വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ഹൃദയത്തിലെയും മനസ്സിലെയും ജിജ്ഞാസാഗ്നി’

‘ഹൃദയത്തിലെയും മനസ്സിലെയും ജിജ്ഞാസാഗ്നി’

‘ഹൃദയ​ത്തി​ലെ​യും മനസ്സി​ലെ​യും ജിജ്ഞാ​സാ​ഗ്നി’

‘നിങ്ങ​ളെ​ക്കു​റി​ച്ചു കരുത​ലുള്ള ഒരു സ്രഷ്ടാവ്‌ ഉണ്ടോ? എന്ന പുസ്‌തകം ജിജ്ഞാ​സ​യോ​ടെ വായി​ക്കവേ എനിക്കു​ണ്ടായ സന്തോ​ഷ​വും ആവേശ​വും വാക്കു​ക​ളി​ലൂ​ടെ പറഞ്ഞറി​യി​ക്കാ​നാ​വില്ല. അത്‌ ഒരുവ​നിൽ കൂടുതൽ അറിയാ​നുള്ള ആഗ്രഹം—അല്ല, ആവശ്യം—സൃഷ്ടി​ക്കു​ന്നു. എന്റെ ഹൃദയ​ത്തി​ലെ​യും മനസ്സി​ലെ​യും ജിജ്ഞാ​സാ​ഗ്നി ജ്വലി​ക്കാൻ ഇടയാ​ക്കി​യ​തി​നു നന്ദി.”

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ 1998/99 “ദൈവ​മാർഗ​ത്തി​ലുള്ള ജീവിതം” ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നിൽ, വാച്ച്‌ ടവർ സൊ​സൈറ്റി പ്രകാ​ശനം ചെയ്‌ത ഒരു പുസ്‌ത​കത്തെ കുറിച്ച്‌ യു.എസ്‌.എ.-യിലെ നോർത്ത്‌ കരോ​ലി​ന​യിൽ നിന്നുള്ള ഒരു യഹോ​വ​യു​ടെ സാക്ഷി അഭി​പ്രാ​യ​പ്പെ​ട്ടത്‌ അങ്ങനെ​യാണ്‌. നിങ്ങളു​ടെ പക്കൽ അതിന്റെ ഒരു പ്രതി ഇല്ലായി​രി​ക്കാം. എങ്കിലും, അതു വായിച്ച മറ്റുള്ള​വ​രു​ടെ അഭി​പ്രാ​യം ശ്രദ്ധി​ക്കുക.

യു.എസ്‌.എ.-യിലെ കാലി​ഫോർണി​യ​യി​ലുള്ള സാൻഡി​യാ​ഗോ​യിൽ നടന്ന ഒരു കൺ​വെൻ​ഷ​നിൽവെച്ച്‌ പ്രസ്‌തുത പുസ്‌തകം ലഭിച്ച ഒരാൾ ഏതാനും ദിവസങ്ങൾ കഴിഞ്ഞ്‌ ഇങ്ങനെ എഴുതി: “ഈ പുസ്‌തകം വിശ്വാ​സത്തെ വളരെ​യ​ധി​കം ബലിഷ്‌ഠ​മാ​ക്കുന്ന ഒന്നായി ഞാൻ കരുതു​ന്നു. അത്‌ യഹോ​വ​യു​ടെ സൃഷ്ടി​ക്രി​യ​ക​ളോ​ടുള്ള വിലമ​തി​പ്പു​കൊണ്ട്‌ എന്റെ ഹൃദയത്തെ നിറയ്‌ക്കു​ന്നു. ഇതി​നോ​ടകം 98 പേജു ഞാൻ വായി​ച്ചു​തീർത്തു. ഉടനെ​തന്നെ അതു വായിച്ചു തീരു​മ​ല്ലോ എന്നോർക്കു​മ്പോൾ എനി​ക്കൊ​രു വിഷമം! അങ്ങേയറ്റം സന്തോഷം പകരു​ന്ന​തു​മാണ്‌ ഇതിലെ വിവരങ്ങൾ.”

പൗരസ്‌ത്യ ദേശത്തെ ഒരു സ്‌ത്രീ എഴുതി: “കൺ​വെൻ​ഷ​നിൽ പ്രസംഗം നടത്തിയ സഹോ​ദരൻ ‘അനുപ​മ​മായ ഒരു പുസ്‌തകം’ എന്ന പ്രയോ​ഗം ഉപയോ​ഗി​ച്ചു കേട്ടു. അതു പുസ്‌ത​ക​ത്തി​ലെ ഉള്ളടക്ക​ത്തി​നു യോജിച്ച പ്രയോ​ഗം​തന്നെ. ഒരു സ്രഷ്ടാ​വി​ന്റെ അസ്‌തി​ത്വ​ത്തിൽ വിശ്വ​സി​ക്കാൻ ഈ പുസ്‌തകം വായന​ക്കാ​ര​ന്റെ​മേൽ സമ്മർദം ചെലു​ത്തു​ന്നില്ല, മറിച്ച്‌, അതു വസ്‌തു​തകൾ അവതരി​പ്പി​ക്കുക മാത്ര​മാ​ണു ചെയ്യു​ന്നത്‌ എന്നതാണു ശ്രദ്ധേ​യ​മായ ഒരു സവി​ശേഷത.”

നമ്മുടെ പ്രപഞ്ച​ത്തെ​യും ജീവ​നെ​യും നമ്മെ കുറി​ച്ചു​ത​ന്നെ​യും ഉള്ള ഹൃദയ​ഹാ​രി​യായ ശാസ്‌ത്രീയ കണ്ടുപി​ടി​ത്തങ്ങൾ ആ വസ്‌തു​ത​ക​ളിൽ ഉൾപ്പെ​ടു​ന്നു. അത്‌ അനേക​രി​ലും മതിപ്പു​ള​വാ​ക്കി. “ഈ കൊച്ചു പുസ്‌തകം എന്നെ എത്രമാ​ത്രം ആഴത്തിൽ സ്വാധീ​നി​ച്ചെന്നു വിവരി​ക്കാൻ എനിക്കു വാക്കു​ക​ളില്ല,” കാലി​ഫോർണി​യ​യിൽ നിന്നുള്ള ഒരു സ്‌ത്രീ എഴുതി. “ഇതിന്റെ ഓരോ പേജും പ്രപഞ്ച​ത്തെ​യും നമ്മെ കുറിച്ചു തന്നെയും ഉള്ള കൂടു​ത​ലായ കണ്ടുപി​ടി​ത്തങ്ങൾ വിവരി​ക്കവേ, എനിക്കതു താഴെ വെക്കാൻ തോന്നി​യില്ല. വാസ്‌ത​വ​ത്തിൽ ഞാൻ ഇതിൽ നിന്നു വളരെ​യ​ധി​കം കാര്യങ്ങൾ മനസ്സി​ലാ​ക്കി! ഈ പുസ്‌തകം ഞാൻ നിധി​പോ​ലെ സൂക്ഷി​ക്കും. സാധി​ക്കു​ന്നി​ട​ത്തോ​ളം ആളുക​ളു​മാ​യി ഇതിലെ വിവരങ്ങൾ പങ്കു​വെ​ക്കു​ക​യും ചെയ്യും.”

സ്രഷ്ടാ​വി​ന്റെ വ്യക്തി​ത്വം എടുത്തു കാണി​ച്ചു​കൊണ്ട്‌ ആ പുസ്‌തകം നൽകുന്ന ബൈബി​ളി​ന്റെ ഒരു സംഗ്ര​ഹ​മാണ്‌ അനേക​രി​ലും താത്‌പ​ര്യം ഉണർത്തിയ മറ്റൊരു സവി​ശേഷത. “പുസ്‌ത​ക​ത്തി​ന്റെ അവസാന ഭാഗത്തു കൊടു​ത്തി​രി​ക്കുന്ന ബൈബി​ളി​ന്റെ ആകമാന വീക്ഷണ​മാണ്‌ ഇതുവരെ ഞാൻ വായി​ച്ചി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും ആകർഷ​ക​മായ ഒന്ന്‌,” ഒരാൾ അഭി​പ്രാ​യ​പ്പെ​ടു​ന്നു. യു.എസ്‌.എ.-യിലെ ന്യൂ​യോർക്കിൽ നടന്ന ഒരു കൺ​വെൻ​ഷൻ കഴിഞ്ഞ​യു​ടൻ ഒരു സ്‌ത്രീ എഴുതി: “നിങ്ങൾ അച്ചടി​ച്ചി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും ശ്രദ്ധ പിടി​ച്ചു​പ​റ്റുന്ന പ്രസി​ദ്ധീ​ക​ര​ണ​മാണ്‌ ഈ പുതിയ പുസ്‌തകം. ഒരു സ്രഷ്ടാവ്‌ ഉണ്ട്‌ എന്നതിന്റെ ശാസ്‌ത്രീയ തെളി​വു​കൾ എന്നെ പിടി​ച്ചി​രു​ത്തു​ക​തന്നെ ചെയ്‌തു. ഉദ്ദിഷ്ട ആശയം സ്ഥിരീ​ക​രി​ക്കാ​നും വായന​ക്കാ​രു​ടെ ജിജ്ഞാസ ഉണർത്താ​നും അതിൽ കൊടു​ത്തി​രി​ക്കുന്ന ബൈബി​ളി​ന്റെ സംഗ്ര​ഹം​തന്നെ ധാരാളം.”

ശാസ്‌ത്രം എളുപ്പം മനസ്സി​ലാ​കുന്ന വിധത്തിൽ

ആദ്യത്തെ അധ്യാ​യ​ങ്ങ​ളിൽ നൽകി​യി​രി​ക്കുന്ന ശാസ്‌ത്രീയ വിവരങ്ങൾ ഗ്രഹി​ക്കാൻ പ്രയാ​സ​ക​ര​മാ​ണെന്നു തോന്നി​യേ​ക്കാം. എന്നാൽ അതേക്കു​റി​ച്ചുള്ള പ്രതി​ക​ര​ണങ്ങൾ ശ്രദ്ധിക്കൂ:

ഒരു കാനഡ​ക്കാ​രൻ എഴുതി: “ഘനഗാം​ഭീ​ര്യ​മുള്ള പദങ്ങളി​ലൂ​ടെ നമ്മെ പിടി​ച്ചി​രു​ത്താൻ ശ്രമി​ച്ചു​കൊ​ണ്ടു ചില ഗ്രന്ഥകാ​ര​ന്മാർ പുറത്തി​റ​ക്കുന്ന സാങ്കേ​തിക പുസ്‌ത​ക​ങ്ങ​ളിൽ നിന്ന്‌ എത്ര വിഭി​ന്ന​മാണ്‌ ഇത്‌. ഭൗതി​ക​ശാ​സ്‌ത്രം, രസതന്ത്രം, ഡിഎൻഎ, ക്രോ​മ​സോ​മു​കൾ തുടങ്ങിയ വിഷയങ്ങൾ മനസ്സി​ലാ​കുന്ന വിധത്തിൽ അവതരി​പ്പി​ക്കു​ന്ന​തി​ലെ നിങ്ങളു​ടെ പാണ്ഡി​ത്യം പ്രശം​സാർഹ​മാണ്‌. വർഷങ്ങൾക്കു മുമ്പു ഞാൻ പഠിച്ച സർവക​ലാ​ശാ​ലാ പാഠപു​സ്‌ത​കങ്ങൾ എഴുതി​യി​രു​ന്നതു നിങ്ങളാ​യി​രു​ന്നെ​ങ്കിൽ എന്നു ഞാൻ ആശിച്ചു​പോ​യി!”

ഭൗതി​ക​ശാ​സ്‌ത്രം പഠിപ്പി​ക്കുന്ന ഒരു യൂണി​വേ​ഴ്‌സി​റ്റി പ്രൊ​ഫസർ എഴുതി: “സാങ്കേ​തിക വിശദാം​ശ​ങ്ങ​ളിൽ കെട്ടു​പി​ണ​യാ​തെ അത്‌ ആശയങ്ങൾ സുവ്യ​ക്ത​മാ​യി അവതരി​പ്പി​ക്കു​ന്നു. ഈ പുസ്‌തകം വായന​ക്കാ​രു​മാ​യി ന്യായ​വാ​ദം നടത്തു​ന്ന​തോ​ടൊ​പ്പം സമുന്നത ശാസ്‌ത്ര​ജ്ഞ​രു​ടെ അഭി​പ്രാ​യ​ങ്ങ​ളും ഉദ്ധരി​ക്കു​ന്നു. ശാസ്‌ത്ര​ജ്ഞ​നോ സാധാ​ര​ണ​ക്കാ​ര​നോ ആരായി​രു​ന്നാ​ലും ശരി, പ്രപഞ്ച​ത്തി​ന്റെ​യും ജീവ​ന്റെ​യും ഉത്ഭവത്തെ കുറിച്ച്‌ അറിയാൻ തത്‌പ​ര​രാ​യി​രി​ക്കുന്ന ഏതൊ​രാ​ളും ‘അവശ്യം വായി​ച്ചി​രി​ക്കേണ്ട’ ഒരു പുസ്‌ത​ക​മാ​ണിത്‌.

നേഴ്‌സി​ങ്ങി​നു പഠിക്കുന്ന ഒരു യുവതി ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “4-ാം അധ്യായം തുറന്ന​പ്പോൾ എനി​ക്കെന്റെ കണ്ണുകളെ വിശ്വ​സി​ക്കാ​നാ​യില്ല, ഞങ്ങൾ നേഴ്‌സിങ്‌ ക്ലാസ്സിൽ ഉപയോ​ഗി​ക്കുന്ന പുസ്‌ത​ക​ത്തിൽ നിന്ന്‌ അതിൽ ഉദ്ധരി​ച്ചി​രി​ക്കു​ന്നു! പ്രൊ​ഫ​സർക്ക്‌ അതിന്റെ പ്രതി നൽകി​യിട്ട്‌ അതിലെ വിവരങ്ങൾ വിജ്ഞാ​ന​പ്രദം ആയിരി​ക്കു​മെന്ന്‌ എനിക്ക്‌ ഉറപ്പു​ണ്ടെന്നു ഞാൻ അദ്ദേഹ​ത്തോ​ടു പറഞ്ഞു. 54-ാം പേജിൽ കൊടു​ത്തി​രി​ക്കുന്ന മസ്‌തി​ഷ്‌കത്തെ കുറി​ച്ചുള്ള വിവരങ്ങൾ ഞാൻ അദ്ദേഹത്തെ കാണിച്ചു. അദ്ദേഹം അതു വായി​ച്ചിട്ട്‌, ‘ഇതു രസകര​മാ​ണ​ല്ലോ! ഞാൻ ഇതു മൊത്തം വായി​ക്കട്ടെ’ എന്നു പറഞ്ഞു.”

ബെൽജി​യ​ത്തി​ലെ ഒരു പാർല​മെന്റ്‌ അംഗം എഴുതി: “ആധുനിക ശാസ്‌ത്രം ബൈബി​ളി​ലെ ഏകദൈവ വിശ്വാ​സം എന്ന ആശയത്തിന്‌ എതിരല്ല മറിച്ച്‌, അക്കാര്യ​ത്തിൽ അതു ബൈബി​ളു​മാ​യി യോജി​ക്കു​ന്നു എന്നതിന്‌ അടിവ​ര​യി​ടുന്ന ശാസ്‌ത്രീയ വിശദാം​ശ​ങ്ങ​ളാണ്‌ എന്നെ വിസ്‌മ​യി​പ്പി​ക്കു​ക​യും എന്റെ താത്‌പ​ര്യം പിടി​ച്ചു​പ​റ്റു​ക​യും ചെയ്‌തത്‌. അതു വളരെ ശ്രദ്ധേ​യ​മായ ഒരു വീക്ഷണ​മാണ്‌.”

സ്രഷ്ടാ​വി​നെ മെച്ചമാ​യി അറിയൽ

ദൈവത്തെ മെച്ചമാ​യി മനസ്സി​ലാ​ക്കാ​നും അവനോ​ടു കൂടുതൽ അടുക്കാ​നും പ്രസ്‌തുത പുസ്‌തകം പല രാജ്യ​ങ്ങ​ളി​ലെ​യും ആളുകളെ സഹായി​ച്ചു. ജപ്പാനി​ലെ ഫുക്കു​വോക്ക നഗരത്തി​ലെ ഒരു വായന​ക്കാ​രൻ ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “ആദ്യമാ​യി യഹോ​വ​യിൽ ലെൻസ്‌ കേന്ദ്രീ​ക​രി​ച്ചതു പോ​ലെ​യി​രു​ന്നു അത്‌. ഈ പുസ്‌തകം, അത്ഭുത​ക​ര​മായ വിധത്തിൽ ആളുകളെ ബോധ്യ​പ്പെ​ടു​ത്തു​ന്നു. ഇന്നോളം ചിന്തി​ച്ചി​ട്ടി​ല്ലാത്ത ഒരു വീക്ഷണ​കോ​ണി​ലൂ​ടെ യഹോ​വയെ അറിയാൻ എനിക്കു സാധിച്ചു.” എൽ സാൽവ​ഡോ​റിൽ നിന്നുള്ള ഒരാൾ എഴുതി: “ദൈവം എത്രമാ​ത്രം കരുണാ​മ​യ​നും കൃപാ​ലു​വും കോപ​ത്തി​നു താമസ​മു​ള്ള​വ​നും സ്‌നേ​ഹദയ ഉള്ളവനും ആണെന്നു നിങ്ങൾ അതിൽ വളരെ വ്യക്തമാ​യി വിശദീ​ക​രി​ക്കു​ന്നു. അവനോ​ടും അവന്റെ പുത്ര​നോ​ടും അടുത്തു വരുന്ന​തി​നു നമുക്ക്‌ ഏറ്റവും ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ അതാണ്‌. യഹോ​വ​യു​ടെ വികാ​ര​ങ്ങ​ളും അവന്റെ പുത്ര​നായ യേശു​വി​ന്റെ മാനു​ഷിക വികാ​ര​ങ്ങ​ളും വിശദീ​ക​രി​ക്കുന്ന ആദ്യത്തെ പുസ്‌ത​ക​മാ​ണിത്‌.” സാംബി​യ​യി​ലുള്ള ഒരു വായന​ക്കാ​രൻ ഇങ്ങനെ പ്രതി​ക​രി​ച്ചു: “യഹോ​വയെ കുറി​ച്ചുള്ള എന്റെ വീക്ഷണ​ത്തി​നു പുതിയ ഒരു മാനം കൈവ​ന്നി​രി​ക്കു​ന്നു.”

നിങ്ങ​ളെ​ക്കു​റി​ച്ചു കരുത​ലുള്ള ഒരു സ്രഷ്ടാവ്‌ ഉണ്ടോ? എന്ന പുസ്‌തകം മറ്റുള്ള​വർക്കു നൽകു​ന്ന​തിന്‌ യഹോ​വ​യു​ടെ സാക്ഷികൾ ആവേശ​ഭ​രി​തർ ആയിരി​ക്കു​ന്ന​തി​ന്റെ കാരണം മനസ്സി​ലാ​ക്കാ​വു​ന്ന​തേ​യു​ള്ളൂ. ഒരു വനിത ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “10-ാമത്തെ അധ്യായം [“കരുത​ലുള്ള ഒരു സ്രഷ്ടാവ്‌ ഉണ്ടെങ്കിൽ ഇത്രമാ​ത്രം കഷ്ടപ്പാ​ടു​കൾ എന്തു​കൊണ്ട്‌?”] വായിച്ചു തീർന്ന​പ്പോൾ, ‘ഈ പുസ്‌തകം തന്നെയാ​ണു ജപ്പാനിൽ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌’ എന്ന്‌ എനിക്കു ചിന്തി​ക്കാ​തി​രി​ക്കാൻ കഴിഞ്ഞില്ല! ഈ അധ്യാ​യ​ത്തി​ലെ വിവരങ്ങൾ എപ്പോ​ഴും മനസ്സിൽപ്പി​ടി​ക്കാ​നും വയൽ സേവന​ത്തിൽ കൂടു​ത​ലാ​യി ഉപയോ​ഗി​ക്കാ​നും ഞാൻ ആഗ്രഹി​ക്കു​ന്നു.” ക്ഷേത്ര​ത്തിൽ വളർന്നു​വന്ന ഒരു പെൺകു​ട്ടി​യു​മാ​യി— അവളുടെ പിതാവ്‌ പുരോ​ഹി​ത​നാണ്‌—ഒരു സഹോ​ദരി ബൈബിൾ അധ്യയനം നടത്തു​ന്നുണ്ട്‌. ആ സഹോ​ദരി ഇങ്ങനെ പറയുന്നു: “സ്രഷ്ടാവ്‌ ഉണ്ട്‌ എന്ന ആശയം ഉൾക്കൊ​ള്ളാൻ അവൾക്കു വളരെ ബുദ്ധി​മു​ട്ടാ​യി​രു​ന്നു. ഈ പുസ്‌തകം വിശദീ​ക​ര​ണങ്ങൾ നൽകു​ന്നു​വെ​ങ്കി​ലും ഒരിക്കൽപോ​ലും കടും​പി​ടു​ത്തം കാട്ടു​ന്നില്ല. അതേസ​മയം, അതിൽ വസ്‌തു​തകൾ ഉൾക്കൊ​ള്ളു​ന്നു. അതു​കൊണ്ട്‌, ബുദ്ധമ​ത​ക്കാർക്കു പോലും യാതൊ​രു വൈക്ല​ബ്യ​വും കൂടാതെ അതു വായി​ക്കാ​നാ​കു​മെ​ന്നാ​ണു ഞാൻ വിചാ​രി​ക്കു​ന്നത്‌. യഹോ​വ​യു​ടെ സ്‌നേ​ഹത്തെ കുറിച്ചു കൂടു​ത​ലാ​യി അറിയാ​നും അതു നമ്മെ സഹായി​ക്കും.”

ഇംഗ്ലണ്ടിൽ നിന്നുള്ള ഒരാളു​ടേ​താണ്‌ അടുത്ത അഭി​പ്രാ​യം: “ഞാൻ സ്രഷ്ടാവ്‌ പുസ്‌തകം വായിച്ചു കഴിഞ്ഞ​തേ​യു​ള്ളൂ. വീണ്ടും വായി​ക്കാൻ പോകു​ക​യാണ്‌. എത്ര നല്ല പുസ്‌തകം! ഇതു വായി​ക്കു​മ്പോൾ ഒരാൾക്ക്‌ യഹോ​വ​യോ​ടുള്ള സ്‌നേഹം ശക്തമാ​കു​ന്നു. എന്റെ അയൽക്കാ​രി​ക്കു ഞാൻ അതിന്റെ ഒരു പ്രതി കൊടു​ത്തു. അതിലെ രണ്ട്‌ അധ്യാ​യങ്ങൾ വായിച്ച ശേഷം അവർ പറഞ്ഞു, ‘എനിക്കതു താഴെ വെക്കാൻ തോന്നു​ന്നില്ല, അത്ര രസകര​മാ​ണത്‌.’ നമ്മുടെ മഹാ സ്രഷ്ടാ​വി​നെ അറിയാ​നും സ്‌നേ​ഹി​ക്കാ​നും ഇത്‌ ആളുകളെ സഹായി​ക്കും എന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌.”

യു.എസ്‌.എ.-യിലെ മേരി​ലാൻഡിൽ നിന്നുള്ള ഒരാൾ ഇങ്ങനെ പറഞ്ഞു: “ഇതു തീർച്ച​യാ​യും എന്റെ ആത്മീയ അസ്ഥികൾക്കും മജ്ജകൾക്കും ഉണർവേ​കു​ന്നു! എനിക്കു ബിസി​നസ്‌ ഇടപാ​ടു​ക​ളുള്ള എല്ലാവർക്കും ഇതിന്റെ ഓരോ പ്രതികൾ നൽകാൻ ഞാൻ ഉദ്ദേശി​ക്കു​ക​യാണ്‌. തിര​ക്കേ​റിയ ജീവിതം നയിക്കുന്ന, വിദ്യാ​സ​മ്പ​ന്ന​രായ അത്തരക്കാർക്കു സാക്ഷ്യം നൽകു​ന്നതു ചില​പ്പോ​ഴൊ​ക്കെ ബുദ്ധി​മു​ട്ടാ​യി എനിക്കു തോന്നാ​റുണ്ട്‌. ഈ പുസ്‌ത​ക​ത്തി​ന്റെ സഹായ​ത്തോ​ടെ എനിക്കു രസകര​വും ഫലപ്ര​ദ​വു​മായ സമീപനം സ്വീക​രി​ക്കാ​നാ​കും.”

നിങ്ങ​ളെ​ക്കു​റി​ച്ചു കരുത​ലുള്ള ഒരു സ്രഷ്ടാവ്‌ ഉണ്ടോ? എന്ന പുസ്‌തകം ഭൂവ്യാ​പ​ക​മാ​യി ആളുക​ളിൽ ക്രിയാ​ത്മ​ക​മായ ഫലം ഉളവാ​ക്കും എന്നു വ്യക്തം.

[25-ാം പേജിലെ ചിത്ര​ത്തിന്‌ കടപ്പാട]

പുറംപേജിലെ ചിത്രം മുകളിൽ, ഈഗിൾ നെബുല: J. Hester and P. Scowen (AZ State Univ.), NASA