വായനക്കാരിൽ നിന്നുള്ള ചോദ്യങ്ങൾ
വായനക്കാരിൽ നിന്നുള്ള ചോദ്യങ്ങൾ
വന്ധ്യംകരണം നടത്തിയ ശേഷവും സന്താനോത്പാദന ശേഷി കൈവരിക്കാൻ മാർഗങ്ങൾ ഉണ്ടെന്നു പറയപ്പെടുന്നതിനാൽ, ഒരു ക്രിസ്ത്യാനിക്ക് അതിനെ ഒരു ജനന നിയന്ത്രണ ഉപാധിയായി വീക്ഷിക്കാമോ?
കുടുംബാസൂത്രണത്തിനു പരക്കെ സ്വീകരിക്കുന്ന ഒരു മാർഗമായിത്തീർന്നിരിക്കുന്നു വന്ധ്യംകരണം. അനേകരെ സംബന്ധിച്ചിടത്തോളം, സാമൂഹികവും വിദ്യാഭ്യാസപരവുമായ പശ്ചാത്തലവും മതപരമായ കാഴ്ചപ്പാടുകളുമാണ് അതു വേണമോ വേണ്ടയോ എന്ന തീരുമാനത്തെ നിയന്ത്രിക്കുന്നത് എന്നു തോന്നുന്നു. യഹോവയുടെ സാക്ഷികൾ ഇക്കാര്യത്തിൽ തങ്ങളുടെ മതവിശ്വാസം കണക്കിലെടുക്കുന്നു. സങ്കീർത്തനക്കാരൻ പ്രകടമാക്കിയ ആഗ്രഹമാണ് അവർക്കുള്ളത്: “യഹോവേ, നിന്റെ വഴി എന്നെ കാണിക്കേണമേ; എന്റെ ശത്രുക്കൾനിമിത്തം നേരെയുള്ള പാതയിൽ എന്നെ നടത്തേണമേ.” (സങ്കീർത്തനം 27:11) വന്ധ്യംകരണ പ്രക്രിയയിൽ ഉൾപ്പെട്ടിരിക്കുന്നത് എന്താണ്?
ജനന നിയന്ത്രണത്തിന് പുരുഷന്മാരിൽ നടത്തുന്ന വന്ധ്യംകരണത്തെ വാസക്ടമി എന്നാണു വിളിക്കുന്നത്. വൃഷണസഞ്ചിയിലെ രണ്ടു ചെറിയ ബീജവാഹികൾ അഥവാ കുഴലുകൾ മുറിച്ച ശേഷം ബന്ധിക്കുന്ന രീതിയാണ് ഇത്. വ്യത്യസ്ത വൈദ്യശാസ്ത്ര രീതികളിലൂടെ ഇതു ചെയ്യാവുന്നതാണ്. ഇതിന്റെ ഉദ്ദേശ്യം വൃഷണത്തിൽ നിന്നുള്ള ബീജപ്രവാഹം തടയുക എന്നതാണ്. സ്ത്രീകളിൽ നടത്തുന്ന വന്ധ്യംകരണത്തെ ട്യൂബക്ടമി എന്നാണു വിളിക്കുന്നത്. അണ്ഡാശയത്തിൽ നിന്നും ഗർഭാശയത്തിലേക്ക് അണ്ഡങ്ങളെ വഹിച്ചുകൊണ്ടു പോകുന്ന അണ്ഡവാഹിനിക്കുഴലുകൾ മുറിച്ച ശേഷം കെട്ടിയാണ് (അല്ലെങ്കിൽ കരിച്ചുകളഞ്ഞാണ്) ഇതു സാധാരണമായി ചെയ്യുന്നത്.
ഇത് സ്ഥായിയായ—അതായത് വന്ധ്യംകരണം നടത്തിയ ശേഷം സന്താനോത്പാദന ശേഷി വീണ്ടും കൈവരിക്കാൻ കഴിയുകയില്ലാത്ത—ഒരു നടപടി ആയിട്ടാണ് വളരെക്കാലമായി കരുതിപ്പോന്നത്. എന്നിരുന്നാലും, പുതിയ സാഹചര്യം നിമിത്തമോ വന്ധ്യംകരണം ചെയ്തതിലുള്ള ഖേദം നിമിത്തമോ ചിലർ പ്രത്യുത്പാദനശേഷി വീണ്ടെടുക്കാൻ വൈദ്യസഹായം തേടിയിട്ടുണ്ട്. പ്രത്യേക ഉപകരണങ്ങളുടെയും മൈക്രോസർജറിയുടെയും ആവിർഭാവത്തോടെ, പ്രത്യുത്പാദനശേഷി വീണ്ടെടുക്കുന്ന കാര്യത്തിൽ കൂടുതൽ വിജയം കൈവരിക്കാനായിട്ടുണ്ട്. തിരഞ്ഞെടുത്ത ചിലരിൽ, ബന്ധമറ്റ സൂക്ഷ്മ കുഴലുകൾ വീണ്ടും കൂട്ടിയോജിപ്പിച്ചുകൊണ്ട് പുനരുത്പാദനശേഷി വീണ്ടെടുക്കുന്ന കാര്യത്തിൽ 50 മുതൽ 70 വരെ ശതമാനം വിജയം ഉണ്ടായതായിട്ടുള്ള വാർത്തകൾ സാധാരണമാണ്. വന്ധ്യംകരണം നടത്തിയ സ്ത്രീകളിൽ പുനരുത്പാദനശേഷി വീണ്ടെടുക്കുന്നതിൽ 60 മുതൽ 80 വരെ ശതമാനം വിജയിച്ചതായുള്ള അവകാശവാദങ്ങളുമുണ്ട്. ഇതു നിമിത്തം ചിലർ വന്ധ്യംകരണത്തെ സ്ഥായിയായ ഒരു നടപടിയായി മേലാൽ വീക്ഷിക്കേണ്ടതില്ല എന്നു വിചാരിച്ചിട്ടുണ്ട്. ഗർഭധാരണം ആഗ്രഹിക്കുമ്പോൾ വേണ്ടെന്നു വെക്കാവുന്ന ഗർഭനിരോധന ഗുളികകൾ, ഉറകൾ, ഡയഫ്രമുകൾ തുടങ്ങിയ ഗർഭനിരോധന മാർഗങ്ങളെ പോലെ തന്നെ വാസക്ടമിയെയും ട്യൂബക്ടമിയെയും വീക്ഷിക്കാം എന്ന് അവർ കരുതിയേക്കാം. എന്നിരുന്നാലും, ഗൗരവമായ ചില വശങ്ങൾ തള്ളിക്കളയാൻ പാടില്ല.
അതിൽ ഒരു സംഗതി, പുനരുത്പാദനശേഷി വീണ്ടും കൈവരിക്കാനുള്ള പ്രതീക്ഷകൾക്കു ഭംഗം വരുത്താൻ പോന്ന പിൻവരുന്ന തരത്തിലുള്ള ഘടകങ്ങളാണ്. വന്ധ്യംകരണം നടത്തിയപ്പോൾ ട്യൂബുകൾക്ക് ഉണ്ടായ കേടുപാടുകൾ, ട്യൂബ് എത്രത്തോളം മുറിച്ചു മാറ്റി, അതിന് എത്രത്തോളം ക്ഷതമേറ്റു, വന്ധ്യംകരണം ചെയ്തിട്ട് എത്ര വർഷമായി, വാസക്ടമിയുടെ കാര്യത്തിൽ പുരുഷ ബീജത്തെ ചെറുക്കുന്ന പ്രതിവസ്തുക്കൾ (antibodies) ഉണ്ടായിട്ടുണ്ടോ എന്നിവയൊക്കെ അവയിൽ ഉൾപ്പെടുന്നു. മൈക്രോസർജറി നടത്താനുള്ള സൗകര്യങ്ങൾ എല്ലാ സ്ഥലങ്ങളിലും ലഭ്യമല്ല എന്ന സംഗതിയും അതിനു വരുന്ന ഭീമമായ ചെലവും വിസ്മരിക്കാവുന്നതല്ല. തന്മൂലം, പ്രത്യുത്പാദനശേഷി വീണ്ടും കൈവരിക്കാൻ അത്യധികം ആഗ്രഹിച്ചേക്കാവുന്ന അനേകർക്ക് അതു സാധിക്കുകയില്ല. വാസ്തവത്തിൽ അവരുടെ വന്ധ്യംകരണം സ്ഥായിയായ ഒന്നാണ്. a അതുകൊണ്ട് പ്രത്യുത്പാദനശേഷി വീണ്ടെടുക്കുന്നതു സംബന്ധിച്ച് മുകളിൽ കൊടുത്തിരിക്കുന്ന കണക്കുകൾ വാസ്തവത്തിൽ തത്ത്വത്തിൽ മാത്രമുള്ളതാണ്, അവ ആശ്രയയോഗ്യമല്ല.
ചില വസ്തുതകൾ യാഥാർഥ്യങ്ങളെ എടുത്തുകാണിക്കുന്നു. 12,000 ഡോളർ ചെലവുള്ള ശസ്ത്രക്രിയയ്ക്കു വിധേയരായ ശേഷം, “പ്രത്യുത്പാദന ശേഷി വീണ്ടുകിട്ടിയത് 63 ശതമാനം പേർക്കു മാത്രമാണ്” എന്ന് പുരുഷന്മാരിൽ പ്രത്യുത്പാദനശേഷി വീണ്ടെടുക്കുന്നതു സംബന്ധിച്ച് ഐക്യനാടുകളിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനം അഭിപ്രായപ്പെട്ടു. കൂടാതെ, “വാസക്ടമിക്കു വിധേയരായ പുരുഷന്മാരിൽ ആറു ശതമാനം പേരേ പിന്നീട് പ്രത്യുത്പാദനശേഷി വീണ്ടെടുക്കാനുള്ള ശസ്ത്രക്രിയയ്ക്കു വിധേയരാകുന്നുള്ളൂ.” മധ്യയൂറോപ്പിനെ കുറിച്ച് ജർമനിയിൽ നടത്തിയ ഒരു പഠനം, വന്ധ്യംകരണത്തിനു വിധേയരായ പുരുഷന്മാരിൽ ഏതാണ്ട് 3 ശതമാനമേ വന്ധ്യംകരണ ബദൽ ശസ്ത്രക്രിയയ്ക്കു വിധേയരായുള്ളൂ എന്നു കാണിക്കുന്നു. ആ ശ്രമത്തിൽ പകുതി വിജയിച്ചാൽതന്നെ, 98.5 ശതമാനം പേരെ സംബന്ധിച്ചിടത്തോളം വാസക്ടമി സ്ഥായിയായ വന്ധ്യംകരണത്തിനു തുല്യമായിരിക്കും എന്നർഥം. മൈക്രോസർജന്മാർ വളരെ കുറവുള്ള അല്ലെങ്കിൽ ഒട്ടുംതന്നെ ഇല്ലാത്ത രാജ്യങ്ങളിൽ ഈ നിരക്ക് അതിലും കൂടുതലാണ്.
താത്കാലിക ജനനനിയന്ത്രണ മാർഗമായി പുരുഷന്മാരുടെയോ സ്ത്രീകളുടെയോ വന്ധ്യംകരണത്തെ
ലാഘവത്തോടെ കാണുന്നതു ബുദ്ധിയായിരിക്കില്ല. ഇനി, ആത്മാർഥ ക്രിസ്ത്യാനികളുടെ കാര്യത്തിൽ പരിചിന്തിക്കേണ്ട മറ്റു വശങ്ങളുമുണ്ട്.പുനരുത്പാദന പ്രാപ്തികൾ നമ്മുടെ സ്രഷ്ടാവിൽ നിന്നുള്ള ഒരു ദാനമാണ് എന്നതാണു പ്രധാനപ്പെട്ട ഒരു സംഗതി. പൂർണ മനുഷ്യർ ‘ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കേണ്ടതിന്’ അവർ പ്രത്യുത്പാദനം നടത്തണം എന്നായിരുന്നു ദൈവത്തിന്റെ ആദിമ ഉദ്ദേശ്യം. (ഉല്പത്തി 1:28) ജലപ്രളയം ഭൂമിയിലെ ജനസംഖ്യയെ വെറും എട്ടു പേരാക്കി ചുരുക്കിയപ്പോൾ ദൈവം ആ അടിസ്ഥാന നിർദേശങ്ങൾ ആവർത്തിച്ചു. (ഉല്പത്തി 9:1) ദൈവം ഇസ്രായേല്യരോട് ആ കൽപ്പന ആവർത്തിച്ചില്ലെങ്കിലും, സന്താനങ്ങൾ ഉണ്ടായിരിക്കുന്നത് വളരെ അഭികാമ്യമായ ഒന്നായി അവർ വീക്ഷിച്ചിരുന്നു.—1 ശമൂവേൽ 1:1-11; സങ്കീർത്തനം 128:3.
മനുഷ്യ പുനരുത്പാദനത്തെ ദൈവം ആദരിക്കുന്നു എന്നതിന്റെ സൂചനകൾ ഇസ്രായേല്യരോടുള്ള ദൈവത്തിന്റെ ന്യായപ്രമാണത്തിൽ കാണാം. ഉദാഹരണത്തിന്, വിവാഹിതനായ ഒരാൾ ഒരു പുത്രനു ജന്മമേകുന്നതിനു മുമ്പ് മരിച്ചു പോയാൽ അയാളുടെ വംശപരമ്പര നിലനിർത്താൻ അയാളുടെ സഹോദരൻ ദേവരധർമത്തിലൂടെ ഒരു മകനെ ജനിപ്പിക്കണമായിരുന്നു. (ആവർത്തനപുസ്തകം 25:5) അടിപിടി കൂടുമ്പോൾ ഭർത്താവിനെ സഹായിക്കാൻ ശ്രമിക്കുന്ന ഭാര്യയെക്കുറിച്ചുള്ള നിയമമായിരുന്നു ഏറ്റവും പ്രധാനപ്പെട്ട ഒന്ന്. തന്റെ ഭർത്താവിന്റെ എതിരാളിയുടെ ഗുപ്താംഗം പിടിച്ചാൽ അവളുടെ കൈ വെട്ടിക്കളയണമായിരുന്നു. കണ്ണിനു പകരം കണ്ണ് എന്നതു പോലുള്ള നിബന്ധന അവളുടെയോ ഭർത്താവിന്റെയോ പുനരുത്പാദന അവയവങ്ങളുടെ കാര്യത്തിൽ ദൈവം ആവശ്യപ്പെട്ടില്ല എന്നതു ശ്രദ്ധേയമാണ്. (ആവർത്തനപുസ്തകം 25:11, 12) വ്യക്തമായും, ഈ നിയമം പ്രത്യുത്പാദന അവയവങ്ങളോട് ആദരവ് ഉളവാക്കുമായിരുന്നു; അനാവശ്യമായി അവ നശിപ്പിക്കാൻ പാടില്ലായിരുന്നു. b
നമുക്ക് അറിയാവുന്നതുപോലെ, ക്രിസ്ത്യാനികൾ ഇസ്രായേല്യ ന്യായപ്രമാണത്തിൻ കീഴിലല്ല. അതുകൊണ്ട് ആവർത്തനപുസ്തകം 25:11, 12-ലെ നിയമം അവർക്കു ബാധകമല്ല. തന്റെ ശിഷ്യന്മാർ നിശ്ചയമായും വിവാഹിതരായി കഴിയുന്നത്രയും കുട്ടികളെ ജനിപ്പിക്കണമെന്ന് യേശു കൽപ്പിക്കുകയോ അർഥമാക്കുകയോ ചെയ്തില്ല. ഏതെങ്കിലും ജനനനിയന്ത്രണ രീതി അവലംബിക്കണമോ എന്നു തീരുമാനിക്കുമ്പോൾ അനേകം ദമ്പതികളും ഈ വസ്തുത പരിഗണിച്ചിട്ടുണ്ട്. (മത്തായി 19:10-12) ഭോഗാസക്തരായ ‘ഇളയ വിധവമാർ വിവാഹം കഴിച്ച് പുത്രസമ്പത്തുണ്ടാക്കാൻ’ പൗലൊസ് പ്രോത്സാഹിപ്പിച്ചു. (1 തിമൊഥെയൊസ് 5:11-14) തങ്ങളുടെ സന്താനോത്പാദനശേഷി മനഃപൂർവം ബലികഴിച്ചുകൊണ്ട് ക്രിസ്ത്യാനികൾ സ്ഥായിയായി വന്ധ്യംകരണത്തിനു വിധേയരാകുന്നതിനെ കുറിച്ച് അവൻ പരാമർശിച്ചില്ല.
തങ്ങളുടെ പുനരുത്പാദന പ്രാപ്തിയെ ദൈവം മൂല്യവത്തായി കണക്കാക്കുന്നു എന്ന അത്തരം സൂചനകൾ ക്രിസ്ത്യാനികൾ സശ്രദ്ധം വിലയിരുത്തുന്നതു നന്നായിരിക്കും. ഉചിതമായ കുടുംബാസൂത്രണ മാർഗങ്ങൾ അവലംബിക്കണമോ, വേണമെങ്കിൽ എപ്പോൾ വേണം എന്നിവയൊക്കെ ഓരോ ദമ്പതികളും തീരുമാനിക്കേണ്ട സംഗതികളാണ്. അമ്മയുടെയോ കുഞ്ഞിന്റെയോ ആരോഗ്യത്തിന് ഗുരുതരമായ അപകടം നേരിടുമെന്നോ ഇനി ഗർഭധാരണം ഉണ്ടായാൽ മരണസാധ്യത പോലുമുണ്ടെന്നോ ഡോക്ടർമാർ ഉറപ്പു പറഞ്ഞാൽ, അവരുടെ അത്തരമൊരു തീരുമാനം വിശേഷാൽ പ്രസക്തമായിരിക്കും. (ഇപ്പോൾത്തന്നെ കുട്ടികൾ ഉണ്ടായിരുന്നേക്കാവുന്ന) ഒരു അമ്മയുടെയോ അല്ലെങ്കിൽ ജീവനു ഭീഷണിയായ ഒരു ആരോഗ്യ പ്രശ്നത്തോടെ ജനിച്ചേക്കാവുന്ന കുഞ്ഞിന്റെയോ ജീവന് ഒരു ഗർഭധാരണം ഭീഷണി ഉയർത്തില്ല എന്ന് ഉറപ്പു വരുത്താൻ ചിലർ പ്രസ്തുത സാഹചര്യത്തിൽ നേരത്തെ വിവരിച്ചതുപോലെ വന്ധ്യംകരണത്തിനു മനസ്സില്ലാമനസ്സോടെ വഴങ്ങിയിട്ടുണ്ട്.
എന്നാൽ, അസാധാരണവും സ്പഷ്ടവുമായ അത്തരം അപകടഭീഷണി അഭിമുഖീകരിക്കാത്ത ക്രിസ്ത്യാനികൾ ‘സുബോധം’ കാട്ടാനും തങ്ങളുടെ ചിന്തകളെയും പ്രവർത്തനങ്ങളെയും ദൈവത്തിനു പ്രത്യുത്പാദനശേഷിയോടുള്ള വിലമതിപ്പിനോടു ചേരുന്ന വിധം രൂപപ്പെടുത്താനും തീർച്ചയായും ആഗ്രഹിക്കും. (1 തിമൊഥെയൊസ് 3:2; തീത്തൊസ് 1:8; 2:2, 5-8) അവർ തിരുവെഴുത്തു സൂചനകകൾ പക്വതയോടെ കണക്കിലെടുക്കുന്നു എന്ന് അതു വ്യക്തമാക്കും. എങ്കിലും, ഒരു ക്രിസ്ത്യാനി ദൈവിക മൂല്യങ്ങൾ മനഃപൂർവം അവഗണിച്ചു എന്നു പരസ്യമായിത്തീർന്നു എങ്കിലോ? ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിൽ തീരുമാനങ്ങൾ എടുക്കുന്നതിനു ഖ്യാതിയുള്ള ഒരു നല്ല മാതൃകയാണോ പ്രസ്തുത വ്യക്തി വെച്ചതെന്ന് മറ്റുള്ളവർ സംശയിക്കുകയില്ലേ? അജ്ഞത നിമിത്തമല്ലാതെ ഈ നടപടി കൈക്കൊള്ളുന്ന ഒരുവന്റെ സത്പേരിനു വരുന്ന അത്തരമൊരു കളങ്കം, തീർച്ചയായും പ്രത്യേക സേവന പദവികൾക്കുള്ള ആ ശുശ്രൂഷകന്റെ യോഗ്യതയെ ബാധിച്ചേക്കാം.—1 തിമൊഥെയൊസ് 3:7.
[അടിക്കുറിപ്പുകൾ]
a “ശസ്ത്രക്രിയയിലൂടെ [ബീജവാഹികൾ] പുനഃസംയോജിപ്പിക്കാനുള്ള ശ്രമങ്ങൾ കുറഞ്ഞത് 40 ശതമാനമെങ്കിലും വിജയിച്ചിട്ടുണ്ട്. മെച്ചപ്പെട്ട അതിസൂക്ഷ്മ ശസ്ത്രക്രിയാ രീതികൾ ഉപയോഗിച്ച് കൂടുതൽ വിജയം കൈവരിക്കാനാകും എന്നതിന് തെളിവുമുണ്ട്. എന്നിരുന്നാലും, വാസക്ടമി മുഖാന്തരമുള്ള വന്ധ്യംകരണം സ്ഥായിയായ ഒന്നായി കരുതേണ്ടതാണ്.” (എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക) “സ്ഥായിയായ ഒരു നടപടിയായി വന്ധ്യംകരണത്തെ കാണണം. വന്ധ്യംകരണ ബദൽ ശസ്ത്രക്രിയയെക്കുറിച്ച് രോഗി കേട്ടിട്ടുള്ളത് എന്തായിരുന്നാലും, ബന്ധമറ്റ കുഴൽ കൂട്ടിയോജിപ്പിക്കാനുള്ള ശസ്ത്രക്രിയ ചെലവേറിയതാണ്. അതു വിജയിക്കുമെന്ന് ഉറപ്പില്ലതാനും. ട്യൂബക്ടമി മൂലമുള്ള വന്ധ്യംകരണ ബദൽ ശസ്ത്രക്രിയയ്ക്കു വിധേയരാകുന്ന സ്ത്രീകൾക്ക് അണ്ഡവാഹിനി കുഴലിൽ ഗർഭധാരണം നടക്കാനുള്ള അപകട സാധ്യത കൂടുതലാണ്.—Contemporary OB/GYN, June 1998.
b ജനനേന്ദ്രിയങ്ങൾക്കു ഗുരുതരമായി കേടുപാടു സംഭവിച്ച ആരും ദൈവത്തിന്റെ സഭയിൽ പ്രവേശിക്കരുത് എന്നതായിരുന്നു പ്രസക്തമായി തോന്നിയിരുന്ന മറ്റൊരു നിയമം. (ആവർത്തനപുസ്തകം 23:1) എന്നിരുന്നാലും, തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച (ഇംഗ്ലീഷ്) ഇങ്ങനെ പറയുന്നു: വ്യക്തമായും ഇതിനു “സ്വവർഗസംഭോഗം പോലെ അധാർമിക ഉദ്ദേശ്യങ്ങൾക്കായി മനഃപൂർവം വൃഷണഛേദനം നടത്തുന്നതുമായി ബന്ധമുണ്ടായിരുന്നു.” ആയതിനാൽ വൃഷണമുടയ്ക്കലോ തത്തുല്യമായ ജനനനിയന്ത്രണമോ ആ നിയമത്തിൽ ഉൾപ്പെടില്ലായിരുന്നു. ഉൾക്കാഴ്ച ഇങ്ങനെയും പറയുന്നു: “ഷണ്ഡന്മാരെ തന്റെ ദാസന്മാരായി സ്വീകരിക്കുന്ന, അനുസരണം ഉള്ളവരാണെങ്കിൽ അവർക്ക് പുത്രീപുത്രന്മാരെക്കാൾ ശ്രേഷ്ഠമായ നാമം ഉണ്ടായിരിക്കുന്ന ഒരു സമയത്തെ കുറിച്ച് യഹോവ മുൻകൂട്ടിപ്പറഞ്ഞത് ആശ്വാസദായകമായിരുന്നു. യേശുക്രിസ്തു ന്യായപ്രമാണം നിർത്തൽ ചെയ്തതോടെ, തങ്ങളുടെ മുൻകാല അവസ്ഥയോ സ്ഥാനമോ ഗണ്യമാക്കാതെ വിശ്വാസം പ്രകടമാക്കുന്നവർക്ക് ദൈവത്തിന്റെ ആത്മീയ പുത്രന്മാർ ആയിത്തീരാൻ കഴിയുമായിരുന്നു. ജഡികമായ അതിർവരമ്പുകൾ നീക്കം ചെയ്യപ്പെട്ടു.—യെശയ്യാവു 56:4, 5; യോഹന്നാൻ 1:12.”