തന്റെ മാർഗം യഹോവ കാണിച്ചുതരുന്നതിൽ നാം സന്തുഷ്ടർ
തന്റെ മാർഗം യഹോവ കാണിച്ചുതരുന്നതിൽ നാം സന്തുഷ്ടർ
“ദൈവത്തിന്റെ വഴി തികവുള്ളതു, യഹോവയുടെ വചനം ഊതിക്കഴിച്ചതു.”—2 ശമൂവേൽ 22:31.
1, 2. (എ) സകല മനുഷ്യർക്കും അടിസ്ഥാനപരമായി എന്തിന്റെ ആവശ്യമുണ്ട്? (ബി) നാം ആരുടെ മാതൃക അനുകരിക്കുന്നത് ഉചിതമാണ്?
സകല മനുഷ്യർക്കും അടിസ്ഥാനപരമായി മാർഗനിർദേശത്തിന്റെ ആവശ്യമുണ്ട്. തീർച്ചയായും, ജീവിതത്തിൽ മുന്നേറാൻ നമുക്കു സഹായം ആവശ്യമാണ്. ശരിയും തെറ്റും വിവേചിച്ചറിയാൻ സഹായിക്കുന്നതിന് യഹോവയാം ദൈവം നമുക്ക് ഒരളവിൽ ബുദ്ധിശക്തിയും ഒരു മനസ്സാക്ഷിയും തന്നിരിക്കുന്നു എന്നതു ശരിതന്നെ. എന്നാൽ നമ്മുടെ മനസ്സാക്ഷി ആശ്രയയോഗ്യമായ ഒരു വഴികാട്ടി ആയിരിക്കണമെങ്കിൽ അതു പരിശീലിപ്പിക്കപ്പെടണം. (എബ്രായർ 5:14) മാത്രമല്ല, നാം നല്ല തീരുമാനങ്ങൾ കൈക്കൊള്ളണമെങ്കിൽ നമ്മുടെ മനസ്സിനു ശരിയായ വിവരങ്ങളും അവ വിലയിരുത്താനുള്ള പരിശീലനവും ആവശ്യമാണ്. (സദൃശവാക്യങ്ങൾ 2:1-5) എങ്കിൽ പോലും, ജീവിതത്തിലെ അനിശ്ചിതാവസ്ഥകൾ നിമിത്തം നമ്മുടെ തീരുമാനങ്ങൾ ആഗ്രഹം പോലെ നടപ്പാകണമെന്നില്ല. (സഭാപ്രസംഗി 9:11, NW) ഭാവി എന്തായിരിക്കും എന്ന് അറിയാൻ നമ്മുടെ ഉള്ളിൽത്തന്നെ ആശ്രയയോഗ്യമായ യാതൊരു മാർഗവും ഇല്ല.
2 ഇവയും മറ്റു പല കാരണങ്ങളും നിമിത്തം, യിരെമ്യാ പ്രവാചകൻ ഇങ്ങനെ എഴുതി: “യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു.” (യിരെമ്യാവു 10:23) ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ ആയിരുന്നിട്ടു പോലും യേശുക്രിസ്തു മാർഗനിർദേശം സ്വീകരിച്ചു. അവൻ ഇങ്ങനെ പറഞ്ഞു: “പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്വാൻ കഴികയില്ല; അവൻ ചെയ്യുന്നതു എല്ലാം പുത്രനും അവ്വണ്ണം തന്നേ ചെയ്യുന്നു.” (യോഹന്നാൻ 5:19) ആ സ്ഥിതിക്ക്, യേശുവിനെ അനുകരിച്ചുകൊണ്ട്, നമ്മുടെ ചുവടുകളെ നയിക്കുന്നതിനായി നാം യഹോവയിലേക്കു നോക്കുന്നത് എത്ര ജ്ഞാനപൂർവകം ആയിരിക്കും! ദാവീദ് രാജാവ് ഇങ്ങനെ പാടി: “ദൈവത്തിന്റെ വഴി തികവുള്ളതു, യഹോവയുടെ വചനം ഊതിക്കഴിച്ചതു; തന്നെ ശരണമാക്കുന്ന ഏവർക്കും അവൻ പരിച ആകുന്നു.” (2 ശമൂവേൽ 22:31) സ്വന്ത ജ്ഞാനപ്രകാരം നടക്കുന്നതിനു പകരം യഹോവയുടെ മാർഗത്തിൽ നടക്കാൻ ശ്രമിക്കുന്നപക്ഷം, നമുക്കു തികഞ്ഞ മാർഗദർശനം ലഭിക്കും. ദൈവമാർഗം തിരസ്കരിക്കുന്നതിന്റെ ഫലം നാശമായിരിക്കും.
യഹോവ മാർഗം കാട്ടിത്തരുന്നു
3. യഹോവ ആദാമിനും ഹവ്വായ്ക്കും മാർഗനിർദേശം നൽകിയത് എങ്ങനെ, അവരുടെ മുന്നിൽ എങ്ങനെയുള്ള പ്രത്യാശകളാണ് ഉണ്ടായിരുന്നത്?
3 ആദാമിന്റെയും ഹവ്വായുടെയും കാര്യം പരിചിന്തിക്കുക. പാപരഹിതർ ആയിരുന്നെങ്കിലും, അവർക്കു മാർഗനിർദേശം ആവശ്യമായിരുന്നു. മനോജ്ഞമായ ഏദെൻ തോട്ടത്തിൽ സകല കാര്യങ്ങളും ആദാം തനിയെ ആസൂത്രണം ചെയ്യട്ടെ എന്ന് യഹോവ വിചാരിച്ചില്ല. പകരം, ദൈവം അവന് ഒരു വേല കൊടുത്തു. ഒന്നാമതായി, ആദാം മൃഗങ്ങൾക്കു പേരിടണമായിരുന്നു. പിന്നീട്, യഹോവ ആദാമിനും ഹവ്വായ്ക്കും മുന്നിൽ ദീർഘകാല ലാക്കുകൾ വെച്ചു. അവർ ഭൂമിയെ കീഴടക്കുകയും തങ്ങളുടെ മക്കളെക്കൊണ്ട് അതിനെ നിറയ്ക്കുകയും അതിലെ മൃഗങ്ങൾക്കായി കരുതുകയും ചെയ്യണമായിരുന്നു. (ഉല്പത്തി 1:28) അത് ഒരു വൻ ദൗത്യം ആയിരുന്നെങ്കിലും, ഒടുവിൽ ഈ ഭൂമി മൃഗങ്ങളുമായി ഐക്യത്തിൽ വസിക്കുന്ന, പൂർണതയുള്ള മനുഷ്യരെക്കൊണ്ട് നിറഞ്ഞ ഒരു ആഗോള പറുദീസ ആയിത്തീരുമായിരുന്നു. എത്ര വിസ്മയകരമായ ഒരു പ്രത്യാശ! മാത്രമല്ല, ആദാമും ഹവ്വായും യഹോവയുടെ മാർഗത്തിൽ വിശ്വസ്തരായി നടക്കവേ അവർക്ക് അവനുമായി ആശയവിനിമയം നടത്താനും കഴിയുമായിരുന്നു. (ഉല്പത്തി 3:8 താരതമ്യം ചെയ്യുക.) സ്രഷ്ടാവുമായി വ്യക്തിഗതമായ ഒരു ബന്ധം തുടർന്നുകൊണ്ടു പോകാൻ സാധിക്കുക എന്നത് എത്ര വിസ്മയകരമായ ഒരു പദവിയാണ്!
4. ആദാമിനും ഹവ്വായ്ക്കും വിശ്വസ്തതയും ആശ്രയബോധവും ഇല്ലാതെപോയത് എങ്ങനെ, അതിന്റെ വിപത്കരമായ ഫലങ്ങൾ എന്തായിരുന്നു?
4 ഏദെനിൽ ഉണ്ടായിരുന്ന, നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലം ഭക്ഷിക്കരുതെന്നു യഹോവ ആദ്യ ദമ്പതികൾക്കു വിലക്കു കൽപ്പിച്ചിരുന്നു. അങ്ങനെ തങ്ങളുടെ അനുസരണം—യഹോവയുടെ മാർഗത്തിൽ നടക്കാനുള്ള ആഗ്രഹം—തെളിയിക്കാനുള്ള അവസരം ഉടൻതന്നെ അവർക്കു ലഭ്യമായി. (ഉല്പത്തി 2:17) എന്നാൽ, ഒട്ടും താമസിയാതെ ആ അനുസരണം പരിശോധിക്കപ്പെട്ടു. തന്റെ വഞ്ചക മൊഴികളുമായി സാത്താൻ വന്നപ്പോൾ ആദാമും ഹവ്വായും യഹോവയോടുള്ള വിശ്വസ്തത തെളിയിക്കണമായിരുന്നു. അനുസരണമുള്ളവരായി നിലകൊള്ളുന്നതിന് അവർ യഹോവയുടെ വാഗ്ദാനങ്ങളിൽ ആശ്രയം പ്രകടമാക്കുകയും ചെയ്യണമായിരുന്നു. ദുഃഖകരമെന്നു പറയട്ടെ, അവർക്കു വിശ്വസ്തതയും ആശ്രയബോധവും ഇല്ലാതെപോയി. സാത്താൻ ഹവ്വായ്ക്കു സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുകയും യഹോവ ഭോഷ്കു പറയുന്നുവെന്ന വ്യാജ ആരോപണം ഉന്നയിക്കുകയും ചെയ്തപ്പോൾ വഞ്ചിതയായിത്തീർന്ന അവൾ ദൈവത്തോട് അനുസരണക്കേടു കാണിച്ചു. ഹവ്വായെ തുടർന്ന് ആദാമും പാപം ചെയ്തു. (ഉല്പത്തി 3:1-6; 1 തിമൊഥെയൊസ് 2:14) തത്ഫലമായി അവർക്കു കനത്ത നഷ്ടം നേരിട്ടു. യഹോവയുടെ ഹിതം പടിപടിയായി നിവർത്തിച്ചുകൊണ്ട് അവന്റെ മാർഗത്തിൽ നടന്നാൽ അവരുടെ സന്തോഷം ഒന്നിനൊന്നു വർധിച്ചുവരുമായിരുന്നു. എന്നാൽ പാപം ചെയ്തതോടെ, നൈരാശ്യവും വേദനയും അവരെ വരിഞ്ഞു മുറുക്കി, അവരുടെ മരണം വരെ.—ഉല്പത്തി 3:16-19; 5:1-5.
5. യഹോവയുടെ ദീർഘകാല അടിസ്ഥാനത്തിലുള്ള ഉദ്ദേശ്യം എന്താണ്, അതിന്റെ നിവൃത്തി കാണാൻ വിശ്വസ്ത മനുഷ്യരെ അവൻ എങ്ങനെ സഹായിക്കുന്നു?
5 എന്നിരുന്നാലും, പൂർണരും പാപരഹിതരുമായ മനുഷ്യർക്കായി ഭൂമി ഒരിക്കൽ ഒരു പറുദീസ ആയിത്തീരുമെന്ന തന്റെ ഉദ്ദേശ്യത്തിനു യഹോവ മാറ്റം വരുത്തിയില്ല. (സങ്കീർത്തനം 37:11, 29) തന്റെ മാർഗത്തിൽ നടക്കുകയും ആ വാഗ്ദത്തത്തിന്റെ നിവൃത്തി കാണാൻ നോക്കിപ്പാർത്തിരിക്കുകയും ചെയ്യുന്നവർക്ക് ഉത്തമ മാർഗനിർദേശം നൽകുന്നതിൽ അവൻ പരാജയപ്പെട്ടിട്ടുമില്ല. നമ്മുടെ ഇടയിൽ കേൾക്കാൻ സന്നദ്ധരായവർക്കു പിന്നിൽ, “വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ” എന്ന യഹോവയുടെ വാക്കുകൾ മുഴങ്ങുന്നു.—യെശയ്യാവു 30:21.
യഹോവയുടെ മാർഗത്തിൽ നടന്നവർ
6. പുരാതന കാലങ്ങളിൽ യഹോവയുടെ മാർഗത്തിൽ നടന്ന രണ്ടു പുരുഷന്മാർ ആരൊക്കെ, അവർ അങ്ങനെ നടന്നതിന്റെ ഫലങ്ങൾ എന്തെല്ലാം?
6 ബൈബിൾ വൃത്താന്തം പറയുന്നപ്രകാരം, ആദാമിന്റെയും ഹവ്വായുടെയും സന്തതികളിൽ ഒരു ചെറിയ സംഖ്യ മാത്രമേ യഹോവയുടെ മാർഗത്തിൽ നടന്നുള്ളൂ. അവരിൽ ആദ്യത്തെ ആൾ ഹാബേൽ ആയിരുന്നു. ഹാബേൽ അകാല ചരമം പ്രാപിച്ചെങ്കിലും, യഹോവയുടെ പ്രീതിയിൽ മരിച്ച അവനു ‘നീതിമാന്മാരുടെ പുനരുത്ഥാന’ത്തിൽ വരാനുള്ള ഉറച്ച പ്രതീക്ഷ ഉണ്ട്. (പ്രവൃത്തികൾ 24:15) ഭൂമിയെയും മനുഷ്യരെയും സംബന്ധിച്ച യഹോവയുടെ വലിയ ഉദ്ദേശ്യത്തിന്റെ അന്തിമ നിവൃത്തി അവൻ കാണും. (എബ്രായർ 11:4) യഹോവയുടെ മാർഗത്തിൽ നടന്ന മറ്റൊരാൾ ഹനോക്ക് ആയിരുന്നു. ഈ വ്യവസ്ഥിതിയുടെ അന്ത്യത്തെ കുറിച്ചുള്ള അവന്റെ പ്രവചനം യൂദായുടെ പുസ്തകത്തിൽ കാണാം. (യൂദാ 14, 15) ഹനോക്കും ആയുസ്സ് എത്തും മുമ്പേ മരിച്ചു. (ഉല്പത്തി 5:21-24) എന്നിട്ടും, ‘അവൻ ദൈവത്തെ പ്രസാദിപ്പിച്ചു എന്ന സാക്ഷ്യം പ്രാപിച്ചു.’ (എബ്രായർ 11:5) മരിച്ചപ്പോൾ അവനും ഹാബേലിനെപ്പോലെ പുനരുത്ഥാനം സംബന്ധിച്ച ഉറച്ച പ്രത്യാശ ഉണ്ടായിരുന്നു. തന്മൂലം, യഹോവയുടെ ഉദ്ദേശ്യങ്ങളുടെ നിവൃത്തി കാണുന്നവരുടെ കൂട്ടത്തിൽ അവനും ഉണ്ടായിരിക്കും.
7. നോഹയും കുടുംബവും യഹോവയോടു വിശ്വസ്തത കാണിക്കുകയും അവനിൽ വിശ്വാസം പ്രകടമാക്കുകയും ചെയ്തത് എങ്ങനെ?
7 ദുഷ്ടത നടമാടിയ പ്രളയപൂർവ ലോകത്തിൽ യഹോവയോടുള്ള അനുസരണം വിശ്വസ്തതയുടെ കൂടുതലായ ഒരു പരിശോധന ആയിത്തീർന്നു. ആ ലോകത്തിന്റെ അന്ത്യം അടുത്തപ്പോൾ ഒരു ചെറിയ കൂട്ടം മാത്രമേ യഹോവയുടെ മാർഗത്തിൽ നടക്കുന്നവരായി ഉണ്ടായിരുന്നുള്ളൂ. നോഹയും കുടുംബവും ദൈവം പറഞ്ഞതു ശ്രദ്ധിക്കുകയും അതിൽ വിശ്വാസം പ്രകടമാക്കുകയും ചെയ്തു. തങ്ങൾക്കു ലഭിച്ച ദൗത്യം അവർ വിശ്വസ്തമായി പൂർത്തിയാക്കുകയും തിന്മ നിറഞ്ഞ അന്നത്തെ ലോകത്തിന്റെ ഭാഗമാകാതിരിക്കുകയും ചെയ്തു. (ഉല്പത്തി 6:5-7, 13-16; എബ്രായർ 11:7; 2 പത്രൊസ് 2:5) വിശ്വസ്തതയോടും വിശ്വാസത്തോടും കൂടെ അവർ അനുസരണം പ്രകടമാക്കിയതിൽ നമുക്കു നന്ദിയുള്ളവർ ആയിരിക്കാൻ കഴിയും. തന്മൂലം, അവർ ജലപ്രളയത്തെ അതിജീവിച്ച് നമ്മുടെ പൂർവികർ ആയിത്തീർന്നു.—ഉല്പത്തി 6:22; 1 പത്രൊസ് 3:20.
8. ഇസ്രായേൽ ജനതയെ സംബന്ധിച്ചിടത്തോളം ദൈവമാർഗത്തിൽ നടക്കുന്നതിൽ എന്ത് ഉൾപ്പെട്ടിരുന്നു?
8 പിൽക്കാലത്ത്, വിശ്വസ്തനായ യാക്കോബിന്റെ പിൻതലമുറക്കാരുമായി യഹോവ ഒരു ഉടമ്പടിയിൽ ഏർപ്പെട്ടു. അങ്ങനെ അവർ അവന്റെ പ്രത്യേക ജനത ആയിത്തീർന്നു. (പുറപ്പാടു 19:5, 6) യഹോവ തന്റെ ഉടമ്പടിയിലുള്ള ജനതയ്ക്ക് ഒരു ലിഖിത നിയമസംഹിതയിലൂടെയും പുരോഹിത വർഗത്തിലൂടെയും പ്രവാചകന്മാരിലൂടെയും മാർഗനിർദേശം നൽകി. ആ മാർഗനിർദേശങ്ങൾ അനുസരിക്കാൻ ഇസ്രായേല്യർ ബാധ്യസ്ഥരായിരുന്നു. തന്റെ പ്രവാചകനിലൂടെ യഹോവ ഇസ്രായേല്യരോട് ഇങ്ങനെ പറഞ്ഞു: “ഇതാ, ഞാൻ ഇന്നു അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വെക്കുന്നു. ഇന്നു ഞാൻ നിങ്ങളോടു ആജ്ഞാപിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ നിങ്ങൾ അനുസരിക്കുന്നു എങ്കിൽ അനുഗ്രഹവും നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ അനുസരിക്കാതെ ഇന്നു ഞാൻ നിങ്ങളോടു കല്പിക്കുന്ന വഴിയെ വിട്ടുമാറി നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളുടെ പിന്നാലെ ചെല്ലുന്നു എങ്കിൽ ശാപവും വരും.”—ആവർത്തനപുസ്തകം 11:26-28.
ചിലർ യഹോവയുടെ മാർഗം ഉപേക്ഷിച്ചതിന്റെ കാരണം
9, 10. എങ്ങനെയുള്ള സാഹചര്യം നിമിത്തമാണ് ഇസ്രായേല്യർ യഹോവയിൽ ആശ്രയിക്കുകയും അവനോടുള്ള വിശ്വസ്തത നട്ടുവളർത്തുകയും ചെയ്യേണ്ടിയിരുന്നത്?
9 ആദാമിന്റെയും ഹവ്വായുടെയും കാര്യത്തിലെന്ന പോലെ, അനുസരണമുള്ളവരായി നിലകൊള്ളണമെങ്കിൽ ഇസ്രായേല്യർ യഹോവയിൽ ആശ്രയിക്കുകയും അവനോടു വിശ്വസ്തരായിരിക്കുകയും വേണമായിരുന്നു. വഴക്കാളികളായ അയൽക്കാരാൽ ചുറ്റപ്പെട്ട ചെറിയൊരു ജനത ആയിരുന്നു ഇസ്രായേൽ. അവരുടെ തെക്കു-പടിഞ്ഞാറ് മിസ്രയീമും (ഈജിപ്ത്) കൂശും (എത്യോപ്യ) വടക്കു-കിഴക്ക് അരാമും (സിറിയ) അശ്ശൂരും (അസീറിയ) ആയിരുന്നു ഉണ്ടായിരുന്നത്. കൂടാതെ, ഫെലിസ്ത്യയും അമ്മോനും മോവാബും ഏദോമും മറ്റും അയൽപക്കത്തുതന്നെ ഉണ്ടായിരുന്നു. ഒരു സമയത്ത് അല്ലെങ്കിൽ മറ്റൊരു സമയത്ത് അവരെല്ലാം ഇസ്രായേലിന്റെ ശത്രുക്കളെന്നു തെളിഞ്ഞു. മാത്രമല്ല, അവരെല്ലാം വ്യാജമതം ആചരിച്ചിരുന്നവരും ആണ്. വിഗ്രഹാരാധന, ജ്യോതിഷം, കുത്തഴിഞ്ഞ കാമാസക്ത ചടങ്ങുകൾ, ക്രൂരമായ ശിശുബലികൾ തുടങ്ങിയവയെല്ലാം അവരുടെ ആരാധനാരീതിയുടെ സവിശേഷതകൾ ആയിരുന്നു. തങ്ങൾക്കു വലിയ കുടുംബങ്ങളും സമൃദ്ധമായ കൊയ്ത്തും യുദ്ധജയവും നൽകാൻ ഇസ്രായേലിന്റെ ആ അയൽക്കാർ തങ്ങളുടെ ദൈവങ്ങളിൽ ആശ്രയിച്ചിരുന്നു.
10 ഇസ്രായേൽ മാത്രം ഒരേയൊരു ദൈവത്തെ, യഹോവയെ ആരാധിച്ചു. വലിയ കുടുംബങ്ങളും സമൃദ്ധമായ വിളവുകളും ശത്രുക്കളിൽനിന്നുള്ള സംരക്ഷണവും അവൻ അവർക്കു വാഗ്ദാനം ചെയ്തു—പക്ഷേ അവർ അവന്റെ നിയമങ്ങൾ അനുസരിക്കേണ്ടിയിരുന്നു. (ആവർത്തനപുസ്തകം 28:1-14) ദുഃഖകരമെന്നു പറയട്ടെ, ഇസ്രായേല്യരിൽ അനേകരും ഇതിൽ പരാജയപ്പെട്ടു. യഹോവയുടെ മാർഗത്തിൽ നടന്ന പലർക്കും തങ്ങളുടെ വിശ്വസ്തത നിമിത്തം കഷ്ടം സഹിക്കേണ്ടി വന്നു. ചിലർക്ക് പീഡനം, പരിഹാസം, ചാട്ടയടി, തടവ്, കല്ലേറ് എന്നിവ അനുഭവിക്കേണ്ടി വന്നു, മറ്റു ചിലർ സഹ ഇസ്രായേല്യരാൽ വധിക്കപ്പെട്ടു. (പ്രവൃത്തികൾ 7:51, 52; എബ്രായർ 11:35-38) വിശ്വസ്തരെ സംബന്ധിച്ചിടത്തോളം അത് എത്ര വലിയ ഒരു പരിശോധന ആയിരുന്നു! എന്നാൽ, പലരും യഹോവയുടെ മാർഗത്തിൽ നിന്നു വ്യതിചലിച്ചത് എന്തുകൊണ്ടാണ്? അവരുടെ ചിന്താഗതി തെറ്റായിരുന്നു എന്നു മനസ്സിലാക്കാൻ ഇസ്രായേൽ ചരിത്രത്തിൽ നിന്നുള്ള രണ്ടു ദൃഷ്ടാന്തങ്ങൾ നമ്മെ സഹായിക്കുന്നു.
ആഹാസിന്റെ മോശമായ മാതൃക
11, 12. (എ) അരാമിൽനിന്നു ഭീഷണി നേരിട്ടപ്പോൾ ആഹാസ് എന്തു ചെയ്യാൻ വിസമ്മതിച്ചു? (ബി) സംരക്ഷണാർഥം ഏതു രണ്ട് ഇടങ്ങളിലേക്കാണ് ആഹാസ് തിരിഞ്ഞത്?
11 ആഹാസ് പൊ.യു.മു. എട്ടാം നൂറ്റാണ്ടിൽ തെക്കേ രാജ്യമായ യഹൂദായിൽ ഭരണം നടത്തിയിരുന്നു. അവന്റെ വാഴ്ചക്കാലം സമാധാനപൂർണം ആയിരുന്നില്ല. ഒരിക്കൽ, അരാമും ഇസ്രായേലിലെ വടക്കേ രാജ്യവും ചേർന്ന് അവനെതിരെ യുദ്ധത്തിനു പുറപ്പെട്ടുവന്നപ്പോൾ “അവന്റെ ഹൃദയവും അവന്റെ ജനത്തിന്റെ ഹൃദയവും ഉലഞ്ഞുപോയി.” (യെശയ്യാവു 7:1, 2) എന്നാൽ, യഹോവ സഹായം നൽകാമെന്നു പറയുകയും തന്നെ പരീക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തപ്പോൾ, ആഹാസ് അതു പാടേ തള്ളിക്കളഞ്ഞു! (യെശയ്യാവു 7:10-12) തത്ഫലമായി, യുദ്ധത്തിൽ യഹൂദാ തോൽക്കുകയും അനേകർ വധിക്കപ്പെടുകയും ചെയ്തു.—2 ദിനവൃത്താന്തം 28:1-8.
12 യഹോവയെ പരീക്ഷിക്കാൻ വിസമ്മതിച്ച ആഹാസ്, അശ്ശൂർ രാജാവിൽനിന്നു സഹായം അഭ്യർഥിക്കാൻ മടിച്ചില്ല. എന്നിട്ടും, യഹൂദാ അയൽക്കാരിൽനിന്നു കഷ്ടം അനുഭവിച്ചു. അശ്ശൂർ ആഹാസിനെതിരെ തിരിഞ്ഞ് ‘അവനെ ഞെരുക്കി’യപ്പോൾ “[അരാമ്യ] രാജാക്കന്മാരുടെ ദേവന്മാർ അവരെ സഹായിച്ചതുകൊണ്ടു അവർ എന്നെയും സഹായിക്കേണ്ടതിന്നു ഞാൻ അവർക്കു ബലികഴിക്കും എന്നു പറഞ്ഞു അവൻ തന്നെ തോല്പിച്ച ദമ്മേശെക്കിലെ ദേവന്മാർക്കു ബലികഴിച്ചു.”—2 ദിനവൃത്താന്തം 28:20, 23.
13. അരാമ്യ ദൈവങ്ങളിലേക്കു തിരിയുകവഴി ആഹാസ് എന്തു പ്രകടമാക്കി?
13 പിന്നീടൊരിക്കൽ യഹോവ ഇസ്രായേലിനോടു പറഞ്ഞു: “ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നേ. അയ്യോ, നീ എന്റെ കല്പനകളെ കേട്ടനുസരിച്ചെങ്കിൽ കൊള്ളായിരുന്നു! എന്നാൽ നിന്റെ സമാധാനം നദിപോലെയും നിന്റെ നീതി സമുദ്രത്തിലെ തിരപോലെയും ആകുമായിരുന്നു.” (യെശയ്യാവു 48:17, 18) അരാമ്യ ദൈവങ്ങളിലേക്കു തിരിഞ്ഞ ആഹാസ് ‘താൻ പോകേണ്ടുന്ന വഴിയിൽ’ നിന്നു വളരെ വ്യതിചലിച്ചിരിക്കുന്നു എന്നു പ്രകടമാക്കി. ജനതകളുടെ ആശയങ്ങളാൽ പാടേ വഴിതെറ്റിയ അവൻ, സംരക്ഷണത്തിനായി യഹോവയിലേക്കു നോക്കുന്നതിനു പകരം തെറ്റായ ഉറവിടങ്ങളിലേക്കാണു നോക്കിയത്.
14. വ്യാജ ദൈവങ്ങളിലേക്കു തിരിയാൻ ആഹാസിനു യാതൊരു ന്യായീകരണവും ഇല്ലാതിരുന്നത് എന്തുകൊണ്ട്?
14 അരാം ഉൾപ്പെടെയുള്ള ജനതകളുടെ ദേവന്മാർ ദീർഘകാലമായി “വിലയില്ലാത്ത ദൈവങ്ങൾ” ആണെന്നു തെളിഞ്ഞിരുന്നു. (യെശയ്യാവു 2:8, NW) മുമ്പ്, ദാവീദ് രാജാവിന്റെ വാഴ്ചക്കാലത്ത് അരാമ്യർ അവന്റെ ദാസന്മാർ ആയിത്തീർന്നപ്പോൾ അവരുടെ ദൈവങ്ങളുടെ മേലുള്ള യഹോവയുടെ മേൽക്കോയ്മ വ്യക്തമായും പ്രകടമായിരുന്നു. (1 ദിനവൃത്താന്തം 18:5, 6) യഥാർഥ സുരക്ഷിതത്വം നൽകാൻ “ദേവാധിദൈവവും കർത്താധികർത്താവുമായി വല്ലഭനും ഭയങ്കരനുമായ മഹാദൈവ”മായ യഹോവയ്ക്കു മാത്രമേ കഴിയൂ. (ആവർത്തനപുസ്തകം 10:17) എന്നിരുന്നാലും, ആഹാസ് യഹോവയ്ക്കു നേരെ പുറം തിരിച്ചുകളയുകയും സംരക്ഷണത്തിനായി ജനതകളുടെ ദൈവങ്ങളിലേക്കു നോക്കുകയും ചെയ്തു. യഹൂദയെ സംബന്ധിച്ചിടത്തോളം അതിന്റെ ഫലം വിപത്കരമായിരുന്നു.—2 ദിനവൃത്താന്തം 28:24, 25.
യിരെമ്യാവിനോടൊപ്പം മിസ്രയീമിലായിരുന്ന യഹൂദർ
15. യിരെമ്യാവിന്റെ നാളിൽ മിസ്രയീമിൽ ആയിരുന്ന യഹൂദന്മാർ ഏതു വിധത്തിൽ പാപം ചെയ്തു?
15 തന്റെ ജനത്തിന്റെ കടുത്ത അവിശ്വസ്തത നിമിത്തം പൊ.യു.മു. 607-ൽ യെരൂശലേമിനെയും അതിലെ ആലയത്തെയും നശിപ്പിക്കാൻ യഹോവയാം ദൈവം ബാബിലോന്യരെ അനുവദിച്ചു. ഇസ്രായേല്യരിൽ മിക്കവരും ബാബിലോനിൽ പ്രവാസികളാക്കപ്പെട്ടു. എങ്കിലും, ചിലർ അവശേഷിച്ചു. അവരിൽ പ്രവാചകനായ യിരെമ്യാവും ഉണ്ടായിരുന്നു. ഗവർണറായ ഗെദല്യാവ് വധിക്കപ്പെട്ടപ്പോൾ അവർ മിസ്രയീമിലേക്കു പലായനം ചെയ്തു, അവർ യിരെമ്യാവിനെയും കൂടെ കൊണ്ടുപോയി. (2 രാജാക്കന്മാർ 25:22-26; യിരെമ്യാവു 43:5-7) അവിടെ അവർ വ്യാജ ദൈവങ്ങൾക്കു ബലിയർപ്പിക്കാൻ തുടങ്ങി. യിരെമ്യാവ് അവിശ്വസ്തരായ ആ യഹൂദന്മാരുമായി ആത്മാർഥമായി ന്യായവാദം ചെയ്തെങ്കിലും, അവർ ശാഠ്യക്കാരായി തുടർന്നു. യഹോവയിലേക്കു തിരിയാൻ വിസമ്മതിച്ച അവർ “ആകാശരാജ്ഞി”ക്കു ധൂപം കാട്ടുന്ന കാര്യത്തിൽ നിർബന്ധം പിടിച്ചു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവർക്കും അവരുടെ പൂർവ പിതാക്കന്മാർക്കും ‘വേണ്ടുവോളം ആഹാരവും സുഖവും ഉണ്ടായിരിക്കുകയും ഒരു അനർത്ഥവും നേരിടാതിരിക്കുകയും ചെയ്തപ്പോൾ യെഹൂദാപട്ടണങ്ങളിലും യെരൂശലേം വീഥികളിലും’ അവർ അങ്ങനെ ധൂപം കാട്ടിയിരുന്നു. (യിരെമ്യാവു 44:16, 17) യഹൂദന്മാർ ഇങ്ങനെയും വാദിച്ചു: “ഞങ്ങൾ ആകാശരാജ്ഞിക്കു ധൂപം കാട്ടുന്നതും പാനീയബലി പകരുന്നതും നിർത്തിയതു മുതൽ ഞങ്ങൾക്കു എല്ലാം ബുദ്ധിമുട്ടു തന്നേ; ഞങ്ങൾ വാൾകൊണ്ടും ക്ഷാമംകൊണ്ടും മുടിയുന്നു.”—യിരെമ്യാവു 44:18.
16. മിസ്രയീമിലെ യഹൂദന്മാരുടെ ന്യായവാദം തികച്ചും തെറ്റായിരുന്നത് എന്തുകൊണ്ട്?
16 മനുഷ്യചായ്വുകൾക്കു ചേരുന്ന കാര്യങ്ങൾ മാത്രം എത്ര നന്നായി ഓർമയിൽ നിലനിൽക്കുന്നു! എന്നാൽ വസ്തുതകൾ എന്തെല്ലാമായിരുന്നു? യഹോവ തങ്ങൾക്കു നൽകിയ ദേശത്ത് ഉണ്ടായിരുന്ന വ്യാജ ദൈവങ്ങൾക്ക് യഹൂദന്മാർ തീർച്ചയായും ബലികൾ അർപ്പിച്ചു. ആഹാസിന്റെ നാളിലേതു പോലെ, അവർ ചിലപ്പോഴൊക്കെ വിശ്വാസത്യാഗം നിമിത്തം കഷ്ടം അനുഭവിക്കുകയും ചെയ്തു. എങ്കിലും, താനുമായി ഉടമ്പടിയിലുള്ള ജനതയുടെ കാര്യത്തിൽ യഹോവ “കോപത്തിനു താമസമുള്ളവൻ” ആയിരുന്നു. (പുറപ്പാടു 34:6, NW; സങ്കീർത്തനം 86:15) അനുതപിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിന് അവൻ തന്റെ പ്രവാചകന്മാരെ അയച്ചു. ചില അവസരങ്ങളിൽ രാജാവ് വിശ്വസ്തൻ ആയിരുന്നപ്പോൾ യഹോവ അവനെ അനുഗ്രഹിച്ചതിന്റെ ഫലമായി ജനങ്ങളും—അവരിൽ ഭൂരിപക്ഷവും അവിശ്വസ്തർ ആയിരുന്നെങ്കിലും—പ്രയോജനങ്ങൾ അനുഭവിച്ചിരുന്നു. (2 ദിനവൃത്താന്തം 20:29-33; 27:1-6) തങ്ങളുടെ പിതൃദേശത്തു തങ്ങൾക്ക് ഉണ്ടായിരുന്ന സമൃദ്ധി വ്യാജ ദൈവങ്ങളിൽനിന്നു വന്നതാണെന്ന് മിസ്രയീമിൽ വെച്ച് യഹൂദന്മാർ നടത്തിയ അവകാശവാദം എത്രയോ തെറ്റായിരുന്നു!
17. എന്തുകൊണ്ടാണ് യഹൂദയ്ക്ക് ആലയവും ദേശവും നഷ്ടമായത്?
17 പൊ.യു.മു. 607-നു മുമ്പ് യഹൂദയിലെ ജനത്തെ യഹോവ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “എന്റെ വാക്കു കേട്ടനുസരിപ്പിൻ; എന്നാൽ ഞാൻ നിങ്ങൾക്കു ദൈവമായും നിങ്ങൾ എനിക്കു ജനമായും ഇരിക്കും; നിങ്ങൾക്കു നന്നായിരിക്കേണ്ടതിന്നു ഞാൻ നിങ്ങളോടു കല്പിച്ചിട്ടുള്ള വഴികളിലൊക്കെയും നടപ്പിൻ എന്നീ കാര്യമത്രേ ഞാൻ അവരോടു കല്പിച്ചതു.” (യിരെമ്യാവു 7:23) യഹൂദന്മാർക്കു തങ്ങളുടെ ആലയവും ദേശവും നഷ്ടമായത് ‘യഹോവ അവരോടു കല്പിച്ച വഴികളിൽ’ അവർ നടക്കാൻ കൂട്ടാക്കാഞ്ഞതു കൊണ്ടാണ്. ആ വലിയ തെറ്റു നമുക്കു തീർച്ചയായും ഒഴിവാക്കാം.
തന്റെ മാർഗത്തിൽ നടക്കുന്നവരെ യഹോവ അനുഗ്രഹിക്കുന്നു
18. യഹോവയുടെ മാർഗത്തിൽ നടക്കുന്നവർ എന്തെല്ലാം ചെയ്യണം?
18 കഴിഞ്ഞ കാലത്തെപ്പോലെ, യഹോവയുടെ മാർഗത്തിൽ നടക്കുന്നതിനു വിശ്വസ്തതയും അവനെ മാത്രം സേവിക്കാനുള്ള നിശ്ചയദാർഢ്യവും ഇന്നും ആവശ്യമാണ്. അതിനു വിശ്വാസം—യഹോവയുടെ വാഗ്ദാനങ്ങൾ ആശ്രയയോഗ്യമാണെന്നും അതു നിവൃത്തിയേറുമെന്നുമുള്ള തികഞ്ഞ ബോധ്യം—ഉണ്ടായിരിക്കണം. യഹോവയുടെ മാർഗത്തിൽ നടക്കുന്നതിന് അനുസരണവും—വിട്ടുവീഴ്ച കൂടാതെ അവന്റെ നിയമങ്ങൾ പിൻപറ്റുന്നതും അവന്റെ ഉന്നതമായ നിലവാരങ്ങൾ പാലിക്കുന്നതും—അനിവാര്യമാണ്. “യഹോവ നീതിമാൻ; അവൻ നീതിയെ ഇഷ്ടപ്പെടുന്നു.”—സങ്കീർത്തനം 11:7.
19. ഇന്നു പലരും ആരാധിക്കുന്നത് ഏതു ദൈവങ്ങളെ ആണ്, അതിന്റെ ഫലങ്ങൾ എന്തെല്ലാം?
19 സുരക്ഷിതത്വത്തിനായി ആഹാസ് ആശ്രയിച്ചത് അരാമ്യ ദൈവങ്ങളെ ആയിരുന്നു. “ആകാശരാജ്ഞി”—പുരാതന മധ്യപൂർവ ദേശത്തു പരക്കെ ആരാധിക്കപ്പെട്ടിരുന്ന ഒരു ദേവി—തങ്ങൾക്കു ഭൗതിക സമൃദ്ധി കൈവരുത്തുമെന്ന് മിസ്രയീമിലെ ഇസ്രായേല്യർ പ്രതീക്ഷിച്ചു. ഇന്ന്, പലരും ആരാധിക്കുന്ന ദൈവങ്ങൾ അക്ഷരീയ ബിംബങ്ങൾ അല്ല. യഹോവയെക്കാൾ അധികം “മാമോനെ” [സമ്പത്തിനെ] സേവിക്കുന്നതിനെതിരെ യേശു മുന്നറിയിപ്പു നൽകി. (മത്തായി 6:24) അപ്പൊസ്തലനായ പൗലൊസ് “വിഗ്രഹാരാധനയായ അത്യാഗ്രഹ”ത്തെ കുറിച്ചു സംസാരിക്കുകയുണ്ടായി. (കൊലൊസ്സ്യർ 3:5) ‘വയറ് ദൈവമായിരിക്കുന്ന’ ആളുകളെ കുറിച്ചും അവൻ പറഞ്ഞു. (ഫിലിപ്പിയർ 3:19) അതെ, പണവും ഭൗതിക വസ്തുക്കളും ഇന്നത്തെ മുഖ്യ ആരാധനാ മൂർത്തികളിൽ പെടുന്നു. വാസ്തവത്തിൽ, ‘നിശ്ചയമില്ലാത്ത ധനത്തിൽ ആശ വെക്കുന്ന’ നിരവധി ആളുകളിൽ മതഭക്തരായ പലരും ഉൾപ്പെടുന്നു. (1 തിമൊഥെയൊസ് 6:17, 18) ഈ ദൈവങ്ങളെ സേവിക്കാൻ പലരും കഠിനാധ്വാനം ചെയ്യുന്നു, ചിലർ പ്രതിഫലങ്ങളും കൊയ്യുന്നു—അവർ വലിയ വീടുകളിൽ താമസിക്കുന്നു, വിലപിടിപ്പുള്ള വസ്തുവകകൾ ആർജിക്കുന്നു, വിഭവസമൃദ്ധമായ ആഹാരം കഴിക്കുന്നു. എന്നാൽ, എല്ലാവരുമൊന്നും അത്തരം സമൃദ്ധി ആസ്വദിക്കുന്നില്ല. ആ സംഗതികൾ ആസ്വദിക്കുന്നവരാകട്ടെ, അവ സംതൃപ്തി കൈവരുത്തുന്നില്ല എന്ന് ഒടുവിൽ കണ്ടെത്തുകയും ചെയ്യുന്നു. അത്തരം സംഗതികൾ സ്ഥായിയല്ല, താത്കാലികമാണ്. ആത്മീയ ആവശ്യങ്ങളെ അവ തൃപ്തിപ്പെടുത്തുന്നുമില്ല.—മത്തായി 5:3, NW.
20. നാം എങ്ങനെയുള്ള സമനില പാലിക്കേണ്ടതുണ്ട്?
20 ഈ വ്യവസ്ഥിതിയുടെ അന്ത്യ നാളുകളിൽ ജീവിക്കുന്ന നാം പ്രായോഗിക ബുദ്ധി ഉള്ളവർ ആയിരിക്കണം എന്നതു ശരി തന്നെ. ഭൗതികമായ വിധത്തിൽ നമ്മുടെ കുടുംബങ്ങൾക്കു വേണ്ടി കരുതാൻ ന്യായമായ പടികൾ നാം സ്വീകരിക്കുകയും വേണം. ഉയർന്ന ജീവിത നിലവാരത്തിനോ പണസമ്പാദനത്തിനോ സമാനമായ സംഗതികൾക്കോ നാം ദൈവസേവനത്തെക്കാൾ പ്രാധാന്യം കൽപ്പിക്കുന്നെങ്കിൽ, അത് ഒരുതരം വിഗ്രഹാരാധന ആയിരിക്കും. അപ്പോൾ നാം യഹോവയുടെ മാർഗത്തിൽ ആയിരിക്കില്ല നടക്കുന്നത്. (1 തിമൊഥെയൊസ് 6:9, 10) ആരോഗ്യസംബന്ധമോ പണപരമോ മറ്റു തരത്തിലുള്ളതോ ആയ പ്രശ്നങ്ങൾ ഉണ്ടാകുന്നെങ്കിലോ? തങ്ങളുടെ പ്രശ്നങ്ങൾ ദൈവത്തെ സേവിച്ചതു മൂലം ഉണ്ടായതാണെന്നു കുറ്റപ്പെടുത്തിയ മിസ്രയീമിലെ യഹൂദരെപ്പോലെ ആകാതിരിക്കാം നമുക്ക്. ആഹാസിൽനിന്നു വ്യത്യസ്തരായി, നമുക്ക് യഹോവയെ പരീക്ഷിക്കാം. മാർഗനിർദേശത്തിനായി സവിശ്വസ്തം യഹോവയാം ദൈവത്തിലേക്കു തിരിയാം. അവന്റെ മാർഗനിർദേശം വിശ്വാസത്തോടെ ബാധകമാക്കാം. ഓരോ സ്ഥിതിവിശേഷവും കൈകാര്യം ചെയ്യുന്നതിനുള്ള ശക്തിക്കും ജ്ഞാനത്തിനും വേണ്ടി നമുക്കു പ്രാർഥിക്കാം. എന്നിട്ട്, യഹോവയുടെ അനുഗ്രഹത്തിനായി ഉറപ്പോടെ കാത്തിരിക്കാം.
21. യഹോവയുടെ മാർഗത്തിൽ നടക്കുന്നവർക്ക് എങ്ങനെയുള്ള അനുഗ്രഹങ്ങൾ ലഭിക്കുന്നു?
21 തന്റെ മാർഗത്തിൽ നടന്നവരെ ഇസ്രായേലിന്റെ ചരിത്രത്തിലുടനീളം യഹോവ സമൃദ്ധമായി അനുഗ്രഹിച്ചു. “യഹോവേ, എന്റെ ശത്രുക്കൾനിമിത്തം നിന്റെ നീതിയാൽ എന്നെ നടത്തേണമേ” എന്നു ദാവീദ് രാജാവ് പാടി. (സങ്കീർത്തനം 5:8) അയൽ ജനതകൾക്കു മേലുള്ള സൈനികജയം യഹോവ അവനു നൽകി. ആ ജനതകളാണു പിൽക്കാലത്ത് ആഹാസിനെ ദ്രോഹിച്ചത്. ശലോമോന്റെ കാലത്ത്, സമാധാനവും സമൃദ്ധിയും നൽകി ദൈവം ഇസ്രായേല്യരെ അനുഗ്രഹിച്ചു. ആ സമാധാനവും സമൃദ്ധിയും ലഭിക്കാനാണ് മിസ്രയീമിൽ ആയിരുന്ന യഹൂദന്മാർ പിന്നീട് കാംക്ഷിച്ചത്. യഹോവ ആഹാസിന്റെ പുത്രനായ ഹിസ്കീയാവിനു ശക്തമായ അശ്ശൂരിന്റെ മേൽ പോലും വിജയം നൽകി. (യെശയ്യാവു 59:1) അതെ, “പാപികളുടെ വഴിയിൽ നില്ക്കാതെ” ദൈവത്തിന്റെ പ്രമാണത്തിൽ ആനന്ദം കണ്ടെത്തിയ തന്റെ വിശ്വസ്തരുടെ നേർക്ക് യഹോവയുടെ കൈ കുറുകിയിരുന്നില്ല. (സങ്കീർത്തനം 1:1, 2) അത് ഇന്നും സത്യമാണ്. എന്നാൽ, നാം ഇന്ന് യഹോവയുടെ മാർഗത്തിലാണു നടക്കുന്നതെന്ന് എങ്ങനെ ഉറപ്പുണ്ടായിരിക്കാൻ കഴിയും? അടുത്ത ലേഖനത്തിൽ അതാണു ചർച്ച ചെയ്യുന്നത്.
നിങ്ങൾ ഓർമിക്കുന്നുവോ?
□ യഹോവയുടെ മാർഗത്തിൽ നടക്കാൻ എന്തെല്ലാം ഗുണങ്ങൾ ആവശ്യമാണ്?
□ ആഹാസിന്റെ ചിന്താഗതി തെറ്റായിരുന്നത് എന്തുകൊണ്ട്?
□ മിസ്രയീമിലെ യഹൂദരുടെ ചിന്താഗതി എവിടെയാണ് തെറ്റിപ്പോയത്?
□ യഹോവയുടെ മാർഗത്തിൽ നടക്കാനുള്ള നമ്മുടെ നിശ്ചയദാർഢ്യം എങ്ങനെ ബലപ്പെടുത്താനാകും?
[അധ്യയന ചോദ്യങ്ങൾ]
[13-ാം പേജിലെ ചിത്രം]
ആഹാസ് ആശ്രയിച്ചത് യഹോവയിൽ അല്ല, മറിച്ച് അരാമ്യ ദൈവങ്ങളിലാണ്