തന്റെ വാഗ്ദാനങ്ങൾ നിവർത്തിക്കാൻ ദൈവം താമസമുള്ളവനല്ല
തന്റെ വാഗ്ദാനങ്ങൾ നിവർത്തിക്കാൻ ദൈവം താമസമുള്ളവനല്ല
“ഓയഹോവേ, ഞാൻ എത്രത്തോളം സഹായത്തിനായി നിലവിളിക്കുകയും നീ കേൾക്കാതിരിക്കുകയും ചെയ്യും?” പൊ.യു.മു. ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന എബ്രായ പ്രവാചകനായ ഹബക്കൂക്കിന്റെ വാക്കുകളാണ് അവ. എന്നാൽ ഈ വാക്കുകൾ കേട്ടു പരിചയം ഉള്ളതുപോലെ തോന്നുന്നില്ലേ? നാം അതിയായി ആഗ്രഹിക്കുന്ന കാര്യങ്ങൾ ഉടൻതന്നെ, അല്ലെങ്കിൽ എത്രയും വേഗം ലഭിക്കാനുള്ള ആഗ്രഹം മാനുഷികമാണ്. ഇന്നത്തെ തത്ക്ഷണ സംതൃപ്തിയുടെ യുഗത്തിൽ അതു വിശേഷാൽ സത്യമാണ്.—ഹബക്കൂക് 1:2.
ദൈവം തന്റെ വാഗ്ദാനങ്ങൾ കുറെക്കൂടി നേരത്തെ നിവർത്തിക്കണമായിരുന്നു എന്നു കരുതിയ ചിലർ ഒന്നാം നൂറ്റാണ്ടിൽ ഉണ്ടായിരുന്നുവെന്നു തോന്നുന്നു. വളരെ അക്ഷമരായ അവർ ദൈവം താമസമുള്ളവൻ അഥവാ മന്ദഗതിക്കാരൻ ആണെന്നു പോലും വിചാരിച്ചു. സമയം സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം നമ്മുടേതിൽനിന്നു തികച്ചും വ്യത്യസ്തം ആണെന്നു പത്രൊസ് അപ്പൊസ്തലന് അവരെ ഓർമിപ്പിക്കേണ്ടി വന്നു. പത്രൊസ് എഴുതുന്നു: “പ്രിയമുള്ളവരേ, കർത്താവിന്നു ഒരു ദിവസം ആയിരം സംവത്സരംപോലെയും ആയിരം സംവത്സരം ഒരു ദിവസംപോലെയും ഇരിക്കുന്നു എന്നീ കാര്യം നിങ്ങൾ മറക്കരുതു.”—2 പത്രൊസ് 3:8.
ഈ വിധത്തിൽ സമയം തിട്ടപ്പെടുത്തുമ്പോൾ, 80 വയസ്സുള്ള ഒരാൾ ഏകദേശം രണ്ടു മണിക്കൂറേ ജീവിച്ചിരുന്നിട്ടുള്ളൂ. മനുഷ്യവർഗത്തിന്റെ മൊത്തം ചരിത്രത്തിനാകട്ടെ
ഏകദേശം ആറു ദിവസത്തെ ദൈർഘ്യമേ ഉള്ളൂ. നാം കാര്യങ്ങളെ ഈ വീക്ഷണകോണിൽ നിന്നു നോക്കുമ്പോൾ, നമ്മോടുള്ള ദൈവത്തിന്റെ ഇടപെടൽ രീതി മനസ്സിലാക്കുക കൂടുതൽ എളുപ്പമായിത്തീരുന്നു.എന്നാൽ സമയത്തിന്റെ കാര്യത്തിൽ ദൈവം ഉദാസീനൻ അല്ല. നേരെമറിച്ച്, അവൻ വളരെ സമയബോധം ഉള്ളവനാണ്. (പ്രവൃത്തികൾ 1:7) അതുകൊണ്ട് പത്രൊസ് തുടർന്ന് ഇങ്ങനെ പറയുന്നു: “ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ കർത്താവു തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നതേയുള്ളു.” (2 പത്രൊസ് 3:9) മനുഷ്യരിൽനിന്നു വ്യത്യസ്തമായി, സമയം തീർന്നുപോകുമല്ലോ എന്ന് ഓർത്ത് കാര്യങ്ങൾ പെട്ടെന്നു ചെയ്തു തീർക്കാനുള്ള സമ്മർദം അവന് അനുഭവപ്പെടുന്നില്ല. “നിത്യരാജാവായ” അവനു കാര്യാദികൾ സംബന്ധിച്ച് അതിശയകരമായ ഒരു ആകമാന വീക്ഷണമുണ്ട്. തന്റെ പ്രവർത്തനങ്ങൾ കാലത്തിന്റെ നീരൊഴുക്കിൽ, ഉൾപ്പെട്ടിരിക്കുന്ന സകലർക്കും ഏറ്റവും ഗുണകരമായിരിക്കുന്നത് എപ്പോഴെന്നു നിർണയിക്കാൻ അവനു കഴിയും.—1 തിമൊഥെയൊസ് 1:17.
ദൈവം താമസമുള്ളവനായി കാണപ്പെടുന്നതിന്റെ കാരണം വിശദീകരിച്ച ശേഷം പത്രൊസ് ഈ മുന്നറിയിപ്പു നൽകുന്നു: “കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും.” മറ്റു വാക്കുകളിൽ പറഞ്ഞാൽ, ആളുകൾ പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും കണക്കു തീർപ്പിന്റെ ദിവസം വന്നെത്തുന്നത്. തുടർന്ന് അടുത്ത വാക്യത്തിൽ, “വിശുദ്ധജീവനവും ഭക്തിയും ഉള്ളവർ”ക്കുള്ള അതിശയകരമായ പ്രത്യാശയിലേക്ക്, അതായത് അവർ അതിജീവിച്ച് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന ‘പുതിയ ആകാശവും പുതിയ ഭൂമിയും’ അവകാശമാക്കിയേക്കാം എന്ന സംഗതിയിലേക്കു പത്രൊസ് വിരൽ ചൂണ്ടുന്നു.—2 പത്രൊസ് 3:10-13.
ദൈവത്തിന്റെ ന്യായവിധി ഇനിയും വന്നിട്ടില്ല എന്ന സംഗതി ഏറ്റവും വിലമതിക്കാൻ ഇതു നമ്മെ പ്രേരിപ്പിക്കണം. അവന്റെ ഉദ്ദേശ്യം അറിയാനും അവൻ വാഗ്ദാനം ചെയ്തിരിക്കുന്ന അനുഗ്രഹങ്ങൾ പ്രാപിക്കാൻ തക്കവിധം നമ്മുടെ ജീവിതത്തെ ക്രമപ്പെടുത്താനും അവന്റെ ക്ഷമ നമുക്ക് അവസരമേകിയിരിക്കുന്നു. അപ്പോൾ, പത്രൊസ് വാദിക്കുന്നതുപോലെ “നമ്മുടെ കർത്താവിന്റെ ദീർഘക്ഷമയെ രക്ഷ” എന്നു നാം കരുതേണ്ടതല്ലേ? (2 പത്രൊസ് 3:14) എന്നാൽ ദൈവം ക്ഷമ പ്രകടമാക്കുന്നതിനു മറ്റൊരു കാരണം കൂടിയുണ്ട്.
അതിക്രമം ഒരു അളവോളം പൂർത്തിയാകേണ്ടിയിരിക്കുന്നു
മെച്ചപ്പെടുമെന്നുള്ള സകല പ്രതീക്ഷയും അസ്തമിക്കുന്നതു വരെ മിക്കപ്പോഴും ദൈവം തന്റെ ന്യായവിധി നടപ്പാക്കാതിരുന്നിട്ടുണ്ടെന്ന് മനുഷ്യവർഗത്തോടുള്ള അവന്റെ കഴിഞ്ഞകാല ഇടപെടലുകൾ പഠിക്കുമ്പോൾ നാം മനസ്സിലാക്കുന്നു. ദൃഷ്ടാന്തത്തിന്, കനാന്യരുടെ മേൽ ദൈവം നടത്തിയ ന്യായവിധിയുടെ കാര്യത്തിൽ, ദീർഘകാലം മുമ്പുതന്നെ അവൻ അവരുടെ പാപങ്ങളെ കുറിച്ച് അബ്രാഹാമിനോടു പറഞ്ഞിരുന്നു. എന്നാൽ ന്യായവിധി നിർവഹണത്തിനുള്ള അവന്റെ സമയം അപ്പോഴും എത്തിയിരുന്നില്ല. എന്തുകൊണ്ടില്ല? എന്തെന്നാൽ, ബൈബിൾ പറയുന്നതു പോലെ, ‘അമോര്യരുടെ [കനാന്യർ] അക്രമം അതുവരെ തികഞ്ഞിട്ടില്ലാ’യിരുന്നു. അല്ലെങ്കിൽ നോക്സ് വിവർത്തനം പറയുന്നതുപോലെ, ‘അമോര്യരുടെ ദുഷ്ടത പൂർണമായിട്ടില്ലാ’യിരുന്നു.—ഉല്പത്തി 15:16. a
എന്നാൽ, ഏകദേശം 400 വർഷം കഴിഞ്ഞപ്പോൾ ദൈവം ന്യായവിധി നടപ്പാക്കി. അബ്രാഹാമിന്റെ പിൻതലമുറക്കാരായ ഇസ്രായേല്യർ ആ ദേശം കൈവശമാക്കി. രാഹാബിനെയും ഗിബെയോന്യരെയും പോലുള്ള ചില കനാന്യർ തങ്ങളുടെ മനോഭാവത്തിന്റെയും പ്രവൃത്തികളുടെയും ഫലമായി രക്ഷിക്കപ്പെട്ടു. എന്നാൽ ആധുനികകാല പുരാവസ്തു ഖനനങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നതു പോലെ, ബഹുഭൂരിപക്ഷം കനാന്യരും അങ്ങേയറ്റം അശുദ്ധരായി തീർന്നിരുന്നു. അവർ ലിംഗാരാധനയും ക്ഷേത്ര വേശ്യാവൃത്തിയും ശിശുബലിയും നടത്തിയിരുന്നു. ഹാലീസ് ബൈബിൾ ഹാൻഡ്ബുക്ക് ഇങ്ങനെ പ്രസ്താവിക്കുന്നു: “ദൈവം കനാന്യരെ നേരത്തെതന്നെ നശിപ്പിക്കാഞ്ഞത് എന്തുകൊണ്ടെന്ന് അവരുടെ നഗരങ്ങളിലെ നാശാവശിഷ്ടങ്ങളിൽ ഖനനം നടത്തിയ പുരാവസ്തു ശാസ്ത്രജ്ഞർ അതിശയിക്കുന്നു.” ഒടുവിൽ, കനാന്യരുടെ ‘പാപം തികഞ്ഞു;’ അവരുടെ ദുഷ്ടത “പൂർണമായി.” ദൈവം ആ ദേശത്തെ ശുദ്ധീകരിക്കുകയും അതേസമയം ശരിയായ മനോഭാവം കാട്ടിയവരെ നശിപ്പിക്കാതിരിക്കുകയും ചെയ്തപ്പോൾ അത് അവന്റെ ഭാഗത്ത് അന്യായം ആയിരുന്നെന്ന് ആർക്കും ന്യായമായി കുറ്റപ്പെടുത്താൻ കഴിയുമായിരുന്നില്ല.
നോഹയുടെ നാളിലും സമാനമായൊരു സാഹചര്യം നമുക്കു കാണാം. പ്രളയത്തിനു മുമ്പുണ്ടായിരുന്ന ജനതതി ദുഷ്ടമായിരുന്നെങ്കിലും, അവരുടെ കാലം 120 വർഷം കൂടെ തുടരട്ടെ എന്നു ദൈവം കരുണാപൂർവം തീരുമാനിച്ചു. ആ കാലഘട്ടത്തിൽ കുറെക്കാലം നോഹ ഒരു “നീതിപ്രസംഗി”യായി സേവിച്ചു. (2 പത്രൊസ് 2:5) കാലം കടന്നുപോയതോടെ, അവരുടെ ദുഷ്ടത വ്യക്തമായും അതിന്റെ പാരമ്യത്തിൽ എത്തി. “ദൈവം ഭൂമിയെ നോക്കി, അതു വഷളായി എന്നു കണ്ടു; സകലജഡവും ഭൂമിയിൽ തന്റെ വഴി വഷളാക്കിയിരുന്നു.” (ഉല്പത്തി 6:3, 12) അവരുടെ ‘പാപം തികഞ്ഞിരുന്നു;’ കാലചക്രം മുന്നോട്ടു തിരിയവെ, അവരുടെ തെറ്റായ ചായ്വുകൾ പരകോടിയിൽ എത്തിയിരുന്നു. ദൈവം നടപടി സ്വീകരിച്ചത് തികച്ചും ന്യായമായ സംഗതി ആയിരുന്നു. ദൈവദൃഷ്ടിയിൽ നീതിമാന്മാരായി കണ്ടെത്തപ്പെട്ടത് വെറും എട്ടുപേർ മാത്രമാണ്. അവൻ അവരെ രക്ഷിക്കുകയും ചെയ്തു.
ഇസ്രായേല്യരോടു ദൈവം ഇടപെട്ടതും സമാനമായ രീതിയിലാണ്. അവർ അവിശ്വസ്തവും അധമവുമായ വിധത്തിൽ പ്രവർത്തിച്ചെങ്കിലും നൂറുകണക്കിനു വർഷങ്ങൾ ദൈവം അവരോടു ക്ഷമ കാണിച്ചു. തിരുവെഴുത്തു രേഖ ഇങ്ങനെ പറയുന്നു: “യഹോവെക്കു തന്റെ ജനത്തോടു. . . സഹതാപം തോന്നീട്ടു അവൻ ജാഗ്രതയോടെ [“വീണ്ടും വീണ്ടും,” NW] തന്റെ ദൂതന്മാരെ അവരുടെ അടുക്കൽ അയച്ചു. അവരോ . . . അവന്റെ വാക്കുകളെ നിരസിച്ചു ഉപശാന്തിയില്ലാതാകുംവണ്ണം യഹോവയുടെ കോപം തന്റെ ജനത്തിന്നു നേരെ ഉജ്ജ്വലിക്കുവോളം അവന്റെ പ്രവാചകന്മാരെ നിന്ദിച്ചുകളഞ്ഞു.” (2 ദിനവൃത്താന്തം 36:15, 16) ജനം മെച്ചപ്പെടാൻ കഴിയാത്ത ഒരു ഘട്ടത്തിൽ എത്തിച്ചേർന്നിരുന്നു. യിരെമ്യാവും മറ്റു ചുരുക്കം ചിലരും മാത്രമേ രക്ഷിക്കപ്പെട്ടുള്ളൂ. ശേഷിച്ചവരുടെ മേൽ ദൈവം ഒടുവിൽ ന്യായവിധി നടപ്പാക്കിയപ്പോൾ അത് അന്യായമായിരുന്നെന്ന് ആർക്കും പറയാൻ സാധിക്കുമായിരുന്നില്ല.
പ്രവർത്തിക്കാനുള്ള ദൈവത്തിന്റെ സമയം ആസന്നമായിരിക്കുന്നു
ഈ വ്യവസ്ഥിതിയുടെ മേലുള്ള ന്യായവിധി, ഉചിതമായ സമയം വന്നെത്തുന്നതു വരെ മാത്രമേ ദൈവം നടപ്പാക്കാതിരിക്കുകയുള്ളൂ എന്ന് ഈ ദൃഷ്ടാന്തങ്ങളിൽ നിന്നു നമുക്കു കാണാൻ കഴിയും. ദൈവത്തിന്റെ പ്രതീകാത്മക വധനിർവാഹകനു നൽകപ്പെട്ട കൽപ്പനയിൽ ഇതു പ്രകടമാണ്: “‘നിന്റെ മൂർച്ചയുള്ള അരിവാൾ എടുത്തു ഭൂമിയിലെ മുന്തിരിവള്ളിയിൽനിന്നു മുന്തിരിക്കുലകൾ ശേഖരിക്കുക, മുന്തിരിങ്ങാ പാകമായിരിക്കുന്നു.’ . . . ദൂതൻ അരിവാൾ ഭൂമിയിലേക്ക് എറിഞ്ഞ് ഭൂമിയിലെ മുന്തിരിക്കുലകൾ ശേഖരിച്ചു ദൈവക്രോധത്തിന്റെ വലിയ ചക്കിൽ ഇട്ടു.” മനുഷ്യവർഗത്തിന്റെ ദുഷ്ടത “പാകമായിരിക്കുന്നു,” അതായത് മെച്ചപ്പെടാനുള്ള സകല സാധ്യതയും അസ്തമിച്ച ഒരു ഘട്ടത്തിൽ എത്തിച്ചേർന്നിരിക്കുന്നു എന്നതു ശ്രദ്ധിക്കുക. ദൈവം ന്യായവിധി നടപ്പാക്കുമ്പോൾ, അവന്റെ ആ ഇടപെടൽ നീതിപൂർവകം ആയിരിക്കും എന്നതിനു തെല്ലും സംശയമില്ല.—വെളിപ്പാടു 14:18, 19, ന്യൂ ഇൻഡ്യാ ബൈബിൾ വേർഷൻ.
മേൽ പ്രസ്താവിച്ചതു പരിഗണിക്കുമ്പോൾ, ലോകത്തിന് എതിരെയുള്ള ദൈവത്തിന്റെ ന്യായവിധി ആസന്നമാണെന്നു വ്യക്തമാണ്. കാരണം, മുൻകാലങ്ങളിൽ ദൈവത്തിന്റെ ന്യായവിധി അനിവാര്യമാക്കിയ അവസ്ഥയിൽ ഈ ലോകം എത്തിച്ചേർന്നിരിക്കുന്നു. ഉല്പത്തി 6:5-ൽ വിവരിച്ചിരിക്കുന്നതു പോലെ ആകുകയാണ്: “[മനുഷ്യന്റെ] ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതത്രേ.” കനാന്യർക്ക് എതിരെ ദൈവത്തിന്റെ ന്യായവിധി ക്ഷണിച്ചു വരുത്തിയ കടുത്ത പാപങ്ങൾ പോലും ഇന്നു സർവസാധാരണമാണ്.
എവിടെ നോക്കിയാലും, നോഹയുടെ കാലത്തെ ജലപ്രളയത്തിനു മുമ്പത്തേതു പോലെ ഭൂമി അതിക്രമംകൊണ്ടു നിറഞ്ഞിരിക്കുന്നു. ആളുകളുടെ മനോഭാവങ്ങൾ പൂർവാധികംവിശേഷിച്ചും, ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം മനുഷ്യവർഗം ഭയാനകമായ മാറ്റങ്ങൾക്കു വിധേയമായിരിക്കുന്നു. ഭൂമി കോടിക്കണക്കിന് ആളുകളുടെ രക്തംകൊണ്ട് കുതിർന്നിരിക്കുന്നു. യുദ്ധം, വംശഹത്യ, ഭീകരപ്രവർത്തനം, കുറ്റകൃത്യം, നിയമരാഹിത്യം എന്നിവയുടെ നിരക്കു ലോകവ്യാപകമായി കുതിച്ചുയർന്നിരിക്കുന്നു. ക്ഷാമവും രോഗവും അധാർമികതയും നമ്മുടെ ഭൂഗോളത്തെ വിഴുങ്ങിയിരിക്കുന്നു. “ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല” എന്ന് യേശു പറഞ്ഞ ദുഷ്ട തലമുറയിലാണു നാം ജീവിക്കുന്നതെന്ന് എല്ലാ തെളിവുകളും സൂചിപ്പിക്കുന്നു. (മത്തായി 24:34) ലോകം ഇപ്പോൾ അതിന്റെ “പാപത്തിന്റെ അളവ്” തികയ്ക്കുകയാണ്. “ഭൂമിയിലെ മുന്തിരിക്കുലകൾ” വിളവെടുപ്പിനു പാകമാകുകയാണ്.
നിങ്ങൾക്കു പ്രവർത്തിക്കാനുള്ള സമയം
ന്യായവിധിയുടെ കാലം അടുത്തുവരവേ, രണ്ടു തരത്തിലുള്ള പാകമാകൽ ഉണ്ടാകുമെന്ന് അപ്പൊസ്തലനായ യോഹന്നാനോടു പറയപ്പെട്ടു. ഒരു വശത്ത്, “അനീതി ചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാകട്ടെ.” എന്നാൽ മറുവശത്ത്, “നീതിമാൻ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.” (വെളിപ്പാടു 22:10, 11) ഈ രണ്ടാമത്തെ സംഭവ വികാസം, യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക ബൈബിൾ വിദ്യാഭ്യാസ വേലയോടുള്ള ബന്ധത്തിൽ സംഭവിക്കുന്നു. നിത്യജീവൻ പ്രാപിക്കാൻ യോഗ്യതയുള്ളവരായി കണക്കാക്കപ്പെടാൻ കഴിയേണ്ടതിന്, ദൈവം തങ്ങളിൽനിന്ന് ആവശ്യപ്പെടുന്നത് എന്തെന്ന് ആളുകളെ പഠിപ്പിക്കുകയാണ് ആ വേലയുടെ ലക്ഷ്യം. ഏകദേശം 87,000 സഭകളിലൂടെ, ഇപ്പോൾ 233 ദേശങ്ങളിൽ ഈ പ്രവർത്തനം നടക്കുന്നു.
ദൈവം താമസമുള്ളവനല്ല. എന്നാൽ, അവന്റെ വാഗ്ദാനങ്ങളിൽനിന്നു പ്രയോജനം അനുഭവിക്കാൻ തക്കവണ്ണം ആളുകൾ “പുതിയ വ്യക്തിത്വം ധരി”ക്കുന്നതിന് ആവശ്യമായ സമയം അവർക്കു ക്ഷമാപൂർവം അനുവദിച്ചിരിക്കുന്നു. (എഫെസ്യർ 4:24, NW) ഇന്ന്, ലോകത്തിലെ അവസ്ഥകൾ ഒന്നിനൊന്നു വഷളാകുകയാണെങ്കിലും ദൈവം ഇപ്പോഴും കാത്തിരിക്കുന്നു. നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം തങ്ങളുടെ അയൽക്കാരുമായി പങ്കുവെക്കാൻ ന്യായമായും തങ്ങൾക്കു സാധിക്കുന്നതെല്ലാം യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായി ചെയ്തുകൊണ്ടിരിക്കുന്നു. (യോഹന്നാൻ 17:3, 17) സന്തോഷകരമെന്നു പറയട്ടെ, ഓരോ വർഷവും 3,00,000 ആളുകൾ അതിനോടു പ്രതികരിച്ചുകൊണ്ടു സ്നാപനം ഏൽക്കുന്നു.
ഇപ്പോൾ നിത്യജീവൻ ദൃഷ്ടിപഥത്തിൽ ആയിരിക്കെ, ഇത് വെറുതെ ഇരിക്കാനുള്ള സമയമല്ല, മറിച്ചു പ്രവർത്തിക്കാനുള്ള സമയമാണ്. എന്തെന്നാൽ യേശുവിന്റെ പിൻവരുന്ന വാഗ്ദാനത്തിന്റെ നിവൃത്തി നാം അൽപ്പകാലത്തിനുള്ളിൽ കാണും: “ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ഒരുനാളും മരിക്കയില്ല.”—യോഹന്നാൻ 11:26.
[അടിക്കുറിപ്പുകൾ]
a ദ സൊൻസിനോ ചുമാഷിൽ ഈ വാക്യത്തെ കുറിച്ചുള്ള ഒരു അടിക്കുറിപ്പ് ഇങ്ങനെ പ്രസ്താവിക്കുന്നു: “ഒരു ജനതയെ അതിന്റെ പാപം പൂർത്തിയാകുന്നതു വരെ ദൈവം ശിക്ഷിക്കാത്ത സ്ഥിതിക്ക് [അവർ] നീക്കം ചെയ്യപ്പെടാൻ [സമയമായിരുന്നില്ല].”
[6-ാം പേജിലെ ചിത്രം]
ഭൂമിയിലെ മുന്തിരിങ്ങ പാകമാകുമ്പോൾ ദൈവ നിയമിത വധനിർവാഹകനോട് അരിവാൾ എറിയാൻ ആവശ്യപ്പെട്ടിരിക്കുന്നു
[7-ാം പേജിലെ ചിത്രം]
ദൈവത്തിന്റെ നിത്യാനുഗ്രങ്ങൾ പ്രാപിക്കാനുള്ള അർഹത നേടാൻ യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായി ആളുകളെ സഹായിക്കുന്നു