വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ദൈവത്തിനു സകലവും സാദ്ധ്യം”

“ദൈവത്തിനു സകലവും സാദ്ധ്യം”

രാജ്യ​ഘോ​ഷകർ റിപ്പോർട്ടു ചെയ്യുന്നു

“ദൈവ​ത്തി​നു സകലവും സാദ്ധ്യം”

മുകളിൽ കാണുന്ന മത്തായി 19:26-ലെ വാക്കുകൾ വെനെ​സ്വേ​ല​യി​ലെ ഒരു ചെറു​പ്പ​ക്കാ​രി​യു​ടെ കാര്യ​ത്തിൽ സത്യ​മെന്നു തെളിഞ്ഞു. യഹോ​വ​യിൽ പൂർണ​മാ​യി ആശ്രയി​ക്കാൻ പഠിച്ച അവൾക്കു ഗൗരവ​മേ​റിയ ഒരു പ്രശ്‌നത്തെ തരണം ചെയ്യാൻ കഴിഞ്ഞു. അവൾ പറയുന്നു:

“എന്റെ വല്യമ്മ വളരെ ദയയും സ്‌നേ​ഹ​വും ഉള്ളവർ ആയിരു​ന്നു. സങ്കടക​ര​മെന്നു പറയട്ടെ, എനിക്കു 16 വയസ്സു​ള്ള​പ്പോൾ അവർ മരിച്ചു. അവരുടെ മരണം എനിക്കു വലി​യൊ​രു ആഘാത​മാ​യി​രു​ന്നു. ആകെ തകർന്നു​പോയ എനിക്കു മുറ്റത്തി​റ​ങ്ങാൻ പോലും തോന്നി​യില്ല. തികച്ചും ഒരു ഏകാന്ത​വാ​സ​മാ​യി​രു​ന്നു എന്റേത്‌.

“ഞാൻ സ്‌കൂ​ളിൽ പോയില്ല, ഒരു പണിയും ചെയ്‌തു​മില്ല. എപ്പോ​ഴും മുറി​യിൽത്തന്നെ അടച്ചു​പൂ​ട്ടി ഇരുന്നു. കൂട്ടു​കാ​രി​ല്ലാ​തി​രുന്ന എനിക്കു കടുത്ത വിഷാദം അനുഭ​വ​പ്പെട്ടു. തികച്ചും വില​കെ​ട്ട​വ​ളാ​ണെന്നു തോന്നിയ ഞാൻ ജീവ​നൊ​ടു​ക്കാൻ ആഗ്രഹി​ച്ചു. ‘എന്തിനു ജീവി​ച്ചി​രി​ക്കണം?’ എന്നു ഞാൻ എന്നോ​ടു​തന്നെ ചോദി​ക്കു​മാ​യി​രു​ന്നു.

“ഗിസെല എന്നു പേരുള്ള ഒരു യുവ സാക്ഷി​യിൽ നിന്നു വീക്ഷാ​ഗോ​പു​രം, ഉണരുക! മാസി​കകൾ എന്റെ അമ്മയ്‌ക്കു ലഭിച്ചി​രു​ന്നു. ഒരിക്കൽ, ആ സാക്ഷി ഞങ്ങളുടെ വീടിനു സമീപ​ത്തു​കൂ​ടെ കടന്നു​പോ​കു​ന്നത്‌ എന്റെ അമ്മ കണ്ടു. ‘എന്റെ മോളെ സഹായി​ക്കാ​മോ’ എന്ന്‌ അമ്മ അവരോ​ടു ചോദി​ച്ചു. ശ്രമിച്ചു നോക്കാ​മെന്നു ഗിസെല പറഞ്ഞു. എന്നാൽ ഞാൻ അവരെ കാണാൻ കൂട്ടാ​ക്കി​യില്ല. ഇതു ഗിസെ​ലയെ പിന്തി​രി​പ്പി​ച്ചില്ല. അവരും അവരെ​ക്കാൾ വളരെ പ്രധാ​ന​പ്പെട്ട ഒരാളും എന്റെ സുഹൃ​ത്താ​കാൻ ആഗ്രഹി​ക്കു​ന്നു​വെന്ന്‌ അവർ എനിക്ക്‌ എഴുതി. അവർ പരാമർശിച്ച ആ വ്യക്തി യഹോ​വ​യാം ദൈവ​മാ​യി​രു​ന്നു.

“ഇത്‌ എന്റെ മനസ്സിനെ സ്‌പർശി​ച്ചു. ഞാൻ അവരുടെ കത്തിനു മറുപടി എഴുതി. മൂന്നു മാസ​ത്തേക്കു ഞങ്ങൾ പരസ്‌പരം കത്തുകൾ എഴുതി. ഗിസെ​ല​യിൽ നിന്നു വളരെ​യേറെ പ്രേര​ണ​യും പ്രോ​ത്സാ​ഹ​ന​വും ലഭിച്ച​തി​നു ശേഷമാണ്‌ എനിക്ക്‌ അവരെ നേരിൽ കാണാ​നുള്ള ധൈര്യം വന്നത്‌. ഞങ്ങൾ ആദ്യമാ​യി കണ്ടുമു​ട്ടി​യ​പ്പോൾത്തന്നെ ഗിസെല എനിക്ക്‌ ഒരു ബൈബി​ള​ധ്യ​യനം തുടങ്ങി. നിങ്ങൾക്കു ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ കഴിയും എന്ന പുസ്‌ത​ക​മാണ്‌ ഉപയോ​ഗി​ച്ചത്‌. അധ്യയ​ന​ത്തി​നു ശേഷം, പ്രാ​ദേ​ശിക രാജ്യ​ഹാ​ളി​ലെ യോഗ​ത്തിൽ സംബന്ധി​ക്കാൻ അവർ എന്നെ ക്ഷണിച്ചു. ഞാൻ ഞെട്ടി​പ്പോ​യി. നാലു വർഷമാ​യി ഞാൻ വീടിനു വെളി​യിൽ പോകാ​റി​ല്ലാ​യി​രു​ന്നു. നഗരത്തി​ലേക്കു പോകു​ന്ന​തി​നെ കുറിച്ചു ചിന്തി​ക്കു​മ്പോൾ തന്നെ പേടി തോന്നി​യി​രു​ന്നു.

“ഗിസെല എന്നോടു വളരെ ക്ഷമയു​ള്ളവൾ ആയിരു​ന്നു. പേടി​ക്കാ​നൊ​ന്നു​മി​ല്ലെ​ന്നും യോഗ​ത്തിന്‌ എന്റെ കൂടെ വരാ​മെ​ന്നും അവർ എനിക്ക്‌ ഉറപ്പു നൽകി. ഒടുവിൽ ഞാൻ സമ്മതിച്ചു. രാജ്യ​ഹാ​ളിൽ ചെന്ന​പ്പോൾ ഞാനാകെ വിറയ്‌ക്കാ​നും വിയർക്കാ​നും തുടങ്ങി. എനിക്ക്‌ ആരോ​ടും നമസ്‌കാ​രം പറയാൻ പോലും കഴിഞ്ഞില്ല. എങ്കിലും, ഞാൻ യോഗ​ങ്ങൾക്കു തുടർന്നു വരാ​മെന്നു സമ്മതിച്ചു. ഗിസെല ഓരോ വാരത്തി​ലും കൃത്യ​മാ​യി വന്ന്‌ എന്നെ കൂട്ടി​ക്കൊ​ണ്ടു പോകു​മാ​യി​രു​ന്നു.

“എന്റെ പരി​ഭ്രമം മാറി​ക്കി​ട്ടാൻ, ഗിസെല എന്നെ നേര​ത്തെ​തന്നെ യോഗ​ത്തി​നു കൊണ്ടു​പോ​കു​മാ​യി​രു​ന്നു. ഞങ്ങൾ വാതിൽക്കൽ നിന്നു​കൊ​ണ്ടു വരുന്ന​വരെ സ്വാഗതം ചെയ്‌തി​രു​ന്നു. അപ്പോൾ, ഒരു കൂട്ടത്തെ ഒന്നിച്ചു കാണു​ന്ന​തി​നു പകരം, ഒന്നോ രണ്ടോ വ്യക്തി​കളെ മാത്രമേ എനിക്ക്‌ അഭിമു​ഖീ​ക​രി​ക്കേണ്ടി വന്നിരു​ന്നു​ള്ളൂ. എനിക്കത്‌ താങ്ങാ​നാ​വില്ല എന്നു തോന്നി​യ​പ്പോ​ഴൊ​ക്കെ ‘അതു മനുഷ്യർക്കു അസാദ്ധ്യം എങ്കിലും ദൈവ​ത്തി​നു സകലവും സാദ്ധ്യം’ എന്ന മത്തായി 19:26-ലെ വാക്കുകൾ ഗിസെല ഉദ്ധരി​ക്കു​മാ​യി​രു​ന്നു.

“അത്ര എളുപ്പ​മ​ല്ലാ​യി​രു​ന്നെ​ങ്കി​ലും, ക്രമേണ ഒരു സർക്കിട്ട്‌ സമ്മേള​ന​ത്തിൽ കുറെ​ക്കൂ​ടി വലിയ ഒരു കൂട്ടത്തെ അഭിമു​ഖീ​ക​രി​ക്കാൻ എനിക്കു സാധിച്ചു. അത്‌ എന്നെ സംബന്ധിച്ച്‌ എത്ര വലിയ ഒരു ചുവടു​വെപ്പ്‌ ആയിരു​ന്നെ​ന്നോ! 1995 സെപ്‌റ്റം​ബ​റിൽ, വീടു​തോ​റു​മുള്ള ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടുന്ന കാര്യം ഞാൻ ധൈര്യം സംഭരി​ച്ചു മൂപ്പന്മാ​രോ​ടു പറഞ്ഞു. ആറു മാസം കഴിഞ്ഞ്‌, 1996 ഏപ്രി​ലിൽ യഹോ​വ​യ്‌ക്കുള്ള എന്റെ സമർപ്പ​ണത്തെ ഞാൻ ജല സ്‌നാ​പ​ന​ത്താൽ പ്രതീ​ക​പ്പെ​ടു​ത്തി.

“ഇതൊക്കെ ചെയ്യാൻ എനിക്ക്‌ എങ്ങനെ ധൈര്യം കിട്ടി എന്ന്‌ അടുത്ത​യി​ടെ ഒരാൾ എന്നോടു ചോദി​ച്ച​പ്പോൾ ഞാൻ ഇങ്ങനെ മറുപടി പറഞ്ഞു: ‘യഹോ​വയെ പ്രസാ​ദി​പ്പി​ക്കാ​നുള്ള എന്റെ ആഗ്രഹം എന്റെ ഭയത്തെ​ക്കാൾ വലുതാണ്‌.’ ഇപ്പോൾപ്പോ​ലും, ചില​പ്പോ​ഴൊ​ക്കെ കടുത്ത വിഷാദം തോന്നു​മെ​ങ്കി​ലും ഒരു നിരന്തര പയനിയർ ആയതി​നാൽ എന്റെ സന്തോഷം വർധി​ക്കു​ക​യാ​ണു ചെയ്യു​ന്നത്‌. പിന്തി​രി​ഞ്ഞു നോക്കു​മ്പോൾ, എനിക്കു ഗിസെ​ല​യോ​ടു യോജി​ക്കാ​നേ കഴിയൂ. ഇപ്പോൾ എന്നിൽ തത്‌പ​ര​നും ‘എനിക്കു ശക്തി പകർന്നു തരുന്ന’വനുമായ ഒരു സുഹൃത്ത്‌ എനിക്കുണ്ട്‌.”—ഫിലി​പ്പി​യർ 4:13, NW.

[8-ാം പേജിലെ ചിത്രങ്ങൾ]

“യഹോ​വയെ പ്രസാ​ദി​പ്പി​ക്കാ​നുള്ള എന്റെ ആഗ്രഹം എന്റെ ഭയത്തെ​ക്കാൾ വലുതാണ്‌”