വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തെ സേവിക്കാനുള്ള എന്റെ വാഗ്‌ദാനം നിറവേറ്റൽ

ദൈവത്തെ സേവിക്കാനുള്ള എന്റെ വാഗ്‌ദാനം നിറവേറ്റൽ

ദൈവത്തെ സേവി​ക്കാ​നുള്ള എന്റെ വാഗ്‌ദാ​നം നിറ​വേ​റ്റൽ

ഫ്രാൻസ്‌ ഗുഡ്‌ലി​ക്കിസ്‌ പറഞ്ഞ​പ്ര​കാ​രം

നൂറിലധികം പടയാ​ളി​ക​ളു​ണ്ടാ​യി​രുന്ന ഞങ്ങളുടെ സംഘത്തിൽ കേവലം നാലു പേരാണ്‌ അതിജീ​വി​ച്ചത്‌. മരണത്തെ മുഖാ​മു​ഖം കണ്ട ഞാൻ മുട്ടു​കു​ത്തി​നിന്ന്‌ ദൈവ​ത്തോട്‌ ഇങ്ങനെ വാഗ്‌ദാ​നം ചെയ്‌തു: ‘യുദ്ധത്തിൽ മരിക്കാ​തി​രു​ന്നാൽ ഞാൻ അങ്ങയെ എന്നെന്നും സേവി​ച്ചു​കൊ​ള്ളാം.’

അമ്പത്തി​നാല്‌ വർഷം മുമ്പാണ്‌ ഞാൻ ആ വാഗ്‌ദാ​നം നടത്തി​യത്‌—1945 ഏപ്രി​ലിൽ. അന്നു ഞാൻ ജർമൻ പട്ടാള​ത്തിൽ ആയിരു​ന്നു. രണ്ടാം ലോക മഹായു​ദ്ധം അവസാ​നി​ക്കു​ന്ന​തി​നു തൊട്ടു മുമ്പ്‌ സോവി​യറ്റ്‌ സേന ബെർലി​നി​ലേക്ക്‌ ഇരച്ചു​ക​യ​റുന്ന സമയം. ഓഡർ നദിക്ക​രെ​യുള്ള സെയ്‌ലോ എന്ന പട്ടണത്തി​ന​ടു​ത്താ​ണു ഞങ്ങൾ നിലയു​റ​പ്പി​ച്ചി​രു​ന്നത്‌. ബെർലി​നിൽ നിന്നു കഷ്ടിച്ച്‌ 65 കിലോ​മീ​റ്റർ ദൂരമേ അങ്ങോ​ട്ടു​ള്ളൂ. രാത്രി​യും പകലും കനത്ത ഷെൽവർഷ​മു​ണ്ടാ​യി. തത്‌ഫ​ല​മാ​യി, ഞങ്ങളുടെ കൂട്ടത്തി​ലെ നിരവധി സൈനി​കർ മരിച്ചു​വീ​ണു.

ഞാൻ ജീവി​ത​ത്തിൽ ആദ്യമാ​യി പൊട്ടി​ക്ക​രഞ്ഞ്‌ ദൈവ​ത്തോ​ടു പ്രാർഥി​ച്ചത്‌ അന്നായി​രു​ന്നു. ദൈവ​ഭ​ക്ത​യാ​യി​രുന്ന എന്റെ അമ്മ മിക്ക​പ്പോ​ഴും പറയാ​റു​ണ്ടാ​യി​രുന്ന ഒരു ബൈബിൾ വാക്യം ഞാൻ ഓർത്തു: “കഷ്ടകാ​ലത്തു എന്നെ വിളി​ച്ച​പേ​ക്ഷിക്ക; ഞാൻ നിന്നെ വിടു​വി​ക്ക​യും നീ എന്നെ മഹത്വ​പ്പെ​ടു​ത്തു​ക​യും ചെയ്യും.” (സങ്കീർത്തനം 50:15) മരണഭീ​തി​യോ​ടെ കിടങ്ങു​ക​ളിൽ കഴിഞ്ഞി​രുന്ന സമയത്താണ്‌ ആദ്യം പറഞ്ഞ വാഗ്‌ദാ​നം ഞാൻ ദൈവ​ത്തോ​ടു ചെയ്‌തത്‌. അതു നിറ​വേ​റ്റാൻ എനിക്ക്‌ എങ്ങനെ സാധിച്ചു? ഞാൻ ജർമൻ പട്ടാള​ത്തിൽ ചേരാൻ ഇടയാ​യത്‌ എങ്ങനെ​യാ​യി​രു​ന്നു?

ലിത്വാ​നി​യ​യി​ലെ എന്റെ ബാല്യ​കാ​ലം

1918-ൽ ഒന്നാം ലോക മഹായു​ദ്ധം നടന്നു​കൊ​ണ്ടി​രി​ക്കെ, ലിത്വാ​നിയ സ്വാത​ന്ത്ര്യ പ്രഖ്യാ​പനം നടത്തി, അവിടെ ഒരു ജനാധി​പത്യ ഗവൺമെന്റ്‌ നിലവിൽ വരുക​യും ചെയ്‌തു. ബാൾട്ടിക്‌ കടലി​ന​ടു​ത്തുള്ള മേമൽ (ക്ലൈപ്പദ) പ്രവി​ശ്യ​യിൽ 1925-ൽ ആണ്‌ ഞാൻ ജനിച്ചത്‌. ഈ പ്രവിശ്യ ലിത്വാ​നി​യ​യു​ടെ ഭാഗമാ​യത്‌ ഞാൻ ജനിച്ച​തി​ന്റെ തലേ വർഷം ആണ്‌.

എന്റെയും അഞ്ചു സഹോ​ദ​രി​മാ​രു​ടെ​യും കുട്ടി​ക്കാ​ലം സന്തോ​ഷ​ക​ര​മാ​യി​രു​ന്നു. ഒരു ഉറ്റ സുഹൃ​ത്തി​നെ​പ്പോ​ലെ ആയിരുന്ന പിതാവ്‌ എന്തു ചെയ്യാ​നും കുട്ടി​ക​ളായ ഞങ്ങളോ​ടൊ​പ്പം ഉണ്ടായി​രു​ന്നു. ഇവാഞ്ച​ലി​ക്കൽ സഭാം​ഗ​ങ്ങ​ളാ​യി​രുന്ന ഞങ്ങളുടെ മാതാ​പി​താ​ക്കൾ ആരാധ​നാ​യോ​ഗ​ങ്ങ​ളിൽ പങ്കെടു​ത്തി​രു​ന്നില്ല, കാരണം മതശു​ശ്രൂ​ഷ​കന്റെ കപടഭ​ക്തി​യോട്‌ അമ്മയ്‌ക്കു വെറു​പ്പാ​യി​രു​ന്നു. എന്നാലും ദൈവ​ത്തോ​ടും അവന്റെ വചന​ത്തോ​ടും സ്‌നേ​ഹ​മു​ണ്ടാ​യി​രുന്ന അവർ ഉത്സാഹ​പൂർവം ബൈബിൾ വായി​ച്ചി​രു​ന്നു.

1939-ൽ ലിത്വാ​നി​യ​യിൽ ഞങ്ങൾ താമസി​ച്ചി​രുന്ന പ്രദേശം ജർമനി പിടി​ച്ച​ടക്കി. 1943-ൽ എന്നെ സൈനിക സേവന​ത്തി​നാ​യി ജർമൻ പട്ടാള​ത്തി​ലേക്കു വിളിച്ചു. ഒരു പോരാ​ട്ട​ത്തിൽ എനിക്കു മുറി​വേ​റ്റെ​ങ്കി​ലും ആരോ​ഗ്യം വീണ്ടെ​ടു​ത്ത​ശേഷം കിഴക്കൻ മുന്നണി​യി​ലേക്കു ഞാൻ തിരി​ച്ചു​പോ​യി. ഈ സമയമാ​യ​പ്പോ​ഴേ​ക്കും യുദ്ധത്തി​ന്റെ ഗതിക്കു മാറ്റം വന്നു. സോവി​യറ്റ്‌ സേനയു​ടെ മുമ്പിൽ ജർമൻകാർ തോ​റ്റോ​ടി. തുടക്ക​ത്തിൽ പരാമർശി​ച്ച​തു​പോ​ലെ, ഈ സമയത്താണ്‌ കൊല്ല​പ്പെ​ടാ​തെ ഞാൻ കഷ്ടിച്ചു രക്ഷപ്പെ​ട്ടത്‌.

എന്റെ വാഗ്‌ദാ​നം നിറ​വേ​റ്റു​ന്നു

യുദ്ധസ​മ​യത്ത്‌ എന്റെ മാതാ​പി​താ​ക്കൾ ജർമനി​യി​ലെ ലൈപ്‌സി​ഗി​നു തെക്കു​കി​ഴ​ക്കുള്ള ഓഷാ​റ്റ്‌സി​ലേക്കു മാറി​ത്താ​മ​സി​ച്ചു. യുദ്ധാ​ന​ന്തരം അവരെ കണ്ടുപി​ടി​ക്കുക ദുഷ്‌ക​ര​മാ​യി​രു​ന്നു. എന്നാൽ അവസാനം ഒന്നിക്കാൻ കഴിഞ്ഞ​തിൽ ഞങ്ങൾ എത്ര സന്തുഷ്ടർ ആയിരു​ന്നെ​ന്നോ! അധികം താമസി​യാ​തെ, 1947 ഏപ്രി​ലിൽ, ഞാൻ അമ്മയോ​ടൊ​പ്പം മാക്‌സ്‌ ഷൂബറു​ടെ പ്രസംഗം കേൾക്കാൻ പോയി. അദ്ദേഹം യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാൾ ആയിരു​ന്നു. താൻ സത്യമതം കണ്ടെത്തി​യി​രി​ക്കു​ന്നു എന്ന്‌ അമ്മ കരുതി. ഏതാനും യോഗ​ങ്ങ​ളിൽ സംബന്ധിച്ച ശേഷം എനിക്കും അങ്ങനെ തന്നെ തോന്നി.

ഏറെനാൾ കഴിയും മുമ്പ്‌, അമ്മയ്‌ക്ക്‌ ഒരു ഗോവ​ണി​യിൽ നിന്നുള്ള വീഴ്‌ച​യിൽ പരിക്കു പറ്റി. ഏതാനും മാസം കഴിഞ്ഞ്‌ അമ്മ മരണമ​ടഞ്ഞു. മരിക്കു​ന്ന​തി​നു മുമ്പ്‌ ആശുപ​ത്രി​യിൽവെച്ച്‌ അമ്മ എനിക്ക്‌ ഊഷ്‌മ​ള​മായ പ്രോ​ത്സാ​ഹ​ന​മേകി: “എന്റെ മക്കളിൽ ഒരാൾ എങ്കിലും ദൈവ​ത്തി​ലേ​ക്കുള്ള വഴി കണ്ടെത്തണേ എന്നായി​രു​ന്നു എന്റെ പ്രാർഥന. എന്റെ പ്രാർഥ​ന​കൾക്ക്‌ ഉത്തരം കിട്ടി​യെന്ന്‌ എനിക്കു ബോധ്യ​മാ​യി. എനിക്കി​നി മനസ്സമാ​ധാ​ന​ത്തോ​ടെ കണ്ണടയ്‌ക്കാ​മ​ല്ലോ.” അമ്മ പുനരു​ത്ഥാ​നം പ്രാപി​ച്ചു വരു​മ്പോൾ അവരുടെ പ്രാർഥ​ന​യ്‌ക്ക്‌ ഉത്തരം കിട്ടി​യി​രി​ക്കു​ന്നു എന്നു മനസ്സി​ലാ​ക്കുന്ന സമയത്തി​നാ​യി ഞാൻ എത്ര ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ന്നെ​ന്നോ!—യോഹ​ന്നാൻ 5:28.

ഷൂബർ സഹോ​ദ​രന്റെ പ്രസംഗം കേട്ടു കേവലം നാലു മാസം കഴിഞ്ഞ്‌ 1947 ആഗസ്റ്റ്‌ 8-ന്‌ ലൈപ്‌സി​ഗി​ലെ ഒരു സമ്മേള​ന​ത്തിൽ വെച്ച്‌ യഹോ​വ​യാം ദൈവ​ത്തി​നുള്ള എന്റെ സമർപ്പ​ണ​ത്തി​ന്റെ പ്രതീ​ക​മാ​യി ഞാൻ സ്‌നാ​പ​ന​മേറ്റു. ഒടുവിൽ ദൈവ​ത്തോ​ടുള്ള വാഗ്‌ദാ​നം നിറ​വേ​റ്റാ​നുള്ള പടികൾ ഞാൻ സ്വീക​രി​ക്കാൻ തുടങ്ങി. പെട്ടെ​ന്നു​തന്നെ ഞാൻ ഒരു പയനിയർ ആയിത്തീർന്നു—യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മുഴു​സമയ ശുശ്രൂ​ഷ​കരെ അങ്ങനെ​യാ​ണു വിളി​ക്കു​ന്നത്‌. പിന്നീട്‌ പശ്ചിമ ജർമനി, അഥവാ ജർമൻ ഡെമോ​ക്രാ​റ്റിക്‌ റിപ്പബ്ലിക്‌, ആയിത്തീർന്ന ആ സ്ഥലത്ത്‌ അന്ന്‌ ഏകദേശം 400 പയനി​യർമാർ ഉണ്ടായി​രു​ന്നു.

വിശ്വാ​സ​ത്തി​ന്റെ ആദ്യകാല പരി​ശോ​ധ​ന​കൾ

ഞാൻ ജർമനി​യി​ലെ സോഷ്യ​ലിസ്റ്റ്‌ യൂണിറ്റി പാർട്ടി​യിൽ ചേർന്നാൽ സർക്കാർ ചെലവിൽ സർവക​ലാ​ശാ​ലാ വിദ്യാ​ഭ്യാ​സം നൽകാം എന്നു വാഗ്‌ദാ​നം ചെയതു​കൊണ്ട്‌ എന്നെ മാർക്‌സി​സ​ത്തി​ലേക്കു വലിച്ചി​ഴ​യ്‌ക്കാൻ ഓഷാ​റ്റ്‌സി​ലെ ഒരു അയൽവാ​സി ശ്രമിച്ചു. എന്നാൽ, സാത്താന്റെ വാഗ്‌ദാ​നം നിരസിച്ച യേശു​വി​നെ​പ്പോ​ലെ, ഞാൻ അതു നിരസി​ച്ചു.—മത്തായി 4:8-10.

1949 ഏപ്രി​ലിൽ ഒരു ദിവസം രണ്ടു പൊലീ​സു​കാർ എന്റെ ജോലി​സ്ഥ​ല​ത്തു​വന്ന്‌ അവരോ​ടൊ​പ്പം ചെല്ലാൻ എന്നോട്‌ ആവശ്യ​പ്പെട്ടു. സോവി​യറ്റ്‌ ഇന്റലി​ജൻസ്‌ സർവീ​സി​ന്റെ പ്രാ​ദേ​ശിക ഓഫീ​സി​ലേ​ക്കാണ്‌ എന്നെ കൊണ്ടു​പോ​യത്‌. അവി​ടെ​വെച്ച്‌, പാശ്ചാത്യ നാടു​ക​ളി​ലെ മുതലാ​ളി​ത്ത​വാ​ദി​കൾക്കു വേണ്ടി ഞാൻ പ്രവർത്തി​ക്കു​ക​യാ​ണെന്ന്‌ അവർ ആരോ​പി​ച്ചു. വീടു​തോ​റും പ്രവർത്തി​ച്ചു​കൊണ്ട്‌, സോവി​യറ്റ്‌ യൂണി​യ​നോ സോഷ്യ​ലിസ്റ്റ്‌ യൂണിറ്റി പാർട്ടി​ക്കോ എതിരാ​യി സംസാ​രി​ക്കു​ക​യോ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ യോഗ​ങ്ങ​ളിൽ സംബന്ധി​ക്കു​ക​യോ ചെയ്യുന്ന ആളുകളെ കുറിച്ചു റിപ്പോർട്ടു ചെയ്യു​ക​വഴി എനിക്കു നിരപ​രാ​ധി​ത്വം തെളി​യി​ക്കാൻ കഴിയു​മെന്ന്‌ അവർ എന്നോടു പറഞ്ഞു. വഴങ്ങു​ന്നി​ല്ലെന്നു കണ്ടപ്പോൾ അവർ എന്നെ ഒരു ജയില​റ​യിൽ അടച്ചു. പിന്നീട്‌, ഒരു പട്ടാള​ക്കോ​ട​തി​യിൽ ഹാജരാ​ക്കു​ക​യും ചെയ്‌തു. സൈബീ​രി​യ​യിൽ 15 വർഷത്തെ കഠിന​ത​ടവ്‌ ആയിരു​ന്നു എനിക്കു ലഭിച്ച ശിക്ഷ.

എങ്കിലും, എന്റെ ശാന്തഭാ​വം അധികാ​രി​ക​ളിൽ മതിപ്പു​ള​വാ​ക്കി. എന്റെ ശിക്ഷയ്‌ക്കു മാറ്റമി​ല്ലെ​ന്നും എന്നാൽ തങ്ങളോ​ടു സഹകരി​ക്കാൻ തയ്യാറാ​കു​ന്ന​തു​വരെ ആഴ്‌ച​യിൽ ഒരിക്കൽ റിപ്പോർട്ടു ചെയ്‌താൽ മതി​യെ​ന്നും എന്നോടു പറഞ്ഞു. കൂടുതൽ പക്വത​യുള്ള സാക്ഷി​ക​ളു​ടെ മാർഗ​നിർദേശം ആവശ്യ​മാ​ണെന്നു തോന്നിയ ഞാൻ, മാഗ്‌ദ​ബുർഗി​ലേക്കു പോയി. വാച്ച്‌ടവർ സൊ​സൈ​റ്റി​യു​ടെ ബ്രാഞ്ച്‌ ഓഫീസ്‌ അപ്പോൾ അവി​ടെ​യാ​യി​രു​ന്നു. ഞാൻ പൊലീസ്‌ നിരീ​ക്ഷ​ണ​ത്തിൽ ആയിരു​ന്ന​തി​നാൽ യാത്ര എളുപ്പ​മാ​യി​രു​ന്നില്ല. മാഗ്‌ദ​ബുർഗി​ലെ ലീഗൽ ഡിപ്പാർട്ട്‌മെ​ന്റിൽ സേവനം അനുഷ്‌ഠി​ച്ച​രുന്ന ഏൺസ്റ്റ്‌ വോവർ എന്നോടു പറഞ്ഞു: “പോരാ​ടൂ, നിങ്ങൾ വിജയം വരിക്കും. അനുര​ഞ്‌ജ​ന​പ്പെടൂ, നിങ്ങൾ പരാജി​ത​നാ​കും. അതാണു ഞങ്ങൾ തടങ്കൽ പാളയ​ത്തിൽ നിന്നു പഠിച്ച പാഠം.” a ആ ഉപദേശം ദൈവത്തെ സേവി​ക്കാ​നുള്ള എന്റെ വാഗ്‌ദാ​നം നിവർത്തി​ക്കാൻ എന്നെ സഹായി​ച്ചു.

നിരോ​ധ​ന​വും വീണ്ടു​മുള്ള അറസ്റ്റും

1950 ജൂ​ലൈ​യിൽ ഞാൻ ഒരു സഞ്ചാര​മേൽവി​ചാ​ര​ക​നാ​യി ശുപാർശ ചെയ്യ​പ്പെട്ടു. ആഗസ്റ്റ്‌ 30-ന്‌ പൊലീസ്‌ മാഗ്‌ദ​ബുർഗി​ലുള്ള ഞങ്ങളുടെ സ്ഥലത്തു റെയ്‌ഡു നടത്തി, തുടർന്നു പ്രസം​ഗ​വേല നിരോ​ധി​ക്ക​പ്പെട്ടു. അക്കാര​ണ​ത്താൽ എന്റെ നിയമ​ന​വും മാറി. ഞാനും പോൾ ഹിർഷ്‌ബെർഗ​റും ഓരോ സഭയോ​ടൊ​പ്പ​വും മൂന്നോ നാലോ ദിവസം ചെലവ​ഴി​ച്ചു നിരോ​ധ​ന​ത്തി​ന്മ​ധ്യേ തങ്ങളുടെ ശുശ്രൂഷ നിർവ​ഹി​ക്കാൻ സംഘടി​ത​രാ​കു​ന്ന​തിന്‌ സഹോ​ദ​ര​ങ്ങളെ സഹായി​ച്ചു​കൊണ്ട്‌ 50-ഓളം സഭക​ളോ​ടൊ​ത്തു പ്രവർത്തി​ക്കേ​ണ്ടി​യി​രു​ന്നു. തുടർന്നുള്ള മാസങ്ങ​ളിൽ പൊലീസ്‌ അറസ്റ്റിൽ നിന്നു ഞാൻ ആറു പ്രാവ​ശ്യം രക്ഷപ്പെട്ടു!

ഈ സഭകളി​ലൊ​ന്നിൽ ആരോ നുഴഞ്ഞു​ക​യറി സ്റ്റേറ്റ്‌ സെക്യൂ​രി​റ്റി സർവീസ്‌ ആയ ഷ്‌റ്റാ​സി​ക്കു ഞങ്ങളെ ഒറ്റു​കൊ​ടു​ത്തു. അങ്ങനെ 1951 ജൂ​ലൈ​യിൽ എന്നെയും പോളി​നെ​യും തെരു​വിൽ വെച്ച്‌ അഞ്ചു തോക്കു​ധാ​രി​കൾ അറസ്റ്റു ചെയ്‌തു. ആലോ​ചി​ച്ചു നോക്കി​യ​പ്പോൾ, ഞങ്ങൾ യഹോ​വ​യു​ടെ സംഘട​നയെ വേണ്ട വിധത്തിൽ ആശ്രയി​ച്ചി​രു​ന്നില്ല എന്നു മനസ്സി​ലാ​ക്കാൻ കഴിഞ്ഞു. ഒന്നിച്ചു യാത്ര ചെയ്യരു​തെന്നു പ്രായ​മുള്ള സഹോ​ദ​രങ്ങൾ ഞങ്ങൾക്ക്‌ ഉപദേശം തന്നിരു​ന്ന​താണ്‌. അമിത ആത്മവി​ശ്വാ​സം ഞങ്ങളുടെ സ്വാത​ന്ത്ര്യ നഷ്ടത്തിൽ കലാശി​ച്ചു. കൂടാതെ, അറസ്റ്റു ചെയ്യ​പ്പെ​ട്ടാൽ എന്തു പറയണം എന്നു ഞങ്ങൾ നേരത്തെ ചർച്ച ചെയ്‌തി​രു​ന്ന​തു​മില്ല.

അനുര​ഞ്‌ജ​ന​പ്പെ​ടു​ക​യോ സഹോ​ദ​ര​ങ്ങളെ ഒറ്റു​കൊ​ടു​ക്കു​ക​യോ ചെയ്യാ​തി​രി​ക്കാ​നുള്ള സഹായ​ത്തി​നാ​യി ജയില​റ​യിൽ ഒറ്റയ്‌ക്കാ​യി​രുന്ന ഞാൻ യഹോ​വ​യോ​ടു കണ്ണീ​രോ​ടെ പ്രാർഥി​ച്ചു. ഗാഢനി​ദ്ര​യി​ലാണ്ട ഞാൻ സുഹൃത്ത്‌ പോളി​ന്റെ ശബ്ദം കേട്ട്‌ പൊടു​ന്നനെ ഉണർന്നു. എന്റെ ജയില​റ​യു​ടെ തൊട്ടു മുകളി​ലെ മുറി​യിൽ ആയിരു​ന്നു അദ്ദേഹത്തെ ഷ്‌റ്റാ​സി​കൾ ചോദ്യം ചെയ്‌തി​രു​ന്നത്‌. രാത്രി​യിൽ ഉഷ്‌ണം ഉണ്ടായി​രു​ന്ന​തി​നാൽ ബാൽക്ക​ണി​യു​ടെ വാതിൽ തുറന്നി​ട്ടി​രു​ന്നു. അതു​കൊണ്ട്‌ എനിക്ക്‌ അവർ പറയു​ന്നത്‌ എല്ലാം കുറേശ്ശെ കേൾക്കാ​മാ​യി​രു​ന്നു. പിന്നീട്‌ എന്നെ ചോദ്യം ചെയ്‌ത​പ്പോൾ ഞാനും അതേ ഉത്തരങ്ങൾതന്നെ പറഞ്ഞത്‌ അധികാ​രി​കളെ അതിശ​യി​പ്പി​ച്ചു. ‘കഷ്ടകാ​ലത്തു എന്നെ വിളി​ച്ച​പേ​ക്ഷിക്ക; ഞാൻ നിന്നെ വിടു​വി​ക്കും’ എന്ന അമ്മയുടെ പ്രിയ​പ്പെട്ട ബൈബിൾ വാക്യം എന്റെ മനസ്സി​ലേക്കു വന്നു​കൊ​ണ്ടി​രു​ന്നത്‌ എന്നെ വളരെ​യ​ധി​കം പ്രോ​ത്സാ​ഹി​പ്പി​ച്ചു.—സങ്കീർത്തനം 50:15.

ചോദ്യം ചെയ്യൽ കഴിഞ്ഞു ഞാനും പോളും വിചാ​ര​ണ​യ്‌ക്കു മുമ്പുള്ള തടവിൽ ഹാലാ​യി​ലുള്ള ഷ്‌റ്റാസി ജയിലി​ലും പിന്നെ മാഗ്‌ദ​ബുർഗി​ലു​മാ​യി അഞ്ചു മാസം കഴിച്ചു​കൂ​ട്ടി. മാഗ്‌ദ​ബുർഗിൽ ആയിരു​ന്ന​പ്പോൾ, ഞങ്ങളുടെ ബ്രാഞ്ചു സൗകര്യ​ങ്ങൾ യാദൃ​ശ്ചി​ക​മാ​യി കാണാ​നി​ട​യാ​യി. അപ്പോൾ അതു പൂട്ടി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. ജയിലിൽ ആയിരി​ക്കു​ന്ന​തി​നു പകരം അവിടെ വേല ചെയ്യാ​നാ​യെ​ങ്കിൽ എന്നു ഞാൻ ആശിച്ചു​പോ​യി! 1952 ഫെബ്രു​വ​രി​യിൽ ഞങ്ങളുടെ ശിക്ഷ പ്രഖ്യാ​പി​ച്ചു: “10 വർഷത്തെ തടവും 20 വർഷത്തെ പൗരാ​വ​കാശ നിഷേ​ധ​ന​വും.”

ജയിലി​ലാ​യി​രി​ക്കെ വിശ്വാ​സം കാത്തു​കൊ​ള്ളു​ന്നു

പത്തോ അതില​ധി​ക​മോ വർഷ​ത്തേക്കു ശിക്ഷി​ക്ക​പ്പെ​ട്ടി​രുന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മേൽ കുറച്ചു​കാ​ല​ത്തേക്ക്‌ ജയിലി​ലെ പ്രത്യേക തിരി​ച്ച​റി​യി​ക്കൽ അടയാ​ള​മു​ണ്ടാ​യി​രു​ന്നു. അവരുടെ ട്രൗസ​റി​ന്റെ ഒരു കാലി​ന്മേ​ലും ജാക്കറ്റി​ന്റെ ഒരു കൈ​മേ​ലും ഒരു ചുവന്ന നാട തുന്നി​ച്ചേർത്തി​രു​ന്നു. മാത്രമല്ല, ഞങ്ങൾ അപകട​കാ​രി​ക​ളായ കുറ്റവാ​ളി​ക​ളാ​ണെന്നു സൂക്ഷി​പ്പു​കാർക്കു മുന്നറി​യി​പ്പു കൊടു​ക്കുന്ന വട്ടത്തി​ലുള്ള ചെറിയ ഒരു ചുവപ്പു കാർഡ്‌ബോർഡു കഷണം ഞങ്ങളുടെ ജയില​റ​യു​ടെ വാതി​ലി​ന്മേൽ ഒട്ടിച്ചി​രു​ന്നു.

ഞങ്ങളെ അതിനീച കുറ്റവാ​ളി​കൾ ആയിട്ടാണ്‌ അധികാ​രി​കൾ പരിഗ​ണി​ച്ചി​രു​ന്നത്‌. ബൈബിൾ കൈവശം വെക്കാൻ ഞങ്ങളെ അനുവ​ദി​ച്ചി​രു​ന്നില്ല. അതിന്റെ കാരണം ഒരു സൂക്ഷി​പ്പു​കാ​രൻ വിശദീ​ക​രി​ച്ചത്‌ ഇങ്ങനെ​യാണ്‌: “ബൈബിൾ കൈവ​ശ​മുള്ള ഒരു യഹോ​വ​യു​ടെ സാക്ഷി തോ​ക്കേ​ന്തിയ ഒരു കുറ്റവാ​ളി​യെ​പ്പോ​ലെ​യാണ്‌.” ബൈബിൾ വാക്യങ്ങൾ ലഭിക്കു​ന്ന​തി​നു വേണ്ടി ഞങ്ങൾ റഷ്യൻ എഴുത്തു​കാ​ര​നായ ലിയോ ടോൾസ്റ്റോ​യി​യു​ടെ ലേഖനങ്ങൾ വായി​ക്കു​മാ​യി​രു​ന്നു, കാരണം അദ്ദേഹം തന്റെ പുസ്‌ത​ക​ങ്ങ​ളിൽ ബൈബിൾ വാക്യങ്ങൾ ഉദ്ധരി​ക്കുക പതിവാ​യി​രു​ന്നു. ഈ ബൈബിൾ വാക്യങ്ങൾ ഞങ്ങൾ മനഃപാ​ഠ​മാ​ക്കി.

1951-ൽ ഞാൻ അറസ്റ്റ്‌ ചെയ്യ​പ്പെ​ടു​ന്ന​തി​നു മുമ്പു​തന്നെ എൽസാ റിമയു​മാ​യുള്ള എന്റെ വിവാഹം നിശ്ചയി​ച്ചി​രു​ന്നു. അവൾ സാധ്യ​മാ​കു​മ്പോ​ഴെ​ല്ലാം ജയിലിൽ എന്നെ സന്ദർശി​ക്കു​ക​യും മാസത്തി​ലൊ​രി​ക്കൽ ഒരു ഭക്ഷണ​പ്പൊ​തി കൊടു​ത്തു​വി​ടു​ക​യും ചെയ്യു​മാ​യി​രു​ന്നു. അവൾ പൊതി​ക്കു​ള്ളിൽ ആത്മീയ ഭക്ഷണവും ഒളിപ്പി​ച്ചു വെക്കു​മാ​യി​രു​ന്നു. ഒരിക്കൽ അവൾ സോ​സേ​ജു​കൾക്കു​ള്ളിൽ വീക്ഷാ​ഗോ​പുര ലേഖനങ്ങൾ കുത്തി​നി​റച്ചു. എന്തെങ്കി​ലും ഒളിപ്പി​ച്ചു വെച്ചി​ട്ടു​ണ്ടോ എന്നറി​യാൻ സൂക്ഷി​പ്പു​കാർ അതു മുറിച്ചു നോക്കുക സാധാ​ര​ണ​മാ​യി​രു​ന്നു. എന്നാൽ ഇത്തവണ അന്നത്തെ പ്രവൃ​ത്തി​ദി​നം തീരു​ന്ന​തി​നു തൊട്ടു മുമ്പു പൊതി എത്തിയ​തി​നാൽ അവർ അതു പരി​ശോ​ധി​ച്ചില്ല.

ആ സമയത്ത്‌, ഞാനും കാൾ ഹൈ ക്ലേബറും സാക്ഷി​ക​ള​ല്ലാത്ത മൂന്ന്‌ അന്തേവാ​സി​ക​ളു​മാണ്‌ ആ ചെറിയ ജയില​റ​യിൽ ഉണ്ടായി​രു​ന്നത്‌. ആരും കാണാതെ വീക്ഷാ​ഗോ​പു​രം വായി​ക്കാൻ ഞങ്ങൾക്ക്‌ എങ്ങനെ കഴിയു​മാ​യി​രു​ന്നു? ഞങ്ങൾ ഒരു പുസ്‌തകം വായി​ക്കു​ക​യാ​ണെന്നു നടിച്ചു​കൊണ്ട്‌ അതിനു​ള്ളിൽ വീക്ഷാ​ഗോ​പുര ലേഖനങ്ങൾ ഒളിപ്പി​ച്ചു വെച്ചു വായി​ക്കു​മാ​യി​രു​ന്നു. ജയിലി​ലെ സഹസാ​ക്ഷി​കൾക്കു ഞങ്ങൾ ഈ വിലതീ​രാത്ത ആത്മീയ ഭക്ഷണം കൈമാ​റു​ക​യും ചെയ്‌തു.

ജയിലിൽ ആയിരു​ന്ന​പ്പോൾ മറ്റുള്ള​വ​രോ​ടു ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു സംസാ​രി​ക്കാ​നുള്ള അവസരങ്ങൾ ഞങ്ങൾ പ്രയോ​ജ​ന​പ്പെ​ടു​ത്തി​യി​രു​ന്നു. അതിന്റെ ഫലമായി അന്തേവാ​സി​ക​ളിൽ ഒരാൾ വിശ്വാ​സ​ത്തിൽ വന്നപ്പോൾ ഞാൻ പുളകി​ത​നാ​യി.—മത്തായി 24:14.

വീണ്ടും മുഴു​സമയ ശുശ്രൂ​ഷ​യിൽ

അഴികൾക്കു​ള്ളിൽ ഏതാണ്ട്‌ ആറു വർഷ​ത്തോ​ളം കിടന്ന​ശേഷം 1957 ഏപ്രിൽ 1-ന്‌ ഞാൻ മോചി​ത​നാ​യി. തുടർന്ന്‌, രണ്ടാഴ്‌ച​യ്‌ക്കു​ള്ളിൽ ഞാൻ എൽസയെ വിവാഹം കഴിച്ചു. എന്നെ വിട്ടയ​ച്ചെന്നു ഷ്‌റ്റാ​സി​കൾ അറിഞ്ഞ​പ്പോൾ എന്നെ ജയിലി​ലേക്കു തിരികെ വരുത്താ​നുള്ള വേറൊ​രു വഴി അവർ നോക്കി. അതിനുള്ള സാധ്യത ഒഴിവാ​ക്കാൻ ഞാനും എൽസയും അതിർത്തി കടന്നു പശ്ചിമ ബെർലി​നി​ലേക്കു പോയി.

പശ്ചിമ ബെർലി​നിൽ എത്തിയ​പ്പോൾ ഞങ്ങളുടെ പദ്ധതികൾ എന്തൊ​ക്കെ​യാ​ണെന്നു സൊ​സൈറ്റി ഞങ്ങളോ​ടു ചോദി​ച്ചു. ഒരാൾ പയനി​യ​റി​ങ്ങും മറ്റെയാൾ ലൗകിക ജോലി​യും ചെയ്യു​മെന്നു ഞങ്ങൾ വിശദീ​ക​രി​ച്ചു.

“രണ്ടു പേർക്കും പയനി​യ​റിങ്‌ ചെയ്‌തു​കൂ​ടേ?” എന്നു സൊ​സൈറ്റി ഞങ്ങളോ​ടു ചോദി​ച്ചു.

“അതിനുള്ള അവസരം ലഭിച്ചാൽ ഞങ്ങൾ ഉടനേ​തന്നെ തുടങ്ങും” എന്നായി​രു​ന്നു ഞങ്ങളുടെ മറുപടി.

അങ്ങനെ, 1958-ൽ ഞങ്ങൾ പ്രത്യേക പയനി​യർമാ​രാ​യി സേവി​ക്കാൻ തുടങ്ങി. ചെലവു​കൾക്കാ​യി ഒരു ചെറിയ തുക പ്രതി​മാ​സം ഞങ്ങൾക്കു ലഭിച്ചി​രു​ന്നു. ഞങ്ങൾ ബൈബി​ള​ധ്യ​യനം നടത്തിയ വ്യക്തികൾ യഹോ​വ​യു​ടെ ദാസന്മാർ ആയിത്തീ​രാ​നാ​യി ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്തു​ന്നതു കണ്ടപ്പോൾ ഞങ്ങൾക്ക്‌ എന്തൊരു സന്തോ​ഷ​മാണ്‌ അനുഭ​വ​പ്പെ​ട്ടത്‌! പ്രത്യേക പയനി​യ​റി​ങ്ങി​ലെ അടുത്ത ഒരു ദശാബ്ദം ഭാര്യാ​ഭർത്താ​ക്ക​ന്മാർ എന്ന നിലയിൽ ഒരുമി​ച്ചു വേല ചെയ്യാൻ ഞങ്ങളെ പഠിപ്പി​ച്ചു. ഞാൻ കാർ നന്നാക്കു​മ്പോൾ പോലും എൽസ എന്നോ​ടൊ​പ്പം ഉണ്ടായി​രു​ന്നു. വായന​യും പഠനവും പ്രാർഥ​ന​യു​മെ​ല്ലാം ഞങ്ങൾ ഒന്നിച്ചു നടത്തി.

1969-ൽ ഞങ്ങൾ സഞ്ചാര​വേ​ല​യ്‌ക്കു നിയമി​ത​രാ​യി. ഓരോ വാരത്തി​ലും ഓരോ സഭ സന്ദർശിച്ച്‌ ഞങ്ങൾ സഭാം​ഗ​ങ്ങളെ സഹായി​ച്ചി​രു​ന്നു. സഞ്ചാര​വേ​ല​യിൽ പരിചി​ത​നായ യോസഫ്‌ ബാർത്ത്‌ ഈ ബുദ്ധി​യു​പ​ദേശം എനിക്കു നൽകി: “നിങ്ങളു​ടെ നിയമനം വിജയ​ക​ര​മാ​ക്കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ സഹോ​ദ​ര​ങ്ങൾക്ക്‌ ഒരു സഹോ​ദരൻ ആയിരി​ക്കുക.” ആ ബുദ്ധി​യു​പ​ദേശം ബാധക​മാ​ക്കാൻ ഞാൻ ശ്രമിച്ചു. അതിന്റെ ഫലമായി, സഹസാ​ക്ഷി​ക​ളു​മാ​യി വളരെ ഊഷ്‌മ​ള​വും സൗഹാർദ​പ​ര​വു​മായ ബന്ധം ആസ്വദി​ക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. അത്‌, ആവശ്യ​മാ​യി​രു​ന്ന​പ്പോൾ ബുദ്ധി​യു​പ​ദേശം കൊടു​ക്കു​ന്നത്‌ എളുപ്പ​മാ​ക്കി​ത്തീർക്കു​ക​യും ചെയ്‌തു.

1972-ൽ എൽസയ്‌ക്കു കാൻസർ ഉണ്ടെന്നു പരി​ശോ​ധ​ന​യിൽ തെളിഞ്ഞു. അവൾക്കു ശസ്‌ത്ര​ക്രിയ വേണ്ടി​വന്നു. പിന്നീട്‌ എൽസയ്‌ക്കു വാതവും പിടി​പെട്ടു. കടുത്ത വേദന ഉണ്ടായി​രു​ന്നി​ട്ടും അവൾ എന്നോ​ടൊ​പ്പം വന്ന്‌ സഭകളെ സേവി​ക്കു​ക​യും ശുശ്രൂ​ഷ​യിൽ സഹോ​ദ​രി​മാ​രോ​ടു കൂടെ കഴിയു​ന്നത്ര പ്രവർത്തി​ക്കു​ക​യും ചെയ്‌തു.

പൊരു​ത്ത​പ്പെടൽ അനിവാ​ര്യം

1984-ൽ എൽസയു​ടെ മാതാ​പി​താ​ക്കൾക്കു നിരന്തര പരിച​രണം ആവശ്യ​മാ​യി വന്നതി​നാൽ അവരെ സഹായി​ക്കാ​നാ​യി ഞങ്ങൾക്കു സഞ്ചാര​വേല നിർത്തേ​ണ്ടി​വന്നു. (1 തിമൊ​ഥെ​യൊസ്‌ 5:8) നാലു വർഷം കഴിഞ്ഞ്‌ അവർ മരിച്ചു. പിന്നീട്‌, 1989-ൽ എൽസയ്‌ക്കു രോഗം മൂർച്ഛി​ച്ചു. സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, അവൾ ഏറെക്കു​റെ ആരോ​ഗ്യം വീണ്ടെ​ടു​ത്തു. എങ്കിലും വീട്ടു​ജോ​ലി​ക​ളൊ​ക്കെ ഞാൻതന്നെ ചെയ്യേ​ണ്ട​തുണ്ട്‌. നിരന്തര വേദന അനുഭ​വി​ക്കുന്ന ഒരാ​ളോട്‌ എങ്ങനെ പെരു​മാ​റ​ണ​മെന്ന്‌ ഞാൻ പഠിച്ചു​വ​രു​ന്നു. മാനസി​ക​വും വൈകാ​രി​ക​വു​മായ സമ്മർദങ്ങൾ ഉണ്ടായി​രു​ന്നി​ട്ടും ആത്മീയ കാര്യ​ങ്ങ​ളോ​ടുള്ള പ്രിയം ഞങ്ങൾ നിലനിർത്തി​യി​രി​ക്കു​ന്നു.

ഇന്നും പയനിയർ ലിസ്റ്റിൽ ഉള്ളതിൽ ഞങ്ങൾ സന്തോ​ഷി​ക്കു​ന്നു. നമ്മുടെ സ്ഥാനമോ നമുക്കു ചെയ്യാൻ കഴിയു​ന്ന​തി​ന്റെ അളവോ അല്ല മറിച്ച്‌, വിശ്വ​സ്‌ത​ത​യാ​ണു പ്രധാനം എന്നു വിലമ​തി​ക്കാൻ ഞങ്ങൾക്കു കഴിഞ്ഞി​രി​ക്കു​ന്നു. നമ്മുടെ ദൈവ​മായ യഹോ​വയെ ഏതാനും വർഷങ്ങളല്ല, നിത്യം സേവി​ക്കണം എന്നതാണു ഞങ്ങളുടെ ആഗ്രഹം. ഞങ്ങളുടെ അനുഭവം ഭാവി​യി​ലേ​ക്കുള്ള വളരെ നല്ല ഒരു പരിശീ​ലനം ആയിരു​ന്നു. ഏറ്റവും യാതനാ​നിർഭ​ര​മായ സാഹച​ര്യ​ങ്ങ​ളി​ലും യഹോ​വയെ സ്‌തു​തി​ക്കാ​നുള്ള ശക്തി അവൻ ഞങ്ങൾക്കു പകർന്നു​ത​ന്നി​രി​ക്കു​ന്നു.—ഫിലി​പ്പി​യർ 4:13.

[അടിക്കു​റി​പ്പു​കൾ]

a ഏൺസ്റ്റ്‌ വോവ​റു​ടെ ജീവി​താ​നു​ഭവം 1991 ആഗസ്റ്റ്‌ 1-ലെ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ (ഇംഗ്ലീഷ്‌) 25-29 പേജു​ക​ളിൽ കാണാം.

[23-ാം പേജിലെ ചിത്രം]

മാഗ്‌ദബുർഗിലെ ഈ സ്ഥലത്തു ഞാൻ തടവിൽ കിടന്നു

[കടപ്പാട]

Gedenkstätte Moritzplatz Magdeburg für die Opfer politischer Gewalt; ഫോട്ടോ: Fredi Fröschki, Magdeburg

[23-ാം പേജിലെ ചിത്രം]

1957-ൽ ഞങ്ങൾ വിവാ​ഹി​ത​രാ​യ​പ്പോൾ

[23-ാം പേജിലെ ചിത്രം]

ഇന്ന്‌ എൽസ​യോ​ടൊത്ത്‌