ക്രിസ്തീയ സഭ—ശക്തീകരിക്കുന്ന സഹായത്തിന്റെ ഉറവ്
ക്രിസ്തീയ സഭ—ശക്തീകരിക്കുന്ന സഹായത്തിന്റെ ഉറവ്
വീട്ടിലെ വേദനാജനകമായ സാഹചര്യം 20-കളുടെ തുടക്കത്തിൽ ആയിരുന്ന പോപ്പിയെ നിരാശിതയാക്കി. a അവൾക്ക് മാതാപിതാക്കളുമായി തുറന്ന് ആശയവിനിമയം നടത്താൻ സാധിച്ചിരുന്നില്ല. ഒരു ക്രിസ്തീയ മൂപ്പനോടും ഭാര്യയോടും ഹൃദയം തുറന്നു സംസാരിച്ച ശേഷം, അവൾ അവർക്ക് ഇങ്ങനെ എഴുതി: “എന്നോടു സംസാരിക്കാൻ സമയം ചെലവഴിച്ചതിനു വളരെ നന്ദി. നിങ്ങൾ എനിക്കുവേണ്ടി കരുതുന്നു എന്നത് എന്നെ സംബന്ധിച്ചിടത്തോളം എത്രമാത്രം ആശ്വാസപ്രദം ആണെന്നു നിങ്ങൾക്ക് അറിയില്ല. കാര്യങ്ങൾ വിശ്വസിച്ചു പറയാൻ കഴിയുന്ന ആളുകളെ എനിക്കു നൽകുന്നതിൽ ഞാൻ യഹോവയ്ക്കു നന്ദി പറയുന്നു.”
കൗമാര പ്രായക്കാരായ രണ്ടു മക്കളുള്ള ടൂള അടുത്തയിടെയാണ് വിധവ ആയിത്തീർന്നത്. ആകുലീകരിക്കുന്ന വൈകാരിക-സാമ്പത്തിക പ്രശ്നങ്ങളുടെ ഒരു ചതുപ്പിൽ താൻ അകപ്പെട്ടിരിക്കുന്നതായി അവർ മനസ്സിലാക്കി. എന്നാൽ സഭയിൽ നിന്നുള്ള ഒരു ക്രിസ്തീയ ദമ്പതികൾ അവരെയും കുട്ടികളെയും പതിവായി സന്ദർശിച്ചത് അവരെ ശക്തീകരിച്ചു. തന്റെ സാഹചര്യം വിജയപ്രദമായി തരണം ചെയ്ത ശേഷം അവർ ആ ദമ്പതികൾക്കു പിൻവരുന്ന പ്രകാരം എഴുതിയ ഒരു കാർഡ് അയച്ചു: “ഞാൻ നിങ്ങളെ എല്ലായ്പോഴും പ്രാർഥനയിൽ ഓർമിക്കുന്നു. നിങ്ങൾ എന്നെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എണ്ണമറ്റ നിമിഷങ്ങൾ എനിക്കു മറക്കാനാകില്ല.”
ഈ ലോകത്തിലെ വർധിച്ചുവരുന്ന സമ്മർദങ്ങളാൽ ‘ഭാരപ്പെടുന്ന’തായി നിങ്ങൾക്കു ചിലപ്പോഴൊക്കെ തോന്നാറുണ്ടോ? (മത്തായി 11:28) “കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളും” നിങ്ങളുടെ ജീവിതത്തെ വേദനാജനകം ആക്കിയിട്ടുണ്ടോ? (സഭാപ്രസംഗി 9:11, NW) അങ്ങനെയെങ്കിൽ നിങ്ങൾ ഒറ്റയ്ക്കല്ല. യഹോവയുടെ സാക്ഷികളുടെ ക്രിസ്തീയ സഭയിൽ നിങ്ങൾക്ക് അർഥവത്തായ സഹായം കണ്ടെത്താൻ കഴിയും. ദുരിതം അനുഭവിച്ചിട്ടുള്ള ആയിരക്കണക്കിന് ആളുകൾ അതു മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. തന്നെ സംബന്ധിച്ചിടത്തോളം ചില സഹവിശ്വാസികൾ വിശേഷാൽ “ശക്തീകരിക്കുന്ന ഒരു സഹായം” ആയിരുന്നെന്ന് പൊ.യു. ഒന്നാം നൂറ്റാണ്ടിൽ അപ്പൊസ്തലനായ പൗലൊസ് കണ്ടെത്തി. (കൊലൊസ്സ്യർ 4:10, 11, NW) നിങ്ങൾക്കും സമാനമായ ഒരു അനുഭവം ഉണ്ടായിരിക്കാം.
പിന്തുണയും സഹായവും
ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ സഭ എന്ന പദം പരിഭാഷപ്പെടുത്തിയിരിക്കുന്നത് വിളിച്ചുകൂട്ടപ്പെട്ട ഒരു സംഘം ആളുകൾ എന്ന് അർഥമുള്ള എക്ലിസിയ എന്ന ഗ്രീക്കു വാക്കിൽനിന്നാണ്. ഐക്യദാർഢ്യം, പരസ്പര പിന്തുണ എന്നീ ആശയങ്ങളാണ് ആ വാക്കിൽ അന്തർലീനം ആയിരിക്കുന്നത്.
ക്രിസ്തീയ സഭ ദൈവവചന സത്യം ഉയർത്തിപ്പിടിക്കുകയും ദൈവരാജ്യ സുവാർത്ത ഘോഷിക്കുകയും ചെയ്യുന്നു. (1 തിമൊഥെയൊസ് 3:15; 1 പത്രൊസ് 2:9) കൂടാതെ സഭയോടൊപ്പം സഹവസിക്കുന്നവർക്ക് അത് ആത്മീയ പിന്തുണയും സഹായവും പ്രദാനം ചെയ്യുന്നു. സമ്മർദം അനുഭവിക്കുമ്പോഴൊക്കെ സഹായിക്കാനും ആശ്വസിപ്പിക്കാനും മനസ്സൊരുക്കവും സന്നദ്ധതയും കാട്ടുന്ന, സ്നേഹവും പരിഗണനയും കരുതലും ഉള്ളവരുടെ ഒരു കൂട്ടത്തെ ഒരുവന് അവിടെ കണ്ടെത്താനാകും.—2 കൊരിന്ത്യർ 7:5-7.
യഹോവയുടെ ആരാധകർ എല്ലാ കാലത്തും അവന്റെ സഭയിൽ സംരക്ഷണവും സുരക്ഷിതത്വവും കണ്ടെത്തിയിട്ടുണ്ട്. ദൈവത്തിന്റെ സമ്മേളിത ജനത്തിനിടയിൽ താൻ സന്തോഷവും സുരക്ഷിതത്വ ബോധവും അനുഭവിച്ചെന്ന് സങ്കീർത്തനക്കാരൻ സൂചിപ്പിച്ചു. (സങ്കീർത്തനം 27:4, 5; 55:14; 122:1) സമാനമായി ഇന്ന്, അന്യോന്യം പരിപുഷ്ടിപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സഹവിശ്വാസികളുടെ ഒരു സമൂഹമാണ് ക്രിസ്തീയ സഭ.—സദൃശവാക്യങ്ങൾ 13:20; റോമർ 1:11, 12.
“എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മ” ചെയ്യാൻ സഭാംഗങ്ങൾ പഠിപ്പിക്കപ്പെടുന്നു. (ഗലാത്യർ 6:10) തങ്ങൾക്കു ലഭിക്കുന്ന ബൈബിൾ അധിഷ്ഠിത വിദ്യാഭ്യാസം അന്യോന്യം സഹോദര സ്നേഹവും ആർദ്രപ്രിയവും കാട്ടാൻ അവരെ പ്രേരിപ്പിക്കുന്നു. (റോമർ 12:10; 1 പത്രൊസ് 3:8) സഭയിലെ ആത്മീയ സഹോദരീസഹോദരന്മാർ ദയയും സമാധാനപ്രിയവും ആർദ്രാനുകമ്പയും ഉള്ളവരായിരിക്കാൻ പ്രേരിപ്പിക്കപ്പെടുന്നു. (എഫെസ്യർ 4:3) ചിട്ടപ്രകാരം ആരാധന നടത്തുന്നവർ മാത്രം ആയിരിക്കുന്നതിനു പകരം അവർ മറ്റുള്ളവരോടു സ്നേഹപൂർവകമായ താത്പര്യം കാണിക്കുന്നു.—യാക്കോബ് 1:27.
അതുകൊണ്ടുതന്നെ, മർദിതരായ ആളുകൾ സഭയിൽ ഊഷ്മളമായ ഒരു കുടുംബ സമാന അന്തരീക്ഷം കണ്ടെത്തുന്നു. (മർക്കൊസ് 10:29, 30) ഐകമത്യവും സ്നേഹവും ഉള്ള ഒരു കൂട്ടത്തിന്റെ ഭാഗമാണെന്ന ചിന്ത അവരെ ശക്തീകരിക്കുന്നു. (സങ്കീർത്തനം 133:1-3) സഭയിലൂടെ “വിശ്വസ്തനും വിവേകിയുമായ അടിമ” പരിപുഷ്ടിപ്പെടുത്തുന്ന ആത്മീയ “ആഹാരം തക്ക സമയത്ത്” പ്രദാനം ചെയ്യുന്നു.—മത്തായി 24:45, NW.
സ്നേഹനിധികളായ മേൽവിചാരകന്മാരിൽ നിന്നുള്ള സഹായം
ആത്മീയ പിന്തുണയും പ്രോത്സാഹനവും നൽകുന്ന സ്നേഹനിധികളും സഹാനുഭൂതിയുള്ളവരും യോഗ്യരുമായ ഇടയന്മാരെ ക്രിസ്തീയ സഭയിലെ അംഗങ്ങൾക്ക് സഭയിൽ കണ്ടെത്താനാകും. അത്തരം ഗുണങ്ങൾ ഉള്ള ഇടയന്മാർ “കാറ്റിൽനിന്നുള്ള ഒരു ഒളിയിടവും ഇടിമഴയിൽനിന്നുള്ള ഒരു സങ്കേതവും” പോലെയാണ്. (യെശയ്യാവു 32:1, 2, NW) ആത്മനിയമിത മൂപ്പന്മാർ അഥവാ മേൽവിചാരകന്മാർ ചെമ്മരിയാടു തുല്യരായ ദൈവ ജനത്തിനു വേണ്ടി കരുതുകയും രോഗികളും വിഷാദചിത്തരും ആയവരെ പ്രോത്സാഹിപ്പിക്കുകയും വഴിതെറ്റിപ്പോകുന്നവരെ യഥാസ്ഥാനപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു.—സങ്കീർത്തനം 100:3; 1 പത്രൊസ് 5:2, 3.
തീർച്ചയായും, സഭയിലെ മൂപ്പന്മാരുടെ സംഘം സഹവിശ്വാസികൾക്കു നേരിടുന്ന ശാരീരികമോ മാനസികമോ ആയ രോഗങ്ങൾ സൗഖ്യമാക്കാൻ കഴിവുള്ള ചികിത്സകരുടെയോ ആരോഗ്യ പരിപാലകരുടെയോ ഒരു സംഘമല്ല. ഈ വ്യവസ്ഥിതിയിൽ രോഗികൾക്ക് ‘വൈദ്യനെ ആവശ്യമുണ്ട്.’ (ലൂക്കൊസ് 5:31) എന്നാൽ അത്തരം ഇടയന്മാർക്ക് ആത്മീയ ആവശ്യങ്ങളുള്ളവരെ സഹായിക്കാനാകും. (യാക്കോബ് 5:14, 15) സാധ്യമാകുമ്പോഴെല്ലാം മൂപ്പന്മാർ മറ്റു സഹായങ്ങളും ക്രമീകരിക്കുന്നു.—യാക്കോബ് 2:15, 16.
ആരാണ് അത്തരം സ്നേഹപൂർവകമായ ക്രമീകരണത്തിന്റെ പിന്നിൽ? യഹോവയാം ദൈവം തന്നെ! യഹോവ ഇപ്രകാരം പറയുന്നതായി പ്രവാചകനായ യെഹെസ്കേൽ വിവരിക്കുന്നു: “ഞാൻ തന്നേ എന്റെ ആടുകളെ തിരഞ്ഞുനോക്കും. . . . ചിതറിപ്പോയ സകലസ്ഥലങ്ങളിലുംനിന്നു അവയെ വിടുവിക്കും. ഞാൻ തന്നേ എന്റെ ആടുകളെ മേയിക്കയും കിടത്തുകയും യെഹെസ്കേൽ 34:11, 12, 15, 16.
ചെയ്യും.” ആരോഗ്യമില്ലാത്ത ആടുകളെ കുറിച്ചും അവനു കരുതലുണ്ട്.—തക്കസമയത്തെ യഥാർഥ സഹായം
ക്രിസ്തീയ സഭയിൽ, യഥാർഥ സഹായം വാസ്തവത്തിൽ ലഭ്യമാണോ? ഉവ്വ്. സഭ ഒരു സഹായമാണെന്നു തെളിയുന്ന വിഭിന്ന സാഹചര്യങ്ങളെ ചിത്രീകരിക്കുന്നവയാണ് പിൻവരുന്ന ദൃഷ്ടാന്തങ്ങൾ.
◆ പ്രിയപ്പെട്ട ഒരാളുടെ മരണം. അന്നായുടെ ഭർത്താവ് ഒരു തീരാവ്യാധി പിടിപെട്ടു മരിച്ചു. “അന്നുമുതൽ ക്രിസ്തീയ സഹോദര വർഗത്തിൽനിന്ന് എനിക്ക് ഊഷ്മളമായ സ്നേഹം ലഭിച്ചിട്ടുണ്ട്,” അന്നാ പറയുന്നു. “പിന്തുണയും പ്രോത്സാഹനവും ഏകിക്കൊണ്ട് എന്റെ സഹാരാധകരിൽ നിന്നു തുടർച്ചയായി ലഭിച്ച ദയാ വചനങ്ങളും അവരുടെ ഹൃദയംഗമമായ ആശ്ലേഷങ്ങളും വിഷാദത്തിന്റെ പടുകുഴിയിൽ വീഴാതെ പ്രോത്സാഹിതയായി നിലകൊള്ളാൻ എന്നെ സഹായിച്ചു. അതിന് ഞാൻ യഹോവയ്ക്കു നന്ദി പറയുന്നു. ഏറെ പിന്തുണയും അത്യന്തം ഉണർവും ആർദ്രമായ കരുതലും എനിക്ക് അനുഭവപ്പെടാൻ അവരുടെ സ്നേഹം കാരണമായി.” പ്രിയപ്പെട്ട ഒരാളെ മരണത്തിൽ നഷ്ടമായതിന്റെ മാനസികാഘാതം നിങ്ങളും അനുഭവിച്ചിട്ടുണ്ടായിരിക്കാം. അത്തരം അവസരങ്ങളിൽ അത്യന്തം അനിവാര്യമായിരിക്കുന്ന ആശ്വാസവും വൈകാരിക പിന്തുണയും നൽകാൻ സഭാംഗങ്ങൾക്കു സാധിക്കും.
◆ രോഗം. പോളണ്ടിൽ നിന്നുള്ള ഒരു സഞ്ചാര മേൽവിചാരകനായ ആർഥർ, മധ്യേഷ്യയിലെ സഭകളെ ആത്മീയമായി ശക്തിപ്പെടുത്താൻ വേണ്ടി ആ സഭകൾ പതിവായി സന്ദർശിച്ചിരുന്നു. അത്തരമൊരു സന്ദർശന വേളയിൽ അദ്ദേഹം തീർത്തും രോഗിയായി, ചികിത്സ വിഷമകരമാക്കുന്ന അനേകം ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. അദ്ദേഹം ആഴമായ വിലമതിപ്പോടെ ഇപ്രകാരം ഓർമിക്കുന്നു: “[കസാഖ്സ്ഥാനിലെ ഒരു നഗരത്തിലുള്ള] സഹോദരീസഹോദരന്മാർ എന്നെ പരിപാലിച്ചത് എങ്ങനെയെന്നു നിങ്ങളോടു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. സഹോദരീസഹോദരന്മാർ, എന്തിന് താത്പര്യക്കാർപോലും പണവും ആഹാര സാധനങ്ങളും മരുന്നും കൊണ്ടുവന്നു, അവരിൽ അനേകരെയും ഞാൻ അറിയുകപോലും ഇല്ലായിരുന്നു. . . . വലിയ സന്തോഷത്തോടെ ആയിരുന്നു അവർ അതു ചെയ്തത്.
“ഒരു കവറിൽ കുറച്ചു പണത്തോടൊപ്പം പിൻവരുന്ന കത്തു കിട്ടിയപ്പോഴത്തെ എന്റെ വികാരങ്ങൾ ഒന്ന് വിഭാവന ചെയ്യൂ. ആ കത്ത് ഇപ്രകാരമായിരുന്നു: ‘പ്രിയ സഹോദരാ, ഊഷ്മളമായ ആശംസകൾ. ഐസ്ക്രീം വാങ്ങാൻ മമ്മി എനിക്കു തന്ന പണം മരുന്നു വാങ്ങാനായി സഹോദരന് അയച്ചു തരാൻ ഞാൻ തീരുമാനിച്ചു. സഹോദരൻ വേഗം സുഖം പ്രാപിച്ചു വരണം. യഹോവയ്ക്കു നമ്മെ വളരെക്കാലം ആവശ്യമാണ്. ശുഭാശംസകൾ. നല്ലതും പ്രബോധനാത്മകവുമായ കുറച്ചു കഥകൾ കൂടെ ഞങ്ങൾക്കു പറഞ്ഞുതരണം. വോവ.’” അതേ, ഈ അനുഭവത്തിലേതു പോലെ, രോഗാവസ്ഥയിൽ ശക്തിപ്പെടുത്തുന്ന സഹായം പ്രദാനം ചെയ്യാൻ സഭയിലെ കുട്ടികൾക്കും മുതിർന്നവർക്കും സാധിക്കും.—ഫിലിപ്പിയർ 2:25-29.
◆ വിഷാദം. ഒരു പയനിയർ അഥവാ മുഴുസമയ രാജ്യഘോഷകയായി സേവിക്കാൻ ടെറിക്ക് ഹൃദയംഗമമായ ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ പ്രയാസങ്ങൾ നിമിത്തം അവൾക്കു പയനിയറിങ് നിർത്തേണ്ടിവന്നു. “ഈ സേവനത്തിൽ ഏർപ്പെടാൻ ശ്രമിച്ച് ഒരു വർഷം പോലും പൂർത്തിയാക്കാൻ കഴിയാഞ്ഞതിൽ എനിക്ക് ഏറെ കുറ്റബോധം തോന്നി,” അവൾ പറയുന്നു. യഹോവയുടെ അംഗീകാരം അവനുള്ള തന്റെ സേവനത്തിന്റെ അളവിൽ മാത്രമാണ് അധിഷ്ഠിതം ആയിരിക്കുന്നതെന്ന് ടെറി തെറ്റായി വിശ്വസിച്ചു. (മർക്കൊസ് 12:41-44 വിപരീത താരതമ്യം ചെയ്യുക.) ആകെ നിരാശിതയായ അവൾ സ്വയം ഒറ്റപ്പെടുത്തി. എന്നാൽ, അപ്പോൾ സഭയിൽനിന്ന് നവോന്മേഷപ്രദമായ സഹായം എത്തി.
ടെറി അനുസ്മരിക്കുന്നു: “പ്രായമുള്ള ഒരു പയനിയർ സഹോദരി എന്റെ സഹായത്തിന് എത്തി. ഞാൻ എന്റെ വികാരങ്ങൾ തുറന്നു പറഞ്ഞപ്പോൾ അവർ ശ്രദ്ധിച്ചു. അവരുടെ വീട്ടിൽനിന്നു മടങ്ങവെ, വലിയൊരു ഭാരം തലയിൽനിന്ന് എടുത്തു മാറ്റപ്പെട്ടതുപോലെ എനിക്കു തോന്നി. അന്നുമുതൽ ആ പയനിയർ സഹോദരിയും സഭയിലെ ഒരു മൂപ്പനായ അവരുടെ ഭർത്താവും മൂല്യവത്തായ സഹായം പ്രദാനം ചെയ്തു. ക്ഷേമാന്വേഷണം നടത്തിക്കൊണ്ട് അവർ ദിവസവും എനിക്കു ഫോൺ ചെയ്യുമായിരുന്നു. . . . തങ്ങളുടെ കുടുംബ അധ്യയനങ്ങളിൽ അവർ ചിലപ്പോഴൊക്കെ എന്നെയും ഉൾപ്പെടുത്തിയിരുന്നു. കുടുംബാംഗങ്ങൾ തമ്മിൽ ഉറ്റ ബന്ധം പുലർത്തേണ്ടതിന്റെ പ്രാധാന്യം വിലമതിക്കാൻ അത് എന്നെ സഹായിച്ചു.”
അനേകർക്കും—സമർപ്പിത ക്രിസ്ത്യാനികൾക്കു പോലുംവിഷാദമോ നിരുത്സാഹമോ ഏകാന്തതയോ ഒക്കെ അനുഭവപ്പെടാറുണ്ട്. ദൈവത്തിന്റെ സഭയിൽ സ്നേഹപൂർവകവും നിസ്വാർഥവുമായ സഹായം ലഭ്യമായിരിക്കുന്നതിൽ നമുക്ക് എത്ര നന്ദിയുള്ളവർ ആയിരിക്കാൻ കഴിയും!—1 തെസ്സലൊനീക്യർ 5:14.
◆ അത്യാഹിതങ്ങളും അപകടങ്ങളും. വീടു കത്തിച്ചാമ്പലായി സകല സ്വത്തുക്കളും നഷ്ടമായ ഒരു നാലംഗ കുടുംബത്തിന്റെ സ്ഥാനത്ത് നിങ്ങൾ ആയിരിക്കുന്നതായി സങ്കൽപ്പിക്കുക. “ഞങ്ങളെ എക്കാലത്തും തൊട്ടുണർത്തുന്നതും യഹോവയുടെ ജനത്തിനിടയിലെ യഥാർഥ സ്നേഹം ബോധ്യപ്പെടുത്തിയതുമായ പ്രോത്സാഹജനകമായ അനുഭവം” എന്ന് അവർ വിളിച്ച ഒരു സംഭവം ഉടൻതന്നെ ഉണ്ടായി. അവർ വിവരിക്കുന്നു: “പെട്ടെന്നുതന്നെ, സഹായം വാഗ്ദാനം ചെയ്തുകൊണ്ടും സഹാനുഭൂതി പ്രകടിപ്പിച്ചുകൊണ്ടും ആത്മീയ സഹോദരീസഹോദരന്മാർ നടത്തിയ ആത്മാർഥമായ ഫോൺ വിളികളുടെ പ്രളയം ഞങ്ങളെ വികാരാധീനരാക്കി. ഫോൺ തുടർച്ചയായി
ശബ്ദിച്ചുകൊണ്ടിരുന്നു. കൃതജ്ഞതയാൽ ഞങ്ങളുടെ കണ്ണുകൾ ഈറനണിയിക്കാൻ പോന്നവിധം അത്ര ഹൃദയസ്പർശിയായിരുന്നു എല്ലാവരുടെയും ആത്മാർഥമായ താത്പര്യവും സ്നേഹവും.”അധികം താമസിയാതെ, സഭയിലെ മൂപ്പന്മാർ വലിയൊരു കൂട്ടം സഹോദരന്മാരെ സംഘടിപ്പിച്ച് ഏതാനും ദിവസംകൊണ്ട് ആ കുടുംബത്തിന് ഒരു പുതിയ വീട് ഉണ്ടാക്കി കൊടുത്തു. ഒരു അയൽക്കാരി ഇങ്ങനെ പറഞ്ഞു: “അതു കാണേണ്ട കാഴ്ചതന്നെയാണ്! അവിടെ ജോലി ചെയ്യാൻ എല്ലാത്തരം ആളുകളും, പുരുഷന്മാരും സ്ത്രീകളും കറുത്തവരും സ്പെയിൻകാരും എല്ലാം ഉണ്ട്!” സഹോദര സ്നേഹത്തിന്റെ വ്യക്തമായ തെളിവായിരുന്നു അത്.—യോഹന്നാൻ 13:35.
സഹക്രിസ്ത്യാനികൾ ആ കുടുംബത്തിന് വീടുമാത്രമല്ല വസ്ത്രവും ആഹാരവും പണവും നൽകി. ആ കുടുംബത്തിലെ പിതാവ് പറയുന്നു: “എല്ലാവരും സമ്മാനങ്ങൾ നൽകുന്ന ക്രിസ്തുമസ്സ് കാലയളവിൽ ആയിരുന്നു ഇതു സംഭവിച്ചത്. എന്നാൽ മറ്റാരും ആസ്വദിക്കാഞ്ഞ തരത്തിലുള്ള ആത്മാർഥവും അളവറ്റതുമായ ഔദാര്യമാണ് ഞങ്ങൾക്കു ലഭിച്ചതെന്ന് സത്യസന്ധമായി പറയാൻ ഞങ്ങൾക്കു കഴിയും.” അവർ ഇങ്ങനെ കൂട്ടിച്ചേർത്തു: “തീപിടിത്തത്തെ കുറിച്ചുള്ള ഓർമകൾ സാവധാനം മാഞ്ഞു പോകുകയാണ്, ദയാ പ്രവൃത്തികളെയും നല്ല സുഹൃത്തുക്കളെയും കുറിച്ചുള്ള മധുര സ്മരണകൾ ആ സ്ഥാനം കൈയടക്കുന്നു. സഹോദരങ്ങളുടെ അത്ഭുതകരവും ഏകീകൃതവുമായ അത്തരമൊരു കുടുംബം ഭൂമിയിൽ ഉള്ളതിന് ഞങ്ങൾ സ്നേഹവാനായ സ്വർഗീയ പിതാവായ യഹോവയ്ക്കു നന്ദി കരേറ്റുന്നു, ആ കുടുംബത്തിന്റെ ഭാഗമായിരിക്കുന്നതിൽ ഞങ്ങൾ അത്യന്തം കൃതജ്ഞതയുള്ളവരാണ്!”
തീർച്ചയായും, അത്തരത്തിലുള്ള എല്ലാ ദുരന്തങ്ങളിലും സമാനമായ ഇടപെടൽ സാധ്യമോ പ്രതീക്ഷിക്കാവുന്നതോ അല്ല. എന്നാൽ സഭ നൽകിയേക്കാവുന്ന പിന്തുണയെ ഈ ദൃഷ്ടാന്തം നിശ്ചയമായും ചിത്രീകരിക്കുന്നു.
ഉയരത്തിൽനിന്നുള്ള ജ്ഞാനം
ക്രിസ്തീയ സഭയിൽ മറ്റൊരു തരം സഹായത്തിന്റെയും ശക്തിയുടെയും ഉറവ് അനേകർ കണ്ടെത്തിയിരിക്കുന്നു. അത് എന്താണ്? “വിശ്വസ്തനും വിവേകിയുമായ അടിമ” തയ്യാറാക്കുന്ന പ്രസിദ്ധീകരണങ്ങൾ. അവയിൽ പ്രമുഖം വീക്ഷാഗോപുരം, ഉണരുക! മാസികകൾ ആണ്. ഉൾക്കാഴ്ചയോടു കൂടിയ ബുദ്ധിയുപദേശവും പ്രായോഗിക പ്രബോധനവും നൽകാനായി ഈ പ്രസിദ്ധീകരണങ്ങൾ ആശ്രയിക്കുന്നതു മുഖ്യമായും ബൈബിളിൽ കാണപ്പെടുന്ന ദിവ്യ ജ്ഞാനത്തിലാണ്. (സങ്കീർത്തനം 119:105) തിരുവെഴുത്തുപരമായ വിവരങ്ങൾക്കു പുറമേ, വിഷാദം, ദ്രോഹങ്ങളിൽനിന്നു സുഖംപ്രാപിക്കൽ, സാമൂഹികവും സാമ്പത്തികവുമായ അനേകം പ്രശ്നങ്ങൾ, യുവജനങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ, വികസ്വര രാജ്യങ്ങളുടെ തനതായ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഉത്തരവാദിത്വ ബോധത്തോടെ നടത്തിയ ഔദ്യോഗിക ഗവേഷണ ഫലങ്ങളും അവയിൽ പ്രസിദ്ധീകരിക്കപ്പെടുന്നു. എല്ലാറ്റിലും ഉപരി, ഈ പ്രസിദ്ധീകരണങ്ങൾ ദൈവിക മാർഗത്തെ ഏറ്റവും മെച്ചപ്പെട്ട ജീവമാർഗമായി ഉയർത്തിക്കാട്ടുന്നു.—യെശയ്യാവു 30:20, 21.
ഓരോ വർഷവും, വിലമതിപ്പു പ്രകടിപ്പിച്ചുകൊണ്ടുള്ള ആയിരക്കണക്കിനു കത്തുകൾ വാച്ച് ടവർ സൊസൈറ്റിക്കു ലഭിക്കുന്നു. ദൃഷ്ടാന്തത്തിന്, ആത്മഹത്യയെ കുറിച്ചുള്ള ഒരു ഉണരുക! ലേഖനത്തെ സംബന്ധിച്ച് റഷ്യയിൽനിന്നുള്ള ഒരു യുവാവ് എഴുതി: “എന്റെ വിഷാദ പ്രവണത കാരണം . . . ഞാൻ നിരവധി തവണ ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ചു ചിന്തിച്ചിട്ടുണ്ട്. പ്രശ്നങ്ങളെ നേരിടാൻ ദൈവം എന്നെ സഹായിക്കുമെന്നുള്ള എന്റെ വിശ്വാസത്തെ ഈ ലേഖനം ബലിഷ്ഠമാക്കി. ഞാൻ ജീവിക്കാൻ അവൻ ആഗ്രഹിക്കുന്നു. ഈ ലേഖനത്തിലൂടെ അവൻ നൽകിയ പിന്തുണയ്ക്കു ഞാൻ അവനു നന്ദി പറയുന്നു.”
ഈ പ്രക്ഷുബ്ധ ലോകത്തിലെ നിരന്തരമായ പ്രശ്നങ്ങളെ നേരിടാൻ വളരെ ബുദ്ധിമുട്ടാണെന്നു തോന്നുന്നെങ്കിൽ, ക്രിസ്തീയ സഭയിൽ സുരക്ഷിതമായൊരു അഭയസ്ഥാനം ഉണ്ടെന്ന് നിങ്ങൾ ഉറപ്പ് ഉണ്ടായിരിക്കാവുന്നതാണ്. അങ്ങേയറ്റം വരണ്ട ഒരു മരുഭൂമിയായ ഈ സ്നേഹരഹിത വ്യവസ്ഥിതി നിങ്ങളുടെ ശക്തി ചോർത്തിക്കളയുന്നു എങ്കിൽ യഹോവയുടെ സംഘടനയിൽ പുനരുജ്ജീവിപ്പിക്കുന്ന ഒരു മരുപ്പച്ച നിങ്ങൾക്കു കണ്ടെത്താവുന്നതാണ്. അത്തരം പിന്തുണ അനുഭവിച്ചറിയുമ്പോൾ, ഭർത്താവിന്റെ കടുത്ത രോഗബാധയുടെ നാളുകളെ വിജയകരമായി നേരിട്ട ഒരു ക്രിസ്തീയ വനിതയുടെ വികാരങ്ങൾ നിങ്ങളും പ്രതിഫലിപ്പിച്ചേക്കാം. അവർ ഇങ്ങനെ എഴുതി: “ഈ പ്രതിസന്ധി ഘട്ടത്തിൽ യഹോവ ഞങ്ങളെ തന്റെ ഉള്ളങ്കയ്യിൽ വഹിച്ചതു പോലെ തോന്നാൻ ഞങ്ങൾക്കു ലഭിച്ച സ്നേഹവും കരുതലും ഇടയാക്കി. യഹോവയുടെ മഹോന്നതമായ സംഘടനയുടെ ഭാഗം ആയിരിക്കുന്നതിൽ ഞാൻ എത്ര നന്ദിയുള്ളവളാണെന്നോ!”
[അടിക്കുറിപ്പുകൾ]
a പേരുകൾക്കു മാറ്റം വരുത്തിയിട്ടുണ്ട്.
[26-ാം പേജിലെ ചിത്രം]
രോഗികൾക്കും വിരഹാർത്തർക്കും മറ്റും ശക്തീകരിക്കുന്ന സഹായം പ്രദാനം ചെയ്യാൻ നമുക്കു സാധിക്കും