യഹോവയുടെ മാർഗത്തിൽ നടക്കുന്നതിൽ തുടരുക
യഹോവയുടെ മാർഗത്തിൽ നടക്കുന്നതിൽ തുടരുക
“യഹോവെക്കായി പ്രത്യാശിച്ചു അവന്റെ വഴി പ്രമാണിച്ചു നടക്ക; എന്നാൽ ഭൂമിയെ അവകാശമാക്കുവാൻ അവൻ നിന്നെ ഉയർത്തും.”—സങ്കീർത്തനം 37:34.
1, 2. ദാവീദ് രാജാവിനെ സംബന്ധിച്ചിടത്തോളം യഹോവയുടെ മാർഗത്തിൽ നടക്കുന്നതിൽ എന്ത് ഉൾപ്പെട്ടിരുന്നു, ഇന്നു നമ്മുടെ കാര്യത്തിൽ അത് എന്ത് ആവശ്യപ്പെടുന്നു?
“ഞാൻ നടക്കേണ്ടുന്ന വഴി എന്നെ അറിയിക്കേണമേ; ഞാൻ എന്റെ ഉള്ളം നിങ്കലേക്കു ഉയർത്തുന്നുവല്ലോ.” (സങ്കീർത്തനം 143:8) ദാവീദ് രാജാവിന്റെ ആ വാക്കുകൾ ക്രിസ്ത്യാനികൾ മുഴുഹൃദയത്തോടെ ആവർത്തിക്കുന്നു. യഹോവയെ പ്രസാദിപ്പിക്കാനും അവന്റെ മാർഗത്തിൽ നടക്കാനും അവർ ആത്മാർഥമായി ആഗ്രഹിക്കുന്നു. അതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്? ദാവീദിനെ സംബന്ധിച്ചിടത്തോളം അതു ദൈവനിയമം പാലിക്കുന്നതിനെ അർഥമാക്കി. ജനതകളുമായി സഖ്യങ്ങളിൽ ഏർപ്പെടുന്നതിനു പകരം, യഹോവയിൽ ആശ്രയിക്കുന്നതും അയൽജനതകളുടെ ദേവന്മാരെ സേവിക്കുന്നതിനു പകരം അവനെ വിശ്വസ്തമായി സേവിക്കുന്നതും അത് അർഥമാക്കുന്നു. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം, യഹോവയുടെ മാർഗത്തിൽ നടക്കുന്നതിൽ അതിലുമേറെ കാര്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നു.
2 യേശുക്രിസ്തുവിനെ “വഴിയും സത്യവും ജീവനു”മായി അംഗീകരിച്ചുകൊണ്ട് അവന്റെ മറുവിലയിൽ വിശ്വാസം പ്രകടമാക്കുക എന്നതാണ് യഹോവയുടെ മാർഗത്തിൽ നടക്കുക എന്നതിന്റെ ഒരു അർഥം. (യോഹന്നാൻ 3:16; 14:6; എബ്രായർ 5:9) “ക്രിസ്തുവിന്റെ ന്യായപ്രമാണം” നിവർത്തിക്കുക എന്നും അതിന് അർഥമുണ്ട്. അന്യോന്യം—വിശേഷിച്ച് യേശുവിന്റെ അഭിഷിക്ത സഹോദരന്മാരോട്—സ്നേഹം പ്രകടമാക്കുന്നത് അതിൽ ഉൾപ്പെടുന്നു. (ഗലാത്യർ 6:2; മത്തായി 25:34-40) യഹോവയുടെ മാർഗത്തിൽ നടക്കുന്നവർ അവന്റെ തത്ത്വങ്ങളെയും കൽപ്പനകളെയും പ്രിയപ്പെടുന്നു. (സങ്കീർത്തനം 119:97; സദൃശവാക്യങ്ങൾ 4:5, 6) ക്രിസ്തീയ ശുശ്രൂഷയിൽ പങ്കെടുക്കുക എന്ന അമൂല്യ പദവിയെ ഒരു നിധിപോലെ അവർ വീക്ഷിക്കുന്നു. (കൊലൊസ്സ്യർ 4:17; 2 തിമൊഥെയൊസ് 4:5) അവരുടെ ജീവിതത്തിൽ അനിവാര്യമായ ഒരു സംഗതിയാണു പ്രാർഥന. (റോമർ 12:12, 13) അവർ ‘സൂക്ഷ്മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായി നടക്കാൻ നോക്കുകയും’ ചെയ്യുന്നു. (എഫെസ്യർ 5:15) താത്കാലിക ഭൗതിക നേട്ടങ്ങൾക്കു വേണ്ടിയോ അവിഹിതമായ ജഡിക സുഖങ്ങൾക്കു വേണ്ടിയോ ആത്മീയ സമ്പത്തിനെ അവർ ഒരിക്കലും ബലി കഴിക്കില്ല. (മത്തായി 6:19, 20; 1 യോഹന്നാൻ 2:15-17) മാത്രമല്ല, യഹോവയോടുള്ള വിശ്വസ്തതയും അവനിലുള്ള ആശ്രയവും മർമപ്രധാനമാണ്. (2 കൊരിന്ത്യർ 1:9; 10:5; എഫെസ്യർ 4:24, NW) എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, നമ്മുടെ സ്ഥിതിവിശേഷവും പുരാതന ഇസ്രായേലിന്റേതിനോടു സമാനമാണ്.
വിശ്വാസവും വിശ്വസ്തതയും ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യം
3. വിശ്വസ്തതയും വിശ്വാസവും ഉറച്ച ബോധ്യവും യഹോവയുടെ മാർഗത്തിൽ തുടരാൻ നമ്മെ സഹായിക്കുന്നത് എന്തുകൊണ്ട്?
3 തങ്ങളുടെ വിഗ്രഹ ദേവന്മാരുടെ ആരാധനയോടു ബന്ധപ്പെട്ട് യാതൊരു ധാർമിക നിയന്ത്രണവും ഇല്ലാത്ത ചടങ്ങളുകളിൽ ഏർപ്പെട്ടിരുന്ന ശത്രുമനോഭാവക്കാരായ അയൽക്കാർ ചുറ്റുമുണ്ടായിരുന്ന ഒരു ചെറിയ ജനത ആയിരുന്നു ഇസ്രായേൽ. (1 ദിനവൃത്താന്തം 16:26) ഉന്നത ധാർമിക നിലവാരങ്ങൾ നിഷ്കർഷിച്ചിരുന്ന അദൃശ്യനായ ഏക സത്യദൈവമായ യഹോവയെ ഇസ്രായേല്യർ മാത്രമേ ആരാധിച്ചിരുന്നുള്ളൂ. (ആവർത്തനപുസ്തകം 6:4) സമാനമായി ഇന്ന്, ഏതാനും ദശലക്ഷങ്ങളേ യഹോവയെ ആരാധിക്കുന്നുള്ളൂ. തങ്ങളുടേതിൽനിന്നു വളരെ ഭിന്നമായ നിലവാരങ്ങളും മതപരമായ വീക്ഷണങ്ങളും പുലർത്തുന്ന 600 കോടിയോളം ആളുകൾ അധിവസിക്കുന്ന ഒരു ലോകത്തിലാണ് അവർ ജീവിക്കുന്നത്. നാം ആ ദശലക്ഷങ്ങളിൽ പെടുന്നെങ്കിൽ, തെറ്റായ സ്വാധീനങ്ങൾക്കെതിരെ ജാഗ്രത പുലർത്തേണ്ടതുണ്ട്. എങ്ങനെ? യഹോവയാം ദൈവത്തോടുള്ള വിശ്വസ്തത, അവനിലുള്ള വിശ്വാസം, തന്റെ വാഗ്ദാനങ്ങൾ അവൻ നിവർത്തിക്കുമെന്ന ഉറച്ച ബോധ്യം തുടങ്ങിയവ അതിനു നമ്മെ സഹായിക്കും. (എബ്രായർ 11:6) ലോകം പ്രത്യാശിക്കുന്ന സംഗതികളിൽ വിശ്വാസം വെക്കാതിരിക്കാൻ ഇതു നമ്മെ സഹായിക്കും.—സദൃശവാക്യങ്ങൾ 20:22; 1 തിമൊഥെയൊസ് 6:17.
4. ജനതകളുടെ ‘മനസ്സ് ഇരുളടഞ്ഞത്’ ആയിരിക്കുന്നത് എന്തുകൊണ്ട്?
4 ക്രിസ്ത്യാനികൾ ലോകത്തിൽനിന്ന് എത്ര വ്യത്യസ്തർ ആയിരിക്കണമെന്നു പൗലൊസ് അപ്പൊസ്തലൻ പ്രകടമാക്കി. അതേക്കുറിച്ച് അവൻ ഇങ്ങനെ എഴുതി: “ആകയാൽ ഞാൻ നിങ്ങളോടു കർത്താവിൽ നിഷ്കർഷയായി പറയുകയാണ്: വിജാതീയർ വ്യർത്ഥവിചാരങ്ങളിൽ നടക്കുന്നതുപോലെ നിങ്ങൾ ഇനി നടക്കരുത്. ഹൃദയകാഠിന്യത്തിന്റെ ഫലമായ അജ്ഞത നിമിത്തം അവരുടെ മനസ്സ് ഇരുളടഞ്ഞതായിത്തീരുകയും ദൈവത്തിന്റെ ജീവനിൽനിന്നു വേർപെട്ടുപോകയും ചെയ്തിരിക്കുന്നു.” (എഫെസ്യർ 4:17, 18, ന്യൂ ഇൻഡ്യാ ബൈബിൾ വേർഷൻ) യേശു “സത്യവെളിച്ചം” ആകുന്നു. (യോഹന്നാൻ 1:9) അവനെ തള്ളിക്കളയുന്ന ഏതൊരുവന്റെയും അല്ലെങ്കിൽ അവനിൽ വിശ്വസിക്കുന്നു എന്ന് പറയുന്നെങ്കിലും ‘അവന്റെ പ്രമാണം’ അനുസരിക്കാത്ത ഏതൊരുവന്റെയും ‘മനസ്സ് ഇരുളടഞ്ഞത്’ ആണ്. ദൈവത്തിന്റെ മാർഗത്തിൽ നടക്കുന്നതിനു പകരം, അവർ ‘ദൈവത്തിന്റെ ജീവനിൽനിന്നു വേർപെട്ടുപോയിരിക്കുന്നു.’ ലോകപ്രകാരം അവർ എത്ര ജ്ഞാനമുള്ളവർ ആണെന്നു വിചാരിച്ചാലും യഹോവയാം ദൈവത്തെയും യേശുക്രിസ്തുവിനെയും കുറിച്ചുള്ള ജീവദായകമായ ഏക പരിജ്ഞാനം സംബന്ധിച്ച് അവർ തികച്ചും “അജ്ഞ”രാണ്.—യോഹന്നാൻ 17:3; 1 കൊരിന്ത്യർ 3:19.
5. സത്യത്തിന്റെ വെളിച്ചം ലോകത്തിൽ പ്രകാശിക്കുന്നുണ്ടെങ്കിലും, അനേകരുടെയും ഹൃദയങ്ങൾ പ്രതികരണക്ഷമതയറ്റത് ആയിരിക്കുന്നത് എന്തുകൊണ്ട്?
5 എങ്കിലും, സത്യത്തിന്റെ വെളിച്ചം ലോകത്തിൽ പ്രകാശിക്കുന്നുണ്ട്! (സങ്കീർത്തനം 43:3; ഫിലിപ്പിയർ 2:15) “ജ്ഞാനമായവൾ വീഥിയിൽ ഘോഷിക്കുന്നു.” (സദൃശവാക്യങ്ങൾ 1:20) കഴിഞ്ഞ വർഷം യഹോവയുടെ സാക്ഷികൾ യഹോവയാം ദൈവത്തെയും യേശുക്രിസ്തുവിനെയും കുറിച്ചു തങ്ങളുടെ അയൽക്കാരോടു സംസാരിക്കാൻ 100 കോടിയിലധികം മണിക്കൂർ ചെലവഴിച്ചു. ലക്ഷക്കണക്കിന് ആളുകൾ അതിനോടു പ്രതികരിക്കുകയും ചെയ്തു. എന്നാൽ, മറ്റു പലരും പ്രതികരിക്കാൻ പരാജയപ്പെട്ടതിൽ നാം അതിശയിക്കണമോ? വേണ്ട. അവരുടെ ‘ഹൃദയകാഠിന്യത്തെ’ കുറിച്ച് പൗലൊസ് സംസാരിച്ചു. സ്വാർഥതയും പണസ്നേഹവും നിമിത്തം ചിലരുടെ ഹൃദയങ്ങൾ പ്രതികരണക്ഷമതയറ്റത് ആയിത്തീർന്നിരിക്കുന്നു. ഇന്നു വ്യാപകമായുള്ള വ്യാജമതങ്ങളോ മതേതര വീക്ഷണമോ ആണ് മറ്റു ചിലരെ സ്വാധീനിക്കുന്നത്. കയ്പേറിയ ജീവിതാനുഭവങ്ങൾ നിമിത്തം പലരും ദൈവത്തിനു നേരെ പുറം തിരിഞ്ഞുകളഞ്ഞിരിക്കുന്നു. ഇനി വേറെ ചിലരാകട്ടെ, യഹോവയുടെ ഉന്നത ധാർമിക നിലവാരങ്ങൾ അനുസരിച്ചു ജീവിക്കാൻ താത്പര്യമില്ലാത്തവർ ആണ്. (യോഹന്നാൻ 3:20) യഹോവയുടെ മാർഗത്തിൽ നടക്കുന്ന ഒരുവന്റെ ഹൃദയം അത്തരം വിധങ്ങളിൽ കഠിനമായിത്തീരാൻ ഇടയുണ്ടോ?
6, 7. ഇസ്രായേല്യർ യഹോവയെ ആരാധിച്ചിരുന്നെങ്കിലും, ഏതെല്ലാം അവസരങ്ങളിൽ അവർ വീണുപോയി, എന്തുകൊണ്ട്?
6 പൗലൊസ് പ്രകടമാക്കിയതു പോലെ, പുരാതന ഇസ്രായേലിന് അതു സംഭവിച്ചു. അവൻ എഴുതി: ‘ഈ കാര്യങ്ങൾ നമുക്കു ദൃഷ്ടാന്തമായിത്തീർന്നിരിക്കുന്നു. അവരെപ്പോലെ നാമും ദുർമ്മോഹികളാകാതിരിക്കേണ്ടതിനുതന്നേ. അവരിൽ ചിലരെപ്പോലെ നിങ്ങൾ ബിംബാരാധികൾ ആകരുത്. “ജനം തിന്നുവാനും കുടിപ്പാനും ഇരുന്നു, കൂത്താടുവാൻ എഴുന്നേറ്റു” എന്നെഴുതിയിരിക്കുന്നുവല്ലോ. അവരിൽ ചിലരെപ്പോലെ നാം ദുർമ്മാർഗ്ഗികളാകരുത്. പരസംഗംനിമിത്തം അവരിൽ ഇരുപത്തിമൂവായിരംപേർ ഒരു ദിവസംകൊണ്ടു മരിച്ചുപോയി.’—1 കൊരിന്ത്യർ 10:6-8, ന്യൂ ഇൻഡ്യാ ബൈബിൾ വേർഷൻ.
7 സീനായി പർവതത്തിന്റെ ചുവട്ടിൽവെച്ച് ഇസ്രായേല്യർ സ്വർണക്കാളക്കുട്ടിയെ ആരാധിച്ച സന്ദർഭത്തെയാണു പൗലൊസ് ആദ്യം പരാമർശിക്കുന്നത്. (പുറപ്പാടു 32:5, 6) അനുസരിച്ചുകൊള്ളാം എന്ന് ഏതാനും വാരങ്ങൾക്കു മുമ്പ് അവർ സമ്മതിച്ച ദിവ്യ കൽപ്പനയുടെ നേരിട്ടുള്ള ലംഘനമായിരുന്നു അത്. (പുറപ്പാടു 20:4-6; 24:3) മോവാബ്യ സ്ത്രീകളോടു കൂടെ ഇസ്രായേല്യർ ബാലിനെ നമസ്കരിച്ച സന്ദർഭത്തെ ആണ് പൗലൊസ് പിന്നീടു പരാമർശിക്കുന്നത്. (സംഖ്യാപുസ്തകം 25:1-9) ഭോഗാസക്തമായ നടപടികൾ—‘കൂത്താട്ടം’ a—ഉൾപ്പെട്ടതായിരുന്നു അവരുടെ കാളക്കുട്ടിയാരാധന. ബാൽ ആരാധനയിൽ കടുത്ത ലൈംഗിക അധാർമികത ഉൾപ്പെട്ടിരുന്നു. (വെളിപ്പാടു 2:14) എന്തുകൊണ്ടാണ് ഇസ്രായേല്യർ അത്തരം പാപങ്ങൾ ചെയ്തത്? തങ്ങളുടെ ഹൃദയങ്ങളിൽ ‘ദുർമ്മോഹം’—വിഗ്രഹാരാധനയോടോ അതോടനുബന്ധിച്ച് ഉണ്ടായിരുന്ന അനിയന്ത്രിത അധാർമിക നടപടികളോടോ ഉള്ള മോഹം—ഉടലെടുക്കാൻ അവർ അനുവദിച്ചതായിരുന്നു അതിന്റെ കാരണം.
8. ഇസ്രായേല്യരുടെ അനുഭവങ്ങളിൽനിന്നു നമുക്ക് എന്തു പഠിക്കാൻ കഴിയും?
8 ഈ സംഗതികളിൽനിന്നു നമുക്കു ചില പാഠങ്ങൾ പഠിക്കാനുണ്ടെന്നു പൗലൊസ് സൂചിപ്പിച്ചു. എന്തിനെ കുറിച്ചു പഠിക്കാനുണ്ടെന്ന്? ഒരു സ്വർണക്കാളക്കുട്ടിയുടെ മുമ്പിലോ പുരാതന കാലത്തെ ഒരു മോവാബ്യ ദേവന്റെ മുന്നിലോ കുമ്പിടുന്നത് ഒരു ക്രിസ്ത്യാനിക്കു ചിന്തിക്കാൻ പോലും കഴിയാത്തതാണ്. എന്നാൽ അധാർമികതയോ അനിയന്ത്രിത സുഖലോലുപതയോ സംബന്ധിച്ച് എന്ത്? അവ ഇന്നു സർവസാധാരണമാണ്. അത്തരം സംഗതികളോടു നമ്മുടെ ഹൃദയത്തിൽ അഭിവാഞ്ഛ ഉളവാകുന്നെങ്കിൽ അത് യഹോവയുമായുള്ള നമ്മുടെ ബന്ധത്തിന് ഒരു വിലങ്ങുതടി ആയിരിക്കും. നാം വിഗ്രഹാരാധനയിൽ ഏർപ്പെട്ടാലുള്ള ഫലംതന്നെ—ദൈവവുമായുള്ള ബന്ധം നഷ്ടപ്പെടൽ—ആയിരിക്കും അതിനും. (കൊലൊസ്സ്യർ 3:5-ഉം ഫിലിപ്പിയർ 3:19-ഉം താരതമ്യം ചെയ്യുക.) “വിഗ്രഹാരാധന വിട്ടോടുവിൻ” എന്നു സഹവിശ്വാസികളെ ഉദ്ബോധിപ്പിച്ചുകൊണ്ട് പൗലൊസ് ആ സംഭവങ്ങൾ സംബന്ധിച്ച തന്റെ ചർച്ച അവസാനിപ്പിക്കുന്നു.—1 കൊരിന്ത്യർ 10:14.
ദൈവമാർഗത്തിൽ നടക്കുന്നതിൽ സഹായം
9. (എ) യഹോവയുടെ മാർഗത്തിൽ നടക്കുന്നതിൽ തുടരാൻ നമുക്ക് എന്തു സഹായമാണ് ഉള്ളത്? (ബി) നാം ‘വാക്കു പിറകിൽനിന്നു’ കേൾക്കുന്ന ഒരു വിധം ഏതാണ്?
9 യഹോവയുടെ മാർഗത്തിൽ നടക്കാൻ നാം ദൃഢനിശ്ചയം ചെയ്യുന്നെങ്കിൽ, നമുക്കു സഹായം ലഭിക്കാതിരിക്കുകയില്ല. യെശയ്യാവ് ഇങ്ങനെ പ്രവചിച്ചു: “നിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ: വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ എന്നൊരു വാക്കു പിറകിൽനിന്നു കേൾക്കും.” (യെശയ്യാവു 30:21) നാം എങ്ങനെയാണു ‘വാക്കു പിറകിൽനിന്നു’ കേൾക്കുന്നത്? ഇന്ന് ആരും ദൈവത്തിന്റെ അക്ഷരീയ ശബ്ദം കേൾക്കുന്നില്ല, ആർക്കും അവനിൽനിന്നു വ്യക്തിപരമായ ഒരു സന്ദേശം ലഭിക്കുന്നുമില്ല. നാമെല്ലാവരും കേൾക്കുന്ന ആ ‘വാക്ക്’ ഒരേ വിധത്തിലാണു വരുന്നത്. ദൈവത്തിന്റെ ചിന്തകളും മനുഷ്യരോടുള്ള അവന്റെ ഇടപെടലുകളുടെ ചരിത്രവും അടങ്ങിയ നിശ്വസ്ത തിരുവെഴുത്തുകളിലൂടെ—ബൈബിളിലൂടെ—ആണ് അതു പ്രഥമവും പ്രധാനവുമായി വരുന്നത്. ‘ദൈവത്തിന്റെ ജീവനിൽനിന്നു വേർപെട്ടുപോയ’ ഉറവിടങ്ങളിൽ നിന്നുള്ള ആശയപ്രചാരണങ്ങൾക്കു നാം ദിവസവും വിധേയരാകുന്നതിനാൽ, നല്ല ആത്മീയ ആരോഗ്യം നിലനിർത്തുന്നതിനു നാം നിരന്തരം ബൈബിൾ വായിക്കുകയും അതേക്കുറിച്ചു ധ്യാനിക്കുകയും വേണം. ‘വ്യർത്ഥകാര്യങ്ങൾ’ ഒഴിവാക്കി ‘സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവർ ആകാൻ’ അതു നമ്മെ സഹായിക്കും. (പ്രവൃത്തികൾ 14:14, 15; 2 തിമൊഥെയൊസ് 3:16, 17) അതു നമ്മെ ശക്തീകരിക്കുകയും ബലപ്പെടുത്തുകയും മാത്രമല്ല, ‘നമ്മുടെ മാർഗം വിജയപ്രദമാക്കാൻ’ സഹായിക്കുകയും ചെയ്യും. (യോശുവ 1:7, 8, NW) അതുകൊണ്ട്, യഹോവയുടെ വചനം ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “മക്കളേ, എന്റെ വാക്കു കേൾക്കുവിൻ; എന്റെ വഴികൾ പ്രമാണിക്കുന്നവർ അനുഗ്രഹിക്കപ്പെട്ടവർ. എന്റെ പ്രബോധനം കൈക്കൊണ്ടു ബുദ്ധിമാന്മാരാകുവിൻ, അതിനെ അവഗണിക്കരുത്.”—സദൃശവാക്യങ്ങൾ 8:32, 33, ന്യൂ ഇൻഡ്യാ ബൈബിൾ വേർഷൻ.
10. നാം ‘പിറകിൽനിന്നുള്ള വാക്ക്’ കേൾക്കുന്ന രണ്ടാമത്തെ വിധം ഏതാണ്?
10 ‘പിറകിൽനിന്നുള്ള വാക്ക്,’ “തക്കസമയത്തെ ആഹാരം” പ്രദാനം ചെയ്യുന്ന “വിശ്വസ്തനും വിവേകിയുമായ അടിമ” മുഖാന്തരവും വരുന്നു. (മത്തായി 24:45-47, NW) ഈ ആഹാരം ലഭ്യമാകുന്ന ഒരു വിധം അച്ചടിച്ച ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളിലൂടെ ആണ്, സമീപ വർഷങ്ങളിൽ ഈ ആഹാരം സമൃദ്ധമായി ലഭിച്ചുകൊണ്ടിരിക്കുന്നു. ഉദാഹരണത്തിന്, വീക്ഷാഗോപുരം മാസികയിലൂടെ നമ്മുടെ പ്രവചന ഗ്രാഹ്യം സ്ഫുടം ചെയ്യപ്പെട്ടിരിക്കുന്നു. ആളുകൾ കൂടുതൽ കൂടുതൽ നിസ്സംഗത പ്രകടമാക്കിയിട്ടും, സുവാർത്താ ഘോഷണത്തിലും ശിഷ്യരാക്കൽ വേലയിലും തുടരാനുള്ള പ്രോത്സാഹനവും കെണികൾ ഒഴിവാക്കാനുള്ള സഹായവും നല്ല ക്രിസ്തീയ ഗുണങ്ങൾ വളർത്തിയെടുക്കാനുള്ള ഉദ്ബോധനവും ഈ മാസികയിലൂടെ നമുക്കു ലഭിച്ചിരിക്കുന്നു. തക്കസമയത്തു ലഭിക്കുന്ന അത്തരം ആഹാരത്തെ നാം എത്രയധികം വിലമതിക്കുന്നു!
11. നാം ‘വാക്ക് പിറകിൽനിന്നു’ കേൾക്കുന്ന മൂന്നാമത്തെ വിധം വിശദമാക്കുക.
11 ക്രമമായ യോഗങ്ങളിലൂടെയും വിശ്വസ്തനും വിവേകിയുമായ അടിമ ആഹാരം പ്രദാനം ചെയ്യുന്നു. പ്രാദേശിക സഭായോഗങ്ങൾ, സർക്കിട്ട് തലത്തിലുള്ള അർധവാർഷിക സമ്മേളനങ്ങൾ, വലിയ വാർഷിക കൺവെൻഷനുകൾ എന്നിവ അതിൽ പെടുന്നു. ഏതു വിശ്വസ്ത ക്രിസ്ത്യാനിയാണ് അത്തരം കൂടിവരവുകളെ വിലമതിക്കാത്തത്? യഹോവയുടെ മാർഗത്തിൽ നടക്കുന്നതിൽ നമ്മെ തുണയ്ക്കുന്നതിനുള്ള മർമപ്രധാനമായ സഹായങ്ങളാണ് അവ. പലർക്കും ജോലിസ്ഥലത്തോ സ്കൂളിലോ അവിശ്വാസികളുമായി ധാരാളം സമയം ചെലവഴിക്കേണ്ടതുള്ളതിനാൽ ക്രമമായ ക്രിസ്തീയ സഹവാസം അക്ഷരാർഥത്തിൽ ജീവരക്ഷാകരമാണ്. ‘സ്നേഹത്തിനും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിക്കാനുള്ള’ ഒരു നല്ല അവസരം യോഗങ്ങൾ പ്രദാനം ചെയ്യുന്നു. (എബ്രായർ 10:24, 25) നമ്മുടെ സഹോദരങ്ങളെ നാം സ്നേഹിക്കുന്നു, അവരുമായുള്ള സഹവാസം നാം പ്രിയപ്പെടുന്നു.—സങ്കീർത്തനം 133:1.
12. യഹോവയുടെ സാക്ഷികൾ എന്തു ദൃഢനിശ്ചയം ചെയ്തിരിക്കുന്നു, അവർ സമീപ കാലത്ത് അത് എങ്ങനെ പ്രകടമാക്കി?
12 അത്തരം ആത്മീയ ആഹാരത്തിൽനിന്നു കരുത്താർജിച്ചുകൊണ്ട് 60 ലക്ഷത്തോളം പേർ ഇന്ന് യഹോവയുടെ മാർഗത്തിൽ നടക്കുന്നു. യഹോവയുടെ മാർഗത്തിൽ എങ്ങനെ നടക്കാൻ കഴിയുമെന്ന് അറിയാൻ വേറെ ദശലക്ഷക്കണക്കിന് ആളുകൾ ബൈബിൾ പഠിച്ചുകൊണ്ടുമിരിക്കുന്നു. ഭൂമിയിലെ ശതകോടിക്കണക്കിന് ആളുകളോടുള്ള താരതമ്യത്തിൽ തങ്ങളുടെ സംഖ്യ വളരെ കുറവാണെന്ന വസ്തുത നിമിത്തം അവർ നിരുത്സാഹിതരോ ബലഹീനരോ ആയിത്തീരുന്നുണ്ടോ? ഒരു പ്രകാരത്തിലും ഇല്ല! യഹോവയുടെ ഹിതം വിശ്വസ്തമായി ചെയ്തുകൊണ്ട്, ‘പിറകിൽ നിന്നുള്ള വാക്ക്’ കേൾക്കാൻ അവർ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. ഈ ദൃഢനിശ്ചയത്തിന്റെ പരസ്യമായ പ്രകടനം എന്ന നിലയിൽ ഡിസ്ട്രിക്റ്റ്, അന്താരാഷ്ട്ര തലങ്ങളിൽ നടന്ന 1998/99-ലെ “ദൈവമാർഗത്തിലുള്ള ജീവിതം” കൺവെൻഷനുകളിൽ സംബന്ധിച്ച പ്രതിനിധികൾ തങ്ങളുടെ ഹൃദയംഗമമായ നിലപാട് വ്യക്തമാക്കാൻ ഒരു പ്രമേയം അംഗീകരിക്കുകയുണ്ടായി. ആ പ്രമേയമാണ് ചുവടെ കൊടുത്തിരിക്കുന്നത്.
പ്രമേയം
13, 14. ലോക സ്ഥിതിവിശേഷം സംബന്ധിച്ച് എന്തു വാസ്തവിക വീക്ഷണമാണ് യഹോവയുടെ സാക്ഷികൾക്ക് ഉള്ളത്?
13 “‘ദൈവമാർഗത്തിലുള്ള ജീവിതം’ കൺവെൻഷനിൽ സമ്മേളിച്ചിരിക്കുന്ന യഹോവയുടെ സാക്ഷികളായ നാം ദൈവമാർഗത്തിലുള്ള ജീവിതമാണ് ഉത്തമ ജീവിതരീതി എന്നതിനോട് സർവാത്മനാ യോജിക്കുന്നു. എന്നാൽ, ഇന്നു മനുഷ്യവർഗത്തിലെ ഭൂരിപക്ഷത്തിനും വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഉള്ളതെന്നു നാം സമ്മതിക്കുന്നു. മനുഷ്യ സമൂഹം ഉത്തമ ജീവിതരീതി തേടി പലവിധ ആശയങ്ങളും തത്ത്വചിന്തകളും മതപരമായ ആശയങ്ങളും പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. മനുഷ്യ ചരിത്രവും ഇന്നത്തെ ലോകാവസ്ഥകളും സത്യസന്ധമായി പരിശോധിക്കുന്നെങ്കിൽ, യിരെമ്യാവു 10:23-ൽ രേഖപ്പെടുത്തിയിരിക്കുന്ന ദിവ്യ പ്രസ്താവന സത്യമാണെന്നു മനസ്സിലാകും: ‘മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല.’
14 “ഈ വാക്കുകൾ സത്യമാണെന്നു സ്ഥിരീകരിക്കുന്ന അധികമധികം തെളിവുകൾ നാം ദിവസേന കാണുന്നു. മനുഷ്യ സമൂഹത്തിൽ മിക്കവരും ദൈവമാർഗത്തിലുള്ള ജീവിതത്തെ അവഗണിക്കുകയാണ്. ആളുകൾ സ്വന്തം ദൃഷ്ടിയിൽ ശരിയെന്നു തോന്നുന്നതു ചെയ്യുന്നു. ദാരുണമായ ഫലങ്ങളാണ് അതുകൊണ്ട് ഉണ്ടായിരിക്കുന്നത്—കുടുംബജീവിതത്തിന്റെ തകർച്ചയും മാർഗനിർദേശം ലഭിക്കാത്ത കുട്ടികളും; ഭൗതികത്വത്തിനു പിന്നാലെയുള്ള നെട്ടോട്ടത്തിന്റെ ഫലമായുള്ള നിരർഥകതയും നിരാശയും; ക്രൂരമായ കുറ്റകൃത്യത്തിന്റെയും അക്രമത്തിന്റെയും എണ്ണമറ്റ ബലിയാടുകൾ; വംശീയ കലഹങ്ങളുടെയും യുദ്ധങ്ങളുടെയും ഫലമായുള്ള ഭീതിജനകമായ ജീവഹാനി; കൊടിയ അധാർമികത നിമിത്തമുള്ള ലൈംഗിക പകർച്ചവ്യാധികളുടെ വർധനവ്. ഇവയെല്ലാം സന്തോഷത്തിനും സമാധാനത്തിനും സുരക്ഷിതത്വത്തിനും വിലങ്ങുതടികളായി നിൽക്കുന്ന അനേകം സങ്കീർണ പ്രശ്നങ്ങളിൽ ഏതാനും ചിലതു മാത്രം.
15, 16. ദൈവമാർഗത്തിലുള്ള ജീവിതം സംബന്ധിച്ച് എന്തു ദൃഢനിശ്ചയമാണു പ്രമേയത്തിൽ പ്രകടമാക്കപ്പെട്ടത്?
15 “മനുഷ്യവർഗത്തിന്റെ ഈ സങ്കടകരമായ ശോച്യാവസ്ഥയുടെയും അർമഗെദോൻ എന്നു വിളിക്കപ്പെടുന്ന, “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധം” സമീപിച്ചിരിക്കുന്നു എന്ന വസ്തുതയുടെയും വീക്ഷണത്തിൽ (വെളിപ്പാടു 16:14, 16) യഹോവയുടെ സാക്ഷികളായ നാം പിൻവരുന്ന സംഗതികളിൽ ദൃഢനിശ്ചയം ചെയ്യാൻ ആഗ്രഹിക്കുന്നു:
16 “ഒന്ന്: നാം ഓരോരുത്തരും യഹോവയാം ദൈവത്തിന് നിരുപാധികം സമർപ്പണം നടത്തിയിരിക്കുന്നതിനാൽ, നാം നമ്മെത്തന്നെ അവന്റെ ജനമായി വീക്ഷിക്കുന്നു. യഹോവ തന്റെ പുത്രനായ യേശുക്രിസ്തുവിലൂടെ ചെയ്തിരിക്കുന്ന മറുവില യാഗമെന്ന കരുതലിൽ നാം അചഞ്ചലമായ വിശ്വാസം നിലനിർത്തുകയും ചെയ്യുന്നു. ദൈവത്തിന്റെ സാക്ഷികളായി സേവിച്ചുകൊണ്ടും യേശുക്രിസ്തുവിന്റെ ഭരണാധിപത്യത്തിലൂടെ പ്രകടമാക്കപ്പെട്ടിരിക്കുന്ന അവന്റെ പരമാധികാരത്തിനു കീഴ്പെട്ടുകൊണ്ടും ദൈവമാർഗത്തിലുള്ള ജീവിതം നയിക്കാൻ നാം ദൃഢചിത്തരാണ്.
17, 18. ധാർമിക നിലവാരങ്ങളും ക്രിസ്തീയ സാഹോദര്യവും സംബന്ധിച്ച് എങ്ങനെയുള്ള നിലപാടായിരിക്കും യഹോവയുടെ സാക്ഷികൾ തുടർന്നും സ്വീകരിക്കുക?
17 “രണ്ട്: ബൈബിളിന്റെ ഉന്നതമായ ധാർമിക, ആത്മീയ നിലവാരങ്ങളോടു നാം തുടർന്നും പറ്റിനിൽക്കും. ജാതികൾ തങ്ങളുടെ വ്യർഥബുദ്ധി അനുസരിച്ചു നടക്കുന്നതുപോലെ നടക്കാതിരിക്കാൻ നാം ദൃഢചിത്തരാണ്. (എഫെസ്യർ 4:17-19) യഹോവയുടെ മുമ്പാകെ ശുദ്ധരും ലോകത്തിന്റെ കളങ്കമേൽക്കാത്തവരുമായി നിലകൊള്ളാൻ നാം ദൃഢചിത്തരാണ്.—യാക്കോബ് 1:27.
18 “മൂന്ന്: ലോകവ്യാപക ക്രിസ്തീയ സഹോദരവർഗം എന്ന നിലയിലുള്ള തിരുവെഴുത്തുപരമായ നമ്മുടെ സ്ഥാനം നാം മുറുകെപ്പിടിക്കുന്നതാണ്. വർഗീയമോ ദേശീയമോ വംശീയമോ ആയ വിദ്വേഷങ്ങളിലോ വിഭാഗീയതകളിലോ ഉൾപ്പെടാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട് ജാതികൾക്കിടയിൽ നാം ക്രിസ്തീയ നിഷ്പക്ഷത പാലിക്കും.
19, 20. (എ) ക്രിസ്തീയ മാതാപിതാക്കൾ എന്തു ചെയ്യും? (ബി) തങ്ങൾ ക്രിസ്തുവിന്റെ ശിഷ്യന്മാർ ആണെന്ന് എല്ലാ സത്യക്രിസ്ത്യാനികളും തിരിച്ചറിയിക്കുന്നതിൽ എങ്ങനെ തുടരും?
19 “നാല്: മാതാപിതാക്കളായ നാം നമ്മുടെ കുട്ടികളിൽ ദൈവത്തിന്റെ മാർഗം ഉൾനടും. ക്രമമായ ബൈബിൾ വായനയും കുടുംബ അധ്യയനവും നിർവഹിച്ചുകൊണ്ടും ക്രിസ്തീയ സഭയിലും വയൽ ശുശ്രൂഷയിലും മുഴുദേഹിയോടെ പങ്കുപറ്റിക്കൊണ്ടും നാം ക്രിസ്തീയ ജീവിതത്തിൽ മാതൃക വെക്കും.
20 “അഞ്ച്: നമ്മുടെ സ്രഷ്ടാവു തന്റെ മാതൃകയിലൂടെ പ്രകടമാക്കിയിരിക്കുന്ന ദൈവിക ഗുണങ്ങൾ നട്ടുവളർത്താനും യേശു ചെയ്തതുപോലെ ദൈവത്തിന്റെ വ്യക്തിത്വവും മാർഗങ്ങളും അനുകരിക്കാനും നാമെല്ലാവരും യത്നിക്കുന്നതാണ്. (എഫെസ്യർ 5:1) നാം നമ്മുടെ എല്ലാ സംഗതികളും സ്നേഹത്തോടെ ചെയ്യാനും അങ്ങനെ നമ്മെത്തന്നെ ക്രിസ്തുവിന്റെ ശിഷ്യരായി തിരിച്ചറിയിക്കാനും ദൃഢചിത്തരാണ്.—യോഹന്നാൻ 13:35.
21-23. യഹോവയുടെ സാക്ഷികൾ എന്തു ചെയ്യുന്നതിൽ തുടരും, എന്തു സംബന്ധിച്ച് അവർക്കു ബോധ്യമുണ്ട്?
21 “ആറ്: നാം അവിരാമം ദൈവരാജ്യ സുവാർത്ത പ്രസംഗിക്കുകയും ശിഷ്യരെ ഉളവാക്കുകയും ദൈവമാർഗത്തിലുള്ള ജീവിതം സംബന്ധിച്ച് അവരെ പ്രബോധിപ്പിക്കുകയും സഭായോഗങ്ങളിൽ നിന്നു കൂടുതലായ പരിശീലനം നേടാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.—മത്തായി 24:14; 28:19, 20; എബ്രായർ 10:24, 25.
22 “ഏഴ്: വ്യക്തികൾ എന്ന നിലയിലും ഒരു മതസംഘടന എന്ന നിലയിലും, നാം നമ്മുടെ ജീവിതത്തിൽ ദൈവഹിതത്തിന് ഒന്നാം സ്ഥാനം കൊടുക്കുന്നതിൽ തുടരും. അവന്റെ വചനമായ ബൈബിളിനെ നമ്മുടെ വഴികാട്ടിയായി ഉപയോഗിച്ചുകൊണ്ട്, ഇടത്തോട്ടോ വലത്തോട്ടോ വ്യതിചലിക്കാതെ, ദൈവമാർഗം ലോകത്തിന്റേതിനെക്കാൾ ശ്രേഷ്ഠമാണെന്നു നാം സ്ഥിരീകരിക്കും. ദൈവമാർഗത്തിലുള്ള ജീവിതം ദൃഢമായും വിശ്വസ്തമായും, ഇന്നും എന്നും പിന്തുടരാൻ നാം ദൃഢചിത്തരാണ്!
23 “ദൈവഹിതം ചെയ്യുന്നവൻ എന്നേക്കും നിലനിൽക്കുന്നു എന്ന യഹോവയുടെ സ്നേഹപുരസ്സരമായ വാഗ്ദാനത്തിൽ നാം സമ്പൂർണ വിശ്വാസം അർപ്പിച്ചിരിക്കുന്നതുകൊണ്ടാണ് നാം ഈ പ്രമേയം അവതരിപ്പിക്കുന്നത്. ഇന്ന് ഏറ്റവും മികച്ച ജീവിതരീതിക്ക് ആധാരം തിരുവെഴുത്തുപരമായ തത്ത്വങ്ങളും ബുദ്ധിയുപദേശവും അനുശാസനവും അനുസരിച്ചു ജീവിക്കുന്നതാണെന്നും ഭാവിയിലെ യഥാർഥ ജീവന്റെമേൽ ഉറപ്പുള്ള ഒരു പിടി ഉണ്ടായിരിക്കുന്നതിന് അത് ഒരു നല്ല അടിസ്ഥാനമാണെന്നും നമുക്കു ബോധ്യം ഉള്ളതുകൊണ്ടാണ് നാം ഈ പ്രമേയം അവതരിപ്പിക്കുന്നത്. (1 തിമൊഥെയൊസ് 6:19; 2 തിമൊഥെയൊസ് 4:7ബി, 8) സർവോപരി, യഹോവയെ നമ്മുടെ മുഴുഹൃദയത്തോടും ദേഹിയോടും മനസ്സോടും ശക്തിയോടും കൂടെ സ്നേഹിക്കുന്നതുകൊണ്ടാണ് നാം ഈ പ്രമേയം അവതരിപ്പിക്കുന്നത്!
24, 25. അവതരിപ്പിച്ച പ്രമേയത്തോടുള്ള പ്രതികരണം എന്തായിരുന്നു, യഹോവയുടെ മാർഗത്തിൽ നടക്കുന്നവർക്ക് എന്തു നിശ്ചയദാർഢ്യമാണ് ഉള്ളത്?
24 “ഈ പ്രമേയത്തെ അനുകൂലിക്കുന്നവരായി ഈ ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ സന്നിഹിതരായിരിക്കുന്ന എല്ലാവരും ദയവായി ഉവ്വ് എന്നു പറയുക!”
25 സദസ്സിലുണ്ടായിരുന്ന സകലരും ഇടിമുഴക്കം പോലെ “ഉവ്വ്” എന്നു പറഞ്ഞപ്പോൾ, ലോകമെമ്പാടുമുള്ള നൂറുകണക്കിനു വേദികളും സ്റ്റേഡിയങ്ങളും പ്രകമ്പനം കൊണ്ടു. യഹോവയുടെ മാർഗത്തിൽ തങ്ങൾ തുടർന്നും നടക്കുമെന്ന കാര്യത്തിൽ യഹോവയുടെ സാക്ഷികൾക്കു യാതൊരു സംശയവുമില്ല. അവർ യഹോവയിൽ പൂർണമായ ആശ്രയം വെക്കുന്നു, തന്റെ വാഗ്ദാനങ്ങൾ അവൻ നിവർത്തിക്കുമെന്ന ഉറച്ച വിശ്വാസവും അവർക്കുണ്ട്. എന്തുതന്നെ സംഭവിച്ചാലും അവർ അവനോടു വിശ്വസ്തരായി നിലകൊള്ളുകതന്നെ ചെയ്യും. അവന്റെ ഹിതം ചെയ്യാൻ അവർ ദൃഢചിത്തരാണ്.
‘ദൈവം നമുക്ക് അനുകൂലം’
26. യഹോവയുടെ മാർഗത്തിൽ നടക്കുന്നവർക്കു സന്തോഷകരമായ എന്തു പദവിയാണുള്ളത്?
26 സങ്കീർത്തനക്കാരന്റെ ഉദ്ബോധനം യഹോവയുടെ സാക്ഷികൾ ഓർമയിൽ പിടിക്കുന്നു: “യഹോവെക്കായി പ്രത്യാശിച്ചു അവന്റെ വഴി പ്രമാണിച്ചു നടക്ക; എന്നാൽ ഭൂമിയെ അവകാശമാക്കുവാൻ അവൻ നിന്നെ ഉയർത്തും.” (സങ്കീർത്തനം 37:34) പൗലൊസിന്റെ പിൻവരുന്ന പ്രോത്സാഹന വാക്കുകൾ അവർ മറക്കുന്നില്ല: “ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ? സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവർക്കും വേണ്ടി ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു നല്കാതിരിക്കുമോ?” (റോമർ 8:31, 32) അതെ, യഹോവയുടെ മാർഗത്തിൽ നാം തുടർന്നും നടക്കുന്നെങ്കിൽ അവൻ നമുക്ക് ‘സകലവും ധാരാളമായി അനുഭവിക്കാൻ തരും.’ (1 തിമൊഥെയൊസ് 6:17) നമ്മുടെ പ്രിയ സഹോദരങ്ങളോടൊപ്പം യഹോവയുടെ മാർഗത്തിൽ നടക്കുക എന്നതിനെക്കാൾ മെച്ചമായ എന്തു പദവിയാണു നമുക്ക് ഉള്ളത്? യഹോവ നമ്മുടെ പക്ഷത്തുള്ളതിനാൽ, തക്കസമയത്ത് അവൻ തന്റെ അവസാനത്തെ വാഗ്ദാനവും നിവർത്തിക്കുമെന്ന പൂർണ ബോധ്യത്തോടെ ആ പദവിയിൽ തുടരാനും അവസാനത്തോളം സഹിച്ചു നിൽക്കാനും നമുക്കു ദൃഢനിശ്ചയം ചെയ്യാം.—തീത്തൊസ് 1:2.
[അടിക്കുറിപ്പുകൾ]
a ‘കൂത്താട്ടം’ എന്ന് ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദത്തെ പരാമർശിച്ചുകൊണ്ട്, പുറജാതീയ ഉത്സവങ്ങളിൽ ഉണ്ടായിരുന്ന നൃത്തങ്ങളെ ഇതു സൂചിപ്പിക്കുന്നു എന്ന് ഒരു വ്യാഖ്യാതാവ് പറയുന്നു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഈ നൃത്തങ്ങളിൽ പലതും അങ്ങേയറ്റത്തെ രതിമോഹങ്ങൾ തട്ടിയുണർത്താൻ പോന്നതായിരുന്നു എന്നതു പരക്കെ അറിയാവുന്ന ഒരു സംഗതിയാണ്.”
നിങ്ങൾ ഓർമിക്കുന്നുവോ?
□ ഒരു ക്രിസ്ത്യാനി യഹോവയുടെ മാർഗത്തിൽ നടക്കാൻ എന്താണ് ആവശ്യമായിരിക്കുന്നത്?
□ നാം യഹോവയിലുള്ള വിശ്വാസവും അവനോടുള്ള വിശ്വസ്തതയും നട്ടുവളർത്തേണ്ടത് എന്തുകൊണ്ട്?
□ നാം യഹോവയുടെ മാർഗത്തിൽ നടക്കവേ എന്തു സഹായം ലഭ്യമാണ്?
□ “ദൈവമാർഗത്തിലുള്ള ജീവിതം” കൺവെൻഷനുകളിൽ അംഗീകരിച്ച പ്രമേയത്തിലെ ചില പ്രസക്ത ആശയങ്ങൾ പറയുക.
[അധ്യയന ചോദ്യങ്ങൾ]
[18-ാം പേജിലെ ചിത്രം]
ഡിസ്ട്രിക്റ്റ്, അന്താരാഷ്ട്ര തലങ്ങളിൽ നടന്ന “ദൈവമാർഗത്തിലുള്ള ജീവിതം” കൺവെൻഷനുകളിൽ ഒരു സുപ്രധാന പ്രമേയം അംഗീകരിക്കുകയുണ്ടായി