നമുക്ക് എത്ര കാലം ജീവിക്കാൻ ആകും?
നമുക്ക് എത്ര കാലം ജീവിക്കാൻ ആകും?
ആളുകളുടെ ആയുസ്സ് വർധിച്ചു വരുകയാണ്. അത് അനേകരെയും ഇങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു: ‘നമുക്ക് എത്ര കാലം ജീവിക്കാനാകും?’
ദന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (1995) അനുസരിച്ച്, ഏറ്റവും അധികം കാലം ജീവിച്ചിരുന്ന വ്യക്തി പിയെർ ഷൂബർ ആണെന്നാണു മുമ്പൊക്കെ ആളുകൾ പൊതുവെ വിശ്വസിച്ചിരുന്നത്. 1814-ൽ, 113-ാമത്തെ വയസ്സിൽ അദ്ദേഹം മൃതിയടഞ്ഞു. വേറെയും ചിലർ ദീർഘകാലം ജീവിച്ചിരുന്നതായി പറയപ്പെടുന്നു എന്നതു ശരിതന്നെ. എന്നാൽ, അവരുടെ പ്രായം ആധികാരികമായി രേഖപ്പെടുത്തിയിട്ടില്ല. എന്നുവരികിലും, പിയെർ ഷൂബറിനെക്കാൾ അധികം കാലം ജീവിച്ചിരുന്ന നിരവധി ആളുകളുണ്ട് എന്നു കൃത്യതയുള്ള രേഖകൾ സ്ഥിരീകരിക്കുന്നു.
ഷാൻ ല്വിസ് കാൽമാന്റ്, 1875 ഫെബ്രുവരി 21-ന് ദക്ഷിണപൂർവ ഫ്രാൻസിലെ ആൽസിലാണു ജനിച്ചത്. അവരുടെ മരണം വാർത്തകളിൽ സ്ഥാനം പിടിച്ചു. 1997 ആഗസ്റ്റ് 4-ന് മരിക്കുമ്പോൾ അവർക്ക് 122-ലധികം വയസ്സ് ഉണ്ടായിരുന്നു. 1986-ൽ, 120-ാമത്തെ വയസ്സിൽ ആയിരുന്നു ജപ്പാനിലെ ഷിഗെച്ചിയോ ഇസൂമിയുടെ മരണം. ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സ് 1999 അനുസരിച്ച്, പ്രസ്തുത പുസ്തകം തയ്യാറാക്കിയപ്പോൾ ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി 118 വയസ്സുള്ള സേറാ നൗസ് ആണ്. 1880 സെപ്റ്റംബർ 24-ന് യു.എസ്.എ.-യിലെ പെൻസിൽവേനിയയിൽ ആയിരുന്നു അവരുടെ ജനനം. കാനഡയിലെ ക്വിബെക്കിലുള്ള മറി ല്വിസ് ഫെബ്രോനി മെയെർ, 1998-ൽ 118-ാമത്തെ വയസ്സിലാണു മൃതിയടഞ്ഞത്. അവർ സേറായെക്കാൾ 26 ദിവസത്തിനു മൂത്തതായിരുന്നു.
വാസ്തവത്തിൽ, വൃദ്ധജനങ്ങളുടെ സംഖ്യ വിസ്മയാവഹമായി വർധിച്ചുവരുകയാണ്. അടുത്ത നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ നൂറോ അതിലധികമോ വയസ്സുള്ളവരുടെ സംഖ്യ 22 ലക്ഷത്തിലധികമായി വർധിക്കുമെന്നു കണക്കാക്കപ്പെടുന്നു! സമാനമായി, 80-ഓ അതിലധികമോ വയസ്സുള്ളവരുടെ സംഖ്യ 1970-ൽ 2.67 കോടി ആയിരുന്നെങ്കിൽ 1998 ആയപ്പോഴേക്കും അത് 6.6 കോടിയായി കുതിച്ചുയർന്നു. 60 ശതമാനം വർധിച്ച മൊത്തം ലോകജനസംഖ്യയോടുള്ള താരതമ്യത്തിൽ ആ വർധനവ് 147 ശതമാനമാണ്.
ആളുകൾ ദീർഘകാലം ജീവിക്കുന്നു എന്നു മാത്രമല്ല, അവരിൽ അനേകരും 20 വയസ്സുകാർക്കു സാധിക്കാത്ത കാര്യങ്ങൾ ചെയ്യുന്നു എന്നതും ശ്രദ്ധേയമാണ്. 1990-ൽ, 82-കാരനായ ജോൺ കെല്ലി ഒരു മാരത്തോൺ ഓട്ടമത്സരം—42.195 കിലോമീറ്റർ ദൂരം—അഞ്ചു മണിക്കൂറും അഞ്ചു മിനിറ്റും കൊണ്ടു പൂർത്തിയാക്കി. 1991-ൽ, 84-കാരിയായ മേവിസ് ലിൻഡ്ഗ്രെൻ എന്ന മുതുമുത്തശ്ശി, ഏഴു മണിക്കൂറും ഒമ്പതു മിനിറ്റും കൊണ്ട് അത്രയും ദൂരം ഓടിത്തീർത്തു. സമീപകാലത്ത്, 91 വയസ്സുള്ള ഒരു മനുഷ്യൻ ന്യൂയോർക്ക് സിറ്റി മാരത്തോൺ ഓട്ടമത്സരം പൂർത്തിയാക്കി!
പുരാതനകാലത്തെ വൃദ്ധജനങ്ങൾ വിസ്മയാവഹമായ നേട്ടങ്ങൾ കൈവരിച്ചിട്ടില്ലെന്നല്ല അതിനർഥം. ഗോത്രപിതാവായ അബ്രാഹാം 99-ാം വയസ്സിൽ, അതിഥികളെ കണ്ടപ്പോൾ “അവരെ എതിരേല്പാൻ ഓടിച്ചെന്നു” എന്നു ബൈബിൾ പറയുന്നു. 85-ാം വയസ്സിൽ കാലേബ് ഇങ്ങനെ പ്രസ്താവിച്ചു: “പടവെട്ടുവാനും പോകയും വരികയും ചെയ്വാനും എന്റെ ആരോഗ്യം അന്നത്തെപ്പോലെ [45 വർഷം മുമ്പത്തെപ്പോലെ] തന്നേ ഇന്നും ഇരിക്കുന്നു.” മോശയ്ക്ക് 120 വയസ്സ് ഉണ്ടായിരുന്നപ്പോൾ പോലും “അവന്റെ കണ്ണു മങ്ങാതെയും അവന്റെ ദേഹബലം ക്ഷയിക്കാതെയും ഇരുന്നു” എന്നു ബൈബിൾ പറയുന്നു.—ഉല്പത്തി 18:2; യോശുവ 14:10, 11; ആവർത്തനപുസ്തകം 34:7.
ആദ്യ മനുഷ്യനായ ആദാമും പെട്ടക നിർമാതാവായ നോഹയും ചരിത്ര പുരുഷന്മാർ ആയിരുന്നു എന്ന് യേശുക്രിസ്തുവിന്റെ പ്രസ്താവന സൂചിപ്പിച്ചു. (മത്തായി 19:4-6; 24:37-39) ആദാം 930 വർഷവും നോഹ 950 വർഷവും ജീവിച്ചിരുന്നതായി ഉല്പത്തി പുസ്തകം പറയുന്നു. (ഉല്പത്തി 5:5; 9:29) ആളുകൾ വാസ്തവമായും അത്രയും കാലം ജീവിച്ചിരുന്നിട്ടുണ്ടോ? നമുക്ക് അതിലുമധികം കാലം—ഒരുപക്ഷേ എന്നേക്കും—ജീവിച്ചിരിക്കാൻ സാധിക്കുമോ? അടുത്ത ലേഖനത്തിൽ കൊടുത്തിരിക്കുന്ന തെളിവുകൾ ദയവായി പരിശോധിക്കുക.