പൗലൊസ് പ്രതികൂല സാഹചര്യത്തെ മറികടക്കുന്നു
അവർ യഹോവയുടെ ഹിതം ചെയ്‌തു
പൗലൊസ് പ്രതികൂല സാഹചര്യത്തെ മറികടക്കുന്നു
ആശയ്‌ക്കു വകയില്ലാത്ത ഒരു അവസ്ഥയിലാണ് പൗലൊസ്. മെഡിറ്ററേനിയൻ കടലിൽ അത്യുഗ്രമായ കാറ്റുമൂലം ഉണ്ടാകുന്ന, യൂറോ-അക്വിലോ എന്നു വിളിക്കപ്പെടുന്ന സമുദ്രക്ഷോഭത്തിൽ പെട്ട് ആടിയുലയുന്ന ഒരു കപ്പലിലാണ് അവനും മറ്റ് 275 പേരും. ഉഗ്രമായ കൊടുങ്കാറ്റും പേമാരിയും നിമിത്തം പകൽസമയത്തു സൂര്യനെയോ രാത്രിയിൽ നക്ഷത്രങ്ങളെയോ കാണാൻ കഴിയുന്നില്ല. കപ്പലിലെ യാത്രക്കാർ പ്രാണഭയത്തിലാണെന്നു മനസ്സിലാക്കാവുന്നതേ ഉള്ളൂ. എന്നാൽ, സ്വപ്നത്തിൽ ദൈവം തനിക്കു വെളിപ്പെടുത്തിയ കാര്യങ്ങൾ പറഞ്ഞുകൊണ്ട് പൗലൊസ് അവരെ ആശ്വസിപ്പിക്കുന്നു: “കപ്പലിന്നു അല്ലാതെ നിങ്ങളിൽ ആരുടെയും പ്രാണന്നു ഹാനി വരികയില്ല.”—പ്രവൃത്തികൾ 27:14, 20-22.
കൊടുങ്കാറ്റ് തുടങ്ങിയതിന്റെ 14-ാം ദിവസം രാത്രിയിൽ ആ നാവികർ അമ്പരപ്പിക്കുന്ന ഒരു സംഗതി മനസ്സിലാക്കുന്നു. അവിടെ വെള്ളത്തിനു വെറും 20 മാറ് ആഴമേ ഉള്ളൂ. a അൽപ്പ ദൂരം പിന്നിട്ടപ്പോൾ അവർ പിന്നെയും ആഴം അളക്കുന്നു. ഇപ്പോൾ ആഴം 15 മാറേ ഉള്ളൂ. കര അടുത്തിരിക്കുന്നു! അതൊരു നല്ല വാർത്ത ആണങ്കിലും അതിനു ഞെട്ടിക്കുന്ന ഒരു വശമുണ്ട്. ആഴം കുറഞ്ഞ കടലിൽ ആടിയുലയുന്ന ഈ കപ്പൽ രാത്രിയിൽ പാറക്കെട്ടുകളിൽ ഇടിച്ചു തകരാം. നാവികർ ജ്ഞാനപൂർവം നങ്കൂരമിടുന്നു. അവരിൽ ചിലർ ഓടിവള്ളം ഇറക്കി അതിൽ കയറി രക്ഷപ്പെടാൻ ഒരുമ്പെടുന്നു. b എന്നാൽ പൗലൊസ് അവരെ തടയുന്നു. അവൻ സേനാപതിയോടും പട്ടാളക്കാരോടുമായി പറയുന്നു: “ഇവർ കപ്പലിൽ താമസിച്ചല്ലാതെ നിങ്ങൾക്കു രക്ഷപ്പെടുവാൻ കഴിയുന്നതല്ല.” ആ അധികാരി പൗലൊസിന്റെ വാക്കുകൾക്കു ചെവി കൊടുക്കുന്നു. അങ്ങനെ ആ 276 പേരും നേരം വെളുക്കുവോളം കപ്പലിൽ കാത്തിരിക്കുന്നു.—പ്രവൃത്തികൾ 27:27-32.
കപ്പൽ തകരുന്നു
പിറ്റേന്നു രാവിലെ, ഒരു ഉൾക്കടലും തീരവും കപ്പൽ യാത്രക്കാരുടെ ശ്രദ്ധയിൽ പെടുന്നു. പുത്തൻ പ്രതീക്ഷയോടെ ആ നാവികർ നങ്കൂരം മുറിച്ചു വിടുകയും മുൻപായ് കാറ്റത്ത് ഉയർത്തി കെട്ടുകയും ചെയ്യുന്നു. അപ്പോൾ കപ്പൽ തീരത്തേക്കു നീങ്ങുന്നു—നിസ്സംശയമായും അതു യാത്രക്കാരിൽ സന്തോഷമുളവാക്കുന്നു.—പ്രവൃത്തികൾ 27:39, 40.
എന്നിരുന്നാലും, കപ്പൽ പെട്ടെന്നുതന്നെ ഒരു മണൽത്തിട്ടയിൽ ഉറച്ചുപോകുന്നു. മാത്രമല്ല, ഉഗ്രമായ തിരകൾ വന്നലച്ച് കപ്പലിന്റെ അമരം തകർന്നുപോകുന്നു. യാത്രക്കാർ എല്ലാവരും കപ്പൽ ഉപേക്ഷിച്ചേ തീരൂ! (പ്രവൃത്തികൾ 27:41) എന്നാൽ ഇതൊരു പ്രശ്നമാണ്. പൗലൊസ് ഉൾപ്പെടെ കപ്പലിലുള്ള പലരും തടവുപുള്ളികളാണ്. റോമൻ നിയമപ്രകാരം, ഒരു തടവുപുള്ളിയെ രക്ഷപ്പെടാൻ അനുവദിക്കുന്ന കാവൽക്കാരൻ ആ തടവുപുള്ളിയുടെ ശിക്ഷ അനുഭവിക്കണം. ഉദാഹരണത്തിന്, ഒരു ഘാതകൻ രക്ഷപ്പെട്ടാൽ വീഴ്‌ച വരുത്തിയ കാവൽക്കാരൻ അതിനു പകരമായി തന്റെ ജീവൻ നൽകേണ്ടി വരുമായിരുന്നു.
അത്തരം പ്രത്യാഘാതങ്ങളെ ഭയന്ന് പട്ടാളക്കാർ എല്ലാ തടവുകാരെയും വധിക്കാൻ തീരുമാനിക്കുന്നു. എന്നിരുന്നാലും, പൗലൊസുമായി സൗഹൃദത്തിൽ ആയിരുന്ന സൈനിക അധികാരി ഇടപെടുന്നു. സാധ്യമാകുന്നവരെല്ലാം വെള്ളത്തിലേക്കു ചാടി കരയെ ലക്ഷ്യമാക്കി നീന്താൻ അദ്ദേഹം ആജ്ഞാപിക്കുന്നു. നീന്താൻ കഴിയാത്തവർ പലകക്കഷണത്തിന്മേലോ മറ്റോ പിടിച്ചു കിടക്കണം. ആ യാത്രക്കാർ ഓരോരുത്തരായി തകർന്ന കപ്പലിൽനിന്ന് നീന്തി കരപറ്റുന്നു. പൗലൊസിന്റെ വാക്കുകൾ സത്യമായി ഭവിച്ചു—ആർക്കും ജീവഹാനി ഉണ്ടായില്ല!—പ്രവൃത്തികൾ 27:42-44.
മെലിത്തയിലെ അത്ഭുതം
ക്ഷീണിച്ചുവലഞ്ഞ ആ കൂട്ടം മെലിത്ത എന്നു വിളിക്കപ്പെടുന്ന ദ്വീപിൽ അഭയം കണ്ടെത്തി. അവിടത്തെ നിവാസികൾ “വിദേശ ഭാഷക്കാർ,” അക്ഷരീയമായി “ബർബരന്മാർ” (ഗ്രീക്കിൽ, വാർവാറൊസ്) ആണ്. c എങ്കിലും, അവർ കിരാതന്മാരല്ല. പകരം, പൗലൊസിന്റെ സഹചാരിയായ ലൂക്കൊസ് റിപ്പോർട്ടു ചെയ്യുന്നതു പോലെ, അവർ “അസാധാരണ ദയ കാണിച്ചു മഴയും ശീതവും നിമിത്തം തീകൂട്ടി ഞങ്ങളെ ഒക്കെയും കൈക്കൊണ്ടു.” വിറകു പെറുക്കി തീയിൽ ഇടാൻ പൗലൊസും അവിടുത്തെ നിവാസികളോടൊപ്പം കൂടുന്നു.—പ്രവൃത്തികൾ 28:1-3, NW അടിക്കുറിപ്പ്.
പെട്ടെന്ന്, ഒരു അണലി പൗലൊസിന്റെ കയ്യിൽ ചുറ്റുന്നു! പൗലൊസ് ഒരു കൊലയാളി ആയിരിക്കണം എന്നു കരുതുന്ന ദ്വീപുവാസികൾ, പാപം ചെയ്യാൻ ഉപയോഗിച്ച ശരീരഭാഗത്തെ ആക്രമിച്ചുകൊണ്ട് ദൈവം പാപികളെ ശിക്ഷിക്കുന്നു എന്ന് ഒരുപക്ഷേ വിചാരിക്കുന്നുണ്ടാകാം. എന്നാൽ നോക്കൂ! അവരെ അമ്പരപ്പിച്ചുകൊണ്ട് പൗലൊസ് ആ പാമ്പിനെ തീയിലേക്കു കുടഞ്ഞുകളഞ്ഞു. ലൂക്കൊസിന്റെ ദൃക്സാക്ഷി വിവരണം പറയുന്നതുപോലെ, പ്രവൃത്തികൾ 28:3-6.
“അവൻ വീർക്കുകയോ പെട്ടെന്നു ചത്തു വീഴുകയോ ചെയ്യും എന്നുവെച്ചു അവർ കാത്തുനിന്നു.” എന്നാൽ, പിന്നീട് തങ്ങളുടെ അഭിപ്രായം മാറ്റുന്ന ദ്വീപുവാസികൾ, പൗലൊസ് ഒരു ദേവൻ ആയിരിക്കുമെന്നു പറഞ്ഞുതുടങ്ങുന്നു.—അടുത്ത മൂന്നു മാസങ്ങൾ പൗലൊസ് മെലിത്തയിൽ ചെലവഴിക്കുന്നു. ആ സമയത്ത്, തന്നോട് അതിഥിപ്രിയം കാട്ടി സ്വീകരിച്ച ദ്വീപുപ്രമാണിയായ പുബ്ലിയൊസിന്റെ പിതാവിനെയും രോഗം ബാധിച്ച മറ്റുള്ളവരെയും പൗലൊസ് സുഖപ്പെടുത്തുന്നു. മാത്രമല്ല, അവൻ അവിടെ സത്യത്തിന്റെ വിത്തു വിതച്ചതിന്റെ ഫലമായി മെലിത്തയിലെ അതിഥിസത്കാരപ്രിയരായ നിവാസികൾ അനുഗ്രഹിക്കപ്പെടുകയും ചെയ്യുന്നു.—പ്രവൃത്തികൾ 28:7-11.
നമുക്കുള്ള പാഠം
തന്റെ ശുശ്രൂഷക്കാലത്തു പൗലൊസ് പല വെല്ലുവിളികളും അഭിമുഖീകരിച്ചു. (2 കൊരിന്ത്യർ 11:23-27) മേൽപ്പറഞ്ഞ വിവരണത്തിൽ, സുവാർത്തയെ പ്രതി അവൻ ഒരു തടവുകാരൻ ആയിരുന്നു. പിന്നീട്, അവന് അപ്രതീക്ഷിത പീഡാനുഭവങ്ങൾ നേരിടേണ്ടി വന്നു: ശക്തിയായ കൊടുങ്കാറ്റും കപ്പൽച്ഛേദവും. ഇതെല്ലാം നേരിട്ടിട്ടും, സുവാർത്തയുടെ തീക്ഷ്ണതയുള്ള ഒരു പ്രസംഗകൻ ആയിരിക്കാനുള്ള ദൃഢ തീരുമാനത്തിൽ നിന്നു പൗലൊസ് വ്യതിചലിച്ചില്ല. സ്വന്തം അനുഭവത്തിൽനിന്ന് അവൻ ഇങ്ങനെ എഴുതി: “താഴ്ചയിൽ ഇരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും എനിക്കു അറിയാം; തൃപ്തനായിരിപ്പാനും വിശന്നിരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും ബുദ്ധിമുട്ടു അനുഭവിപ്പാനും എല്ലാം ഞാൻ ശീലിച്ചിരിക്കുന്നു. എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.”—ഫിലിപ്പിയർ 4:12, 13.
സത്യദൈവത്തിന്റെ തീക്ഷ്ണതയുള്ള ശുശ്രൂഷകർ ആയിരിക്കാനുള്ള നമ്മുടെ തീരുമാനത്തെ ജീവിത പ്രശ്‌നങ്ങൾ ഒരിക്കലും ദുർബലമാക്കരുത്. അപ്രതീക്ഷിതമായ ഒരു പീഡാനുഭവം നേരിടുമ്പോൾ, നാം നമ്മുടെ ഭാരം യഹോവയിൽ അർപ്പിക്കുന്നു. (സങ്കീർത്തനം 55:22) എന്നിട്ട്, നാം ആ പീഡാനുഭവം സഹിച്ചുനിൽക്കാൻ അവൻ എങ്ങനെ ഇടയാക്കുന്നുവെന്നു കാണാൻ ക്ഷമാപൂർവം കാത്തിരിക്കുന്നു. അതിനിടെ, അവൻ നമുക്കായി കരുതുന്നു എന്ന ഉറപ്പോടെ നാം അവനെ സവിശ്വസ്തം സേവിക്കുന്നതിൽ തുടരും. (1 കൊരിന്ത്യർ 10:13; 1 പത്രൊസ് 5:7) അചഞ്ചലരായി നിലകൊള്ളുകവഴി, എന്തു നേരിട്ടാലും പൗലൊസിനെ പോലെ പ്രതികൂല സാഹചര്യത്തെ മറികടക്കാൻ നമുക്കു കഴിയും.
[അടിക്കുറിപ്പുകൾ]
a നാലു മുഴം അല്ലെങ്കിൽ 1.8 മീറ്റർ ആണ് സാധാരണ ഗതിയിൽ ഒരു മാറ്.
b ചെറിയ തോണിക്കാണ് ഓടിവള്ളം എന്നു പറയുന്നത്. കപ്പൽ തീരത്തിനടുത്തു നങ്കൂരമിടുമ്പോൾ കരയിൽ എത്താൻ അത് ഉപയോഗിച്ചിരുന്നു. പ്രത്യക്ഷത്തിൽ, കപ്പൽ നിയന്ത്രണ വൈദഗ്ധ്യമില്ലാത്ത മറ്റുള്ളവരെ ഉപേക്ഷിച്ചിട്ട് സ്വന്തം ജീവൻ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു ആ നാവികർ.
c വിൽഫ്രഡ് ഫങ്കിന്റെ പദോത്പത്തികൾ (ഇംഗ്ലീഷ്) എന്ന പുസ്‌തകം ഇങ്ങനെ പറയുന്നു: “തങ്ങളുടേതല്ലാത്ത ഭാഷകളോട് അവജ്ഞ കാട്ടിയിരുന്ന ഗ്രീക്കുകാർക്ക്, മറ്റുള്ളവർ ആ ഭാഷകൾ സംസാരിക്കുമ്പോൾ ‘വാർ-വാർ’ എന്നു പറയുന്നതുപോലെ തോന്നിയിരുന്നു. അതിനാൽ അവ സംസാരിച്ചിരുന്ന ആരെയും അവർ വാർവാറൊസ് എന്നു വിളിച്ചിരുന്നു.”