വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ കുടുംബത്തോടൊത്തു സമയം ചെലവഴിക്കുന്നുണ്ടോ?

നിങ്ങൾ കുടുംബത്തോടൊത്തു സമയം ചെലവഴിക്കുന്നുണ്ടോ?

നിങ്ങൾ കുടും​ബ​ത്തോ​ടൊ​ത്തു സമയം ചെലവ​ഴി​ക്കു​ന്നു​ണ്ടോ?

“ജോലി​ത്തി​ര​ക്കുള്ള ജാപ്പനീസ്‌ പിതാ​ക്ക​ന്മാർ മക്കളോ​ടൊ​ത്തു കളിക്കു​ന്നി​ല്ലെ​ങ്കി​ലും സ്‌നേ​ഹി​ക്ക​പ്പെ​ടു​ന്നു.” ഏതാനും വർഷങ്ങൾക്കു മുമ്പ്‌ മൈനി​ച്ചി ഷിംബൂൺ എന്ന പത്രത്തിൽ വന്ന തലക്കെ​ട്ടാണ്‌ അത്‌. ഒരു ഗവൺമെന്റ്‌ സർവേ​യിൽ പങ്കെടുത്ത 87.8 ശതമാനം കുട്ടി​ക​ളും ഭാവി​യിൽ തങ്ങളുടെ പിതാ​ക്ക​ന്മാ​രെ പരിച​രി​ക്കാ​നുള്ള ആഗ്രഹം പ്രകട​മാ​ക്കി​യ​താ​യി ആ ലേഖനം റിപ്പോർട്ടു ചെയ്‌തു. അതേ പത്രത്തി​ന്റെ ഇംഗ്ലീഷ്‌ പതിപ്പിൽ പ്രസ്‌തുത സർവേ ഒരു വ്യത്യസ്‌ത ശീർഷ​ക​ത്തോ​ടെ ആണു പ്രത്യ​ക്ഷ​പ്പെ​ട്ടത്‌. അത്‌ ഇങ്ങനെ ആയിരു​ന്നു: “പിതാ​ക്ക​ന്മാ​രും പുത്ര​ന്മാ​രും: അവഗണ​ന​യു​ടെ ഒരു ഉദാഹ​രണം.” ജാപ്പനീസ്‌ പതിപ്പി​ലെ റിപ്പോർട്ടിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി, ആ ലേഖനം പ്രസ്‌തുത സർവേ​യു​ടെ മറ്റൊരു വശം എടുത്തു​കാ​ട്ടി: ജോലി​ദി​വ​സ​ങ്ങ​ളിൽ ജാപ്പനീസ്‌ പിതാ​ക്ക​ന്മാർ തങ്ങളുടെ മക്കളോ​ടൊത്ത്‌ 36 മിനിറ്റു മാത്ര​മാണ്‌ ചെലവ​ഴി​ച്ചി​രു​ന്നത്‌. അതി​നോ​ടുള്ള താരത​മ്യ​ത്തിൽ, പശ്ചിമ ജർമനി​യി​ലെ പിതാ​ക്ക​ന്മാർ ഓരോ പ്രവൃ​ത്തി​ദി​വ​സ​വും കുട്ടി​ക​ളോ​ടൊത്ത്‌ 44 മിനിറ്റ്‌ ചെലവ​ഴി​ച്ചു. ഐക്യ​നാ​ടു​ക​ളിൽ ഉള്ളവർ 56 മിനി​ട്ടും.

മക്കളോ​ടൊത്ത്‌ വേണ്ടത്ര സമയം ചെലവ​ഴി​ക്കാൻ സാധി​ക്കാ​തെ വരുന്നതു പിതാ​ക്ക​ന്മാർക്കു മാത്രമല്ല. ജോലി​ക്കു പോകുന്ന അമ്മമാ​രു​ടെ എണ്ണവും കൂടി​വ​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, കുടുംബ ചെലവു​കൾ വഹിക്കാൻ ഒറ്റയ്‌ക്കുള്ള പല അമ്മമാർക്കും ജോലി​ക്കു പോ​കേണ്ടി വരുന്നു. തത്‌ഫ​ല​മാ​യി, മാതാ​പി​താ​ക്കൾ കുട്ടി​ക​ളോ​ടൊ​ത്തു ചെലവ​ഴി​ക്കുന്ന സമയം കുറഞ്ഞു​വ​രു​ന്നു.

മാതാ​പി​താ​ക്ക​ളു​മാ​യി ഉറ്റബന്ധ​മുള്ള യുവജ​ന​ങ്ങൾക്കു വൈകാ​രിക സമ്മർദം, ആത്മഹത്യാ പ്രവണത, അക്രമ വാസന, ലഹരി​പ​ദാർഥ​ങ്ങ​ളു​ടെ ദുരു​പ​യോ​ഗം തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യത കുറവാ​ണെന്ന്‌ 1997-ൽ അമേരി​ക്ക​യി​ലെ 12,000-ത്തിലധി​കം കൗമാ​ര​പ്രാ​യ​ക്കാ​രിൽ നടത്തിയ ഒരു പഠനം കണ്ടെത്തി. വിപു​ല​മായ ആ പഠനത്തിൽ ഉൾപ്പെട്ട ഒരു ഗവേഷകൻ ഇങ്ങനെ പറഞ്ഞു: “വേണ്ട സമയത്തു കുട്ടി​ക​ളു​ടെ അടുക്കൽ ഇല്ലെങ്കിൽ, നിങ്ങൾക്ക്‌ അവരു​മാ​യി ഉറ്റബന്ധം സ്ഥാപി​ക്കാൻ കഴിയില്ല.” കുട്ടി​ക​ളോ​ടൊ​ത്തു സമയം ചെലവ​ഴി​ക്കു​ന്ന​തും അവരു​മാ​യി ആശയവി​നി​മയം നടത്തു​ന്ന​തും പ്രധാ​ന​മാണ്‌.

ആശയവി​നി​മയ വിടവ്‌

ജോലി​യോ​ടു ബന്ധപ്പെട്ട്‌ പിതാ​വി​നോ മാതാ​വി​നോ അകന്നു നിൽക്കേ​ണ്ടി​വ​രുന്ന കുടും​ബ​ങ്ങ​ളി​ലാണ്‌ ആശയവി​നി​മയ പ്രശ്‌നങ്ങൾ പ്രത്യേ​കി​ച്ചും ഉണ്ടാകാൻ സാധ്യ​ത​യു​ള്ളത്‌. തീർച്ച​യാ​യും, ആശയവി​നി​മയ വിടവ്‌ ഉള്ളത്‌ പിതാ​വോ മാതാ​വോ വീട്ടിൽനിന്ന്‌ അകലെ കഴിയുന്ന കുടും​ബ​ങ്ങ​ളിൽ മാത്രമല്ല. ചില മാതാ​പി​താ​ക്കൾ വീട്ടിൽത്ത​ന്നെ​യാ​ണു താമസി​ക്കു​ന്ന​തെ​ങ്കി​ലും, കുട്ടികൾ ഉണരു​ന്ന​തി​നു മുമ്പു ജോലി​ക്കു പോകു​ക​യും അവർ ഉറങ്ങിയ ശേഷം തിരി​ച്ചെ​ത്തു​ക​യും ചെയ്യുന്നു. തത്‌ഫ​ല​മാ​യി ഉണ്ടാകുന്ന സമ്പർക്ക​മി​ല്ലായ്‌മ പരിഹ​രി​ക്കാൻ ചില മാതാ​പി​താ​ക്കൾ വാരാ​ന്ത​ങ്ങ​ളി​ലും അവധി ദിവസ​ങ്ങ​ളി​ലും കുടും​ബ​ത്തോ​ടൊ​ത്തു സമയം ചെലവ​ഴി​ക്കാ​റുണ്ട്‌. കുട്ടി​ക​ളോ​ടൊ​ത്തു “ഗുണ​മേ​ന്മ​യുള്ള” സമയം ചെലവ​ഴി​ക്കു​ന്ന​താ​ണു പ്രധാ​ന​മെന്ന്‌ അവർ പറയുന്നു.

എന്നിരു​ന്നാ​ലും, കുട്ടി​ക​ളോ​ടൊ​ത്തു ചെലവ​ഴി​ക്കുന്ന സമയത്തിൽ വരുന്ന കുറവി​നെ അവരോ​ടൊ​ത്തു ചെലവ​ഴി​ക്കുന്ന സമയത്തി​ന്റെ ഗുണ​മേ​ന്മ​കൊ​ണ്ടു പരിഹ​രി​ക്കാ​നാ​കു​മോ? ഗവേഷ​ക​നായ ലോറൻസ്‌ സ്റ്റൈൻബർഗ്‌ ഇങ്ങനെ ഉത്തരം നൽകുന്നു: “പൊതു​വേ, തങ്ങളുടെ മാതാ​പി​താ​ക്ക​ളോ​ടൊ​ത്തു കൂടുതൽ സമയം ചെലവ​ഴി​ക്കുന്ന കുട്ടികൾ അങ്ങനെ ചെയ്യാത്ത കുട്ടി​കളെ അപേക്ഷിച്ച്‌ കാര്യ​ക്ഷമത ഉള്ളവരാണ്‌. എന്നാൽ, ചെലവി​ടുന്ന സമയത്തിൽ വരുന്ന ആ കുറവു പരിഹ​രി​ക്കുക എന്നതു വളരെ ദുഷ്‌ക​ര​മാ​യി തോന്നു​ന്നു. ഗുണ​മേ​ന്മ​യുള്ള സമയം എന്ന ആശയത്തിന്‌ വേണ്ടതി​ല​ധി​കം പ്രാധാ​ന്യം നൽക​പ്പെ​ട്ടി​രി​ക്കു​ന്നു.” ബർമക്കാ​രി​യായ ഒരു സ്‌ത്രീ​യു​ടെ അഭി​പ്രാ​യ​വും അതുതന്നെ. അവളുടെ ഭർത്താവ്‌—ഒരു തനി ജപ്പാൻകാ​രൻ—ജോലി കഴിഞ്ഞ്‌ വീട്ടി​ലെ​ത്തു​മ്പോൾ വെളു​പ്പിന്‌ ഒരു മണിയോ രണ്ടു മണിയോ ആകും. അദ്ദേഹം വാരാ​ന്ത​ങ്ങ​ളിൽ തന്റെ കുടും​ബ​ത്തോ​ടൊ​ത്തു സമയം ചെലവ​ഴി​ക്കാ​റു​ണ്ടെ​ങ്കി​ലും, അദ്ദേഹ​ത്തി​ന്റെ ഭാര്യ ഇങ്ങനെ പറയുന്നു: “ശനിയാ​ഴ്‌ച​യും ഞായറാ​ഴ്‌ച​യും കുടും​ബ​ത്തോ​ടൊത്ത്‌ ആയിരി​ക്കു​ന്നതു കൊണ്ട്‌, വാരത്തി​ലെ മറ്റു ദിവസ​ങ്ങ​ളി​ലെ അഭാവം നികത്താ​നാ​കില്ല. . . . പ്രവൃ​ത്തി​ദി​വ​സ​ങ്ങ​ളിൽ ആഹാര​മൊ​ന്നും കഴിക്കാ​തി​രു​ന്നിട്ട്‌ ആ ദിവസ​ങ്ങ​ളി​ലെ ആഹാരം മുഴുവൻ ശനിയാ​ഴ്‌ച​യും ഞായറാ​ഴ്‌ച​യും നിങ്ങൾക്കു കഴിക്കാ​നാ​കു​മോ?”

ബോധ​പൂർവ​ക​മായ ശ്രമം ആവശ്യം

കുടും​ബ​ത്തിൽ നല്ല ആശയവി​നി​മയം നിലനിർത്തണം എന്നു പറയാൻ എളുപ്പ​മാണ്‌. ഉപജീ​വനം തേടു​ക​യും കുടും​ബ​ത്തി​ന്റെ ആവശ്യ​ങ്ങൾക്കാ​യി കരുതു​ക​യും ചെയ്യേ​ണ്ട​തു​ള്ള​തി​നാൽ ഒരു പിതാ​വി​നെ​യോ ജോലി​ക്കാ​രി​യായ മാതാ​വി​നെ​യോ സംബന്ധി​ച്ചു കുടും​ബ​ത്തോ​ടൊ​ത്തു സമയം ചെലവ​ഴി​ക്കുക എന്നത്‌ അത്ര എളുപ്പമല്ല. സാഹച​ര്യ​ങ്ങൾ നിമിത്തം വീട്ടിൽനിന്ന്‌ അകന്നു കഴി​യേ​ണ്ടി​വ​രുന്ന പലരും ഫോൺ വഴിയോ കത്തുകൾ മുഖേ​ന​യോ ക്രമമാ​യി ആശയവി​നി​മയം നടത്തുന്നു. കുടും​ബ​ത്തോ​ടൊത്ത്‌ ഉണ്ടെങ്കി​ലും ഇല്ലെങ്കി​ലും, വീട്ടി​ലു​ള്ള​വ​രു​മാ​യി നല്ല ആശയവി​നി​മയം നിലനിർത്തു​ന്ന​തി​നു ബോധ​പൂർവ​ക​മായ ശ്രമം ആവശ്യ​മാണ്‌.

കുടും​ബാം​ഗ​ങ്ങ​ളു​മാ​യി ആശയവി​നി​മയം ചെയ്യു​ന്ന​തിൽനിന്ന്‌ ഒഴിഞ്ഞു​മാ​റുന്ന മാതാ​പി​താ​ക്കൾ അതിനു കനത്ത വില​യൊ​ടു​ക്കേണ്ടി വരും. കുടും​ബ​ത്തോ​ടൊ​ത്തു സമയം ചെലവ​ഴി​ക്കാത്ത, അവരോ​ടൊത്ത്‌ ആഹാരം പോലും കഴിക്കാത്ത, ഒരു പിതാ​വി​നു ഗുരു​ത​ര​മായ ഭവിഷ്യ​ത്തു​കൾ നേരി​ടേ​ണ്ടി​വന്നു. അദ്ദേഹ​ത്തി​ന്റെ മകൻ അക്രമ സ്വഭാ​വ​ക്കാ​രൻ ആയിത്തീർന്നു. മകളാ​കട്ടെ, പീടി​ക​മോ​ഷ​ണ​ത്തി​നു പിടി​യി​ലു​മാ​യി. ഒരു ഞായറാഴ്‌ച പ്രഭാ​ത​ത്തിൽ ആ പിതാവ്‌ ഗോൾഫ്‌ കളിക്ക്‌ പോകാൻ ഒരുങ്ങവേ, മകൻ പൊട്ടി​ത്തെ​റി​ച്ചു. “ഈ വീട്ടിൽ ഞങ്ങൾക്ക്‌ മമ്മി മാത്രമേ ഉള്ളോ? മമ്മി വേണം ഇവിടു​ത്തെ സകല കാര്യ​വും തീരു​മാ​നി​ക്കാൻ. പപ്പ ഒരിക്ക​ലും . . . ,” ആ യുവാവ്‌ ദുഃഖ​ത്തോ​ടെ പറഞ്ഞു.

മകന്റെ വാക്കുകൾ ആ പിതാ​വി​നെ ചിന്തി​പ്പി​ച്ചു. ഒരു തുടക്ക​മെന്ന നിലയിൽ, കുടും​ബ​ത്തോ​ടൊ​ത്തു പ്രാതൽ കഴിക്കാൻ അദ്ദേഹം ഒടുവിൽ തീരു​മാ​നി​ച്ചു. ആദ്യ​മൊ​ക്കെ അദ്ദേഹ​വും ഭാര്യ​യും മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ. കുറെ നാൾ കഴിഞ്ഞ​പ്പോൾ കുട്ടി​ക​ളും അവരോ​ടൊ​പ്പം ഇരിക്കാൻ തുടങ്ങി, അങ്ങനെ പ്രാതൽ സമയം ആശയവി​നി​മ​യ​ത്തി​നുള്ള വേദി​യാ​യി മാറി. പിന്നീട്‌, ആ കുടും​ബം ഒന്നിച്ചി​രുന്ന്‌ അത്താഴ​വും കഴിക്കാൻ തുടങ്ങി. അങ്ങനെ ഒരു സമ്പൂർണ തകർച്ച​യിൽനി​ന്നു തന്റെ കുടും​ബത്തെ രക്ഷിക്കാൻ അദ്ദേഹം യത്‌നി​ച്ചു.

ദൈവ​വ​ച​ന​ത്തിൽ നിന്നുള്ള സഹായം

തങ്ങളുടെ കുട്ടി​ക​ളു​മാ​യി ആശയവി​നി​മയം നടത്തു​ന്ന​തി​നു സമയം കണ്ടെത്താൻ മാതാ​പി​താ​ക്കളെ ബൈബിൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. മോശ മുഖാ​ന്തരം ഇസ്രാ​യേ​ല്യർക്ക്‌ ഈ നിർദേശം ലഭിച്ചു: “യിസ്രാ​യേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവ​മാ​കു​ന്നു; യഹോവ ഏകൻ തന്നേ. നിന്റെ ദൈവ​മായ യഹോ​വയെ നീ പൂർണ്ണ ഹൃദയ​ത്തോ​ടും പൂർണ്ണ​മ​ന​സ്സോ​ടും പൂർണ്ണ​ശ​ക്തി​യോ​ടും കൂടെ സ്‌നേ​ഹി​ക്കേണം. ഇന്നു ഞാൻ നിന്നോ​ടു കല്‌പി​ക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയ​ത്തിൽ ഇരി​ക്കേണം. നീ അവയെ നിന്റെ മക്കൾക്കു ഉപദേ​ശി​ച്ചു​കൊ​ടു​ക്ക​യും നീ വീട്ടിൽ ഇരിക്കു​മ്പോ​ഴും വഴി നടക്കു​മ്പോ​ഴും കിടക്കു​മ്പോ​ഴും എഴു​ന്നേ​ല്‌ക്കു​മ്പോ​ഴും അവയെ​ക്കു​റി​ച്ചു സംസാ​രി​ക്ക​യും വേണം.” (ആവർത്ത​ന​പു​സ്‌തകം 6:4-7) അതെ, ദൈവ​വ​ചനം കുട്ടി​ക​ളു​ടെ മനസ്സി​ലും ഹൃദയ​ത്തി​ലും ഉൾനട​ണ​മെ​ങ്കിൽ, കുടും​ബ​ത്തോ​ടൊ​ത്തു സമയം ചെലവ​ഴി​ക്കു​ന്ന​തിൽ മാതാ​പി​താ​ക്കൾ മുൻകൈ എടു​ക്കേ​ണ്ട​തുണ്ട്‌.

“തങ്ങൾക്ക്‌ ഒരു മതമു​ണ്ടെന്ന്‌ അവകാ​ശ​പ്പെട്ട 88 ശതമാനം പേരു​ടെ​യും ഇടയിൽ, മതത്തി​നും പ്രാർഥ​ന​യ്‌ക്കും ഉണ്ടെന്നു കരുത​പ്പെ​ടുന്ന പ്രാധാ​ന്യം സംരക്ഷ​ണാ​ത്മക സ്വാധീ​നം ഉള്ളതാ​യി​രു​ന്നു” എന്ന്‌ അമേരി​ക്ക​യി​ലെ 12,000-ത്തിലധി​കം കൗമാ​ര​പ്രാ​യ​ക്കാ​രെ ഉൾപ്പെ​ടു​ത്തി​ക്കൊ​ണ്ടു നടത്തിയ 1997-ലെ സർവേ—നേരത്തെ പരാമർശി​ച്ചി​രു​ന്നു—വെളി​പ്പെ​ടു​ത്തി​യെ​ന്നതു രസാവ​ഹ​മാണ്‌. വീട്ടിൽ വെച്ചു നൽകുന്ന ശരിയായ മതപ്ര​ബോ​ധനം ലഹരി​പ​ദാർഥ​ങ്ങ​ളു​ടെ ദുരു​പ​യോ​ഗം, വൈകാ​രിക സമ്മർദം, ആത്മഹത്യാ പ്രവണത, അക്രമ​സ്വ​ഭാ​വം എന്നിങ്ങ​നെ​യുള്ള പലതിൽനി​ന്നും യുവജ​ന​ങ്ങളെ സംരക്ഷി​ക്കു​ന്നു എന്നു സത്യ​ക്രി​സ്‌ത്യാ​നി​കൾ തിരി​ച്ച​റി​യു​ന്നു.

കുടും​ബ​ത്തി​നു വേണ്ടി സമയം കണ്ടെത്തുക ദുഷ്‌ക​ര​മാ​ണെന്നു ചില മാതാ​പി​താ​ക്കൾ കരുതു​ന്നു. കുട്ടി​ക​ളോ​ടൊ​ത്തു സമയം ചെലവ​ഴി​ക്കാൻ ആഗ്രഹ​മു​ണ്ടെ​ങ്കി​ലും ലൗകിക ജോലി ചെയ്യേ​ണ്ടി​വ​രുന്ന ഒറ്റയ്‌ക്കുള്ള അമ്മമാ​രു​ടെ കാര്യ​ത്തിൽ ഇതു വിശേ​ഷാൽ സത്യമാണ്‌. കുടും​ബ​ത്തോ​ടൊ​ത്തു ചെലവ​ഴി​ക്കാൻ അവർക്കു തങ്ങളുടെ വിലപ്പെട്ട സമയം എങ്ങനെ നീക്കി​വെ​ക്കാ​നാ​കും? “പ്രാ​യോ​ഗിക ജ്ഞാനവും ചിന്താ​പ്രാ​പ്‌തി​യും കാത്തു​സൂ​ക്ഷി​ക്കുക” എന്നു ബൈബിൾ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 3:21, NW) തങ്ങളുടെ കുടും​ബ​ത്തി​നു വേണ്ടി സമയം കണ്ടെത്താൻ മാതാ​പി​താ​ക്കൾക്കു “ചിന്താ​പ്രാ​പ്‌തി” ഉപയോ​ഗി​ക്കാൻ കഴിയും. എങ്ങനെ?

നിങ്ങൾ ജോലി​ക്കാ​രി​യായ ഒരു മാതാ​വാ​ണോ? പ്രവൃ​ത്തി​ദി​വസം കഴിയു​മ്പോൾ വല്ലാത്ത ക്ഷീണം തോന്നു​ന്നെ​ങ്കിൽ ആഹാരം തയ്യാറാ​ക്കു​ന്ന​തിൽ നിങ്ങളെ സഹായി​ക്കാൻ കുട്ടി​ക​ളോട്‌ ആവശ്യ​പ്പെ​ട്ടു​കൂ​ടേ? ഒരുമി​ച്ചു ചെലവി​ടുന്ന അത്തരം സമയങ്ങൾ പരസ്‌പരം അടുക്കാ​നുള്ള അവസരം പ്രദാനം ചെയ്യും. ആദ്യ​മൊ​ക്കെ, നിങ്ങളു​ടെ കുട്ടി​കളെ ഉൾപ്പെ​ടു​ത്തു​ന്ന​തി​നു കൂടുതൽ സമയം വേണ്ടി​വ​ന്നേ​ക്കാം. എന്നാൽ, അത്‌ ആസ്വാ​ദ്യ​വും സമയലാ​ഭം ഉളവാ​ക്കു​ന്ന​തും ആണെന്നു നിങ്ങൾ താമസി​യാ​തെ കണ്ടെത്തും.

വാരാ​ന്ത​ങ്ങ​ളിൽ വളരെ​യ​ധി​കം കാര്യങ്ങൾ ചെയ്യാ​നുള്ള ഒരു പിതാ​വാ​യി​രി​ക്കാം നിങ്ങൾ. ഈ ജോലി​ക​ളിൽ ചിലതു നിങ്ങൾക്കു കുട്ടി​ക​ളോ​ടൊ​ത്തു ചെയ്‌തു​കൂ​ടേ? ഒന്നിച്ചു പ്രവർത്തി​ക്കു​മ്പോൾ നിങ്ങൾക്ക്‌ അവരു​മാ​യി ആശയവി​നി​മയം ചെയ്യാ​നും ഒപ്പം വിലപ്പെട്ട പരിശീ​ലനം നൽകാ​നും സാധി​ക്കും. മക്കൾക്കു ദൈവ​വ​ചനം ഉപദേ​ശി​ച്ചു കൊടു​ക്കാ​നുള്ള ബൈബി​ളി​ന്റെ ഉദ്‌ബോ​ധനം “വീട്ടിൽ ഇരിക്കു​മ്പോ​ഴും വഴി നടക്കു​മ്പോ​ഴും”—തീർച്ച​യാ​യും ഏത്‌ അവസര​ത്തി​ലും—അവരോ​ടു സംസാ​രി​ക്കാൻ നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. ഒരുമി​ച്ചു ജോലി​കൾ ചെയ്യു​മ്പോൾ കുട്ടി​ക​ളോ​ടു സംസാ​രി​ക്കു​ന്നത്‌ “പ്രാ​യോ​ഗിക ജ്ഞാന”മാണ്‌.

കുടും​ബ​ത്തോ​ടൊ​പ്പം സമയം ചെലവി​ടു​ന്നതു ദീർഘ​കാല പ്രയോ​ജ​നങ്ങൾ കൈവ​രു​ത്തു​ന്നു. “കൂടി​യാ​ലോ​ചി​ക്കു​ന്ന​വ​രു​ടെ പക്കൽ ജ്ഞാനം ഉണ്ട്‌” എന്ന്‌ ഒരു ബൈബിൾ സദൃശ​വാ​ക്യം പറയുന്നു. (സദൃശ​വാ​ക്യ​ങ്ങൾ 13:10, NW) കുടും​ബാം​ഗ​ങ്ങ​ളു​മാ​യുള്ള ആശയവി​നി​മ​യ​ത്തി​നു സമയം മാറ്റി​വെ​ക്കു​ന്ന​തി​നാൽ, അനുദിന ജീവിത വെല്ലു​വി​ളി​കളെ നേരി​ടാൻ അവരെ സഹായി​ക്കുന്ന ജ്ഞാനപൂർവ​ക​മായ മാർഗ​നിർദേശം നൽകാൻ കഴിയുന്ന ഒരു നല്ല സ്ഥാനത്താ​യി​രി​ക്കും നിങ്ങൾ. ഇപ്പോൾ നൽകുന്ന അത്തരം മാർഗ​നിർദേശം ഭാവി​യിൽ വളരെ​യ​ധി​കം സമയം ലാഭി​ക്കാൻ സഹായി​ക്കും, ഹൃദയ​വേദന ഒഴിവാ​ക്കാ​നും. കൂടാതെ, അതു നിങ്ങളു​ടെ​യും അവരു​ടെ​യും സന്തുഷ്ടി​യിൽ കലാശി​ക്കു​ക​യും ചെയ്യും. അത്തരം മാർഗ​നിർദേശം നൽകു​ന്ന​തി​നു ദൈവ​വ​ച​ന​മായ ബൈബി​ളിൽ അടങ്ങി​യി​രി​ക്കുന്ന വില​യേ​റിയ ജ്ഞാന​ശേ​ഖരം നിങ്ങൾ പ്രയോ​ജ​ന​പ്പെ​ടു​ത്തേ​ണ്ട​തുണ്ട്‌. നിങ്ങളു​ടെ കുട്ടി​കളെ പഠിപ്പി​ക്കാ​നും കുടും​ബാം​ഗ​ങ്ങളെ വഴി നയിക്കാ​നും അത്‌ ഉപയോ​ഗി​ക്കുക.—സങ്കീർത്തനം 119:105.

[4-ാം പേജിലെ ചിത്രം]

മാതാപിതാക്കളുമായി ഉറ്റബന്ധ​മുള്ള യുവജ​ന​ങ്ങൾക്കു വൈകാ​രിക സമ്മർദം ഉണ്ടാകാ​നുള്ള സാധ്യത കുറവാണ്‌

[5-ാം പേജിലെ ചിത്രം]

നല്ല ആശയവി​നി​മയം കുടും​ബ​ത്തി​നു സമൃദ്ധ​മായ പ്രയോ​ജ​നങ്ങൾ കൈവ​രു​ത്തു​ന്നു

[6-ാം പേജിലെ ചിത്രം]

ജോലികളിൽ മക്കളെ​യും ഉൾപ്പെ​ടു​ത്തു​ന്നത്‌, ആശയവി​നി​മയം ചെയ്യാ​നും വിലപ്പെട്ട പരിശീ​ലനം നൽകാ​നു​മുള്ള അവസരങ്ങൾ പ്രദാനം ചെയ്യും