നിത്യജീവൻ യഥാർഥത്തിൽ സാധ്യമോ?
നിത്യജീവൻ യഥാർഥത്തിൽ സാധ്യമോ?
“ഗുരോ, നിത്യജീവനെ പ്രാപിപ്പാൻ ഞാൻ എന്തു നന്മ ചെയ്യേണം”?—മത്തായി 19:16.
1. മനുഷ്യായുസ്സിന്റെ ദൈർഘ്യത്തെ കുറിച്ച് എന്തു പറയാൻ കഴിയും?
ബൈബിളിൽ അഹശ്വേരോശ് എന്ന് അറിയപ്പെടുന്ന പാർസി രാജാവായ സെർക്സിസ് ഒന്നാമൻ, പൊ.യു.മു. 480-ലെ യുദ്ധത്തിനു മുമ്പായി തന്റെ സേനയെ പരിശോധിക്കുകയായിരുന്നു. (എസ്ഥേർ 1:1, 2) ഗ്രീക്കു ചരിത്രകാരനായ ഹിറോഡോട്ടസ് പറയുന്നത് അനുസരിച്ച്, തന്റെ യോദ്ധാക്കളെ നിരീക്ഷിച്ച അദ്ദേഹം കരഞ്ഞുപോയി. എന്തുകൊണ്ട്? “മനുഷ്യന്റെ അൽപ്പായുസ്സിനെ കുറിച്ചു ചിന്തിക്കുമ്പോൾ ഞാൻ ദുഃഖിക്കുന്നു. ഇവരിൽ ആരും ഇന്നേക്കു നൂറു വർഷം കഴിയുമ്പോൾ ജീവിച്ചിരിപ്പുണ്ടാവില്ലല്ലോ,” സെർക്സിസ് പറഞ്ഞു. ജീവിതം എത്രയോ ഹ്രസ്വമാണെന്ന് ഒരുപക്ഷേ നിങ്ങളും വിചാരിച്ചിട്ടുണ്ടാകാം. വാർധക്യം പ്രാപിക്കാനും രോഗം വരാനും മരിക്കാനും ആരും ആഗ്രഹിക്കുന്നില്ലല്ലോ. യൗവനാവസ്ഥയിൽ നിലനിൽക്കാനും സന്തുഷ്ടി ആസ്വദിക്കാനും കഴിഞ്ഞിരുന്നെങ്കിൽ!—ഇയ്യോബ് 14:1, 2.
2. പലരും എന്തു പ്രത്യാശ പുലർത്തുന്നു, എന്തുകൊണ്ട്?
2 “അവർ ജീവിച്ചിരിക്കാൻ ആഗ്രഹിക്കുന്നു” എന്ന ശീർഷകത്തിലുള്ള ഒരു ലേഖനം 1997 സെപ്റ്റംബർ 28-ലെ ദ ന്യൂയോർക്ക് ടൈംസ് മാഗസിൻ പ്രസിദ്ധീകരിച്ചത് ശ്രദ്ധേയമായിരുന്നു. “എന്നേക്കും ജീവിക്കുന്ന ആദ്യ തലമുറ നമ്മുടേതായിരിക്കും എന്ന് എനിക്കു നല്ല വിശ്വാസമുണ്ട്” എന്ന് ഉദ്ഘോഷിച്ച ഒരു ഗവേഷകന്റെ വാക്കുകൾ ആ ലേഖനത്തിൽ ഉദ്ധരിച്ചിരുന്നു. എന്നേക്കുമുള്ള ജീവിതം സാധ്യമാണെന്ന് ഒരുപക്ഷേ നിങ്ങളും വിശ്വസിക്കുന്നുണ്ടാകാം. നമുക്കു ഭൂമിയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്നു ബൈബിൾ പറയുന്നതുകൊണ്ട് ആയിരിക്കാം നിങ്ങൾ അങ്ങനെ വിശ്വസിക്കുന്നത്. (സങ്കീർത്തനം 37:29; വെളിപ്പാടു 21:3-5) ഇനി, നിത്യജീവൻ സാധ്യമാണെന്നു വിശ്വസിക്കുന്നതിനു ബൈബിൾ പറയുന്നതിൽനിന്നു വ്യത്യസ്തമായ കാരണങ്ങൾ ഉണ്ടെന്നു ചിലർ കരുതുന്നു. അവയിൽ രണ്ടു കാരണങ്ങൾ പരിശോധിക്കുന്നത്, നിത്യജീവൻ യഥാർഥത്തിൽ സാധ്യമാണ് എന്നു മനസ്സിലാക്കാൻ നമ്മെ സഹായിക്കും.
എന്നേക്കും ജീവിക്കാൻ രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നു
3, 4. (എ) നാം എന്നേക്കും ജീവിക്കാൻ പ്രാപ്തർ ആയിരിക്കേണ്ടതാണെന്നു ചിലർ വിശ്വസിക്കുന്നത് എന്തുകൊണ്ട്? (ബി) താൻ നിർമിക്കപ്പെട്ട വിധത്തെ കുറിച്ച് ദാവീദ് എന്തു പറഞ്ഞു?
3 മനുഷ്യർ എന്നേക്കും ജീവിക്കാൻ പ്രാപ്തർ ആയിരിക്കേണ്ടതാണെന്നു വിശ്വസിക്കാൻ അനേകരെ പ്രേരിപ്പിക്കുന്ന ഒരു കാരണം നാം നിർമിക്കപ്പെട്ടിരിക്കുന്ന അത്ഭുതകരമായ വിധമാണ്. ഉദാഹരണത്തിന്, അമ്മയുടെ ഗർഭാശയത്തിൽ നാം രൂപപ്പെടുന്നതുതന്നെ അത്ഭുതകരമായ വിധത്തിലാണ്. വാർധക്യത്തെ കുറിച്ചു പഠനം നടത്തുന്ന ഒരു വ്യക്തി ഇങ്ങനെ എഴുതി: “ഗർഭധാരണം മുതൽ ജനനം വരെയും, തുടർന്ന് ലൈംഗിക പക്വതയും പ്രായപൂർത്തിയും ആകുന്നതു വരെയും, നമ്മെ എത്തിക്കുന്ന അത്ഭുതങ്ങൾ നിർവഹിച്ചശേഷം പ്രകൃതി ആ അത്ഭുതങ്ങളെ കേവലം എന്നേക്കും നിലനിർത്തുക എന്ന പ്രത്യക്ഷത്തിൽ കുറേക്കൂടെ ലളിതമായ പ്രക്രിയ ഏർപ്പെടുത്തേണ്ടതില്ലെന്നു വെച്ചു.” അതേ, നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്ന അതിശയകരമായ വിധം പരിശോധിക്കുമ്പോൾ ഉയർന്നുവരുന്ന ഒരു ചോദ്യമുണ്ട്, നാം മരിക്കുന്നത് എന്തുകൊണ്ട്?
4 സഹസ്രാബ്ദങ്ങൾക്കു മുമ്പ്, ശാസ്ത്രജ്ഞർക്ക് ഇന്നു കഴിയുന്നതുപോലെ, ഗർഭാശയത്തിന്റെ ഉൾഭാഗം വാസ്തവത്തിൽ കാണാൻ കഴിയാതിരുന്നിട്ടും ബൈബിൾ എഴുത്തുകാരനായ ദാവീദ് അതിലെ അത്ഭുതങ്ങളെ കുറിച്ചു ധ്യാനിക്കുകയുണ്ടായി. ‘തന്റെ അമ്മയുടെ ഉദരത്തിൽ താൻ മെട’യപ്പെട്ടപ്പോഴുള്ള തന്റെ രൂപീകരണത്തെ കുറിച്ച് ഓർത്ത് ദാവീദ് അത്ഭുതപ്പെട്ടു. “രഹസ്യത്തിൽ ഉണ്ടാക്കപ്പെ”ട്ട സമയത്തുള്ള തന്റെ “അസ്ഥികൂട”ത്തിന്റെ രൂപീകരണത്തെ കുറിച്ചും അവൻ പറഞ്ഞു. ദാവീദ് തന്റെ “പിണ്ഡാകാര”ത്തെ [‘ഭ്രൂണത്തെ,’ NW] കുറിച്ചു സംസാരിക്കുകയും അമ്മയുടെ ഗർഭാശയത്തിലെ ആ ഭ്രൂണത്തെ കുറിച്ച് ഇങ്ങനെ പറയുകയും ചെയ്തു: “അവയെല്ലാം [“അതിന്റെ ഭാഗങ്ങൾ എല്ലാം,” NW] നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു.”—സങ്കീർത്തനം 139:13-16.
5. ഗർഭാശയത്തിലെ നമ്മുടെ രൂപീകരണത്തിൽ എന്തെല്ലാം അത്ഭുതങ്ങൾ ഉൾപ്പെട്ടിരിക്കുന്നു?
5 ദാവീദ് തന്റെ അമ്മയുടെ ഗർഭാശയത്തിനുള്ളിൽ സൃഷ്ടിക്കപ്പെട്ടതിനെ കുറിച്ചുള്ള ഒരു അക്ഷരീയ കയ്യെഴുത്തു രൂപരേഖ ഇല്ലായിരുന്നു എന്നതു വ്യക്തമാണ്. എന്നാൽ, തന്റെ ‘അന്തരംഗങ്ങ’ളുടെയും [‘വൃക്കകളുടെയും,’ NW] ‘അസ്ഥിക’ളുടെയും മറ്റു ശരീര ഭാഗങ്ങളുടെയും നിർമിതിയെ കുറിച്ചു ദാവീദ് ധ്യാനിച്ചു. അവയുടെ വികാസം ഒരു നിശ്ചിത രൂപരേഖ അനുസരിച്ചുള്ളതാണെന്ന്—മറ്റു വാക്കുകളിൽ പറഞ്ഞാൽ, സകലവും ‘എഴുതപ്പെട്ടിരുന്നു’ എന്ന്—അവനു തോന്നി. അവന്റെ അമ്മയുടെ ഗർഭാശയത്തിലെ സിക്താണ്ഡത്തിൽ ഒരു മനുഷ്യ ശിശുവിന്റെ വികാസം സംബന്ധിച്ച സവിസ്തര വിവരങ്ങൾ അടങ്ങിയ ഗ്രന്ഥങ്ങൾ നിറഞ്ഞ ഒരു വലിയ മുറി ഉണ്ടായിരുന്നതു പോലെയായിരുന്നു അത്. സങ്കീർണമായ ആ വിവരങ്ങൾ പുതുതായി ഉണ്ടായ ഓരോ കോശത്തിലേക്കും കൈമാറപ്പെട്ടു. അതിനാൽ, ‘വികാസം പ്രാപിക്കുന്ന ഒരു ഭ്രൂണത്തിലെ ഓരോ കോശത്തിനും രൂപരേഖ അടങ്ങിയ ഒരു സമ്പൂർണ അലമാര’ ഉള്ളതായി സയൻസ് വേൾഡ് എന്ന മാസിക ആലങ്കാരികമായി പറയുന്നു.
6. ദാവീദ് എഴുതിയതുപോലെ, നാം ‘അത്ഭുതകരമായി നിർമിക്കപ്പെട്ടിരിക്കുന്നു’ എന്നതിന് എന്തു തെളിവുണ്ട്?
6 നമ്മുടെ ശരീരത്തിന്റെ അത്ഭുതകരമായ പ്രവർത്തന വിധത്തെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ജീവശാസ്ത്രകാരനായ ജാരഡ് ഡയമണ്ട് ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഏതാനും ദിവസങ്ങൾ കൂടുമ്പോൾ നമ്മുടെ കുടൽഭിത്തിയിലെ പഴയ കോശങ്ങളുടെ സ്ഥാനത്ത് പുതിയവ ഉണ്ടാകുന്നു, മൂത്രാശയ ഭിത്തിയിലെ കോശങ്ങൾക്ക് രണ്ടു മാസത്തിൽ ഒരിക്കൽ ഈ മാറ്റം സംഭവിക്കുന്നു, നാലു മാസത്തിൽ ഒരിക്കൽ നമ്മുടെ പഴയ അരുണ രക്താണുക്കൾ മാറി പുതിയവ ഉണ്ടാകുന്നു.” അദ്ദേഹം ഇങ്ങനെ നിഗമനം ചെയ്തു: “പ്രകൃതി ഓരോ ദിവസവും നമ്മെ വിഘടിപ്പിക്കുകയും സംയോജിപ്പിക്കുകയും ചെയ്യുന്നു.” വാസ്തവത്തിൽ, എന്താണ് അതിന്റെ അർഥം? നാം എത്ര വർഷം ജീവിച്ചാലും—8-ഓ 80-ഓ 800-ഓ വർഷം ആയിക്കൊള്ളട്ടെ—നമ്മുടെ ഭൗതിക ശരീരം നവയൗവനാവസ്ഥയിൽ നിലനിൽക്കുന്നു എന്ന്. ഒരിക്കൽ ഒരു ശാസ്ത്രജ്ഞൻ ഇങ്ങനെ കണക്കാക്കി: “ഒരു വർഷത്തിനുള്ളിൽ നമ്മുടെ ശരീരത്തിൽ ഇപ്പോഴുള്ള 98 ശതമാനത്തോളം ആറ്റങ്ങളും മാറി അവയുടെ സ്ഥാനത്ത്, നാം വായുവിലൂടെയും ആഹാരത്തിലൂടെയും പാനീയത്തിലൂടെയും സ്വീകരിക്കുന്ന, മറ്റ് ആറ്റങ്ങൾ വരുന്നു.” ദാവീദ് ഉദ്ഘോഷിച്ചതു പോലെ, തീർച്ചയായും നാം ‘അത്ഭുതകരമായി നിർമിക്കപ്പെട്ടിരിക്കുന്നു.’—സങ്കീർത്തനം 139:14.
7. നമ്മുടെ ഭൗതിക ശരീരത്തിന്റെ രൂപഘടനയെ അടിസ്ഥാനമാക്കി ചിലർ എന്തു നിഗമനം ചെയ്തിരിക്കുന്നു?
7 വാർധക്യത്തെ കുറിച്ചു ഗവേഷണം നടത്തുന്ന ഒരു വിദഗ്ധൻ നമ്മുടെ ഭൗതിക ശരീരത്തിന്റെ രൂപഘടനയെ അടിസ്ഥാനമാക്കി ഇങ്ങനെ പറഞ്ഞു: “വാർധക്യം പ്രാപിക്കുന്നതിന്റെ കാരണം വ്യക്തമല്ല.” നാം വാസ്തവത്തിൽ എന്നേക്കും ജീവിക്കേണ്ടവരാണ് എന്നതുപോലെ തോന്നുന്നു. അതുകൊണ്ടാണ് ആ ലക്ഷ്യം തങ്ങളുടെ സാങ്കേതികവിദ്യയിലൂടെ കൈവരിക്കാൻ മനുഷ്യർ ശ്രമിക്കുന്നത്. മരണത്തെ ജയിച്ചടക്കൽ (ഇംഗ്ലീഷ്) എന്ന ഗ്രന്ഥത്തിൽ ഡോ. ആൽവിൻ സിൽവർസ്റ്റൈൻ പിൻവരുന്ന പ്രകാരം ആത്മവിശ്വാസത്തോടെ എഴുതിയത് വളരെ കാലം മുമ്പൊന്നുമല്ല: “ജീവന്റെ അന്തസ്സത്ത നാം അനാവരണം ചെയ്യും. ഒരുവൻ വാർധക്യം പ്രാപിക്കുന്നത് എങ്ങനെയെന്ന് . . . നാം മനസ്സിലാക്കും.” അതിന്റെ പരിണതഫലം എന്തായിരിക്കും? അദ്ദേഹം പ്രവചിച്ചു: “പിന്നെ ‘പ്രായമായ’ മനുഷ്യർ ഉണ്ടായിരിക്കില്ല. കാരണം, മരണത്തെ കീഴടക്കാൻ സഹായിക്കുന്ന ആ പരിജ്ഞാനം നിത്യയൗവനവും സാധ്യമാക്കും.” മനുഷ്യന്റെ രൂപഘടനയെ കുറിച്ചുള്ള ആധുനിക ശാസ്ത്രീയ അന്വേഷണം കണക്കിലെടുക്കുമ്പോൾ, നിത്യജീവൻ എന്ന ആശയം ഒരു വിദൂര സ്വപ്നമായി നിങ്ങൾക്കു തോന്നുന്നുണ്ടോ? നിത്യജീവൻ സാധ്യമാണ് എന്നു വിശ്വസിക്കുന്നതിന് അതിനെക്കാൾ ശക്തമായ മറ്റൊരു കാരണമുണ്ട്.
എന്നേക്കും ജീവിക്കാനുള്ള ആഗ്രഹം
8, 9. ആളുകൾ ചരിത്രത്തിലുടനീളം എന്തു സ്വാഭാവികമായ ആഗ്രഹം പുലർത്തിയിട്ടുണ്ട്?
8 എന്നേക്കും ജീവിച്ചിരിക്കുക എന്നതു മനുഷ്യന്റെ ഒരു സ്വാഭാവിക ആഗ്രഹമാണെന്നു നിങ്ങൾ എപ്പോഴെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ? ഒരു ജർമൻ പത്രികയിൽ ഒരു ഡോക്ടർ ഇങ്ങനെ എഴുതി: “നിത്യമായി ജീവിച്ചിരിക്കുക എന്ന സ്വപ്നത്തിനു മനുഷ്യവർഗത്തോളം തന്നെ പഴക്കമുണ്ട്.” ചില പുരാതന യൂറോപ്യന്മാരുടെ വിശ്വാസങ്ങളെ വർണിച്ചുകൊണ്ട് ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇങ്ങനെ പ്രസ്താവിക്കുന്നു: “യോഗ്യരായ ആളുകൾ സ്വർണം മേഞ്ഞ, ശോഭയുള്ള ഭവനത്തിൽ എന്നേക്കും വസിക്കും.” അനന്തജീവനു വേണ്ടിയുള്ള ആ അടിസ്ഥാന ആഗ്രഹം നിവർത്തിക്കാനുള്ള ശ്രമത്തിൽ ആളുകൾ എന്തെല്ലാം ചെയ്തിരിക്കുന്നു!
9 2,000-ത്തിലധികം വർഷങ്ങൾക്കു മുമ്പ്, ചൈനയിൽ “താവോ പുരോഹിതന്മാരുടെ നേതൃത്വത്തിൽ ചക്രവർത്തിമാരും സാധാരണക്കാരും തങ്ങളുടെ ജോലിയിൽ അനാസ്ഥ കാട്ടിക്കൊണ്ടു പോലും ജീവാമൃത് [യൗവനത്തിന്റെ ഉറവ് എന്നു വിളിക്കപ്പെടുന്നു] കണ്ടെത്താൻ ഇറങ്ങിത്തിരിച്ചു” എന്ന് ദി എൻസൈക്ലോപീഡിയ അമേരിക്കാന അഭിപ്രായപ്പെടുന്നു. തീർച്ചയായും, ചരിത്രത്തിൽ ഉടനീളം നാനാതരം പാനീയങ്ങൾ, അല്ലെങ്കിൽ പ്രത്യേക തരം വെള്ളം പോലും, കുടിച്ചുകൊണ്ട് നവയൗവനാവസ്ഥയിൽ തുടരാൻ കഴിയുമെന്ന് ആളുകൾ വിശ്വസിച്ചിരുന്നു.
10. ആയുസ്സ് നീട്ടിയെടുക്കുക സാധ്യമാക്കുന്നതിന് എന്ത് ആധുനിക ശ്രമം നടന്നിരിക്കുന്നു?
10 സമാനമായി ശ്രദ്ധേയമാണ് എന്നേക്കും ജീവിക്കാനുള്ള മനുഷ്യന്റെ സഹജമായ ആഗ്രഹം സാധിക്കാനുള്ള ആധുനിക ശ്രമങ്ങളും. അതിന്റെ ഒരു വലിയ ഉദാഹരണമാണു രോഗത്താൽ മരിച്ചവരെ മരവിപ്പിച്ചു സൂക്ഷിക്കുന്ന രീതി. ഭാവിയിൽ എന്നെങ്കിലും പ്രസ്തുത രോഗത്തിനു ചികിത്സ കണ്ടുപിടിക്കുമ്പോൾ മരിച്ച ആളെ ജീവിപ്പിക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ഇങ്ങനെ ചെയ്യാറുള്ളത്. ക്രയോണിക്സ് എന്നു വിളിക്കപ്പെടുന്ന ഈ രീതിയുടെ ഒരു വക്താവ് ഇങ്ങനെ എഴുതി: “നമ്മുടെ ശുഭാപ്തി വിശ്വാസം ശരിയാണെന്നു തെളിയുകയും വാർധക്യ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള എല്ലാ കുഴപ്പങ്ങളും ചികിത്സിച്ചു മാറ്റാനോ പരിഹരിക്കാനോ ഉള്ള വിധം അറിയാമായിരിക്കുകയും ചെയ്യുന്നെങ്കിൽ ഇപ്പോൾ ‘മരിക്കു’ന്നവർക്കു ഭാവിയിൽ അനന്തമായി നീണ്ടുകിടക്കുന്ന ഒരു ജീവിതം ആയിരിക്കും ലഭിക്കുക.”
11. ആളുകൾ എന്നേക്കും ജീവിക്കാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ട്?
11 എന്നേക്കും ജീവിക്കാനുള്ള ആഗ്രഹം നമ്മുടെ ചിന്തയിൽ രൂഢമൂലം ആയിത്തീർന്നിരിക്കുന്നത് എന്തുകൊണ്ട് എന്നു നിങ്ങൾ ചോദിച്ചേക്കാം. ‘[ദൈവം] മനുഷ്യരുടെ ഹൃദയത്തിൽ നിത്യത വെച്ചിരിക്കു’ന്നതുകൊണ്ട് ആയിരിക്കുമോ അത്? (സഭാപ്രസംഗി 3:11) ഗൗരവമായി പരിചിന്തിക്കേണ്ട ഒരു വിഷയമാണ് അത്! ഒന്നു ചിന്തിച്ചുനോക്കുക: നിത്യമായി—എന്നേക്കും—ജീവിച്ചിരിക്കാനുള്ള ആഗ്രഹം നിവർത്തിക്കാൻ സ്രഷ്ടാവ് ഉദ്ദേശിച്ചില്ലായിരുന്നെങ്കിൽ, നമുക്കു സഹജമായി അത്തരമൊരു ആഗ്രഹം ഉള്ളത് എന്തുകൊണ്ടാണ്? എന്നേക്കും ജീവിക്കാനുള്ള ആഗ്രഹത്തോടെ ദൈവം നമ്മെ സൃഷ്ടിച്ചിട്ട് ആ ആഗ്രഹം നിവർത്തിക്കാൻ ഒരിക്കലും അനുവദിക്കാതെ നമ്മെ നിരാശരാക്കുന്നത് സ്നേഹപൂർവകം ആയിരിക്കുമോ?—സങ്കീർത്തനം 145:16.
നാം ആരിൽ ആശ്രയിക്കണം?
12. ചിലർ എന്ത് ഉറച്ച വിശ്വാസം പുലർത്തുന്നു, അത് ഈടുറ്റതാണെന്നു നിങ്ങൾ കരുതുന്നുണ്ടോ?
12 നിത്യജീവൻ പ്രാപിക്കാൻ, നാം എവിടെ അല്ലെങ്കിൽ എന്തിൽ നമ്മുടെ ആശ്രയം വെക്കേണ്ടതുണ്ട്? 20-ാം നൂറ്റാണ്ടിലെയോ 21-ാം നൂറ്റാണ്ടിലെയോ മനുഷ്യ സാങ്കേതികവിദ്യയിലാണോ? ദ ന്യൂയോർക്ക് ടൈംസ് മാഗസിനിൽ വന്ന “അവർ ജീവിച്ചിരിക്കാൻ ആഗ്രഹിക്കുന്നു” എന്ന ലേഖനം “സാങ്കേതികവിദ്യ എന്ന ദൈവ”ത്തെ കുറിച്ചും “സാങ്കേതികവിദ്യയുടെ സാധ്യത സംബന്ധിച്ച ഉത്സാഹത്തെ” കുറിച്ചും പറയുകയുണ്ടായി. “വാർധക്യ പ്രക്രിയയെ തടഞ്ഞുകൊണ്ട്, ഒരുപക്ഷേ അതിന്റെ ഗതി തിരിച്ചുവിട്ടുകൊണ്ട്, നമ്മെ രക്ഷിക്കാൻ പോന്ന ജനിതക വ്യതിയാന വിദ്യകൾ . . . യഥാസമയം ലഭ്യമായിത്തീരുമെന്ന അങ്ങേയറ്റത്തെ ആത്മവിശ്വാസം” പോലും ഒരു ഗവേഷകന് ഉള്ളതായി പറയപ്പെടുന്നു. എന്നിരുന്നാലും, വാർധക്യ പ്രക്രിയ നിർത്താനോ മരണത്തെ ജയിച്ചടക്കാനോ ഉള്ള മനുഷ്യ ശ്രമങ്ങൾ തീർത്തും നിഷ്ഫലമെന്നു തെളിഞ്ഞിരിക്കുന്നു.
13. നാം എന്നേക്കും ജീവിക്കാൻ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു എന്ന് നമ്മുടെ മസ്തിഷ്ക ഘടന സൂചിപ്പിക്കുന്നത് എങ്ങനെ?
13 അതിനർഥം നിത്യജീവൻ പ്രാപിക്കാൻ യാതൊരു മാർഗവും ഇല്ലെന്നാണോ? ഒരിക്കലും അല്ല! നിശ്ചയമായും ഒരു മാർഗമുണ്ട്! ഫലത്തിൽ അനന്തമായ പഠനശേഷിയുള്ള നമ്മുടെ അത്ഭുതകരമായ മസ്തിഷ്കത്തിന്റെ ഘടന ഇതു സംബന്ധിച്ചു നമുക്കു ബോധ്യം വരുത്തേണ്ടതാണ്. “പ്രപഞ്ചത്തിൽ നാം ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും സങ്കീർണമായ വസ്തു” എന്നാണ് തന്മാത്രാ ജീവശാസ്ത്രജ്ഞനായ ജയിംസ് വാട്ട്സൺ നമ്മുടെ മസ്തിഷ്കത്തെ വർണിക്കുന്നത്. നാഡീശാസ്ത്രജ്ഞനായ റിച്ചാർഡ് റെസ്റ്റാക്ക് പറയുന്നത്, “അതിനോടു വിദൂരമായി പോലും സാമ്യമുള്ള യാതൊന്നും നമ്മുടെ അറിയപ്പെടുന്ന പ്രപഞ്ചത്തിൽ ഇല്ല” എന്നാണ്. നാം നിത്യജീവൻ ആസ്വദിക്കാൻ ഉദ്ദേശിക്കപ്പെട്ടിട്ടില്ല എങ്കിൽ, ഫലത്തിൽ അനന്തമായ അളവിൽ വിവരങ്ങൾ ശേഖരിച്ചു വെക്കാനും പഠിക്കാനും ശേഷിയുള്ള ഒരു മസ്തിഷ്കവും നിത്യമായി പ്രവർത്തിക്കാൻ രൂപസംവിധാനം ചെയ്യപ്പെട്ട ഒരു ശരീരവും നമുക്ക് എന്തിന്?
14. (എ) മനുഷ്യജീവൻ സംബന്ധിച്ചു ബൈബിൾ എഴുത്തുകാർ എന്തു നിഗമനത്തിലേക്കു വിരൽ ചൂണ്ടുന്നു? (ബി) നമ്മുടെ ആശ്രയം മനുഷ്യരിൽ അല്ല, മറിച്ച് ദൈവത്തിൽ ആയിരിക്കേണ്ടത് എന്തുകൊണ്ട്?
14 അപ്പോൾ നാം എത്തിച്ചേരേണ്ട ന്യായയുക്തവും വസ്തുനിഷ്ഠവുമായ ഏക നിഗമനം എന്താണ്? എന്നേക്കും ജീവിക്കാൻ കഴിയേണ്ടതിനു സർവശക്തിയും ബുദ്ധിയുമുള്ള ഒരു നിർമാതാവ് ആയിരിക്കില്ലേ നമ്മെ രൂപകൽപ്പന ചെയ്തു സൃഷ്ടിച്ചത്? (ഇയ്യോബ് 10:8; സങ്കീർത്തനം 36:9; 100:3; മലാഖി 2:10; പ്രവൃത്തികൾ 17:24, 25) അതുകൊണ്ട്, “നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുതു, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുതു” എന്ന ബൈബിൾ സങ്കീർത്തനക്കാരന്റെ നിശ്വസ്ത കൽപ്പനയ്ക്കു നാം ജ്ഞാനപൂർവം ചെവി കൊടുക്കേണ്ടതല്ലേ? എന്തുകൊണ്ട് മനുഷ്യനിൽ ആശ്രയം വെക്കരുത്? എന്തുകൊണ്ടെന്നാൽ, സങ്കീർത്തനക്കാരൻ എഴുതിയതുപോലെ “അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു തിരിയുന്നു; അന്നു തന്നേ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു.” തീർച്ചയായും, എന്നേക്കും ജീവിക്കാനുള്ള പ്രാപ്തികൾ ഉണ്ടായിരുന്നിട്ടും മരണത്തിന്റെ മുന്നിൽ മനുഷ്യർ നിസ്സഹായരാണ്. സങ്കീർത്തനക്കാരൻ ഇങ്ങനെ ഉപസംഹരിക്കുന്നു: “തന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ [“സന്തുഷ്ടൻ,” NW].”—സങ്കീർത്തനം 146:3-5.
അതു വാസ്തവത്തിൽ ദൈവോദ്ദേശ്യം ആണോ?
15. നാം എന്നേക്കും ജീവിക്കുക എന്നത് ദൈവോദ്ദേശ്യം ആണെന്ന് എന്തു പ്രകടമാക്കുന്നു?
15 എന്നാൽ, നാം എന്നേക്കും ജീവിച്ചിരിക്കണം എന്നതു വാസ്തവമായും യഹോവയുടെ ഉദ്ദേശ്യം ആണോ എന്നു നിങ്ങൾ ചോദിച്ചേക്കാം. അതേ, നിശ്ചയമായും! അവന്റെ വചനം അനേകം പ്രാവശ്യം അതു വാഗ്ദാനം ചെയ്യുന്നു. ‘ദൈവത്തിന്റെ ദാനമാകട്ടെ നിത്യജീവൻ ആകുന്നു’ എന്നു ബൈബിൾ നമുക്ക് ഉറപ്പു നൽകുന്നു. ദൈവദാസനായ യോഹന്നാൻ ഇങ്ങനെ എഴുതി: “ഇതാകുന്നു [ദൈവം] നമുക്കു തന്ന വാഗ്ദത്തം: നിത്യജീവൻ തന്നേ.” ആ സ്ഥിതിക്ക്, “നിത്യജീവനെ പ്രാപിപ്പാൻ ഞാൻ എന്തു നൻമ ചെയ്യേണം” എന്ന് ഒരു ചെറുപ്പക്കാരൻ യേശുവിനോടു ചോദിച്ചതിൽ തെല്ലും അതിശയിക്കാനില്ല. (റോമർ 6:23 പി.ഒ.സി. ബൈബിൾ; 1 യോഹന്നാൻ 2:25; മത്തായി 19:16) വാസ്തവത്തിൽ, “ഭോഷ്കില്ലാത്ത ദൈവം സകലകാലത്തിന്നും മുമ്പെ വാഗ്ദത്തം ചെയ്ത നിത്യജീവന്റെ പ്രത്യാശ”യെ കുറിച്ച് പൗലൊസ് അപ്പൊസ്തലൻ എഴുതുകയുണ്ടായി.—തീത്തൊസ് 1:2.
16. ഏത് അർഥത്തിൽ ആയിരിക്കാം “സകലകാലത്തിന്നും മുമ്പെ” ദൈവം നിത്യജീവൻ വാഗ്ദത്തം ചെയ്തത്?
16 “സകലകാലത്തിന്നും മുമ്പെ” ദൈവം നിത്യജീവൻ വാഗ്ദത്തം ചെയ്തു എന്നതിന്റെ അർഥം എന്താണ്? ആദ്യ ദമ്പതികളായ ആദാമും ഹവ്വായും സൃഷ്ടിക്കപ്പെടുന്നതിനു മുമ്പുതന്നെ, മനുഷ്യർ എന്നേക്കും ജീവിക്കണമെന്നു ദൈവം ഉദ്ദേശിച്ചിരുന്നതായി പൗലൊസ് അപ്പൊസ്തലൻ അർഥമാക്കിയെന്നു ചിലർ കരുതുന്നു. എന്നാൽ, മനുഷ്യർ സൃഷ്ടിക്കപ്പെട്ടതിനു ശേഷം യഹോവ തന്റെ ഉദ്ദേശ്യം വെളിപ്പെടുത്തിയ സമയത്തെയാണു പൗലൊസ് പരാമർശിക്കുന്നതെങ്കിൽ പോലും, മനുഷ്യരുടെ നിത്യജീവൻ ദൈവഹിതത്തിൽ ഉൾപ്പെടുന്നു എന്നതു വ്യക്തമാണ്.
17. എന്തുകൊണ്ടാണ് ആദാമിനെയും ഹവ്വായെയും ഏദെൻ തോട്ടത്തിൽനിന്നു പുറത്താക്കിയത്, പ്രവേശനസ്ഥലത്ത് കെരൂബുകളെ നിറുത്തിയത് എന്തുകൊണ്ട്?
17 ഏദെൻ തോട്ടത്തിൽ, ‘യഹോവയായ ദൈവം ജീവവൃക്ഷം നിലത്തുനിന്നു മുളെപ്പിച്ചു’ എന്നു ബൈബിൾ പറയുന്നു. ആദാം ‘കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലം പറിച്ചു തിന്ന് എന്നേക്കും ജീവിക്കാൻ സംഗതി വരാതിരിക്കാൻ’ ആണ് ആദാമിനെ തോട്ടത്തിൽനിന്നു പുറത്താക്കിയത്! ആദാമിനെയും ഹവ്വായെയും ഏദെനിൽനിന്നു പുറത്താക്കിയ ശേഷം “ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാൻ [യഹോവ] ഏദെൻതോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി.”—ഉല്പത്തി 2:9; 3:22-24.
18. (എ) ആദാമിനെയും ഹവ്വായെയും സംബന്ധിച്ചിടത്തോളം, ജീവവൃക്ഷത്തിൽ നിന്നു ഭക്ഷിച്ചാലുള്ള ഫലം എന്തായിരിക്കുമായിരുന്നു? (ബി) ആ വൃക്ഷഫലം ഭക്ഷിക്കുന്നത് എന്തിനെ പ്രതിനിധാനം ചെയ്തു?
18 ജീവവൃക്ഷത്തിന്റെ ഫലം ഭക്ഷിക്കാൻ ആദാമിനെയും ഹവ്വായെയും അനുവദിച്ചാൽ അതിന്റെ ഫലം എന്തായിരിക്കുമായിരുന്നു? സംശയമെന്ത്, പറുദീസയിലെ അനന്ത ജീവന്റെ പദവി! ഒരു ബൈബിൾ പണ്ഡിതൻ ഇങ്ങനെ ഊഹിച്ചു പറഞ്ഞു: “വാർധക്യം വരുത്തുന്ന ശിഥിലീകരണത്തിൽ നിന്ന് അല്ലെങ്കിൽ മരണത്തിൽ ചെന്നവസാനിക്കുന്ന അപക്ഷയത്തിൽ നിന്ന് മനുഷ്യ ശരീരത്തെ മുക്തമാക്കി നിർത്തുന്ന എന്തോ സവിശേഷത ആ വൃക്ഷത്തിന് ഉണ്ടായിരുന്നിരിക്കണം.” വാർധക്യ പ്രക്രിയയുടെ “ഹാനികരമായ ഫലങ്ങളെ ചെറുക്കാൻ പ്രാപ്തിയുള്ള ഒരു ഔഷധ വിശേഷം പറുദീസയിൽ ഉണ്ടായിരുന്നു” എന്നു പോലും അദ്ദേഹം അവകാശപ്പെട്ടു. എന്നിരുന്നാലും, ജീവവൃക്ഷത്തിന് എന്തെങ്കിലും ജീവദായക ഗുണങ്ങൾ ഉണ്ടായിരുന്നതായി ബൈബിൾ പറയുന്നില്ല. പകരം, പ്രസ്തുത വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കാൻ ദൈവം ആരെ അനുവദിക്കുന്നുവോ അവർക്ക് അവൻ നൽകുന്ന നിത്യജീവന്റെ ഉറപ്പിനെയാണ് അതു പ്രതിനിധാനം ചെയ്തത്.—വെളിപ്പാടു 2:7.
ദൈവോദ്ദേശ്യം അചഞ്ചലം
19. ആദാം മരിച്ചത് എന്തുകൊണ്ട്, അവന്റെ സന്തതികളായ നാം മരിക്കുന്നത് എന്തുകൊണ്ട്?
19 പാപം ചെയ്തപ്പോൾ, ആദാം തനിക്കും ജനിക്കാനിരുന്ന തന്റെ എല്ലാ മക്കൾക്കുമുള്ള നിത്യജീവന്റെ അവകാശം നഷ്ടപ്പെടുത്തി. (ഉല്പത്തി 2:17) അനുസരണക്കേടു നിമിത്തം പാപി ആയിത്തീർന്നപ്പോൾ അവൻ ഊനമുള്ളവനും അപൂർണനും ആയി മാറി. ഫലത്തിൽ, അപ്പോൾ മുതൽ ആദാമിന്റെ ശരീരം മരിക്കാൻ പ്രോഗ്രാം ചെയ്യപ്പെട്ടത് ആയിത്തീർന്നു. എന്തെന്നാൽ, “പാപത്തിന്റെ ശമ്പളം മരണമത്രേ” എന്നു ബൈബിൾ പറയുന്നു. (റോമർ 6:23) മാത്രമല്ല, ആദാമിന്റെ അപൂർണ സന്തതികൾ നിത്യജീവനായല്ല, മരണത്തിനായാണു പ്രോഗ്രാം ചെയ്യപ്പെട്ടത്. ബൈബിൾ ഇങ്ങനെ വിശദീകരിക്കുന്നു: “ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.”—റോമർ 5:12.
20. മനുഷ്യർ ഭൂമിയിൽ എന്നേക്കും ജീവിക്കാൻ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു എന്ന് എന്തു സൂചിപ്പിക്കുന്നു?
20 ആദാം പാപം ചെയ്തില്ലായിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു? അവൻ ദൈവത്തോട് അനുസരണക്കേടു കാണിക്കാതിരിക്കുകയും ജീവവൃക്ഷത്തിന്റെ ഫലം ഭക്ഷിക്കാൻ അവന് അനുമതി ലഭിക്കുകയും ചെയ്തിരുന്നെങ്കിൽ, എന്തു സംഭവിക്കുമായിരുന്നു? ദൈവത്തിൽ നിന്നുള്ള നിത്യജീവൻ എന്ന സമ്മാനം അവൻ എവിടെ ആസ്വദിക്കുമായിരുന്നു? സ്വർഗത്തിൽ ആയിരിക്കുമായിരുന്നോ? ഇല്ല! ആദാം സ്വർഗത്തിലേക്ക് എടുക്കപ്പെടുന്നതിനെ കുറിച്ചു ദൈവം യാതൊന്നും പറഞ്ഞില്ല. അവൻ വേല ചെയ്യാൻ നിയമിക്കപ്പെട്ടതു ഭൂമിയിൽ ആയിരുന്നു. “കാണ്മാൻ ഭംഗിയുള്ളതും തിന്മാൻ നല്ല ഫലമുള്ളതുമായ ഓരോ വൃക്ഷങ്ങളും . . . യഹോവയായ ദൈവം നിലത്തുനിന്നു മുളെപ്പിച്ചു” എന്നു വിശദീകരിക്കുന്ന ബൈബിൾ ഇങ്ങനെയും പറയുന്നു: “യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെൻതോട്ടത്തിൽ വേല ചെയ്വാനും അതിനെ കാപ്പാനും അവിടെ ആക്കി.” (ഉല്പത്തി 2:9, 15) ആദാമിന്റെ ഇണയായി ഹവ്വാ സൃഷ്ടിക്കപ്പെട്ട ശേഷം, ഇവിടെ ഭൂമിയിൽ അവർക്ക് ഇരുവർക്കും കൂടുതലായ വേലയ്ക്കുള്ള നിയമനം ലഭിച്ചു. “നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ” എന്നു ദൈവം അവരോടു പറഞ്ഞു.—ഉല്പത്തി 1:28.
21. ആദ്യ മനുഷ്യർക്ക് അത്ഭുതകരമായ എന്തു പ്രതീക്ഷകളാണ് ഉണ്ടായിരുന്നത്?
21 ദൈവത്തിന്റെ ആ നിർദേശങ്ങൾ ആദാമിനും ഹവ്വായ്ക്കും തുറന്നു കൊടുത്ത അത്ഭുതകരമായ ഭൗമിക പ്രതീക്ഷകൾ സംബന്ധിച്ചു ചിന്തിച്ചു നോക്കുക! ഭൗമിക പറുദീസയിൽ പൂർണാരോഗ്യമുള്ള പുത്രീപുത്രന്മാരെ അവർക്കു വളർത്താമായിരുന്നു. അവരുടെ മക്കൾ മുതിർന്നവർ ആയിത്തീരുമ്പോൾ അവർക്കും കുട്ടികൾ ഉണ്ടാകുകയും അവർ പറുദീസയെ പരിപാലിക്കുക എന്ന സന്തോഷകരമായ ഉദ്യാനവേലയിൽ ഏർപ്പെടുകയും ചെയ്യുമായിരുന്നു. മൃഗങ്ങളെല്ലാം അവർക്കു കീഴ്പെട്ടിരിക്കുന്ന ആ അവസ്ഥയിൽ മനുഷ്യവർഗം വളരെ സംതൃപ്തർ ആയിരിക്കുമായിരുന്നു. ക്രമേണ മുഴു ഭൂമിയും ഒരു പറുദീസ ആകത്തക്കവണ്ണം ഏദെൻ തോട്ടത്തിന്റെ അതിരുകൾ വ്യാപിപ്പിക്കുന്നതിന്റെ സന്തോഷം ഒന്ന് ഓർത്തു നോക്കുക! വാർധക്യം പ്രാപിക്കുമെന്നോ മരിക്കുമെന്നോ ഉള്ള ഭയാശങ്ക കൂടാതെ, അത്തരം മനോഹരമായ ഒരു ഭൗമിക ഭവനത്തിൽ പൂർണരായ മക്കളോടൊത്തുള്ള ജീവിതം നിങ്ങൾ ആസ്വദിക്കുകയില്ലേ? നിങ്ങളുടെ ഹൃദയത്തിന്റെ സ്വാഭാവിക ചായ്വുകൾ ആ ചോദ്യത്തിന് ഉത്തരം നൽകട്ടെ.
22. ഭൂമിയെ സംബന്ധിച്ച തന്റെ ഉദ്ദേശ്യത്തിനു ദൈവം മാറ്റം വരുത്തിയിട്ടില്ല എന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
22 ആദാമും ഹവ്വായും അനുസരണക്കേടു കാണിച്ചതിന്റെ ഫലമായി ഏദെൻ തോട്ടത്തിൽനിന്നു പുറത്താക്കപ്പെട്ടപ്പോൾ, മനുഷ്യർ ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കുക എന്ന തന്റെ ഉദ്ദേശ്യത്തിനു ദൈവം മാറ്റം വരുത്തിയോ? തീർച്ചയായും ഇല്ല! അങ്ങനെ ചെയ്താൽ അത്, തന്റെ ആദിമ ഉദ്ദേശ്യം നിവർത്തിക്കാനുള്ള കഴിവു സംബന്ധിച്ച് അവൻ പരാജയം സമ്മതിക്കുന്നതിനു തുല്യമായിരിക്കുമായിരുന്നു. ദൈവം തന്റെ വാഗ്ദത്തം നിവർത്തിക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും. കാരണം, അവൻ ഇങ്ങനെ പ്രഖ്യാപിക്കുന്നു: “എന്റെ വായിൽനിന്നു പുറപ്പെടുന്ന എന്റെ വചനം . . . വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.”—യെശയ്യാവു 55:11.
23. (എ) നീതിമാന്മാർ ഭൂമിയിൽ എന്നേക്കും ജീവിക്കുമെന്ന ദൈവോദ്ദേശ്യത്തെ എന്തു വീണ്ടും സ്ഥിരീകരിക്കുന്നു? (ബി) അടുത്ത ലേഖനത്തിൽ നാം എന്തു ചർച്ച ചെയ്യും?
23 ഭൂമിയെ സംബന്ധിച്ച ദൈവോദ്ദേശ്യത്തിനു മാറ്റം വന്നിട്ടില്ല എന്നു ബൈബിളിൽ വ്യക്തമാക്കിയിരിക്കുന്നു. “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും” എന്ന് ദൈവം അതിൽ വാഗ്ദത്തം ചെയ്യുന്നു. സൗമ്യതയുള്ളവർ ഭൂമിയെ അവകാശമാക്കുമെന്നു തന്റെ ഗിരിപ്രഭാഷണത്തിൽ യേശുക്രിസ്തുവും പറയുകയുണ്ടായി. (സങ്കീർത്തനം 37:29; മത്തായി 5:5) എന്നാൽ, നമുക്ക് എങ്ങനെ നിത്യജീവൻ പ്രാപിക്കാൻ സാധിക്കും, അത്തരം ഒരു ജീവിതം ആസ്വദിക്കാൻ നാം എന്തു ചെയ്യണം? അടുത്ത ലേഖനത്തിൽ അതു ചർച്ച ചെയ്യുന്നതായിരിക്കും.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
□ നിത്യജീവൻ സാധ്യമാണെന്ന് അനേകർ വിശ്വസിക്കുന്നത് എന്തുകൊണ്ട്?
□ നാം എന്നേക്കും ജീവിക്കാൻ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു എന്നതു സംബന്ധിച്ച് എന്തു നമുക്ക് ഉറപ്പേകണം?
□ മനുഷ്യവർഗത്തെയും ഭൂമിയെയും സംബന്ധിച്ച ദൈവത്തിന്റെ ആദിമ ഉദ്ദേശ്യം എന്തായിരുന്നു?
□ ദൈവം തന്റെ ആദിമ ഉദ്ദേശ്യം നിവർത്തിക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
[അധ്യയന ചോദ്യങ്ങൾ]