“മനുഷ്യരാം ദാനങ്ങളെ” വിലമതിക്കൽ
“മനുഷ്യരാം ദാനങ്ങളെ” വിലമതിക്കൽ
“നിങ്ങളുടെ ഇടയിൽ കഠിനാധ്വാനം . . . ചെയ്യുന്നവരോട് ആദരവ് ഉണ്ടായിരിക്കുകയും അവരുടെ വേല നിമിത്തം അവർക്ക് സ്നേഹത്തിൽ അസാധാരണയിലും കവിഞ്ഞ പരിഗണന കൊടുക്കുകയും ചെയ്യുക.”—1 തെസ്സലൊനീക്യർ 5:12, 13, NW.
1. പ്രവൃത്തികൾ 20:35 അനുസരിച്ച് കൊടുക്കലിന് എന്തു ശക്തിയുണ്ട്? ഉദാഹരിക്കുക.
“സ്വീകരിക്കുന്നതിൽ ഉള്ളതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലുണ്ട്.” (പ്രവൃത്തികൾ 20:35, NW) നിങ്ങൾ യേശുവിന്റെ ആ വാക്കുകളുടെ സത്യത ഒടുവിൽ അനുഭവിച്ചത് എന്നാണെന്ന് ഓർമിക്കാൻ കഴിയുന്നുണ്ടോ? നിങ്ങൾ അതിയായി സ്നേഹിക്കുന്ന ഒരാൾക്ക് ഒരു സമ്മാനം നൽകിയപ്പോൾ ആയിരുന്നിരിക്കാം അത്. ആ സമ്മാനം നിങ്ങളുടെ സ്നേഹിതൻ പ്രിയങ്കരമായി കരുതുന്ന ഒന്നായിരിക്കണം എന്ന ആഗ്രഹം നിമിത്തം നിങ്ങൾ അതു ശ്രദ്ധാപൂർവം തിരഞ്ഞെടുത്തു. ആ സ്നേഹിതന്റെ മുഖത്തു സ്ഫുരിച്ച സന്തോഷം—അതു നിങ്ങളുടെ ഹൃദയത്തെ എത്രമാത്രം ഊഷ്മളമാക്കി! കൊടുക്കൽ ശരിയായ ലക്ഷ്യത്തോടെ ആയിരിക്കുമ്പോൾ അതു സ്നേഹത്തിന്റെ ഒരു പ്രകടനമാണ്. സ്നേഹ പ്രകടനത്തിനാകട്ടെ നമ്മെ സന്തോഷിപ്പിക്കാനുള്ള ശക്തിയുമുണ്ട്.
2, 3. (എ) മറ്റാരും യഹോവയെക്കാൾ സന്തുഷ്ടനല്ലെന്നു പറയാവുന്നത് എന്തുകൊണ്ട്, ‘മനുഷ്യരാം ദാനങ്ങളുടെ’ ക്രമീകരണം അവന്റെ ഹൃദയം സന്തോഷിക്കാൻ ഇടയാക്കുന്നത് എങ്ങനെ? (ബി) ദൈവത്തിൽ നിന്നുള്ള ഒരു ദാനത്തിന്റെ കാര്യത്തിൽ എന്തു ചെയ്യാൻ നാം ആഗ്രഹിക്കുകയില്ല?
2 അപ്പോൾ, “എല്ലാ നല്ല ദാനവും” നൽകുന്ന യഹോവയെക്കാൾ സന്തുഷ്ടനായിരിക്കാൻ മറ്റാർക്കാണു കഴിയുക? (യാക്കോബ് 1:17; 1 തിമൊഥെയൊസ് 1:11, NW) അവൻ നൽകുന്ന എല്ലാ ദാനങ്ങളും സ്നേഹത്താൽ പ്രേരിതമാണ്. (1 യോഹന്നാൻ 4:8) ദൈവം ക്രിസ്തുവിലൂടെ സഭയ്ക്കു നൽകിയിരിക്കുന്ന ദാനത്തിന്റെ—‘മനുഷ്യരാം ദാനങ്ങളുടെ’—കാര്യത്തിലും അതു തീർച്ചയായും സത്യമാണ്. (എഫെസ്യർ 4:8, NW) ആട്ടിൻകൂട്ടത്തെ പരിപാലിക്കാൻ മൂപ്പന്മാരെ നൽകിയിരിക്കുന്നത് തന്റെ ജനത്തോടുള്ള ദൈവത്തിന്റെ ആഴമായ സ്നേഹത്തിന്റെ ഒരു പ്രകടനമാണ്. അവർ വളരെ ശ്രദ്ധാപൂർവമാണു തിരഞ്ഞെടുക്കപ്പെടുന്നത്. അതിനായി അവർ തിരുവെഴുത്തു യോഗ്യതകളിൽ എത്തിച്ചേരേണ്ടതുണ്ട്. (1 തിമൊഥെയൊസ് 3:1-7; തീത്തൊസ് 1:5-9) തങ്ങൾ ‘ആട്ടിൻകൂട്ടത്തോട് ആർദ്രതയോടെ ഇടപെടേണ്ടത്’ ഉണ്ടെന്ന് അവർക്ക് അറിയാം. അപ്പോൾ ആടുകൾക്ക് അത്തരം സ്നേഹനിധികളായ ഇടയന്മാരോടു കൃതജ്ഞത തോന്നാൻ കാരണമുണ്ടായിരിക്കും. (പ്രവൃത്തികൾ 20:29, NW; സങ്കീർത്തനം 100:3) തന്റെ ആടുകളുടെ ഹൃദയത്തിൽ അത്തരം കൃതജ്ഞത നിറഞ്ഞിരിക്കുന്നതു കാണുമ്പോൾ തീർച്ചയായും യഹോവയുടെ ഹൃദയം സന്തോഷിക്കും!—സദൃശവാക്യങ്ങൾ 27:11.
3 ദൈവത്തിൽ നിന്നുള്ള ഒരു ദാനത്തിന്റെ മൂല്യത്തെ വിലകുറച്ചു കാണാനോ അതിനോടു വിലമതിപ്പ് ഇല്ലാതിരിക്കാനോ നാം തീർച്ചയായും ആഗ്രഹിക്കുന്നില്ല. അപ്പോൾ, രണ്ടു ചോദ്യങ്ങൾ ഉയർന്നു വരുന്നു: സഭയിലെ തങ്ങളുടെ ധർമത്തെ മൂപ്പന്മാർ എങ്ങനെ വീക്ഷിക്കണം? “മനുഷ്യരാം ദാനങ്ങളെ” വിലമതിക്കുന്നുവെന്ന് സഭയിലെ മറ്റുള്ളവർക്ക് എങ്ങനെ പ്രകടമാക്കാൻ കഴിയും?
‘ഞങ്ങൾ നിങ്ങളുടെ കൂട്ടുവേലക്കാർ’
4, 5. (എ) സഭയെ പൗലൊസ് എന്തിനോടാണ് ഉപമിക്കുന്നത്, അത് ഒരു അനുയോജ്യ ദൃഷ്ടാന്തമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) നാം അന്യോന്യം എങ്ങനെ വീക്ഷിക്കുകയും ഇടപെടുകയും ചെയ്യണം എന്ന കാര്യത്തിൽ പൗലൊസ് ഉപയോഗിച്ച ദൃഷ്ടാന്തം എന്തു പ്രകടമാക്കുന്നു?
4 യഹോവ ‘മനുഷ്യരാം ദാനങ്ങൾ’ക്ക് സഭയിൽ ഒരളവിലുള്ള അധികാരം നൽകിയിട്ടുണ്ട്. തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്യാൻ മൂപ്പന്മാർ ആഗ്രഹിക്കുന്നില്ലെന്നു തീർച്ച. എന്നാൽ തങ്ങൾ അപൂർണ മനുഷ്യർ ആയതിനാൽ അതു വളരെ എളുപ്പം സംഭവിച്ചേക്കാമെന്ന് അവർക്ക് അറിയാം. ആയതിനാൽ, ആട്ടിൻകൂട്ടത്തിലെ ശേഷിച്ചവരോടുള്ള ബന്ധത്തിൽ അവർ തങ്ങളെത്തന്നെ എങ്ങനെ വീക്ഷിക്കണം? പൗലൊസ് അപ്പൊസ്തലൻ ഉപയോഗിച്ച ഒരു ദൃഷ്ടാന്തം പരിഗണിക്കുക. “മനുഷ്യരാം ദാനങ്ങളെ” നൽകിയിരിക്കുന്നതിന്റെ കാരണം ചർച്ച ചെയ്ത ശേഷം പൗലൊസ് ഇങ്ങനെ എഴുതി: “സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ട് എല്ലാക്കാര്യങ്ങളിലും ക്രിസ്തു എന്ന ശിരസ്സോളം [നമുക്കു വളരാം]. ക്രിസ്തു മുഖേന മുഴുവൻ ശരീരവും, സകല സന്ധിബന്ധങ്ങളാലും സംയോജിതമായിട്ട്, അവയവങ്ങൾ ഓരോന്നും അതതിന്റെ ധർമം നിർവ്വഹിച്ചുകൊണ്ടു സ്നേഹത്തിലുള്ള വർധനയ്ക്കായി വളർച്ച പ്രാപിക്കുന്നു.” (എഫെസ്യർ 4:15, 16, ന്യൂ ഇൻഡ്യാ ബൈബിൾ വേർഷൻ) മൂപ്പന്മാരും മറ്റംഗങ്ങളും ഉൾപ്പെടുന്ന സഭയെ പൗലൊസ് ഇവിടെ മനുഷ്യ ശരീരത്തോട് ഉപമിക്കുന്നു. ഇത് ഒരു അനുയോജ്യ ദൃഷ്ടാന്തമായിരിക്കുന്നത് എന്തുകൊണ്ട്?
5 മനുഷ്യ ശരീരത്തിൽ വ്യത്യസ്ത അവയവങ്ങൾ ഉണ്ട്, എന്നാൽ ഒരു ശിരസ്സേ ഉള്ളൂ. പക്ഷേ, ശരീരത്തിന്റെ സകല ഭാഗങ്ങളും, അതൊരു പേശിയോ നാഡിയോ രക്തക്കുഴലോ ആയിക്കൊള്ളട്ടെ, ഉപയോഗമുള്ളതാണ്. ഓരോ അവയവവും വിലപ്പെട്ടതാണ്. മുഴു ശരീരത്തിന്റെയും ആരോഗ്യത്തിനും സൗന്ദര്യത്തിനും അവ ഓരോന്നും എന്തെങ്കിലുമൊക്കെ സംഭാവനകൾ ചെയ്യുന്നുണ്ട്. സമാനമായി, സഭ അനേകം വ്യത്യസ്ത അംഗങ്ങൾ അടങ്ങിയതാണ്. എന്നാൽ അതിലെ ഓരോ അംഗത്തിനും—ആ വ്യക്തി ഒരു ചെറുപ്പക്കാരനോ പ്രായമുള്ളവനോ, കരുത്തനോ ദുർബലനോ ആയിക്കൊള്ളട്ടെ—സഭയുടെ ആകമാന ആത്മീയ ആരോഗ്യത്തിനും സൗന്ദര്യത്തിനും ചിലതൊക്കെ സംഭാവന ചെയ്യാൻ സാധിക്കും. (1 കൊരിന്ത്യർ 12:14-26) തനിക്കു യാതൊരു പ്രാധാന്യവും ഇല്ലെന്ന് ആരും ചിന്തിക്കേണ്ടതില്ല. അതേസമയം, താൻ മറ്റുള്ളവരെക്കാൾ ശ്രേഷ്ഠനാണെന്നും ആരും കരുതരുത്. കാരണം നാം എല്ലാവരും—ഇടയന്മാരും ആടുകളും ഒരുപോലെ—ശരീരത്തിന്റെ ഭാഗമാണ്. എന്നാൽ ശിരസ്സ് ഒന്നേയുള്ളൂ—ക്രിസ്തു. നമുക്ക് അന്യോന്യം ഉണ്ടായിരിക്കേണ്ട സ്നേഹം, കരുതൽ, ആദരവ് എന്നിവയുടെ ഊഷ്മളമായ ഒരു ചിത്രം പൗലൊസ് വരച്ചുകാട്ടുന്നു. ഇതു മനസ്സിലാക്കുന്നത്, സഭയിലെ തങ്ങളുടെ ധർമത്തെ കുറിച്ച് താഴ്മയും സമനിലയും ഉള്ള ഒരു വീക്ഷണം ഉണ്ടായിരിക്കാൻ മൂപ്പന്മാരെ സഹായിക്കും.
6. അപ്പൊസ്തലിക അധികാരം ഉണ്ടായിരുന്നിട്ടും പൗലൊസ് താഴ്മ പ്രകടമാക്കിയത് എങ്ങനെ?
6 ഈ ‘മനുഷ്യരാം ദാനങ്ങൾ’ സഹാരാധകരുടെ ജീവിതത്തെയോ വിശ്വാസത്തെയോ നിയന്ത്രിക്കാൻ ശ്രമിക്കുന്നില്ല. അപ്പൊസ്തലിക അധികാരം ഉണ്ടായിരുന്നിട്ടും പൗലൊസ് കൊരിന്ത്യരോട് താഴ്മയോടെ ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ വിശ്വാസത്തിന്മേൽ ഞങ്ങൾ ആധിപത്യം ചെലുത്തുന്നില്ല. നിങ്ങൾ വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നവരാകയാൽ നിങ്ങളുടെ സന്തോഷത്തിനായി ഞങ്ങൾ നിങ്ങളോടൊത്തു പ്രവർത്തിക്കയാണു ചെയ്യുന്നത് [“നിങ്ങളുടെ കൂട്ടുവേലക്കാരാണ്,” NW].” (2 കൊരിന്ത്യർ 1:24, ന്യൂ ഇൻഡ്യാ ബൈബിൾ വേർഷൻ) തന്റെ സഹോദരന്മാരുടെ വിശ്വാസത്തെയോ ജീവിതരീതിയെയോ നിയന്ത്രിക്കാൻ പൗലൊസ് ആഗ്രഹിച്ചില്ല. വാസ്തവത്തിൽ അപ്രകാരം ചെയ്യേണ്ടതിന്റെ യാതൊരു ആവശ്യവും അവൻ കണ്ടില്ല. കാരണം അവർ അപ്പോൾത്തന്നെ യഹോവയുടെ സംഘടനയിലെ വിശ്വസ്ത സ്ത്രീപുരുഷന്മാർ ആണെന്ന വിശ്വാസം അവന് ഉണ്ടായിരുന്നു. എന്തെന്നാൽ ശരിയായതു ചെയ്യാനാണ് അവർ ആഗ്രഹിച്ചത്. അതുകൊണ്ട്, തന്നെയും തന്റെ സഞ്ചാര കൂട്ടാളിയായ തിമൊഥെയൊസിനെയും കുറിച്ച് പൗലൊസ് ഫലത്തിൽ ഇങ്ങനെ പറയുകയായിരുന്നു: ‘ദൈവത്തെ സന്തോഷത്തോടെ സേവിക്കാൻ നിങ്ങളുടെ കൂടെ പ്രവർത്തിക്കുക എന്നതാണ് ഞങ്ങളുടെ ജോലി.’ (2 കൊരിന്ത്യർ 1:1) എന്തൊരു താഴ്മയുള്ള മനോഭാവം!
7. സഭയിലെ തങ്ങളുടെ ധർമത്തെപ്പറ്റി താഴ്മയുള്ള മൂപ്പന്മാർ എന്തു തിരിച്ചറിയുന്നു, തങ്ങളുടെ കൂട്ടുവേലക്കാരിൽ അവർക്ക് എന്തു വിശ്വാസമുണ്ട്?
7 ഇന്നത്തെ ‘മനുഷ്യരാം ദാനങ്ങൾ’ക്കും അതേ ജോലിയാണുള്ളത്. അവർ ‘നമ്മുടെ സന്തോഷത്തിനായുള്ള കൂട്ടുവേലക്കാരാണ്.’ ദൈവസേവനത്തിൽ മറ്റുള്ളവർ എന്തുമാത്രം ചെയ്യണമെന്നു തീരുമാനിക്കാൻ തങ്ങൾക്ക് അധികാരമില്ലെന്ന് താഴ്മയുള്ള മൂപ്പന്മാർ തിരിച്ചറിയുന്നു. ശുശ്രൂഷ വികസിപ്പിക്കാനോ മെച്ചപ്പെടുത്താനോ അവർ മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചേക്കാമെങ്കിലും, ദൈവത്തിനുള്ള സേവനം മനസ്സൊരുക്കമുള്ള ഒരു ഹൃദയത്തിൽ നിന്നാണു വരേണ്ടതെന്ന് അവർക്ക് അറിയാം. (2 കൊരിന്ത്യർ 9:7 താരതമ്യം ചെയ്യുക.) തങ്ങളുടെ കൂട്ടുവേലക്കാർ സന്തുഷ്ടരാണെങ്കിൽ, അവർ തങ്ങൾക്ക് ആവതെല്ലാം ചെയ്യുമെന്ന് അവർക്ക് ഉറപ്പുണ്ട്. അതുകൊണ്ട് “സന്തോഷത്തോടെ യഹോവയെ സേവി”ക്കാൻ തങ്ങളുടെ സഹോദരങ്ങളെ സഹായിക്കുക എന്നതാണ് അവരുടെ ഹൃദയംഗമമായ ആഗ്രഹം.—സങ്കീർത്തനം 100:2.
സന്തോഷത്തോടെ സേവിക്കാൻ എല്ലാവരെയും സഹായിക്കൽ
8. യഹോവയെ സന്തോഷത്തോടെ സേവിക്കാൻ മൂപ്പന്മാർക്കു സഹോദരങ്ങളെ സഹായിക്കാൻ കഴിയുന്ന ചില വിധങ്ങൾ ഏവ?
8 മൂപ്പന്മാരേ, സന്തോഷത്തോടെ സേവിക്കാൻ നിങ്ങളുടെ സഹോദരങ്ങളെ നിങ്ങൾക്ക് എങ്ങനെ സഹായിക്കാനാകും? നിങ്ങളുടെ മാതൃകയാൽ പ്രോത്സാഹനമേകാൻ കഴിയും. (1 പത്രൊസ് 5:3) ശുശ്രൂഷയിലെ നിങ്ങളുടെ തീക്ഷ്ണതയും സന്തോഷവും മറ്റുള്ളവർക്കു പ്രകടമാകുകയും അങ്ങനെ അവർ നിങ്ങളുടെ മാതൃകയെ അനുകരിക്കാൻ പ്രോത്സാഹിതരാകുകയും ചെയ്യട്ടെ. മറ്റുള്ളവരുടെ മുഴു ഹൃദയത്തോടെയുള്ള ശ്രമങ്ങളെ അഭിനന്ദിക്കുക. (എഫെസ്യർ 4:29) ഊഷ്മളവും ആത്മാർഥവുമായ അഭിനന്ദനം തങ്ങൾ പ്രയോജനമുള്ളവരും വേണ്ടപ്പെട്ടവരും ആണെന്നു തോന്നാൻ മറ്റുള്ളവരെ സഹായിക്കുന്നു. ദൈവസേവനത്തിൽ തങ്ങളുടെ പരമാവധി ചെയ്യാൻ അത് ആടുകളെ പ്രോത്സാഹിപ്പിക്കുന്നു. നിഷേധാത്മകമായ താരതമ്യം ചെയ്യലുകൾ ഒഴിവാക്കുക. (ഗലാത്യർ 6:4) അത്തരം താരതമ്യം ചെയ്യലുകൾ മറ്റുള്ളവരെ മെച്ചപ്പെടാൻ പ്രേരിപ്പിക്കുന്നതിനു പകരം നിരുത്സാഹിതരാക്കാനാണു സാധ്യത. മാത്രവുമല്ല, യഹോവയുടെ ആടുകൾ, വ്യത്യസ്ത സാഹചര്യങ്ങളും വ്യത്യസ്ത പ്രാപ്തികളുമുള്ള വ്യക്തികളാണ്. പൗലൊസിനെപ്പോലെ, നിങ്ങളുടെ സഹോദരങ്ങളിൽ വിശ്വാസം പ്രകടമാക്കുക. സ്നേഹം “എല്ലാം വിശ്വസിക്കുന്നു.” (1 കൊരിന്ത്യർ 13:7) അതുകൊണ്ട് നമ്മുടെ സഹോദരങ്ങൾ ദൈവത്തെ സ്നേഹിക്കുന്നുവെന്നും അവനെ പ്രീതിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നും നാം വിശ്വസിക്കേണ്ടതാണ്. നിങ്ങൾ മറ്റുള്ളവരോടു ‘ബഹുമാനം’ പ്രകടമാക്കുമ്പോൾ, അവരിൽനിന്ന് ഉത്തമമായ ഫലങ്ങൾ ലഭിക്കുന്നു. (റോമർ 12:10) ആടുകൾ പ്രോത്സാഹിതരും നവോന്മേഷിതരും ആയിരിക്കുമ്പോൾ, ദൈവസേവനത്തിൽ അവർ എല്ലാവരുംതന്നെ തങ്ങളുടെ പരമാവധി പ്രവർത്തിക്കുകയും അതിൽ സന്തോഷം കണ്ടെത്തുകയും ചെയ്യുമെന്ന് ഉറപ്പുള്ളവർ ആയിരിക്കുക.—മത്തായി 11:28-30.
9. സഹമൂപ്പന്മാരെ കുറിച്ചുള്ള ഏതു വീക്ഷണം സന്തോഷത്തോടെ സേവിക്കാൻ ഓരോ മൂപ്പനെയും സഹായിക്കും?
9 താഴ്മയോടെ നിങ്ങളെത്തന്നെ ഒരു “കൂട്ടു വേലക്കാര”നായി വീക്ഷിക്കുന്നത്, സന്തോഷത്തോടെ സേവിക്കാനും സഹമൂപ്പന്മാരുടെ അതുല്യ ഗുണങ്ങൾ വിലമതിക്കാനും നിങ്ങളെ സഹായിക്കും. സഭയുടെ പ്രയോജനത്തിനായി ഉപയോഗിക്കാൻ കഴിയുന്ന പ്രാപ്തികളും വാസനകളും ഓരോ മൂപ്പനുമുണ്ട്. (1 പത്രൊസ് 4:10) ഒരാൾ നല്ല പഠിപ്പിക്കൽ പ്രാപ്തി ഉള്ള ആളായിരിക്കാം. മറ്റൊരാൾ ഒരു മികച്ച സംഘാടകൻ ആയിരിക്കാം. ഇനിയും വേറൊരാളുടെ കാര്യത്തിൽ, വളരെ ഊഷ്മളതയും സഹാനുഭൂതിയും ഉള്ളതു നിമിത്തം അദ്ദേഹത്തെ സമീപിക്കുക വളരെ എളുപ്പമായിരിക്കാം. യാതൊരു മൂപ്പനും ഒരേ അളവിൽ എല്ലാ പ്രാപ്തികളും ഇല്ലെന്നുള്ളതാണു യാഥാർഥ്യം. ഒരു പ്രത്യേക പ്രാപ്തി, ഉദാഹരണത്തിന് പഠിപ്പിക്കൽ പ്രാപ്തി, ഉണ്ടെന്നുള്ളത് ഒരു മൂപ്പനെ മറ്റൊരു മൂപ്പനെക്കാൾ ശ്രേഷ്ഠനാക്കുന്നുണ്ടോ? തീർച്ചയായും ഇല്ല! (1 കൊരിന്ത്യർ 4:7) അതേസമയം, മറ്റൊരു മൂപ്പനുള്ള പ്രാപ്തികളെ പ്രതി നീരസപ്പെടുകയോ മറ്റുള്ളവർ ഒരു മൂപ്പനെ അദ്ദേഹത്തിന്റെ പ്രാപ്തികൾ നിമിത്തം പ്രശംസിക്കുമ്പോൾ സ്വയം അയോഗ്യനായി വീക്ഷിക്കുകയോ ചെയ്യേണ്ടതില്ല. യഹോവ നിങ്ങളിലും ചില പ്രാപ്തികൾ കാണുന്നുണ്ടെന്ന് ഓർമിക്കുക. ആ പ്രാപ്തികൾ വികസിപ്പിക്കാനും നിങ്ങളുടെ സഹോദരങ്ങളുടെ പ്രയോജനത്തിനായി അവ ഉപയോഗിക്കാനും നിങ്ങളെ സഹായിക്കാൻ അവനു കഴിയും.—ഫിലിപ്പിയർ 4:13.
‘അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ’
10. “മനുഷ്യരാം ദാനങ്ങളെ” പ്രതി നാം വിലമതിപ്പു പ്രകടിപ്പിക്കുന്നത് ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
10 നമുക്ക് ഒരു സമ്മാനം ലഭിക്കുമ്പോൾ വിലമതിപ്പു പ്രകടമാക്കുന്നത് സ്വാഭാവികം മാത്രമാണ്. ‘നന്ദിയുള്ളവരായിരിപ്പിൻ’ എന്ന് കൊലൊസ്സ്യർ 3:15 പറയുന്നു. അപ്പോൾ, യഹോവ നമുക്കു നൽകിയിരിക്കുന്ന അമൂല്യ സമ്മാനമായ “മനുഷ്യരാം ദാനങ്ങളെ” സംബന്ധിച്ചോ? തീർച്ചയായും, നാം ഒന്നാമതായി നന്ദി പ്രകാശിപ്പിക്കുന്നത് ഉദാര ദാതാവായ യഹോവയോടാണ്. എന്നാൽ ‘മനുഷ്യരാം ദാനങ്ങളുടെ’ കാര്യമോ? നാം അവരെ വിലമതിക്കുന്നുവെന്ന് എങ്ങനെ പ്രകടമാക്കാൻ കഴിയും?
11. (എ) “മനുഷ്യരാം ദാനങ്ങ”ളോടുള്ള വിലമതിപ്പ് നമുക്ക് എങ്ങനെ പ്രകടിപ്പിക്കാനാകും? (ബി) ‘അനുസരിപ്പിൻ,’ “കീഴടങ്ങിയിരിപ്പിൻ” എന്നീ പദപ്രയോഗങ്ങളുടെ വിവക്ഷ എന്ത്?
11 ‘മനുഷ്യരാം ദാനങ്ങളുടെ’ ബൈബിൾ അധിഷ്ഠിത ബുദ്ധിയുപദേശങ്ങളും തീരുമാനങ്ങളും സത്വരം പിൻപറ്റിക്കൊണ്ട് അവരോടുള്ള വിലമതിപ്പു നമുക്കു പ്രകടമാക്കാൻ കഴിയും. ബൈബിൾ നമ്മെ ഇങ്ങനെ ഉപദേശിക്കുന്നു: “നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ; അവർ കണക്കു ബോധിപ്പിക്കേണ്ടുന്നവരാകയാൽ നിങ്ങളുടെ ആത്മാക്കൾക്കു വേണ്ടി ജാഗരിച്ചിരിക്കുന്നു; ഇതു അവർ ഞരങ്ങിക്കൊണ്ടല്ല സന്തോഷത്തോടെ ചെയ്വാൻ ഇടവരുത്തുവിൻ; അല്ലാഞ്ഞാൽ നിങ്ങൾക്കു നന്നല്ല.” (എബ്രായർ 13:17) നേതൃത്വം എടുക്കുന്നവരെ നാം ‘അനുസരിക്കുക’ മാത്രമല്ല അവർക്കു ‘കീഴടങ്ങിയിരിക്കുക’യും ചെയ്യണമെന്നതു ശ്രദ്ധിക്കുക. “കീഴടങ്ങിയിരിപ്പിൻ” എന്നതിനുള്ള ഗ്രീക്കു പദത്തിന്റെ അക്ഷരീയ അർഥം “നിങ്ങൾ വഴങ്ങിക്കൊടുക്കുന്നവർ ആയിരിക്കുക” എന്നാണ്. ‘അനുസരിപ്പിൻ,’ “കീഴടങ്ങിയിരിപ്പിൻ” എന്നീ പദപ്രയോഗങ്ങളെ പരാമർശിച്ചുകൊണ്ട് ബൈബിൾ പണ്ഡിതനായ ആർ. സി. എച്ച്. ലെൻസ്കി ഇങ്ങനെ പറയുന്നു: “തന്നോടു ചെയ്യാൻ ആവശ്യപ്പെടുന്ന കാര്യത്തോട് ഒരുവൻ യോജിക്കുമ്പോൾ, അതിന്റെ ഔചിത്യവും പ്രയോജനവും ബോധ്യമാകുമ്പോൾ, അയാൾ അത് അനുസരിക്കുന്നു; എന്നാൽ ഒരുവൻ വഴങ്ങിക്കൊടുക്കുന്നത് . . . അയാൾക്കു വിരുദ്ധ അഭിപ്രായം ഉള്ളപ്പോഴാണ്.” നേതൃത്വം എടുക്കുന്നവരുടെ മാർഗനിർദേശം മനസ്സിലാക്കുകയും അതിനോടു യോജിക്കുകയും ചെയ്യുമ്പോൾ നാം എളുപ്പം അനുസരിച്ചേക്കാം. എന്നാൽ ഒരു പ്രത്യേക തീരുമാനത്തിനു പിന്നിലെ കാരണം നമുക്കു മനസ്സിലാകുന്നില്ലെങ്കിലോ?
12. ഒരു പ്രത്യേക തീരുമാനത്തിനു പിന്നിലെ കാരണം നമുക്കു പൂർണമായി മനസ്സിലാകാത്തപ്പോൾ പോലും നാം കീഴടങ്ങിയിരിക്കേണ്ടത്, അഥവാ വഴങ്ങിക്കൊടുക്കേണ്ടത് എന്തുകൊണ്ട്?
12 നാം കീഴടങ്ങിയിരിക്കേണ്ടത്, അല്ലെങ്കിൽ വഴങ്ങിക്കൊടുക്കേണ്ടത് ഇവിടെയായിരിക്കാം. എന്തുകൊണ്ട്? ആത്മീയ യോഗ്യതയുള്ള ഈ പുരുഷന്മാർ നമ്മുടെ ഉത്തമ ക്ഷേമം ലക്ഷ്യമാക്കിയാണു പ്രവർത്തിക്കുന്നതെന്ന വിശ്വാസം നമുക്ക് ഉണ്ടായിരിക്കണം എന്നതാണ് ഒരു കാരണം. തങ്ങളുടെ പരിപാലനത്തിൽ ഭരമേൽപ്പിച്ചിരിക്കുന്ന ആടുകളെ കുറിച്ച് തങ്ങൾ യഹോവയോടു കണക്കു ബോധിപ്പിക്കേണ്ടതാണെന്ന് അവർക്കു നന്നായി അറിയാവുന്നതാണല്ലോ. (യാക്കോബ് 3:1) കൂടാതെ, കാര്യജ്ഞാനത്തോടെയുള്ള ഒരു തീരുമാനത്തിലേക്ക് അവരെ നയിച്ച സകല രഹസ്യ വസ്തുതകളും നമുക്ക് അറിയില്ലായിരിക്കാം എന്നതും മനസ്സിൽ പിടിക്കുന്നതു നല്ലതാണ്.—സദൃശവാക്യങ്ങൾ 18:13.
13. മൂപ്പന്മാരുടെ നീതിന്യായ തീരുമാനങ്ങളുടെ കാര്യത്തിൽ കീഴ്പെടൽ പ്രകടമാക്കാൻ എന്തിനു നമ്മെ സഹായിക്കാനാകും?
13 നീതിന്യായ തീരുമാനങ്ങളുടെ കാര്യത്തിൽ കീഴ്പെടൽ പ്രകടമാക്കുന്നതു സംബന്ധിച്ചെന്ത്? അത് എളുപ്പം അല്ലായിരുന്നേക്കാം എന്നതു സത്യംതന്നെ. വിശേഷിച്ച്, നാം സ്നേഹിക്കുന്ന ആരെയെങ്കിലും, ഒരു ബന്ധുവിനെയോ അടുത്ത സുഹൃത്തിനെയോ, പുറത്താക്കാൻ തീരുമാനിക്കുന്നെങ്കിൽ. ഇവിടെയും, “മനുഷ്യരാം ദാനങ്ങ”ളുടെ തീരുമാനത്തിനു വഴങ്ങിക്കൊടുക്കുന്നതാണ് ഉത്തമം. കാര്യങ്ങൾ നമ്മെക്കാൾ വസ്തുനിഷ്ഠമായി വീക്ഷിക്കാൻ കഴിയുന്ന ഒരു നിലയിലാണ് അവർ. ഉൾപ്പെട്ടിരിക്കുന്ന വസ്തുതകൾ കൂടുതൽ അറിയാവുന്നതും അവർക്കായിരിക്കാം. അത്തരം തീരുമാനങ്ങൾ മിക്കപ്പോഴും ഈ സഹോദരന്മാർക്കു വേദന ഉളവാക്കുന്നവയാണ്; ‘യഹോവെക്കു വേണ്ടി ന്യായപാലനം ചെയ്യുന്നത്’ ഗൗരവാവഹമായ ഒരു ഉത്തരവാദിത്വമാണ്. (2 ദിനവൃത്താന്തം 19:6) കരുണ കാട്ടാൻ അവർ സകല ശ്രമവും ചെയ്യുന്നു. കാരണം യഹോവ “ക്ഷമിക്കാൻ ഒരുക്കമുള്ളവൻ” ആണെന്ന് അവർ മനസ്സിൽപ്പിടിക്കുന്നു. (സങ്കീർത്തനം 86:5, NW) അതേസമയം, അവർ സഭയെ ശുദ്ധമായി സൂക്ഷിക്കേണ്ടതുമുണ്ട്. അതുകൊണ്ട് അവർ അനുതാപമില്ലാത്ത ദുഷ്പ്രവൃത്തിക്കാരെ പുറത്താക്കണമെന്ന് ബൈബിൾ അനുശാസിക്കുന്നു. (1 കൊരിന്ത്യർ 5:11-13) അനേകം കേസുകളിലും ദുഷ്പ്രവൃത്തിക്കാരൻതന്നെ ആ തീരുമാനം അംഗീകരിക്കുന്നു. സുബോധത്തിലേക്കു വരാൻ അയാൾക്ക് ആവശ്യമായിരിക്കുന്നത് ആ ശിക്ഷണം തന്നെയാകാം. അയാളുടെ പ്രിയപ്പെട്ടവരായ നാം ആ തീരുമാനത്തെ മാനിക്കുന്നെങ്കിൽ, അതുവഴി ആ ശിക്ഷണത്തിൽ നിന്നു പ്രയോജനം അനുഭവിക്കാൻ അയാളെ സഹായിക്കുകയായിരിക്കും നാം ചെയ്യുന്നത്.—എബ്രായർ 12:11.
‘അവർക്ക് അസാധാരണയിലും കവിഞ്ഞ പരിഗണന കൊടുപ്പിൻ’
14, 15. (എ) 1 തെസ്സലൊനീക്യർ 5:12, 13 അനുസരിച്ച്, മൂപ്പന്മാർ നമ്മുടെ പരിഗണന അർഹിക്കുന്നത് എന്തുകൊണ്ട്? (ബി) മൂപ്പന്മാർ ‘നമ്മുടെ ഇടയിൽ കഠിനാധ്വാനം ചെയ്യുന്നു’ എന്നു പറയാവുന്നത് എന്തുകൊണ്ട്?
14 “മനുഷ്യരാം ദാനങ്ങ”ളോടു പരിഗണന കാട്ടിക്കൊണ്ടും അവരോടുള്ള വിലമതിപ്പു നമുക്കു പ്രകടിപ്പിക്കാൻ സാധിക്കും. തെസ്സലൊനീക്യയിലെ സഭയ്ക്ക് എഴുതവേ, അതിലെ അംഗങ്ങളെ പൗലൊസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “നിങ്ങളുടെ ഇടയിൽ കഠിനാധ്വാനം ചെയ്യുകയും കർത്താവിൽ നിങ്ങൾക്ക് അധ്യക്ഷം വഹിക്കുകയും ഉപദേശിക്കുകയും ചെയ്യുന്നവരോട് ആദരവ് ഉണ്ടായിരിക്കുകയും അവരുടെ വേല നിമിത്തം സ്നേഹത്തോടെ അവർക്ക് അസാധാരണയിലും കവിഞ്ഞ പരിഗണന കൊടുക്കുകയും ചെയ്യുക.” (1 തെസ്സലൊനീക്യർ 5:12, 13, NW) ‘കഠിനാധ്വാനം ചെയ്യുന്ന’—നമുക്കുവേണ്ടി തങ്ങളെത്തന്നെ നിസ്വാർഥമായി നൽകുന്ന അർപ്പിത മൂപ്പന്മാരെ അതു നന്നായി വർണിക്കുന്നില്ലേ? ഈ പ്രിയ സഹോദരന്മാർ വഹിക്കുന്ന ഭാരിച്ച ചുമടുകളെ കുറിച്ച് ഒരു നിമിഷം ചിന്തിക്കാം.
15 തങ്ങളുടെ കുടുംബത്തിനു വേണ്ടി കരുതാൻ ലൗകിക ജോലി ചെയ്യേണ്ട കുടുംബസ്ഥരാണു മൂപ്പന്മാരിൽ മിക്കവരും. (1 തിമൊഥെയൊസ് 5:8) ഒരു മൂപ്പനു കുട്ടികൾ ഉണ്ടെങ്കിൽ, അവർക്കു തങ്ങളുടെ പിതാവിന്റെ സമയവും ശ്രദ്ധയും ആവശ്യമാണ്. പാഠ്യവിഷയങ്ങളിലും അതുപോലെ ആരോഗ്യാവഹമായ വിനോദ പ്രവർത്തനങ്ങൾക്കു സമയം പട്ടികപ്പെടുത്തുന്ന കാര്യത്തിലും അദ്ദേഹം അവരെ സഹായിക്കേണ്ടത് ഉണ്ടായിരിക്കാം. (സഭാപ്രസംഗി 3:1, 4) ഏറ്റവും പ്രധാനമായി, പതിവായി കുടുംബ ബൈബിൾ അധ്യയനം നടത്തുകയും കുടുംബത്തോടൊപ്പം വയൽ ശുശ്രൂഷയിൽ പങ്കെടുക്കുകയും അവരെ യോഗങ്ങൾക്കു കൊണ്ടുപോകുയും ചെയ്തുകൊണ്ട് അദ്ദേഹം തന്റെ കുടുംബത്തിന്റെ ആത്മീയ ആവശ്യങ്ങൾക്കായി കരുതുന്നു. (ആവർത്തനപുസ്തകം 6:4-7; എഫെസ്യർ 6:4) നമ്മിൽ അനേകർക്കും പൊതുവായുള്ള ഈ ഉത്തരവാദിത്വങ്ങൾക്കു പുറമേ, യോഗങ്ങളിൽ പരിപാടികൾ നടത്താൻ തയ്യാറാകൽ, ഇടയസന്ദർശനം നടത്തൽ, സഭയുടെ ആത്മീയ ക്ഷേമത്തിനു ശ്രദ്ധ കൊടുക്കൽ, ആവശ്യമായി വരുമ്പോൾ നീതിന്യായ കേസുകൾ കൈകാര്യം ചെയ്യൽ എന്നിങ്ങനെയുള്ള കൂടുതലായ ഉത്തരവാദിത്വങ്ങളും അവർക്കുണ്ട് എന്നു നമുക്കു വിസ്മരിക്കാതിരിക്കാം. ചിലർക്ക് സർക്കിട്ട് സമ്മേളനങ്ങൾ, ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾ, രാജ്യഹാൾ നിർമാണം, ആശുപത്രി ഏകോപന സമിതികൾ എന്നിവയോടു ബന്ധപ്പെട്ട അധിക ചുമതലകളും ഉണ്ട്. തീർച്ചയായും ഈ സഹോദരന്മാർ ‘കഠിനാധ്വാനം ചെയ്യുന്നു’!
16. മൂപ്പന്മാരോട് നമുക്കു പരിഗണന കാണിക്കാൻ കഴിയുന്ന വിധങ്ങൾ വിവരിക്കുക.
16 നമുക്ക് എങ്ങനെയാണ് അവരോടു പരിഗണന കാണിക്കാൻ കഴിയുന്നത്? ബൈബിളിലെ ഒരു ജ്ഞാനമൊഴി ഇങ്ങനെ പറയുന്നു: “തക്കസമയത്തു പറയുന്ന വാക്കു എത്ര മനോഹരം!” (സദൃശവാക്യങ്ങൾ 15:23; 25:11) ആത്മാർഥമായ വിലമതിപ്പിന്റെയും പ്രോത്സാഹനത്തിന്റെയും വാക്കുകൾ, നാം അവരുടെ കഠിനാധ്വാനത്തെ ഗൗരവമായെടുക്കുന്നു എന്ന് അവർക്കു കാണിച്ചുകൊടുക്കും. കൂടാതെ, അവരിൽനിന്നു ന്യായമായതേ നാം പ്രതീക്ഷിക്കാവൂ. ഒരു വശത്ത്, സഹായത്തിനായി അവരെ സമീപിക്കാൻ നമുക്കു സ്വാതന്ത്ര്യം തോന്നണം. ‘നമ്മുടെ ഹൃദയം ഉള്ളിൽ വേദനപ്പെട്ടിരിക്കു’കയും ദൈവവചനം “ഉപദേശിപ്പാൻ [“പഠിപ്പിക്കാൻ,” NW] സമർത്ഥ”രായവരിൽ നിന്നുള്ള തിരുവെഴുത്തുപരമായ പ്രോത്സാഹനമോ മാർഗനിർദേശമോ ബുദ്ധിയുപദേശമോ നമുക്ക് ആവശ്യമായിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങൾ ഉണ്ടായിരുന്നേക്കാം. (സങ്കീർത്തനം 55:4; 1 തിമൊഥെയൊസ് 3:2) അതേസമയം, നമുക്കായി ഒരു നിശ്ചിത സമയം മാത്രം നൽകാനേ ഒരു മൂപ്പനു കഴിയൂ എന്നു നാം ഓർമിക്കേണ്ടതുണ്ട്. കാരണം, സ്വന്തം കുടുംബത്തിന്റെയോ സഭയിലെ മറ്റുള്ളവരുടെയോ ആവശ്യങ്ങൾ അവഗണിക്കാൻ അദ്ദേഹത്തിനു സാധിക്കില്ല. കഠിനാധ്വാനം ചെയ്യുന്ന ഈ സഹോദരന്മാരോട് “അനുകമ്പ”യുണ്ടെങ്കിൽ അവരെ അന്യായമായി ഭാരപ്പെടുത്താൻ നാം ആഗ്രഹിക്കില്ല. (1 പത്രൊസ് 3:8, ഓശാന ബൈബിൾ) പകരം, നമുക്കു നൽകാൻ അവർക്കു ന്യായമായി സാധിക്കുന്ന സമയത്തെയും ശ്രദ്ധയെയും പ്രതി നമുക്കു നന്ദിയുള്ളവരായിരിക്കാം.—ഫിലിപ്പിയർ 4:5, NW.
17, 18. ഭർത്താക്കന്മാർ മൂപ്പന്മാരായുള്ള ഭാര്യമാരിൽ അനേകരും എന്തെല്ലാം ത്യാഗങ്ങൾ ചെയ്യുന്നു, ഈ വിശ്വസ്ത ക്രിസ്തീയ സഹോദരിമാരെ നാം അവഗണിക്കുന്നില്ലെന്ന് എങ്ങനെ പ്രകടമാക്കാൻ കഴിയും?
17 മൂപ്പന്മാരുടെ ഭാര്യമാരുടെ കാര്യമോ? അവരും നമ്മുടെ പരിഗണന അർഹിക്കുന്നില്ലേ? സഭയ്ക്കു വേണ്ടി സമയം ചെലവഴിക്കാൻ അവർ തങ്ങളുടെ ഭർത്താക്കന്മാരെ ഏതായാലും വിട്ടുകൊടുക്കുന്നുണ്ടല്ലോ. ഇതിനു മിക്കപ്പോഴും അവരുടെ ഭാഗത്തു ത്യാഗം ആവശ്യമാണ്. തങ്ങളുടെ കുടുംബങ്ങളോടൊപ്പം ചെലവഴിക്കാൻ കഴിയുമായിരുന്ന സായാഹ്നങ്ങൾ മൂപ്പന്മാർ ഇടയ്ക്കിടെ സഭയ്ക്കുവേണ്ടി ചെലവഴിക്കേണ്ടതുണ്ട്. ഭർത്താക്കന്മാർക്ക് യഹോവയുടെ ആടുകളെ പരിപാലിക്കാൻ കഴിയേണ്ടതിന് അനേകം സഭകളിൽ വിശ്വസ്തരായ ക്രിസ്തീയ വനിതകൾ മനസ്സോടെ അത്തരം ത്യാഗങ്ങൾ ചെയ്യുന്നു.—2 കൊരിന്ത്യർ 12:15 താരതമ്യം ചെയ്യുക.
18 ഈ വിശ്വസ്ത ക്രിസ്തീയ സഹോദരിമാരെ നാം അവഗണിക്കുന്നില്ലെന്നു നമുക്ക് എങ്ങനെ പ്രകടമാക്കാൻ കഴിയും? അവരുടെ ഭർത്താക്കന്മാരുടെ സമയവും ശ്രദ്ധയും ന്യായരഹിതമായ അളവിൽ ആവശ്യപ്പെടാതിരിക്കുക വഴി അതു ചെയ്യാനാകുമെന്നു തീർച്ച. എന്നാൽ വിലമതിപ്പിൻ വാക്കുകളുടെ ശക്തി നമുക്കു മറക്കാതിരിക്കാം. സദൃശവാക്യങ്ങൾ 16:24 പറയുന്നു: “ഇമ്പമുള്ള വാക്കു തേൻകട്ടയാകുന്നു; മനസ്സിന്നു മധുരവും അസ്ഥികൾക്കു ഔഷധവും തന്നേ.” ഒരു അനുഭവം പരിചിന്തിക്കുക. ഒരു ക്രിസ്തീയ യോഗത്തിനു ശേഷം ഒരു ദമ്പതികൾ മൂപ്പനെ സമീപിച്ച് തങ്ങളുടെ കൗമാരപ്രായക്കാരനായ മകനെ കുറിച്ചു സംസാരിക്കാൻ അനുവാദം തേടി. മൂപ്പൻ ആ ദമ്പതികളോടു സംസാരിച്ചു നിൽക്കവേ, അദ്ദേഹത്തിന്റെ ഭാര്യ ക്ഷമാപൂർവം കാത്തുനിന്നു. അതിനുശേഷം, ആ മാതാവ് മൂപ്പന്റെ ഭാര്യയെ സമീപിച്ച് ഇങ്ങനെ പറഞ്ഞു: “എന്റെ കുടുംബത്തെ സഹായിക്കാൻ സഹോദരിയുടെ ഭർത്താവു ചെലവഴിച്ച സമയത്തെപ്രതി സഹോദരിയോടു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.” വിലമതിപ്പിന്റെ ആ ലളിതമധുരമായ വാക്കുകൾ മൂപ്പന്റെ ഭാര്യയുടെ ഹൃദയത്തെ ശരിക്കും സ്പർശിച്ചു.
19. (എ) ഒരു സംഘം എന്ന നിലയിൽ, മൂപ്പന്മാർ ഏത് ഉദ്ദേശ്യലക്ഷ്യങ്ങൾ വിശ്വസ്തമായി നിർവഹിക്കുന്നു? (ബി) നാം എല്ലാവരും എന്തു ചെയ്യാൻ ദൃഢനിശ്ചയമുള്ളവർ ആയിരിക്കണം?
19 ആടുകളുടെ പരിപാലനാർഥം നൽകപ്പെട്ടിരിക്കുന്ന മൂപ്പന്മാർ യഹോവയുടെ “നല്ല ദാന”ങ്ങളിൽ ഒന്നാണ്. (യാക്കോബ് 1:17) ഈ പുരുഷന്മാർ പൂർണരല്ല; നമ്മെപ്പോലെതന്നെ അവർക്കും തെറ്റുകൾ സംഭവിക്കുന്നു. (1 രാജാക്കന്മാർ 8:46) എന്നിരുന്നാലും, ഒരു സംഘം എന്ന നിലയിൽ ലോകവ്യാപകമായുള്ള സഭകളിലെ മൂപ്പന്മാർ, ആട്ടിൻകൂട്ടത്തെ യഥാസ്ഥാനപ്പെടുത്തുകയും കെട്ടുപണി ചെയ്യുകയും ഐക്യപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന തങ്ങളെ കുറിച്ചുള്ള ദൈവോദ്ദേശ്യം വിശ്വസ്തമായി നിർവഹിക്കുന്നു. സഹോദരങ്ങൾക്കു താൻ ഒരു ദാനം അഥവാ അനുഗ്രഹം ആണെന്നു തെളിയിച്ചുകൊണ്ട് യഹോവയുടെ ആട്ടിൻകൂട്ടത്തെ ആർദ്രതയോടെ പരിപാലിക്കുന്നതിൽ തുടരാൻ ഓരോ മൂപ്പനും ദൃഢനിശ്ചയം ചെയ്യട്ടെ. “മനുഷ്യരാം ദാനങ്ങളെ” അനുസരിക്കുകയും അവർക്കു കീഴ്പെട്ടിരിക്കുകയും അവരുടെ കഠിനാധ്വാനം നിമിത്തം അവരോടു പരിഗണന കാട്ടുകയും ചെയ്തുകൊണ്ട് അവരോടുള്ള വിലമതിപ്പു പ്രകടിപ്പിക്കാൻ നമുക്ക് എല്ലാവർക്കും ദൃഢനിശ്ചയം ഉള്ളവരായിരിക്കാം. ഫലത്തിൽ ആട്ടിൻകൂട്ടത്തോട്, ‘ദൈവത്തെ സന്തോഷത്തോടെ സേവിക്കാൻ നിങ്ങളെ സഹായിക്കുകയാണ് ഞങ്ങളുടെ ജോലി’ എന്നു പറയുന്ന പുരുഷന്മാരെ യഹോവ സ്നേഹപൂർവം നൽകിയിരിക്കുന്നതിൽ നമുക്ക് എത്ര നന്ദിയുള്ളവർ ആയിരിക്കാൻ കഴിയും!
നിങ്ങൾ എങ്ങനെ ഉത്തരം നൽകും?
□ സഭയെ ഉചിതമായും ഒരു ശരീരത്തോട് ഉപമിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
□ യഹോവയെ സന്തോഷത്തോടെ സേവിക്കാൻ മൂപ്പന്മാർക്ക് തങ്ങളുടെ സഹോദരങ്ങളെ സഹായിക്കാൻ കഴിയുന്നത് എങ്ങനെ?
□ നേതൃത്വം എടുക്കുന്നവരെ നാം അനുസരിക്കുക മാത്രമല്ല അവർക്കു കീഴ്പെട്ടിരിക്കുകയും ചെയ്യേണ്ടത് എന്തുകൊണ്ട്?
□ നമുക്ക് ഏതു വിധങ്ങളിൽ മൂപ്പന്മാരോടു പരിഗണന കാണിക്കാൻ കഴിയും?
[അധ്യയന ചോദ്യങ്ങൾ]
[16-ാം പേജിലെ ചിത്രം]
മൂപ്പന്മാരേ, മറ്റുള്ളവരുടെ മുഴു ഹൃദയത്തോടയുള്ള ശ്രമങ്ങളെ അഭിനന്ദിപ്പിൻ
[17-ാം പേജിലെ ചിത്രം]
ശുശ്രൂഷയിലെ തങ്ങളുടെ തീക്ഷ്ണതയുള്ള ദൃഷ്ടാന്തത്താൽ മൂപ്പന്മാർക്ക്, സന്തോഷത്തോടെ സേവിക്കാൻ സ്വന്തം കുടുംബാംഗങ്ങളെയും മറ്റുള്ളവരെയും സഹായിക്കാനാകും
[18-ാം പേജിലെ ചിത്രം]
കഠിനാധ്വാനം ചെയ്യുന്ന മൂപ്പന്മാരെ നാം വിലമതിക്കുന്നു!