“എൻ മനമേ, യഹോവയെ വാഴ്ത്തുക”
“എൻ മനമേ, യഹോവയെ വാഴ്ത്തുക”
“ഏതാനും മാസങ്ങളായി എന്റെ ശുശ്രൂഷ വിരസവും സന്തോഷരഹിതവും ആയിത്തീർന്നിരിക്കുന്നു,” നാൻസി a പറയുന്നു. അവൾ ഒരു പയനിയർ അഥവാ ഒരു മുഴു സമയ സുവാർത്താ ഘോഷക ആയി സേവിക്കാൻ തുടങ്ങിയിട്ട് ഏകദേശം പത്തു വർഷമായി. പക്ഷേ അവൾ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “കാര്യങ്ങൾ ഇപ്രകാരം ആയിരിക്കാൻ അല്ല ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ രാജ്യസന്ദേശം അവതരിപ്പിക്കുന്നത് ഉത്സാഹത്തോടെ അല്ലെന്നു തോന്നുന്നു, അതു ഹൃദയപൂർവം ആണെന്നു പറയാനാകില്ല. ഞാൻ എന്തു ചെയ്യണം?”
യഹോവയുടെ സാക്ഷികളുടെ സഭയിലെ ഒരു മൂപ്പനായ കിത്തിന്റെ കാര്യവും പരിഗണിക്കുക. “നിങ്ങളുടെ മനസ്സ് ഇവിടെയൊന്നുമല്ലേ? ഭക്ഷണവേള അല്ലാഞ്ഞിട്ടുപോലും ഇപ്പോൾ നടത്തിയ പ്രാർഥനയിൽ നിങ്ങൾ ഭക്ഷണത്തിനു നന്ദി പറഞ്ഞു” എന്ന് ഭാര്യ പറയുന്നതു കേട്ട അദ്ദേഹം അമ്പരന്നുപോയി! “എന്റെ പ്രാർഥനകൾ യാന്ത്രികം ആയിത്തീർന്നിരിക്കുന്നു എന്നു ഞാൻ മനസ്സിലാക്കുന്നു,” കിത്ത് സമ്മതിക്കുന്നു.
യഹോവയ്ക്കുള്ള നിങ്ങളുടെ സ്തുതി വചനങ്ങൾ നിർവികാരവും യാന്ത്രികവും ആയിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല എന്നതിനു തെല്ലും സംശയമില്ല. നേരെമറിച്ച്, അവ ഹൃദയംഗമമായത്, കൃതജ്ഞതയിൽനിന്ന് ഉളവാകുന്നത് ആയിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ, ഒരു വസ്ത്രം ധരിക്കുകയോ ഊരിമാറ്റുകയോ ചെയ്യുന്നതുപോലെ അത്രയെളുപ്പം ഒരു വികാരത്തെ ഉൾക്കൊള്ളാനോ ഇല്ലായ്മ ചെയ്യാനോ സാധിക്കില്ല. അത് ഒരു വ്യക്തിയുടെ ഉള്ളിൽനിന്ന് ഉത്ഭവിക്കണം. ഒരുവനു ഹൃദയത്തിൽ കൃതജ്ഞത തോന്നാൻ കഴിയുന്നത് എങ്ങനെ? 103-ാം സങ്കീർത്തനം ഈ സംഗതിയിൽ നമുക്ക് ഉൾക്കാഴ്ച പ്രദാനം ചെയ്യുന്നു.
പുരാതന ഇസ്രായേലിലെ ദാവീദ് രാജാവ് ആണ് 103-ാം സങ്കീർത്തനം രചിച്ചത്. അവൻ അത് ഈ വാക്കുകളോടെ ആരംഭിക്കുന്നു: “എൻ മനമേ [“ദേഹിയെ,” NW] യഹോവയെ വാഴ്ത്തുക; എന്റെ സർവ്വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക.” (സങ്കീർത്തനം 103:1) “ദൈവത്തോടുള്ള ബന്ധത്തിലാകുമ്പോൾ, വാഴ്ത്തുക എന്ന പദം എല്ലായ്പോഴും അവനോടുള്ള ശക്തമായ പ്രിയത്തെയും കൃതജ്ഞതാ ബോധത്തെയും സൂചിപ്പിക്കുന്ന സ്തുതിയെ അർഥമാക്കുന്നു” എന്ന് ഒരു പരാമർശ ഗ്രന്ഥം പറയുന്നു. സ്നേഹവും വിലമതിപ്പും നിറഞ്ഞ ഹൃദയത്തോടെ യഹോവയെ സ്തുതിക്കാൻ ആഗ്രഹിച്ചുകൊണ്ട് ദാവീദ് തന്റെ ദേഹിയെ—തന്നെത്തന്നെ—‘യഹോവയെ വാഴ്ത്താൻ’ ഉദ്ബോധിപ്പിക്കുന്നു. എന്നാൽ ദാവീദിന്റെ ഹൃദയത്തിൽ, താൻ ആരാധിക്കുന്ന ദൈവത്തോട് ഈ ഊഷ്മളമായ വികാരം തോന്നാൻ ഇടയാക്കിയത് എന്താണ്?
ദാവീദ് തുടരുന്നു: “അവന്റെ [യഹോവയുടെ] ഉപകാരങ്ങൾ [“പ്രവൃത്തികൾ,” NW] ഒന്നും മറക്കരുതു.” (സങ്കീർത്തനം 103:2) യഹോവയോടു കൃതജ്ഞത തോന്നുന്നത് “അവന്റെ പ്രവൃത്തിക”ളെ കുറിച്ചു വിലമതിപ്പോടെ ധ്യാനിക്കുന്നതിനോടു വ്യക്തമായി ബന്ധപ്പെട്ടിരിക്കുന്നു. കൃത്യമായും യഹോവയുടെ ഏതു പ്രവൃത്തികളാണു ദാവീദിന്റെ മനസ്സിലുള്ളത്? തെളിഞ്ഞ രാത്രിയിലെ നക്ഷത്ര നിബിഢമായ ആകാശം പോലെയുള്ള, യഹോവയാം ദൈവത്തിന്റെ സൃഷ്ടികളെ നിരീക്ഷിക്കുന്നതു തീർച്ചയായും നമ്മുടെ ഹൃദയങ്ങളെ സ്രഷ്ടാവിനോടുള്ള കൃതജ്ഞതകൊണ്ടു നിറയ്ക്കും. നക്ഷത്ര നിബിഢമായ ആകാശം ദാവീദിന്റെ ഹൃദയത്തെ ആഴമായി സ്പർശിച്ചു. (സങ്കീർത്തനം 8:3, 4; 19:1) എന്നാൽ, 103-ാം സങ്കീർത്തനത്തിൽ യഹോവയുടെ മറ്റൊരു തരത്തിലുള്ള പ്രവൃത്തിയെ ആണ് ദാവീദ് സ്മരിക്കുന്നത്.
യഹോവ “നിന്റെ അകൃത്യം ഒക്കെയും ക്ഷമിക്കുന്നു”
ദൈവം ചെയ്ത സ്നേഹദയാ പ്രവൃത്തികളാണ് ഈ സങ്കീർത്തനത്തിൽ ദാവീദ് വിവരിക്കുന്നത്. അവയിൽ പ്രഥമ പ്രധാനമായതിനെ പരാമർശിച്ചുകൊണ്ട് അവൻ പാടുന്നു: ‘യഹോവ നിന്റെ അകൃത്യം ഒക്കെയും മോചിക്കുന്നു [“ക്ഷമിക്കുന്നു,” NW].’ (സങ്കീർത്തനം 103:3) സ്വന്തം പാപാവസ്ഥയെ കുറിച്ചു ദാവീദിനു തീർച്ചയായും ബോധ്യമുണ്ടായിരുന്നു. ബത്ത്-ശേബയുമായി വ്യഭിചാരത്തിൽ ഏർപ്പെട്ടതിനെ കുറിച്ചു നാഥാൻ പ്രവാചകൻ ദാവീദിനെ ചോദ്യം ചെയ്തപ്പോൾ അവൻ ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “നിന്നോടു [യഹോവയോടു] തന്നേ ഞാൻ പാപം ചെയ്തു; നിനക്കു അനിഷ്ടമായുള്ളതു ഞാൻ ചെയ്തിരിക്കുന്നു.” (സങ്കീർത്തനം 51:4) തകർന്ന ഹൃദയത്തോടെ അവൻ ഇങ്ങനെ അപേക്ഷിച്ചു: “ദൈവമേ, നിന്റെ ദയെക്കു തക്കവണ്ണം എന്നോടു കൃപയുണ്ടാകേണമേ; നിന്റെ കരുണയുടെ ബഹുത്വപ്രകാരം എന്റെ ലംഘനങ്ങളെ മായിച്ചുകളയേണമേ. എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കേണമേ; എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ.” (സങ്കീർത്തനം 51:1, 2) ക്ഷമ ലഭിച്ചപ്പോൾ ദാവീദിന് എത്ര കൃതജ്ഞത തോന്നിയിരിക്കണം! ഒരു അപൂർണ വ്യക്തി എന്ന നിലയിൽ അവൻ തന്റെ ജീവിതത്തിൽ മറ്റു പാപങ്ങളും ചെയ്തു. പക്ഷേ അവൻ എല്ലായ്പോഴും അനുതപിക്കുകയും ശിക്ഷണം സ്വീകരിച്ച് തന്റെ വഴികളെ തിരുത്തുകയും ചെയ്തു. തന്നോടുള്ള ദൈവത്തിന്റെ അതിശയകരമായ ദയാ പ്രവൃത്തികളെ കുറിച്ചു മനനം ചെയ്തത് യഹോവയെ വാഴ്ത്താൻ ദാവീദിനെ പ്രേരിപ്പിച്ചു.
നാമും പാപികൾ അല്ലേ? (റോമർ 5:12) പൗലൊസ് അപ്പൊസ്തലൻ പോലും ഇങ്ങനെ വിലപിച്ചു: “ഉള്ളംകൊണ്ടു ഞാൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു. എങ്കിലും എന്റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാൻ എന്റെ അവയവങ്ങളിൽ കാണുന്നു; അതു എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു. അയ്യോ, ഞാൻ അരിഷ്ടമനുഷ്യൻ! ഈ മരണത്തിന്നു അധീനമായ ശരീരത്തിൽനിന്നു എന്നെ ആർ വിടുവിക്കും?” (റോമർ 7:22-24) യഹോവ നമ്മുടെ തെറ്റുകളുടെ കണക്കു സൂക്ഷിക്കുന്നില്ല എന്നതിൽ നമുക്ക് എത്ര നന്ദിയുള്ളവർ ആയിരിക്കാൻ കഴിയും! നാം അനുതപിച്ച് ക്ഷമ തേടുമ്പോൾ അവൻ സന്തോഷപൂർവം അവ മായ്ച്ചു കളയുന്നു.
ദാവീദ് തന്നെത്തന്നെ ഇങ്ങനെ ഓർമിപ്പിക്കുന്നു: “[യഹോവ] നിന്റെ സകലരോഗങ്ങളെയും സൌഖ്യമാക്കുന്നു.” (സങ്കീർത്തനം 103:3) സൗഖ്യമാക്കൽ ഒരു പുനഃസ്ഥിതീകരണ നടപടി ആയതിനാൽ, ദുഷ്പ്രവൃത്തി ക്ഷമിക്കുന്നതിനെക്കാൾ കൂടുതൽ കാര്യങ്ങൾ അതിൽ ഉൾപ്പെടുന്നു. ‘രോഗങ്ങൾ’—നമ്മുടെ തെറ്റായ വഴികളുടെ മോശമായ പരിണതഫലങ്ങൾ—നീക്കം ചെയ്യുന്നത് അതിൽ ഉൾപ്പെടുന്നു. താൻ ഉണ്ടാക്കുന്ന പുതിയ ലോകത്തിൽ രോഗവും മരണവും പോലുള്ള, പാപത്തിന്റെ ശാരീരിക ഭവിഷ്യത്തുകൾ യഹോവ തീർച്ചയായും തുടച്ചുനീക്കും. (യെശയ്യാവു 25:8; വെളിപ്പാടു 21:1-5എ) എന്നാൽ, ഇന്നുപോലും യഹോവ നമ്മുടെ ആത്മീയ രോഗങ്ങൾ സൗഖ്യമാക്കുന്നു. ചിലരെ സംബന്ധിച്ചിടത്തോളം ഈ ആത്മീയ രോഗത്തിൽ ഉൾപ്പെട്ടിരിക്കുന്നത് മനസ്സാക്ഷിക്കുത്തും അവനുമായുള്ള അറ്റുപോയ ബന്ധവുമാണ്. ഈ സംഗതിയിൽ യഹോവ നാം ഓരോരുത്തർക്കും വേണ്ടി ചെയ്തിരിക്കുന്നതു “മറക്കരുതു.”
‘അവൻ നിന്റെ ജീവനെ വീണ്ടെടുക്കുന്നു’
“[യഹോവ] നിന്റെ ജീവനെ നാശത്തിൽനിന്നു [“കുഴിയിൽനിന്നു,” NW] വീണ്ടെടുക്കുന്നു.” (സങ്കീർത്തനം 103:4) “കുഴി” മനുഷ്യവർഗത്തിന്റെ പൊതു ശവക്കുഴിയായ ഷീയോൾ അഥവാ ഹേഡീസ് ആണ്. ഇസ്രായേലിന്റെ രാജാവ് ആകുന്നതിനു മുമ്പുതന്നെ ദാവീദ് മരണത്തെ മുഖാമുഖം കണ്ടിരുന്നു. ദൃഷ്ടാന്തത്തിന്, ഇസ്രായേലിന്റെ രാജാവായിരുന്ന ശൗൽ, ദാവീദിനോടു ഹിംസാത്മകമായ വിദ്വേഷം വെച്ചുപുലർത്തുകയും അവനെ കൊല്ലാൻ പല തവണ ശ്രമിക്കുകയും ചെയ്തു. (1 ശമൂവേൽ 18:9-29; 19:10; 23:6-29) ഫെലിസ്ത്യരും ദാവീദിനെ കൊല്ലാൻ ആഗ്രഹിച്ചു. (1 ശമൂവേൽ 21:10-15) എന്നാൽ ഓരോ അവസരത്തിലും യഹോവ അവനെ “നാശത്തിൽനിന്നു” സംരക്ഷിച്ചു. യഹോവയുടെ ഈ പ്രവൃത്തികളെ കുറിച്ചു സ്മരിക്കവെ ദാവീദിന് എത്ര കൃതജ്ഞത തോന്നിയിരിക്കണം!
നിങ്ങളെ സംബന്ധിച്ചോ? വിഷാദം അനുഭവപ്പെട്ട സമയത്തോ കഷ്ടനഷ്ടങ്ങൾ ഉണ്ടായപ്പോഴോ യഹോവ നിങ്ങളെ താങ്ങിയിട്ടുണ്ടോ? അല്ലെങ്കിൽ, യഹോവ നമ്മുടെ നാളിൽ തന്റെ വിശ്വസ്ത സാക്ഷികളെ മരണത്തിന്റെ പിടിയിൽനിന്നു വീണ്ടെടുത്ത സംഭവങ്ങളെ കുറിച്ചു നിങ്ങൾക്ക് അറിയാമോ? ഒരുപക്ഷേ ഈ മാസികയുടെ പേജുകളിൽനിന്ന് അവന്റെ വിടുതൽ പ്രവൃത്തികളെ കുറിച്ചുള്ള വിവരണങ്ങൾ വായിച്ചതു നിങ്ങളെ സ്പർശിച്ചിട്ടുണ്ടാകാം. സത്യദൈവത്തിന്റെ ഈ പ്രവൃത്തികളെ കുറിച്ചു വിലമതിപ്പോടെ മനനം ചെയ്യാൻ സമയം ചെലവഴിക്കരുതോ? മാത്രമല്ല, പുനരുത്ഥാന പ്രത്യാശയെ പ്രതി യഹോവയോടു കൃതജ്ഞതയുള്ളവർ ആയിരിക്കാനും നമുക്ക് എല്ലാവർക്കും കാരണമുണ്ട്.—യോഹന്നാൻ 5:28, 29; പ്രവൃത്തികൾ 24:15.
യഹോവ നമുക്കു ജീവൻ നൽകുന്നതിനു പുറമേ അതിനെ ആസ്വാദ്യവും മൂല്യവത്തുമാക്കാൻ വേണ്ട കാര്യങ്ങളും പ്രദാനം ചെയ്യുന്നു. ദൈവം “നിന്നെ സ്നേഹദയയും കരുണയുംകൊണ്ട് കിരീടം അണിയിക്കുന്നു” എന്ന് സങ്കീർത്തനക്കാരൻ പ്രഖ്യാപിക്കുന്നു. (സങ്കീർത്തനം 103:4, NW) നമുക്കു സഹായം ആവശ്യമുള്ളപ്പോൾ യഹോവ നമ്മെ കൈവെടിയാതെ തന്റെ ദൃശ്യസംഘടനയിലൂടെയും സഭയിലെ നിയമിത മൂപ്പന്മാരെ അഥവാ ഇടയന്മാരെ ഉപയോഗിച്ചുകൊണ്ടും നമ്മുടെ സഹായത്തിന് എത്തുന്നു. ആത്മാഭിമാനവും അന്തസ്സും കളഞ്ഞുകുളിക്കാതെ പ്രയാസ സാഹചര്യങ്ങളെ നേരിടാൻ അത്തരം സഹായം നമ്മെ പ്രാപ്തരാക്കുന്നു. ക്രിസ്തീയ ഇടയന്മാർ ആടുകൾക്കായി വളരെയേറെ കരുതുന്നു. അവർ രോഗികളെയും വിഷാദചിത്തരെയും പ്രോത്സാഹിപ്പിക്കുന്നു. വഴിതെറ്റിപ്പോയവരെ പുനഃസ്ഥിതീകരിക്കാൻ തങ്ങൾക്കു സാധിക്കുന്നതെല്ലാം അവർ ചെയ്യുന്നു. (യെശയ്യാവു 32:1, 2; 1 പത്രൊസ് 5:2, 3; യൂദാ 22, 23) ആട്ടിൻകൂട്ടത്തോടു കരുണയും സ്നേഹവും ഉള്ളവരായിരിക്കാൻ യഹോവയുടെ ആത്മാവ് ഈ ഇടയന്മാരെ പ്രേരിപ്പിക്കുന്നു. തീർച്ചയായും, അവന്റെ “സ്നേഹദയയും കരുണയും” നമ്മെ അലങ്കരിക്കുകയും നമുക്കു മാന്യത പകരുകയും ചെയ്യുന്ന ഒരു കിരീടം പോലെയാണ്! യഹോവയുടെ പ്രവൃത്തികൾ ഒരിക്കലും വിസ്മരിക്കാതെ നമുക്ക് അവനെയും അവന്റെ വിശുദ്ധ നാമത്തെയും വാഴ്ത്താം.
തന്നോടു തന്നെയുള്ള ഉദ്ബോധനം തുടർന്നുകൊണ്ട് സങ്കീർത്തനക്കാരനായ ദാവീദ് പാടുന്നു: “നിന്റെ സങ്കീർത്തനം 103:5) യഹോവ നൽകുന്നത് സംതൃപ്തിയും സന്തോഷവും കളിയാടുന്ന ജീവിതമാണ്. എന്തിന്, സത്യത്തെ കുറിച്ചുള്ള പരിജ്ഞാനം തന്നെ ഒരു അനുപമ നിധിയും അതുല്യ സന്തോഷത്തിന്റെ ഉറവുമാണ്! യഹോവ നമുക്കു നൽകിയിരിക്കുന്ന പ്രസംഗ-ശിഷ്യരാക്കൽ വേല എത്രയേറെ സംതൃപ്തികരം ആണെന്നു പരിചിന്തിക്കുക. സത്യദൈവത്തെ കുറിച്ചു പഠിക്കാൻ താത്പര്യമുള്ള ഒരുവനെ കണ്ടെത്തുന്നതും യഹോവയെ അറിയാനും അവനെ സ്തുതിക്കാനും ആ വ്യക്തിയെ സഹായിക്കുന്നതും എത്ര സന്തോഷദായകം ആണ്! എന്നാൽ, നിങ്ങളുടെ പ്രദേശത്തുള്ളവർ ശ്രദ്ധിച്ചാലും ഇല്ലെങ്കിലും, യഹോവയുടെ നാമത്തിന്റെ വിശുദ്ധീകരണത്തോടും അവന്റെ പരമാധികാരത്തിന്റെ ഔചിത്യ സംസ്ഥാപനത്തോടും ബന്ധപ്പെട്ട വേലയിൽ പങ്കുണ്ടായിരിക്കുന്നത് ഒരു മഹത്തായ പദവിയാണ്.
യൌവനം കഴുകനെപ്പോലെ പുതുകിവരത്തക്കവണ്ണം അവൻ നിന്റെ വായ്ക്കു [“ആയുസ്സിന്,” NW] നന്മകൊണ്ടു തൃപ്തിവരുത്തുന്നു.” (ദൈവരാജ്യ ഘോഷണ വേലയിൽ അനവരതം പ്രയത്നിക്കവെ ആർക്കാണ് മടുപ്പോ ക്ഷീണമോ അനുഭവപ്പെടാതിരിക്കുക? എന്നാൽ യഹോവ തന്റെ ദാസന്മാരുടെ ശക്തിയെ പുതുക്കുന്നു, അവരെ ആകാശത്തിൽ വളരെ ഉയർന്നു പറക്കാൻ കഴിയുന്ന, ശക്തമായ ചിറകുകളുള്ള “കഴുകനെപ്പോലെ”യാക്കുന്നു. നമ്മുടെ ശുശ്രൂഷ അനുദിനം വിശ്വസ്തമായി നിറവേറ്റാൻ കഴിയേണ്ടതിന് നമ്മുടെ സ്നേഹവാനായ സ്വർഗീയ പിതാവ് അത്തരം “ചലനാത്മക ഊർജം” പ്രദാനം ചെയ്യുന്നതിൽ നമുക്ക് എത്ര നന്ദിയുള്ളവർ ആയിരിക്കാൻ കഴിയും!—യെശയ്യാവു 40:29-31, NW.
ദൃഷ്ടാന്തത്തിന്, ഒരു മുഴുസമയ ലൗകിക ജോലി ഉണ്ടെങ്കിലും ക്ലാര ഓരോ മാസവും വയൽ ശുശ്രൂഷയിൽ 50 മണിക്കൂർ ചെലവഴിക്കുന്നു. അവർ പറയുന്നു: “എനിക്കു ക്ഷീണം തോന്നുന്ന അവസരങ്ങളിൽ, മറ്റാരെങ്കിലുമൊത്തു പ്രവർത്തിക്കാൻ ക്രമീകരിച്ചിരിക്കുന്നതുകൊണ്ടു മാത്രം ഞാൻ മനഃപൂർവ ശ്രമം ചെയ്ത് വയൽ സേവനത്തിനു പോകുന്നു. എന്നാൽ വയലിൽ എത്തിക്കഴിഞ്ഞാൽ, എനിക്ക് എല്ലായ്പോഴും ഊർജസ്വലത അനുഭവപ്പെടുന്നു.” ക്രിസ്തീയ ശുശ്രൂഷയിലെ ദിവ്യ പിന്തുണയിൽനിന്ന് ഉളവാകുന്ന ഊർജസ്വലത നിങ്ങളും അനുഭവിച്ചിട്ടുണ്ടാകും. ഈ സങ്കീർത്തനത്തിന്റെ പ്രാരംഭ വാക്കുകളിൽ ദാവീദു പറഞ്ഞതുപോലെ പറയാൻ നിങ്ങൾ പ്രേരിതരാകട്ടെ: “എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സർവ്വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക.”
യഹോവ തന്റെ ജനത്തെ വിടുവിക്കുന്നു
സങ്കീർത്തനക്കാരൻ ഇങ്ങനെയും പാടുന്നു: “യഹോവ സകലപീഡിതന്മാർക്കും വേണ്ടി നീതിയും ന്യായവും നടത്തുന്നു. അവൻ തന്റെ വഴികളെ മോശെയെയും തന്റെ പ്രവൃത്തികളെ യിസ്രായേൽമക്കളെയും അറിയിച്ചു.” (സങ്കീർത്തനം 103:6, 7) മോശെയുടെ നാളിൽ ഈജിപ്ഷ്യൻ മർദകരുടെ കീഴിൽ ഇസ്രായേല്യർ അനുഭവിച്ച ‘പീഡനം’ ആയിരുന്നിരിക്കാം ദാവീദിന്റെ മനസ്സിൽ. യഹോവ വിടുതൽ മാർഗങ്ങൾ മോശെയെ അറിയിച്ച വിധത്തെ കുറിച്ചു ധ്യാനിച്ചത് ദാവീദിന്റെ ഹൃദയത്തിൽ കൃതജ്ഞത ഉളവാക്കിയിട്ടുണ്ടാകണം.
ഇസ്രായേല്യരുമായുള്ള ദൈവത്തിന്റെ ഇടപെടലുകളെ കുറിച്ചു വിചിന്തനം ചെയ്യുന്നതിനാൽ സമാനമായ കൃതജ്ഞത തോന്നാൻ നാമും പ്രേരിതരാകും.
എന്നാൽ, യഹോവയുടെ സാക്ഷികൾ—ദൈവരാജ്യ ഘോഷകർ (ഇംഗ്ലീഷ്) പുസ്തകത്തിന്റെ 29-ഉം 30-ഉം അധ്യായങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നതു പോലുള്ള, യഹോവയുടെ ആധുനികകാല ദാസരുടെ അനുഭവങ്ങളെ കുറിച്ചും നാം ധ്യാനിക്കണം. തടവ്, ജനക്കൂട്ടത്താലുള്ള ആക്രമണം, നിരോധനങ്ങൾ, തടങ്കൽ പാളയങ്ങളിലെയും അടിമപ്പണി ക്യാമ്പുകളിലെയും ദുരിതങ്ങൾ എന്നിവ സഹിച്ചു നിൽക്കാൻ ആധുനിക കാലങ്ങളിൽ യഹോവ തന്റെ ജനത്തെ എങ്ങനെ സഹായിച്ചിരിക്കുന്നു എന്നു കാണാൻ ആ പുസ്തകത്തിലും വാച്ച് ടവർ സൊസൈറ്റിയുടെ മറ്റു പ്രസിദ്ധീകരണങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്ന വൃത്താന്തങ്ങൾ നമ്മെ സഹായിക്കുന്നു. ബുറുണ്ടി, ലൈബീരിയ, റുവാണ്ട, മുൻ യൂഗോസ്ലാവിയ തുടങ്ങിയ യുദ്ധകലുഷിത രാജ്യങ്ങളിൽ ദൈവജനം പരിശോധനകൾ നേരിട്ടിട്ടുണ്ട്. എന്നാൽ, പീഡനം ഉണ്ടായിട്ടുള്ളപ്പോഴൊക്കെ യഹോവയുടെ കൈ അവന്റെ വിശ്വസ്ത ദാസരെ പിന്താങ്ങിയിട്ടുണ്ട്. നമ്മുടെ മഹാനായ ദൈവത്തിന്റെ ഈ പ്രവൃത്തികൾ സംബന്ധിച്ചു വിചിന്തനം ചെയ്യുമ്പോൾ, ഈജിപ്തിൽ നിന്നുള്ള വിടുതലിനെ കുറിച്ചു ധ്യാനിക്കവെ ദാവീദിനുണ്ടായ അതേ വികാരം തന്നെയാകും നമുക്കും ഉണ്ടാകുക.യഹോവ നമ്മെ പാപഭാരത്തിൽനിന്ന് എത്രമാത്രം ആർദ്രതയോടെ വിടുവിക്കുന്നു എന്നതും പരിചിന്തിക്കുക. നമ്മുടെ “മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തി”കളിൽ നിന്നു “ശുദ്ധീകരി”ക്കാനായി അവൻ “ക്രിസ്തുവിന്റെ രക്തം” നൽകിയിരിക്കുന്നു. (എബ്രായർ 9:14) നാം നമ്മുടെ പാപങ്ങളെ കുറിച്ച് അനുതപിച്ച് ക്രിസ്തുവിന്റെ ചൊരിയപ്പെട്ട രക്തത്തിന്റെ അടിസ്ഥാനത്തിൽ ക്ഷമ തേടുമ്പോൾ, “ഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതു പോലെ” ദൈവം നമ്മുടെ ലംഘനങ്ങളെ നമ്മിൽനിന്ന് അകറ്റി നമ്മെ അവന്റെ പ്രീതിയിൽ പുനഃസ്ഥിതീകരിക്കുന്നു. ക്രിസ്തീയ യോഗങ്ങൾ, പരിപുഷ്ടിപ്പെടുത്തുന്ന സഹവാസം, സഭയിലെ ഇടയന്മാർ, “വിശ്വസ്തനും വിവേകിയുമായ അടിമ”യിലൂടെ ലഭിക്കുന്ന ബൈബിൾ അധിഷ്ഠിത പ്രസിദ്ധീകരണങ്ങൾ എന്നിങ്ങനെയുള്ള യഹോവയുടെ കരുതലുകളെ കുറിച്ചു ചിന്തിക്കുക. (മത്തായി 24:45, NW) യഹോവയുമായുള്ള നമ്മുടെ ബന്ധം ശക്തിപ്പെടുത്താൻ അവന്റെ ഈ പ്രവൃത്തികൾ എല്ലാം നമ്മെ സഹായിക്കുന്നില്ലേ? ദാവീദ് ഉദ്ഘോഷിക്കുന്നു: “യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു; ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നേ. . . . അവൻ നമ്മുടെ പാപങ്ങൾക്കു ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങൾക്കു ഒത്തവണ്ണം നമ്മോടു പകരം ചെയ്യുന്നതുമില്ല.” (സങ്കീർത്തനം 103:8-14) യഹോവയുടെ സ്നേഹമസൃണമായ പരിപാലനത്തെ കുറിച്ചു ധ്യാനിക്കുന്നത് അവനെ മഹത്ത്വീകരിക്കാനും അവന്റെ നാമത്തെ സ്തുതിക്കാനും നമ്മെ തീർച്ചയായും പ്രേരിപ്പിക്കും.
‘യഹോവയുടെ സകലപ്രവൃത്തികളുമേ, അവനെ വാഴ്ത്തുവിൻ’
“നിത്യദൈവമായ” യഹോവയുടെ അമർത്യതയോടു താരതമ്യം ചെയ്യുമ്പോൾ മർത്യനായ “മനുഷ്യന്റെ ആയുസ്സു” ‘പുല്ലിന്റെ ആയുസ്സു പോലെ’ തീർത്തും ഹ്രസ്വമാണ്. എന്നാൽ, ദാവീദ് വിലമതിപ്പോടെ ഇങ്ങനെ ചിന്തിക്കുന്നു: “യഹോവയുടെ ദയയോ എന്നും എന്നേക്കും അവന്റെ ഭക്തന്മാർക്കും അവന്റെ നീതി മക്കളുടെ മക്കൾക്കും ഉണ്ടാകും. അവന്റെ നിയമത്തെ പ്രമാണിക്കുന്നവർക്കും അവന്റെ കല്പനകളെ ഓർത്തു ആചരിക്കുന്നവർക്കും തന്നേ.” (ഉല്പത്തി 21:33, NW-ലെ അടിക്കുറിപ്പ്; സങ്കീർത്തനം 103:15-18) തന്നെ ഭയപ്പെടുന്നവരെ യഹോവ വിസ്മരിക്കുന്നില്ല. തക്ക സമയത്ത് അവൻ അവർക്കു നിത്യജീവൻ നൽകും.—യോഹന്നാൻ 3:16; 17:3.
യഹോവയുടെ രാജത്വത്തോടുള്ള വിലമതിപ്പു പ്രകടിപ്പിച്ചുകൊണ്ട് ദാവീദ് പറയുന്നു: “യഹോവ തന്റെ സിംഹാസനത്തെ സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു.” (സങ്കീർത്തനം 103:19) ഒരു കാലത്ത് ഇസ്രായേൽ രാജ്യം മുഖേന യഹോവയുടെ രാജത്വം ദൃശ്യമായി പ്രകടിപ്പിക്കപ്പെട്ടെങ്കിലും അവന്റെ സിംഹാസനം യഥാർഥത്തിൽ സ്വർഗത്തിലാണ്. സൃഷ്ടികർത്താവ് ആയിരിക്കുന്നതിനാൽ യഹോവ അഖിലാണ്ഡത്തിന്റെ പരമാധികാര ഭരണാധിപനാണ്. സ്വന്തം ഉദ്ദേശ്യാനുസരണം അവൻ സ്വർഗത്തിലും ഭൂമിയിലും തന്റെ ദിവ്യഹിതം നടപ്പാക്കുകയും ചെയ്യുന്നു.
സ്വർഗീയ ദൂതസൃഷ്ടികളെ പോലും ദാവീദ് ഉദ്ബോധിപ്പിക്കുന്നു. അവൻ പാടുന്നു: “അവന്റെ വചനത്തിന്റെ ശബ്ദം കേട്ടു അവന്റെ ആജ്ഞ അനുസരിക്കുന്ന വീരന്മാരായി അവന്റെ ദൂതന്മാരായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ. അവന്റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി അവന്റെ സകലസൈന്യങ്ങളുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ; അവന്റെ ആധിപത്യത്തിലെ സകലസ്ഥലങ്ങളിലുമുള്ള അവന്റെ സകലപ്രവൃത്തികളുമേ, യഹോവയെ വാഴ്ത്തുവിൻ; എൻ മനമേ, യഹോവയെ വാഴ്ത്തുക.” (സങ്കീർത്തനം 103:20-22) നമ്മോടുള്ള യഹോവയുടെ സ്നേഹദയ നിറഞ്ഞ പ്രവൃത്തികളെ കുറിച്ചു വിചിന്തനം ചെയ്യുന്നത് അവനെ സ്തുതിക്കാൻ നമ്മെയും പ്രേരിപ്പിക്കേണ്ടതല്ലേ? തീർച്ചയായും! നീതിനിഷ്ഠരായ ദൂതന്മാർ പോലും ഉൾപ്പെടുന്ന സ്തുതിപാഠകരുടെ വൻ ഗണത്തിൽ ദൈവത്തിനുള്ള നമ്മുടെ വ്യക്തിഗത സ്തുതിയുടെ ശബ്ദം കേൾക്കാതെ പോകില്ലെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. നമ്മുടെ സ്വർഗീയ പിതാവിനെ കുറിച്ച് എല്ലായ്പോഴും നല്ലതു സംസാരിച്ചുകൊണ്ട് നാം മുഴുഹൃദയത്തോടെ അവനെ സ്തുതിക്കുമാറാകട്ടെ. അങ്ങനെ, “എൻ മനമേ, യഹോവയെ വാഴ്ത്തുക” എന്ന ദാവീദിന്റെ വാക്കുകൾ നമുക്കു പിൻപറ്റാം.
[അടിക്കുറിപ്പുകൾ]
a ചില പേരുകൾക്കു മാറ്റം വരുത്തിയിട്ടുണ്ട്.
[23-ാം പേജിലെ ചിത്രം]
ദാവീദ് യഹോവയുടെ സ്നേഹദയാ പ്രവൃത്തികളെ കുറിച്ചു ധ്യാനിച്ചു. നിങ്ങളോ?