വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ഇതെല്ലാം സംഭവിച്ചേ തീരൂ”

“ഇതെല്ലാം സംഭവിച്ചേ തീരൂ”

“ഇതെല്ലാം സംഭവി​ച്ചേ തീരൂ”

“യേശു പറഞ്ഞു: ‘. . . ഇതെല്ലാം സംഭവി​ച്ചേ തീരൂ. എങ്കിലും അവസാനം ഇനിയും ആയിട്ടില്ല.’”—മത്തായി 24:4-6, ഓശാന ബൈബിൾ.

1. ഏതു വിഷയം നമ്മുടെ ശ്രദ്ധ ആകർഷി​ക്കണം?

 നിങ്ങൾ സ്വന്തം ജീവി​ത​ത്തി​ലും ഭാവി​യി​ലും തത്‌പ​ര​നാണ്‌ എന്നതിൽ യാതൊ​രു സംശയ​വു​മില്ല. അങ്ങനെ​യെ​ങ്കിൽ, 1877-ൽ സി. റ്റി. റസ്സലിന്റെ ശ്രദ്ധ ആകർഷിച്ച ഒരു വിഷയ​ത്തി​ലും നിങ്ങൾ തത്‌പരൻ ആയിരി​ക്കണം. പിൽക്കാ​ലത്ത്‌ വാച്ച്‌ ടവർ സൊ​സൈറ്റി സ്ഥാപിച്ച റസ്സൽ, നമ്മുടെ കർത്താ​വി​ന്റെ മടങ്ങി​വ​ര​വി​ന്റെ ഉദ്ദേശ്യ​വും രീതി​യും (ഇംഗ്ലീഷ്‌) എന്ന ചെറു​പു​സ്‌തകം എഴുതി. 64 പേജുള്ള ആ ചെറു​പു​സ്‌തകം യേശു​വി​ന്റെ മടങ്ങി​വ​ര​വി​നെ, അവന്റെ ഭാവി വരവിനെ, കുറിച്ച്‌ പ്രതി​പാ​ദി​ക്കു​ന്ന​താ​യി​രു​ന്നു. (യോഹ​ന്നാൻ 14:3) ഒരിക്കൽ ഒലിവു​മ​ല​യിൽ ആയിരു​ന്ന​പ്പോൾ, അപ്പൊ​സ്‌ത​ല​ന്മാർ യേശു​വി​നോ​ടു ആ മടങ്ങി​വ​ര​വി​നെ കുറിച്ച്‌ “അതു [“അവ,” NW] എപ്പോൾ സംഭവി​ക്കും . . . നിന്റെ വരവി​ന്നും [“സാന്നി​ധ്യ​ത്തി​നും,” NW] ലോകാ​വ​സാ​ന​ത്തി​ന്നും അടയാളം എന്തു” എന്നു ചോദി​ച്ചു.—മത്തായി 24:3.

2. യേശു മുൻകൂ​ട്ടി പറഞ്ഞ കാര്യങ്ങൾ സംബന്ധി​ച്ചു പരസ്‌പര വിരു​ദ്ധ​മായ അനവധി വീക്ഷണങ്ങൾ ഉള്ളത്‌ എന്തു​കൊണ്ട്‌?

2 യേശു​വി​ന്റെ മറുപടി എന്തായി​രു​ന്നു എന്നു നിങ്ങൾക്ക്‌ അറിയാ​മോ, അതു സംബന്ധിച്ച ഗ്രാഹ്യം നിങ്ങൾക്കു​ണ്ടോ? മൂന്നു സുവി​ശേ​ഷ​ങ്ങ​ളിൽ അതു കാണാം. പ്രൊ​ഫസർ ഡി. എ. കാഴ്‌സൺ ഇപ്രകാ​രം പ്രസ്‌താ​വി​ക്കു​ന്നു: “മത്തായി 24-ഉം അതിന്റെ സമാന്തര വിവര​ണ​ങ്ങ​ളായ മർക്കൊസ്‌ 13-ഉം ലൂക്കൊസ്‌ 21-ഉം പോലെ, വ്യാഖ്യാ​താ​ക്ക​ളു​ടെ ഇടയിൽ ഇത്രയ​ധി​കം വിയോ​ജിപ്പ്‌ ഉളവാ​ക്കി​യി​ട്ടുള്ള വേറെ അധ്യാ​യങ്ങൾ ബൈബി​ളിൽ ഇല്ല.” എന്നിട്ട്‌ അദ്ദേഹം അതേക്കു​റി​ച്ചുള്ള സ്വന്തം അഭി​പ്രാ​യം—പരസ്‌പ​ര​വി​രുദ്ധ വീക്ഷണ​ങ്ങ​ളിൽ കേവലം മറ്റൊന്ന്‌—പറയു​ക​യു​ണ്ടാ​യി. കഴിഞ്ഞ നൂറ്റാ​ണ്ടു​ക​ളി​ലൊ​ക്കെ വിശ്വാ​സ​മി​ല്ലാ​യ്‌മയെ എടുത്തു കാണി​ക്കുന്ന അത്തരം അനേകം വീക്ഷണങ്ങൾ ഉണ്ടായി​രു​ന്നു. ആ വീക്ഷണങ്ങൾ പുലർത്തി​യി​രു​ന്നവർ, നാം സുവി​ശേ​ഷ​ങ്ങ​ളിൽ വായി​ക്കുന്ന കാര്യങ്ങൾ യേശു ഒരിക്ക​ലും പറഞ്ഞവ​യ​ല്ലെ​ന്നോ അവൻ പറഞ്ഞ കാര്യ​ങ്ങ​ളിൽ പിന്നീട്‌ മാറ്റം വരുത്ത​പ്പെ​ട്ടെ​ന്നോ അവന്റെ പ്രവചനം നിവർത്തി​ക്ക​പ്പെ​ട്ടി​ല്ലെ​ന്നോ ഒക്കെ കരുതി​യി​രു​ന്നു—അതികൃ​ത്തി​പ്പി​ന്റെ ഫലമാ​യി​രു​ന്നു അത്തരം വീക്ഷണങ്ങൾ. ഒരു നിരൂ​പ​ക​നാ​കട്ടെ, ‘മഹായാന ബുദ്ധമത തത്ത്വശാ​സ്‌ത്ര​ത്തി​ന്റെ വെളി​ച്ച​ത്തിൽ’ മർക്കൊ​സി​ന്റെ സുവി​ശേ​ഷത്തെ വിശദീ​ക​രി​ക്കുക പോലും ചെയ്‌തു!

3. യഹോ​വ​യു​ടെ സാക്ഷികൾ യേശു​വി​ന്റെ പ്രവച​നത്തെ എങ്ങനെ വീക്ഷി​ക്കു​ന്നു?

3 അതിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി, പ്രാമാ​ണി​ക​വും വിശ്വ​സ​നീ​യ​വു​മാ​യി​ട്ടാണ്‌ യഹോ​വ​യു​ടെ സാക്ഷികൾ ബൈബി​ളി​നെ വീക്ഷി​ക്കു​ന്നത്‌. അതിൽ, യേശു തന്റെ മരണത്തി​നു മൂന്നു ദിവസം മുമ്പ്‌ ഒലിവു​മ​ല​യിൽ വെച്ച്‌ തന്നോ​ടൊ​പ്പം ഉണ്ടായി​രുന്ന നാല്‌ അപ്പൊ​സ്‌ത​ല​ന്മാ​രോ​ടു പറഞ്ഞ കാര്യ​ങ്ങ​ളും ഉൾപ്പെ​ടു​ന്നു. യേശു അവി​ടെ​വെച്ചു പ്രവചിച്ച കാര്യ​ങ്ങളെ കുറിച്ചു ദൈവ​ജ​ന​ത്തി​നുള്ള ഗ്രാഹ്യം സി. റ്റി. റസ്സലിന്റെ കാലം മുതൽ അനു​ക്രമം വർധി​ച്ചു​വ​ന്നി​രി​ക്കു​ന്നു. കഴിഞ്ഞ ഏതാനും വർഷങ്ങ​ളിൽ, വീക്ഷാ​ഗോ​പു​രം പ്രസ്‌തുത പ്രവചനം സംബന്ധിച്ച ദൈവ​ജ​ന​ത്തി​ന്റെ വീക്ഷണത്തെ കൂടു​ത​ലാ​യി വ്യക്തമാ​ക്കി​യി​ട്ടുണ്ട്‌. ആ വിവര​ങ്ങൾക്കു നിങ്ങളു​ടെ ജീവി​ത​ത്തി​ലുള്ള പ്രാധാ​ന്യം തിരി​ച്ച​റി​ഞ്ഞു​കൊണ്ട്‌ നിങ്ങൾ അവ ഉൾക്കൊ​ണ്ടി​രി​ക്കു​ന്നു​വോ? a നമുക്ക്‌ അതു വീണ്ടും പരി​ശോ​ധി​ക്കാം.

ഒരു ഭീതിദ നിവൃത്തി ആസന്നം

4. അപ്പൊ​സ്‌ത​ല​ന്മാർ ഭാവി​യെ​ക്കു​റി​ച്ചു യേശു​വി​നോ​ടു ചോദി​ച്ചത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കാം?

4 യേശു മിശിഹാ ആണെന്ന്‌ അപ്പൊ​സ്‌ത​ല​ന്മാർക്ക്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌, അവൻ തന്റെ മരണ​ത്തെ​യും പുനരു​ത്ഥാ​ന​ത്തെ​യും മടങ്ങി​വ​ര​വി​നെ​യും കുറിച്ചു പറയു​ന്നതു കേട്ട​പ്പോൾ, ‘മരണത്തിൽ വേർപി​രി​ഞ്ഞാൽ, മിശിഹാ ചെയ്യേണ്ട അത്ഭുത കാര്യങ്ങൾ അവൻ എങ്ങനെ​യാ​ണു ചെയ്യുക?’ എന്ന്‌ അവർ ചിന്തി​ച്ചി​രി​ക്കാം. മാത്ര​വു​മല്ല, യെരൂ​ശ​ലേ​മി​ന്റെ​യും അതിലെ ആലയത്തി​ന്റെ​യും നാശത്തെ കുറി​ച്ചും യേശു സംസാ​രി​ച്ചി​രു​ന്നു. അപ്പൊ​സ്‌ത​ല​ന്മാർ ഇങ്ങനെ വിചാ​രി​ച്ചി​രി​ക്കാം, ‘എപ്പോൾ, എങ്ങനെ അതു സംഭവി​ക്കും?’ അക്കാര്യ​ങ്ങൾ മനസ്സി​ലാ​ക്കാൻ ആഗ്രഹിച്ച അപ്പൊ​സ്‌ത​ല​ന്മാർ യേശു​വി​നോ​ടു ചോദി​ച്ചു: ‘അതു [“അവ,” NW] എപ്പോൾ സംഭവി​ക്കും? അതി​നെ​ല്ലാം നിവൃത്തി വരുന്ന കാലത്തി​ന്റെ ലക്ഷണം എന്ത്‌’?—മർക്കൊസ്‌ 13:4; മത്തായി 16:21, 27, 28; 23:37–24:2.

5. യേശു പറഞ്ഞ സംഗതി​കൾക്ക്‌ ഒന്നാം നൂറ്റാ​ണ്ടിൽ നിവൃത്തി ഉണ്ടായത്‌ എങ്ങനെ?

5 യുദ്ധങ്ങൾ, ക്ഷാമങ്ങൾ, മഹാമാ​രി​കൾ, ഭൂകമ്പങ്ങൾ, ക്രിസ്‌ത്യാ​നി​ക​ളോ​ടുള്ള വിദ്വേ​ഷം, അവർക്ക്‌ എതി​രെ​യുള്ള പീഡനം, കള്ളക്രി​സ്‌തു​ക്കൾ, വ്യാപ​ക​മായ രാജ്യ സുവാർത്താ പ്രസംഗം തുടങ്ങി​യ​വ​യാണ്‌ അടയാ​ള​ങ്ങ​ളാ​യി യേശു മുൻകൂ​ട്ടി പറഞ്ഞത്‌. അവ സംഭവി​ക്കു​മ്പോൾ അവസാനം വരേണ്ടി​യി​രു​ന്നു. (മത്തായി 24:4-14; മർക്കൊസ്‌ 13:5-13; ലൂക്കൊസ്‌ 21:8-19) പൊ.യു. 33-ന്റെ തുടക്ക​ത്തി​ലാണ്‌ യേശു ഇതു പറഞ്ഞത്‌. തുടർന്നു വന്ന ദശകങ്ങ​ളിൽ, ജാഗരൂ​ക​രാ​യി​രുന്ന അവന്റെ ശിഷ്യ​ന്മാർക്കു മുൻകൂ​ട്ടി പറയപ്പെട്ട ആ സംഗതി​കൾ സുപ്ര​ധാ​ന​മായ ഒരു വിധത്തിൽ സംഭവി​ക്കു​ന്നതു തിരി​ച്ച​റി​യാൻ കഴിഞ്ഞു. അക്കാലത്ത്‌ ആ അടയാ​ള​ത്തിന്‌ ഒരു നിവൃത്തി ഉണ്ടായ​താ​യി ചരിത്രം തെളി​യി​ക്കു​ന്നു. പൊ.യു. 66-70-ൽ റോമാ​ക്കാർ യഹൂദ വ്യവസ്ഥി​തി​ക്കു വരുത്തിയ നാശമാ​യി​രു​ന്നു അതിന്റെ പാരമ്യം. അത്‌ എങ്ങനെ​യാ​ണു സംഭവി​ച്ചത്‌?

6. പൊ.യു. 66-ൽ റോമാ​ക്കാ​രും യഹൂദ​രും ഉൾപ്പെട്ട എന്തു സംഭവ​വി​കാ​സം ഉണ്ടായി?

6 പൊ.യു. 66-ൽ യഹൂദ്യ​യി​ലെ അത്യുഷ്‌ണ ഗ്രീഷ്‌മ​ത്തിൽ യഹൂദമത തീവ്ര​വാ​ദി​കൾ യെരൂ​ശ​ലേ​മി​ലെ ആലയത്തിന്‌ അടുത്ത്‌ ഒരു കോട്ട​യിൽ ഉണ്ടായി​രുന്ന റോമൻ കാവൽക്കാ​രെ ആക്രമി​ച്ചു. തത്‌ഫ​ല​മാ​യി, ആ ദേശത്തി​ന്റെ പല ഭാഗങ്ങ​ളി​ലും അക്രമം പൊട്ടി​പ്പു​റ​പ്പെട്ടു. യഹൂദ​രു​ടെ ചരിത്രം (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തിൽ പ്രൊ​ഫസർ ഹൈൻ-റിച്ച്‌ ഗ്രെറ്റ്‌സ്‌ ഇങ്ങനെ പറയുന്നു: “സിറിയൻ ഗവർണർ എന്ന നിലയിൽ റോമൻ സേനയു​ടെ അന്തസ്സ്‌ ഉയർത്തി​പ്പി​ടി​ക്കാൻ ബാധ്യ​സ്ഥ​നാ​യി​രുന്ന സെസ്റ്റ്യസ്‌ ഗാലസിന്‌, . . . ചുറ്റും പടരുന്ന വിപ്ലവത്തെ അടിച്ച​മർത്താ​തെ കയ്യും​കെട്ടി നിൽക്കാൻ സാധി​ച്ചില്ല. അദ്ദേഹം തന്റെ സേനയെ വിളി​ച്ചു​കൂ​ട്ടി, ചുറ്റു​മുള്ള രാജാ​ക്ക​ന്മാർ സ്വമേ​ധയാ തങ്ങളുടെ സൈന്യ​ങ്ങളെ വിട്ടു​കൊ​ടു​ക്കു​ക​യും ചെയ്‌തു.” 30,000 വരുന്ന സൈന്യം യെരൂ​ശ​ലേ​മി​നെ വളഞ്ഞു. കുറെ പോരാ​ടി​യ​തി​നു ശേഷം, യഹൂദ​ന്മാർ ആലയത്തി​നു ചുറ്റു​മുള്ള മതിലു​കൾക്കു പിന്നി​ലേക്കു വലിഞ്ഞു. “തുടർച്ച​യായ അഞ്ചു ദിവസം റോമാ​ക്കാർ മതിലു​കളെ ആക്രമി​ച്ചു. എന്നാൽ, അവർക്കു മിക്ക​പ്പോ​ഴും യഹൂദ്യ​രു​ടെ ശരങ്ങൾക്കു മുന്നിൽ പിൻവാ​ങ്ങേണ്ടി വന്നു. ആറാം ദിവസം മാത്ര​മാണ്‌ ആലയത്തി​നു മുന്നി​ലുള്ള വടക്കേ മതിലി​ന്റെ ഒരു ഭാഗത്തി​നു തുരങ്കം വെക്കാൻ അവർക്കു കഴിഞ്ഞത്‌.”

7. മിക്ക യഹൂദ​രിൽ നിന്നും വ്യത്യ​സ്‌ത​രാ​യി യേശു​വി​ന്റെ ശിഷ്യ​ന്മാർക്കു കാര്യ​ങ്ങളെ വീക്ഷി​ക്കാൻ സാധി​ച്ചത്‌ എന്തു​കൊണ്ട്‌?

7 ദൈവം തങ്ങളെ​യും തങ്ങളുടെ വിശുദ്ധ നഗര​ത്തെ​യും സംരക്ഷി​ക്കു​മെന്നു ദീർഘ​കാ​ല​മാ​യി വിശ്വ​സി​ച്ചു​പോന്ന യഹൂദർക്ക്‌ അത്‌ എത്രയ​ധി​കം ആശയക്കു​ഴപ്പം ഉണ്ടാക്കി​യി​രി​ക്കും എന്നു ചിന്തിച്ചു നോക്കുക! എന്നാൽ യേശു​വി​ന്റെ ശിഷ്യർക്കാ​കട്ടെ, യെരൂ​ശ​ലേ​മി​നു സംഭവി​ക്കാ​നി​രുന്ന ആ ദുരന്തത്തെ കുറിച്ചു മുന്നറി​യി​പ്പു ലഭിച്ചി​രു​ന്നു. യേശു ഇങ്ങനെ പ്രവചി​ച്ചി​രു​ന്നു: “നിന്റെ ശത്രുക്കൾ നിനക്കു ചുറ്റും വാട​കോ​രി നിന്നെ വളഞ്ഞു നാലു​പു​റ​ത്തും ഞെരുക്കി നിന്നെ​യും നിന്നി​ലുള്ള നിന്റെ മക്കളെ​യും നിലത്തു തള്ളിയി​ട്ടു, നിങ്കൽ കല്ലിന്മേൽ കല്ലു ശേഷി​പ്പി​ക്കാ​തി​രി​ക്കുന്ന കാലം നിനക്കു വരും.” (ലൂക്കൊസ്‌ 19:43, 44) എന്നാൽ, പൊ.യു. 66-ൽ യെരൂ​ശ​ലേ​മിൽ ഉണ്ടായി​രുന്ന ക്രിസ്‌ത്യാ​നി​കൾക്ക്‌ അതു വിപത്തി​ന്റെ സൂചന ആയിരു​ന്നോ?

8. ഏതു ദുരന്തത്തെ കുറി​ച്ചാണ്‌ യേശു മുൻകൂ​ട്ടി പറഞ്ഞത്‌, “തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട” ആരെ​പ്രതി ആയിരു​ന്നു നാളുകൾ ചുരു​ക്ക​പ്പെ​ട്ടത്‌?

8 ഒലിവു​മ​ല​യിൽ വെച്ച്‌ അപ്പൊ​സ്‌ത​ല​ന്മാർക്കു മറുപടി കൊടു​ത്ത​പ്പോൾ യേശു ഇങ്ങനെ പ്രവചി​ച്ചു: “ആ നാളുകൾ ദൈവം സൃഷ്ടിച്ച സൃഷ്ടി​യു​ടെ ആരംഭം​മു​തൽ ഇന്നുവരെ സംഭവി​ച്ചി​ട്ടി​ല്ലാ​ത്ത​തും ഇനിമേൽ സംഭവി​ക്കാ​ത്ത​തും ആയ കഷ്ടകാലം ആകും. കർത്താവു ആ നാളു​കളെ ചുരു​ക്കീ​ട്ടില്ല എങ്കിൽ ഒരു ജഡവും രക്ഷിക്ക​പ്പെ​ടു​ക​യില്ല. താൻ തിര​ഞ്ഞെ​ടുത്ത വൃതന്മാർ [“തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടവർ,” NW] നിമി​ത്ത​മോ അവൻ ആ നാളു​കളെ ചുരു​ക്കി​യി​രി​ക്കു​ന്നു.” (മർക്കൊസ്‌ 13:19, 20; മത്തായി 24:21, 22) അതു​കൊണ്ട്‌, നാളുകൾ ചുരു​ക്ക​പ്പെ​ടു​ക​യും “തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടവർ” രക്ഷിക്ക​പ്പെ​ടു​ക​യും ചെയ്യു​മാ​യി​രു​ന്നു. അവർ ആരായി​രു​ന്നു? യഹോ​വയെ ആരാധി​ക്കു​ന്നു എന്ന്‌ അവകാ​ശ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും അവന്റെ പുത്രനെ തള്ളിക്കളഞ്ഞ മത്സരി​ക​ളായ യഹൂദർ ആയിരു​ന്നില്ല അവർ. (യോഹ​ന്നാൻ 19:1-7; പ്രവൃ​ത്തി​കൾ 2:22, 23, 36) യേശു, മിശി​ഹാ​യും രക്ഷകനും ആണെന്നു വിശ്വ​സിച്ച യഹൂദ​രും യഹൂ​ദേ​ത​ര​രും ആയിരു​ന്നു അക്കാലത്തെ യഥാർഥ തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടവർ. ദൈവം അവരെ തിര​ഞ്ഞെ​ടുത്ത്‌ പൊ.യു. 33-ൽ ഒരു പുതിയ ആത്മീയ ജനതയാ​യി, ‘ദൈവ​ത്തി​ന്റെ ഇസ്രാ​യേൽ’ ആയി രൂപ​പ്പെ​ടു​ത്തി.—ഗലാത്യർ 6:16; ലൂക്കൊസ്‌ 18:7; പ്രവൃ​ത്തി​കൾ 10:34-45; 1 പത്രൊസ്‌ 2:9.

9, 10. റോമൻ ആക്രമ​ണ​ത്തി​ന്റെ നാളുകൾ എങ്ങനെ​യാ​ണു ‘ചുരു​ക്ക​പ്പെട്ട’ത്‌, അത്‌ എന്തു ഫലം കൈവ​രു​ത്തി?

9 നാളുകൾ ‘ചുരു​ക്ക​പ്പെ​ടു​ക​യും’ യെരൂ​ശ​ലേ​മി​ലെ തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട അഭിഷി​ക്തർ രക്ഷിക്ക​പ്പെ​ടു​ക​യും ചെയ്‌തു​വോ? പ്രൊ​ഫസർ ഗ്രെറ്റ്‌സ്‌ ഇങ്ങനെ പറയുന്നു: “ധീരരായ ആ ഉത്സാഹി​ക​ളോ​ടു പോരാ​ടു​ന്ന​തും വർഷത്തി​ലെ ആ സമയത്ത്‌ ദീർഘ​മായ ഒരു ആക്രമണം നടത്തു​ന്ന​തും അഭികാ​മ്യ​മാ​ണെന്ന്‌ [സെസ്റ്റ്യസ്‌ ഗാലസ്‌] കരുതി​യില്ല. ശരത്‌കാല മഴ തുടങ്ങാ​റാ​യ​തി​നാൽ . . . സൈന്യ​ത്തി​നു ഭക്ഷ്യവ​സ്‌തു​ക്കൾ ലഭിക്കാ​താ​യേ​ക്കും എന്നു ചിന്തി​ച്ചി​രി​ക്കാ​നും സാധ്യ​ത​യുണ്ട്‌. തന്മൂലം, പിൻവാ​ങ്ങു​ന്ന​താ​ണു ബുദ്ധി​യെന്ന്‌ അദ്ദേഹം വിചാ​രി​ച്ചി​രി​ക്കാം.” സെസ്റ്റ്യസ്‌ ഗാലസി​ന്റെ ചിന്ത എന്തുതന്നെ ആയിരു​ന്നാ​ലും, റോമൻ സൈന്യം ആ നഗരത്തിൽനി​ന്നു പിൻവാ​ങ്ങി. പിന്നാലെ വന്ന യഹൂദ​ന്മാ​രു​ടെ ആക്രമ​ണ​ത്തി​ന്റെ ഫലമായി, അവർക്കു കനത്ത നഷ്ടം സംഭവി​ക്കു​ക​യും ചെയ്‌തു.

10 റോമൻ സൈന്യം അപ്രതീ​ക്ഷി​ത​മാ​യി പിൻവാ​ങ്ങി​യ​തി​ന്റെ ഫലമായി ‘ജഡം’—യെരൂ​ശ​ലേ​മി​നു​ള്ളിൽ അപകടാ​വ​സ്ഥ​യിൽ ആയിരുന്ന യേശു​വി​ന്റെ ശിഷ്യ​ന്മാർ—രക്ഷിക്ക​പ്പെട്ടു. അവസര​ത്തി​ന്റെ ഈ വാതിൽ തുറന്ന​പ്പോൾ, ക്രിസ്‌ത്യാ​നി​കൾ അവി​ടെ​നി​ന്നു പലായനം ചെയ്‌തു എന്നു ചരിത്രം സാക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ഭാവി മുൻകൂ​ട്ടി കാണാ​നും തന്റെ ആരാധ​ക​രു​ടെ അതിജീ​വനം ഉറപ്പാ​ക്കാ​നു​മുള്ള ദൈവ​ത്തി​ന്റെ കഴിവി​ന്റെ എത്ര വലിയ പ്രകടനം! എന്നാൽ, യെരൂ​ശ​ലേ​മി​ലും യഹൂദ്യ​യി​ലും ഉണ്ടായി​രുന്ന അവിശ്വാ​സി​ക​ളായ യഹൂദ​രു​ടെ കാര്യ​മോ?

സമകാ​ലി​കർ അതു കാണു​മാ​യി​രു​ന്നു

11. “ഈ തലമുറ”യെ കുറിച്ച്‌ യേശു എന്തു പറഞ്ഞു?

11 ആലയത്തെ കേന്ദ്രീ​ക​രി​ച്ചുള്ള ആരാധ​നാ​രീ​തി ദീർഘ​കാ​ലം നീണ്ടു​നിൽക്കും എന്നാണു പല യഹൂദ​രും വിചാ​രി​ച്ചി​രു​ന്നത്‌. എന്നാൽ യേശു ഇങ്ങനെ പറഞ്ഞി​രു​ന്നു: “അത്തിയെ നോക്കി . . . പഠിപ്പിൻ; അതിന്റെ കൊമ്പു ഇളതായി ഇല തളിർക്കു​മ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയു​ന്നു​വ​ല്ലോ. അങ്ങനെ നിങ്ങൾ ഇതു ഒക്കെയും കാണു​മ്പോൾ അവൻ അടുക്കെ വാതി​ല്‌ക്കൽ തന്നേ ആയിരി​ക്കു​ന്നു എന്നു അറിഞ്ഞു​കൊൾവിൻ. ഇതൊ​ക്കെ​യും സംഭവി​ക്കു​വോ​ളം ഈ തലമുറ ഒഴിഞ്ഞു​പോ​ക​യില്ല എന്നു ഞാൻ സത്യമാ​യി​ട്ടു നിങ്ങ​ളോ​ടു പറയുന്നു. ആകാശ​വും ഭൂമി​യും ഒഴിഞ്ഞു​പോ​കും; എന്റെ വചനങ്ങ​ളോ ഒഴിഞ്ഞു​പോ​ക​യില്ല.” (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നത്‌ ഞങ്ങൾ.)—മത്തായി 24:32-35.

12, 13. “ഈ തലമുറ”യെ കുറി​ച്ചുള്ള യേശു​വി​ന്റെ പരാമർശത്തെ ശിഷ്യ​ന്മാർ എങ്ങനെ മനസ്സി​ലാ​ക്കു​മാ​യി​രു​ന്നു?

12 പൊ.യു. 66 വരെയുള്ള വർഷങ്ങ​ളിൽ, സംയുക്ത അടയാ​ള​ത്തി​ന്റെ പ്രാഥ​മിക ഘടകങ്ങ​ളിൽ പലതും—യുദ്ധങ്ങൾ, ക്ഷാമങ്ങൾ, രാജ്യ സുവാർത്ത​യു​ടെ വ്യാപ​ക​മായ പ്രസംഗം എന്നിവ—നിവൃ​ത്തി​യേ​റു​ന്നത്‌ ക്രിസ്‌ത്യാ​നി​കൾ കണ്ടിരി​ക്കാം. (പ്രവൃ​ത്തി​കൾ 11:28; കൊ​ലൊ​സ്സ്യർ 1:23) എന്നാൽ, എപ്പോൾ അവസാനം വരുമാ​യി​രു​ന്നു? ‘ഈ തലമുറ [ഗ്രീക്കിൽ, യെനേയാ] ഒഴിഞ്ഞു​പോ​കു​ക​യില്ല’ എന്നു പറഞ്ഞ​പ്പോൾ യേശു എന്താണ്‌ അർഥമാ​ക്കി​യത്‌? മതനേ​താ​ക്ക​ന്മാർ ഉൾപ്പെടെ, എതിർപ്പുള്ള സമകാ​ലിക ജനസമൂ​ഹത്തെ യേശു പലപ്പോ​ഴും “ദോഷ​വും വ്യഭി​ചാ​ര​വു​മുള്ള തലമുറ” എന്നു വിളി​ച്ചി​രു​ന്നു. (മത്തായി 11:16; 12:39, 45; 16:4; 17:17; 23:36) അതു​കൊണ്ട്‌, അവൻ ഒലിവു​മ​ല​യിൽ വെച്ച്‌ “ഈ തലമുറ”യെക്കു​റി​ച്ചു വീണ്ടും സംസാ​രി​ച്ച​പ്പോൾ, ചരി​ത്ര​ത്തി​ലു​ട​നീ​ളം ഉണ്ടായി​രു​ന്നി​ട്ടുള്ള യഹൂദരെ ഒന്നാകെ പരാമർശി​ക്കുക ആയിരു​ന്നില്ല; “തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ഒരു ജാതി” ആയിരുന്ന തന്റെ അനുഗാ​മി​ക​ളെ​യു​മല്ല അവൻ അർഥമാ​ക്കി​യത്‌. (1 പത്രൊസ്‌ 2:9) “ഈ തലമുറ” ഒരു കാലഘ​ട്ടത്തെ പരാമർശി​ക്കു​ന്നു എന്നുമല്ല യേശു പറഞ്ഞത്‌.

13 മറിച്ച്‌, താൻ നൽകിയ അടയാ​ള​ത്തി​ന്റെ നിവൃത്തി അനുഭ​വി​ച്ച​റി​യു​മാ​യി​രുന്ന തന്റെ കാലത്തെ ശത്രുതാ മനോ​ഭാ​വ​ക്കാ​രായ യഹൂദ​രാണ്‌ യേശു​വി​ന്റെ മനസ്സിൽ ഉണ്ടായി​രു​ന്നത്‌. ലൂക്കൊസ്‌ 21:32-ലെ “ഈ തലമുറ”യെ കുറിച്ച്‌ പ്രൊ​ഫസർ ജോയൽ ബി. ഗ്രീൻ ഇങ്ങനെ പറയുന്നു: “മൂന്നാ​മത്തെ സുവി​ശേ​ഷ​ത്തിൽ ‘ഈ തലമുറ’ എന്ന പ്രയോ​ഗം (ബന്ധപ്പെട്ട പ്രയോ​ഗ​ങ്ങ​ളും) ദൈ​വോ​ദ്ദേ​ശ്യ​ത്തെ എതിർക്കുന്ന വിഭാ​ഗ​ക്കാ​രായ ആളുക​ളെ​യാണ്‌ എപ്പോ​ഴും പരാമർശി​ക്കു​ന്നത്‌. . . . ദിവ്യ ഉദ്ദേശ്യ​ത്തി​നു നേർക്കു പുറം തിരി​ക്കുന്ന ദുശ്ശാ​ഠ്യ​മുള്ള ആളുകളെ അതു [സൂചി​പ്പി​ക്കു​ന്നു].” b

14. ആ “തലമുറ” എന്ത്‌ അനുഭ​വി​ച്ചു, എന്നാൽ ക്രിസ്‌ത്യാ​നി​ക​ളു​ടെ അനുഭവം വ്യത്യ​സ്‌ത​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

14 അടയാളം നിവൃ​ത്തി​യേ​റു​ന്നതു കാണുന്ന ശത്രു​ക്ക​ളായ യഹൂദ​രു​ടെ ദുഷ്ട തലമു​റ​യ്‌ക്ക്‌ അന്ത്യം സംഭവി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. (മത്തായി 24:6, 13, 14) അതുത​ന്നെ​യാ​ണു സംഭവി​ച്ച​തും! പൊ.യു. 70-ൽ വെസ്‌പേ​ഷ്യൻ ചക്രവർത്തി​യു​ടെ പുത്ര​നായ ടൈറ്റ​സി​ന്റെ നേതൃ​ത്വ​ത്തിൽ റോമൻ സൈന്യം മടങ്ങി​വന്നു. നഗരത്തി​നു​ള്ളിൽ കുടു​ങ്ങി​പ്പോയ യഹൂദർക്ക്‌ ഭയങ്കര​മായ യാതന അനുഭ​വി​ക്കേ​ണ്ടി​വന്നു. c റോമാ​ക്കാർ നഗരം നശിപ്പി​ച്ച​പ്പോൾ അവർ 11,00,000-ഓളം യഹൂദരെ കൊ​ന്നൊ​ടു​ക്കു​ക​യും 1,00,000-ഓളം പേരെ അടിമ​ക​ളാ​യി കൊണ്ടു​പോ​കു​ക​യും ചെയ്‌തു​വെന്നു ദൃക്‌സാ​ക്ഷി​യായ ഫ്‌ളേ​വി​യസ്‌ ജോസീ​ഫസ്‌ റിപ്പോർട്ടു ചെയ്യുന്നു. മാത്രമല്ല, അടിമ​ക​ളാ​യി പിടി​ക്ക​പ്പെട്ട മിക്കവ​രും പട്ടിണി കിടന്നു മരിക്കു​ക​യോ റോമൻ തിയേ​റ്റ​റു​ക​ളിൽ മൃഗീ​യ​മാ​യി കൊല്ല​പ്പെ​ടു​ക​യോ ചെയ്‌തു. യഹൂദ വ്യവസ്ഥി​തി​ക്കു നേരി​ടേണ്ടി വന്നിട്ടു​ള്ള​തോ പിൽക്കാ​ലത്ത്‌ ഉണ്ടാകാ​നി​രു​ന്ന​തോ ആയ ഏതൊരു അനുഭ​വ​ത്തെ​ക്കാ​ളും ഭയങ്കര​മാ​യി​രു​ന്നു പൊ.യു. 66-70-ലെ കഷ്ടം. യേശു​വി​ന്റെ പ്രാവ​ച​നിക മുന്നറി​യി​പ്പു കേട്ടു​കൊണ്ട്‌ പൊ.യു. 66-ൽ റോമൻ സൈന്യ​ത്തി​ന്റെ പിൻവാ​ങ്ങ​ലി​നെ തുടർന്ന്‌ യെരൂ​ശ​ലേം വിട്ടു​പോയ ക്രിസ്‌ത്യാ​നി​കൾക്ക്‌ ഉണ്ടായ അനുഭവം എത്ര വ്യത്യ​സ്‌ത​മാ​യി​രു​ന്നു! പൊ.യു. 70-ൽ അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളായ “തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടവർ” ‘രക്ഷിക്ക​പ്പെട്ടു,’ അഥവാ സുരക്ഷി​ത​രാ​യി പാലി​ക്ക​പ്പെട്ടു.—മത്തായി 24:16, 22.

ഉണ്ടാകാ​നി​രി​ക്കുന്ന മറ്റൊരു നിവൃത്തി

15. യേശു​വി​ന്റെ പ്രവച​ന​ത്തിന്‌ പൊ.യു. 70-നു ശേഷം ഒരു നിവൃത്തി ഉണ്ടാകു​മാ​യി​രു​ന്നു എന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​വു​ന്നത്‌ എങ്ങനെ?

15 എന്നാൽ, അതു പരമാ​ന്ത്യം ആയിരു​ന്നില്ല. നഗരം നശിപ്പി​ക്ക​പ്പെട്ട ശേഷം താൻ യഹോ​വ​യു​ടെ നാമത്തിൽ മടങ്ങി​വ​രു​മെന്ന്‌ യേശു നേരത്തെ സൂചി​പ്പി​ച്ചി​രു​ന്നു. (മത്തായി 23:38, 39; 24:2) അവൻ അത്‌ ഒലിവു​മ​ല​യിൽ വെച്ചു പറഞ്ഞ പ്രവച​ന​ത്തിൽ കൂടുതൽ വ്യക്തമാ​ക്കി. വരാൻ പോകുന്ന “മഹോ​പ​ദ്രവ”ത്തെ കുറിച്ചു പരാമർശിച്ച ശേഷം, പിൽക്കാ​ലത്ത്‌ കള്ളക്രി​സ്‌തു​ക്കൾ പ്രത്യ​ക്ഷ​പ്പെ​ടു​മെ​ന്നും ദീർഘ​കാ​ല​ത്തേക്കു യെരൂ​ശ​ലേം ചവിട്ടി​മെ​തി​ക്ക​പ്പെ​ടു​മെ​ന്നും അവൻ പറയു​ക​യു​ണ്ടാ​യി. (മത്തായി 24:21, 23-28; ലൂക്കൊസ്‌ 21:24) അതി​നെ​ക്കാൾ വലിയ മറ്റൊരു നിവൃത്തി ഉണ്ടാകു​മാ​യി​രു​ന്നോ? വസ്‌തു​തകൾ ഉവ്വ്‌ എന്ന്‌ ഉത്തരം നൽകുന്നു. വെളി​പ്പാ​ടു 6:2-8-നെ (പൊ.യു. 70-ൽ യെരൂ​ശ​ലേ​മി​ന്മേൽ ഉണ്ടായ കഷ്ടത്തിനു ശേഷം എഴുത​പ്പെ​ട്ടത്‌) മത്തായി 24:6-8-ഉം ലൂക്കൊസ്‌ 21:10, 11-ഉം ആയി താരത​മ്യം ചെയ്യു​മ്പോൾ, യുദ്ധം, ഭക്ഷ്യക്ഷാ​മം, മഹാവ്യാ​ധി തുടങ്ങി​യവ വർധിച്ച അളവിൽ സംഭവി​ക്കാ​നി​രി​ക്കു​ന്നതേ ഉണ്ടായി​രു​ന്നു​ള്ളൂ എന്നു നാം കാണുന്നു. 1914-ൽ ഒന്നാം ലോക​മ​ഹാ​യു​ദ്ധം പൊട്ടി​പ്പു​റ​പ്പെ​ട്ടതു മുതൽ യേശു​വി​ന്റെ വാക്കു​കൾക്കു വലിയ നിവൃത്തി ഉണ്ടായി​രി​ക്കു​ന്നു.

16-18. ഇനിയും എന്തെല്ലാം സംഭവ​വി​കാ​സങ്ങൾ നാം പ്രതീ​ക്ഷി​ക്കു​ന്നു?

16 “മഹോ​പ​ദ്രവം” ഇനിയും വരാനി​രി​ക്കു​ന്നതേ ഉള്ളൂ എന്ന്‌ ഇപ്പോൾ നിവൃ​ത്തി​യേ​റുന്ന അടയാ​ളങ്ങൾ തെളി​യി​ക്കു​ന്ന​താ​യി യഹോ​വ​യു​ടെ സാക്ഷികൾ ദശകങ്ങ​ളോ​ളം പഠിപ്പി​ച്ചി​രി​ക്കു​ന്നു. ഇപ്പോ​ഴത്തെ ദുഷ്ട “തലമുറ” ആ ഉപദ്രവം കാണും. പൊ.യു. 66-ലെ ഗാലസി​ന്റെ ആക്രമണം യെരൂ​ശ​ലേ​മി​ന്മേ​ലുള്ള ഉപദ്ര​വ​ത്തി​നു തുടക്ക​മി​ട്ട​തു​പോ​ലെ, ഒരു ആരംഭ ഘട്ടം (എല്ലാ വ്യാജ മതങ്ങളു​ടെ​യും മേലുള്ള ഒരു ആക്രമണം) ഇനിയും ഉണ്ടാകാ​നി​രി​ക്കു​ന്നതേ ഉള്ളൂ എന്നു തോന്നു​ന്നു. d തുടർന്ന്‌, ക്ലിപ്‌ത​മ​ല്ലാത്ത ഒരു കാലയ​ള​വി​നു ശേഷം, അന്ത്യം വരും—അതു പൊ.യു. 70-ലെ നാശത്തി​നു സമാന​മായ ഒരു ആഗോള വിനാ​ശ​മാ​യി​രി​ക്കും.

17 നമ്മുടെ തൊട്ടു മുന്നി​ലുള്ള ഉപദ്ര​വത്തെ പരാമർശി​ച്ചു​കൊണ്ട്‌ യേശു പറഞ്ഞു: “ആ കാലത്തി​ലെ കഷ്ടം [വ്യാജ​മ​ത​ത്തി​ന്റെ നാശം] കഴിഞ്ഞ ഉടനെ സൂര്യൻ ഇരുണ്ടു​പോ​കും; ചന്ദ്രൻ പ്രകാശം കൊടു​ക്കാ​തി​രി​ക്കും; നക്ഷത്രങ്ങൾ ആകാശ​ത്തു​നി​ന്നു വീഴും; ആകാശ​ത്തി​ലെ ശക്തികൾ ഇളകി​പ്പോ​കും. അപ്പോൾ മനുഷ്യ​പു​ത്രന്റെ അടയാളം ആകാശത്തു വിളങ്ങും; അന്നു ഭൂമി​യി​ലെ സകല​ഗോ​ത്ര​ങ്ങ​ളും പ്രലാ​പി​ച്ചും​കൊ​ണ്ടു, മനുഷ്യ​പു​ത്രൻ ആകാശ​ത്തി​ലെ മേഘങ്ങ​ളിൻമേൽ മഹാശ​ക്തി​യോ​ടും തേജ​സ്സോ​ടും [“മഹത്ത്വ​ത്തോ​ടും,” NW] കൂടെ വരുന്നതു കാണും.”—മത്തായി 24:29, 30.

18 ആയതി​നാൽ, “ആ കാലത്തി​ലെ കഷ്ട”ത്തിനു ശേഷം ഏതോ വിധത്തി​ലുള്ള ആകാശീയ പ്രതി​ഭാ​സങ്ങൾ ഉണ്ടാകു​മെന്ന്‌ യേശു​തന്നെ പറയുന്നു. (യോവേൽ 2:28-32; 3:15 താരത​മ്യം ചെയ്യുക.) അനുസ​ര​ണം​കെട്ട മനുഷ്യർ ‘പ്രലാ​പി​ക്കു​മാറ്‌’ അത്‌ അവരെ ഞെട്ടി​ക്കു​ക​യും അമ്പരപ്പി​ക്കു​ക​യും ചെയ്യും. “ഭൂലോ​ക​ത്തി​ന്നു എന്തു ഭവിപ്പാൻ പോകു​ന്നു എന്നു പേടി​ച്ചും നോക്കി​പ്പാർത്തും​കൊ​ണ്ടു” അനേകർ “നിർജ്ജീ​വ​ന്മാർ ആകും.” എന്നാൽ സത്യ ക്രിസ്‌ത്യാ​നി​ക​ളു​ടെ അവസ്ഥ അതായി​രി​ക്കില്ല! ‘തങ്ങളുടെ വീണ്ടെ​ടു​പ്പു അടുത്തു​വ​രു​ന്ന​തു​കൊണ്ട്‌ അവർ നിവിർന്നു തല പൊക്കും.’—ലൂക്കൊസ്‌ 21:25, 26, 28.

മുന്നിൽ ന്യായ​വി​ധി!

19. ചെമ്മരി​യാ​ടു​ക​ളെ​യും കോലാ​ടു​ക​ളെ​യും സംബന്ധിച്ച ഉപമ എപ്പോൾ നിവൃ​ത്തി​യേ​റു​മെന്നു നമുക്ക്‌ എങ്ങനെ സ്ഥാപി​ക്കാൻ കഴിയും?

19 (1) മനുഷ്യ​പു​ത്രൻ വരു​മെ​ന്നും (2) ആ വരവ്‌ വലിയ മഹത്ത്വ​ത്തോ​ടെ ആയിരി​ക്കു​മെ​ന്നും (3) അവനോ​ടു കൂടെ ദൂതന്മാർ ഉണ്ടായി​രി​ക്കു​മെ​ന്നും (4) ഭൂമി​യി​ലെ സകല ഗോ​ത്ര​ങ്ങ​ളും അവനെ കാണു​മെ​ന്നും മത്തായി 24:29-31 മുൻകൂ​ട്ടി പറയു​ന്നതു ശ്രദ്ധി​ക്കുക. ചെമ്മരി​യാ​ടു​ക​ളെ​യും കോലാ​ടു​ക​ളെ​യും സംബന്ധിച്ച ഉപമയി​ലും യേശു ഈ സംഗതി​കൾ ആവർത്തി​ക്കു​ന്നുണ്ട്‌. (മത്തായി 25:31-46) അതിനാൽ, ഉപദ്ര​വ​ത്തി​ന്റെ പ്രാരംഭ പൊട്ടി​പ്പു​റ​പ്പെ​ട​ലി​നു ശേഷം യേശു തന്റെ ദൂതന്മാ​രോ​ടൊ​പ്പം വന്ന്‌ ന്യായം വിധി​ക്കാൻ സിംഹാ​സ​ന​ത്തിൽ ഇരിക്കുന്ന സമയ​ത്തോ​ടു ബന്ധപ്പെ​ട്ട​താണ്‌ ഈ ഉപമ എന്നു നമുക്കു നിഗമനം ചെയ്യാൻ കഴിയും. (യോഹ​ന്നാൻ 5:22; പ്രവൃ​ത്തി​കൾ 17:31; 1 രാജാ​ക്ക​ന്മാർ 7:7-ഉം ദാനീ​യേൽ 7:10, 13, 14, 22, 26-ഉം മത്തായി 19:28-ഉം താരത​മ്യം ചെയ്യുക.) ആരായി​രി​ക്കും ന്യായം വിധി​ക്ക​പ്പെ​ടുക, അതിന്റെ ഫലം എന്തായി​രി​ക്കും? തന്റെ സ്വർഗീയ സിംഹാ​സ​ന​ത്തി​നു മുമ്പാകെ കൂട്ടി​വ​രു​ത്തി​യാൽ എന്നതു​പോ​ലെ, യേശു സകല ജനതകൾക്കും ശ്രദ്ധ കൊടു​ക്കു​മെന്ന്‌ ആ ഉപമ പ്രകട​മാ​ക്കു​ന്നു.

20, 21. (എ) യേശു​വി​ന്റെ ഉപമയി​ലെ ചെമ്മരി​യാ​ടു​കൾക്ക്‌ എന്തു സംഭവി​ക്കും? (ബി) ഭാവി​യിൽ കോലാ​ടു​കൾക്ക്‌ എന്തു സംഭവി​ക്കും?

20 ചെമ്മരി​യാ​ടു തുല്യ​രായ സ്‌ത്രീ​പു​രു​ഷ​ന്മാ​രെ യേശു തന്റെ വലതു വശത്തേക്കു മാറ്റും, അവരു​ടെ​മേൽ അവന്റെ പ്രീതി ഉണ്ടായി​രി​ക്കും. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ, അവർ അവന്റെ സഹോ​ദ​ര​ന്മാർക്ക്‌—ക്രിസ്‌തു​വി​ന്റെ സ്വർഗീയ രാജ്യ​ഭ​ര​ണ​ത്തിൽ അവനോ​ടൊ​പ്പം പങ്കുപ​റ്റുന്ന അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾക്ക്‌—നന്മ ചെയ്യാ​നുള്ള അവസരങ്ങൾ ഉപയോ​ഗ​പ്പെ​ടു​ത്തി. (ദാനീ​യേൽ 7:27; എബ്രായർ 2:9–3:1) ആ ഉപമ​യോ​ടുള്ള ചേർച്ച​യിൽ, ചെമ്മരി​യാ​ടു തുല്യ​രായ ദശലക്ഷ​ക്ക​ണ​ക്കി​നു ക്രിസ്‌ത്യാ​നി​കൾ യേശു​വി​ന്റെ ആത്മീയ സഹോ​ദ​ര​ന്മാ​രെ തിരി​ച്ച​റിഞ്ഞ്‌ അവരെ പിന്തു​ണ​ച്ചു​കൊ​ണ്ടു പ്രവർത്തി​ക്കു​ന്നു. തത്‌ഫ​ല​മാ​യി, ഈ മഹാപു​രു​ഷാ​ര​ത്തിന്‌ “മഹോ​പ​ദ്രവ”ത്തെ അതിജീ​വിച്ച്‌ ദൈവ​രാ​ജ്യ​ത്തി​ന്റെ ഭൗമിക മണ്ഡലമായ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കു​ന്ന​തി​നുള്ള ബൈബി​ള​ധി​ഷ്‌ഠിത പ്രത്യാശ ഉണ്ട്‌.—വെളി​പ്പാ​ടു 7:9, 14, NW; 21:3, 4; യോഹ​ന്നാൻ 10:16.

21 കോലാ​ടു​കൾക്കു സംഭവി​ക്കു​ന്നത്‌ അതിൽനിന്ന്‌ എത്ര വ്യത്യ​സ്‌ത​മാ​യി​രി​ക്കും! യേശു വരു​മ്പോൾ അവർ ‘പ്രലാ​പി​ക്കു’മെന്ന്‌ മത്തായി 24:30 പറയുന്നു. അവർ പ്രലാ​പി​ക്കു​ക​തന്നെ വേണം. കാരണം, അവർ രാജ്യ സുവാർത്ത തള്ളിക്ക​ള​യു​ക​യും യേശു​വി​ന്റെ ശിഷ്യ​ന്മാ​രെ എതിർക്കു​ക​യും നീങ്ങി​പ്പോ​കുന്ന ഒരു ലോകത്തെ കൂടുതൽ പ്രിയ​പ്പെ​ടു​ക​യും ചെയ്‌തി​രി​ക്കു​ന്നു. (മത്തായി 10:16-18; 1 യോഹ​ന്നാൻ 2:15-17) ആരൊ​ക്കെ​യാ​ണു കോലാ​ടു​കൾ എന്നു നിർണ​യി​ക്കു​ന്നത്‌ യേശു​വാണ്‌, അവന്റെ ശിഷ്യ​ന്മാ​രല്ല. കോലാ​ടു​കളെ കുറിച്ച്‌ അവൻ പറയുന്നു: ‘അവർ നിത്യ​ദ​ണ്ഡ​ന​ത്തി​ലേക്കു പോകും.’—മത്തായി 25:46.

22. യേശു​വി​ന്റെ പ്രവച​ന​ത്തി​ന്റെ ഏതു ഭാഗമാ​ണു നമ്മുടെ കൂടു​ത​ലായ പരിചി​ന്തനം അർഹി​ക്കു​ന്നത്‌?

22 മത്തായി 24-ഉം 25-ഉം അധ്യാ​യ​ങ്ങ​ളി​ലെ പ്രവചനം സംബന്ധിച്ച നമ്മുടെ ഗ്രാഹ്യം പുളക​പ്ര​ദ​മായ വിധത്തിൽ വർധി​ച്ചി​രി​ക്കു​ന്നു. എന്നാൽ നമ്മുടെ കൂടു​ത​ലായ ശ്രദ്ധ അർഹി​ക്കുന്ന ഒരു ഭാഗം യേശു​വി​ന്റെ ആ പ്രവച​ന​ത്തി​ലുണ്ട്‌—‘ഒരു വിശു​ദ്ധ​സ്ഥ​ലത്തു നില്‌ക്കുന്ന ശൂന്യ​മാ​ക്കുന്ന മ്ലേച്ഛത.’ അതു സംബന്ധി​ച്ചു വിവേചന ഉള്ളവർ ആയിരി​ക്കാ​നും പ്രവർത്തന സജ്ജരായി നില​കൊ​ള്ളാ​നും യേശു തന്റെ അനുഗാ​മി​കളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. (മത്തായി 24:15, 16) എന്താണ്‌ ഈ “മ്ലേച്ഛത”? അത്‌ ഒരു വിശുദ്ധ സ്ഥലത്തു നിൽക്കു​ന്നത്‌ എപ്പോ​ഴാണ്‌? നമ്മുടെ ഇപ്പോ​ഴ​ത്തെ​യും ഭാവി​യി​ലെ​യും ജീവന്റെ പ്രതീ​ക്ഷകൾ അതിൽ എങ്ങനെ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു? അടുത്ത ലേഖനം ഇതു ചർച്ച ചെയ്യു​ന്ന​താ​യി​രി​ക്കും.

[അടിക്കു​റി​പ്പു​കൾ]

a വീക്ഷാഗോപുരത്തിന്റെ 1994 ഫെബ്രു​വരി 15; 1995 ഒക്‌ടോ​ബർ 15; നവംബർ 1; 1996 ആഗസ്റ്റ്‌ 15 എന്നീ ലക്കങ്ങളി​ലെ അധ്യയന ലേഖനങ്ങൾ കാണുക.

b ബ്രിട്ടീഷ്‌ പണ്ഡിത​നായ ജി. ആർ. ബിസ്‌ലി-മറി ഇങ്ങനെ അഭി​പ്രാ​യ​പ്പെ​ടു​ന്നു: “‘ഈ തലമുറ’ എന്ന പ്രയോ​ഗം വ്യാഖ്യാ​താ​ക്കൾക്കു യാതൊ​രു പ്രശ്‌ന​വും സൃഷ്ടി​ക്കേ​ണ്ട​തില്ല. ആദിമ ഗ്രീക്കിൽ യെനേയാ എന്നതിന്റെ അർഥം ജനനം എന്നും സന്തതികൾ എന്നും തന്മൂലം വംശം എന്നും ആണ്‌. . . . അതേസ​മയം [ഗ്രീക്ക്‌ സെപ്‌റ്റു​വ​ജി​ന്റിൽ] പ്രായം, മനുഷ്യ​വർഗ​ത്തി​ന്റെ ആയുഷ്‌കാ​ലം അല്ലെങ്കിൽ സമകാ​ലിക തലമുറ എന്നൊക്കെ അർഥമുള്ള ദൊർ എന്ന എബ്രായ പദത്തിന്റെ പരിഭാഷ ആയിട്ടാണ്‌ ആ പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. . . . യേശു​വി​നോ​ടു ബന്ധപ്പെട്ട പരാമർശ​ങ്ങ​ളിൽ ആ പദപ്ര​യോ​ഗ​ത്തിന്‌ ഇരട്ട ധ്വനി ഉള്ളതായി തോന്നു​ന്നു: ഒരു വശത്ത്‌ അത്‌ എല്ലായ്‌പോ​ഴും യേശു​വി​ന്റെ സമകാ​ലി​കരെ പരാമർശി​ക്കു​ന്നു, അതേസ​മയം അതിന്‌ എല്ലായ്‌പോ​ഴും വിമർശ​ന​ത്തി​ന്റെ ഒരു ധ്വനി​യും ഉണ്ട്‌.”

c റോമാക്കാർ ചില ദിവസ​ങ്ങ​ളിൽ 500 പേരെ വരെ സ്‌തം​ഭ​ത്തി​ലേറ്റി കൊന്നി​രു​ന്ന​താ​യി യഹൂദ​രു​ടെ ചരിത്രം എന്ന പുസ്‌ത​ക​ത്തിൽ പ്രൊ​ഫസർ ഗ്രെറ്റ്‌സ്‌ പറയുന്നു. പിടി​ക്ക​പ്പെട്ട മറ്റു ചില യഹൂദ​ന്മാ​രു​ടെ കൈകൾ മുറി​ച്ചു​കളഞ്ഞ ശേഷം അവരെ നഗരത്തി​ലേക്കു തിരികെ വിട്ടു. അവിടത്തെ അവസ്ഥകൾ എങ്ങനെ​യു​ള്ളത്‌ ആയിരു​ന്നു? “പണത്തിന്റെ മൂല്യം നഷ്ടപ്പെട്ടു, അതിനാൽ ഭക്ഷണം വാങ്ങാൻ കഴിയാ​താ​യി. കുറെ വൈ​ക്കോ​ലോ തോൽക്ക​ഷ​ണ​മോ നായ്‌ക്കൾക്ക്‌ എറിഞ്ഞി​ട്ട​തി​ന്റെ അവശി​ഷ്ട​ങ്ങ​ളോ പോലെ അങ്ങേയറ്റം അറപ്പു​ള​വാ​ക്കുന്ന സാധന​ങ്ങൾക്കാ​യി ആളുകൾ തെരു​വു​ക​ളിൽ നിർദയം പോര​ടി​ച്ചു. . . . അടക്കം ചെയ്യാത്ത ശവങ്ങൾ കുമി​ഞ്ഞു​കൂ​ടി​യ​പ്പോൾ കൊടും വേനൽച്ചൂ​ടി​ലെ വായു​വി​ലൂ​ടെ മഹാവ്യാ​ധി​കൾ പടർന്നു​പി​ടി​ച്ചു. രോഗ​ത്താ​ലും ക്ഷാമത്താ​ലും വാളി​നാ​ലും ആളുകൾ ചത്തൊ​ടു​ങ്ങി.”

d ഭാവി ഉപദ്ര​വ​ത്തി​ന്റെ ഈ വശത്തെ കുറി​ച്ചാണ്‌ അടുത്ത ലേഖനം ചർച്ച ചെയ്യു​ന്നത്‌.

നിങ്ങൾ ഓർമി​ക്കു​ന്നു​വോ?

മത്തായി 24:4-14-ന്‌ ഒന്നാം നൂറ്റാ​ണ്ടിൽ എന്തു നിവൃത്തി ഉണ്ടായി?

മത്തായി 24:21, 22-ൽ പ്രവചി​ച്ചി​രി​ക്കു​ന്നതു പോലെ, അപ്പൊ​സ്‌ത​ല​ന്മാ​രു​ടെ കാലത്ത്‌ നാളുകൾ ചുരു​ക്ക​പ്പെ​ടു​ക​യും ജഡം രക്ഷിക്ക​പ്പെ​ടു​ക​യും ചെയ്‌തത്‌ എങ്ങനെ?

മത്തായി 24:34-ൽ പരാമർശി​ച്ചി​രി​ക്കുന്ന “തലമുറ”യുടെ സവി​ശേഷത എന്തായി​രു​ന്നു?

□ ഒലിവു​മ​ല​യിൽ വെച്ചു നൽകപ്പെട്ട പ്രവച​ന​ത്തി​നു മറ്റൊരു വലിയ നിവൃത്തി ഉണ്ടെന്നു നമുക്ക്‌ എങ്ങനെ അറിയാം?

□ ചെമ്മരി​യാ​ടു​ക​ളെ​യും കോലാ​ടു​ക​ളെ​യും സംബന്ധിച്ച ഉപമ എപ്പോൾ നിവൃ​ത്തി​യേ​റും?

[അധ്യയന ചോദ്യ​ങ്ങൾ]

[12-ാം പേജിലെ ചിത്രം]

യെരൂശലേം നശിപ്പി​ക്ക​പ്പെ​ട്ട​പ്പോൾ കൊള്ള​യാ​യി കൊണ്ടു​വന്ന വസ്‌തു​ക്കളെ ചിത്രീ​ക​രി​ക്കുന്ന റോമി​ലെ ടൈറ്റ​സി​ന്റെ കമാന ഭാഗം

[കടപ്പാട]

Soprintendenza Archeologica di Roma