ദൈവം ‘വളഞ്ഞ’ വിധങ്ങളിൽ പ്രവർത്തിക്കുന്നുവോ?
ദൈവം ‘വളഞ്ഞ’ വിധങ്ങളിൽ പ്രവർത്തിക്കുന്നുവോ?
“ദെയൂസ് എസ്ക്രെവി സെർറ്റൂ പൊർ ലിന്യാസ് റ്റൊർറ്റാസ്” (“ദൈവം വളഞ്ഞ വരകൾ ഉപയോഗിച്ചു നേരെ എഴുതുന്നു”) എന്ന് ബ്രസീലിൽ ഒരു ചൊല്ലുണ്ട്. ദൈവം എല്ലായ്പോഴും ശരിയായ കാര്യങ്ങളാണു ചെയ്യുന്നതെങ്കിലും ചിലപ്പോഴൊക്കെ നേരായ രീതിയല്ല എന്നു മനുഷ്യനു തോന്നുന്ന വിധത്തിൽ അവ ചെയ്യുന്നു എന്ന് അതു സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്, യൗവനാവസ്ഥയിൽ ഒരുവൻ മരിക്കുമ്പോൾ, ‘ദൈവം അവനെ സ്വർഗത്തിലേക്ക് എടുത്തു’ എന്ന് അനേകരും പറയുന്നു. ഒരാൾ അംഗവൈകല്യത്താൽ കഷ്ടപ്പെടുകയോ ഒരു ദുരന്തം അനുഭവിക്കുകയോ ചെയ്യുമ്പോൾ, ‘അതു ദൈവഹിതമാണ്’ എന്നു ചിലർ പറയുന്നു. മരണത്തിനും ശാരീരിക പ്രശ്നങ്ങൾക്കും മറ്റു ദുഃഖങ്ങൾക്കും ദൈവത്തെ പഴിക്കുന്നതിനാൽ അവൻ ‘വളച്ച് എഴുതുന്നു’ എന്ന്, അതായത് മനുഷ്യനു മനസ്സിലാക്കാൻ സാധിക്കാത്ത വിധത്തിൽ കാര്യങ്ങൾ ചെയ്യുന്നു എന്ന് അത്തരം അഭിപ്രായങ്ങൾ സൂചിപ്പിക്കുന്നു.
മരണത്തിനും യാതനകൾക്കും കാരണക്കാരൻ ദൈവമാണ് എന്നു മതഭക്തരായ പലരും വിശ്വസിക്കുന്നതിനു കാരണം എന്താണ്? ഒട്ടുമിക്കപ്പോഴും, ഒറ്റപ്പെട്ട ചില ബൈബിൾ വാക്യങ്ങൾ തെറ്റായി മനസ്സിലാക്കുന്നതിന്റെ ഫലമാണ് അത്. അത്തരം ചില വാക്യങ്ങൾ നമുക്കു ചുരുക്കമായി പരിചിന്തിക്കാം.
● “ഊമനെയും ചെകിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കിയതു ആർ? യഹോവയായ ഞാൻ അല്ലയോ?”—പുറപ്പാടു 4:11.
ആളുകൾക്കു പല വിധത്തിലുള്ള വൈകല്യങ്ങൾ സംഭവിക്കാൻ ഇടയാക്കുന്നതു ദൈവം ആണെന്നാണോ അതിന്റെ അർഥം? അല്ല. അത് ദൈവത്തിന്റെ വ്യക്തിത്വവുമായി ചേർന്നുപോകില്ല. “ദൈവത്തിന്റെ സൃഷ്ടി എല്ലാം നല്ലതു” എന്നു ബൈബിൾ നമ്മോടു പറയുന്നു. (1 തിമൊഥെയൊസ് 4:4) ഒരുവൻ അന്ധനോ ഊമനോ ബധിരനോ ആയി ജനിക്കുന്നതിനു ദൈവത്തെ പഴിച്ചുകൂടാ. തന്റെ സൃഷ്ടിയുടെ നന്മ മാത്രമേ അവൻ കാംക്ഷിക്കുന്നുള്ളൂ. കാരണം, അവന്റെ പക്കൽ നിന്നു വരുന്നത് “എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും” ആണ്.—യാക്കോബ് 1:17.
നമ്മുടെ ആദ്യ മാതാപിതാക്കളായ ആദാമും ഹവ്വായും തന്നിഷ്ടപ്രകാരം ദൈവത്തിനെതിരെ മത്സരിച്ചതു നിമിത്തമാണ് അവർക്കു പൂർണതയും പൂർണ സന്തതികളെ ഉത്പാദിപ്പിക്കാനുള്ള പ്രാപ്തിയും നഷ്ടമായത്. (ഉല്പത്തി 3:1-6, 16, 19; ഇയ്യോബ് 14:4) അവരുടെ പിൻഗാമികൾ വിവാഹം ചെയ്ത് അവർക്കു മക്കൾ ഉണ്ടായപ്പോൾ അപൂർണ വശങ്ങൾ—ശാരീരിക വൈകല്യങ്ങൾ ഉൾപ്പെടെ—ഒന്നിനൊന്നു വർധിക്കാൻ തുടങ്ങി. അത് യഹോവ വരുത്തിവെച്ചതല്ല, എങ്കിലും അതു സംഭവിക്കാൻ അവൻ അനുവദിച്ചിരിക്കുന്നു. തന്മൂലം, താൻ ഊമനെയും ചെകിടനെയും കുരുടനെയും ‘ഉണ്ടാക്കി’ എന്ന് അവനു പറയാൻ കഴിഞ്ഞു.
● “വളവുള്ളതു നേരെ ആക്കുവാൻ വഹിയാ.”—സഭാപ്രസംഗി 1:15.
ദൈവമാണോ കാര്യങ്ങൾ വളഞ്ഞ വിധത്തിൽ ആക്കിയത്? തീർച്ചയായും അല്ല. സഭാപ്രസംഗി 7:29 ഇങ്ങനെ പറയുന്നു: “ദൈവം മനുഷ്യനെ നേരുള്ളവനായി സൃഷ്ടിച്ചു; അവരോ അനേകം സൂത്രങ്ങളെ അന്വേഷിച്ചുവരുന്നു.” ബൈബിളിന്റെ സമകാലിക ഇംഗ്ലീഷ് ഭാഷാന്തരം ഈ വാക്യം പരാവർത്തനം ചെയ്യുന്നതു പോലെ, “ദൈവം നമ്മെ സൃഷ്ടിച്ചപ്പോൾ നാം തികച്ചും സത്യസന്ധർ ആയിരുന്നു. എന്നാൽ ഇപ്പോൾ നാം വക്രബുദ്ധി ഉള്ളവർ ആണ്.” ദൈവത്തിന്റെ നീതിനിഷ്ഠമായ പ്രമാണങ്ങൾ അനുസരിച്ചു ജീവിക്കുന്നതിനു പകരം മിക്കവരും തന്നിഷ്ടപ്രകാരം, തങ്ങൾക്കുതന്നെ ദ്രോഹകരമായ വിധത്തിൽ, തങ്ങളുടേതായ പദ്ധതികളും സംരംഭങ്ങളും തന്ത്രങ്ങളും പ്രവർത്തന വിധങ്ങളും ആസൂത്രണം ചെയ്യുകയാണ്.—1 തിമൊഥെയൊസ് 2:14.
കൂടാതെ, പൗലൊസ് അപ്പൊസ്തലൻ പറഞ്ഞ പ്രകാരം, മനുഷ്യന്റെ പാപം നിമിത്തം ‘സൃഷ്ടി മായെക്കു [“വ്യർഥതയ്ക്കു,” NW] കീഴ്പെട്ടിരിക്കുന്നു.’ (റോമർ 8:20) ഈ അവസ്ഥ മനുഷ്യ ശ്രമങ്ങളാൽ “നേരെ ആക്കുവാൻ വഹിയാ.” ദിവ്യ ഇടപെടൽ കൊണ്ടു മാത്രമേ ഭൂമിയിലെ വക്രവും വ്യർഥവുമായ സകല സംഗതികളും നീക്കപ്പെടൂ.
● “ദൈവത്തിന്റെ പ്രവൃത്തിയെ നോക്കുക [“കാണുക,” NW]; അവൻ വളെച്ചതിനെ നേരെയാക്കുവാൻ ആർക്കു കഴിയും?”—സഭാപ്രസംഗി 7:13.
മറ്റു വാക്കുകളിൽ പറഞ്ഞാൽ, ശലോമോൻ രാജാവ് ഇങ്ങനെ ചോദിക്കുന്നു: ‘ദൈവം അനുവദിക്കുന്ന വൈകല്യങ്ങളും അപൂർണതകളും മനുഷ്യവർഗത്തിൽ ആർക്കു നേരെയാക്കാൻ കഴിയും?’ ആർക്കും സാധിക്കില്ല. എന്തുകൊണ്ടെന്നാൽ തക്ക കാരണത്താലാണ് അത്തരം കാര്യങ്ങൾ സംഭവിക്കാൻ യഹോവയാം ദൈവം അനുവദിക്കുന്നത്.
തന്മൂലം, ശലോമോൻ ഇങ്ങനെ ശുപാർശ ചെയ്യുന്നു: “സുഖകാലത്തു സുഖമായിരിക്ക; അനർത്ഥകാലത്തോ ചിന്തിച്ചുകൊൾക; മനുഷ്യൻ തന്റെ ശേഷം വരുവാനുള്ളതൊന്നും ആരാഞ്ഞറിയാതെയിരിക്കേണ്ടതിന്നു ദൈവം രണ്ടിനെയും ഉണ്ടാക്കിയിരിക്കുന്നു.” (സഭാപ്രസംഗി 7:14) കാര്യങ്ങൾ നേരെ ചൊവ്വെ നടക്കുന്ന ദിവസത്തെ ഒരു വ്യക്തി വിലമതിക്കുകയും ആ വിലമതിപ്പ് നന്മയിലൂടെ പ്രതിഫലിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. അയാൾ ഒരു നല്ല ദിവസത്തെ ദൈവത്തിൽ നിന്നുള്ള ദാനമായി വീക്ഷിക്കണം. എന്നാൽ പ്രസ്തുത ദിനം ദുരന്തം വിതയ്ക്കുന്നെങ്കിലോ? ദുരന്തം സംഭവിക്കാൻ ദൈവം അനുവദിച്ചിരിക്കുന്നു എന്ന് ആ വ്യക്തി “കാണു”ന്നത്, അതായത് തിരിച്ചറിയുന്നത് ഉചിതമായിരിക്കും. ദൈവം അങ്ങനെ ചെയ്യാൻ കാരണം? “മനുഷ്യൻ തന്റെ ശേഷം വരുവാനുള്ളതൊന്നും ആരാഞ്ഞറിയാതെയിരിക്കേണ്ടതിന്നു” എന്നു ശലോമോൻ പറയുന്നു. എന്താണ് അതിന്റെ അർഥം?
സന്തോഷമോ ബുദ്ധിമുട്ടോ ഉളവാക്കുന്ന സംഗതികൾ ദൈവം അനുവദിച്ചിരിക്കുന്നു എന്ന വസ്തുത, ഭാവി എന്തു കൈവരുത്തും എന്നു നമുക്കു പറയാനാകില്ല എന്നു നമ്മെ ഓർമിപ്പിക്കുന്നു. നീതിമാനും ദുഷ്ടനും ദുരന്തം ഭവിക്കുന്നു. അക്കാര്യത്തിൽ ആരെയും ഒഴിച്ചുനിർത്താനാവില്ല. അതു നമ്മിലല്ല, മറിച്ച് “ദൈവം സ്നേഹം തന്നേ” എന്ന് ഓർത്തുകൊണ്ട് അവനിൽ ആശ്രയിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയാൻ നമ്മെ സഹായിക്കേണ്ടതാണ്. (1 യോഹന്നാൻ 4:8) നമുക്ക് ഇപ്പോൾ ചില കാര്യങ്ങൾ മനസ്സിലാകുന്നില്ലെങ്കിലും എല്ലാം സംഭവിച്ചു കഴിയുമ്പോൾ ദൈവം അനുവദിച്ചതെല്ലാം അതുമായി ബന്ധപ്പെട്ടവർക്കു പ്രയോജനം കൈവരുത്തിയിരിക്കുന്നു എന്നു നമുക്ക് ഉറപ്പോടെ പറയാനാകും.
ദൈവം അനുവദിക്കുന്ന ഒരു കാര്യവും ഒരിക്കലും പരമാർഥ ഹൃദയർക്കു നിത്യമായ ദോഷം വരുത്തുകയില്ല. തന്റെ നാളിലെ വിശ്വാസികൾ അനുഭവിക്കുന്ന യാതനകളെ കുറിച്ച് അഭിപ്രായപ്പെട്ടപ്പോൾ പത്രൊസ് അപ്പൊസ്തലൻ അതു വ്യക്തമാക്കി: “എന്നാൽ അല്പകാലത്തേക്കു കഷ്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവിൽ തന്റെ നിത്യതേജസ്സിന്നായി വിളിച്ചിരിക്കുന്ന സർവ്വകൃപാലുവായ ദൈവം തന്നേ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും.”—1 പത്രൊസ് 5:10.
കാര്യങ്ങൾ നേരെയാക്കാനുള്ള സമയം
ഇപ്പോഴത്തെ പരിശോധനകൾ സഹിച്ചുനിൽക്കാൻ യഹോവ നമുക്കു കരുത്തേകുന്നു. താൻ “സകലവും പുതുതാക്കു”മെന്നും അവൻ വാഗ്ദാനം ചെയ്യുന്നു. (വെളിപ്പാടു 21:5) പെട്ടെന്നുതന്നെ ദൈവത്തിന്റെ സ്വർഗീയ രാജ്യം രോഗഗ്രസ്തരുടെ ആരോഗ്യം പുനഃസ്ഥാപിക്കുകയും മരിച്ചവരുടെ പുനരുത്ഥാനം സാധ്യമാക്കിത്തീർക്കുകയും ചെയ്യും. അതാണു ദൈവോദ്ദേശ്യം. യഥാർഥ വക്രഗതിക്കാരനായ പിശാചായ സാത്താനെയും ആ ഗവൺമെന്റ് നീക്കിക്കളയും. (യോഹന്നാൻ 5:28, 29; റോമർ 16:20; 1 കൊരിന്ത്യർ 15:26; 2 പത്രൊസ് 3:13) സകലതും നേരെയാക്കാനുള്ള ദൈവത്തിന്റെ സമയം വന്നെത്തുമ്പോൾ ഭൂവ്യാപകമായി ദൈവഭയം ഉള്ളവർക്ക് അത് എത്രമാത്രം അനുഗ്രഹം ആയിരിക്കും കൈവരുത്തുക!
[28-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Job Hearing of His Ruin/The Doré Bible Illustrations/Dover Publications