യഹോവയിൽ സന്തോഷിച്ച് ആനന്ദിപ്പിൻ
യഹോവയിൽ സന്തോഷിച്ച് ആനന്ദിപ്പിൻ
മൂല്യവത്തായ ഏതൊരു സംരംഭത്തിന്റെയും വിജയകരമായ പൂർത്തീകരണം എല്ലായ്പോഴും ഒരു സന്തോഷാവസരമാണ്. ന്യൂയോർക്കിലെ പാറ്റേഴ്സനിലുള്ള വാച്ച്ടവർ വിദ്യാഭ്യാസ കേന്ദ്രത്തിൽ വെച്ച് 1999 മാർച്ച് 13-ന് നടന്ന ബിരുദദാന ചടങ്ങ് വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിന്റെ 106-ാം ക്ലാസ്സിലെ 48 വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം അത്തരമൊരു അവസരം ആയിരുന്നെന്നു തീർച്ച.
ഏഴാമത്തെ ഗിലെയാദ് ക്ലാസ്സിൽ നിന്നു ബിരുദം നേടിയ, ഭരണസംഘത്തിലെ ഒരു അംഗവും ബിരുദദാന ചടങ്ങിന്റെ അധ്യക്ഷനുമായ തിയോഡർ ജാരറ്റ്സ്, പ്രാരംഭ പ്രസംഗത്തിൽ സങ്കീർത്തനം 32:11-ലെ, “നീതിമാന്മാരേ, യഹോവയിൽ സന്തോഷിച്ചാനന്ദിപ്പിൻ” എന്ന വാക്കുകൾ വിശേഷവത്കരിച്ചു. ഈ അവസരത്തിൽ എല്ലാവരും സന്തോഷിക്കുന്നത് ഉചിതമായിരിക്കുന്നതിന്റെ കാരണം വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: “ഈ ഗിലെയാദ് വിദ്യാർഥികൾ ഉൾപ്പെടെയുള്ള പരമാർഥ ഹൃദയരെ ഉപയോഗിച്ച് യഹോവ നിവർത്തിക്കുന്ന കാര്യങ്ങളെ പ്രതിയാണ് ഇത്തരം അവസരങ്ങളിൽ നാം സന്തോഷിക്കുന്നത്.” വിദ്യാർഥികൾ ഗിലെയാദ് സ്കൂളിൽ പങ്കെടുക്കാൻ ആസൂത്രണം ചെയ്യുകയും മിഷനറി സേവനത്തിന് യോഗ്യത നേടാൻ ഉത്സാഹപൂർവം പരിശ്രമിക്കുകയും ചെയ്തെങ്കിലും എല്ലാം വിജയകരമായി പര്യവസാനിക്കാൻ ഇടയാക്കിയതു യഹോവയാണ്. (സദൃശവാക്യങ്ങൾ 21:5; 27:1) “യഹോവയിൽ സന്തോഷി”ക്കാനുള്ള കാരണം അതാണെന്ന് ജാരറ്റ്സ് സഹോദരൻ ഊന്നിപ്പറഞ്ഞു.
ഈ സന്തോഷാവസരത്തിന് സാക്ഷ്യം വഹിക്കാനായി 12 രാജ്യങ്ങളിൽനിന്ന് എത്തിയ, വിദ്യാർഥികളുടെ കുടുംബാംഗങ്ങളും അതിഥികളും പാറ്റേഴ്സൺ ഓഡിറ്റോറിയത്തിൽ ഉണ്ടായിരുന്നു. ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെ പരിപാടിയിൽ സംബന്ധിച്ച ബ്രുക്ലിനിലെയും പാറ്റേഴ്സനിലെയും വാൾക്കിലിലെയും ബെഥേൽ കുടുംബാംഗങ്ങൾ ഉൾപ്പെടെ മൊത്തം 5,198 പേർ ഹാജരായിരുന്നു. അവർ പരിപാടികൾക്കായി ആകാംക്ഷാപൂർവം കാത്തിരിക്കെ സന്തോഷത്തിന്റെ ആത്മാവ് എങ്ങും അലയടിച്ചിരുന്നു.
സന്തോഷത്തിന്റെ ആത്മാവു നിലനിർത്താനുള്ള പ്രോത്സാഹനം
തന്റെ പ്രാരംഭ വാക്കുകൾ ഉപസംഹരിക്കവെ, ജാരറ്റ്സ് സഹോദരൻ തുടർന്നുള്ള അഞ്ചു പ്രസംഗകരിൽ ആദ്യത്തെ ആളെ പരിചയപ്പെടുത്തി. ഗിലെയാദ് ബിരുദധാരികൾക്കു മാത്രമല്ല, ഹാജരായിരുന്ന സകലർക്കും പ്രോത്സാഹജനകമായ തിരുവെഴുത്ത് ഉദ്ബോധനം നൽകാൻ അവർ ഓരോരുത്തരും ഒരുങ്ങിയിരുന്നു.
34-ാമത്തെ ഗിലെയാദ് ക്ലാസ്സിൽനിന്നു ബിരുദം നേടിയ, ഭരണസംഘത്തിന്റെ പഠിപ്പിക്കൽ കമ്മിറ്റിയുടെ ഒരു സഹായിയായി ഇപ്പോൾ സേവിക്കുന്ന വില്യം മെയിൽഫോണ്ട് ആയിരുന്നു ആദ്യ പ്രസംഗം നടത്തിയത്. “‘സകലവും’ മായയല്ല” എന്ന, സഭാപ്രസംഗി 1:2-ൽ അധിഷ്ഠിതമായ തന്റെ പ്രസംഗ വിഷയത്തോടുള്ള ബന്ധത്തിൽ അദ്ദേഹം ഈ ചോദ്യം ഉന്നയിച്ചു: “സകലവും—ആ പദത്തിന്റെ പരമമായ അർഥത്തിൽ—മായയാണെന്നു ശലോമോൻ വാസ്തവത്തിൽ അർഥമാക്കിയോ?” ഉത്തരം ഇപ്രകാരമായിരുന്നു: “ഇല്ല. ദൈവഹിതത്തെ അവഗണിച്ചുകൊണ്ടുള്ള മാനുഷ സംരംഭങ്ങളിലേക്ക്, ദൈവഹിത പ്രകാരം ഉള്ളതല്ലാത്ത അനുധാവനങ്ങളിലേക്ക്, അവൻ വിരൽ ചൂണ്ടുകയായിരുന്നു—അത്തരം കാര്യങ്ങൾ എല്ലാം മായയാണ്.” നേരെമറിച്ച്, സത്യദൈവമായ യഹോവയെ ആരാധിക്കുന്നതോ ദൈവ വചനമായ ബൈബിൾ പഠിക്കുന്നതോ അതു മറ്റുള്ളവരെ പഠിപ്പിക്കുന്നതോ മായയല്ല. തന്റെ ദാസന്മാരുടെ അത്തരം ശ്രമങ്ങൾ ദൈവം മറന്നു കളയില്ല. (എബ്രായർ 6:10) വാസ്തവത്തിൽ, ദൈവത്തിന്റെ പ്രീതിയുള്ളവർക്ക് എന്തെങ്കിലും അത്യാഹിതം നേരിട്ടാൽത്തന്നെ അവർ “യഹോവയുടെ പക്കൽ ജീവഭാണ്ഡത്തിൽ കെട്ടപ്പെട്ടിരിക്കും.” (1 ശമൂവേൽ 25:29) എത്ര ഹൃദയോഷ്മളമായ ആശയം! ഈ ആശയങ്ങൾ ഓർമിക്കുന്നത് സന്തോഷത്തിന്റെ ആത്മാവു നിലനിർത്താൻ യഹോവയുടെ എല്ലാ ആരാധകരെയും സഹായിക്കും.
“നിങ്ങളുടെ മിഷനറി സേവനത്തിൽ സന്തോഷം കണ്ടെത്തുക” എന്ന പ്രസംഗത്തിലൂടെ, ഭരണസംഘാംഗമായ ജോൺ ബാർ ബിരുദം നേടുന്ന വിദ്യാർഥികൾക്കു പ്രോത്സാഹനമേകി. എല്ലായ്പോഴും സദൃശവാക്യങ്ങൾ 8:30, 31) തങ്ങളുടെ നിയമനത്തോടു പറ്റിനിൽക്കണമെന്നും എന്നാൽ അതു വെറുമൊരു സഹിച്ചുനിൽക്കൽ എന്ന നിലയിലല്ല, പിന്നെയോ നിയമനം നിർവഹിക്കുന്നതിലുള്ള സന്തോഷം നിമിത്തം ആയിരിക്കണമെന്നും ബാർ സഹോദരൻ ബിരുദധാരികളെ പ്രബോധിപ്പിച്ചു. “യഹോവയിൽ ആശ്രയിപ്പിൻ; അവൻ നിങ്ങളെ നിരാശപ്പെടുത്തില്ല” എന്ന് അദ്ദേഹം ആ വിദ്യാർഥികളെ ഉദ്ബോധിപ്പിച്ചു.—സങ്കീർത്തനം 55:22.
യഹോവയുടെ ഹൃദയത്തിനു പ്രിയങ്കരമായ ഒന്നാണു മിഷനറി സേവനമെന്ന് അദ്ദേഹം വ്യക്തമാക്കി. “ലോകത്തോടുള്ള യഹോവയുടെ സ്നേഹ പ്രകടനത്തിന്റെ ഒരു അവിഭാജ്യ ഘടകമായിരുന്നു അത്. അവൻ തന്റെ ഏകജാത പുത്രനെ ഭൂമിയിലേക്ക് അയച്ചു. ഏറ്റവും മഹാനായ, അഗ്രഗണ്യനായ മിഷനറി യേശു ആയിരുന്നു.” ഭൂമിയിലെ തന്റെ നിയമനത്തിൽ വിജയിക്കാൻ യേശു വരുത്തേണ്ടിയിരുന്ന മാറ്റങ്ങളെ കുറിച്ച് ബിരുദധാരികൾക്കു വിചിന്തനം ചെയ്യാൻ കഴിഞ്ഞു. യേശുവിന്റെ മിഷനറി സേവനത്തിന്റെ അനുഗ്രഹങ്ങൾ അവ പ്രയോജനപ്പെടുത്തുന്നവർക്ക് ഇന്നും ലഭ്യമാണ്. അതിന്റെ കാരണമോ, ബാർ സഹോദരൻ ചൂണ്ടിക്കാണിച്ചതു പോലെ, യേശു ദൈവത്തിന്റെ വേല ചെയ്യുന്നതിൽ പ്രമോദം കണ്ടെത്തുകയും മനുഷ്യപുത്രന്മാരെ സ്നേഹിക്കുകയും ചെയ്തു. (മറ്റൊരു ഭരണസംഘാംഗമായ ലോയ്ഡ് ബാരി ആണ് അടുത്ത പ്രസംഗം നടത്തിയത്. “എന്നേക്കും മീഖാ 4:5) മുൻ മിഷനറിമാരുടെ ദൃഷ്ടാന്തങ്ങൾ യഹോവയുടെ നാമത്തിൽ നടക്കാനും അവനെ വിശ്വസ്തമായി സേവിക്കാനും ദൈവത്തിന്റെ എല്ലാ ദാസന്മാർക്കും തീർച്ചയായും ശക്തമായ ഒരു പ്രചോദനമാണ്.
യഹോവയുടെ നാമത്തിൽ നടക്കുന്നു” എന്നതായിരുന്നു അദ്ദേഹം തിരഞ്ഞെടുത്ത വിഷയം. 11-ാമത്തെ ഗിലെയാദ് ക്ലാസ്സ് പൂർത്തിയാക്കിയ ശേഷം ജപ്പാനിൽ 25-ലേറെ വർഷം ഒരു മിഷനറിയായി സേവിച്ച ബാരി സഹോദരൻ ആദ്യകാല മിഷനറിമാരുടെ ചില അനുഭവങ്ങൾ പറയുകയും അവർക്കു നേരിടേണ്ടിവന്ന വെല്ലുവിളികൾ വിവരിക്കുകയും ചെയ്തു. ബിരുദം നേടുന്ന ആ ക്ലാസ്സിനു വേണ്ടി എന്തു പ്രായോഗിക ഉപദേശമാണ് അദ്ദേഹത്തിനു കൊടുക്കാൻ ഉണ്ടായിരുന്നത്? “എല്ലാറ്റിലും ഉപരി, നിങ്ങളുടെ ആത്മീയത കാത്തുസൂക്ഷിക്കുക. കൂടാതെ, ചെല്ലുന്ന സ്ഥലത്തെ ഭാഷയും സംസ്കാരവും പഠിക്കുക. നർമബോധം നിലനിർത്തുക. വേലയോടു പറ്റി നിൽക്കുക; മടുത്തുപോകുകയോ പിന്മാറുകയോ അരുത്.” വ്യത്യസ്ത ദേവീദേവന്മാരുടെ നാമത്തിൽ നടക്കുന്ന അനേകരെ ബിരുദധാരികൾ തങ്ങളുടെ വിദേശ നിയമനസ്ഥലത്തു കണ്ടെത്തുമെന്നു പറഞ്ഞിട്ട് അദ്ദേഹം മീഖായുടെ വാക്കുകൾ അവരെ ഓർമിപ്പിച്ചു: “സകല ജാതികളും താന്താങ്ങളുടെ ദേവന്മാരുടെ നാമത്തിൽ നടക്കുന്നുവല്ലോ; നാമും നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നും എന്നെന്നേക്കും നടക്കും.” (പരിപാടിയിലെ അടുത്ത പ്രസംഗം നിർവഹിച്ചത് ഗിലെയാദ് അധ്യാപകനായ ലോറൻസ് ബോവെൻ ആയിരുന്നു. “നിങ്ങൾ എന്താണെന്നു തെളിയും?” എന്ന ചോദ്യമായിരുന്നു അദ്ദേഹത്തിന്റെ പ്രതിപാദ്യ വിഷയം. ദൈവ സേവനത്തിലെ വിജയം യഹോവയിലുള്ള വിശ്വാസത്തിലും ആശ്രയത്തിലും അധിഷ്ഠിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. യഹോവയിലുള്ള ശക്തമായ ആശ്രയം നിമിത്തം ആസാ രാജാവിന് പത്തു ലക്ഷം ആളുകൾ അടങ്ങിയ ഒരു ശത്രു സൈന്യത്തിന്മേൽ മഹത്തായ വിജയം നേടാൻ കഴിഞ്ഞു. എന്നിട്ടും, യഹോവയിൽ തുടർന്നും ആശ്രയിക്കേണ്ടതിന്റെ ആവശ്യം പ്രവാചകനായ അസര്യാവ് അവനെ ഓർമപ്പിച്ചു: “നിങ്ങൾ യഹോവയോടുകൂടെ ഇരിക്കുന്നേടത്തോളം അവൻ നിങ്ങളോടുകൂടെ ഇരിക്കും.” (2 ദിനവൃത്താന്തം 14:9-12; 15:1, 2) യഹോവ എന്ന ദൈവനാമം, ദൈവം തന്റെ ഉദ്ദേശ്യ നിർവഹണത്തിന് എന്ത് ആയിരിക്കണമോ അതാണെന്നു തെളിയുമെന്ന—അതായത് ഒരു ദാതാവോ സംരക്ഷകനോ വധനിർവാഹകൻ പോലുമോ ആയിത്തീരണമെങ്കിൽ അവൻ അത് ആയിത്തീരുമെന്ന—ആശയം നൽകുന്നതിനാൽ, യഹോവയിൽ ആശ്രയിക്കുകയും അവന്റെ ഉദ്ദേശ്യത്തിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന മിഷനറിമാർ തങ്ങളുടെ സേവനത്തിൽ വിജയപ്രദരെന്നു തെളിയും. (പുറപ്പാടു 3:14, NW) “നിങ്ങൾ യഹോവയുടെ ഉദ്ദേശ്യത്തെ നിങ്ങളുടെ ഉദ്ദേശ്യം ആക്കുന്നിടത്തോളം കാലം, നിങ്ങളുടെ നിയമനം നിവർത്തിക്കാൻ നിങ്ങൾ എന്ത് ആയിത്തീരണമോ അത് ആയിത്തീരാൻ അവൻ ഇടയാക്കും,” ബോവെൻ സഹോദരൻ ഉപസംഹരിച്ചു.
പരിപാടിയിലെ അവസാന പ്രസംഗകൻ, മുൻ മിഷനറിയും ഇപ്പോൾ ഗിലെയാദ് സ്കൂൾ രജിസ്ട്രാറുമായ വാലസ് ലിവറൻസ് ആയിരുന്നു. “ദൈവ വചനത്തെ നിങ്ങളുടെ ഉള്ളിൽ ജീവനുള്ളതും പ്രവർത്തനക്ഷമവുമായി നിലനിർത്തുക” എന്ന അഭിധാനത്തിലുള്ള അദ്ദേഹത്തിന്റെ പ്രസംഗം, പൂർത്തീകരണത്തിലേക്കു സദാ മുന്നേറിക്കൊണ്ടിരിക്കുന്ന, ഒരിക്കലും പരാജയമടയാത്ത ദൈവിക ദൂതിലേക്ക് അഥവാ വാഗ്ദാനത്തിലേക്കു ശ്രദ്ധ ക്ഷണിച്ചു. (എബ്രായർ 4:12) ആളുകൾ അനുവദിക്കുന്ന പക്ഷം, അത് അവരുടെ ജീവിതത്തെ സ്വാധീനിക്കുന്നു. (1 തെസ്സലൊനീക്യർ 2:13) നമ്മുടെ ജീവിതത്തിൽ അതിനെ ജീവനുള്ളതും പ്രവർത്തനക്ഷമവുമായി നിലനിർത്താൻ കഴിയുന്നത് എങ്ങനെ? ഉത്സാഹപൂർവകമായ ബൈബിൾ പഠനത്തിലൂടെ. ദൈവ വചനം വായിച്ചിട്ട് അതിന്റെ അർഥവും പ്രയുക്തതയും വിശദമായി വിചിന്തനം ചെയ്യുന്നത് ഉൾപ്പെടെയുള്ള ഗിലെയാദ് ബൈബിൾ പഠന വിധങ്ങൾ ലിവറൻസ് സഹോദരൻ ബിരുദധാരികളെ ഓർമിപ്പിച്ചു. 50-ലേറെ വർഷം മുമ്പ് ഗിലെയാദ് സ്കൂളിനു തുടക്കം കുറിച്ച കമ്മറ്റിയുടെ അധ്യക്ഷനായി സേവിച്ച, ഭരണസംഘാംഗമായ ആൽബർട്ട് ഷ്രോഡറിന്റെ വാക്കുകൾ അദ്ദേഹം ഉദ്ധരിച്ചു: “സന്ദർഭം പരിഗണനയിൽ എടുക്കുക വഴി ഒരുവന്, ദൈവം തന്റെ വചനത്തിൽ ലഭ്യമാക്കിയിരിക്കുന്ന ആത്മീയ ശക്തി പൂർണവും കൃത്യവുമായി നേടാവുന്നതാണ്.” ബൈബിൾ പഠനത്തോടുള്ള ഈ സമീപനം ദൈവ വചനത്തെ ജീവനുള്ളതും പ്രവർത്തനക്ഷമവുമായി നിലനിർത്തുന്നു.
സന്തോഷകരമായ അനുഭവങ്ങളും അഭിമുഖങ്ങളും
പ്രസംഗങ്ങളെ തുടർന്ന് സദസ്സിന് സന്തോഷകരമായ ചില അനുഭവങ്ങൾ ശ്രവിക്കാൻ കഴിഞ്ഞു. ഒരു കൂട്ടം വിദ്യാർഥികൾ തങ്ങൾ വ്യത്യസ്ത സാഹചര്യങ്ങളിൽ സാക്ഷ്യം നൽകാൻ ശ്രമിച്ച വിധം, ഒരു മുൻ മിഷനറിയും ഇപ്പോൾ ഗിലെയാദ് അധ്യാപകനുമായ മാർക്ക് നൂമാറിന്റെ മേൽനോട്ടത്തിൽ വിവരിക്കുകയും പ്രകടിപ്പിച്ചു കാണിക്കുകയും ചെയ്തു. പ്രദേശത്തെ ആളുകളുടെ സാഹചര്യങ്ങളും അഭിപ്രായ പ്രകടനങ്ങളും സസൂഷ്മം നിരീക്ഷിക്കുകയും അവരിൽ വ്യക്തിപരമായ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തതിനാൽ ചിലർക്ക് ബൈബിൾ അധ്യയനങ്ങൾ ആരംഭിക്കാനും നടത്താനും സാധിച്ചു. അങ്ങനെ വിദ്യാർഥികൾ ‘തങ്ങൾക്കു തന്നെയും തങ്ങളുടെ പഠിപ്പിക്കലിനും നിരന്തര ശ്രദ്ധ നൽകി.’ രക്ഷ പ്രാപിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിൽ അവർ യഥാർഥമായും തത്പരർ ആയിരുന്നു.—1 തിമൊഥെയൊസ് 4:16, NW.
വാച്ച്ടവർ വിദ്യാഭ്യാസ കേന്ദ്രത്തിൽ വെച്ചു നടത്തപ്പെട്ട, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾക്കായുള്ള സ്കൂളിൽ പരിശീലനം നേടിക്കൊണ്ടിരുന്ന അനുഭവ സമ്പന്നരായ അനേകം സഹോദരന്മാർ ഒട്ടനവധി പ്രായോഗിക നിർദേശങ്ങൾ നൽകുകയും മിഷനറി സേവനത്തിലെ സന്തോഷം വ്യക്തമാക്കുകയും ചെയ്തു. സൊസൈറ്റിയുടെ ബൊളീവിയ, സിംബാബ്വേ, നിക്കരാഗ്വ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക്, ഡൊമിനിക്കൻ റിപ്പബ്ലിക്ക്, പാപ്പുവ ന്യൂഗിനി, കാമറൂൺ എന്നീ ബ്രാഞ്ച് ഓഫീസുകളിൽ നിന്നുള്ള പ്രതിനിധികളുമായി ഹെഡ്ക്വാർട്ടേഴ്സിലെ അംഗങ്ങളായ സാമുവൽ ഹെർഡ് സഹോദരനും റോബർട്ട് ജോൺസൺ സഹോദരനും ഉത്സാഹഭരിതമായ അഭിമുഖം നടത്തി.
അനുഭവങ്ങൾക്കും അഭിമുഖങ്ങൾക്കും ശേഷം, 41-ാമത്തെ ഗിലെയാദ് ക്ലാസ്സിലെ ഒരു ബിരുദധാരിയും ഇപ്പോൾ ഒരു ഭരണസംഘാംഗവുമായ ഗെരിറ്റ് ലോഷ് “നിങ്ങൾ ഒരു ‘അഭിലഷണീയ വ്യക്തി’ ആണോ?” എന്ന ചിന്തോദ്ദീപകമായ സമാപന പ്രസംഗം നിർവഹിച്ചു. പൂർണനും ദൈവ പുത്രനുമായ യേശുവിനെ ആളുകൾ അഭിലഷണീയ വ്യക്തിയായി കണ്ടില്ല, മറിച്ച് ‘അവൻ മനുഷ്യരാൽ നിന്ദിക്കപ്പെടുകയും ത്യജിക്കപ്പെടുകയും’ ചെയ്തെന്ന് ലോഷ് സഹോദരൻ ബിരുദധാരികളെ ആദ്യം ഓർമിപ്പിച്ചു. (യെശയ്യാവു 53:3) അതുകൊണ്ട് ഇന്ന് ലോകത്തിന്റെ അനേകം ഭാഗങ്ങളിൽ മിഷനറിമാർ വ്യക്തിപരമായി അസ്വീകാര്യരോ അനിഷ്ടരോ ആയി വീക്ഷിക്കപ്പെടുന്നതിൽ തെല്ലും അതിശയമില്ല. നേരെമറിച്ച്, ബാബിലോനിലെ ദീർഘകാല സേവനത്തിനിടയിൽ ദാനീയേലിനെ സ്രഷ്ടാവ് ഒരു ദൂതൻ മുഖാന്തരം മൂന്നു പ്രാവശ്യം “വളരെ അഭിലഷണീയൻ” എന്നു വിളിച്ചു. (ദാനീയേൽ 9:23; 10:11, 19, NW) ദാനീയേലിനെ അഭിലഷണീയൻ ആക്കിയത് എന്ത്? ബാബിലോന്യ സംസ്കാരത്തോടു പൊരുത്തപ്പെടവെ, അവൻ ഒരിക്കലും ബൈബിൾ തത്ത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്തില്ല; തന്റെ അധികാര പദവി ഒരിക്കലും വ്യക്തിപരമായ നേട്ടത്തിനു വേണ്ടി ഉപയോഗിക്കാതിരുന്ന അവൻ എല്ലാ പ്രകാരത്തിലും വിശ്വസ്തനായിരുന്നു; അവൻ ദൈവ വചനത്തിന്റെ ഉത്സാഹമുള്ള ഒരു പഠിതാവ് ആയിരുന്നു. (ദാനീയേൽ 1:8, 9; 6:4; 9:2) അതിനുപുറമെ, അവൻ യഹോവയോടു പതിവായി പ്രാർഥിക്കുകയും തന്റെ നേട്ടങ്ങളെ പ്രതി ദൈവത്തിനു മഹത്ത്വം നൽകാൻ മനസ്സൊരുക്കം കാട്ടുകയും ചെയ്തു. (ദാനീയേൽ 2:20) ദാനീയേലിന്റെ ദൃഷ്ടാന്തം പിൻപറ്റുന്നതിനാൽ, ലോകത്തിന്റെ മുമ്പാകെ എല്ലായ്പോഴും അഭിലഷണീയർ ആയില്ലെങ്കിലും, ദൈവമുമ്പാകെ അഭിലഷണീയരെന്നു തെളിയിക്കാൻ ദൈവ ദാസന്മാർക്കു കഴിയും.
ആത്മീയ ഉണർവേകുന്ന ആ പരിപാടിയുടെ ഉപസംഹാരമായി അധ്യക്ഷൻ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽനിന്നു ലഭിച്ച ചില ടെലഗ്രാമുകളും സന്ദേശങ്ങളും വായിച്ചു. തുടർന്ന്, ആ 24 ദമ്പതിമാർക്ക് ഓരോരുത്തർക്കും അവരുടെ ഡിപ്ലോമകൾ നൽകുകയും അവർ ഏതു രാജ്യങ്ങളിലേക്കു നിയമിക്കപ്പെട്ടിരിക്കുന്നു എന്ന് അറിയിക്കുകയും ചെയ്തു. ഒടുവിൽ, ക്ലാസ്സിന്റെ ഒരു പ്രതിനിധി ഭരണസംഘത്തെയും ബെഥേൽ കുടുംബത്തെയും അഭിസംബോധന ചെയ്തുകൊണ്ട്, കഴിഞ്ഞ അഞ്ചു മാസക്കാലം തങ്ങൾക്കു ലഭിച്ച പരിശീലനത്തോടും ബന്ധപ്പെട്ട തയ്യാറെടുപ്പുകളോടും ക്ലാസ്സിനുള്ള വിലമതിപ്പ് പ്രകടിപ്പിക്കുന്ന ഒരു കത്തു വായിച്ചു.
പരിപാടി അവസാനിച്ചപ്പോൾ, പിരിഞ്ഞുപോകുന്ന ജനക്കൂട്ടത്തിൽനിന്ന് ‘നന്ദിപ്രകടനങ്ങളോടു കൂടിയ ഒരു സന്തോഷാരവം’ കേൾക്കാമായിരുന്നു.—നെഹെമ്യാവു 12:27, NW.
[27-ാം പേജിലെ ചതുരം]
ക്ലാസ്സിന്റെ സ്ഥിതിവിവര കണക്ക്
പ്രതിനിധീകരിച്ച രാജ്യങ്ങളുടെ എണ്ണം: 10
നിയമിക്കപ്പെട്ട രാജ്യങ്ങളുടെ എണ്ണം: 19
വിദ്യാർഥികളുടെ എണ്ണം: 48
ദമ്പതികളുടെ എണ്ണം: 24
ശരാശരി വയസ്സ്: 33
സത്യത്തിലായിരുന്ന ശരാശരി വർഷം: 16
മുഴുസമയ ശുശ്രൂഷയിലായിരുന്ന ശരാശരി വർഷം: 13
[25-ാം പേജിലെ ചിത്രം]
വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിൽനിന്ന് ബിരുദം നേടുന്ന 106-ാം ക്ലാസ്സ്
ചുവടെ കൊടുത്തിരിക്കുന്ന ലിസ്റ്റിൽ, നിരകൾ മുമ്പിൽനിന്നു പിമ്പിലേക്ക് എണ്ണുന്നു. പേരുകൾ ഓരോ നിരയിലും ഇടത്തുനിന്നു വലത്തോട്ടു പട്ടികപ്പെടുത്തിയിരിക്കുന്നു.
(1) ഡിക്കൻ, ഡി.; പുവൊപോളോ, എം.; ലഗൂണ, എം.; ഡവോൾട്ട്, എസ്.; ഡോമിങ്ഗെസ്, ഇ.; ബർക്ക്, ജെ. (2) ഗാവുട്ടർ, എസ്.; വാസ്കെസ്, ഡബ്ല്യു.; സീബ്രുക്ക് എ.; മൊസ്ക, എ.; ഹെല്ലി, എൽ.; ബ്രൂവാർഡ്, എൽ. (3) ബ്രാൻഡൺ, ടി.; ഓലിവാറസ്, എൻ.; കോൾമൻ, ഡി.; സ്കോട്ട്, വി.; പീറ്റേഴ്സൻ, എൽ.; മക്ലൗഡ്, കെ. (4) മക്ലൗഡ്, ജെ.; തോംപ്സൺ, ജെ.; ലൂബറിസ്, എഫ്.; സ്പേറ്റ, ബി.; ലേറ്റമാക്കി, എം.; ലഗൂണ, ജെ. (5) ഗാവുട്ടർ, യു.; ഡോമിങ്ഗെസ്, ആർ.; ഹെല്ലി, എഫ്.; സ്മിത്ത്, എം.; ബൈയർ, ഡി.; മൊസ്ക, എ. (6) സ്കോട്ട്, കെ.; സീബ്രുക്ക്, വി.; സ്പേറ്റ ആർ.; കോൾമൻ, ആർ.; ബ്രൂവാർഡ്, എൽ.; ഡവോൾട്ട് ഡബ്ല്യു. (7) സ്മിത്ത്, ഡി.; ലേറ്റമാക്കി, ടി.; പീറ്റേഴ്സൻ, പി.; തോംപ്സൺ, ജി.; വാസ്കെസ്, ആർ.; ബൈയർ, എ. (8) ലൂബറിസ്, എം.; ഡീക്കൻ, സി.; ബ്രാൻഡൺ, ടി.; പൗവോപോളോ, ഡി.; ഓലിവാറസ്, ഒ.; ബർക്ക്, എസ്.