വെൻഡ എന്ന ഫലഭൂയിഷ്ഠ ദേശം
വെൻഡ എന്ന ഫലഭൂയിഷ്ഠ ദേശം
കഴിഞ്ഞ പത്തു വർഷമായി, ഞാനും ഭാര്യയും വെൻഡക്കാരുടെ ഇടയിൽ മുഴുസമയ സുവിശേഷകരായി പ്രവർത്തിക്കുന്നു. ദക്ഷിണാഫ്രിക്കയുടെ വടക്കുള്ള ലിംപോപോ നദിയുടെ തെക്കു ഭാഗത്താണ് വെൻഡക്കാർ വസിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടുകളിൽ ലിംപോപോ കടന്നെത്തിയ അനേകം ഗോത്രങ്ങൾ ചേർന്നുണ്ടായതാണ് ഈ ജനത. തങ്ങളുടെ പൂർവികർ ഇവിടെ വാസമുറപ്പിച്ചിട്ട് 1,000-ത്തിലധികം വർഷമായെന്നാണു ചില വെൻഡക്കാർ പറയുന്നത്.
വാസ്തവത്തിൽ, പ്രാചീന സംസ്കാരം നിലവിലിരുന്ന മാപ്പുൺഗുബ്വെ എന്ന രാജ്യത്തിന്റെ ഭാഗമായിരുന്നു ഒരിക്കൽ ഈ പ്രദേശം. ദക്ഷിണാഫ്രിക്കയിലെ ആദ്യത്തെ വലിയ നഗര അധിവാസിത പ്രദേശമായിരുന്നു ഇവിടം. ഇവിടത്തെ ആളുകൾ, പടിഞ്ഞാറ് ബോട്സ്വാന മുതൽ കിഴക്ക് മൊസാമ്പിക്ക് വരെയുള്ള, വിശാലമായ ലിംപോപോ നദീ താഴ്വരയുടെമേൽ നിയന്ത്രണം പുലർത്തിയിരുന്നു. പൊ.യു. 900 മുതൽ 1100 വരെയുള്ള കാലയളവിൽ അറബി വാണിഭക്കാർക്ക് ആനക്കൊമ്പ്, കാണ്ടാമൃഗക്കൊമ്പ്, മൃഗത്തോൽ, ചെമ്പ് എന്നിവയും, സ്വർണം പോലും, ലഭിച്ചിരുന്നത് മാപ്പുൺഗുബ്വെയിൽ നിന്നാണ്. വിദഗ്ധമായി കൊത്തിയുണ്ടാക്കി സ്വർണം പൂശിയ വസ്തുക്കൾ മാപ്പുൺഗുബ്വെ എന്നു വിളിക്കപ്പെടുന്ന ഒരു രാജകീയ ശ്മശാനക്കുന്നിൽനിന്നു കുഴിച്ചെടുത്തിട്ടുണ്ട്. “ആഫ്രിക്കയുടെ തെക്കൻ പ്രദേശത്തു സ്വർണഖനനം നടന്നിരുന്നു എന്നതിന്റെ ആദ്യകാല സൂചനക”ളിൽ പെടുന്നവയാണ് ഇവയെന്ന് ഒരു വിജ്ഞാനകോശം പറയുന്നു.
ഇപ്പോൾ ഇവിടെ സ്വർണഖനനം നടക്കുന്നില്ല. ഇന്ന് വെൻഡ ഫലഭൂയിഷ്ഠതയ്ക്കു പ്രസിദ്ധമാണ്. സോട്ട്പാൻസ്ബർഗ് പർവതനിരകൾക്കു തെക്കായി സസ്യങ്ങൾ തഴച്ചുവളരുന്ന ഒരു താഴ്വര കാണാം. അവോക്കാഡോ, വാഴപ്പഴം, മാമ്പഴം, പേരയ്ക്ക തുടങ്ങിയവ ഇവിടെ സമൃദ്ധമായി ഉണ്ടാകുന്നു. പീക്കൻ, മെക്കാഡമിയ എന്നീ കായ്കൾക്കു പുറമേ പച്ചക്കറികളും ഇവിടെ സുലഭമാണ്. ഇവയിൽ ചീരയുടേതു പോലെ രുചിയുള്ള, തദ്ദേശീയർക്കു വളരെ പ്രിയങ്കരമായ കാട്ടു മുറൊഹൊയും ഉൾപ്പെടുന്നു.
വെൻഡക്കാർ സമാധാനകാംക്ഷികളും അതിഥിപ്രിയരും ആണ്. അപ്രതീക്ഷിതമായി എത്തുന്ന അതിഥിക്കു പോലും കോഴിക്കറി ഉണ്ടാക്കിക്കൊടുക്കാൻ കുടുംബനാഥൻ ആവശ്യപ്പെടുക സാധാരണമാണ്. എന്നിട്ട് ചോളം കൊണ്ട് ഉണ്ടാക്കുന്ന തദ്ദേശീയരുടെ പ്രധാന ഭക്ഷണമായ ബുസ്വയോടൊപ്പം അതു കഴിക്കും. മടങ്ങിപ്പോകുമ്പോൾ, കുടുംബനാഥൻ അതിഥിയോടൊപ്പം കുറെ ദൂരം ചെല്ലും. സന്ദർശകനോട് ആദരവു പ്രകടമാക്കുന്ന ഒരു പരമ്പരാഗത മാർഗമാണ് ഇത്. തല കുമ്പിട്ട്, ഒരു കൈ മറ്റേ കൈമേൽ കുറുകെ വെച്ചു തെന്നിച്ചുകൊണ്ട് ഊഷ്മളമായ വിധത്തിൽ സന്ദർശകനെ അഭിവാദ്യം ചെയ്യാൻ കുട്ടികളെ പഠിപ്പിക്കുന്നു. വെൻഡക്കാരായ രണ്ടു സ്ത്രീകൾ ഈ പരമ്പരാഗത രീതിയിൽ പരസ്പരം അഭിവാദനം ചെയ്യുന്നത് നിങ്ങൾക്ക് ഈ പേജിൽ കാണാം.
ബുദ്ധിമുട്ടുള്ള ഭാഷ
യൂറോപ്യൻ വംശജർക്ക് അത്ര എളുപ്പം വശമാക്കാൻ കഴിയുന്നതല്ല വെൻഡ ഭാഷ. പല വാക്കുകളും എഴുതുന്നത് ഒരുപോലെ ആണെങ്കിലും ഉച്ചരിക്കുന്നതു പല വിധങ്ങളിലാണ്. അതാണ് ഒരു ബുദ്ധിമുട്ട്. ഒരിക്കൽ, വെൻഡയിലെ യഹോവയുടെ സാക്ഷികളുടെ ഒരു സഭയിൽ ഞാനൊരു ബൈബിളധിഷ്ഠിത
പ്രസംഗം നടത്തുകയായിരുന്നു. എല്ലാ വ്യക്തികളോടും സംസാരിക്കുന്നതിനു സദസ്യരെ പ്രോത്സാഹിപ്പിക്കാൻ ഞാൻ ശ്രമിച്ചു. സദസ്സിലിരുന്ന ഒരാൾക്കു ചിരിയടക്കാൻ കഴിഞ്ഞില്ല. കാരണം, “എല്ലാ വ്യക്തികളോടും” എന്നതിനു പകരം “എല്ലാ വിരലുകളോടും” എന്നാണു ഞാൻ പറഞ്ഞത്.ഒരിക്കൽ, പരസ്യ സാക്ഷീകരണ വേലയിൽ ഞാൻ വെൻഡ ഭാഷയിൽ സംസാരിച്ചപ്പോൾ, “എനിക്ക് ഇംഗ്ലീഷ് അറിയില്ല” എന്ന് ഒരു സ്ത്രീ പറഞ്ഞു. ഞാൻ സംസാരിച്ചതു സാമാന്യം ഭേദപ്പെട്ട വെൻഡ ആണെന്നായിരുന്നു എന്റെ വിചാരം, എന്നാൽ അവർ കരുതിയതോ അത് ഇംഗ്ലീഷ് ആണെന്നും! മറ്റൊരു അവസരത്തിൽ വീട്ടിലെ കുടുംബനാഥനോടു സംസാരിക്കാൻ ആഗ്രഹിക്കുന്നു എന്നു ഞാൻ അവിടത്തെ ഒരു കുട്ടിയോടു പറഞ്ഞു. വെൻഡയിൽ കുടുംബനാഥൻ എന്നതിന് തോഹൊ എന്നാണു പറയുന്നത്. എന്നാൽ അബദ്ധവശാൽ ഞാൻ തൊഹോ എന്നു പറഞ്ഞുപോയി. അതിന്റെ അർഥം വീട്ടിലെ കുരങ്ങനോടു സംസാരിക്കണം എന്നും! ഇതുപോലുള്ള അബദ്ധങ്ങൾ ചിലപ്പോഴൊക്കെ എന്നെ നിരുത്സാഹിതനാക്കിയെങ്കിലും, സ്ഥിരോത്സാഹത്തിന്റെ ഫലമായി എനിക്കും ഭാര്യക്കും ഇപ്പോൾ ഒരു വിധം നല്ല രീതിയിൽ വെൻഡ സംസാരിക്കാൻ കഴിയുന്നു.
ആത്മീയ ഫലങ്ങൾ
ആത്മീയ അർഥത്തിലും വെൻഡ ഫലഭൂയിഷ്ഠമെന്നു തെളിയുകയാണ്. മെസിന പട്ടണത്തിലെ ഒരു ചെമ്പുഖനിയിൽ ജോലിക്കായി അയൽരാജ്യങ്ങളിൽനിന്നു വന്ന കുടിയേറ്റക്കാരുടെ ഇടയിൽ 1950-കളിൽ യഹോവയുടെ സാക്ഷികളുടെ ഒരു സഭ രൂപീകൃതമായി. അവരുടെ തീക്ഷ്ണമായ പ്രവർത്തന ഫലമായി അനേകം വെൻഡക്കാർ ബൈബിൾ സത്യം അറിയാനിടയായി. ഒരു പതിറ്റാണ്ടു പിന്നിട്ടപ്പോൾ, ഒരു കൂട്ടം വെൻഡ സാക്ഷികൾ സിബാസ എന്ന ഗ്രാമത്തിലെ ഒരു സ്വകാര്യ ഭവനത്തിൽ യോഗങ്ങൾ നടത്താൻ തുടങ്ങി.
ഈ വർധനവു ത്വരിതപ്പെടുത്താൻ, വാച്ച് ടവർ സൊസൈറ്റിയുടെ ദക്ഷിണാഫ്രിക്ക ബ്രാഞ്ച് ഫലപ്രദമായ ആ വയലിലേക്കു മുഴുസമയ സുവിശേഷകരെ അയച്ചു. പെട്ടെന്നുതന്നെ സിബാസയിലെ ആ കൂട്ടം ഒരു വലിയ സഭ ആയിത്തീർന്നു. അന്നൊക്കെ ക്രിസ്തീയ യോഗങ്ങൾ നടത്തിയിരുന്നത് ഒരു ക്ലാസ്സ് മുറിയിൽ വെച്ചായിരുന്നു. എന്നാൽ, ഏകദേശം 160 കിലോമീറ്റർ തെക്കുള്ള പീറ്റേഴ്സ്ബർഗ് പട്ടണത്തിലെ യഹോവയുടെ സാക്ഷികളുടെ സഹായത്തോടെ സമീപ പട്ടണമായ തൊഹൊയാൻദൗവിൽ ഒരു രാജ്യഹാൾ നിർമിക്കപ്പെട്ടു.
ദക്ഷിണാഫ്രിക്കയുടെ തെക്കു ഭാഗത്ത് വെൻഡ സംസാരിക്കുന്ന 5,00,000-ത്തിലധികം ആളുകളുണ്ട്. 1950-കളിൽ ഇവിടെ രാജ്യപ്രസംഗ വേല തുടങ്ങിയപ്പോൾ വെൻഡക്കാരായ സാക്ഷികൾ ആരും ഉണ്ടായിരുന്നില്ല, ഇപ്പോഴാകട്ടെ 150-ലധികം പേരുണ്ട്. എങ്കിലും, അവിടെ ഒരിക്കൽ പോലും പ്രവർത്തിക്കാത്ത പ്രദേശങ്ങൾ ഇനിയും ഉണ്ടെന്നതിനാൽ ധാരാളം വേല അവശേഷിക്കുന്നു. വെൻഡയിലെ ഹാമുറ്റ്ഷ എന്ന ഗ്രാമം ഞങ്ങൾ ആദ്യമായി സന്ദർശിച്ചത് 1989-ൽ ആണ്. അന്ന് അവിടെ ഒരു സാക്ഷി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ആ ഗ്രാമത്തിൽ 40-ലധികം രാജ്യഘോഷകരുണ്ട്. ഞങ്ങൾ രാജ്യഹാളിന്റെ പണി പൂർത്തിയാക്കുന്ന തിരക്കിലാണ്. അതിനു പീറ്റേഴ്സ്ബർഗ് പ്രദേശത്തെ സാക്ഷികളുടെ സഹായവും സമ്പന്ന ദേശങ്ങളിലെ സഹോദരങ്ങളുടെ സാമ്പത്തിക പിന്തുണയും ഞങ്ങൾക്കുണ്ട്.
ഞങ്ങളുടെ താമസം ഒരു കൃഷിയിടത്തിൽ ഇട്ടിരിക്കുന്ന ട്രെയ്ലറിൽ ആണ്. ലളിതമായ ജീവിതം നയിക്കുന്നതിനാൽ തദ്ദേശീയരുടെ അടുക്കൽ സുവാർത്ത എത്തിക്കാൻ ഞങ്ങൾക്കു കൂടുതൽ സമയം ലഭിക്കുന്നു. (മർക്കൊസ് 13:10) തത്ഫലമായി, ജീവിതം യഹോവയാം ദൈവത്തിനു സമർപ്പിക്കാൻ അനേകരെ സഹായിക്കുകയെന്ന വലിയ പദവി ഞങ്ങൾ ആസ്വദിച്ചിരിക്കുന്നു. മൈക്കിൾ അതിന് ഒരു ഉദാഹരണമാണ്. ഒരു സ്നേഹിതന്റെ വീട്ടിൽ വെച്ച് അദ്ദേഹം നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം കാണാനിടയായി. a വായിച്ചു തുടങ്ങിയ ഉടനെ അതിൽ സത്യം അടങ്ങിയിരിക്കുന്നുവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അതുകൊണ്ട് കൂടുതൽ ബൈബിൾ സാഹിത്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം വാച്ച് ടവർ സൊസൈറ്റിക്ക് എഴുതി. താൻ ഒരു പ്രാദേശിക അപ്പൊസ്തലിക സഭയുടെ അംഗമായി സ്നാപനമേറ്റിട്ട് അധികമായില്ലെന്നു മൈക്കിൾ ആ കത്തിൽ വിശദീകരിച്ചിരുന്നു. അദ്ദേഹം പറഞ്ഞു: “ഞാൻ ദൈവരാജ്യത്തിലേക്കുള്ള ശരിയായ പാതയിൽ അല്ലെന്നു തിരിച്ചറിഞ്ഞിരിക്കുന്നു. നിങ്ങളുടെ സംഘടനയുടെ ഒരു അംഗമാകാനാണ് എന്റെ തീരുമാനം. എന്നാൽ, അതിന് എന്തു ചെയ്യണമെന്ന് എനിക്ക് അറിയില്ല.” തന്നെ സഹായിക്കാൻ ഒരു യഹോവയുടെ സാക്ഷിയെ അയയ്ക്കണമെന്ന് അഭ്യർഥിച്ചുകൊണ്ട് അദ്ദേഹം തന്റെ വിലാസം നൽകിയിരുന്നു. മൈക്കിളിനെ കണ്ടെത്താൻ എനിക്കു സാധിച്ചു, അങ്ങനെ ബൈബിൾ അധ്യയനം ആരംഭിച്ചു. ഇന്ന് അദ്ദേഹം യഹോവയെ വിശ്വസ്തമായി സേവിക്കുന്ന സ്നാപനമേറ്റ ഒരു സാക്ഷിയാണ്.
1997 ഡിസംബറിൽ തൊഹൊയാൻദൗവിലെ സ്പോർട്സ് സ്റ്റേഡിയത്തിൽ നടന്ന യഹോവയുടെ സാക്ഷികളുടെ “ദൈവവചന വിശ്വാസം” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ ഞങ്ങൾ സംബന്ധിച്ചു. 634 പേർ ഹാജരായി. 12 പേർ പുതുതായി സ്നാപനമേറ്റു. വെൻഡ ഭാഷയിൽ രണ്ടു പ്രസംഗങ്ങൾ നടത്താനുള്ള പദവി എനിക്കു ലഭിച്ചു. ഈ ഫലഭൂയിഷ്ഠ ദേശത്തു ഞങ്ങൾ ചെലവിട്ട സന്തുഷ്ട ദശകത്തിലെ ഒരു നാഴികക്കല്ലായിരുന്നു ആ കൺവെൻഷൻ.—സംഭാവന ചെയ്യപ്പെട്ടത്.
[അടിക്കുറിപ്പുകൾ]
a വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ചത്.