നിത്യജീവനിലേക്കുള്ള ഏക മാർഗം
നിത്യജീവനിലേക്കുള്ള ഏക മാർഗം
“ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു.”—യോഹന്നാൻ 14:6.
1, 2. നിത്യജീവനിലേക്കുള്ള പാതയെ യേശു എന്തിനോടാണു താരതമ്യം ചെയ്തത്, അവന്റെ ദൃഷ്ടാന്തത്തിന്റെ പ്രാധാന്യം എന്ത്?
പ്രസിദ്ധമായ ഗിരിപ്രഭാഷണത്തിൽ യേശു നിത്യജീവനിലേക്കുള്ള പാതയെ താരതമ്യം ചെയ്യുന്നത്, ഒരാൾ ഒരു വാതിലിലൂടെ പ്രവേശിക്കുന്ന പാതയോടാണ്. പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ട്, ജീവനിലേക്കുള്ള ഈ പാത അത്ര എളുപ്പമുള്ള ഒന്നല്ല എന്ന് യേശു ഊന്നിപ്പറയുന്നതായി ശ്രദ്ധിക്കുക: “ഇടുക്കുവാതിലൂടെ അകത്തു കടപ്പിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു. [നിത്യ]ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ.”—മത്തായി 7:13, 14.
2 ആ ദൃഷ്ടാന്തത്തിന്റെ പ്രാധാന്യം നിങ്ങൾക്കു മനസ്സിലാകുന്നുണ്ടോ? ജീവനിലേക്കു നയിക്കുന്ന ഒരേയൊരു മാർഗം അഥവാ പാത മാത്രമേ ഉള്ളുവെന്നും ജീവനിലേക്കുള്ള ആ പാതയിൽനിന്നു വഴി തെറ്റാതിരിക്കാൻ നാം നല്ല ശ്രദ്ധ പുലർത്തേണ്ടത് ആവശ്യമാണെന്നും അതു വെളിപ്പെടുത്തുന്നില്ലേ? അപ്പോൾ നിത്യജീവനിലേക്കു നയിക്കുന്ന ആ ഏക മാർഗം ഏതാണ്?
യേശുക്രിസ്തു വഹിക്കുന്ന പങ്ക്
3, 4. (എ) നമ്മുടെ രക്ഷയിൽ യേശു ജീവത്പ്രധാനമായ പങ്കു വഹിക്കുന്നുവെന്ന് ബൈബിൾ എങ്ങനെ പ്രകടമാക്കുന്നു? (ബി) മനുഷ്യവർഗത്തിനു നിത്യജീവൻ പ്രാപിക്കാൻ കഴിയുമെന്ന് ദൈവം ആദ്യമായി വെളിപ്പെടുത്തിയത് എപ്പോൾ?
3 ആ പാതയോടുള്ള ബന്ധത്തിൽ യേശു ഒരു സുപ്രധാന പങ്കു വഹിക്കുന്നുണ്ട്. “മറെറാരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല” എന്നു പ്രഖ്യാപിച്ചപ്പോൾ പത്രൊസ് അപ്പൊസ്തലൻ അതാണു വ്യക്തമാക്കിയത്. (പ്രവൃത്തികൾ 4:12) സമാനമായി, പൗലൊസ് അപ്പൊസ്തലൻ ഇങ്ങനെ പ്രഖ്യാപിച്ചു: ‘ദൈവത്തിന്റെ ദാനമാകട്ടെ, നമ്മുടെ കർത്താവായ യേശുക്രിസ്തു വഴിയുള്ള നിത്യജീവൻ ആകുന്നു.’ (റോമർ 6:23, പി.ഒ.സി. ബൈ.) നിത്യജീവനിലേക്കുള്ള ഏക മാർഗം താൻ മുഖാന്തരമാണെന്ന് യേശുതന്നെ വെളിപ്പെടുത്തി. കാരണം, അവൻ ഇങ്ങനെ പ്രഖ്യാപിച്ചു: “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു.”—യോഹന്നാൻ 14:6.
4 അതുകൊണ്ട്, നിത്യജീവൻ സാധ്യമാക്കുന്നതിൽ യേശു വഹിക്കുന്ന പങ്ക് നാം അംഗീകരിക്കേണ്ടത് ജീവത്പ്രധാനമാണ്. അതിനാൽ, അവൻ വഹിക്കുന്ന പങ്ക് കുറെക്കൂടി സൂക്ഷ്മമായി നമുക്കു പരിശോധിക്കാം. ആദാമിന്റെ പാപത്തിനു ശേഷം, മനുഷ്യവർഗത്തിനു നിത്യജീവൻ ആസ്വദിക്കാൻ കഴിയുമെന്ന് യഹോവയാം ദൈവം എപ്പോഴാണു സൂചിപ്പിച്ചതെന്നു നിങ്ങൾക്ക് അറിയാമോ? ആദാം പാപം ചെയ്ത ഉടനേതന്നെ. യേശുക്രിസ്തു മനുഷ്യവർഗത്തിന്റെ രക്ഷകൻ ആയിരിക്കുമെന്ന സംഗതി ആദ്യം മുൻകൂട്ടി പറയപ്പെട്ട വിധം നമുക്ക് ഇപ്പോൾ ഒന്നു പരിശോധിക്കാം.
വാഗ്ദത്ത സന്തതി
5. ഹവ്വായെ വഴി തെറ്റിച്ച പാമ്പിനെ നമുക്ക് എങ്ങനെ തിരിച്ചറിയാൻ കഴിയും?
5 യഹോവയാം ദൈവം വാഗ്ദത്ത രക്ഷകനെ പ്രതീകാത്മക ഭാഷയിലാണു തിരിച്ചറിയിച്ചത്. ഹവ്വായോടു സംസാരിക്കുകയും വിലക്കപ്പെട്ട ഫലം ഭക്ഷിച്ചുകൊണ്ട് ദൈവത്തോട് അനുസരണക്കേടു കാണിക്കാൻ അവളെ പ്രലോഭിപ്പിക്കുകയും ചെയ്ത ‘പാമ്പി’ന്റെ മേൽ വിധി ഉച്ചരിച്ചപ്പോൾ അവൻ ആ രക്ഷകനെ തിരിച്ചറിയിച്ചു. (ഉല്പത്തി 3:1-5) തീർച്ചയായും, അത് അക്ഷരീയമായ ഒരു പാമ്പ് ആയിരുന്നില്ല. ‘പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പ്’ എന്നു ബൈബിൾ തിരിച്ചറിയിക്കുന്ന ശക്തനായ ഒരു ആത്മസൃഷ്ടി ആയിരുന്നു അത്. (വെളിപ്പാടു 12:9) ഹവ്വായെ വഴി തെറ്റിക്കാൻ സാത്താൻ ഈ താണതരം ജീവിയെ തന്റെ ഉപകരണമായി ഉപയോഗിച്ചു. അതുകൊണ്ട് സാത്താന്റെമേൽ വിധി ഉച്ചരിച്ചുകൊണ്ട് ദൈവം അവനോടു പറഞ്ഞു: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ [സ്ത്രീയുടെ സന്തതി] നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.”—ഉല്പത്തി 3:15.
6, 7. (എ) “സന്തതി”യെ പ്രസവിക്കുന്ന സ്ത്രീ ആരാണ്? (ബി) വാഗ്ദത്ത സന്തതി ആരാണ്, അവൻ എന്തു നിവർത്തിക്കുന്നു?
6 സാത്താനു ശത്രുത്വമുള്ള, അല്ലെങ്കിൽ വിദ്വേഷമുള്ള, ഈ “സ്ത്രീ” ആരാണ്? വെളിപ്പാടു 12-ാം അധ്യായത്തിൽ ‘പഴയ പാമ്പി’നെ തിരിച്ചറിയിച്ചിട്ടുള്ളതു പോലെ, സാത്താൻ വെറുക്കുന്ന ഈ സ്ത്രീയെയും തിരിച്ചറിയിച്ചിട്ടുണ്ട്. “സൂര്യനെ അണിഞ്ഞോരു സ്ത്രീ; അവളുടെ കാല്ക്കീഴ് ചന്ദ്രനും അവളുടെ തലയിൽ പന്ത്രണ്ടു നക്ഷത്രംകൊണ്ടുള്ള കിരീടവും ഉണ്ടായിരുന്നു” എന്ന് 1-ാം വാക്യം അവളെ കുറിച്ചു പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക. വിശ്വസ്ത ദൂതന്മാർ അടങ്ങുന്ന ദൈവത്തിന്റെ സ്വർഗീയ സംഘടനയെ ആണ് ഈ സ്ത്രീ പ്രതിനിധാനം ചെയ്യുന്നത്. അവൾ പ്രസവിക്കുന്ന “ആൺകുട്ടി”യാകട്ടെ, യേശുക്രിസ്തു രാജാവായി ഭരിക്കുന്ന ദൈവരാജ്യത്തെ പ്രതിനിധാനം ചെയ്യുന്നു.—വെളിപ്പാടു 12:1-5.
7 അപ്പോൾ, ഉല്പത്തി 3:15-ൽ പരാമർശിച്ചിരിക്കുന്ന, മാരകമായി പ്രഹരിച്ചുകൊണ്ട് സാത്താന്റെ “തല” തകർക്കുന്ന, സ്ത്രീയുടെ “സന്തതി” ആരാണ്? ദൈവം സ്വർഗത്തിൽനിന്ന് അയച്ച, ഒരു കന്യകയിലൂടെ ജനിക്കാൻ അവൻ ഇടയാക്കിയ, മനുഷ്യനായ യേശു ആണ് ആ സന്തതി. (മത്തായി 1:18-23; യോഹന്നാൻ 6:38) വെളിപ്പാടു 12-ാം അധ്യായം വെളിപ്പെടുത്തുന്ന പ്രകാരം ഈ സന്തതിയായ യേശു, പുനരുത്ഥാനം പ്രാപിച്ച സ്വർഗീയ ഭരണാധികാരി എന്ന നിലയിൽ, സാത്താനെ ജയിച്ചടക്കുകയും വെളിപ്പാടു 12:10 പറയുന്നതു പോലെ ‘ദൈവത്തിന്റെ രാജ്യവും ക്രിസ്തുവിന്റെ ആധിപത്യവും’ സ്ഥാപിക്കുകയും ചെയ്യും.
8. (എ) തന്റെ ആദിമ ഉദ്ദേശ്യത്തോടുള്ള ബന്ധത്തിൽ ദൈവം പ്രദാനം ചെയ്ത പുതിയ സംഗതി എന്താണ്? (ബി) ആരൊക്കെയാണു ദൈവരാജ്യത്തിന്റെ ഭരണാധികാരികൾ?
8 മനുഷ്യർ ഭൂമിയിൽ നിത്യജീവൻ ആസ്വദിക്കുക എന്ന ദൈവത്തിന്റെ ആദിമ ഉദ്ദേശ്യത്തോടുള്ള ബന്ധത്തിൽ അവൻ പുതുതായി പ്രദാനം ചെയ്ത ഒരു സംഗതിയാണ് യേശുക്രിസ്തുവിന്റെ കൈകളിലെ ഈ രാജ്യം. സാത്താന്റെ മത്സരത്തെ തുടർന്ന്, ഈ പുതിയ രാജ്യ ഭരണം മുഖാന്തരം ദുഷ്ടതയുടെ എല്ലാ തിക്തഫലങ്ങളും ഇല്ലായ്മ ചെയ്യാൻ യഹോവ സത്വരം പ്രവർത്തിച്ചു. താൻ തനിച്ചായിരിക്കില്ല ഭരിക്കുന്നതെന്നു ഭൂമിയിൽ ആയിരുന്നപ്പോൾ യേശു വെളിപ്പെടുത്തി. (ലൂക്കൊസ് 22:28-30) മനുഷ്യവർഗത്തിൽ നിന്നു തിരഞ്ഞെടുക്കുന്ന മറ്റു ചിലർ സ്വർഗത്തിൽ അവനോടൊപ്പം ഭരണത്തിൽ പങ്കുപറ്റുമായിരുന്നു. അങ്ങനെ അവർ സ്ത്രീയുടെ സന്തതിയുടെ ഒരു ഉപഭാഗം ആയിത്തീരുമായിരുന്നു. (ഗലാത്യർ 3:16, 29) യേശുവിന്റെ ഈ സഹഭരണാധികാരികളുടെ—എല്ലാവരും ഭൂമിയിലെ പാപികളായ മനുഷ്യരുടെ ഇടയിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടവർ—എണ്ണം 1,44,000 ആണെന്നു ബൈബിളിൽ പറഞ്ഞിട്ടുണ്ട്.—വെളിപ്പാടു 14:1-3.
9. (എ) യേശു ഭൂമിയിൽ മനുഷ്യനായി പ്രത്യക്ഷപ്പെടേണ്ടത് ആവശ്യമായിരുന്നത് എന്തുകൊണ്ട്? (ബി) പിശാചിന്റെ പ്രവൃത്തികളെ യേശു എങ്ങനെയാണു നിഷ്ഫലമാക്കിയത്?
9 എന്നാൽ ആ രാജ്യം ഭരിക്കാൻ തുടങ്ങുന്നതിനു മുമ്പ് സന്തതിയുടെ മുഖ്യ ഭാഗം, യേശുക്രിസ്തു, ഭൂമിയിൽ പ്രത്യക്ഷപ്പെടേണ്ടത് മർമപ്രധാനമായിരുന്നു. എന്തുകൊണ്ട്? “പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാൻ [അല്ലെങ്കിൽ, നിഷ്ഫലമാക്കാൻ]” അവനെ യഹോവയാം ദൈവം നിയുക്തനാക്കിയിരുന്നു. (1 യോഹന്നാൻ 3:8) സാത്താന്റെ പ്രവൃത്തികളിൽ ആദാമിനെ പാപം ചെയ്യാൻ വശീകരിച്ചതും ഉൾപ്പെടുന്നു, അതാണ് ആദാമിന്റെ എല്ലാ സന്തതികളുടെ മേലും പാപവും മരണവും വരുത്തിവെച്ചത്. (റോമർ 5:12) തന്റെ ജീവനെ ഒരു മറുവിലയായി നൽകിക്കൊണ്ട് പിശാചിന്റെ ഈ പ്രവൃത്തിയെ യേശു നിഷ്ഫലമാക്കി. അങ്ങനെ അവൻ പാപത്തിന്റെയും മരണത്തിന്റെയും ശിക്ഷാവിധിയിൽനിന്നു മനുഷ്യവർഗത്തെ വിടുവിക്കാനുള്ള അടിസ്ഥാനം പ്രദാനം ചെയ്ത് നിത്യജീവനിലേക്കുള്ള മാർഗം തുറന്നു.—മത്തായി 20:28; റോമർ 3:24; എഫെസ്യർ 1:7.
മറുവിലയുടെ പ്രയോജനങ്ങൾ
10. ഏതു വിധത്തിലാണ് യേശുവും ആദാമും സമാനർ ആയിരുന്നത്?
10 യേശുവിന്റെ ജീവനെ സ്വർഗത്തിൽനിന്ന് ഒരു സ്ത്രീയുടെ ഗർഭാശയത്തിലേക്കു മാറ്റിയതിനാൽ, അവൻ ജനിച്ചത് ആദാമ്യ പാപത്തിന്റെ കളങ്കമേൽക്കാത്ത ഒരു പൂർണ മനുഷ്യനായാണ്. ഭൂമിയിൽ എന്നേക്കും ജീവിക്കുന്നതിനുള്ള സാധ്യത അവന് ഉണ്ടായിരുന്നു. സമാനമായി, ഭൂമിയിലെ നിത്യജീവന്റെ പ്രതീക്ഷകളുള്ള ഒരു പൂർണ മനുഷ്യനായാണ് ആദാമും സൃഷ്ടിക്കപ്പെട്ടത്. പിൻവരുന്ന പ്രകാരം പറഞ്ഞപ്പോൾ, ഈ രണ്ടു പുരുഷന്മാരും തമ്മിലുള്ള സാമ്യം അപ്പൊസ്തലനായ പൗലൊസിന്റെ മനസ്സിൽ ഉണ്ടായിരുന്നു: “ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു . . . ഒടുക്കത്തെ ആദാം [യേശുക്രിസ്തു] ജീവിപ്പിക്കുന്ന ആത്മാവായി. ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ.”—1 കൊരിന്ത്യർ 15:45, 47.
11. (എ) ആദാമിനും യേശുവിനും മനുഷ്യവർഗത്തിന്മേൽ എന്തു ഫലമാണ് ഉണ്ടായിരുന്നത്? (ബി) യേശുവിന്റെ ബലിയെ നാം എങ്ങനെ വീക്ഷിക്കണം?
11 ഭൂമിയിൽ ജീവിച്ചിരുന്ന പൂർണതയുള്ള രണ്ടേ രണ്ടു പുരുഷന്മാരായ അവർ ഇരുവർക്കും തമ്മിലുള്ള സാമ്യത്തിന് അടിവരയിടുന്നതാണ്, യേശു ‘എല്ലാവർക്കും വേണ്ടി മറുവിലയായി [“തത്തുല്യ മറുവിലയായി,” NW] തന്നെത്താൻ കൊടുത്തു’ എന്ന ബൈബിളിന്റെ പ്രഖ്യാപനം. (1 തിമൊഥെയൊസ് 2:6) യേശു ആരോടാണു തത്തുല്യൻ ആയിരുന്നത്? സംശയമെന്ത്, പൂർണ മനുഷ്യനായിരുന്ന ആദാമിനോട്! ഒന്നാമത്തെ ആദാമിന്റെ പാപഫലമായി മുഴു മനുഷ്യ കുടുംബവും മരണത്തിനു വിധിക്കപ്പെട്ടു. ‘ഒടുക്കത്തെ ആദാമി’ന്റെ ബലി, നമുക്ക് എന്നേക്കും ജീവിക്കാൻ കഴിയേണ്ടതിനു പാപത്തിൽനിന്നും മരണത്തിൽനിന്നുമുള്ള വിടുതലിന് അടിസ്ഥാനം പ്രദാനം ചെയ്യുന്നു. യേശുവിന്റെ ബലി എത്ര അമൂല്യമാണ്! പത്രൊസ് അപ്പൊസ്തലൻ ഇങ്ങനെ പറഞ്ഞു: “നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല.” പിന്നെയോ, പത്രൊസ് തന്നെ വിശദീകരിക്കുന്നതു പോലെ, “ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ.”—1 പത്രൊസ് 1:18, 19.
12. ബൈബിൾ പറയുന്നത് അനുസരിച്ച്, നമ്മുടെ മേലുള്ള മരണശിക്ഷാവിധി നീക്കപ്പെടുന്നത് എങ്ങനെ?
12 മനുഷ്യ കുടുംബത്തിന്മേലുള്ള മരണശിക്ഷാവിധി നീക്കപ്പെടുന്നത് എങ്ങനെ എന്നു ബൈബിൾ മനോഹരമായി വർണിക്കുന്നു: “അങ്ങനെ [ആദാമിന്റെ] ഏകലംഘനത്താൽ സകലമനുഷ്യർക്കും ശിക്ഷാവിധി വന്നതുപോലെ ഏകനീതിയാൽ [യേശു മരണപര്യന്തം പാലിച്ച വിശ്വസ്ത ഗതിയാൽ] സകലമനുഷ്യർക്കും ജീവകാരണമായ നീതീകരണവും വന്നു. ഏകമനുഷ്യന്റെ [ആദാമിന്റെ] അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ [യേശുവിന്റെ] അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും.”—റോമർ 5:18, 19.
ഒരു മഹത്തായ പ്രതീക്ഷ
13. എന്നേക്കുള്ള ജീവിതത്തെ കുറിച്ച് പലരും എന്തു പറയുന്നു, എന്തുകൊണ്ട്?
13 ദൈവത്തിന്റെ ഈ കരുതൽ നമ്മെ എത്രയോ സന്തുഷ്ടരാക്കണം! ഒരു രക്ഷകൻ നൽകപ്പെട്ടിരിക്കുന്നതിൽ നിങ്ങൾ അതിയായി സന്തോഷിക്കുന്നില്ലേ? ഒരു പ്രമുഖ അമേരിക്കൻ നഗരത്തിൽ ഒരു വർത്തമാനപത്രം നടത്തിയ സർവേയിൽ, “അനന്തജീവന്റെ പ്രതീക്ഷ നിങ്ങൾക്കു സന്തോഷകരം ആയിരിക്കുമോ?” എന്ന ചോദ്യത്തോട് 67.4 ശതമാനം പേരും പ്രതികരിച്ചത് “ആയിരിക്കില്ല” എന്ന് ഉത്തരം നൽകിക്കൊണ്ടാണ്. എന്നേക്കും ജീവിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ല എന്ന് അവർ പറഞ്ഞത് എന്തുകൊണ്ടാണ്? വ്യക്തമായും, ഭൂമിയിലെ ഇപ്പോഴത്തെ ജീവിതം വളരെ പ്രശ്നസങ്കീർണം ആയതുകൊണ്ടാണ്. ഒരു വ്യക്തി ഇങ്ങനെ പറഞ്ഞു: “200 വയസ്സുകാരനായി കാണപ്പെടുമെന്ന ചിന്ത എനിക്കു സന്തോഷം നൽകുന്നില്ല.”
14. എന്നേക്കുമുള്ള ജീവിതം വലിയ സന്തോഷത്തിന്റെ സമയമായിരിക്കും, എന്തുകൊണ്ട്?
14 എന്നാൽ, ആളുകൾ രോഗവും വാർധക്യവും ദുരന്തങ്ങളും അനുഭവിക്കുന്ന ഒരു ലോകത്ത് എന്നേക്കും ജീവിക്കുന്നതിനെ കുറിച്ചല്ല ബൈബിൾ പറയുന്നത്. കാരണം, സാത്താൻ വരുത്തുന്ന അത്തരം പ്രശ്നങ്ങളെ ദൈവരാജ്യത്തിന്റെ ഭരണാധിപൻ എന്ന നിലയിൽ യേശു നിർമാർജനം ചെയ്യും. ബൈബിൾ പറയുന്ന പ്രകാരം, ദൈവരാജ്യം ഈ ലോകത്തിലെ മർദക ഗവൺമെന്റുകളെ ‘ഒക്കെയും തകർത്തു നശിപ്പിക്കും.’ (ദാനീയേൽ 2:44) അന്ന്, യേശു തന്റെ അനുഗാമികളെ പഠിപ്പിച്ച പ്രാർഥനയ്ക്കുള്ള ഉത്തരമായി, ദൈവത്തിന്റെ “ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും” നടപ്പാക്കപ്പെടും. (മത്തായി 6:9, 10) ഭൂമിയിൽനിന്നു സകല തിന്മയും നീക്കം ചെയ്യപ്പെട്ട ശേഷം, ദൈവത്തിന്റെ പുതിയ ലോകത്തിൽ യേശുവിന്റെ മറുവിലയുടെ പ്രയോജനങ്ങൾ പൂർണമായി ലഭ്യമായിരിക്കും. അതെ, യോഗ്യതയുള്ള സകലരും പൂർണാരോഗ്യത്തിലേക്കു പുനഃസ്ഥിതീകരിക്കപ്പെടും!
15, 16. ദൈവത്തിന്റെ പുതിയ ലോകത്തിൽ എന്തെല്ലാം അവസ്ഥകൾ ഉണ്ടായിരിക്കും?
15 ദൈവത്തിന്റെ പുതിയ ലോകത്തിൽ ജീവിക്കുന്ന ആളുകൾക്ക്, “അപ്പോൾ അവന്റെ ദേഹം യൌവനചൈതന്യത്താൽ പുഷ്ടിവെക്കും; അവൻ ബാല്യപ്രായത്തിലേക്കു തിരിഞ്ഞുവരും” എന്ന ബൈബിൾ ഭാഗം ബാധകമാകും. (ഇയ്യോബ് 33:25) “അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല. അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും” എന്ന ബൈബിൾ വാഗ്ദത്തവും നിവൃത്തിയാകും.—യെശയ്യാവു 35:5, 6.
16 ഇതൊന്നു ചിന്തിച്ചു നോക്കുക: നമ്മുടെ പ്രായം എത്ര ആയിരുന്നാലും, 80-ഓ 800-ഓ അതിൽ കൂടുതലോ ആയിക്കൊള്ളട്ടെ, നമുക്ക് നല്ല ആരോഗ്യ സ്ഥിതി ഉണ്ടായിരിക്കും. അത്, “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല” എന്ന ബൈബിളിന്റെ വാഗ്ദത്തം പോലെ ആയിരിക്കും. പിൻവരുന്ന വാഗ്ദാനവും അന്നു നിവൃത്തിയേറും: “[ദൈവം] അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”—യെശയ്യാവു 33:24; വെളിപ്പാടു 21:3, 4.
17. ദൈവത്തിന്റെ പുതിയ ലോകത്തിലെ ആളുകൾ എന്തെല്ലാം നേട്ടങ്ങൾ കൈവരിക്കുമെന്നു നമുക്കു പ്രതീക്ഷിക്കാവുന്നതാണ്?
17 നമ്മുടെ സ്രഷ്ടാവ്, അപാരമായ പഠനശേഷിയുള്ള വിശിഷ്ടമായ മനുഷ്യമസ്തിഷ്കം രൂപകൽപ്പന ചെയ്തപ്പോൾ അവൻ ഉദ്ദേശിച്ചിരുന്ന വിധത്തിൽതന്നെ അത് ഉപയോഗിക്കാൻ ആ പുതിയ ലോകത്തിൽ നമുക്കു സാധിക്കും. നമുക്കു ചെയ്യാൻ സാധിക്കുന്ന അത്ഭുതകരമായ കാര്യങ്ങളെ കുറിച്ച് ഒന്നു ചിന്തിച്ചുനോക്കുക! അപൂർണരായ മനുഷ്യർ പോലും ഭൂമിയുടെ ശേഖരത്തിൽനിന്ന് നാം ചുറ്റും കാണുന്ന സെല്ലുലാർ ഫോണുകൾ, മൈക്രോഫോണുകൾ, വാച്ചുകൾ, പേജറുകൾ, കമ്പ്യൂട്ടറുകൾ, വിമാനങ്ങൾ തുടങ്ങി എന്തെല്ലാം സാധനങ്ങൾ ഉണ്ടാക്കിയിരിക്കുന്നു. ഇവയിൽ ഏതെങ്കിലും നിർമിച്ചിട്ടുള്ളത് പ്രപഞ്ചത്തിലെ വിദൂരമായ ഏതോ സ്ഥലത്തുനിന്നു കൊണ്ടുവന്ന വസ്തുക്കൾ കൊണ്ടല്ല. നമുക്കു മുമ്പിൽ അനന്ത ജീവന്റെ പ്രതീക്ഷ ഉള്ളതുകൊണ്ട് വരാൻ പോകുന്ന ഭൗമിക പറുദീസയിൽ അത്തരം സൃഷ്ടിപരമായ നേട്ടങ്ങൾ കൈവരിക്കുന്നതിനുള്ള സാധ്യതയും നിസ്സീമമായിരിക്കും!—യെശയ്യാവു 65:21-25.
18. ദൈവത്തിന്റെ പുതിയ ലോകത്തിൽ ജീവിതം വിരസമായിരിക്കില്ലാത്തത് എന്തുകൊണ്ട്?
18 ജീവിതം വിരസമായിരിക്കില്ല. നാം പതിനായിരക്കണക്കിനു പ്രാവശ്യം ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കിലും, അടുത്ത പ്രാവശ്യത്തെ ആഹാരത്തിനായി നാം പ്രതീക്ഷാപൂർവം കാത്തിരിക്കുന്നു. മനുഷ്യപൂർണത ലഭിക്കുമ്പോൾ, പറുദീസാ ഭൂമിയുടെ ആസ്വാദ്യമായ ഫലങ്ങൾ നാം പൂർണമായ അളവിൽ ആസ്വദിക്കും. (യെശയ്യാവു 25:6) ഭൂമിയിലെ എണ്ണമറ്റ ജന്തുജാലങ്ങൾക്കു വേണ്ടി കരുതുകയും വശ്യമനോഹരമായ സൂര്യാസ്തമയങ്ങളും പർവതങ്ങളും നദികളും താഴ്വരകളും കണ്ടാസ്വദിക്കുകയും ചെയ്യുന്നതിന്റെ നിത്യ സന്തോഷം നമുക്ക് ഉണ്ടായിരിക്കും. തീർച്ചയായും, ദൈവത്തിന്റെ പുതിയ ലോകത്തിലെ ജീവിതം ഒരിക്കലും മുഷിപ്പുളവാക്കുന്നത് ആയിരിക്കില്ല!—സങ്കീർത്തനം 145:16.
ദൈവത്തിന്റെ വ്യവസ്ഥകളിൽ എത്തിച്ചേരൽ
19. ദൈവത്തിൽനിന്നു ജീവന്റെ സമ്മാനം ലഭിക്കുന്നതിനു ചില വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടെന്നു വിശ്വസിക്കുന്നതു ന്യായയുക്തമായിരിക്കുന്നത് എന്തുകൊണ്ട്?
19 യാതൊരു ശ്രമവും കൂടാതെ, പറുദീസാ ഭൂമിയിൽ ദൈവം നൽകുന്ന നിത്യജീവൻ എന്ന മഹത്തായ സമ്മാനം നേടാമെന്നു നിങ്ങൾ കരുതുന്നുവോ? ദൈവം ചില സംഗതികൾ ആവശ്യപ്പെടുന്നതു ന്യായയുക്തമല്ലേ? തീർച്ചയായും. ദൈവം ആ സമ്മാനം നമുക്കു വെറുതെ എറിഞ്ഞുതരികയില്ല. അവൻ അതു നമുക്കു വെച്ചുനീട്ടുന്നു, എന്നാൽ നാം അതു കയ്യെത്തി പിടിക്കേണ്ടതുണ്ട്. അതേ, അതിൽ ശ്രമം ഉൾപ്പെട്ടിരിക്കുന്നു. ഒരിക്കൽ ഒരു യുവ ഭരണാധികാരി യേശുവിനോടു ചോദിച്ച അതേ ചോദ്യം തന്നെ നിങ്ങളും ചോദിച്ചേക്കാം: ‘നിത്യജീവൻ പ്രാപിക്കാൻ ഞാൻ എന്തു നന്മ ചെയ്യേണം’? അല്ലെങ്കിൽ പൗലൊസ് അപ്പൊസ്തലനോടു ഫിലിപ്പിക്കാരനായ ജയിലർ ചോദിച്ച വിധത്തിലായിരിക്കാം നിങ്ങൾ അത് ഉന്നയിക്കുന്നത്: ‘രക്ഷ പ്രാപിക്കാൻ ഞാൻ എന്തു ചെയ്യേണം’?—മത്തായി 19:16; പ്രവൃത്തികൾ 16:30.
20. നിത്യജീവൻ പ്രാപിക്കാനുള്ള ഒരു അടിസ്ഥാന വ്യവസ്ഥ എന്ത്?
20 തന്റെ മരണത്തിന്റെ തലേ രാത്രി, “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു” എന്ന് സ്വർഗീയ പിതാവിനോടു പ്രാർഥിച്ചപ്പോൾ യേശു ഒരു അടിസ്ഥാന വ്യവസ്ഥ വ്യക്തമാക്കി. (യോഹന്നാൻ 17:3) നിത്യജീവൻ സാധ്യമാക്കിത്തീർത്ത യഹോവയെ കുറിച്ചും നമുക്കു വേണ്ടി മരിച്ച യേശുക്രിസ്തുവിനെ കുറിച്ചുമുള്ള പരിജ്ഞാനം നേടുന്നതു ന്യായയുക്തമായ ഒരു വ്യവസ്ഥയല്ലേ? എന്നാൽ, കേവലം അത്തരം പരിജ്ഞാനം നേടുന്നതിലും അധികം ആവശ്യമാണ്.
21. വിശ്വാസം പ്രകടമാക്കുക എന്ന വ്യവസ്ഥയിൽ എത്തിച്ചേരുന്നുവെന്നു നമുക്ക് എങ്ങനെ കാണിക്കാനാകും?
21 ‘പുത്രനിൽ വിശ്വസിക്കുന്നവന്നു [“വിശ്വാസം പ്രകടമാക്കുന്നവന്,” NW] നിത്യജീവൻ ഉണ്ട്’ എന്നും ബൈബിൾ പറയുന്നു. എന്നിട്ട് അത് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു.” (യോഹന്നാൻ 3:36) ദൈവഹിതത്തിനു ചേർച്ചയിൽ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് പുത്രനിൽ വിശ്വാസം പ്രകടമാക്കുന്നു എന്നു നിങ്ങൾക്കു കാണിക്കാനാകും. പിന്തുടർന്നുപോന്ന തെറ്റായ ഗതി ഉപേക്ഷിച്ച് ദൈവത്തെ പ്രസാദിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാൻ നടപടി സ്വീകരിക്കണം. പത്രൊസ് അപ്പൊസ്തലൻ കൽപ്പിച്ചതുപോലെ നിങ്ങൾ പ്രവർത്തിക്കേണ്ടതുണ്ട്: ‘നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിനു മാനസാന്തരപ്പെട്ട് തിരിഞ്ഞുകൊൾവിൻ; എന്നാൽ കർത്താവിന്റെ സമ്മുഖത്തുനിന്നു ആശ്വാസകാലങ്ങൾ വരും.’—പ്രവൃത്തികൾ 3:19.
22. യേശുവിന്റെ കാൽച്ചുവടുകൾ പിന്തുടരുന്നതിൽ എന്തെല്ലാം നടപടികൾ ഉൾപ്പെട്ടിരിക്കുന്നു?
22 യേശുവിൽ വിശ്വാസം പ്രകടമാക്കുന്നതിലൂടെ മാത്രമേ നമുക്കു നിത്യജീവൻ ലഭിക്കുകയുള്ളൂ എന്ന് ഒരിക്കലും മറക്കാതിരിക്കാം. (യോഹന്നാൻ 6:40; 14:6) ‘യേശുവിന്റെ കാൽച്ചുവട് പിന്തുടർന്നു’കൊണ്ട് അവനിൽ വിശ്വാസം പ്രകടമാക്കുന്നു എന്നു നമുക്കു കാണിക്കാം. (1 പത്രൊസ് 2:21) അങ്ങനെ ചെയ്യുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്? “ഇതാ, . . . നിന്റെ ഇഷ്ടം ചെയ്വാൻ ഞാൻ വരുന്നു” എന്നു ദൈവത്തോടുള്ള പ്രാർഥനയിൽ യേശു പറഞ്ഞു. (എബ്രായർ 10:7) ദൈവഹിതം ചെയ്യാൻ സമ്മതിച്ചുകൊണ്ടും നിങ്ങളുടെ ജീവിതത്തെ യഹോവയ്ക്കു സമർപ്പിച്ചുകൊണ്ടും യേശുവിനെ അനുകരിക്കുന്നതു മർമപ്രധാനമാണ്. പിന്നീട് നിങ്ങൾ ആ സമർപ്പണത്തെ ജലസ്നാപനത്തിലൂടെ പ്രതീകപ്പെടുത്തേണ്ടതുണ്ട്; യേശു സ്നാപനമേൽക്കാൻ മനസ്സോടെ മുന്നോട്ടു വന്നു. (ലൂക്കൊസ് 3:21, 22) അത്തരം പടികൾ സ്വീകരിക്കുന്നതു തികച്ചും ന്യായയുക്തമാണ്. “ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബ്ബന്ധിക്കുന്നു” എന്ന് പൗലൊസ് അപ്പൊസ്തലൻ പറഞ്ഞു. (2 കൊരിന്ത്യർ 5:14, 15) ഏതു വിധത്തിൽ? തന്റെ ജീവനെ നമുക്കു വേണ്ടി നൽകാൻ യേശുവിനെ പ്രേരിപ്പിച്ചതു സ്നേഹമായിരുന്നു. അവനിൽ വിശ്വാസം പ്രകടമാക്കിക്കൊണ്ടു പ്രതികരിക്കാൻ അതു നമ്മെ പ്രേരിപ്പിക്കേണ്ടതല്ലേ? അതേ, മറ്റുള്ളവരെ സഹായിക്കുന്നതിനു തന്നെത്തന്നെ വിട്ടുകൊടുക്കുകയെന്ന അവന്റെ സ്നേഹമസൃണമായ മാതൃക അനുകരിക്കാൻ അതു നമ്മെ പ്രേരിപ്പിക്കണം. ക്രിസ്തു ദൈവഹിതം ചെയ്യാനായി ജീവിച്ചു; അതുപോലെതന്നെ നാമും നമുക്കായിട്ടല്ല, പിന്നെയോ ദൈവഹിതം ചെയ്യാനായിരിക്കണം ജീവിക്കേണ്ടത്.
23. (എ) ജീവൻ പ്രാപിക്കാൻ ആഗ്രഹിക്കുന്നവർ എന്തിനോടു ചേരണം? (ബി) ക്രിസ്തീയ സഭയിൽ ഉള്ളവരിൽനിന്ന് എന്ത് ആവശ്യപ്പെട്ടിരിക്കുന്നു?
23 സംഗതി അവിടെ അവസാനിക്കുന്നില്ല. പൊ.യു. 33-ലെ പെന്തക്കോസ്തിൽ 3,000 പേർ സ്നാപനമേറ്റപ്പോൾ അവർ “ചേർന്നു” എന്നു ബൈബിൾ പറയുന്നു. എന്തിനോടു ചേർന്നു? “അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും . . . പോന്നു” എന്നു ലൂക്കൊസ് വിശദീകരിക്കുന്നു. (പ്രവൃത്തികൾ 2:41, 42) അതേ, ബൈബിൾ അധ്യയനത്തിനും സഹവാസത്തിനുമായി അവർ കൂടിവന്നു. അങ്ങനെ, അവർ ക്രിസ്തീയ സഭയോടു ചേർന്നു അഥവാ അതിന്റെ ഭാഗമായിത്തീർന്നു. ആദിമ ക്രിസ്ത്യാനികൾ ആത്മീയ പ്രബോധനത്തിനായി യോഗങ്ങളിൽ പതിവായി സംബന്ധിച്ചിരുന്നു. (എബ്രായർ 10:25) ഇന്നു യഹോവയുടെ സാക്ഷികളും അങ്ങനെ ചെയ്യുന്നു. ഈ യോഗങ്ങളിൽ അവരോടൊപ്പം സംബന്ധിക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നു.
24. ‘സാക്ഷാലുള്ള ജീവൻ’ എന്താണ്, അത് എങ്ങനെ, എപ്പോൾ യാഥാർഥ്യമായിത്തീരും?
24 ഇപ്പോൾ ജീവനിലേക്കുള്ള ഇടുങ്ങിയ വഴിയിലൂടെ പോകുന്നവർ ദശലക്ഷങ്ങളാണ്. ആ ഇടുങ്ങിയ പാതയിൽ നിലകൊള്ളുന്നതിനു കഠിന ശ്രമം ആവശ്യമാണ്! (മത്തായി 7:13, 14) പിൻവരുന്ന ഹൃദ്യമായ ആഹ്വാനം നൽകിയപ്പോൾ പൗലൊസ് അതു സൂചിപ്പിച്ചു: “വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക; നിത്യജീവനെ പിടിച്ചുകൊൾക; അതിന്നായി നീ വിളിക്കപ്പെട്ടു.” ‘സാക്ഷാലുള്ള ജീവനെ പിടിക്കാൻ’ നല്ല പോരാട്ടം ആവശ്യമാണ്. (1 തിമൊഥെയൊസ് 6:12, 19) ആദാമിന്റെ പാപം ഹേതുവായി നാം അനുഭവിക്കുന്ന വേദനകളും പ്രയാസങ്ങളും യാതനയും അടങ്ങിയ ഇപ്പോഴത്തെ ജീവൻ അല്ല അത്, മറിച്ച് ദൈവത്തിന്റെ പുതിയ ലോകത്തിലെ ജീവനായിരിക്കും. യഹോവയാം ദൈവത്തെയും അവന്റെ പുത്രനെയും സ്നേഹിക്കുന്ന സകലർക്കും ഈ വ്യവസ്ഥിതിയുടെ അന്ത്യത്തിനു ശേഷം ക്രിസ്തുവിന്റെ മറുവിലയാഗത്തിന്റെ പ്രയോജനങ്ങൾ ബാധകമാക്കുമ്പോൾ ആ ജീവൻ യാഥാർഥ്യമായിത്തീരും. നമുക്കെല്ലാവർക്കും ദൈവത്തിന്റെ പുതിയ ലോകത്തിലെ നിത്യജീവൻ—‘സാക്ഷാലുള്ള ജീവൻ’—തിരഞ്ഞെടുക്കാം.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
□ ഉല്പത്തി 3:15-ലെ സർപ്പം, സ്ത്രീ, സന്തതി എന്നിവർ ആരാണ്?
□ യേശു ആദാമിനു തുല്യനായിരുന്നത് എങ്ങനെ, മറുവില എന്തു സാധ്യമാക്കി?
□ ദൈവത്തിന്റെ പുതിയ ലോകം ആസ്വാദ്യമാക്കുന്ന എന്തിനായി നിങ്ങൾക്കു പ്രതീക്ഷാപൂർവം കാത്തിരിക്കാനാകും?
□ ദൈവത്തിന്റെ പുതിയ ലോകത്തിൽ ജീവിക്കുന്നതിന് നാം ഏതെല്ലാം വ്യവസ്ഥകളിൽ എത്തിച്ചേരേണ്ടത് ആവശ്യമാണ്?
[അധ്യയന ചോദ്യങ്ങൾ]
[10-ാം പേജിലെ ചിത്രം]
പ്രായഭേദമന്യേ സകലർക്കും അനന്തജീവനിലേക്കുള്ള ഏക മാർഗം യേശു ആണ്
[11-ാം പേജിലെ ചിത്രം]
ദൈവത്തിന്റെ തക്കസമയത്ത് വൃദ്ധർ യുവചൈതന്യത്തിലേക്കു മടങ്ങിവരും