വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നശീകരണ പ്രവണത—കാരണമെന്ത്‌?

നശീകരണ പ്രവണത—കാരണമെന്ത്‌?

നശീകരണ പ്രവണത—കാരണ​മെന്ത്‌?

“എനിക്ക്‌ ഒന്നും പറയാ​നില്ല.” പ്രശാ​ന്ത​മായ സാവൊ പൗലോ നഗര​പ്ര​ദേ​ശത്ത്‌ പുതു​താ​യി പെയി​ന്റ​ടിച്ച ഒരു ഭിത്തി​യിൽ വലിയ അക്ഷരങ്ങ​ളിൽ ആ വാക്കുകൾ കോറി​യി​രു​ന്നു. നശീകരണ പ്രവണ​ത​യു​ടെ ഒരു ഉദാഹ​ര​ണ​മാ​യി നിങ്ങൾ അതിനെ വീക്ഷി​ച്ചേ​ക്കാം. എന്നാൽ, മതിലു​ക​ളി​ലും മറ്റും കുത്തി​വ​ര​യ്‌ക്കുന്ന സ്വഭാവം നശീകരണ പ്രവണ​ത​ക​ളിൽ ഒന്നു മാത്ര​മാണ്‌.

നിരു​ത്ത​ര​വാ​ദി​ക​ളായ നാശകാ​രി​കൾ നിങ്ങളു​ടെ പുതിയ കാറിനു കേടു വരുത്തി എന്നു കരുതുക. അല്ലെങ്കിൽ, അനേകർക്കും പ്രയോ​ജ​ന​പ്ര​ദ​മായ ഒരു പൊതു സ്വത്ത്‌ അവർ നശിപ്പി​ച്ചി​രി​ക്കു​ന്നു എന്നു കരുതുക. എന്തിനാണ്‌ അവർ അതു നശിപ്പി​ച്ചത്‌? നശീകരണ പ്രവർത്തനം അനുദി​നം വർധിച്ചു വരുന്ന​തി​നു കാരണം എന്താ​ണെന്നു നിങ്ങൾ എന്നെങ്കി​ലും ചിന്തി​ച്ചി​ട്ടു​ണ്ടോ? പലയി​ട​ങ്ങ​ളി​ലും ടെല​ഫോൺ ബൂത്തുകൾ വൃത്തി​കേ​ടാ​ക്കു​ന്ന​തി​ലോ നശിപ്പി​ക്കു​ന്ന​തി​ലോ നശീകരണ പ്രവണ​ത​ക്കാർ ആനന്ദി​ക്കു​ന്ന​താ​യി കാണ​പ്പെ​ടു​ന്നു. ട്രെയി​നു​ക​ളോ ബസ്സുക​ളോ പോലുള്ള പൊതു വാഹനങ്ങൾ മിക്ക​പ്പോ​ഴും അവർ ലക്ഷ്യമി​ടു​ന്നു. നാശകാ​രി​കൾക്ക്‌ ഒന്നിനെ കുറി​ച്ചും ചിന്ത ഇല്ലാത്ത​താ​യി തോന്നു​ന്നു. എന്നാൽ നാം ഇന്നു കാണുന്ന അല്ലെങ്കിൽ അനുഭ​വി​ക്കുന്ന നശീകരണ പ്രവണ​ത​യു​ടെ പിന്നി​ലെ​ന്താണ്‌?

റിയോ ഡി ജനീ​റോ​യിൽ നിന്നുള്ള ഒരു യുവാ​വാ​ണു മാർക്കൂ. a ഒരു ഫുട്‌ബോൾ മത്സരത്തിൽ തന്റെ ടീം തോറ്റ​പ്പോൾ അവൻ ആകെ നിരാ​ശ​നാ​യി. തന്നിമി​ത്തം, വിജയിച്ച ടീമിന്റെ ആരാധ​കരെ കൊണ്ടു നിറഞ്ഞ ഒരു ബസ്സിനു നേരെ അവൻ കല്ലെറി​യാൻ തുടങ്ങി. ഇനി ക്ലൗസിന്റെ കാര്യ​മെ​ടു​ക്കാം. പരീക്ഷ​യിൽ മാർക്കു കുറഞ്ഞ​പ്പോൾ അവൻ കോപം മൂത്ത്‌ സ്‌കൂ​ളി​ന്റെ ജനാലകൾ കല്ലെറി​ഞ്ഞു തകർത്തു. എങ്കിലും, അവന്റെ പിതാവ്‌ നഷ്ടപരി​ഹാ​രം കൊടു​ക്കേണ്ടി വന്നപ്പോൾ ആ ‘രസം’ തീർന്നു. എർവിൻ പഠിക്കു​ന്ന​തോ​ടൊ​പ്പം ജോലി​യും ചെയ്യു​ന്നു​ണ്ടാ​യി​രു​ന്നു. മറ്റുള്ളവർ അവനെ​യും കൂട്ടു​കാ​രെ​യും നല്ല യുവാ​ക്ക​ളാ​യി വീക്ഷി​ച്ചി​രു​ന്നു. എന്നാൽ, കണ്ണിൽക്കാ​ണുന്ന എന്തും നശിപ്പി​ക്കുക ആയിരു​ന്നു അവരുടെ നേര​മ്പോക്ക്‌. എർവിന്റെ മാതാ​പി​താ​ക്കൾ അതേക്കു​റി​ച്ചൊ​ന്നും അറിഞ്ഞി​രു​ന്നില്ല. ഇനി അനാഥ​നായ വാൾട്ട​റി​ന്റെ കാര്യ​മെ​ടു​ക്കാം. തല ചായ്‌ക്കാൻ ഇടമി​ല്ലാ​തി​രുന്ന അവൻ സാവൊ പൗലോ​യി​ലെ തെരു​വു​കൾ സ്വന്തം വീടാക്കി. ഒരു കൂട്ടം നശീകരണ പ്രവണ​ത​ക്കാർ ആയിരു​ന്നു അവന്റെ ഉറ്റ സുഹൃ​ത്തു​ക്കൾ. അവരോ​ടൊ​പ്പം കൂടിയ അവൻ കരാ​ട്ടെ​യും അഭ്യസി​ച്ചു. ഈ ഉദാഹ​ര​ണ​ങ്ങ​ളെ​ല്ലാം ചില സംഗതി​കൾ വ്യക്തമാ​ക്കു​ന്നു. നശീക​ര​ണ​ത്തി​നു പിന്നിൽ പല തരത്തി​ലുള്ള ആളുകൾ ഉണ്ട്‌, അതിന്റെ കാരണ​ങ്ങ​ളും—അല്ലെങ്കിൽ അതിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന വികാ​ര​ങ്ങ​ളും—പലതാണ്‌.

“നശീകരണ സ്വഭാവം ഒരു പ്രതി​കാര നടപടി​യോ ഒരു രാഷ്‌ട്രീയ ചിന്താ​ഗതി പ്രകട​മാ​ക്കാ​നുള്ള മാർഗ​മോ ആയിരു​ന്നേ​ക്കാം. യുവ​പ്രാ​യ​ക്കാ​രും മുതിർന്ന​വ​രും ചില​പ്പോ​ഴൊ​ക്കെ ‘ഒരു രസത്തിനു’ വേണ്ടി കുറ്റകൃ​ത്യ​ത്തിൽ ഏർപ്പെ​ടു​ന്നു” എന്ന്‌ ദ വേൾഡ്‌ ബുക്ക്‌ എൻ​സൈ​ക്ലോ​പീ​ഡിയ പറയുന്നു. എന്നാൽ, യുവാ​ക്ക​ളു​ടെ ഈ നശീകരണ പ്രവണത വെറും രസത്തിനു വേണ്ടി ചെയ്യുന്ന കാര്യ​ങ്ങ​ളിൽ ഒതുങ്ങു​ന്നില്ല. ചില​പ്പോ​ഴൊ​ക്കെ അത്‌ അങ്ങേയറ്റം നാശകരം—മരണകരം പോലും—ആയിരു​ന്നേ​ക്കാം. ഒരു സംഘം യുവാ​ക്കൾക്ക്‌ “ഒരു നേര​മ്പോ​ക്കു” വേണ​മെന്നു തോന്നി. അപ്പോ​ഴാണ്‌ അവർ ഒരു മനുഷ്യൻ കിടന്നു​റ​ങ്ങു​ന്നതു കണ്ടത്‌. ഉടനടി അവർ, കത്തു പിടി​ക്കുന്ന ഒരു ദ്രാവകം അദ്ദേഹ​ത്തി​ന്റെ ദേഹമാ​സ​കലം ഒഴിച്ച്‌ തീ കൊളു​ത്തി. ബ്രസീ​ലി​യൻ ഇന്ത്യക്കാ​രൻ ആയിരുന്ന അയാൾ പിന്നീട്‌ ആശുപ​ത്രി​യിൽ വെച്ചു മരിച്ചു. ഒരു റിപ്പോർട്ട്‌ പറയുന്ന പ്രകാരം, “നിരവധി ഭിക്ഷക്കാർ തെരു​വു​ക​ളിൽ ചുട്ടെ​രി​ക്ക​പ്പെ​ട്ടി​ട്ടും നടപടി​ക​ളൊ​ന്നും സ്വീക​രി​ക്കാ​തി​രു​ന്ന​തി​നാൽ ആരും ഇത്‌ അത്ര കാര്യ​മാ​യി എടുക്കു​മെന്നു തങ്ങൾ കരുതി​യി​ല്ലെന്ന്‌ ആ യുവാക്കൾ പറഞ്ഞതാ​യി ആരോ​പി​ക്ക​പ്പെ​ടു​ന്നു.” നശീകരണ പ്രവണ​ത​യ്‌ക്ക്‌ ആളുകൾ ഇരകളാ​യാ​ലും ഇല്ലെങ്കി​ലും അതിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന സാമ്പത്തി​ക​വും വൈകാ​രി​ക​വു​മായ നഷ്ടങ്ങൾക്കു കയ്യും കണക്കു​മില്ല. അങ്ങനെ​യെ​ങ്കിൽ, നശീകരണ പ്രവണത നിയ​ന്ത്രി​ക്കാൻ അല്ലെങ്കിൽ അവസാ​നി​പ്പി​ക്കാൻ എന്തിനു കഴിയും?

നശീകരണ പ്രവർത്തനം ഇല്ലാതാ​ക്കാൻ ആർക്കു കഴിയും?

പൊലീ​സി​നും സ്‌കൂ​ളി​നും നശീകരണ പ്രവണത തടയാ​നാ​കു​മോ? അധികാ​രി​കൾ, മയക്കു​മ​രു​ന്നു വ്യാപാ​ര​മോ കൊല​ക്കേ​സു​ക​ളോ പോലെ കൂടുതൽ ഗൗരവാ​വ​ഹ​മായ കുറ്റകൃ​ത്യ​ങ്ങൾക്കു തുമ്പു കണ്ടെത്താ​നുള്ള തിരക്കിൽ ആയിരി​ക്കു​ന്ന​തി​നാൽ “ജീവനു ഭീഷണി​യ​ല്ലാത്ത” കുറ്റകൃ​ത്യ​ങ്ങളെ അവർ അത്ര കാര്യ​മാ​യി എടുക്കു​ന്നില്ല എന്നതാ​യി​രി​ക്കാം ഒരു പ്രശ്‌നം. ഒരു പൊലീസ്‌ ഉദ്യോ​ഗസ്ഥൻ പറഞ്ഞ​പ്ര​കാ​രം, ഒരു യുവാവ്‌ പ്രശ്‌ന​ത്തിൽ അകപ്പെ​ട്ടാൽ മാതാ​പി​താ​ക്കൾ മിക്ക​പ്പോ​ഴും “കുട്ടി​യോ​ടൊ​പ്പം കറങ്ങി നടക്കുന്ന കൂട്ടു​കാ​രെ​യോ സ്‌കൂൾ അധികൃ​ത​രെ​യോ അതുമ​ല്ലെ​ങ്കിൽ അവരെ പിടി​ച്ച​തിന്‌ പൊലീ​സി​നെ​യോ പഴിക്കു​ന്നു.” ബോധ​വ​ത്‌ക​ര​ണ​വും നിയമ നടപടി​ക​ളും നശീകരണ പ്രവണ​ത​യ്‌ക്കു കടിഞ്ഞാ​ണി​ട്ടേ​ക്കാം; എന്നുവ​രി​കി​ലും, മാതാ​പി​താ​ക്ക​ളു​ടെ മനോ​ഭാ​വ​ത്തി​നു മാറ്റം വരുന്നി​ല്ലെ​ങ്കി​ലോ? ഒരു യുവജന-നിരീക്ഷണ ഉദ്യോ​ഗസ്ഥ ഇങ്ങനെ പറയുന്നു: “വിരസ​ത​യും അവസരങ്ങൾ ലഭിക്കു​ന്ന​തും ആണ്‌ പ്രശ്‌ന​ത്തി​നു കാരണം. [കുട്ടികൾ] ഒന്നും ചെയ്യാ​നി​ല്ലാ​തെ വൈകും വരെ വെറുതെ കറങ്ങി​ന​ട​ക്കു​ന്നു. ഒരുപക്ഷേ അവരുടെ മേൽനോ​ട്ട​ത്തിന്‌ ആരും ഇല്ലായി​രി​ക്കാം—അല്ലെങ്കിൽ അവർ അങ്ങനെ നടക്കു​ക​യി​ല്ല​ല്ലോ.”

നശീകരണ പ്രവണത പലയി​ട​ങ്ങ​ളി​ലും ഗൗരവ​ത​ര​മായ ഒരു പ്രശ്‌നം ആണെങ്കി​ലും, കാര്യാ​ദി​കൾക്ക്‌ എങ്ങനെ മാറ്റം വന്നേക്കാം എന്നു പരിചി​ന്തി​ക്കുക. തുടക്ക​ത്തിൽ പരാമർശിച്ച നശീകരണ പ്രവണ​ത​യുള്ള യുവാക്കൾ ജീവി​ത​ത്തിൽ മാറ്റം വരുത്തി; ഇപ്പോൾ അവർ യാതൊ​രു വിധത്തി​ലുള്ള സാമൂ​ഹിക വിരുദ്ധ പ്രവർത്ത​ന​ങ്ങ​ളി​ലും ഏർപ്പെ​ടു​ന്നില്ല. തങ്ങളുടെ ജീവിത രീതി​യിൽ മാറ്റം വരുത്താൻ ഈ മുൻ കുറ്റവാ​ളി​കൾക്കു സാധി​ച്ചത്‌ എങ്ങനെ​യാണ്‌? നശീകരണ പ്രവണത കുറയുക മാത്രമല്ല, പൂർണ​മാ​യി ഇല്ലായ്‌മ ചെയ്യ​പ്പെ​ടു​ക​യു​മാ​ണെ​ങ്കിൽ അതു നിങ്ങളെ അതിശ​യി​പ്പി​ക്കു​മോ? തുടർന്നു വരുന്ന ലേഖനം വായി​ക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കു​ന്നു.

[അടിക്കു​റി​പ്പു​കൾ]

a പേരുകൾ യഥാർഥമല്ല.