വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“വായിക്കുന്നവൻ വിവേചന ഉപയോഗിക്കട്ടെ”

“വായിക്കുന്നവൻ വിവേചന ഉപയോഗിക്കട്ടെ”

“വായി​ക്കു​ന്നവൻ വിവേചന ഉപയോ​ഗി​ക്കട്ടെ”

“ശൂന്യ​മാ​ക്കുന്ന മ്ലേച്ഛത വിശു​ദ്ധ​സ്ഥ​ല​ത്തിൽ നില്‌ക്കു​ന്നതു നിങ്ങൾ കാണു​മ്പോൾ . . . യെഹൂ​ദ്യ​യി​ലു​ള്ളവർ മലകളി​ലേക്കു ഓടി​പ്പോ​കട്ടെ.”—മത്തായി 24:15, 16.

1. ലൂക്കൊസ്‌ 19:43, 44-ൽ കാണുന്ന യേശു​വി​ന്റെ മുന്നറി​യി​പ്പിന്‌ എന്തു ഫലമു​ണ്ടാ​യി​രു​ന്നു?

 അടുത്തു​വ​രുന്ന വിപത്തി​നെ കുറിച്ചു ജാഗരൂ​കർ ആയിരി​ക്കു​ന്നത്‌ അത്‌ ഒഴിവാ​ക്കാൻ നമ്മെ പ്രാപ്‌ത​രാ​ക്കും. (സദൃശ​വാ​ക്യ​ങ്ങൾ 22:3) പൊ.യു. 66-ലെ റോമാ​ക്കാ​രു​ടെ ആക്രമ​ണ​ശേഷം യെരൂ​ശ​ലേ​മി​ലെ ക്രിസ്‌ത്യാ​നി​ക​ളു​ടെ അവസ്ഥ ഒന്നു ചിന്തി​ച്ചു​നോ​ക്കുക. ആ നഗരത്തെ സൈന്യം വളയു​ക​യും നശിപ്പി​ക്കു​ക​യും ചെയ്യു​മെന്ന്‌ യേശു മുന്നറി​യി​പ്പു നൽകി​യി​രു​ന്നു. (ലൂക്കൊസ്‌ 19:43, 44) മിക്ക യഹൂദ​ന്മാ​രും യേശു പറഞ്ഞത്‌ അവഗണി​ച്ചെ​ങ്കി​ലും, അവന്റെ ശിഷ്യ​ന്മാർ ആ മുന്നറി​യി​പ്പി​നു ചെവി കൊടു​ത്തു. തത്‌ഫ​ല​മാ​യി, പൊ.യു. 70-ലെ വിപത്തിൽനിന്ന്‌ അവർ രക്ഷപ്പെട്ടു.

2, 3. മത്തായി 24:15-21-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന യേശു​വി​ന്റെ പ്രവച​ന​ത്തിൽ നാം തത്‌പരർ ആയിരി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

2 ഇന്നു ജീവി​ക്കുന്ന നമ്മെ ബാധി​ക്കുന്ന ഒരു പ്രവച​ന​ത്തിൽ യുദ്ധങ്ങൾ, ഭക്ഷ്യക്ഷാ​മങ്ങൾ, ഭൂകമ്പങ്ങൾ, മഹാവ്യാ​ധി​കൾ, ദൈവ​രാ​ജ്യ ഘോഷ​ക​രായ ക്രിസ്‌ത്യാ​നി​കൾക്ക്‌ അനുഭ​വി​ക്കേണ്ടി വരുന്ന പീഡനം തുടങ്ങിയ സംഗതി​കൾ ഉൾപ്പെട്ട ഒരു സംയുക്ത അടയാളം യേശു നൽകി. (മത്തായി 24:4-14; ലൂക്കൊസ്‌ 21:10-19) അന്ത്യം ആസന്നമാ​ണെന്ന്‌ അറിയാൻ തന്റെ ശിഷ്യ​ന്മാ​രെ സഹായി​ക്കുന്ന ഒരു സൂചന കൂടി യേശു നൽകു​ക​യു​ണ്ടാ​യി—‘ശൂന്യ​മാ​ക്കുന്ന മ്ലേച്ഛത വിശു​ദ്ധ​സ്ഥ​ലത്തു നില്‌ക്കും’ എന്നത്‌. (മത്തായി 24:15) അർഥവ​ത്തായ ആ വാക്കു​കൾക്കു നമ്മുടെ ജീവി​തത്തെ ഇപ്പോ​ഴും ഭാവി​യി​ലും എങ്ങനെ ബാധി​ക്കാൻ കഴിയു​മെന്ന്‌ അറിയാൻ അവ നമുക്ക്‌ ഒന്നുകൂ​ടി പരി​ശോ​ധി​ക്കാം.

3 അടയാളം വിവരി​ച്ച​ശേഷം, യേശു ഇങ്ങനെ പറഞ്ഞു: “ദാനീ​യേൽപ്ര​വാ​ചകൻ മുഖാ​ന്തരം അരുളി​ച്ചെ​യ്‌ത​തു​പോ​ലെ ശൂന്യ​മാ​ക്കുന്ന മ്ലേച്ഛത വിശു​ദ്ധ​സ്ഥ​ല​ത്തിൽ നില്‌ക്കു​ന്നതു നിങ്ങൾ കാണു​മ്പോൾ—വായി​ക്കു​ന്നവൻ ചിന്തി​ച്ചു​കൊ​ള്ളട്ടെ [“വിവേചന ഉപയോ​ഗി​ക്കട്ടെ,” NW]—അന്നു യെഹൂ​ദ്യ​യി​ലു​ള്ളവർ മലകളി​ലേക്കു ഓടി​പ്പോ​കട്ടെ. വീട്ടിൻമേൽ ഇരിക്കു​ന്നവൻ വീട്ടി​ലു​ള്ളതു എടു​ക്കേ​ണ്ട​തി​ന്നു ഇറങ്ങരു​തു; വയലി​ലു​ള്ളവൻ വസ്‌ത്രം എടുപ്പാൻ മടങ്ങി​പ്പോ​ക​രു​തു. ആ കാലത്തു ഗർഭി​ണി​കൾക്കും മുലകു​ടി​പ്പി​ക്കു​ന്ന​വർക്കും അയ്യോ കഷ്ടം! എന്നാൽ നിങ്ങളു​ടെ ഓടി​പ്പോ​ക്കു ശീതകാ​ല​ത്തോ ശബ്ബത്തി​ലോ സംഭവി​ക്കാ​തി​രി​പ്പാൻ പ്രാർത്ഥി​പ്പിൻ. ലോകാ​രം​ഭം​മു​തൽ ഇന്നുവ​രെ​യും സംഭവി​ച്ചി​ട്ടി​ല്ലാ​ത്ത​തും ഇനിമേൽ സംഭവി​ക്കാ​ത്ത​തും ആയ വലിയ കഷ്ടം അന്നു ഉണ്ടാകും.”—മത്തായി 24:15-21.

4. മത്തായി 24:15-ന്‌ ഒന്നാം നൂറ്റാ​ണ്ടിൽ ഒരു നിവൃത്തി ഉണ്ടാ​യെന്ന്‌ എന്തു സൂചി​പ്പി​ക്കു​ന്നു?

4 മർക്കൊ​സി​ന്റെ​യും ലൂക്കൊ​സി​ന്റെ​യും വിവര​ണങ്ങൾ കൂടു​ത​ലായ വിശദാം​ശങ്ങൾ നൽകുന്നു. ‘വിശു​ദ്ധ​സ്ഥ​ലത്തു നില്‌ക്കു​ന്നത്‌’ എന്നു മത്തായി പറയു​മ്പോൾ, ‘നില്‌ക്ക​രു​താത്ത സ്ഥലത്തു നില്‌ക്കു​ന്നത്‌’ എന്നാണ്‌ മർക്കൊസ്‌ 13:14 പറയു​ന്നത്‌. ലൂക്കൊസ്‌ 21:20-ൽ യേശു​വി​ന്റെ കൂടു​ത​ലായ ഈ വാക്കു​ക​ളും കാണാം: “സൈന്യ​ങ്ങൾ യെരൂ​ശ​ലേ​മി​നെ വളഞ്ഞി​രി​ക്കു​ന്നതു കാണു​മ്പോൾ അതിന്റെ ശൂന്യ​കാ​ലം അടുത്തി​രി​ക്കു​ന്നു എന്നു അറിഞ്ഞു​കൊൾവിൻ.” യെരൂ​ശ​ലേ​മി​ന്റെ മേലും അതിലെ ആലയത്തി​ന്റെ മേലും, പൊ.യു. 66-ൽ തുടങ്ങിയ, റോമൻ ആക്രമണം ഉൾപ്പെ​ടുന്ന ആദ്യ നിവൃത്തി തിരി​ച്ച​റി​യാൻ ഇതു നമ്മെ സഹായി​ക്കു​ന്നു—പ്രസ്‌തുത ആലയം യഹൂദർക്ക്‌ ഒരു വിശുദ്ധ സ്ഥലം ആയിരു​ന്നെ​ങ്കി​ലും, യഹോവ അതിനെ മേലാൽ അങ്ങനെ വീക്ഷി​ച്ചില്ല. പൊ.യു. 70-ൽ റോമാ​ക്കാർ ആ നഗര​ത്തെ​യും ആലയ​ത്തെ​യും നശിപ്പി​ച്ച​പ്പോൾ പൂർണ​മായ ശൂന്യ​മാ​ക്കൽ നടന്നു. അന്നത്തെ “മ്ലേച്ഛത” എന്തായി​രു​ന്നു? അതു ‘വിശുദ്ധ സ്ഥലത്ത്‌ നിന്നത്‌’ എങ്ങനെ​യാണ്‌? ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം അതിന്റെ ആധുനിക നിവൃത്തി വ്യക്തമാ​യി മനസ്സി​ലാ​ക്കാൻ സഹായി​ക്കും.

5, 6. (എ) ദാനീ​യേൽ 9-ാം അധ്യാ​യ​ത്തി​ന്റെ വായന​ക്കാർക്കു വിവേചന ആവശ്യ​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) “മ്ലേച്ഛത”യെ കുറി​ച്ചുള്ള യേശു​വി​ന്റെ പ്രവചനം എങ്ങനെ നിവൃ​ത്തി​യേറി?

5 വിവേചന ഉപയോ​ഗി​ക്കാൻ യേശു വായന​ക്കാ​രെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. എന്തു വായി​ക്കു​ന്ന​വരെ? സാധ്യ​ത​യ​നു​സ​രിച്ച്‌, ദാനീ​യേൽ 9-ാം അധ്യായം വായി​ക്കു​ന്ന​വരെ. മിശിഹാ എപ്പോൾ വരു​മെന്നു സൂചി​പ്പി​ക്കു​ക​യും മൂന്നര വർഷത്തി​നു ശേഷം അവൻ “ഛേദി​ക്ക​പ്പെ​ടും” എന്നു മുൻകൂ​ട്ടി പറയു​ക​യും ചെയ്യുന്ന ഒരു പ്രവച​ന​മാണ്‌ ആ അധ്യാ​യ​ത്തി​ലു​ള്ളത്‌. പ്രവചനം ഇങ്ങനെ പറയുന്നു: “മ്ലേച്ഛത​ക​ളു​ടെ ചിറകി​ന്മേൽ ശൂന്യ​മാ​ക്കു​ന്നവൻ വരും; നിർണ്ണ​യി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന സമാപ്‌തി​യോ​ളം ശൂന്യ​മാ​ക്കു​ന്ന​വന്റെ മേൽ കോപം ചൊരി​യും.” (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നത്‌ ഞങ്ങൾ.)—ദാനീ​യേൽ 9:26, 27; കൂടാതെ ദാനീ​യേൽ 11:31; 12:11-ഉം കാണുക.

6 അന്തി​യോ​ക്കസ്‌ നാലാമൻ ഏകദേശം 200 വർഷത്തി​നു മുമ്പ്‌ ആലയം അശുദ്ധ​മാ​ക്കി​യ​തി​നെ ആണ്‌ ഇതു പരാമർശി​ക്കു​ന്ന​തെന്നു യഹൂദ​ന്മാർ കരുതി​യി​രി​ക്കാം. എന്നാൽ, വിവേചന ഉപയോ​ഗി​ക്കാൻ പ്രോ​ത്സാ​ഹി​പ്പി​ച്ചു​കൊണ്ട്‌ സംഗതി അതല്ല എന്ന്‌ യേശു പ്രകട​മാ​ക്കി. കാരണം, ആ “മ്ലേച്ഛത” പ്രത്യ​ക്ഷ​പ്പെട്ട്‌ ‘വിശുദ്ധ സ്ഥലത്തു’ നിൽക്കുന്ന സമയം വരാനി​രി​ക്കു​ന്നതേ ഉണ്ടായി​രു​ന്നു​ള്ളൂ. വ്യക്തമാ​യും, പ്രത്യേ​ക​തരം പതാക​ക​ളു​മേന്തി പൊ.യു. 66-ൽ വരാനി​രുന്ന റോമൻ സൈന്യ​ത്തെ പരാമർശി​ക്കു​ക​യാ​യി​രു​ന്നു യേശു. ദീർഘ​കാ​ല​മാ​യി ഉപയോ​ഗ​ത്തി​ലി​രുന്ന വിഗ്ര​ഹ​തു​ല്യ​മായ അത്തരം പതാകകൾ യഹൂദ​ന്മാർക്കു മ്ലേച്ഛമാ​യി​രു​ന്നു. a എന്നാൽ അവ ‘വിശുദ്ധ സ്ഥലത്തു നിൽക്കു’മായി​രു​ന്നത്‌ എപ്പോ​ഴാണ്‌? യഹൂദ​ന്മാർ വിശു​ദ്ധ​മെന്നു കരുതി​യി​രുന്ന യെരൂ​ശ​ലേ​മി​നെ​യും അതിലെ ആലയ​ത്തെ​യും പതാക​ക​ളേ​ന്തിയ റോമൻ സൈന്യ​ങ്ങൾ ആക്രമി​ച്ച​പ്പോ​ഴാണ്‌ അതു സംഭവി​ച്ചത്‌. റോമാ​ക്കാർ ആലയ​പ്ര​ദേ​ശത്തെ മതിലി​നു തുരങ്കം വെക്കാൻ പോലും തുടങ്ങി. സത്യമാ​യും, ദീർഘ​കാ​ലം വെറുപ്പ്‌ ഉളവാ​ക്കി​യി​രുന്ന സംഗതി ഇപ്പോൾ വിശുദ്ധ സ്ഥലത്തു നിൽക്കു​ക​യാ​യി!—യെശയ്യാ​വു 52:1; മത്തായി 4:5; 27:53; പ്രവൃ​ത്തി​കൾ 6:13.

ആധുനി​ക​കാല “മ്ലേച്ഛത”

7. യേശു​വി​ന്റെ ഏതു പ്രവച​ന​മാ​ണു നമ്മുടെ നാളിൽ നിവൃ​ത്തി​യേ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നത്‌?

7 മത്തായി 24-ാം അധ്യാ​യ​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന, യേശു നൽകിയ അടയാ​ള​ത്തി​ന്റെ വലിയ നിവൃത്തി ഒന്നാം ലോക​മ​ഹാ​യു​ദ്ധം മുതൽ നാം കണ്ടിരി​ക്കു​ന്നു. എന്നാൽ, അവന്റെ വാക്കുകൾ ഓർമി​ക്കുക: “ശൂന്യ​മാ​ക്കുന്ന മ്ലേച്ഛത വിശു​ദ്ധ​സ്ഥ​ല​ത്തിൽ നില്‌ക്കു​ന്നതു നിങ്ങൾ കാണു​മ്പോൾ . . . യെഹൂ​ദ്യ​യി​ലു​ള്ളവർ മലകളി​ലേക്കു ഓടി​പ്പോ​കട്ടെ.” (മത്തായി 24:15, 16) പ്രവച​ന​ത്തി​ന്റെ ഈ വശത്തിനു നമ്മുടെ നാളി​ലും ഒരു നിവൃത്തി ഉണ്ടായി​രി​ക്കണം.

8. വർഷങ്ങ​ളാ​യി, ആധുനി​ക​കാല “മ്ലേച്ഛത”യെ യഹോ​വ​യു​ടെ സാക്ഷികൾ എങ്ങനെ തിരി​ച്ച​റി​യി​ച്ചി​രി​ക്കു​ന്നു?

8 ഈ പ്രവചനം നിവൃ​ത്തി​യേ​റു​മെന്ന യഹോ​വ​യു​ടെ ദാസന്മാ​രു​ടെ വിശ്വാ​സത്തെ എടുത്തു കാണി​ച്ചു​കൊണ്ട്‌, 1921 ജനുവരി 1 ലക്കം വീക്ഷാ​ഗോ​പു​രം (ഇംഗ്ലീഷ്‌) മധ്യപൂർവ ദേശത്തെ സംഭവ​വി​കാ​സ​ങ്ങ​ളോ​ടു ബന്ധപ്പെ​ടു​ത്തി പ്രസ്‌തുത പ്രവച​ന​ത്തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചി​രു​ന്നു. പിന്നീട്‌, വീക്ഷാ​ഗോ​പു​രം (ഇംഗ്ലീഷ്‌) 1929 ഡിസംബർ 15 ലക്കത്തിന്റെ 374-ാമത്തെ പേജിൽ ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “ദൈവ​ത്തിൽനി​ന്നും ക്രിസ്‌തു​വിൽനി​ന്നും ആളുകളെ അകറ്റാൻ സർവരാ​ജ്യ​സ​ഖ്യം വലിയ പ്രവണത കാണി​ക്കു​ന്നു. അതിനാൽ സാത്താന്റെ ഒരു ഉത്‌പ​ന്ന​മായ അത്‌ ശൂന്യ​മാ​ക്കുന്ന സംഗതി​യാണ്‌. ദൈവ​ദൃ​ഷ്ടി​യിൽ ഒരു മ്ലേച്ഛത​യു​മാണ്‌.” 1919-ൽ പ്രത്യ​ക്ഷ​പ്പെട്ട സർവരാ​ജ്യ​സ​ഖ്യം എന്ന ആ “മ്ലേച്ഛത,” പിന്നീട്‌ ഐക്യ​രാ​ഷ്‌ട്ര​ങ്ങൾക്കു വഴിമാ​റി. സമാധാ​ന​ത്തി​നു വേണ്ടി സ്ഥാപി​ക്ക​പ്പെട്ട ഈ മനുഷ്യ സംഘട​നകൾ ദൈവ​ദൃ​ഷ്ടി​യിൽ മ്ലേച്ഛമാ​യി​രി​ക്കു​ന്ന​താ​യി ദീർഘ​കാ​ലം മുമ്പേ യഹോ​വ​യു​ടെ സാക്ഷികൾ വ്യക്തമാ​ക്കി​യി​ട്ടുണ്ട്‌.

9, 10. മഹോ​പ​ദ്രവം സംബന്ധിച്ച മുൻകാല ഗ്രാഹ്യം, “മ്ലേച്ഛത” വിശുദ്ധ സ്ഥലത്തു നിൽക്കുന്ന സമയം സംബന്ധിച്ച നമ്മുടെ വീക്ഷണത്തെ സ്വാധീ​നി​ച്ചത്‌ എങ്ങനെ?

9 മുൻ ലേഖനം മത്തായി 24-ഉം 25-ഉം അധ്യാ​യ​ങ്ങ​ളു​ടെ അധിക ഭാഗത്തി​ന്റെ​യും വിശദീ​ക​രണം സംക്ഷിപ്‌ത രൂപത്തിൽ നൽകി. ‘വിശുദ്ധ സ്ഥലത്തു നിൽക്കുന്ന മ്ലേച്ഛത’യുടെ കാര്യ​ത്തി​ലും അൽപ്പം വിശദീ​ക​രണം ഉചിത​മാ​ണോ? തീർച്ച​യാ​യും. ‘വിശുദ്ധ സ്ഥലത്തു നിൽക്കു​ന്നു’ എന്ന സംഗതി​യെ മുൻകൂ​ട്ടി പറയപ്പെട്ട “ഉപദ്രവ”ത്തിന്റെ തുടക്ക​വു​മാ​യി യേശു​വി​ന്റെ പ്രവചനം ബന്ധിപ്പി​ക്കു​ന്നു. തന്മൂലം “മ്ലേച്ഛത” ദീർഘ​കാ​ല​മാ​യി ഉണ്ടായി​രു​ന്നെ​ങ്കി​ലും, അതു ‘വിശുദ്ധ സ്ഥലത്തു നിൽക്കു​ന്നു’ എന്ന സംഗതി​യും മഹോ​പ​ദ്ര​വ​വും തമ്മിലുള്ള ബന്ധം നമ്മുടെ ചിന്തയെ ബാധി​ക്കേ​ണ്ട​തുണ്ട്‌. എങ്ങനെ?

10 മഹോ​പ​ദ്ര​വ​ത്തി​ന്റെ ആദ്യ ഘട്ടം 1914-ൽ തുടങ്ങി​യെ​ന്നും അതിന്റെ അന്ത്യ ഘട്ടം അർമ​ഗെ​ദോൻ യുദ്ധത്തിൽ ആയിരി​ക്കു​മെ​ന്നും ആണ്‌ ദൈവ​ജനം ഒരിക്കൽ മനസ്സി​ലാ​ക്കി​യി​രു​ന്നത്‌. (വെളി​പ്പാ​ടു 16:14, 16; 1939 ഏപ്രിൽ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ [ഇംഗ്ലീഷ്‌] 110-ാം പേജ്‌ താരത​മ്യം ചെയ്യുക.) അക്കാര​ണ​ത്താൽ, ആധുനി​ക​കാല “മ്ലേച്ഛത” ഒന്നാം ലോക മഹായു​ദ്ധ​ത്തി​നു ശേഷം ഉടനെ​തന്നെ വിശുദ്ധ സ്ഥലത്തു നിന്നി​രി​ക്കണം എന്ന്‌ ഒരിക്കൽ കരുതി​യി​രു​ന്നത്‌ എന്തു​കൊ​ണ്ടെന്നു നമുക്കു മനസ്സി​ലാ​ക്കാൻ കഴിയും.

11, 12. മഹോ​പ​ദ്രവം സംബന്ധിച്ച്‌ പൊരു​ത്ത​പ്പെ​ടു​ത്തൽ വരുത്തിയ ഏതു വീക്ഷണ​മാണ്‌ 1969-ൽ നൽക​പ്പെ​ട്ടത്‌?

11 എന്നാൽ, പിൽക്കാല വർഷങ്ങ​ളിൽ നാം കാര്യ​ങ്ങളെ വ്യത്യ​സ്‌ത​മാ​യി കാണു​ക​യു​ണ്ടാ​യി. 1969 ജൂലൈ 10-ാം തീയതി ന്യൂ​യോർക്ക്‌ നഗരത്തിൽ നടന്ന “ഭൂമി​യിൽ സമാധാ​നം” അന്താരാ​ഷ്‌ട്ര സമ്മേള​ന​ത്തിൽ വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈ​റ്റി​യു​ടെ അന്നത്തെ വൈസ്‌ പ്രസി​ഡന്റ്‌ ആയിരുന്ന എഫ്‌. ഡബ്ലിയു. ഫ്രാൻസ്‌ ആവേ​ശോ​ജ്ജ്വ​ല​മായ ഒരു പ്രസംഗം നടത്തി. യേശു​വി​ന്റെ പ്രവചനം സംബന്ധിച്ച മുൻകാല ഗ്രാഹ്യ​ത്തെ അവലോ​കനം ചെയ്‌തു​കൊണ്ട്‌ ഫ്രാൻസ്‌ സഹോ​ദരൻ ഇങ്ങനെ പറഞ്ഞു: “പൊ.യു. 1914-ൽ ‘മഹോ​പ​ദ്രവം’ ആരംഭി​ച്ചെ​ങ്കി​ലും, അതു പൂർത്തി​യാ​കാൻ അനുവ​ദി​ക്കാ​തെ ദൈവം 1918 നവംബ​റിൽ ഒന്നാം ലോക​മ​ഹാ​യു​ദ്ധം അവസാ​നി​പ്പി​ച്ചു​വെ​ന്നും അന്നു മുതൽ തന്റെ തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ക്രിസ്‌ത്യാ​നി​ക​ളു​ടെ അഭിഷിക്ത ശേഷി​പ്പി​ന്റെ പ്രവർത്ത​ന​ത്തിന്‌ അവൻ ഒരു ഇടവേള അനുവ​ദി​ക്കു​ക​യാ​യി​രു​ന്നു എന്നും അതിനു​ശേഷം, അർമ​ഗെ​ദോൻ യുദ്ധത്തിൽ ‘മഹോ​പ​ദ്രവ’ത്തിന്റെ അന്ത്യ ഘട്ടം അരങ്ങേ​റാൻ അവൻ അനുവ​ദി​ക്കു​മെ​ന്നും ആയിരു​ന്നു മുമ്പു നൽകി​യി​രുന്ന വിശദീ​ക​രണം.”

12 കാര്യ​മായ പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ വരുത്തിയ ഒരു വിശദീ​ക​ര​ണ​വും അന്നു നൽക​പ്പെട്ടു: “കാര്യ​ങ്ങളെ ഒന്നാം നൂറ്റാ​ണ്ടി​ലെ സംഭവ​ങ്ങ​ളു​മാ​യി ഒത്തു​നോ​ക്കുക ആണെങ്കിൽ, . . . പ്രതി​മാ​തൃ​കാ ‘മഹോ​പ​ദ്രവം’ പൊ.യു. 1914-ൽ ആരംഭി​ച്ചില്ല. മറിച്ച്‌, 1914-1918 കാലഘ​ട്ട​ത്തിൽ യെരൂ​ശ​ലേ​മി​ന്റെ ആധുനിക പ്രതി​മാ​തൃ​ക​യു​ടെ മേൽ സംഭവി​ച്ചത്‌ ‘ഈറ്റു​നോ​വി​ന്റെ ആരംഭം’ മാത്ര​മാ​യി​രു​ന്നു . . . വീണ്ടു​മൊ​രി​ക്ക​ലും സംഭവി​ക്കാത്ത തരത്തി​ലുള്ള ‘മഹോ​പ​ദ്രവം’ ഉണ്ടാകാ​നി​രി​ക്കു​ന്നതേ ഉള്ളൂ. അതിന്റെ അർഥം, വ്യാജമത ലോക​സാ​മ്രാ​ജ്യം (ക്രൈ​സ്‌ത​വ​ലോ​കം ഉൾപ്പെടെ) നശിപ്പി​ക്ക​പ്പെ​ടു​മെ​ന്നും തുടർന്ന്‌ അർമ​ഗെ​ദോ​നിൽ ‘സർവശ​ക്തി​യുള്ള ദൈവ​ത്തി​ന്റെ മഹാദി​വ​സ​ത്തി​ലെ യുദ്ധം’ നടക്കു​മെ​ന്നു​മാണ്‌.” മഹോ​പ​ദ്ര​വ​ത്തി​ന്റെ മുഴു ഭാഗവും സംഭവി​ക്കാ​നി​രി​ക്കു​ന്നതേ ഉള്ളൂ എന്ന്‌ അത്‌ അർഥമാ​ക്കി.

13. ഭാവി​യിൽ “മ്ലേച്ഛത” ‘വിശുദ്ധ സ്ഥലത്തു’ നിൽക്കു​മെന്നു പറയു​ന്നതു ന്യായ​യു​ക്തം ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

13 വിശുദ്ധ സ്ഥലത്ത്‌ “മ്ലേച്ഛത” എപ്പോ​ഴാ​ണു നിൽക്കു​ന്നത്‌ എന്നു വിവേ​ചി​ച്ച​റി​യു​ന്ന​തി​നെ അതു നേരിട്ടു സ്വാധീ​നി​ക്കു​ന്നു. ഒന്നാം നൂറ്റാ​ണ്ടിൽ സംഭവി​ച്ചത്‌ എന്തെന്ന്‌ ഓർമി​ക്കുക. പൊ.യു. 66-ൽ റോമാ​ക്കാർ യെരൂ​ശ​ലേ​മി​നെ ആക്രമി​ച്ചെ​ങ്കി​ലും അവർ പെട്ടെ​ന്നു​തന്നെ പിന്മാറി, അങ്ങനെ ക്രിസ്‌തീയ “ജഡം” രക്ഷിക്ക​പ്പെ​ടു​ന്ന​തിന്‌ അവസരം ലഭിച്ചു. (മത്തായി 24:22) അതനു​സ​രിച്ച്‌, മഹോ​പ​ദ്രവം പെട്ടെ​ന്നു​തന്നെ തുടങ്ങു​മെന്നു നാം പ്രതീ​ക്ഷി​ക്കു​ന്നു. എന്നാൽ ദൈവ​ത്തി​ന്റെ തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടവർ നിമിത്തം അതു ചുരു​ക്ക​പ്പെ​ടും. ഈ മുഖ്യ സംഗതി ശ്രദ്ധി​ക്കുക: പുരാ​ത​ന​കാ​ലത്ത്‌, ‘വിശുദ്ധ സ്ഥലത്തു നിൽക്കുന്ന മ്ലേച്ഛത’ പൊ.യു. 66-ൽ ജനറൽ ഗാലസി​ന്റെ നേതൃ​ത്വ​ത്തിൽ നടത്തപ്പെട്ട റോമൻ ആക്രമ​ണ​ത്തോ​ടു ബന്ധപ്പെ​ട്ടി​രു​ന്നു. ആ ആക്രമ​ണ​ത്തി​നു സമാന​മായ ആധുനിക ആക്രമണം—മഹോ​പ​ദ്ര​വ​ത്തി​ന്റെ തുടക്കം—ഇനിയും സംഭവി​ക്കാ​നി​രി​ക്കു​ന്നതേ ഉള്ളൂ. 1919 മുതൽ അസ്‌തി​ത്വ​ത്തി​ലുള്ള “ശൂന്യ​മാ​ക്കുന്ന മ്ലേച്ഛത” തെളി​വ​നു​സ​രിച്ച്‌ വിശുദ്ധ സ്ഥലത്തു നിൽക്കാ​നി​രി​ക്കു​ന്നതേ ഉള്ളൂ. b അത്‌ എങ്ങനെ ആയിരി​ക്കും? അതു നമ്മെ എങ്ങനെ ബാധി​ച്ചേ​ക്കാം?

ഭാവി ആക്രമണം

14, 15. അർമ​ഗെ​ദോ​നി​ലേക്കു നയിക്കുന്ന സംഭവങ്ങൾ മനസ്സി​ലാ​ക്കാൻ വെളി​പ്പാ​ടു 17-ാം അധ്യായം നമ്മെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

14 വ്യാജ​മ​ത​ത്തി​ന്മേ​ലുള്ള നാശോ​ന്മു​ഖ​മായ ഭാവി ആക്രമ​ണത്തെ കുറിച്ച്‌ വെളി​പ്പാ​ടു പുസ്‌തകം വിവരി​ക്കു​ന്നുണ്ട്‌. ‘വേശ്യ​മാ​രു​ടെ മാതാവ്‌’ ആയ ‘മഹാ ബാബി​ലോന്‌’—വ്യാജമത ലോക​സാ​മ്രാ​ജ്യ​ത്തിന്‌—എതി​രെ​യുള്ള ദൈവ​ത്തി​ന്റെ ന്യായ​വി​ധി​യെ കുറിച്ച്‌ അതിന്റെ 17-ാം അധ്യായം വിവരി​ക്കു​ന്നു. ഈ വ്യാജമത ലോക​സാ​മ്രാ​ജ്യ​ത്തിൽ ഒരു മുഖ്യ പങ്കു വഹിക്കുന്ന ക്രൈ​സ്‌ത​വ​ലോ​കം ദൈവ​വു​മാ​യി ഒരു ഉടമ്പടി ബന്ധത്തിൽ ആണെന്ന്‌ അവകാ​ശ​പ്പെ​ടു​ന്നു. (യിരെ​മ്യാ​വു 7:4 താരത​മ്യം ചെയ്യുക.) ക്രൈ​സ്‌ത​വ​ലോ​കം ഉൾപ്പെ​ടെ​യുള്ള വ്യാജ​മ​തങ്ങൾ ദീർഘ​കാ​ല​മാ​യി ‘ഭൂമി​യി​ലെ രാജാ​ക്ക​ന്മാ​രു​മാ​യി’ അവിശുദ്ധ ബന്ധം പുലർത്തി​യി​രി​ക്കു​ന്നു. എന്നാൽ ഇത്‌ ആ മതങ്ങൾ ശൂന്യ​മാ​ക്ക​പ്പെ​ടു​മ്പോൾ ഇല്ലാതാ​കും. (വെളി​പ്പാ​ടു 17:2, 5) ആരായി​രി​ക്കും അവയെ ശൂന്യ​മാ​ക്കുക?

15 കുറെ കാല​ത്തേക്കു നിലനിൽക്കു​ക​യും പിന്നെ അപ്രത്യ​ക്ഷ​മാ​കു​ക​യും വീണ്ടും മടങ്ങി​വ​രു​ക​യും ചെയ്യുന്ന ഒരു ‘കടുഞ്ചു​വപ്പു മൃഗ’ത്തെ വെളി​പ്പാ​ടു ചിത്രീ​ക​രി​ക്കു​ന്നു. (വെളി​പ്പാ​ടു 17:3, 8) ആ മൃഗത്തി​നു പിന്തുണ നൽകു​ന്നത്‌ ലോക ഭരണാ​ധി​കാ​രി​കൾ ആണ്‌. ആ പ്രതീ​കാ​ത്മക മൃഗം, സർവരാ​ജ്യ​സ​ഖ്യം (“മ്ലേച്ഛത”) എന്ന നിലയിൽ 1919-ൽ നിലവിൽ വരിക​യും ഐക്യ​രാ​ഷ്‌ട്രങ്ങൾ എന്ന പേരിൽ ഇപ്പോൾ നിലവി​ലി​രി​ക്കു​ക​യും ചെയ്യുന്ന ഒരു സമാധാന സംഘടന ആണെന്നു തിരി​ച്ച​റി​യാൻ പ്രവച​ന​ത്തിൽ നൽകി​യി​രി​ക്കുന്ന വിശദാം​ശങ്ങൾ നമ്മെ സഹായി​ക്കു​ന്നു. വ്യാജമത ലോക​സാ​മ്രാ​ജ്യ​ത്തെ ശൂന്യ​മാ​ക്കാൻ ഈ ‘മൃഗ’ത്തിലെ പ്രധാ​നി​ക​ളായ ചില മനുഷ്യ ഭരണാ​ധി​പ​ന്മാ​രു​ടെ ഹൃദയ​ത്തിൽ ദൈവം തോന്നി​പ്പി​ക്കു​മെന്നു വെളി​പ്പാ​ടു 17:16, 17 പ്രകട​മാ​ക്കു​ന്നു. പ്രസ്‌തുത ആക്രമ​ണ​ത്തോ​ടെ മഹോ​പ​ദ്ര​വ​ത്തി​നു തുടക്കം കുറി​ക്ക​പ്പെ​ടും.

16. മതം ഉൾപ്പെ​ടുന്ന ശ്രദ്ധേ​യ​മായ എന്തു സംഭവ​വി​കാ​സങ്ങൾ ഇപ്പോൾ നടന്നു​കൊ​ണ്ടി​രി​ക്കു​ന്നു?

16 മഹോ​പ​ദ്രവം തുടങ്ങു​ന്നതു ഭാവി​യിൽ ആയതി​നാൽ, ‘വിശുദ്ധ സ്ഥലത്തു നിൽക്കു​ന്നു’ എന്ന സംഗതി​യും ഇനി നടക്കാ​നി​രി​ക്കു​ന്നതേ ഉള്ളോ? തെളി​വ​നു​സ​രിച്ച്‌, അതു നടക്കാ​നി​രി​ക്കു​ന്നതേ ഉള്ളൂ. ഈ നൂറ്റാ​ണ്ടി​ന്റെ ആരംഭ​ത്തിൽ രംഗ​പ്ര​വേശം ചെയ്‌ത “മ്ലേച്ഛത” ഇപ്പോൾ പതിറ്റാ​ണ്ടു​ക​ളാ​യി നിലനിൽക്കു​ന്നെ​ങ്കി​ലും, സമീപ ഭാവി​യിൽ അതു ‘വിശുദ്ധ സ്ഥലത്ത്‌’ അസാധാ​ര​ണ​മായ വിധത്തിൽ നിലയു​റ​പ്പി​ക്കും. ‘വിശുദ്ധ സ്ഥലത്തുള്ള നിൽപ്പ്‌’ എങ്ങനെ സംഭവി​ക്കും എന്നറി​യാൻ ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌തു​വി​ന്റെ അനുഗാ​മി​കൾ സൂക്ഷ്‌മ​മായ നിരീ​ക്ഷണം നടത്തി​യി​രി​ക്കണം. അതു​പോ​ലെ വേണം ഇന്നത്തെ ക്രിസ്‌ത്യാ​നി​ക​ളും. മറ്റെല്ലാ വിശദാം​ശ​ങ്ങ​ളും അറിയാൻ യഥാർഥ നിവൃ​ത്തി​ക്കാ​യി നാം കാത്തി​രി​ക്കേണ്ടി വരും. എങ്കിലും, ചില ദേശങ്ങ​ളിൽ മതത്തോ​ടുള്ള എതിർപ്പ്‌ ഇപ്പോൾത്തന്നെ കാണാൻ കഴിയും, അതു വളർന്നു​കൊ​ണ്ടു​മി​രി​ക്കു​ന്നു. ചില രാഷ്‌ട്രീയ ഘടകങ്ങൾ വിശ്വാ​സ​ത്തിൽനി​ന്നു തെറ്റി​പ്പോയ മുൻ ക്രിസ്‌ത്യാ​നി​ക​ളു​മാ​യി ചേർന്നു മതത്തി​നെ​തി​രെ മൊത്ത​ത്തി​ലും, സത്യ ക്രിസ്‌ത്യാ​നി​കൾക്ക്‌ എതിരെ പ്രത്യേ​കി​ച്ചും, വിദ്വേ​ഷം ഇളക്കി​വി​ടു​ന്നു. (സങ്കീർത്തനം 94:20, 21; 1 തിമൊ​ഥെ​യൊസ്‌ 6:20, 21) തത്‌ഫ​ല​മാ​യി, ചില രാഷ്‌ട്രീയ ശക്തികൾ ഇപ്പോൾ പോലും “കുഞ്ഞാ​ടി​നോ​ടു പോരാ​ടു”ന്നു. വെളി​പ്പാ​ടു 17:14 സൂചി​പ്പി​ക്കു​ന്നതു പോലെ, ആ പോരാ​ട്ടം ശക്തി പ്രാപി​ക്കും. ദൈവ​ത്തി​ന്റെ കുഞ്ഞാ​ടായ യേശു​ക്രി​സ്‌തു ഉയർത്ത​പ്പെട്ട, മഹത്ത്വീ​ക​രി​ക്ക​പ്പെട്ട ഒരു സ്ഥാനത്ത്‌ ആയിരി​ക്കു​ന്ന​തി​നാൽ അവന്റെ​മേൽ അക്ഷരീ​യ​മാ​യി കൈ വെക്കാൻ കഴിയാ​ത്ത​തു​കൊണ്ട്‌ അവർ ദൈവ​ത്തി​ന്റെ സത്യാ​രാ​ധ​ക​രോട്‌, പ്രത്യേ​കി​ച്ചും അവന്റെ ‘വിശു​ദ്ധ​ന്മാ​രോട്‌,’ എതിർപ്പു പ്രകട​മാ​ക്കും. (ദാനീ​യേൽ 7:25; റോമർ 8:27-ഉം കൊ​ലൊ​സ്സ്യർ 1:2-ഉം വെളി​പ്പാ​ടു 12:17-ഉം താരത​മ്യം ചെയ്യുക.) കുഞ്ഞാ​ടും അവനോ​ടു കുടെ​യു​ള്ള​വ​രും വിജയം വരിക്കും എന്നതിനു നമുക്കു ദിവ്യ​മായ ഉറപ്പുണ്ട്‌.—വെളി​പ്പാ​ടു 19:11-21.

17. ഉറപ്പിച്ചു പറയാ​നാ​വി​ല്ലെ​ങ്കി​ലും, വിശുദ്ധ സ്ഥലത്തു “മ്ലേച്ഛത” നിൽക്കുന്ന വിധം സംബന്ധിച്ച്‌ നമുക്ക്‌ എന്തു പറയാ​വു​ന്ന​താണ്‌?

17 വ്യാജ മതത്തിനു ശൂന്യ​മാ​ക്കൽ സംഭവി​ക്കാ​നി​രി​ക്കു​ന്നു എന്നു നമുക്ക്‌ അറിയാം. ‘വിശു​ദ്ധ​ന്മാ​രു​ടെ രക്തം’ കുടിച്ച്‌ ‘മത്തയാ​യി​രി​ക്കുന്ന’ മഹാ ബാബി​ലോൻ രാജ്ഞി​യാ​യി നടിക്കു​ന്നെ​ങ്കി​ലും, അവളുടെ നാശം സുനി​ശ്ചി​ത​മാണ്‌. അവൾ ഭൂമി​യി​ലെ രാജാ​ക്ക​ന്മാ​രു​ടെ​മേൽ പ്രയോ​ഗി​ച്ചി​ട്ടുള്ള അശുദ്ധ സ്വാധീ​ന​ത്തി​നു നാടകീ​യ​മായ മാറ്റം വരും, അപ്പോൾ അവർ തമ്മിലുള്ള ബന്ധം ഉലഞ്ഞ്‌ ‘പത്തു കൊമ്പും മൃഗവും’ ഉഗ്രമായ ദ്വേഷം അവളോ​ടു കാണി​ക്കും. (വെളി​പ്പാ​ടു 17:6, 16; 18:7, 8) ‘കടുഞ്ചു​വ​പ്പുള്ള മൃഗം’ മതവേ​ശ്യ​യെ ആക്രമി​ക്കുന്ന സമയത്ത്‌ ആയിരി​ക്കും വിശു​ദ്ധ​മെന്നു വിളി​ക്ക​പ്പെ​ടുന്ന ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ സ്ഥലത്തു “മ്ലേച്ഛത” നിൽക്കു​ന്നത്‌. c അപ്പോൾ വിശു​ദ്ധ​മെന്നു സ്വയം വിശേ​ഷി​പ്പി​ക്കുന്ന വിശ്വാ​സ​ര​ഹിത ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്മേൽ ശൂന്യ​മാ​ക്കൽ ആരംഭി​ക്കും.

“ഓടി​പ്പോക്ക്‌”—എങ്ങനെ?

18, 19. ‘മലകളി​ലേക്കു ഓടി​പ്പോ​കുക’ എന്നതിനു മതം മാറുക എന്ന്‌ അർഥമി​ല്ലെന്നു കാണി​ക്കാൻ നിരത്തുന്ന കാരണങ്ങൾ ഏവ?

18 ‘വിശുദ്ധ സ്ഥലത്തു മ്ലേച്ഛത നിൽക്കുന്ന’തിനെ കുറിച്ചു മുൻകൂ​ട്ടി പറഞ്ഞ​ശേഷം വിവേ​ക​മു​ള്ളവർ നടപടി​യെ​ടു​ക്കാൻ യേശു മുന്നറി​യി​പ്പു നൽകി. ആ നിർണാ​യക ഘട്ടത്തിൽ—‘മ്ലേച്ഛത വിശുദ്ധ സ്ഥലത്തു നിൽക്കു​മ്പോൾ’—ആളുകൾ വ്യാജ​മതം ഉപേക്ഷി​ച്ചു സത്യാ​രാ​ധന സ്വീക​രി​ക്കു​മെന്ന്‌ അവൻ അർഥമാ​ക്കി​യോ? ഒട്ടും അർഥമാ​ക്കി​യില്ല. ആദ്യ നിവൃത്തി പരിചി​ന്തി​ക്കുക. യേശു പറഞ്ഞു: “യെഹൂ​ദ്യ​ദേ​ശത്തു ഉള്ളവർ മലകളി​ലേക്കു ഓടി​പ്പോ​കട്ടെ. വീട്ടിൻമേൽ ഇരിക്കു​ന്നവൻ അകത്തേക്കു ഇറങ്ങി​പ്പോ​ക​യോ വീട്ടിൽനി​ന്നു വല്ലതും എടുപ്പാൻ കടക്കയോ അരുതു. വയലിൽ ഇരിക്കു​ന്നവൻ വസ്‌ത്രം എടുപ്പാൻ മടങ്ങി​പ്പോ​ക​രു​തു. ആ കാലത്തു ഗർഭി​ണി​കൾക്കും മുലകു​ടി​പ്പി​ക്കു​ന്ന​വർക്കും അയ്യോ കഷ്ടം! എന്നാൽ അതു ശീതകാ​ലത്തു സംഭവി​ക്കാ​തി​രി​പ്പാൻ പ്രാർത്ഥി​പ്പിൻ.” (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നത്‌ ഞങ്ങൾ.)—മർക്കൊസ്‌ 13:14-18.

19 യഹൂദാ​രാ​ധ​ന​യു​ടെ കേന്ദ്ര​സ്ഥാ​ന​ത്തു​നി​ന്നു പുറത്തു വരണ​മെന്നു സൂചി​പ്പി​ക്കും മട്ടിൽ, യെരൂ​ശ​ലേ​മിൽ ഉള്ളവർ മാത്രം പിൻവാ​ങ്ങി​യാൽ മതി​യെന്ന്‌ യേശു പറഞ്ഞില്ല; മതം മാറുന്ന—വ്യാജ​മതം വിട്ട്‌ സത്യമതം സ്വീക​രി​ക്കുന്ന—കാര്യ​വു​മാ​യി​രു​ന്നില്ല അവന്റെ മുന്നറി​യി​പ്പിൽ അടങ്ങി​യി​രു​ന്നത്‌. ഒരു മതത്തിൽനി​ന്നു മറ്റൊ​ന്നി​ലേക്കു മാറുന്ന കാര്യം സംബന്ധിച്ച്‌ യേശു​വി​ന്റെ ശിഷ്യ​ന്മാർക്ക്‌ യാതൊ​രു മുന്നറി​യി​പ്പും ആവശ്യ​മി​ല്ലാ​യി​രു​ന്നു; അവർ അപ്പോൾത്തന്നെ സത്യ​ക്രി​സ്‌ത്യാ​നി​കൾ ആയിരു​ന്നു. യെരൂ​ശ​ലേ​മി​ലും യഹൂദാ പ്രദേ​ശ​ത്തു​മുള്ള യഹൂദർ തങ്ങളുടെ മതം വിട്ട്‌ ക്രിസ്‌ത്യാ​നി​ത്വം സ്വീക​രി​ക്കാൻ പൊ.യു. 66-ലെ ആക്രമണം പ്രേരി​പ്പി​ച്ചില്ല. പിൻവ​ലിഞ്ഞ റോമാ​ക്കാ​രെ തുരത്തി​യവർ നഗരത്തി​ലേക്കു മടങ്ങി​വ​ന്നു​വെന്നു പ്രൊ​ഫസർ ഹൈൻ-റിച്ച്‌ ഗ്രെറ്റ്‌സ്‌ പറയുന്നു: “യഹൂദമത തീവ്ര​വാ​ദി​കൾ സന്തോ​ഷ​ത്തോ​ടെ യുദ്ധഗീ​തി​കൾ പാടി​ക്കൊണ്ട്‌ യെരൂ​ശ​ലേ​മിൽ മടങ്ങി​വന്നു. അവരുടെ ഹൃദയങ്ങൾ വിമോ​ച​ന​ത്തി​ന്റെ​യും സ്വാത​ന്ത്ര്യ​ത്തി​ന്റെ​യും സന്തുഷ്ട പ്രത്യാ​ശ​യിൽ തുടി​കൊ​ട്ടി . . . കാരു​ണ്യ​വാ​നായ ദൈവം പൂർവ പിതാ​ക്ക​ന്മാ​രു​ടെ കാര്യ​ത്തിൽ ചെയ്‌തതു പോലെ, അവരെ​യും സഹായി​ക്കു​ക​യി​ല്ലെന്നു വരുമോ? ആ യഹൂദമത തീവ്ര​വാ​ദി​കൾക്ക്‌ ഭാവിയെ കുറിച്ചു തെല്ലും ഭയം ഉണ്ടായി​രു​ന്നില്ല.”

20. മലകളി​ലേക്ക്‌ ഓടാ​നുള്ള യേശു​വി​ന്റെ മുന്നറി​യി​പ്പി​നോട്‌ ആദിമ ശിഷ്യ​ന്മാർ പ്രതി​ക​രി​ച്ചത്‌ എങ്ങനെ?

20 അപ്പോൾ, താരത​മ്യേന ചുരു​ക്ക​മാ​യി​രുന്ന തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടവർ യേശു​വി​ന്റെ ബുദ്ധി​യു​പ​ദേശം അനുസ​രി​ച്ചു പ്രവർത്തി​ച്ചത്‌ എങ്ങനെ​യാണ്‌? യഹൂദ്യ വിട്ട്‌ യോർദാന്‌ അക്കരെ​യുള്ള മലകളി​ലേക്ക്‌ ഓടു​ക​വഴി രാഷ്‌ട്രീ​യ​മോ മതപര​മോ ആയി തങ്ങൾ യഹൂദ വ്യവസ്ഥി​തി​യു​ടെ ഭാഗമ​ല്ലെന്ന്‌ അവർ പ്രകട​മാ​ക്കി. അവർ വീടു​ക​ളും വയലു​ക​ളും ഉപേക്ഷി​ച്ചു, തങ്ങളുടെ വീടു​ക​ളി​ലുള്ള സാധനങ്ങൾ പോലും എടുത്തില്ല. യഹോ​വ​യു​ടെ സംരക്ഷ​ണ​വും പിന്തു​ണ​യും സംബന്ധിച്ച്‌ ഉറപ്പു​ണ്ടാ​യി​രുന്ന അവർ, പ്രധാ​ന​മെന്നു തോന്നി​യേ​ക്കാ​വുന്ന മറ്റ്‌ എന്തി​നെ​ക്കാ​ളും ഉപരി അവനെ ആരാധി​ക്കു​ന്ന​തി​നു പ്രാധാ​ന്യം നൽകി.—മർക്കൊസ്‌ 10:29, 30; ലൂക്കൊസ്‌ 9:57-62.

21. “മ്ലേച്ഛത” ആക്രമി​ക്കു​മ്പോൾ നാം എന്തു പ്രതീ​ക്ഷി​ക്കേ​ണ്ട​തില്ല?

21 ഇനി, അതിന്റെ വലിയ നിവൃ​ത്തി​യെ കുറിച്ച്‌ ചിന്തി​ക്കുക. വ്യാജ​മതം ഉപേക്ഷിച്ച്‌ സത്യാ​രാ​ധന സ്വീക​രി​ക്കാൻ അനേക ദശകങ്ങ​ളാ​യി നാം ആളുക​ളോട്‌ ആഹ്വാനം ചെയ്‌തി​രി​ക്കു​ന്നു. (വെളി​പ്പാ​ടു 18:4, 5) ദശലക്ഷങ്ങൾ അങ്ങനെ ചെയ്‌തി​രി​ക്കു​ന്നു. മഹോ​പ​ദ്രവം തുടങ്ങു​ന്ന​തോ​ടെ ജനതതി​കൾ സത്യാ​രാ​ധ​ന​യി​ലേക്കു തിരി​യു​മെന്ന്‌ യേശു​വി​ന്റെ പ്രവചനം സൂചി​പ്പി​ക്കു​ന്നില്ല; തീർച്ച​യാ​യും, പൊ.യു. 66-ൽ യഹൂദ​ന്മാ​രു​ടെ കൂട്ട​ത്തോ​ടെ​യുള്ള മതപരി​വർത്തനം നടന്നില്ല. എന്നിരു​ന്നാ​ലും, യേശു​വി​ന്റെ മുന്നറി​യി​പ്പു ശ്രദ്ധി​ച്ചു​കൊണ്ട്‌ പലായനം ചെയ്യാൻ യഥാർഥ ക്രിസ്‌ത്യാ​നി​കൾക്കു വലിയ കാരണം ഉണ്ടായി​രി​ക്കും.

22. മലകളി​ലേക്കു പലായനം ചെയ്യാ​നുള്ള യേശു​വി​ന്റെ ബുദ്ധി​യു​പ​ദേശം ബാധക​മാ​ക്കു​ന്ന​തിൽ എന്ത്‌ ഉൾപ്പെ​ട്ടേ​ക്കാം?

22 മഹോ​പ​ദ്ര​വത്തെ കുറിച്ചു പൂർണ​മായ വിശദാം​ശങ്ങൾ നമുക്ക്‌ ഇപ്പോൾ ലഭ്യമല്ല. എന്നാൽ, നമ്മുടെ കാര്യ​ത്തിൽ യേശു പറഞ്ഞ ഓടി​പ്പോക്ക്‌ ഒരു പ്രത്യേക പ്രദേ​ശ​ത്തേക്കല്ല എന്നു ന്യായ​മാ​യും നിഗമനം ചെയ്യാൻ സാധി​ക്കും. ലോക​ത്തിൽ എല്ലായി​ട​ത്തും, ഏതു മുക്കി​ലും മൂലയി​ലും ദൈവ​ജ​നത്തെ കാണാം. എങ്കിലും, ഓടി​പ്പോക്ക്‌ ആവശ്യ​മാ​യി​രി​ക്കു​മ്പോൾ, തങ്ങളും വ്യാജമത സംഘട​ന​ക​ളും തമ്മിൽ വ്യക്തമായ ഒരു വ്യത്യാ​സം ക്രിസ്‌ത്യാ​നി​കൾ തുടർന്നും നിലനിർത്തു​മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും. വസ്‌ത്ര​മോ മറ്റു സാധന​ങ്ങ​ളോ എടുക്കാൻ സ്വന്തം വീട്ടി​ലേക്കു മടങ്ങി​പ്പോ​കാ​തി​രി​ക്കു​ന്നതു സംബന്ധിച്ച്‌ യേശു നൽകിയ മുന്നറി​യി​പ്പും പ്രാധാ​ന്യം അർഹി​ക്കു​ന്ന​താണ്‌. (മത്തായി 24:17, 18) ഭൗതിക സംഗതി​കളെ നാം വീക്ഷി​ക്കുന്ന വിധം സംബന്ധിച്ച്‌ നിരവധി പരി​ശോ​ധ​നകൾ നേരി​ട്ടേ​ക്കാം; അതാണോ ഏറ്റവും പ്രധാനം, അതോ ദൈവ​ത്തി​ന്റെ പക്ഷത്തു നിലയു​റ​പ്പി​ച്ചി​രി​ക്കു​ന്ന​വർക്കു ലഭിക്കാ​നി​രി​ക്കുന്ന രക്ഷയോ? നമ്മുടെ ഓടി​പ്പോ​ക്കിൽ കുറെ കഷ്ടതയും ബുദ്ധി​മു​ട്ടും ഉൾപ്പെ​ട്ടേ​ക്കാം എന്നതു ശരിതന്നെ. യഹൂദ്യ​യിൽനി​ന്നു യോർദാന്‌ അക്കരെ​യുള്ള പെരി​സ്യ​യി​ലേക്കു പലായനം ചെയ്‌ത ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കളെ പോലെ, ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തും ചെയ്യാൻ നാം ഒരുക്ക​മു​ള്ളവർ ആയിരി​ക്കണം.

23, 24. (എ) എവിടെ മാത്രമേ നമുക്കു സംരക്ഷണം കണ്ടെത്താ​നാ​കൂ? (ബി) ‘വിശുദ്ധ സ്ഥലത്തു നിൽക്കുന്ന മ്ലേച്ഛത’ സംബന്ധിച്ച യേശു​വി​ന്റെ മുന്നറി​യി​പ്പി​നു നമ്മു​ടെ​മേൽ എന്തു ഫലം ഉണ്ടായി​രി​ക്കണം?

23 നമ്മുടെ സങ്കേതം തുടർന്നും യഹോ​വ​യും അവന്റെ പർവത​സ​മാന സംഘട​ന​യും ആണെന്ന കാര്യ​ത്തിൽ നാം ഉറപ്പു​ള്ളവർ ആയിരി​ക്കണം. (2 ശമൂവേൽ 22:2, 3; സങ്കീർത്തനം 18:2; ദാനീ​യേൽ 2:35, 44) അവി​ടെ​യാ​ണു നാം സംരക്ഷണം കണ്ടെത്തുക! ‘ഗുഹകളി’ലേക്ക്‌ ഓടി​പ്പോ​കു​ക​യും ‘മലപ്പാ​റ​ക​ളിൽ’ ഒളിച്ചി​രി​ക്കു​ക​യും ചെയ്യുന്ന, അതായത്‌ മഹാ ബാബി​ലോൻ ശൂന്യ​മാ​ക്ക​പ്പെട്ട ശേഷം അൽപ്പകാ​ല​ത്തേക്കു സ്ഥിതി ചെയ്യുന്ന മനുഷ്യ സംഘട​ന​ക​ളി​ലും സ്ഥാപന​ങ്ങ​ളി​ലും ആശ്രയി​ക്കുന്ന, ജനതതി​കളെ നാം അനുക​രി​ക്കു​ക​യില്ല. (വെളി​പ്പാ​ടു 6:15; 18:9-11) തീർച്ച​യാ​യും, നാളുകൾ വളരെ ദുഷ്‌ക​ര​മാ​യി​ത്തീർന്നേ​ക്കാം. പൊ.യു. 66-ൽ, യഹൂദ്യ​യിൽനി​ന്നു പലായനം ചെയ്‌ത ഗർഭി​ണി​കൾക്കും മഴയും തണുപ്പും ഉള്ള കാലാ​വ​സ്ഥ​യിൽ യാത്ര ചെയ്യേണ്ടി വന്നവർക്കും നാളുകൾ ദുഷ്‌ക​ര​മാ​യി​രു​ന്നതു പോലെ. എന്നാൽ, ദൈവം നമ്മുടെ അതിജീ​വനം സാധ്യ​മാ​ക്കു​മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും. ഇപ്പോൾ നമുക്ക്‌ യഹോ​വ​യി​ലും രാജ്യ​ത്തി​ന്റെ രാജാ​വാ​യി ഇപ്പോൾ വാഴ്‌ച നടത്തുന്ന അവന്റെ പുത്ര​നി​ലു​മുള്ള ആശ്രയം ബലപ്പെ​ടു​ത്താം.

24 എന്തു സംഭവി​ക്കും എന്നോർത്തു ഭയപ്പെ​ടാൻ യാതൊ​രു കാരണ​വു​മില്ല. ആ നാളു​ക​ളിൽ തന്റെ ശിഷ്യ​ന്മാർ ഭയപ്പെ​ടാൻ യേശു ആഗ്രഹി​ച്ചില്ല. നാമും ഇപ്പോ​ഴോ ഭാവി​യി​ലോ ഭയപ്പെ​ടാൻ അവൻ ആഗ്രഹി​ക്കു​ന്നില്ല. നമ്മുടെ ഹൃദയ​വും മനസ്സും ഒരുക്കാൻ കഴിയു​മാറ്‌ അവൻ നമുക്കു മുന്നറി​യി​പ്പു നൽകി. വ്യാജ​മ​ത​ത്തി​ന്മേ​ലും ശേഷി​ക്കുന്ന ദുഷ്ട വ്യവസ്ഥി​തി​യു​ടെ മേലും നാശം വരു​മ്പോൾ, അനുസ​ര​ണ​മുള്ള ക്രിസ്‌ത്യാ​നി​കൾ ശിക്ഷി​ക്ക​പ്പെ​ടു​ക​യില്ല. അവർ വിവേചന പ്രകട​മാ​ക്കി​ക്കൊണ്ട്‌ ‘വിശുദ്ധ സ്ഥലത്തു നിൽക്കുന്ന മ്ലേച്ഛത’യെ കുറിച്ചു നൽകി​യി​രി​ക്കുന്ന മുന്നറി​യി​പ്പി​നു ശ്രദ്ധ കൊടു​ക്കും. അചഞ്ചല വിശ്വാ​സ​ത്തോ​ടെ അവർ നിർണാ​യ​ക​മാ​യി പ്രവർത്തി​ക്കും. യേശു​വി​ന്റെ വാഗ്‌ദാ​നം നമുക്ക്‌ ഒരിക്ക​ലും മറക്കാ​തി​രി​ക്കാം: “അവസാ​ന​ത്തോ​ളം സഹിച്ചു​നി​ല്‌ക്കു​ന്നവൻ രക്ഷിക്ക​പ്പെ​ടും.”—മർക്കൊസ്‌ 13:13.

[അടിക്കു​റി​പ്പു​കൾ]

a “റോമി​ലെ ക്ഷേത്ര​ങ്ങ​ളിൽ റോമൻ പതാക​കൾക്കു മതപര​മായ പരിപാ​വ​ന​ത്വം നൽകി സൂക്ഷി​ച്ചി​രു​ന്നു; മറ്റു ജനതക​ളു​ടെ​മേൽ റോമാ​ക്കാർക്കുള്ള മേൽക്കോ​യ്‌മ​യ്‌ക്ക്‌ ആനുപാ​തി​ക​മാ​യി അവർ തങ്ങളുടെ പതാക​കൾക്കു ഭക്ത്യാ​ദ​രവു കൊടു​ത്തി​രു​ന്നു . . . [സൈനി​കരെ] സംബന്ധി​ച്ചി​ട​ത്തോ​ളം, ഒരുപക്ഷേ ഭൂമി​യിൽ ഏറ്റവും പവി​ത്ര​മായ സംഗതി അതായി​രു​ന്നു. റോമൻ പട്ടാള​ക്കാ​രൻ സത്യം ചെയ്യാൻ ഉപയോ​ഗി​ച്ചി​രു​ന്നത്‌ തന്റെ പതാക ആയിരു​ന്നു.”—ദി എൻ​സൈ​ക്ലോ​പീ​ഡിയ ബ്രിട്ടാ​നിക്ക, 11-ാം പതിപ്പ്‌.

b യേശുവിന്റെ വാക്കു​കൾക്കു പൊ.യു. 66-70-ൽ ഉണ്ടായ നിവൃത്തി, മഹോ​പ​ദ്ര​വ​ത്തിൽ അവന്റെ ആ വാക്കുകൾ എങ്ങനെ നിവൃ​ത്തി​യാ​കും എന്നു മനസ്സി​ലാ​ക്കാൻ നമ്മെ സഹായി​ക്കു​ന്നു. എങ്കിലും, ഇരു നിവൃ​ത്തി​ക​ളും കൃത്യ​മാ​യി ഒരേ പോലെ ആയിരി​ക്കില്ല എന്നതു നാം ശ്രദ്ധി​ക്കേ​ണ്ട​തുണ്ട്‌. കാരണം, വ്യത്യസ്‌ത പശ്ചാത്ത​ല​ങ്ങ​ളി​ലാണ്‌ അവ സംഭവി​ക്കു​ന്നത്‌.

c 1975 ഡിസംബർ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ (ഇംഗ്ലീഷ്‌) 741-4 പേജുകൾ കാണുക.

നിങ്ങൾ ഓർമി​ക്കു​ന്നു​വോ?

□ ഒന്നാം നൂറ്റാ​ണ്ടിൽ “ശൂന്യ​മാ​ക്കുന്ന മ്ലേച്ഛത” വെളി​പ്പെ​ട്ടത്‌ എങ്ങനെ?

□ ആധുനി​ക​കാല “മ്ലേച്ഛത” ഭാവി​യിൽ ഒരു സമയത്ത്‌ വിശുദ്ധ സ്ഥലത്തു നിൽക്കു​മെന്നു കരുതു​ന്നതു ന്യായ​യു​ക്തം ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

□ “മ്ലേച്ഛത”യുടെ ഏത്‌ ആക്രമണം വെളി​പ്പാ​ടിൽ മുൻകൂ​ട്ടി പറഞ്ഞി​രി​ക്കു​ന്നു

□ നാം എങ്ങനെ​യുള്ള ഒരു ‘ഓടി​പ്പോക്ക്‌’ നടത്തേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം?

[അധ്യയന ചോദ്യ​ങ്ങൾ]

[16-ാം പേജിലെ ചിത്രം]

മഹാ ബാബി​ലോ​നെ ‘വേശ്യ​മാ​രു​ടെ മാതാവ്‌’ എന്നു വിളി​ച്ചി​രി​ക്കു​ന്നു

[17-ാം പേജിലെ ചിത്രം]

വെളിപ്പാടു 17-ാം അധ്യാ​യ​ത്തി​ലെ ‘കടുഞ്ചു​വ​പ്പുള്ള മൃഗ’മാണ്‌ യേശു പരാമർശിച്ച “മ്ലേച്ഛത”

[18-ാം പേജിലെ ചിത്രം]

കടുഞ്ചുവപ്പുള്ള കാട്ടു​മൃ​ഗം മതത്തെ ആക്രമിച്ച്‌ നശിപ്പി​ക്കും