൊണ്ട് യുദ്ധത്തിനു പോകുന്നതു പോലെയാണ് അത്! അത്തരമൊരു ഗതി സാത്താന്റെ ആക്രമണത്തിൽ നാം പരാജയപ്പെടാൻ ഇടയാക്കിയേക്കാം. മറിച്ച്, ശ്രദ്ധയിൽ പെടുന്ന കുറവുകൾ പരിഹരിക്കാൻ നാം സത്വരം ക്രിയാത്മകമായ നടപടികൾ സ്വീകരിക്കണം. നമുക്ക് എന്തു ചെയ്യാൻ കഴിയും?—റോമർ 8:13; യാക്കോബ് 1:22-25.
നാം ആത്മീയ യുദ്ധത്തിൽ—ക്രിസ്ത്യാനിയുടെ മനസ്സിന്റെയും ഹൃദയത്തിന്റെയും മേലുള്ള നിയന്ത്രണം ഉൾപ്പെടുന്ന പോരാട്ടത്തിൽ—ഏർപ്പെട്ടിരിക്കുന്നതിനാൽ, സഹജമായ കഴിവുകൾ സംരക്ഷിക്കാനാവശ്യമായ സകലവും നാം ചെയ്യേണ്ടതുണ്ട്. ഹൃദയത്തെ സംരക്ഷിക്കുന്ന “നീതി എന്ന കവച”വും ചിന്തകളെ സംരക്ഷിക്കുന്ന “രക്ഷ എന്ന ശിരസ്ത്രവും” നമ്മുടെ ആത്മീയ പടച്ചട്ടയുടെ ഭാഗമാണെന്ന് ഓർക്കുക. ഇവ ഫലപ്രദമായി ഉപയോഗിക്കാൻ പഠിക്കുന്നതിനെ ആശ്രയിച്ചായിരിക്കും വിജയവും പരാജയവും.—എഫെസ്യർ 6:14-17; സദൃശവാക്യങ്ങൾ 4:23; റോമർ 12:2.
“നീതി എന്ന കവചം” ഉചിതമായി ധരിക്കുന്നതിനു നീതിയോടുള്ള നമ്മുടെ സ്നേഹവും അധർമത്തോടുള്ള വെറുപ്പും സംബന്ധിച്ചു നാം നിരന്തരം നമ്മെത്തന്നെ പരിശോധിക്കേണ്ടതുണ്ട്. (സങ്കീർത്തനം 45:7; 97:10; ആമോസ് 5:15) നമ്മുടെ നിലവാരങ്ങൾ ലോകത്തിന്റെ നിലവാരങ്ങളിലേക്കു താണുപോയിരിക്കുന്നുവോ? യഥാർഥ ജീവിതത്തിൽ ഉള്ളതായിരുന്നാലും ശരി, ടിവിയിലോ സിനിമകളിലോ പുസ്തകങ്ങളിലോ മാസികകളിലോ ഉള്ളതായിരുന്നാലും ശരി, ഒരിക്കൽ നമ്മെ ഞെട്ടിച്ചിരുന്നതോ അസ്വസ്ഥമാക്കിയിരുന്നതോ ആയ സംഗതികൾ ഇപ്പോൾ രസകരമായി നമുക്കു തോന്നുന്നുവോ? സ്വാതന്ത്ര്യവും പുരോഗതിയും എന്നു ലോകം വാഴ്ത്തിപ്പാടുന്ന സംഗതികൾ, വാസ്തവത്തിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ള വിധത്തിൽ അവതരിപ്പിക്കപ്പെടുന്ന കുത്തഴിഞ്ഞ നടത്തയും വഞ്ചനയും ആണെന്നു കാണാൻ നീതിയോടുള്ള സ്നേഹം നമ്മെ സഹായിക്കും.—റോമർ 13:13, 14; തീത്തൊസ് 2:12.
ലോകത്തിന്റെ പകിട്ടിനാലോ പ്രതാപത്താലോ വഴിതെറ്റിപ്പോകാൻ സ്വയം അനുവദിക്കാതെ മുന്നിലുള്ള അത്ഭുതകരമായ അനുഗ്രഹങ്ങൾ വ്യക്തമായി മനസ്സിൽ പിടിക്കുന്നത് ‘രക്ഷ എന്ന ശിരസ്ത്രം’ ധരിക്കുന്നതിൽ ഉൾപ്പെടുന്നു. (എബ്രായർ 12:2, 3; 1 യോഹന്നാൻ 2:16) ഭൗതികമോ വ്യക്തിപരമോ ആയ നേട്ടങ്ങളെക്കാൾ ആത്മീയ താത്പര്യങ്ങൾ ഒന്നാമതു വെക്കാൻ ഈ വീക്ഷണം നമ്മെ സഹായിക്കും. (മത്തായി 6:33) അതുകൊണ്ട് പടച്ചട്ടയുടെ ഈ ഭാഗം യഥാസ്ഥാനത്തുതന്നെ ഉണ്ടെന്ന് ഉറപ്പു വരുത്താൻ നാം സത്യസന്ധമായി ഇങ്ങനെ ചോദിക്കണം: ഞാൻ ജീവിതത്തിൽ എന്തിനെ അനുധാവനം ചെയ്യുന്നു? എനിക്കു വ്യക്തമായ ആത്മീയ ലക്ഷ്യങ്ങൾ ഉണ്ടോ? അവ എത്തിപ്പിടിക്കാൻ ഞാൻ എന്താണു ചെയ്യുന്നത്? അഭിഷിക്ത ശേഷിപ്പിൽ പെട്ടവർ ആയിരുന്നാലും വർധിച്ചുവരുന്ന “മഹാപുരുഷാര”ത്തിൽ പെട്ടവർ ആയിരുന്നാലും, പിൻവരുന്ന പ്രകാരം പറഞ്ഞ പൗലൊസിനെ നാം അനുകരിക്കണം: “ഞാൻ പിടിച്ചിരിക്കുന്നു എന്നു നിരൂപിക്കുന്നില്ല. ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞുംകൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്ക് ഓടുന്നു.”—വെളിപ്പാടു 7:9; ഫിലിപ്പിയർ 3:13, 14.
നമ്മുടെ ആത്മീയ പടച്ചട്ട സംബന്ധിച്ച പൗലൊസിന്റെ വിവരണത്തിൽ പിൻവരുന്ന ബുദ്ധിയുപദേശവും അടങ്ങുന്നു: “സകലപ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും അതിന്നായി ജാഗരിച്ചുംകൊണ്ടു സകലവിശുദ്ധൻമാർക്കും എനിക്കുംവേണ്ടി പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പിൻ.” (എഫെസ്യർ 6:18) ഏതെങ്കിലും ആത്മീയ ബലഹീനത ഉണ്ടെങ്കിൽ അതു തടയുന്നതിന് അല്ലെങ്കിൽ മറികടക്കുന്നതിനു നമുക്കു സ്വീകരിക്കാൻ കഴിയുന്ന രണ്ടു ക്രിയാത്മക നടപടികൾ ഈ വാക്യം സൂചിപ്പിക്കുന്നു: ദൈവവുമായി നല്ല ഒരു ബന്ധം വളർത്തിയെടുക്കുക, സഹ ക്രിസ്ത്യാനികളുമായി ഉറ്റബന്ധം നിലനിർത്തുക.
“ഏതു നേരത്തും” (പരസ്യമായും സ്വകാര്യമായും വ്യക്തിപരമായും തോന്നുമ്പോഴൊക്കെയും ഉള്ള) “സകല” പ്രാർഥനയാലും (പാപങ്ങൾ ഏറ്റുപറയൽ, ക്ഷമയ്ക്കായി അപേക്ഷിക്കൽ, മാർഗനിർദേശം തേടൽ, അനുഗ്രഹങ്ങൾക്കു നന്ദി നൽകൽ, ഹൃദയത്തിൽനിന്നുള്ള സ്തുതി അർപ്പിക്കൽ) യഹോവയിലേക്കു തിരിയുന്ന ഒരു ശീലം ഉണ്ടെങ്കിൽ, നമുക്കു യഹോവയോടുള്ള അടുപ്പം വർധിക്കും. അതാണു നമുക്ക് ഉണ്ടായിരിക്കാൻ കഴിയുന്ന ഏറ്റവും വലിയ സംരക്ഷണം.—റോമർ 8:31; യാക്കോബ് 4:7, 8.
‘സകലവിശുദ്ധൻമാർക്കും വേണ്ടി,’ അതായത് നമ്മുടെ സഹ വിശ്വാസികൾക്കു വേണ്ടി, പ്രാർഥിക്കാനും നമ്മെ ഉദ്ബോധിപ്പിച്ചിരിക്കുന്നു. പീഡനമോ മറ്റു കഷ്ടതകളോ സഹിക്കുന്ന, വിദൂര ദേശങ്ങളിലെ നമ്മുടെ ആത്മീയ സഹോദരന്മാരെ നാം പ്രാർഥനയിൽ ഓർക്കുന്നുണ്ടാകും. എന്നാൽ നാം ദിവസവും സഹവസിക്കുന്ന, കൂടെ ജോലി ചെയ്യുന്ന സഹോദരങ്ങളുടെ കാര്യമോ? യേശു തന്റെ ശിഷ്യന്മാർക്കു വേണ്ടി പ്രാർഥിച്ചതുപോലെ, അവർക്കു വേണ്ടി പ്രാർഥിക്കുന്നതും ഉചിതമാണ്. (യോഹന്നാൻ 17:9; യാക്കോബ് 5:16) അത്തരം പ്രാർഥനകൾ നമ്മുടെ പരസ്പര അടുപ്പം വർധിപ്പിക്കുകയും “ദുഷ്ടന്റെ” ആക്രമണങ്ങളെ ചെറുത്തുനിൽക്കാൻ നമ്മെ ബലിഷ്ഠരാക്കുകയും ചെയ്യും.—2 തെസ്സലൊനീക്യർ 3:1-3.
പത്രൊസ് അപ്പൊസ്തലന്റെ പിൻവരുന്ന സ്നേഹമസൃണമായ ബുദ്ധിയുപദേശം സദാ മനസ്സിൽ അടുപ്പിച്ചു നിർത്തുകയും ചെയ്യുക: “എല്ലാററിന്റെയും അവസാനം സമീപിച്ചിരിക്കുന്നു; ആകയാൽ പ്രാർത്ഥനെക്കു സുബോധമുള്ളവരും നിർമ്മദരുമായിരിപ്പിൻ. സകലത്തിന്നും മുമ്പെ തമ്മിൽ ഉററ സ്നേഹം ഉള്ളവരായിരിപ്പിൻ. സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറെക്കുന്നു.” (1 പത്രൊസ് 4:7, 8) മറ്റുള്ളവരുടെയും നമ്മുടെതന്നെയും മാനുഷിക അപൂർണതകൾ മനസ്സിലേക്കും ഹൃദയത്തിലേക്കും കടന്നുവരാൻ അനുവദിച്ചാൽ അവ പ്രതിബന്ധമായി, ഇടർച്ചക്കല്ലായി തീരുക എളുപ്പമാണ്. മനുഷ്യന്റെ ഈ ബലഹീനത സാത്താനു നന്നായി അറിയാം. അവന്റെ കുടില തന്ത്രങ്ങളിൽ ഒന്ന് ഭിന്നിപ്പിച്ചു പിടിച്ചടക്കുക എന്നതാണ്. അതുകൊണ്ട്, അന്യോന്യമുള്ള ഉറ്റ സ്നേഹംകൊണ്ട് അത്തരം പാപങ്ങൾ നാം ക്ഷണത്തിൽ മൂടിക്കളയുകയും ‘പിശാചിന് ഇടം കൊടു’ക്കാതിരിക്കുകയും വേണം.—എഫെസ്യർ 4:25-27.
ഇപ്പോൾ ആത്മീയമായി ബലിഷ്ഠരായിരിക്കുക
നിങ്ങളുടെ മുടി പാറിപ്പറന്നു കിടക്കുന്നതോ വസ്ത്രം ശരിയാംവണ്ണം അല്ലാതിരിക്കുന്നതോ കണ്ടാൽ, നിങ്ങൾ എന്തു ചെയ്യും? സാധ്യതയനുസരിച്ച്, ഉടനെതന്നെ നിങ്ങൾ അതു നേരെയാക്കും. അത്തരം ക്രമക്കേടുകളൊന്നും കുഴപ്പമില്ല എന്നു കരുതി അതു ശരിയാക്കാതെ വിടുന്നവർ വിരളമായിരിക്കും. അതുപോലെ, നമ്മുടെ ആത്മീയ ബലഹീനതയുടെ കാര്യത്തിൽ നമുക്കു സത്വരം പ്രതികരിക്കാം. ബാഹ്യമായ കുറവുകൾ, ആളുകൾ അനിഷ്ടത്തോടെ നമ്മെ വീക്ഷിക്കാൻ ഇടയാക്കിയേക്കാം. എന്നാൽ, തിരുത്താതെ വിട്ടുകളയുന്ന ആത്മീയ കുറവുകൾ യഹോവയുടെ അപ്രീതിക്കായിരിക്കും ഇടവരുത്തുന്നത്.—1 ശമൂവേൽ 16:7.
ആത്മീയ ബലഹീനത ഒഴിവാക്കി കരുത്തുറ്റവരായി നിലകൊള്ളാൻ നമ്മെ സഹായിക്കാൻ ആവശ്യമായ സകല സംഗതികളും യഹോവ സ്നേഹപൂർവം നമുക്കു തന്നിട്ടുണ്ട്. ക്രിസ്തീയ യോഗങ്ങളും ബൈബിൾ പ്രസിദ്ധീകരണങ്ങളും വഴിയും അതുപോലെതന്നെ പക്വതയും കരുതലുമുള്ള സഹ ക്രിസ്ത്യാനികൾ മുഖാന്തരവും നാം എന്തു ചെയ്യണം എന്നതു സംബന്ധിച്ച് അവൻ നിരന്തര ഓർമിപ്പിക്കലുകളും നിർദേശങ്ങളും നൽകുന്നു. അതു സ്വീകരിച്ചു ബാധകമാക്കേണ്ട ഉത്തരവാദിത്വം നമുക്കാണ്. അതിനു ശ്രമവും ആത്മശിക്ഷണവും ആവശ്യമാണ്. എന്നാൽ, പൗലൊസ് അപ്പൊസ്തലൻ സത്യസന്ധമായി പറഞ്ഞ കാര്യം ശ്രദ്ധിക്കുക: “ഞാൻ നിശ്ചയമില്ലാത്തവണ്ണമല്ല ഓടുന്നതു; ആകാശത്തെ കുത്തുന്നതു പോലെയല്ല ഞാൻ മുഷ്ടിയുദ്ധം ചെയ്യുന്നതു. മററുള്ളവരോടു പ്രസംഗിച്ചശേഷം ഞാൻ തന്നേ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന്നു എന്റെ ശരീരത്തെ ദണ്ഡിപ്പിച്ചു അടിമയാക്കുകയത്രേ ചെയ്യുന്നതു.”—1 കൊരിന്ത്യർ 9:26, 27.
ജാഗ്രത പുലർത്തുക. ആത്മീയമായ അർഥത്തിൽ, നമുക്ക് അക്കിലിസിന്റെ ഉപ്പൂറ്റികൾ പോലെ ബലഹീനമായ ഒരു വശം ഉണ്ടാകാൻ അനുവദിക്കാതിരിക്കാം. പകരം, നമുക്ക് ഉണ്ടായിരുന്നേക്കാവുന്ന ആത്മീയ ബലഹീനത തിരിച്ചറിഞ്ഞു താഴ്മയോടെയും ധൈര്യത്തോടെയും അതു മറികടക്കാൻ ആവശ്യമായ സംഗതികൾ ചെയ്യാം.
[19-ാം പേജിലെ ആകർഷകവാക്യം]
“നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു നിങ്ങളെത്തന്നേ പരീക്ഷിപ്പിൻ; നിങ്ങളെത്തന്നേ ശോധനചെയ്വിൻ.”—2 കൊരിന്ത്യർ 13:5.
[21-ാം പേജിലെ ആകർഷകവാക്യം]
‘പ്രാർത്ഥനെക്കു സുബോധമുള്ളവർ ആയിരിപ്പിൻ. സകലത്തിന്നും മുമ്പെ തമ്മിൽ ഉററ സ്നേഹം ഉള്ളവരായിരിപ്പിൻ. സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറെക്കുന്നു.’—1 പത്രൊസ് 4:7, 8.
[20-ാം പേജിലെ ചതുരം/ചിത്രം]
സ്വയം ചോദിക്കുക . . .
◆ എനിക്ക് ടിവി കാണുന്നതിലുള്ള അത്രയും താത്പര്യം യോഗങ്ങൾക്കു തയ്യാറാകുന്ന കാര്യത്തിൽ ഉണ്ടോ?
◆ മറ്റുള്ളവരുടെ സുഖജീവിതത്തിൽ ഞാൻ അസൂയാലു ആണോ?
◆ മറ്റുള്ളവർ എനിക്ക് ഇഷ്ടമില്ലാത്ത എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുമ്പോൾ ഞാൻ പെട്ടെന്ന് അസ്വസ്ഥനോ ആകുലചിത്തനോ ആകുന്നുവോ?
◆ ബുദ്ധിയുപദേശം സ്വീകരിക്കാൻ എനിക്കു ബുദ്ധിമുട്ടുണ്ടോ, അതോ മറ്റുള്ളവർ എപ്പോഴും എന്റെമേൽ കുതിര കയറാൻ ശ്രമിക്കുന്നുവെന്നു ഞാൻ കരുതുന്നുവോ?
◆ മറ്റുള്ളവരുമായി ഒത്തുപോകാൻ എനിക്കു ബുദ്ധിമുട്ടുണ്ടോ?
◆ എന്റെ നിലവാരങ്ങൾ ലോകത്തിന്റെ നിലവാരങ്ങളിലേക്കു താണുപോയിരിക്കുന്നുവോ?
◆ എനിക്കു വ്യക്തമായ ആത്മീയ ലക്ഷ്യങ്ങൾ ഉണ്ടോ?
◆ ആത്മീയ ലക്ഷ്യങ്ങൾ എത്തിപ്പിടിക്കാൻ ഞാൻ എന്താണു ചെയ്യുന്നത്?
[18-ാം പേജിലെ ചിത്രത്തിന് കടപ്പാട]
അക്കിലിസ്: From the book Great Men and Famous Women; റോമൻ പടയാളികളും 21-ാം പേജിലെ ചിത്രങ്ങളും: Historic Costume in Pictures/Dover Publications, Inc., New York