ജാഗ്രതയും ശുഷ്കാന്തിയും ഉള്ളവർ ആയിരിപ്പിൻ!
ജാഗ്രതയും ശുഷ്കാന്തിയും ഉള്ളവർ ആയിരിപ്പിൻ!
“ആകയാൽ നാളും നാഴികയും നിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പിൻ.”—മത്തായി 25:13.
1. യോഹന്നാൻ അപ്പൊസ്തലൻ എന്തിനു വേണ്ടിയാണു കാത്തിരുന്നത്?
ബൈബിളിലെ അവസാനത്തെ സംഭാഷണത്തിൽ യേശു ഇങ്ങനെ വാഗ്ദത്തം ചെയ്തു: “ഞാൻ വേഗം വരുന്നു.” അവന്റെ അപ്പൊസ്തലനായ യോഹന്നാൻ ഇങ്ങനെ പ്രതിവചിച്ചു: “ആമേൻ, കർത്താവായ യേശുവേ, വരേണമേ.” യേശു വരുമെന്ന കാര്യത്തിൽ ആ അപ്പൊസ്തലനു യാതൊരു സംശയവും ഇല്ലായിരുന്നു; ‘അതു എപ്പോൾ സംഭവിക്കും, നിന്റെ വരവിന്നും [“സാന്നിധ്യത്തിനും,” NW; ഗ്രീക്കിൽ, പറൂസിയ] ലോകാവസാനത്തിനും അടയാളം എന്ത്’ എന്ന് യേശുവിനോടു ചോദിച്ച അപ്പൊസ്തലന്മാരുടെ കൂട്ടത്തിൽ യോഹന്നാനും ഉണ്ടായിരുന്നു. അതെ, യേശുവിന്റെ ഭാവി സാന്നിധ്യത്തിനായി യോഹന്നാൻ വിശ്വാസപൂർവം കാത്തിരുന്നു.—വെളിപ്പാടു 22:20; മത്തായി 24:3.
2. യേശുവിന്റെ സാന്നിധ്യം സംബന്ധിച്ച് ഇന്നു സഭകളിൽ നിലവിലുള്ള അവസ്ഥ എന്താണ്?
2 അത്തരം വിശ്വാസം ഇന്ന് അപൂർവമാണ്. പല സഭകൾക്കും യേശുവിന്റെ ‘വരവ്’ സംബന്ധിച്ച ഔദ്യോഗിക പഠിപ്പിക്കൽ ഉണ്ടെങ്കിലും, അതു വാസ്തവത്തിൽ പ്രതീക്ഷിക്കുന്ന സഭാംഗങ്ങൾ വളരെ കുറവാണ്. അവരുടെ ജീവിതരീതി വ്യക്തമാക്കുന്നതും മറ്റൊന്നല്ല. പുതിയ നിയമത്തിലെ പറൂസിയ (ഇംഗ്ലീഷ്) എന്ന ഗ്രന്ഥം ഇങ്ങനെ പറയുന്നു: “പറൂസിയാ പ്രതീക്ഷ, സഭാംഗങ്ങളുടെ ജീവിതത്തിലും ചിന്തയിലും പ്രവർത്തനത്തിലും കാര്യമായ സ്വാധീനമൊന്നും ചെലുത്തുന്നില്ല. . . . അനുതപിക്കാൻ സഭാംഗങ്ങളെ പ്രേരിപ്പിക്കുന്നതും സുവാർത്താ ഘോഷണത്തിനു മിഷനറിമാരെ അയയ്ക്കുന്നതും പോലുള്ള വലിയ അടിയന്തിരതയുള്ള കാര്യങ്ങൾ സഭയിൽ പൂർണമായും ഇല്ലാതായിട്ടില്ലെങ്കിലും, ദുർബലം ആയിത്തീർന്നിരിക്കുന്നു.” എന്നാൽ സകലരുടെയും കാര്യത്തിൽ അതു സത്യമല്ല!
3. (എ) പറൂസിയ സംബന്ധിച്ചു സത്യ ക്രിസ്ത്യാനികൾക്ക് എങ്ങനെയുള്ള വീക്ഷണമാണ് ഉള്ളത്? (ബി) നാം ഇനി പ്രത്യേകിച്ച് ഏതു സംഗതി പരിചിന്തിക്കുന്നതാണ്?
3 യേശുവിന്റെ യഥാർഥ ശിഷ്യന്മാർ ഇപ്പോഴത്തെ ദുഷ്ട വ്യവസ്ഥിതിയുടെ അന്ത്യത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അതിനു വേണ്ടി വിശ്വസ്തമായി കാത്തിരിക്കവേ, യേശുവിന്റെ സാന്നിധ്യത്തിൽ ഉൾപ്പെട്ടിരിക്കുന്ന സകല കാര്യങ്ങളും സംബന്ധിച്ച് നാം ഉചിതമായ വീക്ഷണം പുലർത്തുകയും അതനുസരിച്ചു പ്രവർത്തിക്കുകയും വേണം. ‘അവസാനത്തോളം സഹിച്ചുനിന്നു രക്ഷപ്പെടാൻ’ അതു നമ്മെ സഹായിക്കും. (മത്തായി 24:13) മത്തായി 24-ഉം 25-ഉം അധ്യായങ്ങളിലെ കാര്യങ്ങൾ യേശു പ്രവചിച്ചപ്പോൾ, നമുക്കു ബാധകമാക്കാൻ കഴിയുന്ന ജ്ഞാനപൂർവകമായ ബുദ്ധിയുപദേശവും നമ്മുടെ നിത്യ പ്രയോജനത്തിനായി അവൻ നൽകി. 25-ാം അധ്യായത്തിൽ അടങ്ങിയിരിക്കുന്ന ഉപമകൾ ഒരുപക്ഷേ നിങ്ങൾക്ക് അറിയാമായിരിക്കാം. പത്തു കന്യകമാരെ (ബുദ്ധിയുള്ളവരും ഇല്ലാത്തവരും) കുറിച്ചും താലന്തുകളെ കുറിച്ചും ഉള്ള ഉപമകൾ അതിലുണ്ട്. (മത്തായി 25:1-30) ആ ദൃഷ്ടാന്തങ്ങളിൽനിന്നു നമുക്ക് എങ്ങനെ പ്രയോജനം നേടാൻ കഴിയും?
അഞ്ചു കന്യകമാരെപ്പോലെ ജാഗ്രത ഉള്ളവരായിരിപ്പിൻ!
4. കന്യകമാരെ സംബന്ധിച്ച ഉപമയുടെ രത്നച്ചുരുക്കം എന്ത്?
4 കന്യകമാരെ കുറിച്ച് മത്തായി 25:1-13-ൽ ഉള്ള ഉപമ വീണ്ടും വായിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. പശ്ചാത്തലം ഒരു ഗംഭീര യഹൂദ വിവാഹച്ചടങ്ങ് ആണ്. അതിൽ മണവാളൻ, മണവാട്ടിയെ അവളുടെ പിതൃഗൃഹത്തിൽ ചെന്ന് തന്റെ (അല്ലെങ്കിൽ തന്റെ പിതാവിന്റെ) ഭവനത്തിലേക്കു കൂട്ടിക്കൊണ്ടുവരുകയാണ്. അത്തരം ഒരു ഘോഷയാത്രയിൽ സംഗീതജ്ഞരും പാട്ടുകാരും ഉണ്ടായിരിക്കാം. ഘോഷയാത്ര എത്തുന്ന സമയം കൃത്യമായി അറിയാൻ സാധിക്കില്ല. ഉപമയിൽ, പത്തു കന്യകമാർ മണവാളന്റെ ആഗമനവും പ്രതീക്ഷിച്ച് രാത്രി വരെ കാത്തിരിക്കുന്നു. ബുദ്ധിയില്ലാത്ത അഞ്ചു കന്യകമാർ വിളക്കു കത്തിക്കാൻ വേണ്ടത്ര എണ്ണ കൊണ്ടുവരാഞ്ഞതിനാൽ, അവർക്കു കൂടുതൽ എണ്ണ വാങ്ങാൻ പുറത്തു പോകേണ്ടിവന്നു. മറ്റ് അഞ്ചു കന്യകമാർ, കാത്തിരിക്കുന്ന സമയത്ത് ആവശ്യമായി വരുന്നപക്ഷം വിളക്കിൽ ഒഴിക്കുന്നതിനു പാത്രങ്ങളിൽ കുറെ എണ്ണ വേറെ കൊണ്ടുവന്നിരുന്നു. മണവാളൻ എത്തിയപ്പോൾ ഈ അഞ്ചു കന്യകമാർ മാത്രമേ അവനെ സ്വീകരിക്കാൻ ഉണ്ടായിരുന്നുള്ളൂ. അതിനാൽ, വിരുന്നിൽ പങ്കെടുക്കാനായി ഉള്ളിൽ പ്രവേശിക്കാൻ അവർക്കു മാത്രമാണ് അനുവാദം ലഭിച്ചത്. ബുദ്ധിയില്ലാത്ത അഞ്ചു കന്യകമാർ മടങ്ങിയെത്തിയപ്പോൾ വളരെ വൈകിപ്പോയിരുന്നു, അവർക്ക് ഉള്ളിൽ കടക്കാൻ കഴിഞ്ഞതുമില്ല.
5. കന്യകമാരെ കുറിച്ചുള്ള ഉപമയുടെ ആലങ്കാരിക അർഥത്തിലേക്ക് ഏതു തിരുവെഴുത്തുകൾ വെളിച്ചം വീശുന്നു?
5 ഈ ഉപമയുടെ അനേക വശങ്ങളും പ്രതീകാത്മകമാണെന്നു മനസ്സിലാക്കാവുന്നതാണ്. ഉദാഹരണത്തിന്, യേശു മണവാളൻ ആണെന്നു തിരുവെഴുത്തുകൾ പറയുന്നു. (യോഹന്നാൻ 3:28-30) വിവാഹ വിരുന്ന് ഒരുക്കപ്പെട്ടിരിക്കുന്ന ഒരു രാജകുമാരനോടു യേശു തന്നെത്തന്നെ ഉപമിക്കുന്നു. (മത്തായി 22:1-14) ക്രിസ്തുവിനെ ബൈബിൾ ഒരു ഭർത്താവിനോടും താരതമ്യം ചെയ്യുന്നു. (എഫെസ്യർ 5:23) മറ്റിടങ്ങളിൽ അഭിഷിക്ത ക്രിസ്ത്യാനികളെ ക്രിസ്തുവിന്റെ “മണവാട്ടി” ആയി വർണിച്ചിട്ടുണ്ടെങ്കിലും, ഈ ഉപമ ഒരു മണവാട്ടിയെ പരാമർശിക്കുന്നില്ല എന്നതു രസാവഹമാണ്. (യോഹന്നാൻ 3:29; വെളിപ്പാടു 19:7; 21:2, 9) മറിച്ച്, അതു പത്തു കന്യകമാരെ കുറിച്ചാണു പറയുന്നത്. മറ്റു ഭാഗങ്ങളിൽ അഭിഷിക്തരെ ഉപമിച്ചിരിക്കുന്നതും ക്രിസ്തുവിനു വിവാഹവാഗ്ദാനം ചെയ്യപ്പെട്ട ഒരു കന്യകയോടാണ്.—2 കൊരിന്ത്യർ 11:2. a
6. കന്യകമാരെ കുറിച്ചുള്ള ഉപമ അവസാനിപ്പിക്കവേ എന്ത് ഉദ്ബോധനമാണ് യേശു നൽകിയത്?
6 അത്തരം വിശദാംശങ്ങളും പ്രാവചനിക പ്രസക്തിയും കൂടാതെ, തീർച്ചയായും ഈ ഉപമയിൽനിന്നു ചില നല്ല തത്ത്വങ്ങളും നമുക്കു പഠിക്കാൻ കഴിയും. ഉദാഹരണത്തിന്, പിൻവരുന്ന വാക്കുകളോടെ യേശു ആ ഉപമ അവസാനിപ്പിച്ചു എന്നതു ശ്രദ്ധിക്കുക: “ആകയാൽ നാളും നാഴികയും നിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പിൻ.” അതുകൊണ്ട്, ഈ ദുഷ്ട വ്യവസ്ഥിതിയുടെ ആസന്നമായ അന്ത്യം സംബന്ധിച്ചു ജാഗ്രത ഉള്ളവർ ആയിരിക്കേണ്ടതിന്റെ ആവശ്യം ഈ ഉപമ വ്യക്തമാക്കുന്നു. ഈ അന്ത്യം സംഭവിക്കുന്ന നിശ്ചിത തീയതി ചൂണ്ടിക്കാണിക്കാൻ നമുക്ക് ആവില്ലെങ്കിലും, അതു നിസ്സംശയമായും അടുത്തുവരുകയാണ്. ഇതോടുള്ള ബന്ധത്തിൽ ഇരു കൂട്ടം കന്യകമാരും പ്രകടമാക്കിയ മനോഭാവങ്ങൾ ശ്രദ്ധിക്കുക.
7. ഉപമയിലെ അഞ്ചു കന്യകമാർ ഏത് അർഥത്തിലാണു ബുദ്ധിയില്ലാത്തവർ എന്നു തെളിഞ്ഞത്?
7 യേശു പറഞ്ഞു: ‘അവരിൽ അഞ്ചു പേർ ബുദ്ധിയില്ലാത്തവർ ആയിരുന്നു.’ മണവാളൻ വരുന്നുണ്ടെന്ന് അവർ വിശ്വസിക്കാഞ്ഞതു കൊണ്ടായിരുന്നോ അത്? അതോ, അവർ സുഖഭോഗങ്ങൾക്കു പിന്നാലെ പോയോ? അതുമല്ലെങ്കിൽ, അവർ വഞ്ചിക്കപ്പെട്ടോ? ഇതൊന്നുമല്ല വാസ്തവം. ഈ അഞ്ചു പേർ ‘മണവാളനെ എതിരേല്പാൻ പുറപ്പെട്ടു’ എന്ന് യേശു പറഞ്ഞു. അവൻ വരുന്നുണ്ടെന്ന് അവർക്ക് അറിയാമായിരുന്നു. മണവാളനെ വരവേൽക്കാനും ‘കല്യാണസദ്യ’യിൽ സംബന്ധിക്കാനും അവർ ആഗ്രഹിച്ചു. എന്നാൽ, അവർ വേണ്ട വിധത്തിൽ ഒരുങ്ങിയിരുന്നോ? “അർദ്ധരാത്രി” വരെ അവർ അവനു വേണ്ടി കാത്തിരുന്നു എന്നതു ശരിതന്നെ. എന്നാൽ അവൻ വരുന്നത് എപ്പോഴായിരുന്നാലും—തങ്ങൾ പ്രതീക്ഷിച്ചിരുന്നതിനെക്കാൾ നേരത്തെയോ താമസിച്ചോ ആയിരുന്നാലും—അതിനായി അവർ ഒരുങ്ങിയിരുന്നില്ല.
8. ഉപമയിലെ അഞ്ചു കന്യകമാർ ബുദ്ധിയുള്ളവരെന്നു തെളിഞ്ഞത് എങ്ങനെ?
8 ബുദ്ധിയുള്ളവർ എന്ന് യേശു വിളിച്ച മറ്റ് അഞ്ചു പേർ മണവാളന്റെ ആഗമനവും പ്രതീക്ഷിച്ച് കത്തിച്ച വിളക്കുകളുമായി പുറത്തു ചെന്നു. അവർക്കും കാത്തുനിൽക്കേണ്ടി വന്നു, എന്നാൽ അവർ ‘ബുദ്ധിയുള്ളവർ’ ആയിരുന്നു. ‘ബുദ്ധിയുള്ളവർ’ എന്ന് ഇവിടെ വിവർത്തനം ചെയ്തിരിക്കുന്ന ഗ്രീക്കു പദത്തിന് “വിവേകമുള്ളവർ, ന്യായബോധമുള്ളവർ, പ്രായോഗിക ജ്ഞാനമുള്ളവർ” എന്നൊക്കെ അർഥമുണ്ടായിരിക്കാൻ കഴിയും. ആവശ്യമായി വരുന്നപക്ഷം, തങ്ങളുടെ വിളക്കുകളിൽ ഒഴിക്കുന്നതിനു പാത്രങ്ങളിൽ കൂടുതൽ എണ്ണ കൊണ്ടുവന്നതിനാൽ ആ അഞ്ചു പേർ ബുദ്ധിയുള്ളവർ എന്നു തെളിഞ്ഞു. വാസ്തവത്തിൽ, മണവാളനെ കാത്തിരിക്കുന്നതിൽ ദത്തശ്രദ്ധ ഉള്ളവരായിരുന്ന അവർ തങ്ങളുടെ എണ്ണ മറ്റുള്ളവർക്കു കൊടുത്തില്ല. അത്തരം ജാഗ്രത ഉചിതമായിരുന്നു, മണവാളൻ എത്തിയപ്പോൾ അവർ തികച്ചും സജ്ജരായി അവിടെ ഉണ്ടായിരുന്നത് അതിന്റെ തെളിവാണ്. ഒരുങ്ങിയിരുന്ന അവർ “അവനോടുകൂടെ കല്യാണസദ്യെക്കു ചെന്നു; വാതിൽ അടെക്കയും ചെയ്തു.”
9, 10. കന്യകമാരെ കുറിച്ചുള്ള ഉപമയിലെ മുഖ്യ ആശയം എന്ത്, നമ്മോടുതന്നെ ഏതെല്ലാം ചോദ്യങ്ങൾ നാം ചോദിക്കണം?
9 യേശു ഇവിടെ വിവാഹാഘോഷം സംബന്ധിച്ച് ഒരു പെരുമാറ്റച്ചട്ടം വെക്കുകയായിരുന്നില്ല, മറ്റുള്ളവരുമായി പങ്കുവെക്കുന്നതു സംബന്ധിച്ചു ബുദ്ധിയുപദേശം നൽകുകയുമായിരുന്നില്ല. അവൻ വ്യക്തമാക്കിയ മുഖ്യ ആശയം ഇതായിരുന്നു: “ആകയാൽ നാളും നാഴികയും നിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പിൻ.” നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക, ‘യേശുവിന്റെ സാന്നിധ്യം സംബന്ധിച്ചു ഞാൻ വാസ്തവത്തിൽ ജാഗ്രതയുള്ളവൻ ആണോ?’ യേശു ഇപ്പോൾ സ്വർഗത്തിൽ ഭരിക്കുന്നു എന്നു നാം വിശ്വസിക്കുന്നു. എന്നാൽ ‘മനുഷ്യപുത്രൻ ഉടൻതന്നെ ആകാശ മേഘങ്ങളിൽ മഹാശക്തിയോടും തേജസ്സോടും കൂടെ വരും’ എന്ന യാഥാർഥ്യത്തിൽ നാം എത്രമാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു? (മത്തായി 24:30) “അർദ്ധരാത്രി” ആയപ്പോഴേക്കും മണവാളന്റെ ആഗമനം, കന്യകമാർ അവനെ എതിരേൽക്കാൻ പുറപ്പെട്ട സമയത്തെക്കാൾ തീർച്ചയായും കുറെക്കൂടി അടുത്തിരുന്നു. സമാനമായി, ഇപ്പോഴത്തെ ദുഷ്ട വ്യവസ്ഥിതിയെ നശിപ്പിക്കാൻ മനുഷ്യപുത്രൻ വരുന്ന സമയം, നാം അവന്റെ വരവ് പ്രതീക്ഷിക്കാൻ തുടങ്ങിയ സമയത്തെക്കാൾ അടുത്തിരിക്കുന്നു. (റോമർ 13:11-14) ആ സമയം അടുത്തുവരവേ, കൂടുതൽ ശ്രദ്ധ പുലർത്തിക്കൊണ്ട് നാം ജാഗ്രത പാലിക്കുന്നുവോ?
10 ‘ഉണർന്നിരിക്കാനുള്ള’ കൽപ്പന അനുസരിക്കാൻ നിതാന്ത ജാഗ്രത ആവശ്യമാണ്. എണ്ണ തീർന്നുപോകാൻ അനുവദിച്ച അഞ്ചു കന്യകമാർ കൂടുതൽ എണ്ണ വാങ്ങാൻ പുറത്തു പോയി. സമാനമായി ഒരു ക്രിസ്ത്യാനിക്കു ശ്രദ്ധാശൈഥില്യം സംഭവിച്ച് യേശുവിന്റെ ആസന്നമായ വരവിനു വേണ്ടി പൂർണമായി ഒരുങ്ങിയിട്ടില്ലാത്ത അവസ്ഥയിൽ ആയിത്തീരാൻ കഴിയും. ഒന്നാം നൂറ്റാണ്ടിൽ ചില ക്രിസ്ത്യാനികൾക്ക് അതു സംഭവിച്ചു. ഇന്നും ചിലർക്ക് അതു സംഭവിച്ചേക്കാം. ‘അത് എനിക്കു സംഭവിക്കുന്നുണ്ടോ?’ എന്നു നമുക്ക് സ്വയം ചോദിക്കാം.—1 തെസ്സലൊനീക്യർ 5:6-8; എബ്രായർ 2:1; 3:12; 12:3; വെളിപ്പാടു 16:15.
അന്ത്യം അടുത്തുവരവേ ശുഷ്കാന്തിയുള്ളവർ ആയിരിക്കുക
11. യേശു അടുത്തതായി പറഞ്ഞ ഉപമ ഏത്, അത് എന്തിനോടു സമാനമായിരുന്നു?
11 തന്റെ അടുത്ത ഉപമയിൽ, അനുഗാമികളെ ജാഗ്രത ഉള്ളവർ ആയിരിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിലും അധികം യേശു ചെയ്തു. ബുദ്ധിയുള്ളവരും ബുദ്ധിയില്ലാത്തവരുമായ കന്യകമാരെ കുറിച്ച് പറഞ്ഞശേഷം, താലന്തുകളോടു ബന്ധപ്പെട്ട ഒരു ദൃഷ്ടാന്തം അവൻ പറഞ്ഞു. (മത്തായി 25:14-30 വായിക്കുക.) പല വശങ്ങളിലും ഈ ഉപമ യേശു മുമ്പു പറഞ്ഞിട്ടുള്ള വെള്ളി നാണയങ്ങളുടെ ഉപമയോടു സാമ്യമുള്ളതാണ്. ‘ദൈവരാജ്യം ക്ഷണത്തിൽ വെളിപ്പെടും’ എന്നു പലരും വിചാരിച്ചിരുന്നതിനാലാണ് മൈനകളുടെ ഉപമ യേശു പറഞ്ഞത്.—ലൂക്കൊസ് 19:11-27.
12. താലന്തുകളെ കുറിച്ചുള്ള ഉപമയുടെ രത്നച്ചുരുക്കം എന്ത്?
12 താലന്തുകളുടെ ഉപമയിൽ, വിദേശ യാത്രയ്ക്കു പോകുന്നതിനു മുമ്പ് മൂന്ന് അടിമകളെ വിളിച്ചുവരുത്തിയ ഒരു മനുഷ്യനെ കുറിച്ചാണ് യേശു പറഞ്ഞത്. ഒന്നാമന് അഞ്ചു താലന്തും രണ്ടാമന് രണ്ടു താലന്തും മൂന്നാമന് ഒരു താലന്തും—“ഓരോരുത്തന്നു അവനവന്റെ പ്രാപ്തിപോലെ”—വീതം കൊടുത്തു. ഒരു സാധാരണ വെള്ളിത്താലന്ത് ആയിരിക്കാൻ ഇടയുള്ള അത് ഒരു കൂലിപ്പണിക്കാരൻ 14 വർഷംകൊണ്ട് സമ്പാദിക്കുന്ന പണത്തിനു തുല്യമായിരുന്നു—തീർച്ചയായും, ധാരാളം പണം തന്നെ! വിദേശത്തു പോയ മനുഷ്യൻ തിരിച്ചുവന്നപ്പോൾ, താൻ ദൂരെ ആയിരുന്ന “വളരെ കാലം” ആ അടിമകൾ ചെയ്തതിന്റെ കണക്കു നോക്കി. ആദ്യത്തെ രണ്ട് അടിമകൾ തങ്ങൾക്കു ലഭിച്ച പണം ഇരട്ടിപ്പിച്ചിരുന്നു. അവർ ഇരുവരെയും അവൻ ‘നല്ലവൻ’ എന്നു വിളിക്കുകയും അവർക്കു കൂടുതലായ ചുമതല വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നിട്ട് ഇങ്ങനെ ഉപസംഹരിച്ചു: “നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക.” എന്നാൽ ഒരു താലന്തു ലഭിച്ച അടിമ, യജമാനൻ അങ്ങേയറ്റം കർക്കശസ്വഭാവക്കാരനാണ് എന്നു പറഞ്ഞുകൊണ്ട് ലാഭകരമായ യാതൊരു വിധത്തിലും ഉപയോഗിക്കാതെ, പലിശയ്ക്കു ബാങ്കിൽ നിക്ഷേപിക്കുക പോലും ചെയ്യാതെ, അതു കുഴിച്ചിട്ടു. യജമാനൻ അവനെ ‘ദുഷ്ടനും മടിയനുമായ ദാസൻ’ എന്നാണു വിളിച്ചത്. കാരണം, ആ അടിമ പ്രവർത്തിച്ചത് യജമാനന്റെ താത്പര്യങ്ങൾക്കു വിരുദ്ധമായിട്ടായിരുന്നു. തന്മൂലം, ആ താലന്ത് അവന്റെ പക്കൽനിന്ന് എടുത്തിട്ട് വെളിയിൽ ‘കരച്ചിലും പല്ലുകടിയും ഉള്ള’ സ്ഥലത്തേക്ക് അവനെ തള്ളിക്കളഞ്ഞു.
13. താൻ ഉപമയിലെ യജമാനനെ പോലെ ആണെന്ന് യേശു തെളിയിച്ചത് എങ്ങനെ?
13 വീണ്ടും, ഇതു സംബന്ധിച്ചുള്ള വിശദാംശങ്ങൾ പ്രതീകാത്മക അർഥത്തിൽ മനസ്സിലാക്കാൻ കഴിയും. ഉദാഹരണത്തിന്, വിദേശയാത്ര ചെയ്യുന്ന മനുഷ്യനാൽ ചിത്രീകരിക്കപ്പെടുന്നത് യേശുവാണ്. അവൻ തന്റെ ശിഷ്യന്മാരെ വിട്ട് സ്വർഗത്തിൽ ചെന്ന് രാജകീയ അധികാരം ലഭിക്കുന്നതുവരെ ദീർഘ കാലത്തേക്ക് അവിടെ കാത്തിരിക്കുമായിരുന്നു. b (സങ്കീർത്തനം 110:1-4; പ്രവൃത്തികൾ 2:34-36; റോമർ 8:34; എബ്രായർ 10:12, 13) വീണ്ടും, നമുക്കെല്ലാവർക്കും ജീവിതത്തിൽ ബാധകമാക്കാൻ കഴിയുന്ന വലിയ ഒരു പാഠം അല്ലെങ്കിൽ തത്ത്വം അതിൽനിന്നു മനസ്സിലാക്കാനാകും. അത് എന്താണ്?
14. താലന്തുകളെ കുറിച്ചുള്ള ഉപമ മർമപ്രധാനമായ എന്ത് ആവശ്യത്തെ ഊന്നിപ്പറയുന്നു?
14 നമ്മുടെ പ്രത്യാശ സ്വർഗത്തിലെ അമർത്യ ജീവനോ പറുദീസാ ഭൂമിയിലെ നിത്യജീവനോ ആയിരുന്നാലും, ക്രിസ്തീയ പ്രവർത്തനങ്ങളിൽ നാം സ്ഥിരോത്സാഹത്തോടെ ഏർപ്പെടണം എന്നത് യേശുവിന്റെ ഉപമയിൽനിന്നു വ്യക്തമാണ്. വാസ്തവത്തിൽ, ആ ഉപമ നൽകുന്ന സന്ദേശത്തെ ഒറ്റ വാക്കിൽ ഇങ്ങനെ സംഗ്രഹിക്കാം: ശുഷ്കാന്തി. പൊ.യു. 33 പെന്തക്കോസ്തു മുതൽ അപ്പൊസ്തലന്മാർ അക്കാര്യത്തിൽ മാതൃക വെക്കുകയുണ്ടായി. നാം ഇങ്ങനെ വായിക്കുന്നു: “മറ്റു പല വാക്കുകളാലും അവൻ സാക്ഷ്യം പറഞ്ഞു അവരെ പ്രബോധിപ്പിച്ചു; ഈ വക്രതയുള്ള തലമുറയിൽനിന്നു രക്ഷിക്കപ്പെടുവിൻ എന്നു പറഞ്ഞു.” (പ്രവൃത്തികൾ 2:40-42) അവന്റെ ശ്രമങ്ങൾക്കു നല്ല ഫലം ലഭിച്ചു! ക്രിസ്തീയ സുവിശേഷ വേലയിൽ മറ്റുള്ളവർ അപ്പൊസ്തലന്മാരോടു ചേർന്നപ്പോൾ അവരും ശുഷ്കാന്തി കാട്ടി. തത്ഫലമായി, സുവിശേഷം ‘സർവ്വലോകത്തിലും എത്തി.’—കൊലൊസ്സ്യർ 1:3-6, 23; 1 കൊരിന്ത്യർ 3:5-9.
15. താലന്തുകളെ കുറിച്ചുള്ള ഉപമയിലെ മുഖ്യാശയം ഏതു പ്രത്യേക വിധത്തിൽ നാം ബാധകമാക്കേണ്ടതുണ്ട്?
15 ഉപമയുടെ പശ്ചാത്തലം—യേശുവിന്റെ സാന്നിധ്യം സംബന്ധിച്ച പ്രവചനം—മനസ്സിൽ പിടിക്കുക. ഇപ്പോൾ യേശുവിന്റെ പറൂസിയാ കാലമാണ് എന്നതിനും ഉടനെതന്നെ അത് ഒരു പാരമ്യത്തിൽ എത്തും എന്നതിനും നമുക്കു വേണ്ടത്ര തെളിവുണ്ട്. വ്യവസ്ഥിതിയുടെ “അവസാന”വും ക്രിസ്ത്യാനികൾ ചെയ്യേണ്ട വേലയും തമ്മിലുള്ള ബന്ധം യേശു വ്യക്തമാക്കിയത് എങ്ങനെയെന്ന് ഓർക്കുക: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” (മത്തായി 24:14) അതു മനസ്സിൽ പിടിക്കുമ്പോൾ, ഏത് അടിമയോട് ആയിരിക്കും നമുക്കു സാമ്യമുള്ളത്? സ്വയം ചോദിക്കുക: ‘ഒരുപക്ഷേ സ്വന്തം കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച, ഏൽപ്പിക്കപ്പെട്ട വസ്തു കുഴിച്ചിട്ട അടിമയെ പോലെയാണു ഞാൻ എന്നു നിഗമനം ചെയ്യുന്നതിനു കാരണം ഉണ്ടോ? അതോ, നല്ലവരും വിശ്വസ്തരുമായ അടിമകളെ പോലെയാണു ഞാൻ എന്നതു വ്യക്തമാണോ? ഏത് അവസരത്തിലും യജമാനന്റെ സമ്പത്തു വർധിപ്പിക്കുന്ന കാര്യത്തിൽ ഞാൻ പൂർണമായ അർപ്പണബോധം കാണിക്കുന്നുവോ?’
അവന്റെ സാന്നിധ്യകാലത്ത് ജാഗ്രതയും ശുഷ്കാന്തിയും ഉള്ളവർ
16. നാം ചർച്ച ചെയ്ത രണ്ട് ഉപമകൾ എന്തു സന്ദേശമാണു നിങ്ങൾക്കു നൽകുന്നത്?
16 ഈ രണ്ട് ഉപമകൾക്കു പ്രതീകാത്മകവും പ്രാവചനികവും ആയ അർഥമുണ്ട് എന്നതിനു പുറമേ, നമുക്കായി യേശുവിന്റെ വായിൽനിന്നുതന്നെ വന്ന വ്യക്തമായ പ്രോത്സാഹനവും അവയിൽ അടങ്ങിയിരിക്കുന്നു. ഇതാണ് അവന്റെ സന്ദേശം: ജാഗ്രതയും ശുഷ്കാന്തിയും ഉള്ളവർ ആയിരിക്കുക, പ്രത്യേകിച്ചും ക്രിസ്തുവിന്റെ പറൂസിയയുടെ അടയാളങ്ങൾ കാണാൻ കഴിയുന്ന സമയത്ത്. അത് ഇപ്പോഴാണ്. അതുകൊണ്ട്, നാം വാസ്തവത്തിൽ ജാഗ്രതയും ശുഷ്കാന്തിയും ഉള്ളവരാണോ?
17, 18. യേശുവിന്റെ സാന്നിധ്യവുമായി ബന്ധപ്പെട്ട എന്തു ബുദ്ധിയുപദേശമാണു ശിഷ്യനായ യാക്കോബ് നൽകിയത്?
17 യേശുവിന്റെ അർധസഹോദരനായ യാക്കോബ് ഒലിവുമലയിൽ യേശുവിന്റെ പ്രവചനം കേൾക്കാൻ സന്നിഹിതൻ ആയിരുന്നില്ലെങ്കിലും അവൻ അതേക്കുറിച്ചു പിന്നീട് മനസ്സിലാക്കുകയുണ്ടായി. ആ പ്രവചനത്തിന്റെ പ്രാധാന്യം ഗ്രഹിച്ച അവൻ ഇങ്ങനെ എഴുതി: “സഹോദരന്മാരേ, കർത്താവിന്റെ പ്രത്യക്ഷതവരെ [“സാന്നിധ്യം വരെ,” NW] ദീർഘക്ഷമയോടിരിപ്പിൻ; കൃഷിക്കാരൻ ഭൂമിയുടെ വിലയേറിയ ഫലത്തിന്നു കാത്തുകൊണ്ടു മുന്മഴയും പിന്മഴയും അതിന്നു കിട്ടുവോളം ദീർഘക്ഷമയോടിരിക്കുന്നുവല്ലോ. നിങ്ങളും ദീർഘക്ഷമയോടിരിപ്പിൻ; നിങ്ങളുടെ ഹൃദയം സ്ഥിരമാക്കുവിൻ; കർത്താവിന്റെ പ്രത്യക്ഷത [“സാന്നിധ്യം,” NW] സമീപിച്ചിരിക്കുന്നു.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.)—യാക്കോബ് 5:7, 8
18 തങ്ങളുടെ സമ്പത്തു ദുർവിനിയോഗം ചെയ്യുന്നവരെ ദൈവം പ്രതികൂലമായി ന്യായം വിധിക്കുമെന്ന ഉറപ്പു കൊടുത്തശേഷം, യഹോവയുടെ നടപടിക്കായി കാത്തിരിക്കവേ അക്ഷമരാകാതിരിക്കാൻ യാക്കോബ് ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചു. മറ്റുള്ളവരുടെ തെറ്റുകൾ താൻ തിരുത്തേണ്ടതുണ്ടെന്നു കരുതുന്ന അക്ഷമയുള്ള ഒരു ക്രിസ്ത്യാനി പ്രതികാര ചിന്താഗതിക്കാരൻ ആയിത്തീർന്നേക്കാം. അതു പാടില്ല. കാരണം, ന്യായവിധി സമയം വരുമെന്നതു തീർച്ചയാണ്. യാക്കോബ് വിശദീകരിക്കുന്നതുപോലെ, കൃഷിക്കാരന്റെ ദൃഷ്ടാന്തം ചിത്രീകരിക്കുന്നത് അതാണ്.
19. ഒരു ഇസ്രായേല്യ കർഷകൻ എങ്ങനെയുള്ള ക്ഷമ പ്രകടമാക്കണമായിരുന്നു?
19 വിത്തു നട്ട ഒരു ഇസ്രായേല്യ കർഷകൻ, ആദ്യം അതു കിളിർക്കാനും പിന്നീട് സസ്യം വളർച്ച പ്രാപിക്കാനും ഒടുവിൽ ഫലപ്രാപ്തിയിൽ എത്താനും വേണ്ടി കാത്തിരിക്കേണ്ടിയിരുന്നു. (ലൂക്കൊസ് 8:5-8; യോഹന്നാൻ 4:35) അതിനിടയ്ക്കുള്ള കാലയളവിൽ കുറെയൊക്കെ ഉത്കണ്ഠപ്പെടാനുള്ള സമയവും ഒരുപക്ഷേ കാരണവും അയാൾക്ക് ഉണ്ടായിരുന്നു. വേണ്ടത്ര മുൻമഴ കിട്ടുമോ? പിൻമഴയുടെ കാര്യമോ? കീടങ്ങളോ കൊടുങ്കാറ്റോ മൂലം കൃഷി നശിക്കുമോ? (യോവേൽ 1:4; 2:23-25 താരതമ്യം ചെയ്യുക.) എന്നിരുന്നാലും, സാധാരണമായി ഒരു ഇസ്രായേല്യ കർഷകനു യഹോവയിലും അവൻ വെച്ചിരിക്കുന്ന പ്രകൃതിയിലെ പരിവൃത്തിയിലും ആശ്രയിക്കാൻ കഴിയുമായിരുന്നു. (ആവർത്തനപുസ്തകം 11:14; യിരെമ്യാവു 5:24) കർഷകന്റെ ക്ഷമ വാസ്തവത്തിൽ വിശ്വാസത്തോടെയുള്ള പ്രതീക്ഷയ്ക്കു തുല്യമായിരുന്നു. താൻ കാത്തിരിക്കുന്നതു വരുമെന്ന് അയാൾക്കു നല്ല വിശ്വാസം ഉണ്ടായിരുന്നു. അതു തീർച്ചയായും വരുമായിരുന്നു!
20. യാക്കോബിന്റെ ബുദ്ധിയുപദേശത്തിനു ചേർച്ചയിൽ നമുക്ക് എങ്ങനെ ക്ഷമ പ്രകടമാക്കാൻ കഴിയും?
20 വിളവെടുപ്പിന്റെ സമയം സംബന്ധിച്ച് ഒരു കർഷകനു കുറെയൊക്കെ അറിവ് ഉണ്ടായിരുന്നെങ്കിലും, യേശുവിന്റെ സാന്നിധ്യം എപ്പോഴായിരിക്കുമെന്നു കണക്കാക്കാൻ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്കു കഴിഞ്ഞില്ല. എങ്കിലും, അത് ഉണ്ടാകുമെന്നത് ഉറപ്പായിരുന്നു. യാക്കോബ് ഇങ്ങനെ എഴുതി: “കർത്താവിന്റെ പ്രത്യക്ഷത [“സാന്നിധ്യം,” NW] സമീപിച്ചിരിക്കുന്നു.” യാക്കോബ് അത് എഴുതിയ സമയത്ത് ക്രിസ്തുവിന്റെ സാന്നിധ്യം സംബന്ധിച്ച വ്യാപകമായ അല്ലെങ്കിൽ ആഗോളമായ അടയാളത്തിന്റെ തെളിവ് ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ അതുണ്ട്! അതുകൊണ്ട് ഈ കാലഘട്ടത്തെ നാം എങ്ങനെ വീക്ഷിക്കണം? അടയാളം വാസ്തവത്തിൽ ദൃശ്യമാണ്, നാം അതു കാണുന്നു. അതുകൊണ്ട്, ‘അടയാളം നിവൃത്തിയേറുന്നത് എനിക്കു കാണാം’ എന്ന് നമുക്ക് ഉറപ്പോടെ പറയാൻ കഴിയും. “കർത്താവിന്റെ സാന്നിധ്യം സമീപിച്ചിരിക്കുന്നു” എന്ന് നമുക്ക് തറപ്പിച്ചു പറയാനാകും.
21. എന്തു ചെയ്യാൻ നാം ദൃഢനിശ്ചയം ചെയ്തിരിക്കുന്നു?
21 കർത്താവിന്റെ സാന്നിധ്യം അടുത്തിരിക്കുന്നതിനാൽ, നാം ചർച്ച ചെയ്ത യേശുവിന്റെ രണ്ട് ഉപമകളിലെ അടിസ്ഥാന പാഠങ്ങൾ ഗൗരവമായി എടുക്കാനും അതു ബാധകമാക്കാനും നമുക്ക് ഇപ്പോൾ ശക്തമായ കാരണമുണ്ട്. യേശു ഇങ്ങനെ പറഞ്ഞു: “ആകയാൽ നാളും നാഴികയും നിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പിൻ.” (മത്തായി 25:13) നമ്മുടെ ക്രിസ്തീയ സേവനത്തിൽ തീക്ഷ്ണതയുള്ളവർ ആയിരിക്കാനുള്ള സമയം നിസ്സംശയമായും ഇപ്പോഴാണ്. യേശു വ്യക്തമാക്കിയ ആശയം നാം മനസ്സിലാക്കുന്നുണ്ടെന്നു നമ്മുടെ അനുദിന പ്രവൃത്തികളിലൂടെ നമുക്കു പ്രകടമാക്കാം. നമുക്കു ജാഗ്രതയും ശുഷ്കാന്തിയും ഉള്ളവർ ആയിരിക്കാം!
[അടിക്കുറിപ്പുകൾ]
a ഈ ഉപമയുടെ പ്രതീകാത്മക വിശദാംശങ്ങൾ മനസ്സിലാക്കാൻ വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച ആയിരം വർഷത്തെ ദൈവരാജ്യം സമീപിച്ചിരിക്കുന്നു (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ 169-211 പേജുകൾ കാണുക.
b ആയിരം വർഷത്തെ ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന പുസ്തകത്തിന്റെ 212-56 പേജുകൾ കാണുക.
നിങ്ങൾ ഓർമിക്കുന്നുവോ?
□ ബുദ്ധിയുള്ളവരും ഇല്ലാത്തവരുമായ കന്യകമാരെ കുറിച്ചുള്ള ഉപമയിൽനിന്നു നിങ്ങൾക്കു ലഭിച്ച മുഖ്യ സന്ദേശം എന്ത്?
□ താലന്തുകളെ കുറിച്ചുള്ള ഉപമയിലൂടെ യേശു നിങ്ങൾക്കു നൽകുന്ന അടിസ്ഥാന ബുദ്ധിയുപദേശം എന്ത്?
□ ഒരു ഇസ്രായേല്യ കർഷകന്റേതു പോലെ, ഏത് അർഥത്തിൽ നിങ്ങളുടെ ക്ഷമ പറൂസിയയോടു ബന്ധപ്പെട്ടിരിക്കുന്നു?
□ നാം ജീവിക്കുന്ന കാലം വിശേഷാൽ പുളകപ്രദവും വെല്ലുവിളി നിറഞ്ഞതും ആയിരിക്കുന്നത് എന്തുകൊണ്ട്?
[അധ്യയന ചോദ്യങ്ങൾ]
[23-ാം പേജിലെ ചിത്രം]
കന്യകമാരെയും താലന്തുകളെയും കുറിച്ചുള്ള ഉപമയിൽനിന്നു നിങ്ങൾ പഠിക്കുന്ന പാഠങ്ങൾ ഏവ?