സകലരും സ്വാതന്ത്ര്യം കാംക്ഷിക്കുന്നു
സകലരും സ്വാതന്ത്ര്യം കാംക്ഷിക്കുന്നു
“സ്വതന്ത്രനായി ജനിച്ച മനുഷ്യൻ എവിടെയും ബന്ധനത്തിൽ ആണ്,” 1762-ൽ ഫ്രഞ്ച് തത്ത്വചിന്തകനായ ഷാൻ-ഷാക് റൂസോ എഴുതി. സ്വതന്ത്രനായി ജനിക്കുക. എത്ര നല്ല ആശയം! എങ്കിലും റൂസോ അഭിപ്രായപ്പെട്ട പ്രകാരം, ചരിത്രത്തിൽ ഉടനീളം കോടിക്കണക്കിന് ആളുകൾ ഒരിക്കലും സ്വാതന്ത്ര്യം അനുഭവിച്ചിട്ടില്ല. നേരെമറിച്ച്, അവർ ജീവിതം ചെലവഴിച്ചിരിക്കുന്നത് “ബന്ധനത്തിൽ” ആണ്, ജീവിതത്തിൽ നിന്ന് നിലനിൽക്കുന്ന സന്തുഷ്ടിയും സംതൃപ്തിയും കവർന്നെടുക്കുന്ന ഒരു വ്യവസ്ഥിതിയുടെ തടവുകാരാണ് അവർ.
‘മനുഷ്യൻ മനുഷ്യന്റെമേൽ അവന്റെ ദോഷത്തിനായി അധികാരം നടത്തിയിരിക്കുന്നു’ എന്നതാണ് ഇന്നും കോടിക്കണക്കിന് ആളുകളുടെ അനുഭവം. (സഭാപ്രസംഗി 8:9) അധികാര ദാഹികളും അത്യാഗ്രഹികളുമായ ആളുകൾ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ നിഷ്കരുണം ചവിട്ടിമെതിക്കുന്നു. “അക്രമി സംഘം 21 പേരെ കൊന്നൊടുക്കി” എന്നതു പോലുള്ള റിപ്പോർട്ടുകൾ സാധാരണമാണ്. മറ്റൊരു റിപ്പോർട്ട് സുരക്ഷാ സേനകൾ നടത്തിയ “അരുംകൊല”യെ കുറിച്ചു പറയുന്നു. അവർ ‘ചെറുക്കാൻ ശേഷിയില്ലാത്ത, നിസ്സഹായരായ സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും കൊന്നൊടുക്കുകയും ആളുകളുടെ കഴുത്തറുക്കുകയും തടവുകാരുടെ തലയ്‌ക്കു വെടിവെക്കുകയും ചെയ്‌തു. തുടർന്ന്, അവർ ഷെൽവർഷം നടത്തുകയും ഗ്രാമങ്ങൾ ചുട്ടു ചാമ്പലാക്കുകയും ചെയ്‌തു.’
മർദിതർ സ്വാതന്ത്ര്യം കാംക്ഷിക്കുകയും അതിനായി പോരാടുകയും ചെയ്യുന്നതിൽ തെല്ലും അതിശയിക്കാനില്ല! എന്നാൽ, സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഒരാളുടെ പോരാട്ടത്തിൽ ഒട്ടുമിക്കപ്പോഴും മറ്റൊരാളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും ചവിട്ടി മെതിക്കപ്പെടുന്നു എന്നതാണു ദുഃഖകരമായ യാഥാർഥ്യം. ഈ പ്രക്രിയയിൽ നിർദോഷികളായ സ്ത്രീപുരുഷന്മാരും കുട്ടികളും ബലിയാടുകൾ ആകുന്നു. അവർ മരണത്തിന് അർഹരാണ് എന്നു പ്രഖ്യാപിച്ചുകൊണ്ട് ആ കൊലപാതകങ്ങൾ “ന്യായീകരിക്കപ്പെടുന്നു.” പോയ വർഷം അയർലൻഡിൽ നടന്ന ഒരു സംഭവം ഉദാഹരണമായെടുക്കാം. ഓമാ എന്ന ഗ്രാമീണ പട്ടണത്തിൽ, “സ്വാതന്ത്ര്യ സമര സേനാനികൾ” കാറിൽ സ്ഥാപിച്ചിരുന്ന ബോംബു പൊട്ടിത്തെറിച്ച് നിരപരാധികളായ 29 പേർ കൊല്ലപ്പെട്ടു, നൂറു കണക്കിന് ആളുകൾക്കു പരിക്കു പറ്റി.
ഇപ്പോഴും “ബന്ധനത്തിൽ”
പോരാട്ടം കൊണ്ടുള്ള നേട്ടം എന്താണ്? പോരാട്ടങ്ങളിൽ ജയിക്കുമ്പോൾ “സ്വാതന്ത്ര്യ സമര സേനാനികൾ” പരിമിതമായ സ്വാതന്ത്ര്യം കൈവരിച്ചേക്കാം. എന്നാൽ,
അവർ യഥാർഥത്തിൽ സ്വതന്ത്രരാണോ? സ്വാതന്ത്ര്യം ഉണ്ടെന്നു പറയപ്പെടുന്ന ഇന്നത്തെ ലോകത്തിൽ, അങ്ങേയറ്റം സ്വാതന്ത്ര്യം ആസ്വദിക്കുന്നു എന്നു പറയുന്ന സമൂഹങ്ങളിൽ പോലും ആളുകൾ ഇപ്പോഴും ദാരിദ്ര്യം, അപൂർണത, രോഗം, മരണം എന്നീ ക്രൂര യജമാനന്മാരുടെ “ബന്ധനത്തിൽ” അല്ലേ? അത്തരം കാര്യങ്ങൾ ഒരു വ്യക്തിയെ തുടർന്നും അടിമത്തത്തിൽ ആക്കുന്നിടത്തോളം കാലം അയാൾക്ക് എങ്ങനെ സ്വതന്ത്രനാണ് എന്നു പറയാൻ കഴിയും?പുരാതന കാലത്തെ ബൈബിൾ എഴുത്തുകാരനായ മോശ, ആളുകളുടെ ജീവിതാവസ്ഥയെ കുറിച്ചു കൃത്യമായി വർണിച്ചു. ചരിത്രത്തിൽ ഉടനീളം അത് അങ്ങനെ ആയിരുന്നിട്ടുണ്ട്, ഇപ്പോഴും അതിനു മാറ്റമില്ല. നാം 70-ഓ 80-ഓ വയസ്സു വരെ ജീവിച്ചേക്കാമെങ്കിലും “അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ” എന്ന് അവൻ പറഞ്ഞു. (സങ്കീർത്തനം 90:10) ഈ സ്ഥിതിവിശേഷത്തിന് എന്നെങ്കിലും മാറ്റമുണ്ടാകുമോ? ഇന്ന് അനേകരും അനുഭവിക്കുന്നതിൽ നിന്നു വ്യത്യസ്തമായി വേദനയും ഭീതിയും ഇല്ലാത്ത, തികച്ചും സംതൃപ്തിദായകമായ ജീവിതം നയിക്കാൻ നമുക്ക് ഏവർക്കും എന്നെങ്കിലും സാധിക്കുമോ?
സാധിക്കും എന്നു ബൈബിൾ പറയുന്നു! “ദൈവമക്കളുടെ തേജസ്സാകുന്ന [“മഹത്തായ,” NW] സ്വാതന്ത്ര്യ”ത്തെ കുറിച്ച് അതു പറയുന്നു. (റോമർ 8:20) ഒന്നാം നൂറ്റാണ്ടിൽ റോമിലെ ക്രിസ്ത്യാനികൾക്കു പൗലൊസ് അപ്പൊസ്തലൻ എഴുതിയ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന ആ സ്വാതന്ത്ര്യത്തെ കുറിച്ചു നമുക്കൊന്ന് അടുത്തു പരിചിന്തിക്കാം. നമുക്ക് ഓരോരുത്തർക്കും യഥാർഥത്തിലുള്ള, നിലനിൽക്കുന്ന ‘മഹത്തായ സ്വാതന്ത്ര്യം’ എങ്ങനെ പ്രാപിക്കാനാകും എന്നു പ്രസ്‌തുത ലേഖനത്തിൽ പൗലൊസ് വ്യക്തമായി വിശദീകരിക്കുന്നു.
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട]
From the book Beacon Lights of History, Vol. XIII