യേശുക്രിസ്തുവിൽ വിശ്വസിക്കേണ്ടത് എന്തുകൊണ്ട്?
യേശുക്രിസ്തുവിൽ വിശ്വസിക്കേണ്ടത് എന്തുകൊണ്ട്?
“അവൻ മഹാനും ജ്ഞാനിയുമായ ഒരു പ്രബോധകൻ ആയിരുന്നു എന്ന് ക്രിസ്ത്യാനികൾ അല്ലാത്ത അനേകർ പോലും വിശ്വസിക്കുന്നു. തീർച്ചയായും, മറ്റുള്ളവരുടെമേൽ ഇന്നോളം സ്വാധീനം ചെലുത്തിയിട്ടുള്ള അഗ്രഗണ്യരിൽ ഒരുവനാണ് അവൻ.” (ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ) “അവൻ” ആരാണ്? ക്രിസ്ത്യാനിത്വത്തിന്റെ സ്ഥാപകനായ യേശുക്രിസ്തു.
എൻസൈക്ലോപീഡിയ അങ്ങനെ പറയുന്നുണ്ടെങ്കിലും, പൗരസ്ത്യ ദേശങ്ങളിലും മറ്റു പലയിടങ്ങളിലുമുള്ള കോടിക്കണക്കിന് ആളുകൾക്ക്, യേശുക്രിസ്തു എന്നതു സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്നു പഠിച്ച ഒരു പേരു മാത്രമാണ്. ക്രൈസ്തവലോകത്തിലെ സഭകളിൽ പോലും യേശുവിനെ ശരിക്ക് അറിഞ്ഞു കൂടെന്നു പറയുന്ന, അവന്റെ ജീവിതത്തെ കുറിച്ചു ബൈബിളിലുള്ള നാലു വൃത്താന്തങ്ങളുടെ (സുവിശേഷങ്ങളുടെ) പരമാർഥതയെ സംശയിക്കുന്ന പുരോഹിതന്മാരും ദൈവശാസ്ത്രജ്ഞന്മാരും ഉണ്ട്.
സുവിശേഷ എഴുത്തുകാർ യേശുവിന്റെ ജീവിതകഥ കെട്ടിച്ചമച്ചതായിരിക്കുമോ? ഒരിക്കലുമല്ല! സുവിശേഷ വൃത്താന്തങ്ങൾ വിശകലനം ചെയ്ത ശേഷം വിഖ്യാത ചരിത്രകാരനായ വിൽ ഡ്യൂറന്റ് എഴുതി: “ഇത്ര ശക്തനും ആകർഷണീയനും ആയ ഒരു വ്യക്തിയെ, ഇത്ര ഉയർന്ന ഒരു ധർമശാസ്ത്രത്തെ, മനുഷ്യ സാഹോദര്യത്തിന്റെ ഇത്ര പ്രചോദകമായ ഒരു ദർശനത്തെ ഒരു തലമുറകൊണ്ടു സാധാരണക്കാരായ ഏതാനും ചില മനുഷ്യർ ഭാവനയിൽ സൃഷ്ടിച്ചെടുത്തതാണ് എങ്കിൽ അത് സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള ഏതൊരു അത്ഭുതത്തെക്കാളും അങ്ങേയറ്റം അവിശ്വസനീയമായ ഒരു അത്ഭുതമായിരിക്കും. രണ്ടു നൂറ്റാണ്ടു കാലത്തെ അതികൃത്തിപ്പിനു ശേഷവും ക്രിസ്തുവിന്റെ ജീവിതം, സ്വഭാവം, പഠിപ്പിക്കലുകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ യുക്ത്യാനുസൃതവും വ്യക്തവുമായി നിലകൊള്ളുന്നു. അതു പാശ്ചാത്യരുടെ ചരിത്രത്തെ അങ്ങേയറ്റം സ്വാധീനിച്ചിരിക്കുന്നു.”
എങ്കിലും, യേശുക്രിസ്തുവിന്റെ അനുഗാമികൾ എന്ന് അവകാശപ്പെട്ടവർ കാട്ടിക്കൂട്ടിയ കാര്യങ്ങൾ നിമിത്തം അവനെ കുറിച്ചു പരിചിന്തിക്കാൻ കൂട്ടാക്കാത്ത പലരും ഉണ്ട്. ‘ജപ്പാനിലെ മിക്ക നഗരങ്ങളിലും ഉണ്ടായിരുന്നതിനെക്കാൾ ക്രിസ്ത്യാനികൾ നാഗസാക്കിയിൽ ഉണ്ടായിരുന്നിട്ടും അവർ അവിടെ ആറ്റം ബോംബ് ഇട്ടു’ എന്നു ജപ്പാനിലുള്ള ചിലർ പറയും. എന്നാൽ, ഡോക്ടറുടെ മാർഗനിർദേശം അനുസരിക്കാത്ത ഒരാളുടെ രോഗം മാറാത്തതിനു ഡോക്ടറെ കുറ്റം പറയാനാകുമോ? ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെടുന്ന മിക്കവരും, മനുഷ്യവർഗത്തെ ബാധിച്ചിരിക്കുന്ന രോഗത്തിന് യേശു വിധിച്ച പ്രതിവിധിയെ ദീർഘകാലമായി അവഗണിച്ചിരിക്കുന്നു. എങ്കിലും, നമ്മുടെ അനുദിന ജീവിത പ്രശ്നങ്ങൾക്കും ലോകവ്യാപകമായുള്ള മനുഷ്യവർഗത്തിന്റെ യാതനകൾക്കും യേശു പ്രതിവിധി നിർദേശിച്ചു. അതുകൊണ്ടാണ് തുടർന്നുള്ള ലേഖനം വായിച്ചുകൊണ്ട് അവൻ എങ്ങനെ ഉള്ളവനെന്നു മനസ്സിലാക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നത്.