നിങ്ങൾ ഓർമിക്കുന്നുവോ?
നിങ്ങൾ ഓർമിക്കുന്നുവോ?
വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങളുടെ വായന നിങ്ങൾ ആസ്വദിച്ചുവോ? അങ്ങനെയെങ്കിൽ, പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ നിങ്ങൾക്കാകുമോ എന്നു കാണുക:
□ “ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി” എന്ന പൗലൊസിന്റെ പ്രയോഗം അഭിഷിക്ത ക്രിസ്ത്യാനികൾക്കു ചേരുന്ന ഒന്നായിരിക്കുന്നത് എന്തുകൊണ്ട്? (2 കൊരിന്ത്യർ 5:20)
പുരാതന നാളുകളിൽ, മുഖ്യമായും ശത്രുതയുടെ കാലഘട്ടങ്ങളിൽ യുദ്ധം ഒഴിവാക്കാനാകുമോ എന്നറിയാൻ ആയിരുന്നു പ്രധാനമായും സ്ഥാനപതികളെ അയച്ചിരുന്നത്. (ലൂക്കൊസ് 14:31, 32) പാപികളായ മനുഷ്യരുടെ ലോകം ദൈവത്തിൽ നിന്ന് അന്യപ്പെട്ടിരിക്കുന്നതുകൊണ്ട്, ദൈവവുമായി സമാധാനത്തിൽ ആകുന്നതിന് ആളുകളെ ഉദ്ബോധിപ്പിച്ചുകൊണ്ട്, അനുരഞ്ജനത്തിനുള്ള തന്റെ വ്യവസ്ഥകൾ അവരെ അറിയിക്കാൻ അവൻ തന്റെ അഭിഷിക്ത സ്ഥാനപതികളെ അയയ്ക്കുന്നു.—12/15, പേജ് 18.
□ അബ്രാഹാമിന്റെ വിശ്വാസത്തെ ബലിഷ്ഠമാക്കിയ നാലു സംഗതികൾ ഏവ?
ഒന്ന്, യഹോവ സംസാരിച്ചപ്പോൾ ശ്രദ്ധിച്ചുകൊണ്ട് അവൻ ദൈവത്തിൽ വിശ്വാസം പ്രകടമാക്കി. (എബ്രായർ 11:8); രണ്ട്, അവന്റെ വിശ്വാസം പ്രത്യാശയുമായി അടുത്തു ബന്ധപ്പെട്ടിരുന്നു. (റോമർ 4:18); മൂന്ന്, അബ്രാഹാം പതിവായി ദൈവത്തോടു സംസാരിച്ചു; നാല്, അബ്രാഹാം ദിവ്യ മാർഗനിർദേശം പിൻപറ്റിയപ്പോൾ യഹോവ അവനു പിന്തുണയേകി. ഇതേ കാര്യങ്ങൾക്ക് ഇന്നു നമ്മുടെ വിശ്വാസത്തെയും ബലിഷ്ഠമാക്കാനാകും.—1/1, പേജുകൾ 17, 18.
□ ‘ഞങ്ങളെ പരീക്ഷയിൽ [“പ്രലോഭനത്തിൽ,” NW] കടത്തരുതേ’ എന്ന പ്രയോഗം എന്ത് അർഥമാക്കുന്നു? (മത്തായി 6:13)
ദൈവത്തോട് അനുസരണക്കേടു കാണിക്കാനുള്ള പ്രലോഭനം ഉണ്ടാകുമ്പോൾ നാം പരാജയമടയാൻ അനുവദിക്കരുതെന്ന് അവനോട് അപേക്ഷിക്കുകയാണ്. നാം പ്രലോഭനങ്ങൾക്കു വഴിപ്പെട്ട് “ദുഷ്ട”നായ സാത്താനാൽ വഞ്ചിതരാകാതിരിക്കാൻ നമ്മെ നയിക്കുന്നതിന് യഹോവയ്ക്കു കഴിയും. (1 കൊരിന്ത്യർ 10:13)—1/15, പേജ് 14.
□ തെറ്റു ചെയ്താൽ ദൈവത്തിന്റെ ക്ഷമ ലഭിക്കാൻ ഒരുവൻ എന്തു ചെയ്യണം?
ദൈവത്തോടു തെറ്റുകൾ ഏറ്റുപറയുന്നതോടൊപ്പം അനുതാപവും ‘മാനസാന്തരത്തിനു യോഗ്യമായ ഫലങ്ങളും’ ആവശ്യമാണ്. (ലൂക്കൊസ് 3:8) അനുതാപ മനോഭാവവും തെറ്റു തിരുത്താനുള്ള ആഗ്രഹവും ക്രിസ്തീയ മൂപ്പന്മാരുടെ ആത്മീയ സഹായം തേടാൻ നമ്മെ പ്രേരിപ്പിക്കും. (യാക്കോബ് 5:13-15)—1/15, പേജ് 19.
□ നാം താഴ്മയുള്ളവർ ആയിരിക്കേണ്ടത് എന്തുകൊണ്ട്?
താഴ്മയുള്ളവൻ സഹിഷ്ണുതയും ദീർഘക്ഷമയും ഉള്ളവനാണ്, അയാൾ തന്നെത്തന്നെ വളരെ ഗൗരവമായി എടുക്കില്ല. താഴ്മ, നിങ്ങളെ സ്നേഹിക്കുന്ന യഥാർഥ സുഹൃത്തുക്കളെ നിങ്ങളിലേക്ക് ആകർഷിക്കും. അതിലുപരി, അത് യഹോവയുടെ അനുഗ്രഹം കൈവരുത്തുന്നു. (സദൃശവാക്യങ്ങൾ 22:4)—2/1, പേജ് 7.
□ യേശുവിന്റെയും ആദാമിന്റെയും മരണത്തിൽ കാര്യമായ എന്തു വ്യത്യാസമാണ് ഉള്ളത്?
തന്റെ സ്രഷ്ടാവിനോടു മനഃപൂർവം അനുസരണക്കേടു കാണിച്ചതുകൊണ്ട് ആദാം മരണത്തിന് അർഹനായിരുന്നു. (ഉല്പത്തി 2:16, 17) നേരെമറിച്ച്, “[യേശു] പാപം ചെയ്തിട്ടില്ല” എന്നതിനാൽ അവൻ മരണത്തിന് തെല്ലും അർഹനല്ലായിരുന്നു. (1 പത്രൊസ് 2:22) അതുകൊണ്ട്, പാപിയായിരുന്ന ആദാമിനു മരണത്തിങ്കൽ ഇല്ലാതിരുന്ന വളരെ വിലയുള്ള ഒരു സംഗതി—പൂർണ മനുഷ്യ ജീവനുള്ള അവകാശം—മരണത്തിങ്കൽ യേശുവിന് ഉണ്ടായിരുന്നു. അങ്ങനെ, യേശുവിന്റെ മരണത്തിനു മനുഷ്യവർഗത്തെ വീണ്ടെടുക്കാനുള്ള യാഗ മൂല്യം ഉണ്ടായിരുന്നു.—2/15, പേജുകൾ 15, 16.
□ യെഹെസ്കേലിന്റെ പ്രാവചനിക ദർശനത്തിലെ നഗരം എന്തിനെ ചിത്രീകരിച്ചു?
നഗരം സ്ഥിതി ചെയ്യുന്നത് “മലിന” (അപവിത്ര) ദേശത്തിനു നടുവിലായതിനാൽ അതു ഭൗമികമായ എന്തെങ്കിലും ആയിരിക്കണം. അതിനാൽ ഈ നഗരം ചിത്രീകരിക്കുന്നതു നീതിയുള്ള ഭൗമിക സമുദായത്തിന്റെ ഭാഗമായ എല്ലാവർക്കും പ്രയോജനം ചെയ്യുന്ന ഭൗമിക ഭരണത്തെയാകാം.—3/1, പേജ് 18.
□ പൊ.യു. 33-ൽ പെസഹ ആചരണ വേളയിൽ യേശു തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിനു കാരണമെന്ത്?
യേശു പാദം കഴുകൽ എന്നൊരു അനുഷ്ഠാനം ഏർപ്പെടുത്തുക ആയിരുന്നില്ല. മറിച്ച്, പുതിയൊരു മനോഭാവം, തങ്ങളുടെ സഹോദരന്മാർക്കു വേണ്ടി ഏറ്റവും താഴ്ന്ന ജോലികൾ ചെയ്യാനുള്ള താഴ്മയും മനസ്സൊരുക്കവും ഉള്ള ഒരു മനോഭാവം, കൈക്കൊള്ളാൻ അവൻ തന്റെ അപ്പൊസ്തലന്മാരെ സഹായിക്കുക ആയിരുന്നു.—3/1, പേജ് 30.
□ മറ്റുള്ളവരെ പഠിപ്പിക്കുന്ന കാര്യത്തിൽ സ്വതസ്സിദ്ധമായ പ്രാപ്തികളെക്കാൾ പ്രാധാന്യം അർഹിക്കുന്നത് എന്താണ്?
നമുക്ക് എന്തെല്ലാം ഗുണങ്ങളുണ്ട്, വിദ്യാർഥികൾക്ക് അനുകരിക്കാൻ കഴിയുന്ന ഏതെല്ലാം ആത്മീയ ശീലങ്ങൾ നാം വളർത്തിയെടുത്തിട്ടുണ്ട് എന്നിങ്ങനെയുള്ള കാര്യങ്ങൾ. (ലൂക്കൊസ് 6:40; 2 പത്രൊസ് 3:11)—3/15, പേജുകൾ 11, 12.
□ പരസ്യ പ്രസംഗകർക്കു തിരുവെഴുത്തുകൾ വായിക്കുന്ന കാര്യത്തിൽ എങ്ങനെ മെച്ചപ്പെടാനാകും?
പരിശീലനത്താൽ. അതേ, ഒഴുക്കോടെ വായിക്കാൻ കഴിയുന്നതുവരെ ഉച്ചത്തിൽ വീണ്ടും വീണ്ടും വായിക്കുന്നതിനാൽ.—3/15, പേജ് 20.
□ ഒരു വ്യക്തി മരിക്കുമ്പോൾ “ആത്മാവു അതിനെ നല്കിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകു”ന്നത് എങ്ങനെ? (സഭാപ്രസംഗി 12:7)
ആത്മാവ് എന്നതു ജീവശക്തി ആയതിനാൽ അതു “ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും” എന്നു പറയുമ്പോൾ, പ്രസ്തുത വ്യക്തിയുടെ ഭാവിജീവന്റെ പ്രതീക്ഷ പൂർണമായും ദൈവത്തിൽ നിക്ഷിപ്തമായിരിക്കുന്നു എന്ന് അത് അർഥമാക്കുന്നു. ഒരു വ്യക്തിയെ ജീവനിലേക്കു വരാൻ ഇടയാക്കിക്കൊണ്ട് ആത്മാവിനെ അഥവാ ജീവശക്തിയെ പുനഃസ്ഥിതീകരിക്കാൻ ദൈവത്തിനു മാത്രമേ കഴിയൂ. (സങ്കീർത്തനം 104:30)—4/1, പേജ് 17.