സകലരും സ്വതന്ത്രർ ആയിത്തീരും
സകലരും സ്വതന്ത്രർ ആയിത്തീരും
“നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു ഞാൻ എണ്ണുന്നു. സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പാടിനെ [“വെളിപ്പെടലിനെ,” NW] ആകാംക്ഷയോടെ കാത്തിരിക്കുന്നു. സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന [“മഹത്തായ,” NW] സ്വാതന്ത്ര്യവും പ്രാപിക്കും എന്നുള്ള ആശയോടെ മായെക്കു [“വ്യർഥതയ്ക്ക്,” NW] കീഴ്പെട്ടിരിക്കുന്നു; മനഃപൂർവ്വമായിട്ടല്ല, [“സ്വന്ത ഹിതപ്രകാരമല്ല,” NW] അതിനെ കീഴ്പെടുത്തിയവന്റെ കല്പനനിമിത്തമത്രേ. സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈററുനോവോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ.”—റോമർ 8:18-22.
ജീവിതത്തിൽ യഥാർഥ സ്വാതന്ത്ര്യം ഇല്ലാത്തതിന്റെയും ഒട്ടുമിക്കപ്പോഴും ശൂന്യതാബോധവും വേദനയും ജീവിതത്തെ വേട്ടയാടുന്നതിന്റെയും കാരണം റോമിലെ ക്രിസ്ത്യാനികൾക്ക് എഴുതിയ ലേഖനത്തിലെ മേലുദ്ധരിച്ച ഭാഗത്തു ശ്രദ്ധേയമായ വിധത്തിൽ പൗലൊസ് അപ്പൊസ്തലൻ സംഗ്രഹിച്ചു പറയുന്നു. കൂടാതെ, നമുക്ക് എങ്ങനെ യഥാർഥ സ്വാതന്ത്ര്യം പ്രാപിക്കാം എന്നും അവൻ അവിടെ വിശദീകരിക്കുന്നു.
“ഈ കാലത്തിലെ കഷ്ടങ്ങൾ”
“നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല” എന്നു പറയുമ്പോൾ പൗലൊസ് അവയെ നിസ്സാരീകരിക്കുകയല്ല ചെയ്യുന്നത്. പൗലൊസിന്റെ കാലത്തും പിന്നീടും, മനുഷ്യാവകാശങ്ങൾക്കു യാതൊരു വിലയും കൽപ്പിക്കാതിരുന്ന റോമൻ അധികാരികളുടെ സ്വേച്ഛാധിപത്യ ഭരണത്തിൻ കീഴിൽ ക്രിസ്ത്യാനികൾ കൊടിയ യാതനകൾ അനുഭവിച്ചിട്ടുണ്ട്. ക്രിസ്ത്യാനികൾ രാഷ്ട്രത്തിന്റെ ശത്രുക്കളാണ് എന്നു വിശ്വസിച്ചതോടെ റോമാക്കാർ അവരെ മൃഗീയമായി അടിച്ചമർത്താൻ തുടങ്ങി. ചരിത്രകാരനായ ജെ. എം. റോബർട്ട്സ് പറയുന്നു: “തലസ്ഥാനത്ത് [റോമിൽ] നിരവധി ക്രിസ്ത്യാനികൾ ഭീകരമായ വിധത്തിൽ പോർക്കളത്തിൽ കൊലചെയ്യപ്പെട്ടു അല്ലെങ്കിൽ ജീവനോടെ ചുട്ടെരിക്കപ്പെട്ടു.” (ലോകത്തിന്റെ ഹ്രസ്വ ചരിത്രം [ഇംഗ്ലീഷ്]) നീറോയുടെ പീഡനത്തിന് ഇരയായവരെ കുറിച്ചു മറ്റൊരു റിപ്പോർട്ട് ഇങ്ങനെ പറയുന്നു: “ചിലരെ ക്രൂശിച്ചു കൊന്നു. ചിലരുടെ
ശരീരത്തോടു മൃഗങ്ങളുടെ ചർമം തുന്നിച്ചേർത്ത് നായ്ക്കളെ കൊണ്ട് അവരെ വേട്ടയാടി പിടിച്ചു. ചിലരെ ചാക്കിൽ കെട്ടി അതിനുമേൽ കീൽ പുരട്ടി തീ കൊളുത്തി ഇരുട്ടത്ത് ജീവനുള്ള പന്തമായി ഉപയോഗിച്ചു.”—പുതിയ നിയമ ചരിത്രം (ഇംഗ്ലീഷ്), ഗ്രന്ഥകർത്താവ്: എഫ്. എഫ്. ബ്രൂസ്.അത്തരം അടിച്ചമർത്തലുകളിൽ നിന്ന് ആ ആദിമ ക്രിസ്ത്യാനികൾ തീർച്ചയായും സ്വാതന്ത്ര്യം കാംക്ഷിച്ചിരിക്കണം. എന്നുവരികിലും, യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ ലംഘിച്ചുകൊണ്ട് അതു നേടിയെടുക്കാൻ അവർ തയ്യാറായിരുന്നില്ല. ഉദാഹരണത്തിന്, റോമൻ ഭരണാധികാരികളും സ്വാതന്ത്ര്യ സമര സേനാനികളായ യഹൂദ മത തീവ്രവാദികളും തമ്മിലുള്ള പോരാട്ടത്തിൽ അവർ തികച്ചും നിഷ്പക്ഷത പാലിച്ചു. (യോഹന്നാൻ 17:16; 18:36) ആ മത തീവ്രവാദികളെ സംബന്ധിച്ചിടത്തോളം, “ദൈവത്തിന്റെ തക്ക സമയത്തിനായി കാത്തിരിക്കുന്നതിനെ കുറിച്ചു സംസാരിക്കുന്നത് ആയിരുന്നില്ല നിലവിലുള്ള പ്രതിസന്ധിക്കു പരിഹാരം.” അവരുടെ അഭിപ്രായത്തിൽ, “ശത്രുവിന് [റോമിന്] എതിരെയുള്ള അക്രമ പ്രവർത്തനം” ആയിരുന്നു ഏക പരിഹാരം. (പുതിയ നിയമ ചരിത്രം) എന്നാൽ, ആദിമ ക്രിസ്ത്യാനികൾ ചിന്തിച്ചത് അങ്ങനെ ആയിരുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം ‘ദൈവത്തിന്റെ തക്ക സമയത്തിനായി കാത്തിരിക്കുന്നത്’ ആയിരുന്നു യഥാർഥത്തിലുള്ള ഏക പരിഹാരം. ദിവ്യ ഇടപെടലിനു മാത്രമേ “ഈ കാലത്തിലെ കഷ്ടങ്ങൾ”ക്കു ശാശ്വത പരിഹാരം ഉണ്ടാക്കാനും യഥാർഥവും നിലനിൽക്കുന്നതുമായ സ്വാതന്ത്ര്യം കൈവരുത്താനും സാധിക്കുകയുള്ളൂ എന്ന് അവർക്ക് ഉറച്ച ബോധ്യമുണ്ടായിരുന്നു. (മീഖാ 7:7; ഹബക്കൂക് 2:3) എന്നാൽ, അത് എങ്ങനെ സംഭവിക്കും എന്നു പരിചിന്തിക്കുന്നതിനു മുമ്പ്, ആദ്യംതന്നെ ‘സൃഷ്ടി വ്യർഥതയ്ക്കു കീഴ്പെട്ടതിന്റെ’ കാരണം നമുക്കു പരിശോധിക്കാം.
‘വ്യർഥതയ്ക്കു കീഴ്പെട്ടു’
ചിലർ അഭിപ്രായപ്പെടുന്നതു പോലെ, “സൃഷ്ടി” എന്ന പദം ഇവിടെ “മൃഗങ്ങളുടെയും അചേതന വസ്തുക്കളുടെയും സൃഷ്ടിയെ അർഥമാക്കുന്നില്ല” മറിച്ച്, “മുഴു മനുഷ്യവർഗത്തെയും” ആണ് അർഥമാക്കുന്നത് എന്ന് ദി എംഫാറ്റിക് ഡയഗ്ലട്ടിൽ ബെഞ്ചമിൻ വിൽസൻ പറയുന്നു. (കൊലൊസ്സ്യർ 1:23 താരതമ്യം ചെയ്യുക.) മുഴു മനുഷ്യ കുടുംബത്തെയും—സ്വാതന്ത്ര്യം കാംക്ഷിക്കുന്ന നമ്മെ ഓരോരുത്തരെയും—ആണ് അതു പരാമർശിക്കുന്നത്. നമ്മുടെ ആദ്യ മാതാപിതാക്കളുടെ നടപടികളുടെ ഫലമായാണു നാം “വ്യർഥതയ്ക്കു കീഴ്പെ”ട്ടിരിക്കുന്നത്. അല്ലാതെ, “സ്വന്ത ഹിതപ്രകാര”മോ വ്യക്തിപരമായ തിരഞ്ഞെടുപ്പിനാലോ അല്ല. അതു പാരമ്പര്യസിദ്ധമാണ്. ‘മനുഷ്യൻ സ്വതന്ത്രനായി ജനിച്ചു’ എന്ന റൂസോയുടെ അഭിപ്രായം തിരുവെഴുത്തുപരമായി തെറ്റാണ്. നാം ഓരോരുത്തരും പാപത്തിനും അപൂർണതയ്ക്കും അടിമകളായാണു പിറന്നത്, ആലങ്കാരിക അർഥത്തിൽ പറഞ്ഞാൽ, നൈരാശ്യവും വ്യർഥതയും കുടികൊള്ളുന്ന ഒരു വ്യവസ്ഥിതിയുടെ അടിമകളായിത്തന്നെ.—റോമർ 3:23.
അതിനു കാരണം എന്താണ്? നമ്മുടെ ആദ്യ മാതാപിതാക്കളായ ആദാമും ഹവ്വായും ‘ദൈവത്തെപ്പോലെ ആകാൻ,’ തന്നിഷ്ടപ്രകാരം ജീവിക്കാൻ, നന്മയും തിന്മയും സ്വയം തീരുമാനിക്കാൻ ഉള്ള സമ്പൂർണ അധികാരം ആഗ്രഹിച്ചു. (ഉല്പത്തി 3:5) സ്വാതന്ത്ര്യം സംബന്ധിച്ച ജീവത്പ്രധാനമായ ഒരു വശം അവർ അവഗണിച്ചു. സ്രഷ്ടാവിനു മാത്രമേ പരിപൂർണ സ്വാതന്ത്ര്യം ഉണ്ടായിരിക്കാനാകൂ. അവനാണ് സാർവത്രിക പരമാധികാരി. (യെശയ്യാവു 33:22; വെളിപ്പാടു 4:11) മനുഷ്യ സ്വാതന്ത്ര്യം നിശ്ചയമായും പരിമിതികൾക്ക് ഉള്ളിലുള്ള സ്വാതന്ത്ര്യം ആണ്. അക്കാരണത്താലാണു “സ്വാതന്ത്ര്യത്തിന്റെ തികഞ്ഞ ന്യായപ്രമാണം” അനുസരിച്ചു ജീവിക്കാൻ തന്റെ നാളിലെ ക്രിസ്ത്യാനികളെ ശിഷ്യനായ യാക്കോബ് പ്രോത്സാഹിപ്പിച്ചത്.—യാക്കോബ് 1:25.
ആദാമിനെയും ഹവ്വായെയും തന്റെ സാർവത്രിക കുടുംബത്തിൽ നിന്ന് യഹോവ പുറത്താക്കിയതു സമുചിതം ആയിരുന്നു. തത്ഫലമായി അവർ മരിച്ചു. (ഉല്പത്തി 3:19) അവരുടെ പിൻഗാമികളെ സംബന്ധിച്ചോ? അപൂർണതയും പാപവും മരണവും മാത്രമേ അവർക്കു തങ്ങളുടെ സന്തതികൾക്ക് അവകാശമായി നൽകാൻ കഴിഞ്ഞുള്ളൂ. എങ്കിലും അവർക്കു മക്കളുണ്ടാകാൻ യഹോവ കരുണാപുരസ്സരം അനുവദിച്ചു. അങ്ങനെ, “മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.” (റോമർ 5:12) ആ അർഥത്തിൽ ദൈവം സൃഷ്ടിയെ ‘വ്യർഥതയ്ക്കു കീഴ്പെടുത്തി.’
‘ദൈവപുത്രന്മാരുടെ വെളിപ്പെടൽ’
ഒരു നാൾ “ദൈവപുത്രന്മാരുടെ” പ്രവൃത്തികളിലൂടെ മനുഷ്യ കുടുംബത്തിൽ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കപ്പെടും എന്ന “ആശയോടെ”യാണ് യഹോവ സൃഷ്ടിയെ വ്യർഥതയ്ക്കു കീഴ്പെടുത്തിയത്. ഈ ‘ദൈവപുത്രന്മാർ’ ആരാണ്? യേശുക്രിസ്തുവിന്റെ ശിഷ്യന്മാരായ അവരും മറ്റു മനുഷ്യ “സൃഷ്ടി”യെ പോലെ പാപത്തിനും അപൂർണതയ്ക്കും അടിമകളായാണു ജനിച്ചത്. ദൈവത്തിന്റെ ശുദ്ധമായ, പൂർണതയുള്ള സാർവത്രിക കുടുംബത്തിന്റെ ഭാഗം ആയിരിക്കാനുള്ള അവകാശം 1 കൊരിന്ത്യർ 6:11) പിന്നീട് അവരെ ‘ദൈവപുത്രന്മാർ’ ആയി ദത്തെടുത്തു തന്റെ സാർവത്രിക കുടുംബത്തിലേക്കു വീണ്ടും കൂട്ടിവരുത്തുന്നു.—റോമർ 8:14-17.
ജന്മനാ അവർക്കില്ല. എന്നാൽ, അവർക്കു വേണ്ടി യഹോവ ശ്രദ്ധേയമായ ഒരു സംഗതി ചെയ്യുന്നു. യേശുക്രിസ്തുവിന്റെ മറുവിലയാഗത്തിലൂടെ അവൻ അവരെ പാരമ്പര്യസിദ്ധ പാപത്തിന്റെ അടിമത്തത്തിൽ നിന്നു മോചിപ്പിച്ച് ‘നീതിമാന്മാർ’ അല്ലെങ്കിൽ ആത്മീയ ശുദ്ധിയുള്ളവർ ആയി പ്രഖ്യാപിക്കുന്നു. (യഹോവയുടെ ദത്തുപുത്രന്മാർ എന്ന നിലയിൽ അവർ മഹത്തായ പദവി ആസ്വദിക്കും. ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിന്റെ അഥവാ ഗവൺമെന്റിന്റെ ഭാഗമായി അവർ യേശുക്രിസ്തുവിനോടൊപ്പം ‘ദൈവത്തിനു രാജ്യവും പുരോഹിതന്മാരും ആയി ഭൂമിയിൽ [“ഭൂമിയുടെമേൽ,” NW] വാഴും.’ (വെളിപ്പാടു 5:9, 10; 14:1-4) അത് മർദക-സ്വേച്ഛാധിപത്യ ഭരണമല്ല, മറിച്ച് സ്വാതന്ത്ര്യം, നീതി എന്നീ തത്ത്വങ്ങളിൽ സുസ്ഥിരമായി സ്ഥാപിക്കപ്പെടുന്ന ഒരു ഗവൺമെന്റ് ആണ്. (യെശയ്യാവു 9:6, 7; 61:1-4) ഈ ദൈവപുത്രന്മാർ ദീർഘകാലം മുമ്പു വാഗ്ദത്തം ചെയ്യപ്പെട്ട ‘അബ്രാഹാമിന്റെ സന്തതി’യായ യേശുവിന്റെ സഹചാരികളാണ് എന്നു പൗലൊസ് അപ്പൊസ്തലൻ പറയുന്നു. (ഗലാത്യർ 3:16, 26, 29) ആ സ്ഥിതിക്ക്, തന്റെ സുഹൃത്തായ അബ്രാഹാമിനു ദൈവം നൽകിയ ഒരു വാഗ്ദാനം നിവർത്തിക്കുന്നതിൽ അവർ മുഖ്യമായ പങ്കു വഹിക്കുന്നു. അബ്രാഹാമിന്റെ സന്തതി മുഖാന്തരം “ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നത് ആ വാഗ്ദാനത്തിന്റെ ഒരു ഭാഗമാണ്.—ഉല്പത്തി 22:18.
മനുഷ്യവർഗത്തിന് അവർ എന്ത് അനുഗ്രഹം കൈവരുത്തും? ആദാമ്യ പാപത്തിന്റെ ദാരുണമായ അനന്തരഫലങ്ങളിൽ നിന്നു മുഴു മനുഷ്യ കുടുംബത്തെയും മോചിപ്പിച്ച് അവരെ പൂർണതയിലേക്കു പുനഃസ്ഥിതീകരിക്കുന്നതിൽ ദൈവപുത്രന്മാർ പങ്കുവഹിക്കും. യേശുക്രിസ്തുവിന്റെ മറുവിലയാഗത്തിൽ വിശ്വാസം പ്രകടമാക്കിക്കൊണ്ടും അവന്റെ അനുഗൃഹീതമായ രാജ്യ ഭരണത്തിനു കീഴ്പെട്ടുകൊണ്ടും ‘സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും നിന്നുള്ള’ ആളുകൾക്കു തങ്ങളെത്തന്നെ “അനുഗ്രഹി”ക്കാനാകും. (വെളിപ്പാടു 7:9, 14-17; 21:1-5; 22:1, 2; മത്തായി 20:28; യോഹന്നാൻ 3:16) അങ്ങനെ, “സർവ്വസൃഷ്ടിയും” ഒരിക്കൽക്കൂടി ‘ദൈവപുത്രന്മാരുടെ മഹത്തായ സ്വാതന്ത്ര്യം’ ആസ്വദിക്കും. അതു പരിമിതമായ, താത്കാലിക രാഷ്ട്രീയ സ്വാതന്ത്ര്യം പോലുള്ള ഒന്നായിരിക്കില്ല. മറിച്ച്, ആദാമും ഹവ്വായും ദൈവത്തിന്റെ പരമാധികാരം തള്ളിക്കളഞ്ഞ നാൾ മുതൽ മനുഷ്യവർഗത്തിനു വേദനയും യാതനയും വരുത്തിവെച്ച സകല സംഗതികളിൽ നിന്നുമുള്ള സ്വാതന്ത്ര്യം ആയിരിക്കും. ആ വിശ്വസ്തർ നിർവഹിക്കാനിരിക്കുന്ന മഹത്തായ സേവനത്തോടുള്ള താരതമ്യത്തിൽ “ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല” എന്നു പൗലൊസ് അപ്പൊസ്തലനു പറയാൻ സാധിച്ചതിൽ തെല്ലും അതിശയിക്കാനില്ല!
“ദൈവപുത്രന്മാരുടെ വെളിപ്പെടൽ” എന്നാണു തുടങ്ങുക? ഉടൻതന്നെ, ദൈവപുത്രന്മാർ ആരെന്നു സകലർക്കും യഹോവ വ്യക്തമാക്കി കൊടുക്കുമ്പോൾ. ആത്മ മണ്ഡലത്തിലേക്ക് ഉയിർപ്പിക്കപ്പെടുന്ന ഈ “പുത്രന്മാർ” യേശുക്രിസ്തുവിനോടു ചേർന്നുകൊണ്ട് ദൈവത്തിന്റെ യുദ്ധമായ ഹാർ-മഗെദോനിൽ തിന്മയും മർദനവും നീക്കി ഈ ഭൂമിയെ ശുദ്ധീകരിക്കുമ്പോഴാണ് അതു തുടങ്ങുക. (ദാനീയേൽ 2:44; 7:13, 14, 27; വെളിപ്പാടു 2:26, 27; 16:16; 17:14; 19:11-21) ദൈവം ദീർഘകാലമായി അനുവദിച്ചിരിക്കുന്ന മത്സരവും അതിന്റെ തിക്തഫലങ്ങളും അവസാനിക്കാനിരിക്കുന്ന ‘അന്ത്യകാലത്തി’ന്റെ പരമാന്ത്യത്തിലാണു നാം ജീവിക്കുന്നത് എന്നതിന്റെ അനിഷേധ്യ തെളിവുകൾ നമുക്കു ചുറ്റും ദൃശ്യമാണ്.—2 തിമൊഥെയൊസ് 3:1-5; മത്തായി 24:3-31.
“സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈററുനോവോടിരിക്കുന്നു” എന്ന് പൗലൊസ് അപ്പൊസ്തലൻ പറയുന്നതു സത്യംതന്നെ. എന്നാൽ പ്രവൃത്തികൾ 3:21.
അത് അധികനാൾ തുടരില്ല. “ദൈവം ലോകാരംഭംമുതൽ തന്റെ വിശുദ്ധപ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തതു ഒക്കെയും യഥാസ്ഥാനത്താകുന്ന കാല”ത്തിന് ഇപ്പോൾ ജീവിക്കുന്ന ദശലക്ഷങ്ങൾ സാക്ഷ്യം വഹിക്കും. അന്നു മുഴു മനുഷ്യ കുടുംബവും സമാധാനവും സ്വാതന്ത്ര്യവും നീതിയും പുനഃസ്ഥാപിക്കപ്പെടുന്നതു കാണും.—ഒടുവിൽ യഥാർഥ സ്വാതന്ത്ര്യം
‘ദൈവപുത്രന്മാരുടെ മഹത്തായ സ്വാതന്ത്ര്യം’ ആസ്വദിക്കുന്നതിനു നാം എന്തു ചെയ്യണം? യേശുക്രിസ്തു ഇങ്ങനെ പറഞ്ഞു: “എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി, സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും.” (യോഹന്നാൻ 8:31, 32) ക്രിസ്തുവിന്റെ കൽപ്പനകളും പഠിപ്പിക്കലുകളും മനസ്സിലാക്കി അവ അനുസരിക്കുക—അതാണു സ്വാതന്ത്ര്യത്തിലേക്കുള്ള താക്കോൽ. അത് ഇപ്പോൾ പോലും ഒരു പരിധി വരെ സ്വാതന്ത്ര്യം കൈവരുത്തും. സമീപ ഭാവിയിൽ അതു ക്രിസ്തുയേശുവിന്റെ ഭരണത്തിൻ കീഴിൽ സമ്പൂർണ സ്വാതന്ത്ര്യം കൈവരുത്തും. ബൈബിൾ പഠനത്തിലൂടെ യേശുവിന്റെ “വചന”ത്തെ കുറിച്ച് അറിവു നേടുന്നതാണു ജ്ഞാനപൂർവകമായ ഗതി. (യോഹന്നാൻ 17:3) ആദിമ ക്രിസ്ത്യാനികളെ പോലെ ക്രിസ്തുവിന്റെ യഥാർഥ ശിഷ്യന്മാരുടെ സഭയോടൊത്തു സജീവമായി സഹവസിക്കുക. അങ്ങനെ ചെയ്യുക വഴി, തന്റെ സംഘടനയിലൂടെ യഹോവ ഇന്നു ലഭ്യമാക്കുന്ന, വിമോചിപ്പിക്കുന്ന സത്യങ്ങളിൽ നിന്നു നിങ്ങൾക്കു പ്രയോജനം നേടാനാകും.—എബ്രായർ 10:24, 25.
“ദൈവപുത്രന്മാരുടെ വെളിപ്പെടലിനെ ആകാംക്ഷയോടെ കാത്തിരിക്ക”വേ, യാതനകളും അനീതികളും അസഹനീയമായി തോന്നുമ്പോൾ പോലും, ക്രിസ്തുവിന്റെ സംരക്ഷണാത്മക കരുതലിലും പിന്തുണയിലും പൗലൊസ് അപ്പൊസ്തലന് ഉണ്ടായിരുന്നതു പോലുള്ള വിശ്വാസം നിങ്ങൾക്കു നട്ടുവളർത്താനാകും. ദൈവപുത്രന്മാരുടെ വെളിപ്പെടലിനെ കുറിച്ചു ചർച്ച ചെയ്ത ശേഷം പൗലൊസ് ഇങ്ങനെ ചോദിച്ചു: “ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിക്കുന്നതാർ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?” (റോമർ 8:35) തീർച്ചയായും, റൂസോയുടെ വാക്കുകളിൽ പറഞ്ഞാൽ, പൗലൊസിന്റെ നാളിലെ ക്രിസ്ത്യാനികൾ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള മർദക ശക്തികളുടെ “ബന്ധനത്തിൽ” ആയിരുന്നു. മർദകർ അവരെ, “അറുപ്പാനുള്ള ആടുകളെപ്പോലെ” “ഇടവിടാതെ കൊല്ലു”ക ആയിരുന്നു. (റോമർ 8:36) എന്നാൽ, തങ്ങളെ ആകുലീകരിക്കാൻ അവർ അത്തരം സംഗതികളെ അനുവദിച്ചോ?
“നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇതിൽ ഒക്കെയും പൂർണ്ണജയം പ്രാപിക്കുന്നു” എന്നു പൗലൊസ് എഴുതുന്നു. (റോമർ 8:37) കൊടിയ യാതനകൾക്കു മധ്യേയും ആദിമ ക്രിസ്ത്യാനികൾ പൂർണജയം പ്രാപിച്ചുവെന്നോ? അതെങ്ങനെ? പൗലൊസ് ഉത്തരം നൽകുന്നു: “മരണത്തിന്നോ ജീവന്നോ ദൂതന്മാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിന്നോ വരുവാനുള്ളതിന്നോ ഉയരത്തിന്നോ ആഴത്തിന്നോ മററു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽനിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു.” (റോമർ 8:38, 39) ഇപ്പോൾ “കഷ്ടതയോ സങ്കടമോ ഉപദ്രവമോ” പോലെ എന്തുതന്നെ സഹിക്കേണ്ടി വന്നാലും നിങ്ങൾക്കും ‘പൂർണജയം പ്രാപിക്കാൻ’ സാധിക്കും. ഉടൻതന്നെ—അതേ വളരെ പെട്ടെന്നുതന്നെ—നാം സകലവിധ “ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന [“മഹത്തായ,” NW] സ്വാതന്ത്ര്യവും പ്രാപിക്കും” എന്നതിനു ദൈവസ്നേഹം ഉറപ്പേകുന്നു.
[6-ാം പേജിലെ ചിത്രം]
“സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈററു നോവോടിരിക്കുന്നു”
[7-ാം പേജിലെ ചിത്രം]
‘സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യവും പ്രാപിക്കും’