പൗലൊസിന്റെ കൂട്ടുവേലക്കാർ—അവർ ആരായിരുന്നു?
പൗലൊസിന്റെ കൂട്ടുവേലക്കാർ—അവർ ആരായിരുന്നു?
പ്രവൃത്തികൾ എന്ന ബൈബിൾ പുസ്തകത്തിലും പൗലൊസിന്റെ ലേഖനങ്ങളിലും നൂറോളം വ്യക്തികളെ കുറിച്ചു പരാമർശിച്ചിട്ടുണ്ട്. “ജാതികളുടെ അപ്പോസ്തല”നുമായി സഹവസിച്ചിരുന്ന ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയ സഭാംഗങ്ങൾ ആയിരുന്നു അവർ. (റോമർ 11:13) അവരിൽ അനേകരെയും സംബന്ധിച്ച് ധാരാളം കാര്യങ്ങൾ നിങ്ങൾക്ക് അറിയാം. അപ്പൊല്ലോസിന്റെയും ബർന്നബാസിന്റെയും ശീലാസിന്റെയും പ്രവർത്തനങ്ങളുമായി നിങ്ങൾ പരിചിതരായിരിക്കാം. നേരെമറിച്ച്, അർക്കിപ്പൊസ്, ക്ലൌദിയ, ദമരിസ്, ലീനൊസ്, പെർസിസ്, പൂദെസ്, സോപത്രൊസ് തുടങ്ങിയവരെ സംബന്ധിച്ച് ഏറെയൊന്നും പറയാൻ നിങ്ങൾക്കു കഴിഞ്ഞെന്നുവരില്ല.
വ്യത്യസ്ത കാലഘട്ടങ്ങളിലും പല സാഹചര്യങ്ങളിലുമായി അനേകം വ്യക്തികൾ പൗലൊസിന്റെ ശുശ്രൂഷയെ പിന്താങ്ങുന്നതിൽ സജീവമായ പങ്കു വഹിച്ചു. അരിസ്തർഹോസ്, ലൂക്കൊസ്, തിമൊഥെയൊസ് എന്നിവരെപ്പോലുള്ളവർ അപ്പൊസ്തലന്റെ കൂടെ നിരവധി വർഷങ്ങൾതന്നെ സേവിച്ചു. തടവിലോ പര്യടനത്തിലോ ആയിരുന്ന സമയങ്ങളിൽ ആതിഥേയരും സഹയാത്രികരും ഒക്കെ ആയാണ് ചിലർ അവനോടൊപ്പം ഉണ്ടായിരുന്നത്. സങ്കടകരമെന്നു പറയട്ടെ, അലെക്സന്തർ, ദേമാസ്, ഹെർമ്മെഗനേസ്, ഫുഗലൊസ് എന്നിങ്ങനെ മറ്റു ചിലർ ക്രിസ്തീയ വിശ്വാസത്തിൽ നിലനിന്നില്ല.
അസുംക്രിതൊസ്, ഹെർമ്മാസ്, യൂലി, ഫിലൊലൊഗൊസ് തുടങ്ങിയ പൗലൊസിന്റെ മറ്റു ചില സുഹൃത്തുക്കളെക്കുറിച്ച് ആണെങ്കിൽ അവരുടെ പേരല്ലാതെ ഒന്നുംതന്നെ നമുക്കറിയില്ല. നെരെയുസിന്റെ സഹോദരി, രൂഫൊസിന്റെ അമ്മ, ക്ലോവയുടെ ആളുകൾ എന്നിവരുടെ പേരുകൾ പോലും നമുക്കറിയില്ല. (റോമർ 16:13-15; 1 കൊരിന്ത്യർ 1:11) എന്നിരുന്നാലും, നൂറോളം വരുന്ന ഈ വ്യക്തികളെ സംബന്ധിച്ചു നമുക്കറിയാവുന്ന തുച്ഛമായ വിവരങ്ങൾ പരിശോധിക്കുന്നത് പൗലൊസ് പ്രവർത്തിച്ച വിധം മനസ്സിലാക്കാൻ നമ്മെ സഹായിക്കും. സഹവിശ്വാസികളുടെ ഒരു വലിയ കൂട്ടത്തോടൊപ്പം ആയിരിക്കുന്നതിന്റെയും അവരോടു ചേർന്നു പ്രവർത്തിക്കുന്നതിന്റെയും പ്രയോജനങ്ങൾ സംബന്ധിച്ചും ഇതു നമ്മെ പഠിപ്പിക്കുന്നു.
സഹയാത്രികർ, ആതിഥേയർ
പൗലൊസ് അപ്പൊസ്തലന്റെ ശുശ്രൂഷയിൽ അനേകം പര്യടനങ്ങൾ ഉൾപ്പെട്ടിരുന്നു. പ്രവൃത്തികളുടെ പുസ്തകത്തിലെ രേഖകൾ മാത്രം അനുസരിച്ച് കരയിലും കടലിലുമായി അദ്ദേഹം യാത്ര ചെയ്ത ദൂരം 16,000 കിലോമീറ്ററോളം വരുമെന്നാണ് ഒരു എഴുത്തുകാരൻ കണക്കാക്കുന്നത്. അക്കാലങ്ങളിലെ യാത്ര ക്ഷീണിപ്പിക്കുന്നതും അപകടകരവും ആയിരുന്നു. അവൻ നേരിട്ട വ്യത്യസ്ത ആപത്തുകളിൽ ചിലത് കപ്പൽച്ചേതം, നദികളിലെ ആപത്ത്, കള്ളന്മാരാലുള്ള ആപത്ത്, കാട്ടിലെ ആപത്ത്, കടലിലെ ആപത്ത് എന്നിവയായിരുന്നു. (2 കൊരിന്ത്യർ 11:25, 26) ഉചിതമായും, തന്റെ യാത്രകളിൽ പൗലൊസ് വിരളമായേ ഒറ്റയ്ക്കായിരുന്നുള്ളൂ.
പൗലൊസിന്റെ സഹയാത്രികർ സഖിത്വത്തിന്റെയും പ്രോത്സാഹനത്തിന്റെയും ശുശ്രൂഷയിലെ പ്രായോഗിക സഹായത്തിന്റെയും ഉറവായിരുന്നു. ചിലപ്പോഴൊക്കെ, പുതു വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾക്കു ശ്രദ്ധ കൊടുക്കാനുള്ള ഉത്തരവാദിത്വം ആ സഹപ്രവർത്തകരെ ഏൽപ്പിച്ചിട്ട് പൗലൊസ് മറ്റു സ്ഥലങ്ങളിലേക്കു പോയി. (പ്രവൃത്തികൾ 17:14; തീത്തൊസ് 1:5) എങ്കിലും, സുഹൃത്തുക്കളുടെ സാമീപ്യം സുരക്ഷിതത്വത്തിനും യാത്രയിലെ വൈഷമ്യങ്ങൾ നേരിടുന്നതിനുള്ള പിന്തുണയ്ക്കും അനിവാര്യമായിരുന്നിരിക്കാം. പൗലൊസിന്റെ സഹയാത്രികരിൽ ഉൾപ്പെട്ടിരുന്നു എന്നു നമുക്കറിയാവുന്ന സോപത്രൊസ്, സെക്കുന്തൊസ്, ഗായൊസ്, ത്രൊഫിമൊസ് എന്നിവർ അവന്റെ ശുശ്രൂഷയുടെ വിജയത്തിൽ ഒരു പ്രധാന പങ്കു വഹിച്ചിരിക്കാം.—പ്രവൃത്തികൾ 20:4.
അതുപോലെ, ആതിഥേയർ നൽകിയ സഹായവും അവൻ സ്വീകരിച്ചു. ഒരു പ്രസംഗ പരിപാടി നടത്താനോ രാപാർക്കാനോ വേണ്ടി പൗലൊസ് ഒരു പട്ടണത്തിൽ വന്നാൽ കഴിവതും വേഗം താമസിക്കാനുള്ള ഇടം കണ്ടെത്തുമായിരുന്നു. പൗലൊസിനെപ്പോലെ വ്യാപകമായി യാത്രകൾ നടത്തിയിരുന്ന ആർക്കും, അക്ഷരാർഥത്തിൽ പല സ്ഥലങ്ങളിൽ കിടന്നുറങ്ങേണ്ടി വരുമായിരുന്നു. മിക്കപ്പോഴും അവന് ഒരു വഴിയമ്പലത്തിൽ തങ്ങാൻ കഴിയുമായിരുന്നു. എന്നാൽ, അവ അപകടകരവും വൃത്തികെട്ടതുമായ സ്ഥലങ്ങളായിരുന്നു എന്നാണു ചരിത്രകാരന്മാർ പറയുന്നത്. അതിനാൽ, സാധ്യമായിരുന്നിടങ്ങളിൽ പൗലൊസ് സഹവിശ്വാസികളോടൊപ്പം പാർത്തിരിക്കാം.
പൗലൊസിന് ആതിഥ്യമരുളിയ ചിലരുടെ പേരുകൾ നമുക്ക് അറിയാം—അക്വിലാ, പ്രിസ്ക, ഗായൊസ്, യാസോൻ, ലുദിയ, മ്നാസോൻ, ഫിലേമോൻ, ഫിലിപ്പൊസ് എന്നിവർ. (പ്രവൃത്തികൾ 16:14, 15; 17:7; 18:2, 3; 21:8, 16; റോമർ 16:23; ഫിലേമോൻ 1, 22) ഫിലിപ്പിയിലും തെസ്സലൊനീക്യയിലും കൊരിന്തിലും ഉണ്ടായിരുന്ന അത്തരം താമസ സൗകര്യങ്ങൾ അവന്റെ മിഷനറി പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനുള്ള കേന്ദ്രമായി ഉതകി. കൊരിന്തിൽ, തീത്തൊസ് യുസ്തൊസ് തന്റെ ഭവനത്തിൽ അപ്പൊസ്തലനെ കൈക്കൊണ്ടു. അവിടെ പാർത്ത് അവനു പ്രസംഗവേല നിർവഹിക്കാൻ കഴിയുമായിരുന്നു.—പ്രവൃത്തികൾ 18:7.
സുഹൃത്തുക്കളുടെ മഹാഗണം
പ്രതീക്ഷിക്കാവുന്നതുപോലെ, പൗലൊസ് വ്യത്യസ്ത സാഹചര്യങ്ങളിലാണ് തന്റെ പരിചയക്കാരെ കണ്ടുമുട്ടുന്നത്. അക്കാരണത്താൽ അവരെ ഓർക്കുന്നതും വ്യത്യസ്തമായ വിധങ്ങളിലാണ്. ഉദാഹരണത്തിന്, മറിയ, പെർസിസ്, ഫേബ, ത്രുഫൈന, ത്രുഫൊസ എന്നീ സഹവിശ്വാസികളായ സ്ത്രീകൾ തങ്ങളുടെ വേലയെയും കഠിനാധ്വാനത്തെയും പ്രതി പ്രശംസിക്കപ്പെട്ടിരിക്കുന്നു. (റോമർ 16:1, 2, 6, 12) ക്രിസ്പൊസിനെയും ഗായൊസിനെയും സ്തെഫനാസിന്റെ ഭവനക്കാരെയും പൗലൊസ് സ്നാപനം കഴിപ്പിച്ചു. ദിയൊനുസ്യോസും ദമരിസും അഥേനയിൽ വെച്ച് അവനിൽ നിന്നു സത്യത്തിന്റെ ദൂതു സ്വീകരിച്ചു. (പ്രവൃത്തികൾ 17:34; 1 കൊരിന്ത്യർ 1:14, 16) “അപ്പൊസ്തലന്മാരുടെ ഇടയിൽ പേർ കൊണ്ട”വരും സത്യത്തിൽ പൗലൊസിനെക്കാൾ പഴക്കമുള്ള വിശ്വാസികളുമായിരുന്ന അന്ത്രയോനിക്കസ്, യൂനിയാവ് എന്നിവരെ അവൻ തന്റെ “സഹബദ്ധന്മാർ” എന്നു വിളിച്ചിരിക്കുന്നു. ചില അവസരങ്ങളിലെങ്കിലും അവർ പൗലൊസിനോടൊപ്പം തടവിൽ കഴിഞ്ഞിരിക്കാം. ഈ രണ്ടു പേരെയും ഹെരോദിയോൻ, യാസോൻ, ലൂക്യോസ്, സോസിപത്രൊസ് എന്നിവരെയും പൗലൊസ് തന്റെ “ചാർച്ചക്കാർ” എന്നാണു പരാമർശിച്ചിരിക്കുന്നത്. (റോമർ 16:7, 11, 21) ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കു പദത്തിന് “ഒരേ നാട്ടുകാർ” എന്ന് അർഥമുണ്ടെങ്കിലും അതിന്റെ പ്രാഥമിക അർഥം “ഒരേ തലമുറയിൽപ്പെട്ട രക്തബന്ധമുള്ളവർ” എന്നാണ്.
പൗലൊസിന്റെ സുഹൃത്തുക്കളിൽ അനേകരും സുവാർത്തയെ പ്രതിയാണു യാത്ര ചെയ്തത്. അവന്റെ അറിയപ്പെടുന്ന കൂട്ടാളികൾക്കു പുറമെ, തങ്ങളുടെ സഭയുടെ ആത്മീയ അവസ്ഥയെക്കുറിച്ചു പൗലൊസുമായി ചർച്ച ചെയ്യാൻ കൊരിന്തിൽ നിന്ന് എഫെസൂസിലേക്കു യാത്ര ചെയ്ത അഖായിക്കൊസ്, ഫൊർത്തുനാതൊസ്, സ്തെഫനാസ് എന്നിവരും ഉണ്ടായിരുന്നു. അർതൊമാസും തിഹിക്കൊസും ക്രേത്ത ദ്വീപിൽ സേവിക്കുകയായിരുന്ന തീത്തൊസിന്റെ അടുക്കലേക്കു യാത്ര ചെയ്യാൻ ഒരുക്കമുള്ളവർ ആയിരുന്നു. കൂടാതെ, സേനാസ് അപ്പൊല്ലോസിനോടു കൂടെ പോകേണ്ടതുണ്ടായിരുന്നു.—1 കൊരിന്ത്യർ 16:17; തീത്തൊസ് 3:12, 13.
ചിലരെക്കുറിച്ച് പൗലൊസ് ഹ്രസ്വവും രസകരവുമായ വിശദാംശങ്ങൾ നൽകുന്നുണ്ട്. ഉദാഹരണത്തിന്, എപ്പൈനത്തോസ് ‘ആസ്യയിലെ ആദ്യഫല’വും എരസ്തൊസ് കൊരിന്തിലെ ‘ഭണ്ഡാരവിചാരക’നും [“നഗര വിചാരകൻ,” NW] ലൂക്കൊസ് ഒരു വൈദ്യനും ലുദിയ രക്താംബരം വിൽക്കുന്നവളും തെർതൊസ് റോമർക്കുള്ള ലേഖനമെഴുതാൻ പൗലൊസ് ഉപയോഗിച്ച ആളും ആണെന്നു നാം മനസ്സിലാക്കുന്നു. (റോമർ 16:5, 22, 23; പ്രവൃത്തികൾ 16:14; കൊലൊസ്സ്യർ 4:14) പ്രസ്തുത വ്യക്തികളെക്കുറിച്ചു കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവരെ തൃപ്തിപ്പെടുത്താൻ പോന്നവയല്ല ഈ നുറുങ്ങു വിവരങ്ങൾ.
പൗലൊസിന്റെ സുഹൃത്തുക്കളിൽ മറ്റു ചിലർക്കു വ്യക്തിഗത സന്ദേശങ്ങൾ ലഭിച്ചു, അവ ഇപ്പോൾ ബൈബിളിന്റെ ഭാഗമാണ്. ഉദാഹരണത്തിന്, കൊലൊസ്സ്യർക്കുള്ള ലേഖനത്തിൽ പൗലൊസ് അർഹിപ്പൊസിനെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “കർത്താവിൽ ലഭിച്ച ശുശ്രൂഷ നിവർത്തിപ്പാൻ നോക്കേണം.” (കൊലൊസ്യർ 4:17) യുവൊദ്യയ്ക്കും സുന്തുകയ്ക്കും ഇടയിൽ പരിഹരിക്കപ്പെടേണ്ട ഒരു തർക്കം ഉണ്ടായിരുന്നു എന്നു വ്യക്തമാണ്. ഫിലിപ്പിയിലെ പേരു പരാമർശിക്കാത്ത ഒരു “ഇണയാളി” മുഖാന്തരം, ‘കർത്താവിൽ ഏകചിന്തയോടിരിപ്പാൻ’ പൗലൊസ് അവരെ ബുദ്ധിയുപദേശിച്ചു. (ഫിലിപ്പിയർ 4:2, 3) നമുക്കേവർക്കും ഈ ബുദ്ധിയുപദേശം പ്രയോജനകരം ആണെന്നതിൽ സംശയമില്ല.
തടവിലായിരിക്കെ വിശ്വസ്ത പിന്തുണ
അനേകം തവണ പൗലൊസ് തടവിൽ കഴിഞ്ഞിട്ടുണ്ട്. (2 കൊരിന്ത്യർ 11:23) അത്തരം അവസരങ്ങളിൽ, അവന്റെ സാഹചര്യം കൂടുതൽ സഹനീയമാക്കാൻ തങ്ങളാൽ ആകുന്നതെല്ലാം ചെയ്യാൻ സമീപപ്രദേശത്ത് ഉണ്ടായിരുന്ന ക്രിസ്ത്യാനികൾ ശ്രമിച്ചിട്ടുണ്ടാകണം. റോമിലെ തന്റെ ആദ്യത്തെ തടവുകാലത്ത്, രണ്ടു വർഷത്തേക്ക് ഒരു വീടു വാടകയ്ക്ക് എടുക്കാൻ അവന് അനുവാദം ലഭിച്ചിരുന്നു. അവിടെ അവന്റെ സുഹൃത്തുക്കൾക്ക് അവനെ സന്ദർശിക്കാൻ കഴിഞ്ഞു. (പ്രവൃത്തികൾ 28:30) ആ സമയത്താണ് അവൻ എഫെസൊസ്, ഫിലിപ്പി, കൊലൊസ്സ്യ എന്നീ സഭകൾക്കും ഫിലേമോനും ഉള്ള ലേഖനങ്ങൾ എഴുതിയത്. ഈ ലേഖനങ്ങൾ, തടവുകാലത്ത് പൗലൊസുമായി അടുത്തു സഹവസിച്ചിരുന്ന വ്യക്തികളെക്കുറിച്ച് അനേകം കാര്യങ്ങൾ നമ്മോടു പറയുന്നുണ്ട്.
ഉദാഹരണത്തിന്, ഫിലേമോന്റെ അടുക്കൽ നിന്നും ഓടിപ്പോയ അടിമയായ ഒനേസിമൊസ് പൗലൊസിനെ റോമിൽ വെച്ചു കണ്ടുമുട്ടിയെന്നും സമാനമായി അവനെ കണ്ടുമുട്ടിയ തിഹിക്കൊസിന്റെ കൂടെ ഒനേസിമൊസിനെ അവന്റെ യജമാനന്റെ അടുത്തേക്കു തിരിച്ചയച്ചെന്നുമുള്ള വിവരം നാം മനസ്സിലാക്കുന്നു. (കൊലൊസ്സ്യർ 4:7-9) തന്റെ സഭയിൽനിന്നുള്ള ഒരു സമ്മാനവുമായി ഫിലിപ്പിയിൽ നിന്നു ദീർഘയാത്ര ചെയ്ത, പിന്നീട് രോഗബാധിതനായ എപ്പഫ്രൊദിത്തൊസിനെ കുറിച്ചുള്ള വിവരങ്ങളുമുണ്ട്. (ഫിലിപ്പിയർ 2:25; 4:18) റോമിൽ ആയിരുന്നപ്പോൾ പൗലൊസിന്റെ അടുത്ത കൂട്ടുവേലക്കാർ അരിസ്തർഹോസ്, മർക്കൊസ്, യുസ്തൊസ് എന്നു പേരുള്ള യേശു എന്നിവരായിരുന്നു. അവരെക്കുറിച്ച് പൗലൊസ് ഇങ്ങനെ പറഞ്ഞു: “ഇവർ മാത്രം ദൈവരാജ്യത്തിന്നു കൂട്ടുവേലക്കാരായിട്ടു എനിക്കു ആശ്വാസമായിത്തീർന്നു.” (കൊലൊസ്സ്യർ 4:10, 11) ഈ വിശ്വസ്തരെ കൂടാതെ, അവന്റെ അറിയപ്പെടുന്ന കൂട്ടാളികളായ തിമൊഥെയൊസ്, ലൂക്കൊസ്, ലോകസ്നേഹം നിമിത്തം അവനെ ഉപേക്ഷിച്ചുപോയ ദേമാസ് എന്നിവരും ഉണ്ടായിരുന്നു.—കൊലൊസ്സ്യർ 1:1; 4:14; 2 തിമൊഥെയൊസ് 4:10; ഫിലേമോൻ 24.
വ്യക്തമായും, ഇവർ ആരും റോമിൽ നിന്നുള്ളവർ ആയിരുന്നില്ല. എന്നിട്ടും അവർ പൗലൊസിനോടൊപ്പം അവിടെ ഉണ്ടായിരുന്നു. തടവിലായിരുന്നപ്പോൾ അവനെ സഹായിക്കാൻ മാത്രമായിരിക്കാം ഒരുപക്ഷേ ഇവരിൽ ചിലർ അവിടെ എത്തിയത്. ചിലർ അവന്റെ സന്ദേശവാഹകരായി സേവിക്കുകയും ചിലർ ദൂരദേശങ്ങളിലെ നിയമനങ്ങൾക്ക് അയയ്ക്കപ്പെടുകയും മറ്റു ചിലർ ലേഖനങ്ങൾ കേട്ടെഴുതാൻ ഉപയോഗിക്കപ്പെടുകയും ചെയ്തു എന്നതിനു സംശയമില്ല. ദൈവവേലയോടും പൗലൊസിനോടും അവർക്കെല്ലാം ഉണ്ടായിരുന്ന മമതയുടെയും കൂറിന്റെയും തീവ്രതയുടെ എത്ര വാചാലമായ സാക്ഷ്യം!
ഇങ്ങനെ ചുരുക്കം ചിലരുടെ പേരുകളേ നമുക്ക് അറിയാവൂ എങ്കിലും, ബഹുലമായ ഒരു സഹോദര വൃന്ദം പൗലൊസിനൊപ്പം ഉണ്ടായിരുന്നിരിക്കാം എന്ന് അവന്റെ ചില ലേഖനങ്ങളുടെ ഉപസംഹാരത്തിൽ നിന്നു നമുക്കു മനസ്സിലാക്കാവുന്നതാണ്. പല സന്ദർഭങ്ങളിലും അവൻ “വിശുദ്ധന്മാർ എല്ലാവരും നിങ്ങൾക്കു വന്ദനം ചൊല്ലുന്നു,” “എന്നോടുകൂടെയുള്ളവർ എല്ലാവരും നിങ്ങൾക്കു വന്ദനം ചൊല്ലുന്നു” എന്നും മറ്റും എഴുതി.—2 കൊരിന്ത്യർ 13:13; തീത്തൊസ് 3:15; ഫിലിപ്പിയർ 4:22.
തന്റെ രക്തസാക്ഷിത്വം ആസന്നമായിരുന്ന, റോമിലെ രണ്ടാമത്തെ നിർണായക തടവുകാലത്ത് പൗലൊസ് കൂട്ടുവേലക്കാരെപ്രതി ചിന്താഭാരമുള്ളവൻ ആയിരുന്നു. എങ്കിലും, അവരിൽ ചിലരുടെയെങ്കിലും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും അവയ്ക്കു മേൽനോട്ടം വഹിക്കുകയും ചെയ്യുന്നതിൽ അവൻ കർമനിരതൻ ആയിരുന്നു. തീത്തൊസും തിഹിക്കൊസും മിഷനറി വേലയ്ക്കായി അയയ്ക്കപ്പെട്ടു. ക്രേസ്കേസ് ഗലാത്യയിലേക്കു പോയി, എരസ്തൊസ് കൊരിന്തിൽ താമസിച്ചു, ത്രൊഫിമൊസിനെ മിലേത്തിൽ രോഗിയായി വിട്ടേച്ചു പോന്നു, മർക്കൊസും തിമൊഥെയൊസും പൗലൊസിന്റെ അടുത്തേക്കു വരേണ്ടിയിരുന്നു. ലൂക്കൊസ് ആകട്ടെ പൗലൊസിനോടൊപ്പം ഉണ്ടായിരുന്നു. പൗലൊസ് തിമൊഥെയൊസിന് തന്റെ രണ്ടാമത്തെ ലേഖനം എഴുതിയപ്പോൾ യൂബൂലൊസ്, പൂദെസ്, ലീനൊസ്, ക്ലൌദിയ എന്നിവർ ഉൾപ്പെടെ അനേകം വിശ്വാസികൾ തങ്ങളുടെ അഭിവാദനങ്ങൾ അയയ്ക്കാൻ തക്കവണ്ണം അവനോടൊപ്പം ഉണ്ടായിരുന്നു. അവർ പൗലൊസിനെ സഹായിക്കാൻ തങ്ങളാൽ കഴിയുന്നതു ചെയ്യുകയായിരുന്നു എന്നതിനു സംശയമില്ല. അതേസമയം, പൗലൊസ് പ്രിസ്കയ്ക്കും അക്വിലായ്ക്കും ഒനേസിഫൊരൊസിന്റെ കുടുംബത്തിനും അഭിവാദനങ്ങൾ അയച്ചു. സങ്കടകരമെന്നു പറയട്ടെ, ക്ലേശകരമായ ആ സമയത്തു ദേമാസ് അവനെ ഉപേക്ഷിച്ചു പോകുകയും അലക്സന്തർ അവനു വളരെ ദ്രോഹം വരുത്തുകയും ചെയ്തു.—2 തിമൊഥെയൊസ് 4:9-21.
“നാം ദൈവത്തിന്റെ കൂട്ടുവേലക്കാർ”
തന്റെ പ്രസംഗപ്രവർത്തന കാലത്ത് പൗലൊസ് തനിച്ചായിരുന്ന സാഹചര്യങ്ങൾ വിരളമാണ്. ഒരു ഭാഷ്യകാരനായ ഇ. ഏൾ എലിസ് ഇങ്ങനെ പറയുന്നു: “ധാരാളം സഹകാരികളുള്ള ഒരു മിഷനറിയുടെ ചിത്രമാണ് നമുക്കു ലഭിക്കുന്നത്. യഥാർഥത്തിൽ, പൗലൊസിന് സഹചാരികളില്ലാതിരുന്ന അവസരങ്ങൾ ഉണ്ടായിരുന്നില്ല എന്നുതന്നെ പറയാം.” പരിശുദ്ധാത്മാവിന്റെ മാർഗ നിർദേശത്തിൻ കീഴിൽ, ഒട്ടനവധി ആളുകളെ കൂട്ടിവരുത്തി ഫലകരമായ മിഷനറി പരിപാടികൾ സംഘടിപ്പിക്കാൻ പൗലൊസിനു സാധിച്ചു. എവിടെയും, അവനു ചുറ്റും ഉറ്റ ചങ്ങാതിമാരും താത്കാലിക
സഹായികളും പ്രബല വ്യക്തികളും അസംഖ്യം എളിയ ദാസന്മാരും ഉണ്ടായിരുന്നു. എന്നിരുന്നാലും, അവർ കേവലം കൂട്ടുവേലക്കാർ മാത്രം ആയിരുന്നില്ല. പൗലൊസുമൊത്തുള്ള അവരുടെ വേലയുടെയോ സഹവാസത്തിന്റെയോ വ്യാപ്തി എത്ര തന്നെ ആയിരുന്നാലും, അവരുടെ ഇടയിലെ ക്രിസ്തീയ സ്നേഹത്തിന്റെയും വ്യക്തിഗത സൗഹൃദത്തിന്റെയും ബന്ധം ഈടുറ്റതായി നിലനിന്നിരുന്നു എന്നതിനു സംശയമില്ല.“സൗഹൃദം നേടാനുള്ള പാടവം” അപ്പോസ്തലനായ പൗലൊസിനുണ്ടായിരുന്നു. ജാതികളുടെ അടുക്കൽ സുവാർത്ത എത്തിക്കാൻ അവൻ വളരെയധികം പ്രവർത്തിച്ചെങ്കിലും അതു തനിയെ ചെയ്യാൻ അവൻ ഒരിക്കലും ശ്രമിച്ചില്ല. അവൻ സംഘടിത ക്രിസ്തീയ സഭയോടു സഹകരിക്കുകയും അതിനെ പൂർണമായി ഉപയോഗിക്കുകയും ചെയ്തു. ലഭിച്ച ഫലങ്ങൾക്കു യാതൊരു ബഹുമതിയും അവൻ സ്വീകരിച്ചില്ല. പകരം, താൻ ഒരു അടിമയാണെന്നും വളർച്ചയ്ക്കു കാരണഭൂതൻ എന്ന നിലയിൽ എല്ലാ ബഹുമതിയും ദൈവത്തിനുള്ളത് ആണെന്നും അവൻ താഴ്മയോടെ സമ്മതിച്ചു പറഞ്ഞു.—1 കൊരിന്ത്യർ 3:5-7; 9:16; ഫിലിപ്പിയർ 1:1.
പൗലൊസ് ജീവിച്ചിരുന്ന കാലം നമ്മുടേതിൽ നിന്നും വ്യത്യസ്തമായിരുന്നെങ്കിലും, ഇന്നു ക്രിസ്തീയ സഭയിലുള്ള ആരും തനിക്കു പരാശ്രയം കൂടാതെ കാര്യങ്ങൾ ചെയ്യാമെന്നോ അങ്ങനെ ചെയ്യേണ്ടത് ആവശ്യമാണെന്നോ ചിന്തിക്കരുത്. പകരം, നാം എല്ലായ്പോഴും ദൈവത്തിന്റെ സംഘടനയോടും പ്രാദേശിക സഭയോടും സഹവിശ്വാസികളോടുമൊത്തു പ്രവർത്തിക്കേണ്ടതാണ്. അവരുടെ സഹായവും പിന്തുണയും, സാന്ത്വനവും നല്ല കാലത്തും കഷ്ടകാലത്തും നമുക്ക് ആവശ്യമാണ്. “ലോകമെമ്പാടുമുള്ള സഹോദരസമൂഹ”ത്തിന്റെ ഭാഗമായിരിക്കുകയെന്ന അമൂല്യ പദവിയാണു നമുക്കുള്ളത്. (1 പത്രൊസ് 5:9, ഓശാന ബൈബിൾ) നാം വിശ്വസ്തതയോടും സ്നേഹത്തോടും കൂടെ അവരോടൊപ്പം സഹകരിച്ചു പ്രവൃത്തിക്കുന്നെങ്കിൽ, ‘ഞങ്ങൾ ദൈവത്തിന്റെ കൂട്ടുവേലക്കാർ ആകുന്നു’ എന്നു പൗലൊസിനെപ്പോലെ നമുക്കും പറയാൻ കഴിയും.—1 കൊരിന്ത്യർ 3:9.
[31-ാം പേജിലെ ചിത്രങ്ങൾ]
അപ്പൊല്ലോസ്
അരിസ്തർഹോസ്
ബർന്നബാസ്
ലുദിയ
ഒനേസിഫൊരൊസ്
തെർതൊസ്
തിഹിക്കൊസ്