നിങ്ങളുടെ കാഴ്ചപ്പാട് വിശാലമാക്കേണ്ടതുണ്ടോ?
നിങ്ങളുടെ കാഴ്ചപ്പാട് വിശാലമാക്കേണ്ടതുണ്ടോ?
പടിഞ്ഞാറൻ ജപ്പാനിലെ കോബെ പട്ടണത്തെ വിനാശകാരിയായ ഒരു ഭൂകമ്പം പ്രകമ്പനം കൊള്ളിച്ചു. ഭൂകമ്പത്തിന് ഇരയായവരുടെ സഹായത്തിനായി പെട്ടെന്നുതന്നെ ആത്മത്യാഗ മനോഭാവത്തോടെ സന്നദ്ധ സേവകർ രംഗത്തുവന്നു. എങ്കിലും, അവിടം സന്ദർശിച്ച ഡോക്ടർമാരുടെ ഒരു സംഘം, ചികിത്സാ സാമഗ്രികൾക്കായുള്ള തങ്ങളുടെ അപേക്ഷ പട്ടണത്തിലെ ആരോഗ്യ കേന്ദ്രത്തിലെ ഒരാൾ നിരാകരിച്ചിരിക്കുന്നതായി കണ്ടെത്തി. ഒരു ബൃഹത്തായ മുനിസിപ്പൽ ആശുപത്രിയുടെ ഡയറക്ടർ കൂടിയായിരുന്ന അദ്ദേഹം, ഡോക്ടർമാർ കുത്തിവെക്കാനുള്ള വിലകൂടിയ മരുന്നുകളും ലായനികളും ദുരിതാശ്വാസ കേന്ദ്രത്തിൽ വെച്ചു രോഗികൾക്കു കൊടുക്കാൻ പാടില്ലെന്നും പകരം ആ രോഗികൾ കോബെയിലെ ആശുപത്രികളിൽ ചെന്ന് അവ വാങ്ങിക്കൊള്ളണമെന്നും പറഞ്ഞു. ഒടുവിൽ, ഡോക്ടർമാരുടെ ആവശ്യം അംഗീകരിച്ചെങ്കിലും, ആ ഉദ്യോഗസ്ഥൻ ആദ്യം കാണിച്ച കടുംപിടുത്തവും കണ്ണിൽച്ചോരയില്ലാത്ത നിലപാടും വ്യാപകമായ വിമർശനം വിളിച്ചുവരുത്തി.
അധികാരത്തിലുള്ള ആരുടെയെങ്കിലും സമാനമായ
കടുംപിടിത്തം നിങ്ങൾക്കും അനുഭവിക്കേണ്ടിവന്നിട്ടുണ്ടാകാം. ഒരുപക്ഷേ, അത്തരം കടുംപിടിത്തം കാട്ടിയതിനു നിങ്ങൾതന്നെ കുറ്റക്കാരനായിരിക്കാം. വിശാലമായ ഒരു വീക്ഷണഗതി വളർത്തിയെടുക്കുന്നതിൽനിന്നു നിങ്ങൾക്കു പ്രയോജനം അനുഭവിക്കാൻ കഴിയുമോ?ആകമാന വീക്ഷണം ഉണ്ടായിരിക്കുക
ആളുകൾ ഒരു നിലപാടിൽനിന്ന് അല്ലെങ്കിൽ വീക്ഷണകോണിൽനിന്നു മാത്രം കാര്യങ്ങളെ നോക്കിക്കാണുന്നത് അസാധാരണമല്ല. അതിന്റെ ഫലമായി, കാര്യങ്ങൾ സംബന്ധിച്ച അവരുടെ ധാരണയും ഗ്രഹണപ്രാപ്തിയും പരിമിതമായിത്തീരുന്നു. മിക്കപ്പോഴും അതിനു കാരണമാകുന്ന ഘടകങ്ങൾ വിദ്യാഭ്യാസം, ജീവിതാനുഭവം, ജീവിത പശ്ചാത്തലം എന്നിവയാണ്. ആകമാന വീക്ഷണം നേടാൻ ശ്രമിക്കുമ്പോഴായിരിക്കും ഒരുവന് ബുദ്ധിപൂർവകമായ തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നത്. ഉദാഹരണത്തിന്, നിങ്ങൾ ട്രാഫിക്ക് ലൈറ്റുകൾ ഒന്നുമില്ലാത്ത തിരക്കുപിടിച്ച ഒരു നാൽക്കവല കുറുകെ കടക്കുകയാണെന്നു കരുതുക. നേരേ മുമ്പോട്ടു മാത്രം നോക്കി കടക്കുന്നതു ബുദ്ധിയായിരിക്കുമോ? ഒരിക്കലുമല്ല! സമാനമായി, ആകമാന വീക്ഷണം ലഭിക്കത്തക്കവിധം നിങ്ങളുടെ ചിന്തയെ വിശാലമാക്കുന്നത് ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കാനും തീരുമാനങ്ങൾ എടുക്കാനും വളരെ സഹായകമായിരിക്കും. അതു ജീവരക്ഷാകരം പോലും ആയിരിക്കാം.
ഇക്കാര്യത്തിൽ നമുക്കെല്ലാവർക്കും അഭിവൃദ്ധി വരുത്താൻ കഴിയും. അതുകൊണ്ട്, ‘എന്റെ ചിന്ത വിശാലമാക്കിക്കൊണ്ട് എനിക്കു പ്രയോജനം നേടാൻ കഴിഞ്ഞേക്കാവുന്ന ചില മണ്ഡലങ്ങൾ ഏവയാണ്?’ എന്നു സ്വയം ചോദിക്കുക.
മറ്റുള്ളവരെ സംബന്ധിച്ച നിങ്ങളുടെ വീക്ഷണം
മറ്റുള്ളവരെ നിരീക്ഷിക്കുമ്പോൾ നിങ്ങൾ കാണുന്നത് എന്താണ്? അവർ പറയുന്നതും പ്രവർത്തിക്കുന്നതുമായ എല്ലാ കാര്യങ്ങളും അങ്ങേയറ്റം തെറ്റാണ് അല്ലെങ്കിൽ ശരിയാണ്, അതിന് ഇടയ്ക്ക് ഒരു അവസ്ഥയില്ല, എന്നു ധരിക്കാനുള്ള പ്രവണത നിങ്ങൾക്കുണ്ടോ? ഒരാളുടെ അഭിപ്രായം ഒന്നുകിൽ പുകഴ്ത്തൽ അല്ലെങ്കിൽ ഇകഴ്ത്തൽ ആയിട്ടാണോ നിങ്ങൾക്കു തോന്നുന്നത്? ഒരാൾ ചെയ്യുന്നത് പൂർണമായും തെറ്റായിട്ടോ ശരിയായിട്ടോ ആണോ നാം വീക്ഷിക്കുന്നത്? അത്തരം നിലപാടു വെച്ചുപുലർത്തുന്നെങ്കിൽ, ഒരു ശരത്ക്കാല പ്രകൃതിദൃശ്യത്തിലെ ഉജ്ജ്വലമായ നാനാ വർണങ്ങളും നിറഭേദങ്ങളും അവഗണിച്ചുകൊണ്ട് വെളുത്തതും കറുത്തതുമായ പ്രതിബിംബങ്ങൾ മാത്രമേ ഉള്ളൂ എന്നു കരുതുന്ന ഒരു ഫോട്ടോഗ്രാഫറെ പോലെ ആയിരിക്കും നിങ്ങൾ. ഒരാളുടെ വ്യക്തിത്വത്തിലെ മോശമായ വശങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണു നിങ്ങളുടെ ചായ്വെങ്കിൽ, പ്രകൃതിരമണീയമായ ഒരു സ്ഥലത്ത്, പരിഗണനയില്ലാത്ത ചില യാത്രക്കാർ ഇട്ടേച്ചുപോയ ഒരൽപ്പം ചപ്പുചവറിനെ ആ ദൃശ്യത്തിന്റെ ആസ്വാദനം കവർന്നുകളയാൻ അനുവദിക്കുന്ന ഒരു സഞ്ചാരിയെപ്പോലെ ആയിരിക്കുകയില്ലേ നിങ്ങൾ?—സഭാപ്രസംഗി 7: 16, താരതമ്യം ചെയ്യുക.
മനുഷ്യരുടെ പിഴവുകൾ സംബന്ധിച്ച ദൈവത്തിന്റെ കാഴ്ചപ്പാടു പരിശോധിക്കുന്നതിലൂടെ അനവധി കാര്യങ്ങൾ പഠിക്കാനാകും. മനുഷ്യരുടെ അനവധി ബലഹീനതകളെയും പിഴവുകളെയും കുറിച്ചു ദൈവത്തിന് അറിയാമെങ്കിലും, അവൻ അവയിൽത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയോ അതുതന്നെ ചിന്തിച്ചു കൊണ്ടിരിക്കുകയോ ചെയ്യുന്നില്ല. കൃതജ്ഞ തോന്നിയ സങ്കീർത്തനക്കാരൻ ഇങ്ങനെ പറഞ്ഞു: “യഹോവേ, നീ അകൃത്യങ്ങളെ ഓർമ്മവെച്ചാൽ കർത്താവേ ആർ നിലനില്ക്കും?” (സങ്കീർത്തനം 130:3) അനുതാപമുള്ള പാപികളുടെ തെറ്റുകളെ അവരിൽനിന്ന് അകറ്റാൻ യഹോവ സന്നദ്ധനാണ്. അതേ, ദൈവവുമായുള്ള അവരുടെ ബന്ധത്തിനു കളങ്കം ആകാത്തവിധം അവൻ കരുണാപൂർവം അവ തുടച്ചുനീക്കുന്നു. (സങ്കീർത്തനം 51:1; 103:12) “എനിക്കു പ്രസാദമുള്ളതു മാത്രം ചെയ്വാൻ പൂർണ്ണമനസ്സോടുകൂടെ എന്നെ അനുസരിക്കയും ചെയ്ത എന്റെ ദാസൻ” എന്ന് ഒരവസരത്തിൽ ബത്ത്-ശേബയുമായി ഗുരുതരമായ പാപം ചെയ്ത ദാവീദിനെക്കുറിച്ച് യഹോവയ്ക്കു പറയാൻ കഴിഞ്ഞു. (1 രാജാക്കന്മാർ 14:8) ദാവീദിനെക്കുറിച്ച് ദൈവത്തിന് അങ്ങനെ പറയാൻ കഴിഞ്ഞത് എന്തുകൊണ്ട്? അനുതാപം പ്രകടമാക്കിയ ദാവീദിന്റെ നല്ല ഗുണങ്ങളിലാണ് ദൈവം ശ്രദ്ധിച്ചത് എന്നതായിരുന്നു അതിനു കാരണം. പ്രസക്തമായ എല്ലാ ഘടകങ്ങളും പരിഗണനയിൽ എടുത്തുകൊണ്ട് ദൈവം തന്റെ ദാസനോടു കരുണ കാട്ടുന്നതിൽ തുടർന്നു.
മറ്റുള്ളവരുടെ തെറ്റുകൾ സംബന്ധിച്ച വിശാലമായ ഈ വീക്ഷണം കുറ്റമറ്റ വിധത്തിൽ യേശു പ്രതിഫലിപ്പിച്ചു. (യോഹന്നാൻ 5:19) തന്റെ അപ്പൊസ്തലന്മാർ പിഴവുകൾ വരുത്തിയപ്പോൾ യേശു കരുണയും അനുകമ്പയും കാട്ടി. അപൂർണ മനുഷ്യനെ സംബന്ധിച്ച്, “ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ” എന്ന് യേശു തിരിച്ചറിഞ്ഞിരുന്നു. (മത്തായി 26:41) ഇതു മനസ്സിലുണ്ടായിരുന്ന യേശുവിനു തന്റെ ശിഷ്യന്മാരുടെ ബലഹീനതകളും കുറവുകളും ക്ഷമയോടും വിവേകത്തോടും കൂടെ കൈകാര്യം ചെയ്യാൻ കഴിഞ്ഞിരുന്നു. അവരുടെ കുറവുകളിൽ അല്ല മറിച്ച് സദ്ഗുണങ്ങളിൽ ആണ് യേശു ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഒരവസരത്തിൽ, തങ്ങളിൽ ആരാണു വലിയവൻ എന്ന് അപ്പൊസ്തലന്മാർ തർക്കിച്ചപ്പോൾ അവരെ തിരുത്തിയതിനു ശേഷം യേശു ഇങ്ങനെ കൂട്ടിച്ചേർത്തു: “നിങ്ങൾ ആകുന്നു എന്റെ പരീക്ഷകളിൽ എന്നോടുകൂടെ നിലനിന്നവർ. എന്റെ പിതാവു എനിക്കു രാജ്യം നിയമിച്ചുതന്നതുപോലെ ഞാൻ നിങ്ങൾക്കും നിയമിച്ചുതരുന്നു. നിങ്ങൾ എന്റെ രാജ്യത്തിൽ എന്റെ മേശയിങ്കൽ തിന്നുകുടിക്കയും സിംഹാസനങ്ങളിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിനെയും ന്യായം വിധിക്കയും ചെയ്യും.” (ലൂക്കൊസ് 22:24-30) അതേ, അപ്പൊസ്തലന്മാർക്ക് അനവധി കുറവുകൾ ഉണ്ടായിരുന്നിട്ടും, യേശു അവരുടെ വിശ്വസ്തതയും തന്നോടുള്ള അവരുടെ സ്നേഹവും ഓർത്തു. (സദൃശവാക്യങ്ങൾ 17:17) അവർക്കു ചെയ്യാൻ കഴിയുമായിരുന്നതും ചെയ്യുമായിരുന്നതുമായ കാര്യങ്ങളെക്കുറിച്ച് യേശുവിന് ഉത്തമ ബോധ്യം ഉണ്ടായിരുന്നു. അതേ, ‘യേശു തന്റെ ശിഷ്യന്മാരെ അവസാനത്തോളം സ്നേഹിച്ചു.’—യോഹന്നാൻ 13:1.
ഒരാളുടെ വ്യക്തിത്വ വൈകല്യങ്ങൾ നിങ്ങളെ അലോസരപ്പെടുത്തുന്നു എങ്കിൽ, യഹോവയെയും യേശുവിനെയും പോലെ ആയിരിക്കുക. നിങ്ങളുടെ ചിന്ത വിശാലമാക്കിക്കൊണ്ട് എല്ലാ ഘടകങ്ങളും കണക്കിലെടുക്കാൻ ശ്രമിക്കുക. കാര്യങ്ങളെ ഉചിതമായ സ്ഥാനത്തു നിർത്തുമ്പോൾ, നിങ്ങളുടെ സഹോദരങ്ങളെ വിലമതിക്കാനും സ്നേഹിക്കാനും എളുപ്പമാണെന്നു നിങ്ങൾ കണ്ടെത്തും.
ഭൗതികമായി കൊടുക്കുന്നതിൽ
കൊടുക്കുന്നതിലുള്ള സന്തോഷം ക്രിസ്ത്യാനികൾക്കു ലഭിച്ചിരിക്കുന്ന പദവികളിൽ ഒന്നാണ്. എന്നാൽ, നാം കൊടുക്കൽ കേവലം ഒരു പ്രവർത്തനത്തിൽ പരിമിതപ്പെടുത്തണമോ, ഉദാഹരണത്തിന്, വയൽശുശ്രൂഷയിൽ ഏർപ്പെടുന്ന കാര്യത്തിൽ മാത്രം? (മത്തായി 24:14; 28:19, 20) അതോ, മറ്റുള്ളവരുടെ ശാരീരിക ആവശ്യങ്ങളും ക്ഷേമവും ഉൾപ്പെടുത്തിക്കൊണ്ട് നിങ്ങളുടെ ചിന്ത വിശാലമാക്കാൻ കഴിയുമോ? തീർച്ചയായും, ആത്മീയമായി കൊടുക്കുന്നതാണ് പരമപ്രധാനമെന്ന് എല്ലാ ക്രിസ്ത്യാനികൾക്കും അറിയാം. (യോഹന്നാൻ 6:26, 27; പ്രവൃത്തികൾ 1:8) എങ്കിലും, ആത്മീയമായി കൊടുക്കുന്നതു പോലെതന്നെ പ്രാധാന്യമുള്ളതാണ് ഭൗതികമായ കൊടുക്കലും എന്നു വിസ്മരിക്കരുത്.—യാക്കോബ് 2:15, 16.
2 കൊരിന്ത്യർ 8:13-15; 1 പത്രൊസ് 2:17.
സഭയിലോ ലോകമെമ്പാടുമോ ഉള്ള നമ്മുടെ ആത്മീയ സഹോദരങ്ങളുടെ അടിയന്തിര ആവശ്യങ്ങൾ പരിചിന്തിക്കുമ്പോൾ, അവരെ സഹായിക്കാൻ നമുക്കു കൂടുതലായി എന്തു ചെയ്യാൻ കഴിയുമെന്നു മെച്ചമായി മനസ്സിലാക്കാൻ കഴിയും. സാമ്പത്തികമായി കഴിവുള്ളവർ മറ്റുള്ളവരെ ഔദാര്യമായി സഹായിക്കുമ്പോൾ, സമത്വവത്കരണം നടക്കുന്നു. ഈ വിധത്തിൽ നമ്മുടെ എല്ലാ സഹോദരങ്ങളുടെയും ആവശ്യങ്ങൾ നടക്കുന്നു. ഒരു ക്രിസ്തീയ മൂപ്പൻ അതേക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: “ലോകത്തിന്റെ ഒരു ഭാഗത്ത് ഒരു ആവശ്യം ഉടലെടുത്താൽ, വേറൊരു ഭാഗത്തുള്ള സഹോദരങ്ങൾ അവരുടെ സഹായത്തിനായെത്തും. അവർ സഹായിക്കാൻ പറ്റിയ സാഹചര്യത്തിൽ അല്ലെങ്കിൽ, മറ്റെവിടെയെങ്കിലും ഉള്ള സഹോദരങ്ങൾ സഹായം വെച്ചുനീട്ടും. അങ്ങനെ ലോകമെമ്പാടുമുള്ള നമ്മുടെ സഹോദരങ്ങളുടെ ആവശ്യങ്ങൾക്കു ശ്രദ്ധ നിറവേറ്റപ്പെടുന്നു. ലോകവ്യാപക സാഹോദര്യം തീർച്ചയായും അത്ഭുതകരമായ ഒന്നാണ്.”—പശ്ചിമ യൂറോപ്പിൽ നടന്ന അന്താരാഷ്ട്ര കൺവെൻഷനിൽ സംബന്ധിക്കാൻ ആത്മാർഥമായി ആഗ്രഹിച്ച ഒരു സഹോദരി അതിനു പറ്റിയ സാഹചര്യത്തിൽ ആയിരുന്നില്ല. എന്നിരുന്നാലും, അവിടെയുള്ള സഹോദരങ്ങൾക്കു ധാരാളം ബൈബിളുകൾ ആവശ്യമുണ്ടെന്ന് ആ സഹോദരി കേട്ടിരുന്നു. അതുകൊണ്ട്, അവർക്കു ബൈബിളുകൾ വാങ്ങാനുള്ള സംഭാവന പ്രസ്തുത കൺവെൻഷന് സംബന്ധിക്കാൻ പോയ ഒരാളുടെ കൈവശം സഹോദരി കൊടുത്തുവിട്ടു. അങ്ങനെ അവൾ കൊടുക്കുന്നതിന്റെ സന്തോഷം, വിദേശത്തുള്ള സഹോദരങ്ങൾക്കു പങ്കുവെക്കുന്നതിന്റെ സന്തോഷം, അനുഭവിച്ചു.—പ്രവൃത്തികൾ 20:35.
നിങ്ങളുടെ ചിന്ത വിശാലമാക്കുന്നതുവഴി, സദാ വളർന്നുകൊണ്ടിരിക്കുന്ന ലോകവ്യാപക ബൈബിൾ വിദ്യാഭ്യാസ പ്രവർത്തനത്തിനു വലിയ തോതിൽ സംഭാവന ചെയ്യാൻ നിങ്ങൾക്കു കഴിഞ്ഞേക്കാം. അതു നിങ്ങൾക്കും മറ്റുള്ളവർക്കും സന്തോഷം കൈവരുത്തും.—ആവർത്തനപുസ്തകം 15:7; സദൃശവാക്യങ്ങൾ 11:24; ഫിലിപ്പിയർ 4:14-19.
ബുദ്ധിയുപദേശം നൽകുമ്പോൾ
തിരുത്തലോ ബുദ്ധിയുപദേശമോ നൽകുമ്പോൾ, വിവേകത്തോടെയും സമനിലയോടെയുമുള്ള ന്യായവാദം നമ്മുടെ ആത്മീയ സഹോദരങ്ങളുടെ ആദരവു നേടാനും യഥാർഥത്തിൽ ഫലപ്രദമായ സഹായമേകാനും ഉതകും. ഏതാനും വസ്തുതകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഏകപക്ഷീയമായ ഒരു നിഗമനത്തിലേക്ക് എടുത്തുചാടാൻ എളുപ്പമാണ്. നാം തീർത്തും ഇടുങ്ങിയ ചിന്താഗതിക്കരോ സങ്കുചിത മനസ്കരോ ആണെന്ന ധാരണയാണ് അതു നൽകുക. യേശുവിന്റെ നാളിലെ മതനേതാക്കൾ അത്തരക്കാർ ആയിരുന്നു. ഒടുങ്ങാത്ത അത്രയും ചട്ടങ്ങൾകൊണ്ട് മറ്റുള്ളവരെ ഭാരപ്പെടുത്താൻ ആയിരുന്നു അവർക്കു പ്രവണത. (മത്തായി 23:2-4) നേരെമറിച്ച്, നാം അങ്ങേയറ്റത്തെ വീക്ഷണങ്ങൾ ഒഴിവാക്കിക്കൊണ്ട്, പൂർണമായും തിരുവെഴുത്തു തത്ത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള നല്ല ബുദ്ധിയുപദേശം കൊടുക്കുകയാണെങ്കിൽ, യഹോവയുടെ നീതിപൂർവമായ, എന്നാൽ സമനിലയും കരുണാർദ്രതയുമുള്ള, ചിന്തയായിരിക്കും പ്രതിഫലിപ്പിക്കുക. അപ്പോൾ, നമ്മുടെ നിർദേശങ്ങൾ സ്വീകരിക്കാനും ബാധകമാക്കാനും മറ്റുള്ളവർക്ക് എളുപ്പവുമായിരിക്കും.
ഏതാനും വർഷങ്ങൾക്കു മുമ്പ് ചില സഭകളിലെ ചെറുപ്പക്കാരായ സഹോദരങ്ങൾ കായിക പരിപാടികൾക്കായി കൂടിവന്നു. ദുഃഖകരമെന്നു പറയട്ടെ, മത്സരാത്മാവ് അവരെ പരുഷമായ വാഗ്വാദത്തിലേക്കു നയിച്ചു. പ്രാദേശിക മൂപ്പന്മാർ എങ്ങനെയാണ് ആ പ്രശ്നം കൈകാര്യം ചെയ്തത്? ചെറുപ്പക്കാർക്കു വിനോദം ആവശ്യമാണെന്നു മനസ്സിലാക്കിയ മൂപ്പന്മാർ, അവർ ഇനി ഒന്നിച്ചു കൂടിവരാൻ പാടില്ല എന്നു പറഞ്ഞില്ല. (എഫെസ്യർ 5:17; 1 തിമൊഥെയൊസ് 4:8) പകരം, മത്സരാത്മാവിന് എന്തിലേക്കു നയിക്കാൻ കഴിയും എന്നതു സംബന്ധിച്ച് അവർ ശക്തവും യുക്തിസഹവുമായ മുന്നറിയിപ്പു കൊടുത്തു. ഉത്തരവാദിത്വമുള്ള മുതിർന്ന വ്യക്തികൾ കൂടെ ഉണ്ടായിരിക്കണം എന്നതുപോലുള്ള സഹായകമായ നിർദേശങ്ങളും അവർ നൽകി. ആ ചെറുപ്പക്കാർ തങ്ങൾക്കു ലഭിച്ച ബുദ്ധിയുപദേശത്തിലെ ജ്ഞാനവും സമനിലയും വിലമതിച്ചുകൊണ്ട് അത് അനുസരിച്ചു. മാത്രമല്ല, മൂപ്പന്മാരോട് അവർക്കുണ്ടായിരുന്ന ആദരവും സ്നേഹവും വർധിക്കുകയും ചെയ്തു.
വിശാലരാകാൻ ശ്രമം നടത്തുക
നിങ്ങൾ അറിഞ്ഞുകൊണ്ടോ മനഃപൂർവമോ മുൻവിധികൾ വെച്ചുപുലർത്തുന്നില്ലെങ്കിലും നിങ്ങളുടെ ചിന്തയിൽ വിശാലത പ്രകടമാക്കാൻ ബോധപൂർവമായ ശ്രമം ആവശ്യമാണ്. ദൈവവചനം പഠിക്കവെ, യഹോവ ചിന്തിക്കുന്ന വിധം മനസ്സിലാക്കാനും വിലമതിക്കാനും അതേക്കുറിച്ചു ധ്യാനിക്കുക. (സങ്കീർത്തനം 139:17) ബൈബിളിലെ പ്രസ്താവനകളുടെയും ഉൾപ്പെട്ടിരിക്കുന്ന തത്ത്വങ്ങളുടെയും കാരണങ്ങൾ മനസ്സിലാക്കുന്നതിനും യഹോവ ചെയ്യുന്നതുപോലെ കാര്യങ്ങളെ വിലയിരുത്തുന്നതിനും ശ്രമിക്കുക. അങ്ങനെ ചെയ്യുന്നത് ദാവീദിന്റെ പ്രാർഥനയ്ക്കു ചേർച്ചയിലുള്ള ഒന്നായിരിക്കും: “യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്കു ഉപദേശിച്ചുതരേണമേ! നിന്റെ സത്യത്തിൽ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ.”—സങ്കീർത്തനം 25:4, 5.
ഒരു വിശാല വീക്ഷണം ഉണ്ടായിരിക്കുന്നത് അനുഗ്രഹങ്ങൾ കൈവരുത്തും. വിശാലമായ വീക്ഷണകോണിലൂടെ കാര്യങ്ങൾ നോക്കിക്കാണുന്നതിന്റെ ഒരു പ്രയോജനം അതു സമനിലയും വിവേകവും ഉള്ളവൻ എന്ന ബഹുമതി നേടിത്തരും എന്നതാണ്. വ്യത്യസ്തമായ സാഹചര്യങ്ങളിൽ സഹായം നൽകവെ, കൂടുതൽ ന്യായബോധത്തോടെയും വിവേകത്തോടെയും പ്രതികരിക്കാൻ അതു നിങ്ങളെ പ്രാപ്തരാക്കും. ക്രിസ്തീയ സഹോദരവർഗത്തിന്റെ വിസ്മയാവഹമായ ഐക്യത്തിനും യോജിപ്പിനും അതു സംഭാവനയേകുകയും ചെയ്യും.
[12-ാം പേജിലെ ചിത്രം]
ഔദാര്യമായ കൊടുക്കൽ മറ്റുള്ളവരെ സഹായിക്കുന്നു, ദാതാവിനു സന്തോഷം കൈവരുത്തുന്നു, നമ്മുടെ സ്വർഗീയ പിതാവിനെ പ്രസാദിപ്പിക്കുന്നു