കൊളീജിയന്മാർ—ബൈബിൾ പഠനം അവരെ വ്യത്യസ്തരാക്കി
കൊളീജിയന്മാർ—ബൈബിൾ പഠനം അവരെ വ്യത്യസ്തരാക്കി
കൊളീജിയന്മാരെ കുറിച്ചു നിങ്ങൾ കേട്ടിട്ടുണ്ടോ?
17-ാം നൂറ്റാണ്ടിലെ ഈ കൊച്ചു മതവിഭാഗം അക്കാലത്തെ വ്യവസ്ഥാപിത മതങ്ങളിൽനിന്നു വളരെ വ്യത്യസ്തമായിരുന്നു. എങ്ങനെ? നമുക്ക് അവരിൽനിന്ന് എന്തു പഠിക്കാൻ കഴിയും? അതു മനസ്സിലാക്കാൻ നമുക്ക് ആ കാലഘട്ടത്തിലേക്കു പോകാം.
യാക്കോബ്യുസ് ആർമിനിയസ് (അഥവാ, യാക്കോബ് ഹാർമെൻസൺ) ആംസ്റ്റർഡാം എന്ന നഗരത്തിൽ എത്തിച്ചേർന്നത് 1587-ൽ ആണ്. അദ്ദേഹത്തിനു ജോലി കണ്ടെത്താൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല. കാരണം, അദ്ദേഹം നല്ല യോഗ്യതയുള്ള ആളായിരുന്നു. 21-ാമത്തെ വയസ്സിൽ അദ്ദേഹം ഹോളണ്ടിലെ ലൈഡൻ സർവകലാശാലയിൽനിന്നു ബിരുദം നേടി. അതിനുശേഷം, ആറു വർഷം സ്വിറ്റ്സർലണ്ടിൽ ചെലവഴിച്ച്, പ്രൊട്ടസ്റ്റന്റ് നവോത്ഥാന പ്രവർത്തകനായ ജോൺ കാൽവിന്റെ പിൻഗാമിയായ തേയൊഡൊർ ബിസയുടെ കീഴിൽ ദൈവശാസ്ത്രം അഭ്യസിച്ചു. 27 വയസ്സുള്ള ആർമിനിയസിനെ തങ്ങളുടെ പാസ്റ്റർമാരിൽ ഒരുവനായി നിയമിക്കാൻ ആംസ്റ്റർഡാമിലെ പ്രൊട്ടസ്റ്റന്റുകാർ സന്തോഷമുള്ളവർ ആയിരുന്നതിൽ അതിശയിക്കാനില്ല! എന്നാൽ ഏതാനും വർഷങ്ങൾക്കു ശേഷം, പല സഭാംഗങ്ങളും തങ്ങളുടെ തീരുമാനത്തെപ്രതി ഖേദിച്ചു. എന്തുകൊണ്ട്?
മുൻനിർണയം എന്ന വിവാദവിഷയം
ആർമിനിയസ് പാസ്റ്ററായിത്തീർന്ന ഉടനേ മുൻനിർണയ പഠിപ്പിക്കൽ സംബന്ധിച്ച് ആംസ്റ്റർഡാമിലെ പ്രൊട്ടസ്റ്റന്റുകാർക്കിടയിൽ പിരിമുറുക്കം വളർന്നുവന്നു. ആ ഉപദേശം കാൽവിനികവാദത്തിന്റെ ആണിക്കല്ലായിരുന്നു. എന്നാൽ, പ്രസ്തുത പഠിപ്പിക്കൽ പ്രകാരം ചിലർക്കു രക്ഷയും മറ്റു ചിലർക്കു കുറ്റവിധിയും മുൻനിർണയിച്ച ദൈവം ക്രൂരനും നീതികെട്ടവനും ആണെന്നു ചിലർ കരുതി. ബിസയുടെ ഒരു ശിഷ്യൻ ആയിരുന്ന ആർമിനിയസ് വിമതപ്രശ്നം പരിഹരിക്കും എന്നാണു കാൽവിനികവാദികൾ കരുതിയത്. എന്നാൽ ആർമിനിയസ് ആകട്ടെ വിമതരോടു ചേരുകയാണു ചെയ്തത്. അതു കാൽവിനികവാദികൾ തീരെ പ്രതീക്ഷിക്കാത്തതായിരുന്നു. 1593 ആയപ്പോഴേക്കും വിവാദം മൂർച്ഛിച്ച് ആ നഗരത്തിലെ പ്രൊട്ടസ്റ്റന്റുകാർ രണ്ടു വിഭാഗങ്ങളായി പിരിഞ്ഞു—മുൻനിർണയ ഉപദേശത്തെ പിന്താങ്ങിയവർ ഒരു വിഭാഗം, അതിനെ എതിർത്ത മിതവാദികൾ മറ്റൊരു വിഭാഗം.
ഏതാനും വർഷങ്ങൾക്കുള്ളിൽ, ആ പ്രദേശിക സംവാദം രാജ്യമൊട്ടാകെയുള്ള ഒരു പ്രൊട്ടസ്റ്റന്റ് വിഭജനത്തിനു കാരണമായി. ഒടുവിൽ, 1618 നവംബറിൽ ഒരു ശക്തിപരീക്ഷണത്തിനുള്ള വേദിയൊരുങ്ങി. സൈന്യത്തിന്റെയും പൊതുജനങ്ങളുടെയും പിന്തുണ ഉണ്ടായിരുന്ന കാൽവിനികവാദികൾ വിമതരെ (അപ്പോഴേക്കും റിമോൺസ്ട്രന്മാർ a എന്നു വിളിക്കപ്പെട്ടിരുന്നു) ‘ഡൊർഡ്രെക്റ്റ് പ്രൊട്ടസ്റ്റന്റ് വൈദികസമിതി’യിൽ വിളിച്ചുവരുത്തി. ആ യോഗത്തിന്റെ ഒടുവിൽ റിമോൺസ്ട്രന്മാരായ എല്ലാ ശുശ്രൂഷകർക്കും ഒരു തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വന്നു: ഒന്നുകിൽ വീണ്ടും ഒരിക്കലും മതപ്രസംഗം നടത്തുകയില്ലെന്ന ഒരു പ്രതിജ്ഞയിൽ ഒപ്പു വെക്കുക, അല്ലെങ്കിൽ രാജ്യം വിടുക. മിക്കവരും തീരുമാനിച്ചത് രാജ്യം വിടാനാണ്. പിടിവാശിക്കാരായ കാൽവിനികവാദികൾ, റിമോൺസ്ട്രന്മാരായ ശുശ്രൂഷകരുടെ സ്ഥാനം കയ്യടക്കി. കാൽവിൻ പക്ഷം വിജയിച്ചു—അല്ലെങ്കിൽ വൈദികസമിതി അങ്ങനെയാണു കണക്കാക്കിയത്.
കൊളീജിയന്മാരുടെ ഉത്ഭവവും വളർച്ചയും
മറ്റ് എവിടത്തെയും പോലെതന്നെ, ലൈഡന് അടുത്തുണ്ടായിരുന്ന വാർമൊൺട് എന്ന ഗ്രാമത്തിലെ റിമോൺസ്ട്രന്മാരുടെ സഭയ്ക്ക് അതിന്റെ പാസ്റ്ററെ നഷ്ടമായി. എന്നാൽ മറ്റുള്ളിടങ്ങളിൽ നിന്നു വ്യത്യസ്തമായി, വൈദിക സമിതി പകരമായി അംഗീകരിച്ച വ്യക്തിയെ അവർ സ്വീകരിച്ചില്ല. അങ്ങനെയിരിക്കെ, റിമോൺസ്ട്രൻകാരനായ ഒരു മതശുശ്രൂഷകൻ 1620-ൽ തന്റെ ജീവൻ തൃണവത്ഗണിച്ചുകൊണ്ട് വാർമൊൺടിൽ മടങ്ങിയെത്തി. എന്നാൽ ചില സഭാംഗങ്ങൾ അദ്ദേഹത്തെയും തള്ളിക്കളയുകയാണു ചെയ്തത്. യാതൊരു വൈദികന്റെയും സഹായം കൂടാതെ അവർ തങ്ങളുടെ മതയോഗങ്ങൾ രഹസ്യമായി നടത്തി. പിന്നീട്, ആ യോഗങ്ങൾ കോളെജുകൾ എന്നു വിളിക്കപ്പെട്ടു, അതിൽ സംബന്ധിച്ചവരെ കൊളീജിയന്മാർ എന്നും.
കൊളീജിയന്മാരുടെ പ്രസ്ഥാനം രൂപം കൊണ്ടത് മതപരമായ ഏതെങ്കിലും തത്ത്വങ്ങളെ പ്രതി ആയിരുന്നില്ല, ഒരു പ്രത്യേക സാഹചര്യം നിമിത്തമായിരുന്നു. എന്നാൽ ആ സാഹചര്യത്തിനു പെട്ടെന്നുതന്നെ മാറ്റം വന്നു. പുരോഹിത മേൽനോട്ടമില്ലാതെ കൂടിവരികവഴി, തങ്ങളുടെ വിഭാഗം വ്യവസ്ഥാപിത സഭകളിൽനിന്നു വ്യത്യസ്തമായി ബൈബിളിനോടും ആദിമ ക്രിസ്ത്യാനികളുടെ രീതിയോടും കൂടുതൽ പൊരുത്തപ്പെടുക ആയിരുന്നുവെന്നു സഭാംഗമായ ചിസ്ബെർട്ട് വാൻ ഡെർ കോദ വാദിച്ചു. തൊഴിൽ പഠിക്കാൻ വിമുഖരായ പുരുഷന്മാർക്കു പണിയുണ്ടാക്കുക എന്ന ഉദ്ദേശ്യത്തിൽ അപ്പൊസ്തലന്മാരുടെ മരണശേഷം സൃഷ്ടിക്കപ്പെട്ടതാണു പൗരോഹിത്യ ക്രമീകരണം എന്ന് അദ്ദേഹം പറഞ്ഞു.
വാൻ ഡെർ കോദയും സമാന ചിന്താഗതിക്കാരും 1621-ൽ തങ്ങളുടെ യോഗങ്ങൾ സമീപ ഗ്രാമമായ റൈൻസ്ബർച്ചിലേക്കു മാറ്റി. b കുറെ വർഷങ്ങൾക്കു ശേഷം, മതപീഡനം മാറി മതസഹിഷ്ണുത നിലവിൽ വന്നപ്പോൾ കൊളീജിയന്മാരുടെ യോഗങ്ങളുടെ ഖ്യാതി രാജ്യമെങ്ങും വ്യാപിച്ചു. തത്ഫലമായി, ചരിത്രകാരനായ സെച്ച്ഫ്രിറ്റ് സിൽവർബെർച്ച് പറഞ്ഞതുപോലെ, “നാനാതരം പക്ഷികൾ” അതിൽ ആകൃഷ്ടരായി. അവരിൽ റിമോൺസ്ട്രന്മാരും മെനനൈറ്റുകളും സൊസിനിയരും, ദൈവശാസ്ത്രജ്ഞർ പോലും, ഉണ്ടായിരുന്നു. ചിലർ കർഷകർ ആയിരുന്നു. മറ്റു ചിലർ കവികളും അച്ചടിക്കാരും ഡോക്ടർമാരും വ്യാപാരികളും ആയിരുന്നു. തത്ത്വചിന്തകനായ സ്പിനോസയും (ബെനെഡിക്റ്റുസ് ദെ സ്പിനോസ) ആചാര്യനായ യോഹാൻ ആമൊസ് കൊമിനിയസും (അല്ലെങ്കിൽ, യാൻ കൊമെൻസ്കി) അതുപോലെ പ്രസിദ്ധ ചിത്രകാരനായ റെംബ്രാന്റ് വാൻ റൈനും ആ പ്രസ്ഥാനത്തോട് അനുഭാവം പ്രകടമാക്കി. ഭക്തരായ ഈ ആളുകൾ കൊണ്ടുവന്ന വിഭിന്ന ആശയങ്ങൾ കൊളീജിയൻ വിശ്വാസങ്ങളുടെ വികാസത്തെ സ്വാധീനിച്ചു.
1640-നു ശേഷം ഉത്സാഹികളായ ഇവരുടെ കൂട്ടം ത്വരിതഗതിയിൽ വളർന്നു. റോട്ടർഡാം, ആംസ്റ്റർഡാം, ലേയ്വാർഡൻ എന്നിവിടങ്ങളിലും മറ്റു നഗരങ്ങളിലും കോളെജുകൾ പൊട്ടിമുളച്ചു. 1650-നും 1700-നും ഇടയ്ക്കുള്ള വർഷങ്ങളിൽ “പതിനേഴാം നൂറ്റാണ്ടിലെ ഹോളണ്ടിൽ ഏറ്റവും സ്വാധീനമുണ്ടായിരുന്ന സുപ്രധാന മതങ്ങളിൽ ഒന്നായി കൊളീജിയന്മാർ വളർന്നു” എന്ന് ചരിത്ര പ്രൊഫസറായ ആൻഡ്രൂ സി. ഫിക്സ് അഭിപ്രായപ്പെടുന്നു.
കൊളീജിയൻ വിശ്വാസങ്ങൾ
ന്യായബോധം, സഹിഷ്ണുത, സംസാര സ്വാതന്ത്ര്യം എന്നിവ കൊളീജിയൻ പ്രസ്ഥാനത്തിന്റെ മുഖമുദ്ര ആയിരുന്നതിനാൽ, അതിലെ വ്യക്തികൾക്കു ഭിന്നമായ വിശ്വാസങ്ങൾ പുലർത്താനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എങ്കിലും, അവരെ ഒരുമിച്ചു നിർത്തിയിരുന്ന പൊതുവായ ചില വിശ്വാസങ്ങളും ഉണ്ടായിരുന്നു. ഉദാഹരണത്തിന്, കൊളീജിയന്മാർ എല്ലാവരും വ്യക്തിപരമായ ബൈബിൾ പഠനത്തിന്റെ പ്രാധാന്യം വിലമതിച്ചിരുന്നു. ഓരോ അംഗവും “ദൈവത്തെ
അറിയേണ്ടത് മറ്റൊരു വ്യക്തിയിൽനിന്ന് അല്ല, മറിച്ച് തന്നെത്താൻ ഗവേഷണം നടത്തിയാണ്” എന്ന് ഒരു കൊളീജിയൻ എഴുതി. അവർ അങ്ങനെതന്നെ ചെയ്തു. 19-ാം നൂറ്റാണ്ടിലെ സഭാചരിത്രകാരനായ യാക്കോബ്യുസ് സി. വാൻ സ്ലേ പറയുന്നത് അനുസരിച്ച്, അക്കാലത്തെ മറ്റു മതവിഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി കൊളീജിയന്മാർക്കു നല്ല ബൈബിൾ ഗ്രാഹ്യം ഉണ്ടായിരുന്നു. ബൈബിൾ വിദഗ്ധമായി ഉപയോഗിക്കാനുള്ള അവരുടെ കഴിവിനെ ശത്രുക്കൾ പോലും ശ്ലാഘിച്ചിരുന്നു.എന്നാൽ, കൊളീജിയന്മാർ ബൈബിൾ പഠിക്കുന്തോറും വ്യവസ്ഥാപിത മതങ്ങളുടേതിൽനിന്നും ഭിന്നമായ അവരുടെ വിശ്വാസങ്ങളും കൂടിവന്നു. 17-ാം നൂറ്റാണ്ടിനും 20-ാം നൂറ്റാണ്ടിനും ഇടയ്ക്കുള്ള കാലഘട്ടത്തെ രേഖകൾ അവരുടെ ചില വിശ്വാസങ്ങൾ വിവരിക്കുന്നുണ്ട്:
ആദിമ സഭ. കോൺസ്റ്റന്റയ്ൻ ചക്രവർത്തിയുടെ കാലത്ത് ആദിമ സഭ രാഷ്ട്രീയത്തിൽ ഉൾപ്പെട്ടപ്പോൾ അതു ക്രിസ്തുവുമായുള്ള ഉടമ്പടി ലംഘിച്ചതായും അതിനു പരിശുദ്ധാത്മാവിന്റെ സ്വാധീനം നഷ്ടമായതായും 1644-ൽ കൊളീജിയനും ദൈവശാസ്ത്രജ്ഞനുമായ ആദാം ബൊറേൽ എഴുതി. തത്ഫലമായി, വ്യാജ പഠിപ്പിക്കലുകൾ പെരുകിയെന്നും തന്റെ കാലം വരെ തുടർന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മതനവീകരണം. 16-ാം നൂറ്റാണ്ടിൽ ലൂഥറും കാൽവിനും മറ്റുള്ളവരും നടത്തിയ മതനവീകരണം സഭയെ നവീകരിക്കുന്നതിൽ കാര്യമായൊന്നും ചെയ്തില്ല. പകരം, പ്രമുഖ കൊളീജിയനും ഭിഷഗ്വരനുമായ ചേലേനസ് ആബ്രാഹാംസോൺ (1622-1706) പറയുന്നത് അനുസരിച്ച്, അതു വഴക്കിനും വിദ്വേഷത്തിനും വഴിയൊരുക്കിക്കൊണ്ട് മത സ്ഥിതിവിശേഷത്തെ ഒന്നുകൂടി വഷളാക്കുകയാണ് ചെയ്തത്. യഥാർഥ നവീകരണം ഹൃദയത്തിനാണു പരിവർത്തനം വരുത്തേണ്ടത്. എന്നാൽ അവരുടെ മതനവീകരണം അതിൽ പരാജയപ്പെട്ടു.
സഭയും പുരോഹിതവർഗവും. വ്യവസ്ഥാപിത സഭകൾ അഴിമതി നിറഞ്ഞതും ലൗകിക സ്വഭാവമുള്ളതും ദിവ്യ അധികാരം ഇല്ലാത്തതുമാണ്. മതത്തെ ഗൗരവമായി എടുക്കുന്ന ഏതൊരുവനും താൻ ഏതു സഭയുടെ ഭാഗമായിരിക്കുന്നുവോ അതിന്റെ പാപങ്ങളിൽ പങ്കാളി ആകാതിരിക്കാൻ അതിനെ വിട്ടുപോകുന്നതാണു മെച്ചം. പുരോഹിത ക്രമീകരണം തിരുവെഴുത്തു വിരുദ്ധവും “ക്രിസ്തീയ സഭയുടെ ആത്മീയ ക്ഷേമത്തിനു ഹാനികര”വും ആണെന്ന് കൊളീജിയന്മാർ പറഞ്ഞു.
രാജ്യവും പറുദീസയും. ക്രിസ്തുവിന്റെ രാജ്യം ഒരുവന്റെ ഹൃദയത്തിൽ വസിക്കുന്ന ആത്മീയ രാജ്യം അല്ല എന്ന് ആംസ്റ്റർഡാം കോളെജിന്റെ സ്ഥാപകരിൽ ഒരാളായ ഡാനിയെൽ ബ്രേൻ (1594-1664) എഴുതി. റോട്ടർഡാമിലെ ഒരു കൊളീജിയനായ ജേക്കബ് ഒസ്റ്റൻസ് എന്ന അവരുടെ ഉപദേഷ്ടാവ് “ഗോത്രപിതാക്കന്മാർ ഭൗമിക വാഗ്ദത്തങ്ങൾക്കായി നോക്കിപ്പാർത്തിരുന്നു” എന്നു പറഞ്ഞു. സമാനമായി, ഭൂമി ഒരു പറുദീസയായി മാറുന്ന കാലത്തിനായി കൊളീജിയന്മാർ നോക്കിപ്പാർത്തിരുന്നു.
ത്രിത്വം. സൊസിനിയൻ വിശ്വാസങ്ങളാൽ സ്വാധീനിക്കപ്പെട്ട ചില പ്രമുഖ കൊളീജിയന്മാർ ത്രിത്വത്തെ നിരാകരിച്ചു. c ഉദാഹരണത്തിന്, ത്രിത്വം പോലെ ന്യായബോധത്തിനു നിരക്കാത്ത ഏതൊരു പഠിപ്പിക്കലും “അടിസ്ഥാനരഹിതവും വ്യാജവും” ആണെന്നു ഡാനിയെൽ സ്വിക്കർ (1621-78) എഴുതി. കൊളീജിയനായ റേനിർ റോലേയോ പരിഭാഷപ്പെടുത്തിയ ഒരു ബൈബിൾ ഭാഷാന്തരം 1694-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. യോഹന്നാൻ 1:1-ന്റെ രണ്ടാം ഭാഗം അതിൽ പരിഭാഷപ്പെടുത്തിയത്, “വചനം ഒരു ദൈവം ആയിരുന്നു” എന്നാണ്. അത് “വചനം ദൈവം ആയിരുന്നു” എന്ന പരമ്പരാഗത പരിഭാഷയിൽനിന്നും വ്യത്യസ്തമായിരുന്നു. d
പ്രതിവാര യോഗങ്ങൾ
വിശ്വാസത്തിന്റെ കാര്യത്തിൽ എല്ലാ കൊളീജിയന്മാരും യോജിപ്പുള്ളവർ ആയിരുന്നില്ലെങ്കിലും, വ്യത്യസ്ത നഗരങ്ങളിലുള്ള അവരുടെ കോളെജുകൾ ഐക്യത്തോടെതന്നെ പ്രവർത്തിച്ചു. കൊളീജിയൻ പ്രസ്ഥാനത്തിന്റെ ആദ്യ കാലങ്ങളിൽ അവരുടെ യോഗങ്ങൾ മുന്നമേ തയ്യാറാക്കപ്പെട്ടത് ആയിരുന്നില്ല എന്നു ചരിത്രകാരനായ വാൻ സ്ലേ റിപ്പോർട്ടു ചെയ്യുന്നു. ‘പ്രവചി’ക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ചുള്ള പൗലൊസ് അപ്പൊസ്തലന്റെ വാക്കുകളുടെ അടിസ്ഥാനത്തിൽ എല്ലാ പുരുഷ അംഗങ്ങൾക്കും കോളെജിനെ സ്വതന്ത്രമായി അഭിസംബോധന ചെയ്യാൻ കഴിയുമായിരുന്നു. (1 കൊരിന്ത്യർ 14:1, 3, 26) അതിന്റെ ഫലമായി, യോഗങ്ങൾ രാത്രിവരെ നീണ്ടുനിന്നു, ചിലർ “യോഗത്തിനിടെ ഗാഢ നിദ്ര”യിൽ ആകുകയും ചെയ്തു.
പിൽക്കാലത്ത്, യോഗങ്ങൾ കുറെക്കൂടി സംഘടിതമായി നടത്തപ്പെട്ടു. ഞായറാഴ്ചകളിൽ മാത്രമല്ല, മറ്റു ദിവസങ്ങളിൽ വൈകുന്നേരങ്ങളിലും കൊളീജിയന്മാർ കൂടിവന്നിരുന്നു. പ്രസംഗകനും സഭയിലുള്ള മറ്റുള്ളവർക്കും പ്രസ്തുത വർഷത്തെ യോഗങ്ങൾക്കു മുന്നമേ തയ്യാറാകാൻ കഴിയേണ്ടതിന്, പരിചിന്തിക്കേണ്ട ബൈബിൾ വാക്യങ്ങളും പ്രസംഗകരുടെ പേരിന്റെ ആദ്യ അക്ഷരങ്ങളും കാണിക്കുന്ന അച്ചടിച്ച ഒരു ലിസ്റ്റ് ഉണ്ടാക്കിയിരുന്നു. ഗീതം പാടി, പ്രാർഥനയോടെ യോഗം തുടങ്ങിയശേഷം ഒരു പ്രസംഗകൻ ബൈബിൾ വാക്യങ്ങൾ വിശദീകരിക്കും. അതു
കഴിഞ്ഞ്, ചർച്ച ചെയ്ത വിവരങ്ങളെ ആസ്പദമാക്കി അഭിപ്രായം പറയാൻ അദ്ദേഹം പുരുഷന്മാരോടു പറയും. രണ്ടാമത്തെ പ്രസംഗകൻ, അതേ വാക്യങ്ങൾ എങ്ങനെ പ്രായോഗികമായി ബാധകമാകുന്നുവെന്നു വ്യക്തമാക്കും. യോഗം അവസാനിച്ചിരുന്നതു ഗീതത്തോടും പ്രാർഥനയോടും കൂടെ ആയിരുന്നു.ഫ്രിസ്ലൻഡ് പ്രവിശ്യയിലെ ഹാർലിങ്ഗൻ പട്ടണത്തിലെ കൊളീജിയന്മാർ സമയബന്ധിതമായി യോഗങ്ങൾ നടത്താൻ ഒരു പുതിയ മാർഗം കണ്ടെത്തി. പ്രസംഗം നിയമിത സമയത്തെ കവിഞ്ഞുപോകുന്നെങ്കിൽ പ്രസംഗകൻ ചെറിയ ഒരു പിഴ അടയ്ക്കണമായിരുന്നു.
ദേശീയ സമ്മേളനങ്ങൾ
വലിയ കൂടിവരവുകൾ നടത്തേണ്ടതിന്റെ ആവശ്യവും കൊളീജിയന്മാർക്കു തോന്നി. അങ്ങനെ, 1640 മുതൽ രാജ്യത്ത് എമ്പാടുമുള്ള കൊളീജിയന്മാർ വർഷത്തിൽ രണ്ടു പ്രാവശ്യം (വസന്തകാലത്തും വേനൽക്കാലത്തും) റൈൻസ്ബർച്ചിലേക്കു യാത്ര ചെയ്തു. “ദൂരസ്ഥരായ തങ്ങളുടെ സഹോദരങ്ങളുടെ ആശയങ്ങളും വിചാരങ്ങളും വിശ്വാസങ്ങളും പ്രവർത്തനങ്ങളുമായി പരിചിതമാകാൻ” ഈ കൂടിവരവുകൾ അവരെ സഹായിച്ചതായി ചരിത്രകാരനായിരുന്ന ഫിക്സ് എഴുതുന്നു.
സന്ദർശകരായ കൊളീജിയന്മാരിൽ ചിലർ ഗ്രാമവാസികളുടെ വീടുകളിൽ മുറികൾ വാടകയ്ക്കെടുത്തു താമസിച്ചു. മറ്റു ചിലർ ച്രോട്ടെ ഹോസിൽ, അല്ലെങ്കിൽ വലിയ വീട്ടിൽ, ആണു താമസിച്ചത്—കൊളീജിയന്മാർക്കു സ്വന്തമായി ഉണ്ടായിരുന്ന 30 മുറികളുള്ള ഒരു മന്ദിരമായിരുന്നു അത്. 60-70 ആളുകൾക്ക് അവിടെ സമൂഹ വിരുന്ന് നടത്തിയിരുന്നു. വിരുന്നിനു ശേഷം സന്ദർശകർ ‘ദൈവത്തിന്റെ കൈവേലകൾ ആസ്വദിക്കുന്നതിനോ ശാന്തമായ സംഭാഷണം നടത്തുന്നതിനോ കുറെ നേരം ധ്യാനിക്കുന്നതിനോ’ മന്ദിരത്തിന്റെ വലിയ പൂന്തോട്ടത്തിലൂടെ ഉലാത്തുമായിരുന്നു.
സ്നാപനം ആവശ്യമാണെന്ന് എല്ലാ കൊളീജിയന്മാരും കരുതിയിരുന്നില്ലെങ്കിലും അവരിൽ പലരും സ്നാപനമേറ്റിരുന്നു. അങ്ങനെ, സ്നാപനം വലിയ കൂടിവരവുകളുടെ ഒരു സവിശേഷതയായി മാറി. സാധാരണ ഗതിയിൽ ശനിയാഴ്ച രാവിലെയാണ് ആ ചടങ്ങു നടത്തിയിരുന്നത് എന്നു ചരിത്രകാരനായ വാൻ സ്ലേ പറയുന്നു. സ്നാപനത്തിന്റെ ആവശ്യത്തെ കാണിക്കുന്ന പ്രസംഗത്തിനു ശേഷം പാട്ടും പ്രാർഥനയും ഉണ്ടായിരുന്നു. അതിനുശേഷം പ്രസംഗകൻ,
“യേശുക്രിസ്തു ജീവനുള്ള ദൈവത്തിന്റെ പുത്രൻ ആണെന്നു ഞാൻ വിശ്വസിക്കുന്നു” എന്നതു പോലുള്ള വിശ്വാസ പ്രഖ്യാപനം നടത്താൻ, സ്നാനമേൽക്കാൻ ആഗ്രഹിച്ചിരുന്ന, മുതിർന്നവരായ ആളുകളെ ക്ഷണിക്കുമായിരുന്നു. പ്രാർഥനയോടെ പ്രസംഗം അവസാനിക്കുമ്പോൾ, സന്നിഹിതരായിരുന്ന എല്ലാവരും സ്നാപനക്കുളത്തിന് അടുത്തുചെന്ന് സ്ത്രീപുരുഷന്മാർ വെള്ളത്തിൽ മുട്ടു കുത്തുന്നതിനു സാക്ഷ്യം വഹിക്കും. മുട്ടു കുത്തുമ്പോൾ വെള്ളം അവരുടെ തോളൊപ്പം എത്തുമായിരുന്നു. അപ്പോൾ സ്നാപനകർത്താവ് പുതുവിശ്വാസിയുടെ ശിരസ്സ് സാവധാനം മുന്നോട്ടു തള്ളി ജലത്തിൽ മുക്കും. ആ ചടങ്ങു കഴിയുമ്പോൾ, എല്ലാവരും അടുത്ത പ്രസംഗത്തിനായി തങ്ങളുടെ ഇരിപ്പിടങ്ങളിലേക്കു മടങ്ങുമായിരുന്നു.ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഹ്രസ്വമായ ബൈബിൾ വായന, ഗീതം, പ്രാർഥന എന്നിവയോടെ ശരിക്കുള്ള യോഗം തുടങ്ങുമായിരുന്നു. പ്രസംഗിക്കാൻ ആളുണ്ടെന്ന് ഉറപ്പു വരുത്താൻ റോട്ടർഡാം, ലൈഡൻ, ആംസ്റ്റർഡാം, ഉത്തര ഹോളണ്ട് എന്നിവിടങ്ങളിലെ കോളെജുകൾ ഓരോ സമ്മേളനത്തിനും മാറി മാറി പ്രസംഗകരെ അയച്ചിരുന്നു. ഞായറാഴ്ച രാവിലത്തെ ഏക പരിപാടി കർത്താവിന്റെ ഒടുവിലത്തെ അത്താഴത്തിന്റെ ആചരണം ആയിരുന്നു. പ്രസംഗം, പ്രാർഥന, ഗീതം എന്നിവയ്ക്കു ശേഷം സ്ത്രീപുരുഷന്മാർ അപ്പവീഞ്ഞുകളിൽ പങ്കുപറ്റിയിരുന്നു. ഞായറാഴ്ച വൈകുന്നേരം കൂടുതൽ പ്രസംഗങ്ങൾ നടത്തിയിരുന്നു. തുടർന്ന്, തിങ്കളാഴ്ച രാവിലെ സമാപന പ്രസംഗത്തിനായി എല്ലാവരും ഒന്നിച്ചു കൂടും. ഈ കൺവെൻഷനുകളിൽ നടത്തിയിരുന്ന മിക്ക പ്രസംഗങ്ങളും പ്രായോഗിക സ്വഭാവം ഉള്ളവയായിരുന്നു. അവയിൽ, വിശദീകരണത്തെക്കാൾ അധികം പ്രാധാന്യം കൊടുത്തിരുന്നത് പ്രസ്തുത വിവരങ്ങൾ എങ്ങനെ ബാധകമാക്കാം എന്നതിന് ആയിരുന്നു എന്ന് വാൻ സ്ലേ അഭിപ്രായപ്പെടുന്നു.
ഈ കൂട്ടങ്ങൾക്ക് ആതിഥ്യമരുളാൻ റൈൻസ്ബർച്ച് ഗ്രാമവാസികൾക്കു സന്തോഷമായിരുന്നു. ഭക്ഷണപാനീയങ്ങൾ വളരെയേറെ ചെലവാകുമായിരുന്നതിനാൽ അപരിചിതരുടെ കൂട്ടമായ ഈ വരവ് ഗ്രാമത്തിനു നല്ല വരുമാനമുണ്ടാക്കിയതായി 18-ാം നൂറ്റാണ്ടിലെ ഒരു നിരീക്ഷകൻ എഴുതി. മാത്രമല്ല, ഓരോ കൺവെൻഷൻ കഴിയുമ്പോഴും കൊളീജിയന്മാർ റൈൻസ്ബർച്ചിലെ ദരിദ്രർക്ക് ഒരു തുക സംഭാവനയായി നൽകുമായിരുന്നു. 1787-ൽ ആ യോഗങ്ങൾ അവസാനിച്ചപ്പോൾ ആ ഗ്രാമത്തിനു വലിയ നഷ്ടം നേരിട്ടു. തുടർന്ന് ആ കൊളീജിയൻ പ്രസ്ഥാനം അസ്തമിച്ചു. എന്തുകൊണ്ട്?
ആ പ്രസ്ഥാനം അസ്തമിച്ചതിന്റെ കാരണം
17-ാം നൂറ്റാണ്ടിന്റെ അവസാനമായതോടെ, മതത്തിൽ ന്യായബോധത്തിനുള്ള പങ്കിനെ ചൊല്ലി ഒരു തർക്കം ഉയർന്നുവന്നിരുന്നു. ദിവ്യ വെളിപാടിനെക്കാൾ പ്രാധാന്യം മനുഷ്യ ന്യായബോധത്തിനാണ് എന്നു ചില കൊളീജിയന്മാർ കരുതി. എന്നാൽ മറ്റുള്ളവർ അതിനോടു വിയോജിച്ചു. ഒടുവിൽ, ആ സംവാദം മൂത്ത് കൊളീജിയൻ പ്രസ്ഥാനം പിളർന്നു. ഇരു പക്ഷത്തെയും പ്രമുഖർ മരിച്ചതിനു ശേഷം മാത്രമാണ് കൊളീജിയന്മാർ വീണ്ടും ഒന്നിച്ചത്. എന്നാൽ, ഈ പിളർപ്പിനു ശേഷം ആ പ്രസ്ഥാനം “പഴയ അവസ്ഥയിലേക്ക് ഒരിക്കലും തിരിച്ചുവന്നില്ല” എന്നു ചരിത്രകാരനായ ഫിക്സ് അഭിപ്രായപ്പെടുന്നു.
18-ാം നൂറ്റാണ്ടിലെ പ്രൊട്ടസ്റ്റന്റ് സഭകൾക്കുള്ളിൽ വർധിച്ചുവന്ന സഹിഷ്ണുതയും കൊളീജിയന്മാരുടെ പതനത്തിനു കാരണമായി. ന്യായബോധം, സഹിഷ്ണുത എന്നിവ സംബന്ധിച്ച കൊളീജിയൻ തത്ത്വങ്ങൾ സമൂഹത്തിൽ ഏറെയും അംഗീകരിക്കപ്പെട്ടപ്പോൾ “പ്രബുദ്ധതയുടെ ശോഭയേറിയ അരുണോദയത്തിൽ, ഒരിക്കൽ ഇരുട്ടിലെ ഏകാന്ത തിരിനാളമായിരുന്ന കൊളീജിയവാദത്തിന്റെ പ്രഭയറ്റുപോയി.” 18-ാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും കൊളീജിയന്മാർ മിക്കവരും മെനനൈറ്റുകളുടെയും മറ്റു മതവിഭാഗങ്ങളുടെയും ഭാഗമായിക്കഴിഞ്ഞിരുന്നു.
കൊളീജിയന്മാർ തങ്ങളുടെ പ്രസ്ഥാനത്തിനുള്ളിലെ അഭിപ്രായ ഐക്യത്തെ ലക്ഷ്യം വെച്ചു പ്രവർത്തിക്കാതിരുന്നതിനാൽ, അവരെപ്പോലെതന്നെ അവരുടെ ഇടയിലെ വീക്ഷണങ്ങളും അനേകമായിരുന്നു. അവർ അതു തിരിച്ചറിയുകയും ചെയ്തിരുന്നു. അതുകൊണ്ട്, ക്രിസ്ത്യാനികൾ ‘ഏകാഭിപ്രായത്തിൽ യോജിച്ചവർ’ ആയിരിക്കണമെന്ന് പൗലൊസ് അപ്പൊസ്തലൻ ഉദ്ബോധിപ്പിച്ചതുപോലെ ആണ് തങ്ങളെന്ന് അവർ അവകാശപ്പെട്ടിരുന്നില്ല. (1 കൊരിന്ത്യർ 1:10) എന്നാൽ, അതേസമയംതന്നെ അഭിപ്രായ ഐക്യം പോലുള്ള അടിസ്ഥാന ക്രിസ്തീയ വിശ്വാസങ്ങൾ ഒരു യാഥാർഥ്യം ആയിത്തീരുന്ന കാലത്തിനായി അവർ കാത്തിരിക്കുകയായിരുന്നു.
കൊളീജിയന്മാരുടെ നാളുകളിൽ യഥാർഥ പരിജ്ഞാനം സമൃദ്ധമായി ഉണ്ടായിരുന്നില്ല എന്ന വസ്തുത പരിഗണിക്കുമ്പോൾ, ഇന്നത്തെ പല മതങ്ങൾക്കും ഒരു മാതൃകയാണ് അവർ വെച്ചത്. (ദാനീയേൽ 12:4 താരതമ്യം ചെയ്യുക.) ബൈബിൾ പഠനത്തിന്റെ ആവശ്യത്തിന് അവർ ഊന്നൽ കൊടുത്തിരുന്നു. അത് ‘സകലവും ശോധന ചെയ്യുക’ എന്ന പൗലൊസ് അപ്പൊസ്തലന്റെ ബുദ്ധിയുപദേശത്തിനു ചേർച്ചയിലായിരുന്നുതാനും. (1 തെസ്സലൊനീക്യർ 5:21) ദീർഘകാലമായി നിലവിലിരിക്കുന്ന ചില മതോപദേശങ്ങളും ആചാരങ്ങളും ബൈബിളധിഷ്ഠിതമല്ല എന്നു വ്യക്തിപരമായ ബൈബിൾ പഠനത്തിലൂടെ യാക്കോബ്യുസ് ആർമിനിയസും കൂട്ടരും മനസ്സിലാക്കി. അതു തിരിച്ചറിഞ്ഞ അവർ വ്യവസ്ഥാപിത മതത്തോടു വിയോജിക്കാനുള്ള ധൈര്യം കാട്ടി. നിങ്ങളായിരുന്നെങ്കിൽ, അങ്ങനെ ചെയ്യുമായിരുന്നോ?
[അടിക്കുറിപ്പുകൾ]
a 1610-ൽ വിമതർ ഒരു ഔദ്യോഗിക റിമോൺസ്ട്രൻസ് (എതിർപ്പിന്റെ കാരണങ്ങൾ കാണിക്കുന്ന രേഖ) ഡച്ച് ഭരണാധികാരികൾക്ക് അയച്ചുകൊടുത്തു. അതിനുശേഷമാണ് അവർ റിമോൺസ്ട്രന്മാർ എന്നു വിളിക്കപ്പെട്ടത്.
b പ്രസ്തുത സ്ഥലത്ത് ആയിരുന്നതിനാൽ കൊളീജിയന്മാർ, റൈൻസ്ബർച്ചന്മാർ എന്നും വിളിക്കപ്പെട്ടിരുന്നു.
c 1988 നവംബർ 22 ലക്കം (ഇംഗ്ലീഷ്) ഉണരുക!യുടെ 19-ാം പേജിലെ “സൊസിനിയർ—അവർ ത്രിത്വം തള്ളിക്കളഞ്ഞത് എന്തുകൊണ്ട്?” എന്ന ലേഖനം കാണുക.
d Het Nieuwe Testament van onze Heer Jezus Christus, uit het Grieksch vertaald door Reijnier Rooleeuw, M.D. (നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പുതിയ നിയമം, റേനിർ റോലേയോ എം.ഡി., ഗ്രീക്കിൽനിന്നു പരിഭാഷപ്പെടുത്തിയത്.)
[24-ാം പേജിലെ ചിത്രം]
റെംബ്രാന്റ് വാൻ റൈൻ
[26-ാം പേജിലെ ചിത്രം]
കൊളീജിയന്മാർ തങ്ങളുടെ പ്രസ്ഥാനം ആരംഭിച്ച വാർമൊൺട് ഗ്രാമം, സ്നാപനം നടത്തിയിരുന്ന ദ വ്ളിറ്റ് നദി
[23-ാം പേജിലെ ചിത്രത്തിന് കടപ്പാട]
പശ്ചാത്തലം: Courtesy of the American Bible Society Library, New York