ആരോഗ്യകരമായ ആശയവിനിമയം—ദാമ്പത്യ വിജയത്തിന്റെ താക്കോൽ
ആരോഗ്യകരമായ ആശയവിനിമയം—ദാമ്പത്യ വിജയത്തിന്റെ താക്കോൽ
റോബർട്ട് ബാരൻ, 1778-ൽ ഡബിൾ ആക്ടിങ് ലിവർ ടംബ്ലർ ലോക്ക് കണ്ടുപിടിച്ചു. ആധുനികകാല ലോക്കിന്റെ അടിസ്ഥാനമായി വർത്തിക്കുന്നത് അതാണ്. അദ്ദേഹത്തിന്റെ ഡിസൈൻ പ്രകാരം, ഒരു താക്കോൽ കൊണ്ടുതന്നെ താഴിനുള്ളിലെ രണ്ടു ലിവറുകളും ഒന്നിച്ച് ഉയർത്താൻ സാധിക്കുമായിരുന്നു.
സമാനമായി, ഒരു വിജയപ്രദമായ വിവാഹജീവിതം ഭാര്യാഭർത്താക്കന്മാരുടെ ഐക്യത്തോടെയുള്ള പ്രവർത്തനത്തെ ആശ്രയിച്ചിരിക്കുന്നു. ഉത്തമ ദാമ്പത്യബന്ധത്തിലെ വിലതീരാത്ത സന്തോഷം നുകരുന്നതിന് അത്യാവശ്യമായിരിക്കുന്ന ഒരു സംഗതി ആരോഗ്യകരമായ ആശയവിനിമയമാണ്.
ആരോഗ്യകരമായ ആശയവിനിമയത്തിൽ ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങൾ
ആരോഗ്യകരമായ ആശയവിനിമയത്തിൽ ഉൾപ്പെട്ടിരിക്കുന്നത് എന്താണ്? ഒരു നിഘണ്ടു ആശയവിനിമയത്തെ നിർവചിക്കുന്നത് “ആശയങ്ങൾ, അഭിപ്രായങ്ങൾ എന്നിവയുടെയോ ഭാഷണം, ആലേഖനം, ആംഗ്യങ്ങൾ എന്നിവ മുഖാന്തരമുള്ള വിവരങ്ങളുടെയോ പകരൽ അല്ലെങ്കിൽ കൈമാറ്റം” എന്നാണ്. അതുകൊണ്ട് ആശയവിനിമയത്തിൽ ഉൾപ്പെട്ടിരിക്കുന്നത് വികാരങ്ങളുടെയോ ആശയങ്ങളുടെയോ പങ്കുവെക്കലാണ്. കെട്ടുപണി ചെയ്യുന്ന, നവോന്മേഷദായകമായ, സത്ഗുണമുള്ള, സ്തുത്യർഹമായ, ആശ്വാസദായകമായ കാര്യങ്ങൾ ആരോഗ്യകരമായ ആശയവിനിമയത്തിൽ ഉൾപ്പെടുന്നു.—എഫെസ്യർ 4:29-32; ഫിലിപ്പിയർ 4:8.
വിശ്വാസം, ആശ്രയം, പരസ്പര ധാരണ എന്നിവ ഉണ്ടായിരിക്കുമ്പോഴാണ് ആരോഗ്യകരമായ ആശയവിനിമയം സാധ്യമായിത്തീരുന്നത്. വിവാഹത്തെ ഒരു ആജീവനാന്ത ബന്ധമായി വീക്ഷിക്കുകയും അതിനെ വിജയിപ്പിക്കാൻ യഥാർഥമായ പ്രതിബദ്ധത ഉണ്ടായിരിക്കുകയും ചെയ്യുമ്പോഴാണ് ഈ ഗുണങ്ങൾ പ്രകടമാക്കാനാകുക. അത്തരമൊരു ബന്ധത്തെ പരാമർശിച്ചുകൊണ്ട് 18-ാം നൂറ്റാണ്ടിലെ ഒരു ഉപന്യാസകർത്താവായ ജോസഫ് അഡിസൺ ഇങ്ങനെ എഴുതി: “പരസ്പരം ആശ്വാസവും ആനന്ദവും പ്രദാനം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ പങ്കാളികൾ ആയിത്തീരാൻ തീരുമാനിച്ചിരിക്കുന്ന രണ്ടു പേർ, അങ്ങനെ ചെയ്യുകവഴി, ഇരുവരുടെയും കുറവുകളുടെയും നിറവുകളുടെയും കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനും ആർദ്രതയും വിവേകവും ക്ഷമയും സഹനവും സന്തോഷവും ഉള്ളവരായിരിക്കാനും തങ്ങളെത്തന്നെ ആജീവനാന്തം ബാധ്യസ്ഥരാക്കിത്തീർത്തിരിക്കുന്നു.” അത്തരമൊരു ബന്ധം എത്ര സന്തോഷകരമാണ്! ഇത്തരം അമൂല്യ ഗുണങ്ങൾ നിങ്ങളുടെ വിവാഹത്തിന് ഒരു ഭൂഷണം ആയിരിക്കാവുന്നതാണ്. ആരോഗ്യകരമായ ആശയവിനിമയത്തിലൂടെ നിങ്ങൾക്കവ സ്വന്തമാക്കാൻ കഴിയും.
ആരോഗ്യാവഹമായ ആശയവിനിമയത്തിനുള്ള പ്രതിബന്ധങ്ങൾ
അനേകരും ശുഭാപ്തിവിശ്വാസത്തോടെയാണ്, അത്യാഹ്ലാദത്തോടെ പോലുമാണ്, വിവാഹിതരാകുന്നത്. അനേകരുടെയും കാര്യത്തിൽ പെട്ടെന്നുതന്നെ ആ അത്യാഹ്ലാദം കെട്ടടങ്ങുന്നു, ശുഭാപ്തിവിശ്വാസത്തിനു മങ്ങലേൽക്കുന്നു. നിരാശ, ദേഷ്യം, ശത്രുത, കടുത്ത അനിഷ്ടം എന്നിവയെല്ലാം ശുഭാപ്തിവിശ്വാസത്തിന്റെ സ്ഥാനം അപഹരിച്ചേക്കാം. വിവാഹം അപ്പോൾ, “മരണം വേർപിരിക്കും വരെ”യുള്ള സഹിച്ചുനിൽപ്പിന്റെ ഒരു അവസ്ഥ മാത്രമായിത്തീരുന്നു. ഒരു ഉത്തമ വിവാഹജീവിതത്തിന് അവശ്യം വേണ്ട
ആരോഗ്യകരമായ ആശയവിനിമയത്തെ മെച്ചപ്പെടുത്തുന്നതിനോ നിലനിർത്തുന്നതിനോ ചില പ്രതിബന്ധങ്ങൾ തരണം ചെയ്യേണ്ടതുണ്ട്.ചില വിവരങ്ങളോ ആഗ്രഹമോ അറിയിക്കുമ്പോൾ ഇണ എങ്ങനെ പ്രതികരിക്കും എന്ന ഭയമായിരിക്കാം ആരോഗ്യകരമായ ആശയവിനിമയത്തിനുള്ള ഒരു യഥാർഥ വിലങ്ങുതടി. ഉദാഹരണത്തിന്, തന്നിൽ വികാസം പ്രാപിക്കുന്ന ഗുരുതരമായ രോഗത്തെയോ വൈകല്യത്തെയോ കുറിച്ച് അറിഞ്ഞാൽ, താൻ നിരസിക്കപ്പെട്ടേക്കുമോ എന്ന ഭയം ഒരു ഇണയിൽ ഉടലെടുത്തേക്കാം. ഒരു ചികിത്സാനടപടി തന്റെ ആകാരത്തിനോ പ്രവർത്തന ക്ഷമതയ്ക്കോ മൊത്തത്തിൽ മാറ്റം വരുത്തുമെന്ന് എങ്ങനെയാണ് ഒരുവൻ തന്റെ ഇണയ്ക്കു വിശദീകരിച്ചുകൊടുക്കുക? അത്തരം സാഹചര്യങ്ങളിൽ, ആത്മാർഥമായ ആശയവിനിമയവും ഭാവി സംബന്ധിച്ച ശ്രദ്ധാപൂർവകമായ ആസൂത്രണവും പൂർവാധികം ആവശ്യമാണ്. സ്നേഹിക്കുന്നുവെന്ന വാഗ്രൂപേണയുള്ള ഉറപ്പും ഒപ്പം ദയാർദ്ര പ്രവൃത്തികളും യഥാർഥത്തിൽ സംതൃപ്തികരമായ വിവാഹജീവിതത്തിന് സഹായകമായ വ്യക്തിപരമായ താത്പര്യത്തെ പ്രകടമാക്കുന്നവയാണ്. വിവാഹജീവിതത്തിൽ പിൻവരുന്ന സദൃശവാക്യം ഏറ്റവും അന്വർഥമാകണം: “സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോദരനായ്തീരുന്നു.”—സദൃശവാക്യങ്ങൾ 17:17.
ആരോഗ്യകരമായ ആശയവിനിമയത്തിനുള്ള മറ്റൊരു തടസ്സം നീരസമാണ്. ആത്മാർഥമായി ക്ഷമിക്കുന്ന രണ്ടു പേരുടെ കൂടിച്ചേരലാണ് സന്തോഷകരമായ വിവാഹജീവിതം എന്ന് ഉചിതമായി പറയപ്പെട്ടിട്ടുണ്ട്. അങ്ങനെ ആയിത്തീരുന്നതിന്, അപ്പൊസ്തലനായ പൗലൊസിന്റെ പിൻവരുന്ന പ്രായോഗിക ബുദ്ധിയുപദേശം ബാധകമാക്കാൻ ദമ്പതികൾ സർവശ്രമവും ചെയ്യും: “സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുതു.” (എഫെസ്യർ 4:26) ദേഷ്യമോ നീരസമോ വെച്ചുകൊണ്ടിരിക്കുന്നതിനു പകരം ആ ബുദ്ധിയുപദേശം ബാധകമാക്കണമെങ്കിൽ താഴ്മയോടെയുള്ള ആശയവിനിമയം ആവശ്യമാണ്. ഏതു നേരവും ദേഷ്യപ്പെടാനോ വഴക്കിടാനോ വിദ്വേഷം വെച്ചുപുലർത്താനോ ചായ്വുള്ളവരായിരിക്കില്ല നല്ല വിവാഹജീവിതം നയിക്കുന്ന ദമ്പതികൾ. (സദൃശവാക്യങ്ങൾ 30:33) നീരസം വെച്ചുപുലർത്തുന്നില്ലാത്ത ദൈവത്തെ അനുകരിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. (യിരെമ്യാവു 3:12, NW) യഥാർഥത്തിൽ, അവർ ഹൃദയംഗമമായി ക്ഷമിക്കുന്നു.—മത്തായി 18:35.
ഏതൊരു ആശയവിനിമയത്തിനുമുള്ള ഒരു വലിയ പ്രതിബന്ധം ഇണയോട് മനഃപൂർവം സംസാരിക്കാതിരിക്കുന്നതാണ്. മുഖം വീർപ്പിച്ചിരിക്കൽ, കടുത്ത ദീർഘനിശ്വാസങ്ങൾ, യാന്ത്രികമായ പ്രവർത്തനങ്ങൾ, സംസാരിക്കാൻ കൂട്ടാക്കാതിരിക്കൽ എന്നിവ ഇതിൽ ഉൾപ്പെട്ടേക്കാം. ഈ വിധത്തിൽ പ്രവർത്തിക്കുന്ന ഒരു ഇണ അപ്രീതിയാണു പ്രകടിപ്പിക്കുന്നത്. ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ചിരിക്കുന്നതിനെക്കാൾ വ്യക്തിപരമായ വികാരങ്ങൾ തുറന്ന്, സുഖകരമായ രീതിയിൽ സംസാരിക്കുന്നതാണ് വിവാഹജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുന്നത്.
വിവാഹബന്ധത്തിലെ നല്ല ആശയവിനിമയത്തിനു പ്രതിബന്ധം ആയിരുന്നേക്കാവുന്ന മറ്റൊരു സംഗതി ഇണ സംസാരിക്കുമ്പോൾ നന്നായി അല്ലെങ്കിൽ ഒട്ടുംതന്നെ ശ്രദ്ധിക്കാതിരിക്കുന്നതാണ്. ചിലപ്പോഴൊക്കെ ക്ഷീണമോ തിരക്കോ നിമിത്തം പരസ്പരം ശ്രദ്ധിക്കാൻ കഴിയാത്ത മാനസികമോ വൈകാരികമോ ആയ അവസ്ഥയിലായിരിക്കാം നാം. ഒരു ഇണ താൻ വ്യക്തമായി പറഞ്ഞു എന്നു വിചാരിക്കുന്ന, അതേസമയം മറ്റേ ഇണ തെറ്റായി മനസ്സിലാക്കുകയോ ഇതിനു മുമ്പു തന്നോടു പറഞ്ഞിട്ടില്ല എന്നു ശഠിക്കുകയോ ചെയ്യുന്ന കാര്യങ്ങളെ പ്രതി വാദപ്രതിവാദങ്ങൾ അണപൊട്ടിയൊഴുകിയേക്കാം. അത്തരം വൈഷമ്യങ്ങൾക്കു കാരണം നല്ല രീതിയിലുള്ള ആശയവിനിമയത്തിന്റെ അഭാവമാണ്.
ആരോഗ്യാവഹമായ ആശയവിനിമയം വളർത്തിയെടുക്കുന്ന വിധം
സ്നേഹപുരസ്സരവും ആരോഗ്യകരവുമായ ആശയവിനിമയത്തിനു സമയം നീക്കിവെക്കുന്നത് എത്ര പ്രധാനമാണ്! ചിലർ ടിവിയിൽ മറ്റുള്ളവരുടെ ജീവിതം വീക്ഷിച്ചുകൊണ്ട് അതിനു മുമ്പിൽ വളരെയധികം സമയം ചെലവിടുന്നതിനാൽ അവർക്കു സ്വന്തം കാര്യങ്ങൾക്ക് ഒട്ടുംതന്നെ സമയമില്ല. അക്കാരണത്താൽ ടെലിവിഷൻ ഓഫ് ചെയ്യേണ്ടത് മിക്കപ്പോഴും ആരോഗ്യകരമായ ആശയവിനിമയത്തിന് അത്യന്താപേക്ഷിതമാണ്.
സംസാരിക്കാൻ തക്ക സമയമുള്ളതുപോലെ മിണ്ടാതിരിപ്പാനും ഒരു സമയമുണ്ട്. ജ്ഞാനിയായ മനുഷ്യൻ ഇങ്ങനെ പറഞ്ഞു: “എല്ലാററിന്നും ഒരു സമയമുണ്ടു; . . . മിണ്ടാതിരിപ്പാൻ ഒരു കാലം, സംസാരിപ്പാൻ ഒരു കാലം.” തീർച്ചയായും ഉചിതമായ വാക്കുകൾ സഭാപ്രസംഗി 3:1, 7; സദൃശവാക്യങ്ങൾ 15:23) നിങ്ങളുടെ ആഗ്രഹമോ അഭിലാഷമോ പറയുന്നതിനുള്ള നല്ല സമയം എപ്പോഴാണെന്നു തീരുമാനിക്കുക. സ്വയം ഇങ്ങനെ ചോദിക്കുക: ‘എന്റെ ഇണ ക്ഷീണിച്ച അവസ്ഥയിലാണോ അതോ പിരിമുറുക്കമില്ലാത്ത ഉന്മേഷഭരിതമായ മാനസിക നിലയിലാണോ? ഞാൻ പറയാൻ പോകുന്ന സംഗതി ഒരു പൊട്ടിത്തെറി ഉണ്ടാക്കുമോ? ഈ കാര്യത്തെക്കുറിച്ച് ഞങ്ങൾ കഴിഞ്ഞ തവണ സംസാരിച്ചപ്പോൾ ഇണ എന്റെ ഏതു വാക്കുകളിലാണു കയറിപ്പിടിച്ചത്?’
പറയുന്നതും പ്രധാനമാണ്. “തക്കസമയത്തു പറയുന്ന വാക്കു എത്ര മനോഹരം!” എന്ന് ഒരു സദൃശവാക്യം പറയുന്നു. (ഒരു പ്രത്യേക കാര്യത്തിൽ സഹകരണവും വിട്ടുവീഴ്ചയും കാട്ടുന്നത് തങ്ങൾക്ക് എങ്ങനെ പ്രയോജനം ചെയ്യുന്നുവെന്നു മനസ്സിലാക്കുമ്പോൾ ആളുകൾ നന്നായി പ്രതികരിക്കുന്നു എന്ന് ഓർത്തിരിക്കുന്നതു നല്ലതാണ്. ഇണകളുടെ ഇടയിൽ സംഘർഷാവസ്ഥ വളർന്നുവന്നിട്ടുണ്ടെങ്കിൽ, ഒരാൾ ഇങ്ങനെ പറയാൻ ചായ്വു കാണിച്ചേക്കാം: “എന്നെ അലട്ടുന്ന ചില കാര്യങ്ങളുണ്ട്, നമ്മൾ അതു പരിഹരിച്ചിട്ടേ ബാക്കി കാര്യമുള്ളൂ!” തീർച്ചയായും, സാഹചര്യങ്ങൾക്കനുസരിച്ച് പറയുന്ന വാക്കുകൾ വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും ഏതാണ്ട് ഇതുപോലെ പറയുന്നതായിരിക്കും ഏറെ മെച്ചം: “പിന്നേ, നമ്മൾ നേരത്തെ പറഞ്ഞ ആ സംഗതിയെക്കുറിച്ച്, അത് എങ്ങനെ ഒന്ന് നേരെയാക്കാൻ കഴിയുമെന്നു ഞാൻ ചിന്തിക്കുകയായിരുന്നു.” ഇതിൽ ഏതു സമീപനമായിരിക്കും നിങ്ങളുടെ ഇണയ്ക്കു കൂടുതൽ സ്വീകാര്യം?
ഒരു സംഗതി പറയുന്ന വിധം വളരെ പ്രധാനമാണ്. അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ എഴുതി: “നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയതും [“പ്രസാദകരവും,” NW] ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ.” (കൊലൊസ്സ്യർ 4:6) നിങ്ങളുടെ സംസാരരീതിയും വാക്കുകളും പ്രസാദകരമാക്കാൻ ശ്രമിക്കുക. “ഇമ്പമുള്ള വാക്കു തേൻകട്ടയാകുന്നു; മനസ്സിന്നു മധുരവും അസ്ഥികൾക്കു ഔഷധവും തന്നേ” എന്നത് മനസ്സിൽ പിടിക്കുക.—സദൃശവാക്യങ്ങൾ 16:24.
വീട്ടുകാര്യങ്ങൾ ഒരുമിച്ചു ചെയ്യുന്നത് ചില ദമ്പതികൾക്ക് ആശയവിനിമയത്തിനുള്ള സാഹചര്യം ഒരുക്കിയേക്കാം. അത് ആരോഗ്യകരമായ ആശയവിനിമയത്തിനു സമയം പ്രദാനം ചെയ്യുന്നതോടൊപ്പം തങ്ങൾ ആലോചിച്ചാണു കാര്യങ്ങൾ ചെയ്യുന്നത് എന്ന ബോധ്യം വളർത്തിയെടുക്കുകയും ചെയ്യും. മറ്റു ചില ദമ്പതികളുടെ കാര്യത്തിൽ ജോലിയൊന്നും ചെയ്യാതെ ഒരുമിച്ചു സമയം ചെലവഴിക്കുന്നത് ഉത്തമവും ആരോഗ്യകരമായ ആശയവിനിമയത്തിനു കൂടുതൽ സഹായകവുമാണ്.
മനപ്പൊരുത്തമുള്ള ദമ്പതികൾ പരസ്പരം ആശയവിനിമയം നടത്തുന്നതു ശ്രദ്ധിച്ചാൽ മിക്കപ്പോഴും അനേകം കാര്യങ്ങൾ പഠിക്കാൻ കഴിയും. അവരെ ആ വിധത്തിൽ ആക്കിത്തീർത്തത് എന്താണ്? വ്യക്തിപരമായ ശ്രമം, ക്ഷമ, സ്നേഹപുരസ്സരമായ പരിഗണന എന്നിവയുടെ ഫലമാണ് അവരുടെ പൊരുത്തവും ആശയവിനിമയത്തിലെ ശാന്തതയും. അവർ അനേകം കാര്യങ്ങൾ പഠിക്കേണ്ടിവന്നു എന്നു വ്യക്തമാണ്, കാരണം ഉത്തമ വിവാഹബന്ധം തനിയേ ഉണ്ടാകുന്നതല്ല. ഇണയുടെ വീക്ഷണത്തിനു പരിഗണന കൊടുക്കുന്നതും പങ്കാളിയുടെ ആവശ്യങ്ങളെ വിലമതിക്കുന്നതും വിവേകപൂർവകമായ വാക്കുകളാൽ സമ്മർദപൂരിതമായേക്കാവുന്ന സാഹചര്യങ്ങളെ മയപ്പെടുത്തുന്നതും എത്ര പ്രധാനമാണ്. (സദൃശവാക്യങ്ങൾ 16:23) നിങ്ങൾ വിവാഹിതനാണെങ്കിൽ സൗമ്യപ്രകൃതനും ക്ഷമ ചോദിക്കാൻ ഒരുക്കമുള്ളവനും ആകാൻ ശ്രമിക്കുക. അതു നിശ്ചയമായും നിങ്ങളുടെ വിവാഹജീവിതത്തെ വിജയപ്രദമാക്കും.
ആളുകൾ സന്തുഷ്ടമായ, നിലനിൽക്കുന്ന വിവാഹജീവിതം ആസ്വദിക്കണം എന്നതാണ് യഹോവയാം ദൈവത്തിന്റെ ആഗ്രഹം. (ഉല്പത്തി 2:18, 21) പക്ഷേ, അതിനുള്ള താക്കോൽ വിവാഹ ഇണകളുടെ പക്കലാണ്. ഇണകൾ ഇരുവരും സ്നേഹത്തോടെ ഐക്യത്തിൽ പ്രവർത്തിക്കുന്നവർ ആയിരുന്നാലേ ആരോഗ്യകരമായ ആശയവിനിമയം എന്ന കല അഭ്യസിച്ചുകൊണ്ട് വിവാഹജീവിതം വിജയപ്രദമാക്കാനാകൂ.
[22-ാം പേജിലെ ചിത്രം]
ടിവി ഓഫ് ചെയ്താൽ ആശയവിനിമയത്തിനു കൂടുതൽ സമയം ലഭിക്കും
[23-ാം പേജിലെ ചിത്രം]
നിലനിൽക്കുന്ന സ്നേഹത്തിൽ ഹൃദയങ്ങളെ ബന്ധിപ്പിക്കാൻ ആരോഗ്യാവഹമായ ആശയവിനിമയം സഹായിക്കുന്നു