കൊടുംദാരിദ്ര്യത്തിൽ നിന്നു സമ്പദ്സമൃദ്ധിയിലേക്ക്
കൊടുംദാരിദ്ര്യത്തിൽ നിന്നു സമ്പദ്സമൃദ്ധിയിലേക്ക്
മാൻവെൽ ദെ ഴസൂഷ് ആൽമെയ്ദ പറഞ്ഞപ്രകാരം
1916 ഒക്ടോബറിൽ ആയിരുന്നു എന്റെ ജനനം. പതിനേഴു മക്കളിൽ ഏറ്റവും ഇളയവനായിരുന്നു ഞാൻ. കൂടപ്പിറപ്പുകളിൽ ഒമ്പതു പേർ രോഗവും വികലപോഷണവും നിമിത്തം മരണമടഞ്ഞതിനാൽ ഞാൻ അവരെ കണ്ടിട്ടേയില്ല. ശേഷിച്ച ഞങ്ങൾ എട്ടുപേരും മാതാപിതാക്കളോടൊത്ത് പോർച്ചുഗലിലെ പോർട്ടോയ്ക്കു സമീപമുള്ള ഒരു കൊച്ചു ഗ്രാമത്തിലാണു താമസിച്ചിരുന്നത്.
ഞങ്ങളുടെ കൊച്ചു വീട് ചെറിയൊരു സ്വീകരണ മുറിയും കിടപ്പറയും മാത്രമുള്ളതായിരുന്നു. ഏകദേശം അര കിലോമീറ്റർ ദൂരെയുള്ള ഒരു കിണറ്റിൽ നിന്നു വേണമായിരുന്നു കുടിവെള്ളം കൊണ്ടുവരാൻ. പാചകസൗകര്യങ്ങളാകട്ടെ പഴഞ്ചൻ രീതിയിൽ ഉള്ളതായിരുന്നു.
പണിയെടുക്കാറായപ്പോൾ മുതൽ, എന്റെ ജ്യേഷ്ഠന്മാർ ചോളവയലിൽ വേല ചെയ്യാൻ തുടങ്ങി. അവർ സമ്പാദിക്കുന്ന പണവും കുടുംബത്തിന്റെ ഭക്ഷ്യാവശ്യങ്ങൾ നിറവേറ്റാനായി ഉപയോഗിച്ചിരുന്നു. അൽപ്പമെങ്കിലും പഠിപ്പ് ഉണ്ടായിരുന്നത് എനിക്കു മാത്രമായിരുന്നു, അതും അവരുടെ സഹായം കൊണ്ട്. ജീവിതം പ്രാരാബ്ധങ്ങൾ നിറഞ്ഞതായിരുന്നെങ്കിലും ഞങ്ങൾക്ക് കത്തോലിക്കാ സഭയോടു കറകളഞ്ഞ കൂറുണ്ടായിരുന്നു. ഇത് ഏതെങ്കിലും വിധത്തിൽ ഞങ്ങൾക്കു സഹായകരമാകും എന്നാണു ഞങ്ങൾ കരുതിയിരുന്നത്.
മേയ് മാസത്തിൽ സഭ ഒമ്പതുനോയമ്പ് ആചരിച്ചിരുന്നു. തുടർച്ചയായി ഒമ്പതു ദിവസം ഞങ്ങൾ നേരം വെളുക്കുന്നതിനു മുമ്പ് എഴുന്നേറ്റ് പള്ളിയിൽ പോയി പ്രാർഥിക്കുമായിരുന്നു. അങ്ങനെ ചെയ്താൽ ദൈവാനുഗ്രഹം ലഭിക്കും എന്നാണു ഞങ്ങൾ വിശ്വസിച്ചിരുന്നത്. പുരോഹിതൻ പരിശുദ്ധനും ദൈവത്തിന്റെ പ്രതിപുരുഷനും ആണെന്നു ഞങ്ങൾ വിചാരിച്ചിരുന്നു. പക്ഷേ, കാലം കടന്നുപോയതോടെ ഞങ്ങളുടെ വീക്ഷണത്തിനു മാറ്റം വന്നു.
മെച്ചപ്പെട്ട ഒന്നിനു വേണ്ടിയുള്ള അന്വേഷണം
കടുത്ത സാമ്പത്തിക ബുദ്ധിമുട്ടു നിമിത്തം പള്ളിക്കു വിഹിതം കൊടുക്കാൻ നിർവാഹമില്ലാതെ വന്നപ്പോൾ പുരോഹിതൻ ഞങ്ങളോട് യാതൊരു കനിവും കാട്ടിയില്ല. ഇതു ഞങ്ങളെ നിരുത്സാഹപ്പെടുത്തി. സഭയോടുള്ള എന്റെ മനോഭാവത്തിനു സമൂല മാറ്റം വന്നു. അതുകൊണ്ട്, വയലിലെ പണിയും സഭയുമായുള്ള വാദപ്രതിവാദങ്ങളും അല്ലാതെ ജീവിതത്തിൽ മെച്ചപ്പെട്ട എന്തെങ്കിലും ഉണ്ടോ എന്നു കണ്ടെത്താൻ 18-ാം വയസ്സിൽ ഞാൻ വീടുവിട്ടിറങ്ങി. 1936-ൽ ഞാൻ പോർച്ചുഗലിന്റെ തലസ്ഥാന നഗരിയായ ലിസ്ബണിൽ എത്തി.
അവിടെ വെച്ച് ഞാൻ എഡ്മിനിയയെ കണ്ടുമുട്ടി. മതം എന്നെ ചതിച്ചെന്നാണ് എനിക്കു തോന്നിയിരുന്നതെങ്കിലും ആചാരപ്രകാരം കത്തോലിക്കാ പള്ളിയിൽ വെച്ചുതന്നെ ഞങ്ങൾ വിവാഹിതരായി. 1939-ൽ രണ്ടാം ലോക മഹായുദ്ധം തുടങ്ങി. യുദ്ധസമയത്ത് 18 ആയുധപ്പുരകളുടെ ചുമതല എനിക്കായിരുന്നു. ദിവസവും 125 ലോറി യുദ്ധസാമഗ്രികൾ വരെ ഞങ്ങൾ കയറ്റി അയയ്ക്കുമായിരുന്നു.
യുദ്ധഭീതി മാത്രമല്ല കത്തോലിക്കാസഭ യുദ്ധത്തിൽ പൂർണമായി ഉൾപ്പെട്ടു എന്ന സംഗതിയും എന്നെ ആഴത്തിൽ ചിന്തിപ്പിച്ചു. ‘മനുഷ്യവർഗത്തെ സംബന്ധിച്ച് ദൈവം യഥാർഥത്തിൽ കരുതുന്നുണ്ടോ? ദൈവത്തെ എങ്ങനെ ആരാധിക്കണം?’ എന്നൊക്കെ ഞാൻ ചിന്തിക്കുമായിരുന്നു. വർഷങ്ങൾ
കഴിഞ്ഞ്, 1954-ൽ, യഹോവയുടെ സാക്ഷികളിൽ ഒരാളായ, പ്രായമേറിയ ഒരു മാന്യ വ്യക്തി, എന്റെ ചോദ്യങ്ങൾ സംബന്ധിച്ച് എന്നോടു സംസാരിച്ചു. ഈ സംഭാഷണം എന്റെ ജീവിതത്തെ ഒന്നാകെ മാറ്റിമറിച്ചു.ബൈബിൾ പ്രത്യാശ രോമാഞ്ചമണിയിക്കുന്നു
ആഗോള പ്രശ്നങ്ങൾക്കുള്ള ഏക പരിഹാരം ദൈവരാജ്യമാണെന്നും രാജ്യഭരണത്തിലൂടെ മാത്രമേ സമാധാനവും സുരക്ഷിതത്വവും സാധ്യമാവുകയുള്ളൂ എന്നും ജോഷ്വ എന്നു പേരുള്ള ആ വ്യക്തി എനിക്കു വിശദീകരിച്ചുതന്നു. (മത്തായി 6:9, 10; 24:14) അദ്ദേഹം പറഞ്ഞതൊക്കെ എനിക്ക് വളരെ ഇഷ്ടമായി. എങ്കിലും, മതവുമായി ബന്ധപ്പെട്ട മുൻകാല അനുഭവങ്ങൾ നിമിത്തം അദ്ദേഹം നൽകിയ വിശദീകരണങ്ങൾ സ്വീകരിക്കാൻ എനിക്കു മടിയായിരുന്നു. പണം ആവശ്യപ്പെടരുതെന്നും രാഷ്ട്രീയം പറയരുതെന്നും ഉള്ള വ്യവസ്ഥയിൽ അദ്ദേഹത്തിന്റെ സഹായത്തോടെ ബൈബിൾ പഠിക്കാൻ ഞാൻ സമ്മതിച്ചു. അദ്ദേഹത്തിനും അതു സമ്മതമായിരുന്നു. ബൈബിൾ പഠിപ്പിക്കുന്നത് സൗജന്യമായിരിക്കും എന്ന് അദ്ദേഹം ഉറപ്പു നൽകി.—വെളിപ്പാടു 22:17.
ജോഷ്വായിലുള്ള എന്റെ വിശ്വാസം പെട്ടെന്നുതന്നെ വർധിച്ചു. അതുകൊണ്ട് ഞാൻ ചെറുപ്പം മുതലേ ആഗ്രഹിച്ച ഒരു സംഗതി അദ്ദേഹത്തോടു ചോദിച്ചു: “സ്വന്തമായി ഒരു ബൈബിൾ ലഭിക്കുമോ?” അതു ലഭിച്ചശേഷം, നമ്മുടെ സ്രഷ്ടാവിന്റെ വചനത്തിൽനിന്ന് പിൻവരുന്നതു പോലുള്ള വാഗ്ദാനങ്ങൾ ആദ്യമായി വായിച്ചപ്പോൾ എനിക്ക് എന്തു സന്തോഷം തോന്നിയെന്നോ: “ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി”!—വെളിപ്പാടു 21:3-5.
ദാരിദ്ര്യവും രോഗവും ഉന്മൂലനം ചെയ്യപ്പെടുന്നതിനെ കുറിച്ചുള്ള ബൈബിൾ വാഗ്ദാനങ്ങൾ എനിക്ക് വിശേഷാൽ ആശ്വാസപ്രദം ആയിരുന്നു. വിശ്വസ്തനായ ഏലീഹു ദൈവത്തെക്കുറച്ച് ഇങ്ങനെ പറഞ്ഞു: ‘അവൻ ആഹാരം ധാരാളമായി കൊടുക്കുന്നു.’ (ഇയ്യോബ് 36:31) ദൈവരാജ്യത്തിന്റെ നീതിനിഷ്ഠമായ ഭരണത്തിൻ കീഴിൽ “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല” എന്നു ബൈബിൾ പറയുന്നു. (യെശയ്യാവു 33:24) എത്ര സ്നേഹനിർഭരമായ താത്പര്യമാണ് യഹോവയാം ദൈവത്തിനു മനുഷ്യവർഗത്തോടുള്ളത്! അവന്റെ വാഗ്ദാനങ്ങളിലുള്ള എന്റെ താത്പര്യം എത്രമാത്രം വർധിച്ചെന്നോ!
യഹോവയുടെ സാക്ഷികളുടെ ഒരു യോഗത്തിൽ ഞാൻ ആദ്യമായി സംബന്ധിച്ചത് 1954 ഏപ്രിൽ 17-ന് ആയിരുന്നു. അതൊരു പ്രത്യേക യോഗമായിരുന്നു—യേശുവിന്റെ മരണത്തിന്റെ സ്മാരകാചരണം. അന്നു മുതൽ ഞാൻ യോഗങ്ങൾ മുടക്കിയിട്ടില്ല. പെട്ടെന്നുതന്നെ, പഠിച്ചുകൊണ്ടിരുന്ന നല്ല കാര്യങ്ങളെ കുറിച്ചു ഞാൻ മറ്റുള്ളവരോടു പറയാൻ തുടങ്ങി. പോർച്ചുഗലിൽ അക്കാലത്ത്, ഞങ്ങൾ എല്ലാ മാസവും സമീപത്തുള്ള ഒരു ബീച്ചിലേക്ക് ഉല്ലാസയാത്ര പോയിരുന്നു. അവിടെയാണ് ഞങ്ങൾ സ്നാപനം നടത്തിയിരുന്നതും. ജോഷ്വ എന്നോട് ആദ്യമായി സംസാരിച്ച് ഏഴു മാസം കഴിഞ്ഞ് ഞാൻ യഹോവയാം ദൈവത്തിന് എന്നെത്തന്നെ സമർപ്പിക്കുകയും കടലിൽ സ്നാപനമേൽക്കുകയും ചെയ്തു.
1954-ൽ പോർച്ചുഗലിൽ മൊത്തം നൂറോളം സാക്ഷികളേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് പ്രസംഗവേലയിൽ നേതൃത്വമെടുക്കാൻ ധാരാളം സഹോദരന്മാരെ ആവശ്യമുണ്ടായിരുന്നു. ത്വരിതഗതിയിൽ ആത്മീയ പുരോഗതി നേടിയ എനിക്ക് പെട്ടെന്നുതന്നെ സഭയിൽ ഉത്തരവാദിത്വ സ്ഥാനങ്ങൾ ലഭിച്ചു. 1956-ൽ, ലിസ്ബണിൽ രൂപം കൊണ്ട യഹോവയുടെ സാക്ഷികളുടെ രണ്ടാമത്തെ സഭയിലെ സഭാദാസനായി—അധ്യക്ഷ മേൽവിചാരകനെ അങ്ങനെയാണ് വിളിച്ചിരുന്നത്—ഞാൻ നിയമിതനായി. ഈ പട്ടണത്തിലും സമീപ പ്രദേശങ്ങളിലുമായി ഇന്ന് നൂറിലധികം സഭകളുണ്ട്.
അതിഥിപ്രിയം പ്രയോജനങ്ങൾ കൈവരുത്തുന്നു
എഡ്മിനിയയും ഞാനും സാമ്പത്തിക പരാധീനത അനുഭവിച്ചിരുന്നെങ്കിലും, ക്രിസ്തീയ സഹോദരങ്ങൾക്ക് എപ്പോഴും ഞങ്ങളുടെ ഭവനത്തിൽ സ്വാഗതമുണ്ടായിരുന്നു. ഒരു പയനിയർ—യഹോവയുടെ സാക്ഷികളായ മുഴുസമയ സുവിശേഷകരെ അങ്ങനെയാണു വിളിക്കുന്നത്—ബ്രസീലിലെ തന്റെ ഭവനത്തിൽനിന്നും ജർമനിയിലെ “ജയോത്സവ രാജ്യ” അന്താരാഷ്ട്ര കൺവെൻഷനിൽ സംബന്ധിക്കാൻ പോകവെ പോർച്ചുഗലിൽ തങ്ങി. യാത്രാതടസ്സം മൂലം അദ്ദേഹം ഞങ്ങളുടെ ഭവനത്തിൽ ഒരു മാസത്തോളം താമസിച്ചു. ആത്മീയ അർഥത്തിൽ ഞങ്ങൾക്ക് അദ്ദേഹത്തിൽ നിന്ന് ഒരു നിധിതന്നെ ലഭിച്ചു!
ആ സമയത്ത്, ഞങ്ങളുടെ ഭവനം സന്ദർശിച്ചവരിൽ ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള യഹോവയുടെ സാക്ഷികളുടെ കേന്ദ്ര ആസ്ഥാനത്തു നിന്നുള്ളവരും പെടും. ഹ്യൂഗോ റീമെർ, അദ്ദേഹത്തിന്റെ കൂടെ താമസിച്ചിരുന്ന ചാൾസ് എയ്ക്കർ തുടങ്ങിയവരാണ് അവരിൽ ചിലർ. അവർ ഞങ്ങളോടൊത്ത് ഭക്ഷണം കഴിക്കുകയും പോർച്ചുഗീസ് സഹോദരങ്ങൾക്കായി പ്രസംഗങ്ങൾ നടത്തുകയും ചെയ്തു. മുട്ട വിരിഞ്ഞ് പുറത്തു വന്നിട്ട് ഏറെനാൾ ആകാത്ത, ആഹാരത്തിനായി കൊതിയോടെ
വായ് തുറന്നിരിക്കുന്ന, പക്ഷിക്കുഞ്ഞുങ്ങളെപ്പോലെ അവർ നൽകുന്ന പോഷകസമൃദ്ധമായ ആത്മീയ വിഭവങ്ങൾക്കായി ഞങ്ങൾ കാത്തിരുന്നു.യഹോവയുടെ സാക്ഷികളുടെ സഞ്ചാര മേൽവിചാരകന്മാരും തങ്ങളുടെ സന്ദർശന സമയത്ത് ഞങ്ങളുടെ ഭവനത്തിൽ താമസിച്ചിരുന്നു. മൊറോക്കോ ബ്രാഞ്ചിന്റെ മേൽവിചാരകനായ ആൽവരൂ ബേരെക്കോച്ചേയയുടെ 1957-ലെ സന്ദർശനം ഞങ്ങൾ ഇപ്പോഴും ഓർക്കുന്നു. പോർച്ചുഗൽ സന്ദർശിച്ച് അവിടുത്തെ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കാൻ അദ്ദേഹത്തെയാണ് നിയമിച്ചിരുന്നത്. ഞങ്ങളുടെ വീട്ടിലെ പുസ്തക അധ്യയനത്തിൽ സംബന്ധിച്ച അദ്ദേഹത്തെ, പോർച്ചുഗലിൽ നിന്നു പോകുന്നതുവരെ ഞങ്ങളോടൊത്ത് താമസിക്കാൻ ഞങ്ങൾ നിർബന്ധിച്ചു. ഒരു മാസം നീണ്ടുനിന്ന അദ്ദേഹത്തിന്റെ സന്ദർശനത്താൽ ഞങ്ങൾ വളരെയധികം അനുഗ്രഹിക്കപ്പെട്ടു. ആത്മീയമായി ഞങ്ങളും എഡ്മിനിയയുടെ നല്ല പാചകം നിമിത്തം ശാരീരികമായി ആൽവരൂവും പുഷ്ടി പ്രാപിച്ചു.
ചെറുപ്പത്തിൽ ഞാൻ അനുഭവിച്ചതു പോലുള്ള കടുത്ത ദാരിദ്ര്യത്തിന്റെ ഓർമകൾ ഒരു വ്യക്തിയിൽ മായാതെ നിലനിന്നേക്കാം. എങ്കിലും, നാം യഹോവയ്ക്കും അവന്റെ വിശ്വസ്ത ദാസർക്കും എത്രയധികം കൊടുക്കുന്നുവോ അത്രയധികം യഹോവയാൽ അനുഗ്രഹിക്കപ്പെടും എന്നു ഞാൻ തിരിച്ചറിഞ്ഞു. ഞങ്ങളാൽ കഴിയുന്നവർക്കെല്ലാം ആതിഥ്യമരുളവെ, എനിക്ക് അതു കൂടെക്കൂടെ ബോധ്യമായിട്ടുണ്ട്.
1955-ൽ പോർട്ടോയിൽ വെച്ചു നടന്ന കൺവെൻഷനിൽ, 1958-ൽ ന്യൂയോർക്കിലെ യാങ്കീ സ്റ്റേഡിയത്തിൽ നടക്കാൻ പോകുന്ന യഹോവയുടെ സാക്ഷികളുടെ അന്താരാഷ്ട്ര കൺവെൻഷനെക്കുറിച്ചുള്ള അറിയിപ്പ് നടത്തപ്പെട്ടു. പോർച്ചുഗീസ് പ്രതിനിധികളെ കൺവെൻഷന് അയയ്ക്കാനുള്ള പണം ശേഖരിക്കാൻ രാജ്യത്തിലെ ഓരോ രാജ്യഹാളിലും ഓരോ സംഭാവനപ്പെട്ടി വെച്ചു—അക്കാലത്ത് രാജ്യഹാളുകളുടെ എണ്ണം വളരെ കുറവായിരുന്നു. പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂടെ ഞാനും ഭാര്യയും ഉണ്ടായിരുന്നു എന്ന് അറിഞ്ഞപ്പോഴത്തെ ഞങ്ങളുടെ സന്തോഷം നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമോ? കൺവെൻഷനു വേണ്ടി ഐക്യനാടുകളിൽ പോയപ്പോൾ യഹോവയുടെ സാക്ഷികളുടെ ബ്രുക്ലിനിലുള്ള ലോക ആസ്ഥാനം സന്ദർശിക്കാൻ കഴിഞ്ഞത് എത്ര സന്തോഷകരമായ ഒരു അനുഭവം ആയിരുന്നു!
പീഡനം സഹിച്ചുനിൽക്കൽ
1962-ൽ യഹോവയുടെ സാക്ഷികളുടെ പ്രസംഗ പ്രവർത്തനം പോർച്ചുഗലിൽ നിരോധിക്കപ്പെട്ടു. എറിക് ബ്രിറ്റൻ, ഡോമനിക് പിക്കോനി, എറിക് ബെവ്റിജ് എന്നിവരും അവരുടെ ഭാര്യമാരും ഉൾപ്പെടെയുള്ള മിഷനറിമാരെ രാജ്യത്തുനിന്നും പുറത്താക്കി. പിന്നീട്, രാജ്യഹാളുകളിൽ യോഗങ്ങൾ നടത്താനുള്ള അനുവാദവും നിഷേധിക്കപ്പെട്ടു. അതുകൊണ്ട്, ഞങ്ങൾ സ്വകാര്യ ഭവനങ്ങളിൽ രഹസ്യമായി കൂടിവന്നു. പോർച്ചുഗലിൽ വലിയ കൺവെൻഷനുകൾ നടത്താനും കഴിയാതായി. അതുകൊണ്ട്, ക്രിസ്തീയ സഹോദരങ്ങൾക്ക് മറ്റു രാജ്യങ്ങളിൽ പോയി അത്തരം കൺവെൻഷനുകളിൽ സംബന്ധിക്കാനുള്ള യാത്രാക്രമീകരണങ്ങൾ ചെയ്യേണ്ട ഉത്തരവാദിത്വം എന്റെ മേൽ നിക്ഷിപ്തമായി.
വലിയൊരു കൂട്ടം സാക്ഷികൾക്കു മറ്റു രാജ്യങ്ങളിലേക്കുള്ള യാത്രാക്രമീകരണം ചെയ്യുന്നത് അത്ര എളുപ്പമായിരുന്നില്ല. എങ്കിലും, പോർച്ചുഗീസ് സഹോദരങ്ങൾ നേടിയ അതിശയകരമായ ആത്മീയ പ്രയോജനങ്ങൾ നോക്കുമ്പോൾ അതു ശ്രമത്തിനു തക്ക മൂല്യമുള്ളതായിരുന്നു. സ്വിറ്റ്സർലൻഡ്, ഇംഗ്ലണ്ട്, ഇറ്റലി, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ കൺവെൻഷനു സന്നിഹിതരാകുന്നത് അവർക്ക് എന്തൊരു പ്രോത്സാഹജനകമായ അനുഭവമായിരുന്നു! സ്വന്ത രാജ്യത്തേക്ക് സാഹിത്യങ്ങൾ കൊണ്ടുവരാനും അത്തരം കൺവെൻഷനുകൾ അവർക്ക് അവസരമേകി. ആ വർഷങ്ങളിലെല്ലാം, പോർച്ചുഗലിൽ ഒരു മതസംഘടനയെന്ന നിലയിൽ രജിസ്ട്രേഷൻ നേടുന്നതിനു ഞങ്ങൾ നിരവധി അഭ്യർഥനകൾ നടത്തി. പക്ഷേ, അവയെല്ലാം തള്ളപ്പെട്ടു.
1962-ന്റെ തുടക്കത്തിൽ മിഷനറിമാരെ പുറത്താക്കിയ ശേഷം രഹസ്യപൊലീസ് ഞങ്ങളുടെ പ്രസംഗപ്രവർത്തനം നിറുത്താനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടി. നൂറുകണക്കിനു സഹോദരങ്ങളെ അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കി. ഈ സംഭവങ്ങൾ സംബന്ധിച്ച അനവധി റിപ്പോർട്ടുകൾ ഈ മാസികയിലും കൂട്ടുമാസികയായ ഉണരുക!യിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.പ്രസംഗപ്രവർത്തനം നിമിത്തം ജയിലിൽ അടയ്ക്കപ്പെട്ടവരിൽ, എന്നിൽ നിന്ന് ദൈവരാജ്യ സുവാർത്ത സ്വീകരിച്ച ഒരു പയനിയറും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വസ്തുവകകളുടെ കൂട്ടത്തിൽ നിന്ന് എന്റെ മേൽവിലാസം ലഭിച്ചതിനാൽ പൊലീസ് എന്നെ വിളിച്ചു ചോദ്യം ചെയ്തു.
പിന്നീട് രണ്ടു പൊലീസുകാർ എന്റെ വീട്ടിൽ വന്നു. അവർ എന്റെ ബൈബിൾ പഠന സഹായികളും ബൈബിളിന്റെ 13 പ്രതികളും കണ്ടുകെട്ടി. ഞങ്ങളുടെ വീടും പരിസരവുമെല്ലാം പരിശോധിക്കാൻ പല സമയങ്ങളിലായി ഏഴു പ്രാവശ്യം മടങ്ങിവന്നുകൊണ്ട് അവർ ഞങ്ങളെ ശല്യം ചെയ്തുകൊണ്ടിരുന്നു. ഓരോ പ്രാവശ്യവും അവർ ഞങ്ങളെ ചോദ്യങ്ങൾകൊണ്ട് പൊറുതി മുട്ടിച്ചു.
കോടതി കേസുകളിൽ സഹസാക്ഷികൾക്കു വേണ്ടി മൊഴി നൽകാൻ അനേകം പ്രാവശ്യം എന്നെ വിളിപ്പിച്ചു. എനിക്ക് വലിയ വിദ്യാഭ്യാസമൊന്നും ഇല്ലായിരുന്നെങ്കിലും ‘എതിരികൾക്കു ആർക്കും ചെറുപ്പാനോ എതിർപറവാനോ കഴിയാത്ത ജ്ഞാനം’ യഹോവ എനിക്കു നൽകി. (ലൂക്കൊസ് 21:15) ഒരവസരത്തിൽ, എന്റെ മൊഴി കേട്ട് അത്ഭുതം തോന്നിയ ജഡ്ജി, ഞാൻ എന്തു മാത്രം വിദ്യാഭ്യാസം നേടിയിട്ടുണ്ടെന്ന് ചോദിച്ചു. നാലാം ക്ലാസ്സുവരെയേ പഠിച്ചിട്ടുള്ളൂ എന്ന എന്റെ മറുപടി കേട്ട് കോടതിമുറിയിൽ ഉണ്ടായിരുന്നവരെല്ലാം ചിരിച്ചു.
പീഡനം വർധിച്ചു, ഒപ്പം രാജ്യസന്ദേശത്തോടു പ്രതികരിക്കുന്നവരുടെ എണ്ണവും. അങ്ങനെ, 1962-ൽ 1,300-ൽ കുറവായിരുന്ന പോർച്ചുഗലിലെ സാക്ഷികളുടെ എണ്ണം 1974 ആയപ്പോഴേക്കും 13,000-ൽ അധികമായി വർധിച്ചു! 1976 മേയിൽ സഞ്ചാര മേൽവിചാരകനായി സേവിക്കാൻ എനിക്കു ക്ഷണം ലഭിച്ചു. യഹോവയുടെ സാക്ഷികളുടെ സഭകൾ സന്ദർശിക്കുകയും അവരെ ആത്മീയമായി ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു ഈ വേലയിൽ ഉൾപ്പെട്ടിരുന്നത്.
ഏറ്റവും മഹത്തായ സമ്പത്ത് ആസ്വദിക്കുന്നു
പോർച്ചുഗലിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം നിയമപരമാക്കിയ രജിസ്ട്രേഷനിൽ പങ്കെടുക്കാനുള്ള പദവി 1974 ഡിസംബറിൽ എനിക്കു ലഭിച്ചു. അടുത്ത വർഷം, ഞാനും ഭാര്യയും ഇഷ്റ്റൊറിലിൽ യഹോവയുടെ സാക്ഷികളുടെ ബെഥേൽ കുടുംബത്തിലെ അംഗങ്ങൾ ആയിത്തീർന്നു. പോർച്ചുഗൽ ബ്രാഞ്ച് കമ്മിറ്റിയിലെ ഒരു അംഗമായി സേവിക്കാനും ഞാൻ നിയമിതനായി.
പോർച്ചുഗലിലും ഞങ്ങളുടെ ബ്രാഞ്ചിന്റെ മേൽനോട്ടത്തിലുള്ള മറ്റു പ്രദേശങ്ങളിലും പ്രസംഗപ്രവർത്തനം തഴച്ചുവളരുന്നതു കാണുന്നത് എത്രയോ സന്തോഷകരമാണ്! ഇവയിൽ അംഗോള, അസോഴ്സ്, കേപ് വേർഡ്, മഡിറ, സാവോ ടോം & പ്രിൻസെപ്പ് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നു. രാജ്യദൂതിൽ ഗണ്യമായ താത്പര്യം പ്രകടമായ ഈ ദേശങ്ങളിലേക്ക് വർഷങ്ങളിലുടനീളം പോർച്ചുഗലിൽനിന്ന് മിഷനറിമാരെ അയയ്ക്കുന്നതു കാണുന്നത് സന്തോഷകരം ആയിരുന്നിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ മൊത്തം 88,000-ലധികം രാജ്യഘോഷകർ ഉള്ളതിൽ ഞങ്ങൾക്കുള്ള സന്തോഷം ഒന്നാലോചിച്ചു നോക്കൂ! അതിൽ 47,000-ത്തിലധികം പേർ പോർച്ചുഗലിലാണ്! ഈ രാജ്യങ്ങളിൽ 1998-ലെ സ്മാരക ഹാജർ 2,45,000 ആയിരുന്നു, 1954-ൽ ഞാൻ സാക്ഷിയായിത്തീർന്നപ്പോൾ അത് 200-ൽ താഴെയായിരുന്നു.
“നിന്റെ പ്രാകാരങ്ങളിൽ കഴിക്കുന്ന ഒരു ദിവസം വേറെ ആയിരം ദിവസത്തെക്കാൾ ഉത്തമമല്ലോ”എന്നു പറഞ്ഞ സങ്കീർത്തനക്കാരനോട് ഞാനും എഡ്മിനിയയും പൂർണഹൃദയത്തോടെ യോജിക്കുന്നു. (സങ്കീർത്തനം 84:10) എന്റെ ആദ്യകാല എളിയ പശ്ചാത്തലത്തെ പിൽക്കാലത്ത് ഞാൻ ആസ്വദിച്ച ആത്മീയ ധനത്തോട് തട്ടിച്ചുനോക്കുമ്പോൾ പ്രവാചകനായ യെശയ്യാവിനെപ്പോലെ പറയാൻ ഞാൻ പ്രചോദിതനായിത്തീരുന്നു: “യഹോവേ, നീ എന്റെ ദൈവമാകുന്നു; ഞാൻ നിന്നെ പുകഴ്ത്തും; ഞാൻ നിന്റെ നാമത്തെ സ്തുതിക്കും; നീ അത്ഭുതമായി പണ്ടേയുള്ള ആലോചനകളെ വിശ്വസ്തതയോടും സത്യത്തോടും കൂടെ അനുഷ്ഠിച്ചിരിക്കുന്നുവല്ലോ. . . നീ എളിയവന്നു ഒരു ദുർഗ്ഗവും ദരിദ്രന്നു അവന്റെ കഷ്ടത്തിൽ ഒരു കോട്ടയും. . . ആയിരിക്കുന്നു.”—യെശയ്യാവു 25:1, 4.
[അടിക്കുറിപ്പുകൾ]
a 1964 മേയ് 22 ലക്കം ഉണരുക!യുടെ (ഇംഗ്ലീഷ്) 8-16 പേജുകളും 1966 ഒക്ടോബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 581-92 പേജുകളും കാണുക.
[24-ാം പേജിലെ ചിത്രം]
മുകളിൽ: 1958-ലെ ന്യൂയോർക്ക് കൺവെൻഷനു പ്രതിനിധികളെ അയയ്ക്കാനുള്ള ക്രമീകരണത്തെ കുറിച്ച് ആൽമെയ്ദ സഹോദരൻ ലിസ്ബണിൽ വെച്ച് അറിയിക്കുന്നു
മധ്യത്തിൽ: പാരീസിൽവെച്ചു നടത്തിയ “ഭൂമിയിൽ സമാധാന” അന്താരാഷ്ട്ര കൺവെൻഷനിൽ സഭാദാസരുടെ ഒരു മാതൃകാ യോഗം നടത്തുന്നു
താഴെ: ഫ്രാൻസിലെ ഡിസ്ട്രിക്റ്റ് കൺവെൻഷനു പുറപ്പെടാൻ സജ്ജമാകുന്ന വാടകബസുകൾ
[25-ാം പേജിലെ ചിത്രം]
പോർച്ചുഗൽ ബ്രാഞ്ചിൽ പ്രഭാത ആരാധന നടത്തുന്നു
[25-ാം പേജിലെ ചിത്രം]
1988-ൽ സമർപ്പിക്കപ്പെട്ട പോർച്ചുഗൽ ബ്രാഞ്ച്
[26-ാം പേജിലെ ചിത്രം]
ബ്രുക്ലിൻ ബെഥേലിൽ നിന്നു വന്ന ഹ്യൂഗോ റീമെർ സഹോദരന്റെ പ്രസംഗം ഞങ്ങൾക്കു പ്രോത്സാഹജനകമായിരുന്നു
[26-ാം പേജിലെ ചിത്രം]
എന്റെ ഭാര്യയോടൊത്ത്