ചരിത്രപ്രധാന സന്ദർശനം ഒരു ദ്വീപിനെ ആനന്ദിപ്പിക്കുന്നു
ചരിത്രപ്രധാന സന്ദർശനം ഒരു ദ്വീപിനെ ആനന്ദിപ്പിക്കുന്നു
കരീബിയൻ കടലിലെ ഒരു മനോഹര ദ്വീപായ ക്യൂബ സമീപകാലത്ത് അഭൂതപൂർവമായ ഒരു ആത്മീയ ഉണർവിനു സാക്ഷ്യം വഹിച്ചു. ഈ വെസ്റ്റ് ഇൻഡീസ് ദ്വീപ രാജ്യത്തിലെ യഹോവയുടെ സാക്ഷികൾക്ക് 1998-ന്റെ ഒടുവിൽ ദീർഘകാലമായി കാത്തിരുന്ന ഒരു അനുഗ്രഹം കൈവന്നു. 30-ലധികം വർഷങ്ങൾക്കു ശേഷം ആദ്യമായി യഹോവയുടെ സാക്ഷികളുടെ ഭരണ സംഘാംഗങ്ങൾ അവിടം സന്ദർശിച്ചു. അവരോടൊപ്പം വേറെ 15 പ്രതിനിധികളും ഉണ്ടായിരുന്നു. ആ സന്ദർശകർ ഇറ്റലി, ഓസ്ട്രിയ, ഓസ്ട്രേലിയ, ഗ്രേറ്റ് ബ്രിട്ടൻ, ന്യൂസിലൻഡ്, പോർട്ടറിക്കോ, ബെൽജിയം എന്നിവിടങ്ങളിൽ നിന്നുള്ളവർ ആയിരുന്നു.
അവിടെയുള്ള 82,258 രാജ്യ പ്രസാധകരെയും, 1998 വസന്തത്തിൽ നടന്ന കർത്താവിന്റെ സന്ധ്യാഭക്ഷണ ആചരണത്തിൽ അവരോടു ചേർന്ന 87,890 പേരെയും സംബന്ധിച്ചിടത്തോളം ചരിത്രപ്രധാനമായ ഒരു സംഭവമായിരുന്നു അത്.
1998 ഡിസംബർ 1-7 തീയതികളിൽ ലോയ്ഡ് ബാരി, ജോൺ ബാർ, ഗെരിറ്റ് ലോഷ് എന്നിവർ ഹവാനയിലുള്ള ബെഥേൽ ഭവനം സന്ദർശിക്കുകയും ക്യൂബയിൽ നടത്തപ്പെട്ട “ദൈവമാർഗത്തിലുള്ള ജീവിതം” ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിൽ ചിലതിൽ പങ്കെടുക്കുകയും ചെയ്തു. സഞ്ചാര മേൽവിചാരകന്മാരുമായി കൂടിക്കാഴ്ച നടത്താനും ക്യൂബയിലെ സർക്കാർ ഉദ്യോഗസ്ഥരെ അടുത്തറിയാനും സാധിച്ചതിൽ അവർ സന്തുഷ്ടർ ആയിരുന്നു.
“എന്നെയും ഭാര്യയെയും സംബന്ധിച്ചിടത്തോളം അതു ഞങ്ങളുടെ ദിവ്യാധിപത്യ ജീവിതത്തിലെ എടുത്തു പറയത്തക്ക ഒരു സംഭവം ആയിരുന്നു” എന്നു ജോൺ ബാർ പറഞ്ഞു. “ക്യൂബയിലെ നമ്മുടെ സഹോദരങ്ങൾ സത്യത്തെ പ്രതി അങ്ങേയറ്റം തീക്ഷ്ണത ഉള്ളവരാണ്! നമ്മുടെ ലോകവ്യാപക സാഹോദര്യം തികച്ചും അമൂല്യമാണ് എന്ന ഉത്തമ ബോധത്തോടെയാണു
ഞാൻ മടങ്ങിയത്!” ലോയ്ഡ് ബാരി ഇങ്ങനെ കൂട്ടിച്ചേർത്തു: “അവിടത്തെ നമ്മുടെ സഹോദരങ്ങളുടെ അവസ്ഥ മെച്ചമായി മനസ്സിലാക്കാൻ സ്മരണാർഥകമായ ആ വാരം എന്നെ സഹായിച്ചു.”കഴിഞ്ഞ അഞ്ചു വർഷമായി, ക്യൂബയിലെ യഹോവയുടെ സാക്ഷികൾക്കു വർധിച്ച ആരാധനാ സ്വാതന്ത്ര്യം ഉണ്ട്. ഈ അവസ്ഥ തുടരാൻ ക്യൂബൻ അധികൃതർ ആഗ്രഹിക്കുന്നുവെന്ന് അവരുടെ അഭിപ്രായങ്ങൾ സൂചിപ്പിക്കുന്നു.
1994 സെപ്റ്റംബറിൽ, ഹവാനയിലുള്ള ബെഥേൽ ഭവനത്തിൽ അച്ചടി പ്രവർത്തനം ആരംഭിച്ചു. പരസ്യമായി കൂടിവരാനും വീടുതോറും സാക്ഷ്യം നൽകാനും യഹോവയുടെ സാക്ഷികൾക്കു വീണ്ടും സാധിച്ചു. പിന്നീട്, 1998-ൽ, ഭരണസംഘത്തിലെ മൂന്ന് അംഗങ്ങൾ ഉൾപ്പെടെ യഹോവയുടെ സാക്ഷികളുടെ 18 അന്താരാഷ്ട്ര പ്രതിനിധികൾക്കു ക്യൂബ സന്ദർശിക്കാൻ അനുവാദം ലഭിച്ചു.
ആനന്ദഭരിതമായ പുനഃസംഗമം
ഹവാനയിലെ ഹോസേ മാർട്ടി വിമാനത്താവളത്തിൽ വെച്ച് സർക്കാർ ഉദ്യോഗസ്ഥരുടെ ഒരു സംഘവും ബെഥേൽ ഭവനത്തിൽ നിന്നുള്ള ഒരു കൂട്ടവും പ്രതിനിധികളെ ഉപചാരപൂർവം സ്വീകരിച്ചു. ഒരു ഭരണസംഘാംഗം—മിൽട്ടൺ ഹെൻഷൽ—ഏറ്റവും ഒടുവിൽ ക്യൂബ സന്ദർശിച്ചത് 1961-ൽ ആണെന്ന് അക്കൂട്ടത്തിൽ ഒരു സഹോദരൻ ഓർക്കുകയുണ്ടായി. അന്ന് ആ സഹോദരന് 12 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് അദ്ദേഹം ഒരു സഞ്ചാര മേൽവിചാരകൻ ആണ്.
ആ ബെഥേൽ ഭവനത്തിൽ എത്തിയ പ്രതിനിധികൾക്ക് അഭിവാദ്യമരുളാൻ പൂച്ചെണ്ടുകളുമായി സഹോദരങ്ങൾ കാത്തുനിൽപ്പുണ്ടായിരുന്നു. ഒരു സഹോദരൻ പ്രസ്തുത സന്ദർഭത്തിലേക്കായി മാത്രം വളർത്തിയെടുത്ത ഗ്ലാഡിയോലുസും റോസാപ്പൂവും മുല്ലപ്പൂവും മഞ്ഞയും ചെമപ്പും നിറത്തിലുള്ള ഡെയ്സിപ്പൂവും കൊണ്ടുള്ള പൂച്ചെണ്ടുകൾ ആയിരുന്നു അവ. ബെഥേൽ കുടുംബം പ്രതിനിധികളെ സ്വാഗതം ചെയ്യവേ സന്തോഷാശ്രുക്കൾ ധാരയായി ഒഴുകി. പിന്നീട്, ക്യൂബൻ രീതിയിൽ പൊരിച്ച പന്നിയിറച്ചിയും, ചോറ്, പയറ്, സാലഡ് എന്നിവയും മോച്ചോയും (വെളുത്തുള്ളിയും ഒലിവെണ്ണയും ചേർത്തുണ്ടാക്കിയ ഒരുതരം സോസ്) യൂക്കായും പഴങ്ങളും അടങ്ങിയ വിഭവ സമൃദ്ധമായ വിരുന്ന് അവർ ആസ്വദിച്ചു. ഭക്ഷണത്തിനു ശേഷം ഭരണസംഘാംഗങ്ങൾ മൂന്നുപേരും ബെഥേൽ സേവനത്തിന്റെ മൂല്യത്തെ കുറിച്ച് പരിപുഷ്ടിപ്പെടുത്തുന്ന ഓരോ പ്രസംഗം നടത്തി. സ്പാനീഷ് ഭാഷയിൽ നടത്തിയ ലോഷ് സഹോദരന്റെ പ്രസംഗം പ്രത്യേകാൽ ഹൃദയസ്പൃക്കായിരുന്നു. സ്ഥിരമായി സേവിക്കുന്ന 48 സ്വമേധയാ സേവകരും 18 താത്കാലിക സേവകരും ചേർന്നതാണ് ഈ ബെഥേൽ കുടുംബം.
ക്യൂബയിലെ സഹോദരങ്ങൾക്കു വേണ്ടി പുസ്തകങ്ങളും ബൈബിളുകളും അച്ചടിക്കുന്നത് ഇറ്റലിയിൽ ആണെങ്കിലും, വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ബ്ലാക്ക്-ആൻഡ്-വൈറ്റ് പതിപ്പുകൾ രണ്ടു മിമിയോഗ്രാഫ് യന്ത്രങ്ങൾ ഉപയോഗിച്ചു ക്യൂബയിൽത്തന്നെയാണ് ഉത്പാദിപ്പിക്കുന്നത്. ദീർഘനേരം, ഇടുങ്ങിയ ചുറ്റുപാടിൽ ആവർത്തിച്ചുള്ള കായികാധ്വാനത്തിലൂടെ വേണം ആവശ്യമായ മാസികകൾ ഉത്പാദിപ്പിക്കാൻ. 2 കൊരിന്ത്യർ 4:7.
യഹോവയ്ക്കുള്ള തങ്ങളുടെ സേവനത്തെ സ്വമേധയാസേവകർ നിധിപോലെ മൂല്യവത്തായി കരുതുന്നു.—കൺവെൻഷൻ സവിശേഷതകൾ
18 അംഗ പ്രതിനിധി സംഘം മൂന്നു കൂട്ടങ്ങളായി പിരിഞ്ഞ്, മൂന്നു വ്യത്യസ്ത സ്ഥലങ്ങളിൽ—ഹവാന, കാമഗ്വേ, ഹൊൽഗിൻ എന്നിവിടങ്ങളിൽ—നടന്ന ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിൽ പങ്കെടുത്തു. ത്രിദിന കൺവെൻഷനിലെ ഓരോ ദിവസവും മൂപ്പന്മാരും പയനിയർമാരും ഉൾപ്പെടെ സഹോദരങ്ങളുടെ ഒരു വലിയ കൂട്ടത്തിന് ഓരോ സ്ഥലത്തും കൺവെൻഷനിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചു. അതൊരു വിശേഷ അവസരം ആയിരിക്കും എന്നു പ്രാദേശിക സാക്ഷികളോടു പറഞ്ഞിരുന്നെങ്കിലും ഭരണസംഘാംഗങ്ങൾ അതിൽ സംബന്ധിക്കുന്ന കാര്യം അവർക്ക് അറിയില്ലായിരുന്നു. വെള്ളിയാഴ്ച രാവിലെ, തങ്ങളുടെ ഈ പ്രിയപ്പെട്ട സഹോദരന്മാരും ഭാര്യമാരും വാടക ബസിൽ വന്ന് ഇറങ്ങുന്നതു കണ്ടപ്പോൾ അവർക്കുണ്ടായ അത്ഭുതം ഒന്നു വിഭാവന ചെയ്യുക!
അധികൃതരുടെ അനുമതിയോടെ സഹോദരങ്ങൾ ഒരുക്കിയെടുത്ത തുറസ്സായ സ്ഥലത്താണു കൺവെൻഷനുകൾ നടത്തപ്പെട്ടത്. ഹവാനയിലെ കൺവെൻഷൻ സ്ഥലത്ത്, പ്രവേശന കവാടത്തിലെ ഒരു കല്ലിൽ “സങ്കീർത്തനം 133:1” എന്നു കൊത്തിവെച്ചിരുന്നു. അത് സഹോദരങ്ങളുടെ മനസ്സിലേക്കു പ്രസ്തുത വാക്യം കൊണ്ടുവന്നു: “ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!” തീർച്ചയായും, ആ കൺവെൻഷൻ ഹൃദ്യവും ആസ്വാദ്യവുമായ ക്രിസ്തീയ സഹവാസത്തിനു വേദിയൊരുക്കി.
പ്രസംഗങ്ങളും അഭിമുഖങ്ങളും വളരെ നന്നായിരുന്നു എന്നു സന്ദർശകർ അഭിപ്രായപ്പെട്ടു. ദാനീയേൽ 3-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന, ബാബിലോനിൽ അരങ്ങേറിയ സംഭവത്തെ ആസ്പദമാക്കി നടത്തിയ നാടകത്തിന്റെ അവതരണവും സന്ദർശകരിൽ അങ്ങേയറ്റം മതിപ്പുളവാക്കി. അതേക്കുറിച്ച് ഒരു സഹോദരി ഇങ്ങനെ അഭിപ്രായപ്പെട്ടു: “എല്ലാവരുടെയും അഭിനയം ഉഗ്രനായിരുന്നു. സംഭാഷണവും അഭിനയവും നന്നായി ഒത്തുപോയതിനാൽ, സംഭാഷണം നേരത്തെ ടേപ്പു ചെയ്തതാണെന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടു തോന്നി. . . . ആ ദുഷ്ട ബാബിലോന്യൻ ശരിക്കും ദുഷ്ടനായി തോന്നിച്ചു. ആ മൂന്ന് എബ്രായ യുവാക്കളുടെയും മുഖത്തു ദൃഢചിത്തത പ്രകടമായിരുന്നു.”
കൺവെൻഷൻ സ്ഥലം സന്ദർശിച്ച മതകാര്യ ഓഫീസിന്റെ പ്രതിനിധികളും മറ്റു ഗവൺമെന്റ് ഉദ്യോഗസ്ഥന്മാരും സഹോദരങ്ങളുടെ സംഘാടന വൈദഗ്ധ്യത്തെയും നല്ല നടത്തയെയും പ്രതി അവരെ അനുമോദിച്ചു. സന്ദർശക പ്രതിനിധികളോടു ക്യൂബൻ അധികൃതർ കാട്ടിയ നല്ല മനോഭാവത്തിനു ബാരി സഹോദരൻ ആത്മാർഥമായ നന്ദി പ്രകാശിപ്പിച്ചു. നടത്തപ്പെട്ട പ്രസംഗങ്ങളെയും കൺവെൻഷനുകൾ നടത്താൻ അധികൃതർ നൽകിയ അനുമതിയെയും സഹോദരങ്ങൾ വിലമതിച്ചു. മിനിട്ടുകളോളം നീണ്ടുനിന്ന കരഘോഷത്തിലൂടെ അവർ അതു പ്രകടമാക്കി. ഒരു ക്രിസ്തീയ കുടുംബം ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ പ്രതീക്ഷയ്ക്ക് അതീതമായിരുന്നു അത്—ചെറിയ ഒരു അന്താരാഷ്ട്ര കൺവെൻഷൻ! അത്യന്തം വിശിഷ്ടമായ ഒന്ന്. കാരണം, തന്റെ വാഗ്ദാനങ്ങൾ നിവർത്തിക്കാനുള്ള യഹോവയുടെ മഹത്തായ ശക്തിക്ക് അതു തെളിവു നൽകിയിരിക്കുന്നു.”
ആ കൺവെൻഷനുകൾ മറ്റുള്ളവർക്കു സാക്ഷികളെ മെച്ചമായി അടുത്തറിയാനുള്ള അവസരം പ്രദാനം ചെയ്തു. ബസ് ഡ്രൈവർമാരിൽ ഒരാൾ ശനിയാഴ്ചയും ഞായറാഴ്ചയും കൺവെൻഷനു ഹാജരായി. യഹോവയുടെ സാക്ഷികളെ കുറിച്ചു പലതും കേട്ടിട്ടുണ്ടെങ്കിലും സാക്ഷികൾ നല്ലവരും സമാധാന കാംക്ഷികളും ആണെന്നു തനിക്ക് ഇപ്പോൾ ബോധ്യമായി എന്ന് അദ്ദേഹം പറഞ്ഞു.
“ഞങ്ങൾ ഒരിക്കലും മറക്കുകയില്ലാത്ത കാര്യങ്ങൾ”
ക്യൂബയിലെ ആളുകളുടെ ഊഷ്മളതയും സൗഹാർദതയും പ്രതിനിധികളിൽ മതിപ്പുളവാക്കി. ക്യൂബയിലെ ജനങ്ങൾ കഠിനാധ്വാനികളും തത്ത്വദീക്ഷയുള്ളവരും ദയാവായ്പുള്ളവരും ആണ്. “ഒന്നിലധികം തവണ, ഞങ്ങളെ സഹായിക്കാൻ അപരിചിതർ മുന്നോട്ടുവന്നു” എന്ന് ഒരു പ്രതിനിധി പറഞ്ഞു.
ക്യൂബയിലെ സഹ സാക്ഷികൾ പ്രകടിപ്പിച്ച വിശ്വാസവും സന്തോഷവും സ്നേഹവും പ്രതിനിധികളെ ആഴത്തിൽ സ്പർശിച്ചു. പർവതസമാന പ്രതിബന്ധങ്ങൾക്കു മുമ്പിലും അവർ പതറാതെ യഹോവയെ തങ്ങളുടെ ശക്തിദുർഗം ആക്കിയിരിക്കുന്നു. (സങ്കീർത്തനം 91:2) ജോൺ ബാർ ഇങ്ങനെ പറഞ്ഞു: “ആദ്യ ക്യൂബാ സന്ദർശനത്തിൽ എന്നെ അത്ഭുതപ്പെടുത്തിയ ആനന്ദകരമായ അനേകം കാര്യങ്ങളുണ്ട്—ഈ ദേശത്തിന്റെ മനോഹാരിത, ഞാൻ കണ്ടുമുട്ടിയ ആളുകളുടെ ഊഷ്മളത, സർവോപരി ക്യൂബയിലെ സാക്ഷികളുടെ അത്യുത്സാഹം എന്നിവയെല്ലാം. ഇത്ര ഹൃദയസ്പർശിയായ വിധത്തിൽ രാജ്യഗീതങ്ങൾ പാടുന്നതും ആത്മീയ കാര്യങ്ങൾ ഹൃദയത്തെ സ്പർശിക്കവേ ഇത്രയേറെ നീണ്ടുനിൽക്കുന്ന കരഘോഷം മുഴക്കുന്നതും ജീവിതത്തിൽ മുമ്പൊരിക്കലും ഞാൻ കേട്ടിട്ടില്ല! ഞങ്ങൾ ഒരിക്കലും മറക്കുകയില്ലാത്ത കാര്യങ്ങൾ ആണ് അവ. ഞങ്ങൾ എല്ലായ്പോഴും ആ അനുഭവം ഹൃദയത്തിൽ താലോലിക്കും.”
‘ബഹുദ്വീപുകൾ സന്തോഷിക്കട്ടെ’ എന്ന് സങ്കീർത്തനം 97:1 പറയുന്നു. ദൈവത്തെ ആരാധിക്കുന്നതിനുള്ള വർധിച്ച സ്വാതന്ത്ര്യത്തിലും അന്താരാഷ്ട്ര പ്രതിനിധികളുടെ ചരിത്രപ്രധാന സന്ദർശനത്തിലും ക്യൂബയിലെ യഹോവയുടെ സാക്ഷികൾ അങ്ങേയറ്റം സന്തോഷിക്കുന്നു.
[8-ാം പേജിലെ ചിത്രം]
സർക്കാർ ഉദ്യോഗസ്ഥന്മാർക്കു സമ്മാനമായി നൽകുന്നതിനുള്ള ബൈബിളുകളിൽ ഭരണസംഘാംഗങ്ങൾ ഒപ്പിടുന്നു
[8-ാം പേജിലെ ചിത്രം]
1994-ൽ, ഹവാനയിലെ ബെഥേൽ ഭവനം വീണ്ടും തുറക്കപ്പെട്ടു
[8-ാം പേജിലെ ചിത്രം]
ക്യൂബയിൽ നടന്ന “ദൈവമാർഗത്തിലുള്ള ജീവിതം” പ്രത്യേക ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിൽ നിരവധി കുടുംബങ്ങൾ പങ്കെടുത്തു