പ്രത്യാശ നങ്കൂരമാക്കി, സ്നേഹത്താൽ പ്രചോദിതരായി
പ്രത്യാശ നങ്കൂരമാക്കി, സ്നേഹത്താൽ പ്രചോദിതരായി
“വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നേ.”—1 കൊരിന്ത്യർ 13:13.
1. എന്തു മുന്നറിയിപ്പാണു പൗലൊസ് അപ്പൊസ്തലൻ നമുക്കു നൽകുന്നത്?
ഒരു കപ്പലിന്റെ കാര്യത്തിൽ സംഭവിച്ചേക്കാവുന്നതു പോലെ, നമ്മുടെ വിശ്വാസവും തകർന്നേക്കാം എന്നു പൗലൊസ് അപ്പൊസ്തലൻ മുന്നറിയിപ്പു നൽകുന്നു. “വിശ്വാസവും നല്ല മനസ്സാക്ഷിയും” ഉണ്ടായിരിക്കുന്നതിനെയും ‘ചിലർ അവ തള്ളിക്കളഞ്ഞിട്ട് അവരുടെ വിശ്വാസക്കപ്പൽ തകർന്നുപോയ’തിനെയും കുറിച്ച് അവൻ പറയുന്നു. (1 തിമൊഥെയൊസ് 1:18, 19) പൊ.യു. ഒന്നാം നൂറ്റാണ്ടിൽ കപ്പലുകൾ നിർമിച്ചിരുന്നതു തടികൊണ്ടാണ്. അവ സമുദ്രയാത്രയ്ക്കു പറ്റിയതാണോ എന്നത് അവ നിർമിക്കാൻ ഉപയോഗിച്ച തടിയുടെ ഗുണത്തെയും അവയുടെ നിർമാണ വൈദഗ്ധ്യത്തെയും ആശ്രയിച്ചിരുന്നു.
2. നമ്മുടെ വിശ്വാസക്കപ്പൽ നന്നായി നിർമിക്കപ്പെടേണ്ടത് എന്തുകൊണ്ട്, അതിനു നമ്മുടെ പക്ഷത്ത് എന്ത് ആവശ്യമാണ്?
2 നമ്മുടെ വിശ്വാസക്കപ്പൽ പ്രക്ഷുബ്ധമായ മനുഷ്യസമുദ്രത്തിൽ പൊങ്ങിക്കിടക്കേണ്ടതുണ്ട്. (യെശയ്യാവു 57:20; വെളിപ്പാടു 17:15) അതിന്, ആ കപ്പൽ നന്നായി നിർമിക്കപ്പെട്ടത് ആയിരിക്കണം. അതു നമ്മെ ആശ്രയിച്ചിരിക്കുന്നു. ആദിമ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം, യഹൂദ-റോമാ ലോക “സമുദ്രങ്ങൾ” വിശേഷിച്ചും പ്രക്ഷുബ്ധമായിരുന്നപ്പോൾ യൂദാ ഇങ്ങനെ എഴുതി: “പ്രിയമുള്ളവരേ; നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തെ ആധാരമാക്കി നിങ്ങൾക്കു തന്നേ ആത്മികവർദ്ധന വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ചും നിത്യജീവന്നായിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണെക്കായി കാത്തിരുന്നുംകൊണ്ടു ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ.” (യൂദാ 20, 21) ‘വിശുദ്ധന്മാർക്കു ഭരമേല്പിച്ചിരിക്കുന്ന വിശ്വാസ’ത്തിനുവേണ്ടി പോരാടുന്നതിനെ കുറിച്ചും യൂദാ പറഞ്ഞ സ്ഥിതിക്ക് ‘അതിവിശുദ്ധ വിശ്വാസം’ എന്ന പ്രയോഗം, രക്ഷയെ കുറിച്ചുള്ള സുവാർത്ത ഉൾപ്പെടെ ക്രിസ്തീയ പഠിപ്പിക്കലുകളെ മൊത്തമായി പരാമർശിക്കാൻ ഉപയോഗിക്കാവുന്നതാണ്. (യൂദാ 3) ക്രിസ്തുവാണ് ആ വിശ്വാസത്തിന്റെ അടിസ്ഥാനം. യഥാർഥ ക്രിസ്തീയ വിശ്വാസം മുറുകെ പിടിക്കുന്നതിനു ശക്തമായ വിശ്വാസം ആവശ്യമാണ്.
മതഭേദം ഹേതുവായുള്ള ഭീതിയെ അതിജീവിക്കൽ
3. ചിലർ ‘മതഭേദ ഭീതി’ ഉപയോഗിക്കുന്നത് എങ്ങനെ?
3 സമീപ വർഷങ്ങളിൽ കൂട്ട ആത്മഹത്യകളും കൊലപാതകങ്ങളും ഗുപ്ത മതഭേദങ്ങൾ ഉൾപ്പെടുന്ന ഭീകരപ്രവർത്തനങ്ങളും ഭീതിദമായ തോതിൽ അരങ്ങേറിയിട്ടുണ്ട്. ആത്മാർഥതയുള്ള രാഷ്ട്രീയ നേതാക്കന്മാർ ഉൾപ്പെടെ പലരും അപകടകാരികളായ അത്തരം മതഭേദങ്ങളിൽ നിന്നു നിരപരാധികളായ ആളുകളെ സംരക്ഷിക്കുന്നതിനു താത്പര്യമെടുത്തിട്ടുണ്ട്. “ഈ ലോകത്തിന്റെ ദൈവ”മാണു ഹീനമായ ഇത്തരം കുറ്റകൃത്യങ്ങൾക്കു പിന്നിൽ എന്നതിനു സംശയമില്ല. ‘മതഭേദ ഭീതി’യെന്ന് അനേകരും വിളിക്കുന്ന ഒരു അവസ്ഥ സൃഷ്ടിച്ചിട്ട് യഹോവയുടെ ജനത്തിന് എതിരെ അവൻ അതിനെ ഉപയോഗിക്കുന്നു. (2 കൊരിന്ത്യർ 4:4; വെളിപ്പാടു 12:12) നമ്മുടെ വേലയ്ക്കെതിരെ എതിർപ്പ് ഇളക്കിവിടാൻ ചിലർ ഈ സാഹചര്യം മുതലെടുത്തിരിക്കുന്നു. അവർ ചില രാജ്യങ്ങളിൽ, “അപകടകാരികളായ മതഭേദങ്ങ”ളിൽ നിന്നു ജനങ്ങളെ സംരക്ഷിക്കാനായി പ്രചരണപരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നു. അക്കൂട്ടർ യഹോവയുടെ സാക്ഷികൾക്കെതിരെ തെറ്റായ ആരോപണം ഉന്നയിക്കുകയും ചെയ്യുന്നു. ഇത് ചില യൂറോപ്യൻ രാജ്യങ്ങളിൽ വീടുതോറുമുള്ള സാക്ഷീകരണം പ്രയാസകരം ആക്കിത്തീർത്തിരിക്കുന്നു. മാത്രമല്ല, നമ്മോടൊപ്പം ബൈബിൾ പഠിച്ചുകൊണ്ടിരുന്ന ചിലർ അധ്യയനം നിറുത്താനും അത് ഇടയാക്കി. ഇതെല്ലാം നമ്മുടെ ചില സഹോദരങ്ങളെ നിരുത്സാഹിതരാക്കിയിട്ടുണ്ട്.
4. എതിർപ്പുകൾ നമ്മെ നിരുത്സാഹപ്പെടുത്തരുതാത്തത് എന്തുകൊണ്ട്?
4 എതിർപ്പുകൾ നമ്മെ നിരുത്സാഹപ്പെടുത്തുന്നതിനു പകരം, നാം സത്യക്രിസ്ത്യാനിത്വം ആണു പിൻപറ്റുന്നത് എന്ന നമ്മുടെ ബോധ്യത്തെ ശക്തിപ്പെടുത്തുകയാണു വേണ്ടത്. (മത്തായി 5:11, 12) ആദിമ ക്രിസ്ത്യാനികൾ രാജ്യദ്രോഹികളായ മതഭേദക്കാരാണെന്ന് ആരോപിക്കപ്പെട്ടിരുന്നു. അവർക്കെതിരെ എല്ലായിടത്തും “വിരോധം പറയു”കയുണ്ടായി. (പ്രവൃത്തികൾ 24:5; 28:22) എങ്കിലും, പത്രൊസ് അപ്പൊസ്തലൻ സഹ വിശ്വാസികൾക്ക് ഉറപ്പു നൽകിക്കൊണ്ട് ഇങ്ങനെ എഴുതി: “പ്രിയമുള്ളവരേ, നിങ്ങൾക്കു പരീക്ഷെക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കൽ ഒരു അപൂർവ്വകാര്യം നിങ്ങൾക്കു വന്നുകൂടി എന്നുവെച്ചു അതിശയിച്ചുപോകരുതു. ക്രിസ്തുവിന്റെ കഷ്ടങ്ങൾക്കു പങ്കുള്ളവരാകുന്തോറും സന്തോഷിച്ചുകൊൾവിൻ. അങ്ങനെ നിങ്ങൾ അവന്റെ തേജസ്സിന്റെ പ്രത്യക്ഷതയിൽ ഉല്ലസിച്ചാനന്ദിപ്പാൻ ഇടവരും.” (1 പത്രൊസ് 4:12, 13) സമാനമായി, ഒന്നാം നൂറ്റാണ്ടിലെ ഒരു ഭരണസംഘാംഗം ഇങ്ങനെ എഴുതി: “എന്റെ സഹോദരന്മാരേ, നിങ്ങൾ വിവിധ പരീക്ഷകളിൽ അകപ്പെടുമ്പോൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്നു അറിഞ്ഞു അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ. എന്നാൽ നിങ്ങൾ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും ആകേണ്ടതിന്നു സ്ഥിരതെക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ.” (യാക്കോബ് 1:2-4) ഉഗ്രശക്തിയോടെ വീശിയടിക്കുന്ന കടൽക്കാറ്റ് ഒരു കപ്പലിന്റെ ഗുണമേന്മ പരിശോധിക്കുന്നതു പോലെ, എതിർപ്പിന്റെ കൊടുങ്കാറ്റുകൾ നമ്മുടെ വിശ്വാസക്കപ്പലിന്റെ ഗുണമേന്മ വെളിപ്പെടുത്തും.
പീഡനം സഹിഷ്ണുത ഉളവാക്കുന്നു
5. പീഡനത്തിന്മധ്യേ നമ്മുടെ വിശ്വാസം സ്ഥിരതയുള്ളതാണ് എന്നു നമുക്ക് എങ്ങനെ ഉറപ്പുണ്ടായിരിക്കാനാകും?
5 പീഡനത്തിന്റെ കൊടുങ്കാറ്റിനെ അതിജീവിച്ച ശേഷം മാത്രമേ തങ്ങളുടെ സഹിഷ്ണുതയെയും വിശ്വാസത്തിന്റെ സ്ഥിരതയെയും കുറിച്ചു ക്രിസ്ത്യാനികൾക്ക് ഉറപ്പുള്ളവരായിരിക്കാനാകൂ. ശക്തമായ വിശ്വാസം ഉൾപ്പെടെ “ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും” ആയിരുന്നാൽ മാത്രമേ പ്രക്ഷുബ്ധമായ കടലിൽ നമ്മുടെ സഹിഷ്ണുത ‘തികഞ്ഞ പ്രവൃത്തി ഉളവാക്കു’കയുള്ളൂ. “എല്ലാവിധത്തിലും ദൈവത്തിന്റെ ദാസന്മാരാണെന്ന് ഞങ്ങൾ അഭിമാനിക്കുന്നു; വലിയ സഹനത്തിൽ, പീഡകളിൽ, ഞെരുക്കങ്ങളിൽ, അത്യാഹിതങ്ങളിൽ” എന്ന് പൗലൊസ് എഴുതി.—2 കൊരിന്ത്യർ 6:4, പി.ഒ.സി. ബൈ.
6. നാം ‘കഷ്ടങ്ങളിൽ ആഹ്ലാദിക്കേണ്ടത്’ എന്തുകൊണ്ട്, ഇതു നമ്മുടെ പ്രത്യാശയെ ബലിഷ്ഠമാക്കുന്നത് എങ്ങനെ?
6 ചിലപ്പോഴൊക്കെ അഭിമുഖീകരിച്ചേക്കാവുന്ന പീഡനത്തിന്റെ ഉഗ്രമായ കാറ്റുകളെ, നമ്മുടെ വിശ്വാസക്കപ്പൽ ഉറച്ചതും സ്ഥിരതയുള്ളതും ആണെന്നു തെളിയിക്കുന്നതിനുള്ള സന്ദർഭങ്ങളായി നാം വീക്ഷിക്കേണ്ടതുണ്ട്. റോമിലെ ക്രിസ്ത്യാനികൾക്കു പൗലൊസ് ഇങ്ങനെ എഴുതി: “കഷ്ടത സഹിഷ്ണുതയെയും സഹിഷ്ണുത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നു അറിഞ്ഞു നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു [“ആഹ്ലാദിക്കുന്നു,” NW]. പ്രത്യാശെക്കോ ഭംഗം വരുന്നില്ല.” (റോമർ 5:3-5) പീഡനത്തിന്മധ്യേ ഉറച്ചു നിൽക്കുന്നതു യഹോവയുടെ അംഗീകാരം കൈവരുത്തും. ക്രമത്തിൽ അത്, നമ്മുടെ പ്രത്യാശയെ ബലിഷ്ഠമാക്കുകയും ചെയ്യുന്നു.
ചിലരുടെ വിശ്വാസക്കപ്പൽ തകരുന്നതിനു കാരണം
7. (എ) പൗലൊസിന്റെ വാക്കുകൾ വ്യക്തമാക്കുന്നതുപോലെ, ചിലരുടെ ആത്മീയ വിശ്വാസക്കപ്പൽ തകർന്നത് എങ്ങനെ? (ബി) ചിലർ ഇന്നു സത്യം വിട്ടു തെറ്റിയിരിക്കുന്നത് എങ്ങനെ?
7 ‘വിശ്വാസക്കപ്പൽ തകരുന്ന’തിനെ കുറിച്ചു മുന്നറിയിപ്പു നൽകിയപ്പോൾ പൗലൊസിന്റെ മനസ്സിൽ ഉണ്ടായിരുന്നതു നല്ല മനസ്സാക്ഷി “തള്ളിക്കളഞ്ഞ,” വിശ്വാസം ത്യജിച്ച ചിലർ ആയിരുന്നു. (1 തിമൊഥെയൊസ് 1:19) സത്യം വിട്ടു തെറ്റി, ദൂഷണം പറഞ്ഞു വിശ്വാസത്യാഗത്തിൽ വീണുപോയ ഹുമനയൊസും അലെക്സന്തരും അക്കൂട്ടത്തിൽ പെട്ടിരുന്നു. (1 തിമൊഥെയൊസ് 1:20, NW അടിക്കുറിപ്പ്; 2 തിമൊഥെയൊസ് 2:17, 18) ഇന്ന്, സത്യം വിട്ടു തെറ്റുന്ന വിശ്വാസത്യാഗികൾ “വിശ്വസ്തനും വിവേകിയുമായ അടിമ”യെ വാക്കുകളിലൂടെ പ്രഹരിക്കുന്നു. ഫലത്തിൽ, തങ്ങളെ ആത്മീയമായി പോറ്റിയിരുന്നവരുടെ കൈകൾ കടിക്കുകയാണ് അവർ. ചിലർ, “യജമാനൻ വരുവാൻ താമസിക്കുന്നു” എന്നു പറയുന്ന “ദുഷ്ടദാസ”നോടു സമാനരാണ്. (മത്തായി 24:44-49; 2 തിമൊഥെയൊസ് 4:14, 15) ഈ ദുഷ്ട വ്യവസ്ഥിതിയുടെ അന്ത്യം അടുത്തിരിക്കുന്നു എന്ന സംഗതി അവർ നിരസിക്കുന്നുവെന്നു മാത്രമല്ല, യഹോവയുടെ ജനത്തിനിടയിൽ ഒരു അടിയന്തിരതാ ബോധം നിലനിർത്തുന്നതിന് ആത്മീയമായി ഉണർന്നിരിക്കുന്ന അടിമ വർഗത്തെ വിമർശിക്കുകയും ചെയ്യുന്നു. (യെശയ്യാവു 1:3) അത്തരം വിശ്വാസത്യാഗികൾ “ചിലരുടെ വിശ്വാസം മറിച്ചുകളയുന്ന”തിലും അങ്ങനെ അവരുടെ ആത്മീയ വിശ്വാസക്കപ്പൽ തകർക്കുന്നതിലും വിജയിക്കുന്നു.—2 തിമൊഥെയൊസ് 2:18.
8. ചിലരുടെ വിശ്വാസക്കപ്പൽ തകരാൻ അല്ലെങ്കിൽ മുങ്ങാൻ ഇടയാക്കിയിരിക്കുന്നത് എന്ത്?
8 ചില സമർപ്പിത ക്രിസ്ത്യാനികൾ മനസ്സാക്ഷിയുടെ മുന്നറിയിപ്പു തള്ളിക്കളഞ്ഞ് ഈ ലോകത്തിന്റെ കുത്തഴിഞ്ഞ ഉല്ലാസത്തിമിർപ്പിലും ലൈംഗിക അധാർമികതയിലും മുഴുകി തങ്ങളുടെ വിശ്വാസക്കപ്പൽ തകരാൻ അനുവദിച്ചിരിക്കുന്നു. (2 പത്രൊസ് 2:20-22) മറ്റു ചിലരാണെങ്കിൽ, പുതിയ വ്യവസ്ഥിതി ഉടനെയെങ്ങും യാഥാർഥ്യമാകില്ല എന്നു കരുതി തങ്ങളുടെ വിശ്വാസക്കപ്പൽ മുങ്ങാൻ അനുവദിക്കുന്നു. ചില പ്രവചനങ്ങളുടെ നിവൃത്തിയോടുള്ള ബന്ധത്തിൽ സമയം കണക്കാക്കാൻ സാധിക്കാത്തതിനാൽ “കർത്താവിന്റെ ദിവസ”ത്തെ മനസ്സിൽ നിന്ന് അകറ്റി, അവർ സത്യാരാധന ഉപേക്ഷിക്കുന്നു. (2 പത്രൊസ് 3:10-13; 1 പത്രൊസ് 1:9) അങ്ങനെ അവർ വീണ്ടും, ഈ വ്യവസ്ഥിതിയുടെ കലങ്ങിമറിഞ്ഞ വെള്ളത്തിലേക്കു തിരിയുന്നു. (യെശയ്യാവു 17:12, 13; 57:20) ക്രിസ്തീയ സഭയുമായുള്ള സഹവാസം നിറുത്തിയിരിക്കുന്ന ചിലർക്ക്, അതാണു സത്യമതം എന്ന് ഇപ്പോഴും വിശ്വാസമുണ്ട്. എന്നാൽ, യഹോവയാം ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന പുതിയ ലോകത്തിനായി കാത്തിരിക്കാൻ ആവശ്യമായ ക്ഷമയും സഹിഷ്ണുതയും അവർക്കു പ്രത്യക്ഷത്തിൽ ഇല്ല. അവരെ സംബന്ധിച്ചിടത്തോളം, പറുദീസ എന്നതു വിദൂരമായ ഒരു സംഗതിയാണ്.
9. ചില സമർപ്പിത ക്രിസ്ത്യാനികൾ എന്താണു ചെയ്യുന്നത്, ഈ വസ്തുതകൾ എന്തു പരിചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കണം?
9 ലോകത്തിന്റെ ചില ഭാഗങ്ങളിലുള്ള ഏതാനും സമർപ്പിത ക്രിസ്ത്യാനികൾ തങ്ങളുടെ വിശ്വാസക്കപ്പലിന്റെ പായ്വിസ്താരം ചുരുക്കിക്കൊണ്ടു ഗതിവേഗം കുറച്ചിരിക്കുന്നതായി കാണപ്പെടുന്നു. കപ്പൽ പൊങ്ങിക്കിടക്കുന്നുണ്ടെങ്കിലും പൂർണ വിശ്വാസത്തോടെ മുന്നേറുന്നതിനു പകരം സാവധാനത്തിലുള്ള സഞ്ചാരമാണ് അവർ സ്വീകരിച്ചിരിക്കുന്നത്. “പറുദീസ ഉടൻ വരും” എന്ന പ്രത്യാശയിൽ ആകർഷിതരായ ചിലർ അതു നേടിയെടുക്കാൻ അശ്രാന്തം പരിശ്രമിച്ചിരുന്നു—അവർ തീക്ഷ്ണതയോടെ പ്രസംഗവേലയിൽ ഏർപ്പെടുകയും ക്രമമായി എല്ലാ യോഗങ്ങൾക്കും സമ്മേളനങ്ങൾക്കും കൺവെൻഷനുകൾക്കും ഹാജരാകുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ, പ്രത്യാശയുടെ സാക്ഷാത്കാരം തങ്ങൾ പ്രതീക്ഷിച്ചതിനെക്കാൾ അകലെയാണ് എന്നു കരുതുന്ന അവർ മുമ്പത്തെ അത്രയും ശുഷ്കാന്തി കാട്ടാൻ താത്പര്യപ്പെടുന്നില്ല. പ്രസംഗപ്രവർത്തനത്തിലെ അവരുടെ പങ്കു കുറഞ്ഞിരിക്കുന്നതിൽ നിന്നും യോഗങ്ങളും സമ്മേളന-കൺവെൻഷൻ പരിപാടികളും നഷ്ടപ്പെടുത്തുന്നതിൽ നിന്നും അതു വ്യക്തമാണ്. വേറെ ചിലരാണെങ്കിൽ, വിനോദത്തിനും ഭൗതിക സുഖസൗകര്യങ്ങൾക്കും വേണ്ടി കൂടുതൽ സമയം ചെലവഴിക്കുന്നു. യഹോവയ്ക്കുള്ള സമർപ്പണത്തിനു ചേർച്ചയിലുള്ള നമ്മുടെ ജീവിതത്തിലെ പ്രേരകശക്തി എന്തായിരിക്കണം എന്നു പരിചിന്തിക്കാൻ ഈ വസ്തുതകൾ നമ്മെ പ്രേരിപ്പിക്കുന്നു. അവന്റെ സേവനത്തിലുള്ള നമ്മുടെ തീക്ഷ്ണത, “പറുദീസ ഉടൻ വരും” എന്ന പ്രത്യാശയെ ആശ്രയിച്ചിരിക്കണമോ?
പ്രത്യാശ നങ്കൂരത്തിനു തുല്യം
10, 11. നമ്മുടെ പ്രത്യാശയെ പൗലൊസ് എന്തിനോട് ഉപമിച്ചു, അത് അനുയോജ്യം ആയിരുന്നത് എന്തുകൊണ്ട്?
10 അബ്രാഹാമിലൂടെ അനുഗ്രഹങ്ങൾ കൈവരുമെന്ന് യഹോവ വാഗ്ദാനം ചെയ്തതായി പൗലൊസ് വിശദീകരിച്ചു. എന്നിട്ട് അപ്പോസ്തലൻ പറഞ്ഞു: ‘ദൈവം ഒരു ആണയാൽ ഉറപ്പുകൊടുത്തു. അങ്ങനെ നമ്മുടെ മുമ്പിൽ വെച്ചിട്ടുള്ള പ്രത്യാശ പിടിച്ചുകൊൾവാൻ ശരണത്തിന്നായി ഓടിവന്ന നാം മാറിപ്പോകാത്തതും ദൈവത്തിന്നു ഭോഷ്കുപറവാൻ കഴിയാത്തതുമായ രണ്ടു കാര്യങ്ങളാൽ [അവന്റെ വചനവും ആണയും] ശക്തിയുള്ള പ്രബോധനം പ്രാപിപ്പാൻ ഇടവരുന്നു. ആ പ്രത്യാശ നമുക്കു ആത്മാവിന്റെ ഒരു നങ്കൂരം തന്നേ; അതു നിശ്ചയവും സ്ഥിരവും ആകുന്നു.’ (എബ്രായർ 6:17-19; ഉല്പത്തി 22:16-18) സ്വർഗത്തിലെ അമർത്യ ജീവനാണ് അഭിഷിക്ത ക്രിസ്ത്യാനികളുടെ മുന്നിൽ വെച്ചിരിക്കുന്ന പ്രത്യാശ. എന്നാൽ, ഇന്ന് യഹോവയുടെ ദാസരിൽ ഭൂരിഭാഗം പേരും പറുദീസാ ഭൂമിയിൽ നിത്യമായി ജീവിക്കാനുള്ള മഹത്തായ പ്രത്യാശ വെച്ചുപുലർത്തുന്നു. (ലൂക്കൊസ് 23:43) അത്തരം പ്രത്യാശ ഇല്ലാതെ ഒരുവനു വിശ്വാസം കാത്തുസൂക്ഷിക്കാനാകില്ല.
11 ഒഴുകിപ്പോകാതെ കപ്പലിനെ കൃത്യ സ്ഥാനത്തു നിറുത്തുന്നതിന് അത്യന്താപേക്ഷിതമായ, ശക്തമായ ഒരു സുരക്ഷാ സാമഗ്രിയാണു നങ്കൂരം. അതില്ലാതെ ഒരു നാവികനും കപ്പൽ കടലിലിറക്കാൻ ധൈര്യപ്പെടുകയില്ല. കടൽ യാത്രികരുടെ ജീവൻ മിക്കപ്പോഴും കപ്പലിന്റെ നങ്കൂരത്തെ ആശ്രയിച്ചിരിക്കുന്നു എന്ന കാര്യം പലവട്ടം കപ്പൽത്തകർച്ചയിൽ അകപ്പെട്ട പൗലൊസിന് അനുഭവത്തിൽ നിന്ന് അറിയാമായിരുന്നു. (പ്രവൃത്തികൾ 27:29, 39, 40; 2 കൊരിന്ത്യർ ) ഒന്നാം നൂറ്റാണ്ടിൽ, കപ്പിത്താന് ഇഷ്ടാനുസൃതം കപ്പൽ തിരിക്കത്തക്കവണ്ണം അതിന് എഞ്ചിൻ ഇല്ലായിരുന്നു. തുഴ ഘടിപ്പിച്ച യുദ്ധക്കപ്പലുകൾ ഒഴികെ എല്ലാ കപ്പലുകളും സഞ്ചാരത്തിനു മുഖ്യമായും കാറ്റിനെയാണ് ആശ്രയിച്ചിരുന്നത്. കാറ്റുമൂലം കപ്പൽ പാറക്കെട്ടുകളിൽ ഇടിക്കുമെന്നു കാണുമ്പോൾ നങ്കൂരമിറക്കി, അതു കടൽത്തട്ടിൽ ഉറച്ചിരിക്കുമെന്ന പ്രതീക്ഷയോടെ, കാറ്റ് ശമിക്കുന്നതും കാത്തിരിക്കുകയല്ലാതെ കപ്പിത്താനു വേറൊരു നിർവാഹവും ഇല്ലായിരുന്നു. അതുകൊണ്ട്, ക്രിസ്ത്യാനിയുടെ പ്രത്യാശയെ “നിശ്ചയവും സ്ഥിരവും” ആയ “ഒരു നങ്കൂര”ത്തോടു പൗലൊസ് താരതമ്യം ചെയ്തു. ( 11:25എബ്രായർ 6:19) എതിർപ്പിന്റെ കൊടുങ്കാറ്റ് ആഞ്ഞടിക്കുകയോ മറ്റേതെങ്കിലും തരത്തിലുള്ള പരിശോധനകൾ നേരിടുകയോ ചെയ്യുമ്പോൾ, വിശ്വാസം തകരാതിരിക്കാൻ നമ്മുടെ അത്ഭുതകരമായ പ്രത്യാശ ഒരു നങ്കൂരം പോലെ വർത്തിക്കുന്നു. തന്നിമിത്തം, നമ്മുടെ വിശ്വാസക്കപ്പൽ ആപത്കരമായ സംശയത്തിന്റെ മണൽത്തിട്ടകളിൽ ഉറച്ചുപോകുകയോ നാശകരമായ വിശ്വാസത്യാഗത്തിന്റെ പാറക്കെട്ടുകളിൽ ഇടിച്ചുതകരുകയോ ചെയ്യത്തക്കവണ്ണം ഒഴുകിപ്പോകുന്നില്ല.—എബ്രായർ 2:1; യൂദാ 8-13.
12. യഹോവയിൽ നിന്ന് അകന്നു പോകുന്നത് നമുക്ക് എങ്ങനെ ഒഴിവാക്കാനാകും?
12 പൗലൊസ് എബ്രായ ക്രിസ്ത്യാനികൾക്ക് ഈ മുന്നറിയിപ്പു നൽകി: “സഹോദരന്മാരേ, ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിന്നു അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകാതിരിപ്പാൻ നോക്കുവിൻ.” (എബ്രായർ 3:12) ഗ്രീക്കു പാഠത്തിൽ ‘ത്യജിച്ചുകളയുക’ എന്നതിന്റെ അക്ഷരീയ അർഥം “അകന്നു നിൽക്കുക,” അതായത്, വിശ്വാസത്യാഗിയാകുക എന്നാണ്. എന്നാൽ, നാശകരമായ അത്തരം കപ്പൽച്ചേതം നമുക്ക് ഒഴിവാക്കാനാകും. പരിശോധനകളുടെ അത്യുഗ്രമായ കൊടുങ്കാറ്റുകൾ ആഞ്ഞുവീശുമ്പോഴും യഹോവയോടു പറ്റിനിൽക്കാൻ വിശ്വാസവും പ്രത്യാശയും നമ്മെ പ്രാപ്തരാക്കും. (ആവർത്തനപുസ്തകം 4:4; 30:19, 20) വിശ്വാസത്യാഗപരമായ പഠിപ്പിക്കലുകളുടെ കാറ്റിൽ ആടിയുലയുന്ന കപ്പൽ പോലെ ആയിരിക്കില്ല നമ്മുടെ വിശ്വാസം. (എഫെസ്യർ 4:13, 14) യഹോവയുടെ ദാസരായ നമുക്ക്, പ്രത്യാശ നങ്കൂരമായിരിക്കുമ്പോൾ ജീവിതത്തിലെ കൊടുങ്കാറ്റുകളെ അതിജീവിക്കാനാകും.
സ്നേഹത്താലും പരിശുദ്ധാത്മാവിനാലും പ്രചോദിതർ
13, 14. (എ) നമ്മുടെ പ്രത്യാശയുടെ നങ്കൂരം അതിൽത്തന്നെ പര്യാപ്തം അല്ലാത്തത് എന്തുകൊണ്ട്? (ബി) യഹോവയ്ക്കു വിശുദ്ധ സേവനം അർപ്പിക്കുന്നതിലെ പ്രേരകശക്തി എന്തായിരിക്കണം, എന്തുകൊണ്ട്?
13 പറുദീസാ ഭൂമിയിൽ എന്നേക്കും ജീവിക്കണം എന്ന ഏക ലക്ഷ്യത്തിലാണ് ഒരു ക്രിസ്ത്യാനി യഹോവയെ സേവിക്കുന്നത് എങ്കിൽ അയാൾ പുതിയ വ്യവസ്ഥിതിയിൽ പ്രവേശിക്കത്തക്കവണ്ണം പുരോഗമിക്കുകയില്ല. ജീവിതത്തെ ഉറപ്പിച്ചുനിർത്തുന്ന ഒരു ഘടകമായി പ്രത്യാശ എന്ന നങ്കൂരത്തെ വീക്ഷിക്കുമ്പോൾതന്നെ ഒരു ക്രിസ്ത്യാനി പ്രത്യാശയോടും വിശ്വാസത്തോടും സ്നേഹം എന്ന പ്രേരകശക്തി കൂട്ടിച്ചേർക്കേണ്ടതുണ്ട്. ഇങ്ങനെ എഴുതിയപ്പോൾ പൗലൊസ് ആ വസ്തുതയ്ക്ക് ഊന്നൽ നൽകി: “ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നേ.”—1 കൊരിന്ത്യർ 13:13.
14 യഹോവ നമ്മോടു പ്രകടമാക്കുന്ന അളവറ്റ സ്നേഹത്തിനുള്ള പ്രതികരണമെന്ന നിലയിൽ അവനോടുള്ള ഹൃദയംഗമമായ സ്നേഹം ആയിരിക്കണം വിശുദ്ധ സേവനം അർപ്പിക്കുന്നതിനു പിന്നിലെ നമ്മുടെ പ്രേരകശക്തി. യോഹന്നാൻ അപ്പൊസ്തലൻ ഇങ്ങനെ എഴുതി: “സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല; ദൈവം സ്നേഹം തന്നേ. ദൈവം തന്റെ ഏകജാതനായ പുത്രനെ നാം അവനാൽ ജീവിക്കേണ്ടതിന്നു ലോകത്തിലേക്കു അയച്ചു എന്നുള്ളതിനാൽ ദൈവത്തിന്നു നമ്മോടുള്ള സ്നേഹം പ്രത്യക്ഷമായി. അവൻ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു.” (1 യോഹന്നാൻ 4:8, 9, 19) രക്ഷ പ്രാപിക്കുന്നതിലല്ല, മറിച്ച് യഹോവയോടുള്ള കൃതജ്ഞത നിമിത്തം അവന്റെ വിശുദ്ധ നാമത്തിന്റെ മഹത്ത്വീകരണത്തിനും നീതിനിഷ്ഠമായ പരമാധികാരത്തിന്റെ ഔചിത്യ സംസ്ഥാപനത്തിനും സാക്ഷ്യം വഹിക്കുന്നതിൽ ആയിരിക്കണം നമ്മുടെ മുഖ്യ താത്പര്യം.
15. യഹോവയോടുള്ള നമ്മുടെ സ്നേഹം അവന്റെ പരമാധികാരത്തിന്റെ വിവാദവിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ?
15 കേവലം പറുദീസയെ അല്ല, മറിച്ച് യഹോവയെ സ്നേഹിക്കുന്നതു കൊണ്ട് നാം അവനെ സേവിക്കാനാണ് അവൻ ആഗ്രഹിക്കുന്നത്. ബൈബിൾ വിജ്ഞാനകോശമായ തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച (ഇംഗ്ലീഷ്) a ഇങ്ങനെ പ്രസ്താവിക്കുന്നു: “യഹോവയുടെ പരമാധികാരവും അവന്റെ സൃഷ്ടികൾ അതിനു നൽകുന്ന പിന്തുണയും പ്രാഥമികമായി സ്നേഹത്തിൽ അധിഷ്ഠിതം ആയിരിക്കുന്നുവെന്ന വസ്തുത അവനു മഹത്ത്വം കരേറ്റുന്നു. യഹോവയുടെ നല്ല ഗുണങ്ങളും നീതിനിഷ്ഠമായ അവന്റെ പരമാധികാരവും നിമിത്തം ആ പരമാധികാരത്തെ സ്നേഹിക്കുകയും മറ്റെന്തിനെക്കാളുമുപരി അതിനെ പ്രിയപ്പെടുകയും ചെയ്യുന്നവരെ മാത്രമാണ് യഹോവ ഇഷ്ടപ്പെടുന്നത്. (1കൊരി 2:9) സ്വതന്ത്രർ ആയിരിക്കാൻ ശ്രമിക്കുന്നതിനു പകരം ദൈവത്തിന്റെ പരമാധികാരത്തിൻ കീഴിൽ സേവനം അനുഷ്ഠിക്കുന്നതാണ് അവർക്ക് ഇഷ്ടം. അവനെ കുറിച്ചും സ്നേഹം, നീതി, ജ്ഞാനം എന്നിങ്ങനെയുള്ള—തങ്ങളുടെതിനെക്കാൾ അതിശ്രേഷ്ഠമായ—അവന്റെ ഗുണങ്ങളെ കുറിച്ചും അവർക്കുള്ള പരിജ്ഞാനമാണ് അതിനു കാരണം. (സങ്കീ 84:10, 11)”—വാല്യം 2, പേജ് 275.
16. യേശുവിനോടുള്ള സ്നേഹം നമ്മുടെ ജീവിതത്തിൽ ഒരു പ്രേരകശക്തി ആയിരിക്കുന്നത് എങ്ങനെ?
16 ക്രിസ്ത്യാനികൾ എന്ന നിലയിൽ നാം യേശു നമ്മോടു കാട്ടുന്ന സ്നേഹത്തിനു പകരമായി അവനോടും സ്നേഹം പ്രകടമാക്കുന്നു. പൗലൊസ് ഇങ്ങനെ ന്യായവാദം ചെയ്തു: “ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബ്ബന്ധിക്കുന്നു; എല്ലാവർക്കും വേണ്ടി ഒരുവൻ മരിച്ചിരിക്കെ എല്ലാവരും മരിച്ചു എന്നും ജീവിക്കുന്നവർ ഇനി തങ്ങൾക്കായിട്ടല്ല തങ്ങൾക്കു വേണ്ടി മരിച്ചു ഉയിർത്തവന്നായിട്ടു തന്നേ ജീവിക്കേണ്ടതിന്നു അവൻ എല്ലാവർക്കും വേണ്ടി മരിച്ചു എന്നും ഞങ്ങൾ നിർണ്ണയിച്ചിരിക്കുന്നു.” (2 കൊരിന്ത്യർ 5:14, 15) നമ്മുടെ ആത്മീയ ജീവനും വിശ്വാസവും പ്രത്യാശയും പണിയപ്പെട്ടിരിക്കുന്ന അടിസ്ഥാനമാണു ക്രിസ്തു. ക്രിസ്തുയേശുവിനോടുള്ള സ്നേഹം നമ്മുടെ പ്രത്യാശയെ താങ്ങിനിറുത്തുകയും വിശ്വാസത്തെ സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു, പ്രത്യേകിച്ചും കൊടിയ പരിശോധനകളുടെ സമയത്ത്.—1 കൊരിന്ത്യർ 3:11; കൊലൊസ്സ്യർ 1:23; 2:6, 7.
17. യഹോവ നമുക്ക് ചലനാത്മകമായ എന്തു ശക്തിയാണു പ്രദാനം ചെയ്യുന്നത്, പ്രവൃത്തികൾ 1:8-ലും എഫെസ്യർ 3:16-ലും അതിന്റെ പ്രാധാന്യം എപ്രകാരം വ്യക്തമാക്കിയിരിക്കുന്നു?
17 ക്രിസ്ത്യാനികൾ എന്ന നിലയിൽ നമ്മുടെ ജീവിതത്തിലെ പ്രധാന പ്രേരകശക്തി ദൈവത്തോടും അവന്റെ പുത്രനോടുമുള്ള സ്നേഹമായിരിക്കെ, യഹോവയുടെ സേവനത്തിൽ മുന്നേറാൻ നമ്മെ പ്രചോദിപ്പിക്കുന്ന, ഊർജസ്വലരാക്കുന്ന, ശക്തിപ്പെടുത്തുന്ന മറ്റൊന്നു കൂടി അവൻ നമുക്കു പ്രദാനം ചെയ്യുന്നുണ്ട്—അവന്റെ പ്രവർത്തനനിരതമായ ശക്തി അഥവാ പരിശുദ്ധാത്മാവ്. “ആത്മാവ്” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ, ഗ്രീക്കു പദങ്ങൾ അടിസ്ഥാനപരമായി കാറ്റു പോലുള്ള, വായുവിന്റെ ശക്തമായ ചലനത്തെ പരാമർശിക്കുന്നു. പൗലൊസ് യാത്ര ചെയ്തിരുന്നതു പോലുള്ള കപ്പലുകൾ ലക്ഷ്യസ്ഥാനത്ത് എത്താൻ കാറ്റിന്റെ അദൃശ്യ ശക്തിയെയാണ് ആശ്രയിച്ചിരുന്നത്. സമാനമായി, യഹോവയുടെ സേവനത്തിൽ നമ്മുടെ വിശ്വാസക്കപ്പൽ മുന്നോട്ടു നീങ്ങുന്നതിനു നമുക്കു സ്നേഹവും ദൈവത്തിന്റെ പ്രവർത്തനനിരതമായ അദൃശ്യ ശക്തിയും ആവശ്യമാണ്.—പ്രവൃത്തികൾ 1:8; എഫെസ്യർ 3:16.
ലക്ഷ്യത്തിലേക്കു മുന്നേറുവിൻ!
18. ഭാവിയിൽ വിശ്വാസത്തിന്റെ ഏതൊരു പരിശോധനയും സഹിച്ചുനിൽക്കാൻ നമ്മെ എന്തു പ്രാപ്തരാക്കും?
18 പുതിയ വ്യവസ്ഥിതിയിൽ പ്രവേശിക്കുന്നതിനു മുമ്പു നമ്മുടെ വിശ്വാസവും സ്നേഹവും കഠിനമായി പരിശോധിക്കപ്പെട്ടേക്കാം. എന്നാൽ യഹോവ നമുക്ക് “നിശ്ചയവും സ്ഥിരവും” ആയ നങ്കൂരം—അത്ഭുതകരമായ നമ്മുടെ പ്രത്യാശ—പ്രദാനം ചെയ്തിരിക്കുന്നു. (എബ്രായർ 6:19; റോമർ 15:4, 13) എതിർപ്പോ മറ്റു പരിശോധനകളോ നമ്മെ വരിഞ്ഞുമുറുക്കുമ്പോൾ പ്രത്യാശയാൽ സുരക്ഷിതമായി നങ്കൂരമിടപ്പെട്ടിട്ടുണ്ടെങ്കിൽ നമുക്കു സഹിച്ചുനിൽക്കാൻ സാധിക്കും. ഒരു കൊടുങ്കാറ്റ് അടങ്ങി മറ്റൊന്ന് ആഞ്ഞടിക്കുന്നതിനു മുമ്പ്, നമ്മുടെ പ്രത്യാശയെ ബലിഷ്ഠമാക്കാനും വിശ്വാസത്തെ ശക്തിപ്പെടുത്താനും നമുക്കു ദൃഢചിത്തർ ആയിരിക്കാം.
19. വിശ്വാസക്കപ്പലിന്റെ മുന്നോട്ടുള്ള ഗതി നിലനിർത്തിക്കൊണ്ട് ദൈവത്തിന്റെ പുതിയ ലോകമെന്ന സങ്കേതത്തിൽ നമുക്ക് എങ്ങനെ എത്താൻ സാധിക്കും?
19 ‘ആത്മാവിന്റെ നങ്കൂര’ത്തെ കുറിച്ചു സൂചിപ്പിക്കുന്നതിനു മുമ്പ് പൗലൊസ് ഇങ്ങനെ പറഞ്ഞു: “എന്നാൽ നിങ്ങൾ ഓരോരുത്തൻ പ്രത്യാശയുടെ പൂർണ്ണനിശ്ചയം പ്രാപിപ്പാൻ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കേണമെന്നു [“വേഗം ആർജിക്കണമെന്ന്,” NW അടിക്കുറിപ്പ്] ഞങ്ങൾ ആഗ്രഹിക്കുന്നു. അങ്ങനെ നിങ്ങൾ മന്ദതയുള്ളവരാകാതെ വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികളായിത്തീരും.” (എബ്രായർ 6:11, 12) യഹോവയോടും അവന്റെ പുത്രനോടും ഉള്ള സ്നേഹത്താൽ പ്രചോദിതരായി, പരിശുദ്ധാത്മാവിനാൽ ശക്തീകരിക്കപ്പെട്ട് ദൈവത്തിന്റെ വാഗ്ദത്ത പുതിയ ലോകമെന്ന സങ്കേതത്തിൽ എത്തും വരെ നമ്മുടെ വിശ്വാസക്കപ്പലിന്റെ മുന്നോട്ടുള്ള ഗതി നമുക്കു നിലനിർത്താം.
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ചത്.
പുനരവലോകനം
□ വിശ്വാസത്തോടുള്ള ബന്ധത്തിൽ പൗലൊസ് നമുക്ക് എന്തു മുന്നറിയിപ്പു നൽകി?
□ ചിലർ ആത്മീയ കപ്പൽച്ചേതം അനുഭവിച്ചിരിക്കുന്നത് എങ്ങനെ, മറ്റുള്ളവർ മന്ദീഭാവം കാട്ടുന്നത് എങ്ങനെ?
□ വിശ്വാസത്തോടൊപ്പം ഏതു ദൈവിക ഗുണങ്ങളും നാം വളർത്തിയെടുക്കണം?
□ ദൈവത്തിന്റെ വാഗ്ദത്ത പുതിയ ലോകമാകുന്ന സങ്കേതത്തിൽ എത്താൻ നമ്മെ എന്തു പ്രാപ്തരാക്കും?
[അധ്യയന ചോദ്യങ്ങൾ]
[16-ാം പേജിലെ ചിത്രം]
ജീവിതത്തിലെ കൊടുങ്കാറ്റുകളെ അതിജീവിക്കത്തക്കവണ്ണം നമ്മുടെ വിശ്വാസക്കപ്പൽ നന്നായി നിർമിക്കപ്പെട്ടത് ആയിരിക്കണം
[17-ാം പേജിലെ ചിത്രം]
നമ്മുടെ വിശ്വാസക്കപ്പൽ തകരാവുന്നതാണ്
[18-ാം പേജിലെ ചിത്രം]
ക്രിസ്താനികൾ എന്ന നിലയിൽ പ്രത്യാശയാണു നമ്മുടെ ജീവിതത്തിലെ നങ്കൂരം