ഫിലിപ്പൊസ്—തീക്ഷ്ണതയുള്ള ഒരു സുവിശേഷകൻ
ഫിലിപ്പൊസ്—തീക്ഷ്ണതയുള്ള ഒരു സുവിശേഷകൻ
അനുകരണയോഗ്യമായ വിശ്വാസമുണ്ടായിരുന്ന സ്ത്രീപുരുഷന്മാരെ കുറിച്ചുള്ള അനേകം വിവരണങ്ങൾ തിരുവെഴുത്തുകളിലുണ്ട്. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയ മിഷനറിയായിരുന്ന ഫിലിപ്പൊസിന്റെ കാര്യമെടുക്കുക. ഒരു അപ്പൊസ്തലൻ അല്ലാതിരുന്നിട്ടും രാജ്യദൂത് വ്യാപിപ്പിക്കുന്നതിൽ അവൻ ഏറെ നന്നായി ഉപയോഗിക്കപ്പെട്ടു. യഥാർഥത്തിൽ, ഫിലിപ്പൊസ് ‘സുവിശേഷകൻ’ എന്ന് അറിയപ്പെടാൻ ഇടയായി. (പ്രവൃത്തികൾ 21:8) ഫിലിപ്പൊസിന് അങ്ങനെയൊരു പേരു ലഭിച്ചത് എന്തുകൊണ്ടാണ്? നമുക്ക് അവനിൽ നിന്ന് എന്തു പഠിക്കാൻ കഴിയും?
പൊ.യു. 33-ലെ പെന്തെക്കൊസ്തിനെ സംബന്ധിച്ച ബൈബിൾ രേഖയ്ക്കു തൊട്ടുപിന്നാലെയാണ് ഫിലിപ്പൊസിനെ കുറിച്ചു നാം വായിക്കുന്നത്. അക്കാലത്ത് ദിനംപ്രതിയുള്ള ഭക്ഷ്യവിതരണത്തിന്റെ കാര്യത്തിൽ തങ്ങളുടെ വിധവമാരെ അവഗണിക്കുന്നു എന്ന് ഗ്രീക്കു സംസാരിക്കുന്ന യഹൂദന്മാർ എബ്രായ സംസാരിക്കുന്ന യഹൂദന്മാർക്കെതിരെ പിറുപിറുത്തു. ഈ സംഗതി കൈകാര്യം ചെയ്യാനായി “നല്ല സാക്ഷ്യമുള്ള ഏഴു പുരുഷന്മാരെ” അപ്പൊസ്തലന്മാർ നിയോഗിച്ചു. അവരിൽ ഫിലിപ്പൊസും ഉണ്ടായിരുന്നു.—പ്രവൃത്തികൾ 6:1-6.
ഈ ഏഴു പുരുഷന്മാർ ‘നല്ല സാക്ഷ്യമുള്ളവർ’ ആയിരുന്നു. ജയിംസ് മോഫറ്റിന്റെ പരിഭാഷ അനുസരിച്ച് അവർ “സത്കീർത്തിയുള്ളവർ” ആയിരുന്നു. അവരുടെ നിയമന സമയത്ത്, പ്രായോഗിക ചിന്താപ്രാപ്തിയുള്ള ആത്മീയ പുരുഷന്മാർ എന്ന് അറിയപ്പെട്ടിരുന്നവരായിരുന്നു അവർ. ഇന്ന് ക്രിസ്തീയ മേൽവിചാരകന്മാരായി സേവിക്കുന്നവരുടെ കാര്യത്തിലും ഇതു സത്യമാണ്. അത്തരം പുരുഷന്മാരെ ധൃതിപിടിച്ചല്ല നിയമിക്കുന്നത്. (1 തിമൊഥെയൊസ് 5:22) അവർ “പുറമെയുള്ളവരിൽ നിന്നു നല്ല സാക്ഷ്യം ലഭിച്ചവ”രും അതുപോലെതന്നെ ന്യായയുക്തരും സുബോധമുള്ളവരുമായി സഹക്രിസ്ത്യാനികളുടെ ഇടയിൽ അറിയപ്പെടുന്നവരും ആയിരിക്കണം.—1 തിമൊഥെയൊസ് 3:2, 3, 7, NW; ഫിലിപ്പിയർ 4:5.
ഫിലിപ്പൊസ് യെരൂശലേമിൽ തന്റെ ശുശ്രൂഷ നല്ല വിധത്തിൽ നിർവഹിച്ചെന്നു വ്യക്തമാണ്. എന്നിരുന്നാലും, പെട്ടെന്നുതന്നെ കടുത്ത പീഡനത്തിന്റെ അലകൾ ആഞ്ഞടിക്കുകയും ക്രിസ്തുവിന്റെ അനുഗാമികൾ ചിതറിക്കപ്പെടുകയും ചെയ്തു. മറ്റനേകരെയും പോലെ ഫിലിപ്പൊസും പട്ടണം വിട്ടു, എന്നാൽ അവന്റെ ശുശ്രൂഷ പൂർത്തിയായിരുന്നില്ല. ഏറെ താമസിയാതെ അവൻ ഒരു പുതിയ പ്രദേശത്ത്—ശമര്യയിൽ—തിരക്കോടെ പ്രസംഗിക്കാൻ തുടങ്ങി.—പ്രവൃത്തികൾ 8:1-5.
പുതിയ പ്രദേശങ്ങളിൽ പ്രവർത്തനം തുടങ്ങുന്നു
“യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അററത്തോളവും” തന്റെ ശിഷ്യന്മാർ സുവാർത്ത പ്രസംഗിക്കുമെന്ന് യേശു മുൻകൂട്ടിപ്പറഞ്ഞിരുന്നു. പ്രവൃത്തികൾ 1:8) ശമര്യയിൽ പ്രസംഗിച്ചതിലൂടെ ആ വാക്കുകളുടെ നിവൃത്തിയിൽ ഫിലിപ്പൊസ് പങ്കുകൊള്ളുകയായിരുന്നു. യഹൂദന്മാർ ശമര്യക്കാരെ അവജ്ഞയോടെയാണു വീക്ഷിച്ചിരുന്നത്. എന്നാൽ ഫിലിപ്പൊസ് ഇവരെ മുൻവിധിയോടെ വീക്ഷിച്ചില്ല. അവന്റെ പക്ഷപാതരാഹിത്യത്തിന് അനുഗ്രഹം ലഭിക്കുകയും ചെയ്തു. വാസ്തവത്തിൽ, അനേകം ശമര്യക്കാർ സ്നാപനമേറ്റു. അവരിൽ, മുമ്പ് ആഭിചാരകനായിരുന്ന ശിമോനും ഉണ്ടായിരുന്നു.—പ്രവൃത്തികൾ 8:6-13.
(പിൽക്കാലത്ത്, യെരൂശലേമിൽ നിന്നു ഗസെക്കുള്ള മരുവഴിയിലൂടെ പോകാൻ യഹോവയുടെ ദൂതൻ ഫിലിപ്പൊസിനോട് ആവശ്യപ്പെട്ടു. യെശയ്യാവിന്റെ പ്രവചനം ഉറക്കെ വായിക്കുന്ന എത്യോപ്യനായ ഒരു ഉദ്യോഗസ്ഥൻ ഇരിക്കുന്ന രഥം ഫിലിപ്പൊസ് അവിടെ കണ്ടു. ഫിലിപ്പൊസ് രഥത്തോടു ചേർന്ന് ഓടി ആ ഉദ്യോഗസ്ഥനുമായി ഒരു സംഭാഷണം ആരംഭിച്ചു. ഈ എത്യോപ്യൻ ദൈവത്തെയും തിരുവെഴുത്തുകളെയും കുറിച്ച് കുറച്ചൊക്കെ അറിവുണ്ടായിരുന്ന ഒരു മതപരിവർത്തിതൻ ആയിരുന്നിട്ടും താൻ വായിച്ചുകൊണ്ടിരുന്നത് മനസ്സിലാക്കാൻ സഹായം വേണമെന്നു താഴ്മയോടെ സമ്മതിച്ചു. അതുകൊണ്ട് രഥത്തിൽ കയറി തന്നോടൊപ്പം ഇരിക്കാൻ അവൻ ഫിലിപ്പൊസിനെ ക്ഷണിച്ചു. ഒരു സാക്ഷ്യം കൊടുത്തശേഷം അവർ വെള്ളമുള്ള ഒരു സ്ഥലത്തെത്തി. “സ്നാപനമേൽക്കുന്നതിൽ നിന്ന് എന്നെ തടയുന്നതെന്ത്?” എന്ന് ആ എത്യോപ്യൻ ചോദിച്ചു. പെട്ടെന്നുതന്നെ ഫിലിപ്പൊസ് അദ്ദേഹത്തെ സ്നാപനപ്പെടുത്തി. സന്തോഷഭരിതനായി തന്റെ വഴിക്കു പോയ ആ പുതുശിഷ്യൻ തന്റെ മാതൃദേശത്ത് സുവാർത്ത പ്രചരിപ്പിച്ചിരിക്കാൻ സാധ്യതയുണ്ട്.—പ്രവൃത്തികൾ 8:26-39.
ശമര്യക്കാരും എത്യോപ്യനായ ഉദ്യോഗസ്ഥനും പ്രയോജനം അനുഭവിച്ച ഫിലിപ്പൊസിന്റെ ശുശ്രൂഷയിൽ നിന്നു നമുക്കെന്തു പഠിക്കാൻ കഴിയും? ഒരു പ്രത്യേക ജനവിഭാഗത്തിലോ വർഗത്തിലോ സമൂഹത്തിലോ പെട്ട ആളുകൾ സുവാർത്തയിൽ താത്പര്യം കാട്ടില്ല എന്നു നാം ഒരിക്കലും ചിന്തിക്കരുത്. നേരെമറിച്ച്, നാം ‘എല്ലാവരോടും’ രാജ്യസന്ദേശം പ്രഖ്യാപിക്കണം. (1 കൊരിന്ത്യർ 9:19-23) എല്ലാവരോടും പ്രസംഗിക്കാൻ നാം നമ്മെത്തന്നെ ലഭ്യരാക്കുന്നെങ്കിൽ, ഈ ദുഷ്ട വ്യവസ്ഥിതിയുടെ അന്ത്യം ആഗതമാകുന്നതിനു മുമ്പ് ‘സകല ജനതകളിലുമുള്ള ആളുകളെ ശിഷ്യരാക്കുകയെന്ന വേലയിൽ’ യഹോവയ്ക്കു നമ്മെ ഉപയോഗിക്കാൻ കഴിയും.—മത്തായി 28:19 20.
ഫിലിപ്പൊസിന്റെ കൂടുതലായ പദവികൾ
എത്യോപ്യ ഉദ്യോഗസ്ഥനോടു പ്രസംഗിച്ചശേഷം ഫിലിപ്പൊസ് അസ്തോദിൽ സാക്ഷീകരിച്ചു. “അവൻ സഞ്ചരിച്ചു എല്ലാപട്ടണങ്ങളിലും സുവിശേഷം അറിയിച്ചുകൊണ്ടു കൈസര്യയിൽ എത്തി.” (പ്രവൃത്തികൾ 8:40) ഒന്നാം നൂറ്റാണ്ടിൽ ഈ രണ്ടു നഗരങ്ങളിലും ധാരാളം വിജാതീയർ ഉണ്ടായിരുന്നു. കൈസര്യയിലേക്കുള്ള യാത്രയ്ക്കിടയിൽ അവൻ പ്രമുഖ യഹൂദ കേന്ദ്രങ്ങളായിരുന്ന ലുദ്ദയിലും യോപ്പയിലും പ്രസംഗിച്ചിരിക്കാൻ സാധ്യതയുണ്ട്. ആ പ്രദേശങ്ങളിൽ പിൽക്കാലത്തു ശിഷ്യന്മാർ ഉണ്ടായിരുന്നതിനു കാരണം ഒരുപക്ഷേ ഇതായിരിക്കാം.—പ്രവൃത്തികൾ 9:32-43.
ഫിലിപ്പൊസിനെ അവസാനമായി പരാമർശിക്കുന്നത് ഏതാണ്ട് 20 വർഷത്തിനു ശേഷമാണ്. പൗലൊസ് തന്റെ മൂന്നാം മിഷനറി പര്യടനത്തിന്റെ ഒടുവിൽ പ്തൊലെമായിസിൽ എത്തി. പൗലൊസിന്റെ സഹയാത്രികനായിരുന്ന ലൂക്കൊസ് ഇങ്ങനെ പറയുന്നു: “പിറെറന്നാൾ ഞങ്ങൾ പുറപ്പെട്ടു കൈസര്യയിൽ എത്തി, . . .ഫിലിപ്പൊസ് എന്ന സുവിശേഷകന്റെ വീട്ടിൽ ചെന്നു.” ആ കാലമായപ്പോഴേക്കും, ഫിലിപ്പൊസിന് “കന്യകമാരും പ്രവചിക്കുന്നവരുമായ നാലു പുത്രിമാർ” ഉണ്ടായിരുന്നു.—പ്രവൃത്തികൾ 21:8, 9.
ഫിലിപ്പൊസ് കൈസര്യയിൽ സ്ഥിരതാമസമാക്കിയിരുന്നു എന്നു വ്യക്തമാണ്. എങ്കിലും അവന് അപ്പോഴും ഒരു മിഷനറി ആത്മാവ് ഉണ്ടായിരുന്നു. കാരണം, ലൂക്കൊസ് അവനെ “സുവിശേഷകൻ” എന്നാണു വിളിക്കുന്നത്. ഈ പദപ്രയോഗം മിക്കപ്പോഴും സൂചിപ്പിക്കുന്നത് പ്രവർത്തിച്ചിട്ടില്ലാത്ത പ്രദേശങ്ങളിൽ സുവാർത്ത പ്രസംഗിക്കാൻ തന്റെ വീടു വിട്ടു പോകുന്ന ഒരു വ്യക്തിയെയാണ്. ഫിലിപ്പൊസിന് പ്രവാചകിമാരായ നാലു പുത്രിമാർ ഉണ്ടായിരുന്നു എന്ന വസ്തുത സൂചിപ്പിക്കുന്നത് അവർ തീക്ഷ്ണമതിയായിരുന്ന പിതാവിന്റെ മാതൃക പിൻപറ്റിയെന്നാണ്.
തങ്ങളുടെ കുട്ടികളാണ് ഏറ്റവും പ്രധാനപ്പെട്ട ശിഷ്യരെന്ന് ഇന്നത്തെ ക്രിസ്തീയ മാതാപിതാക്കൾ മനസ്സിൽ പിടിക്കണം. കുടുംബ ഉത്തരവാദിത്വങ്ങൾ നിമിത്തം അവരിൽ ചിലർക്ക് ചില ദിവ്യാധിപത്യ പദവികൾ വേണ്ടെന്നു വെക്കേണ്ടതായി വന്നിട്ടുണ്ടെങ്കിൽ പോലും, അവർക്കു ഫിലിപ്പൊസിനെപ്പോലെ ദൈവത്തിന്റെ അർപ്പിത ദാസരും മാതൃകായോഗ്യരായ മാതാപിതാക്കളും ആയിരിക്കാൻ കഴിയും.—എഫെസ്യർ 6:4.
പൗലൊസിന്റെയും അദ്ദേഹത്തിന്റെ കൂട്ടുകാരുടെയും സന്ദർശനം ഫിലിപ്പൊസിന്റെ കുടുംബത്തിന് ആതിഥ്യം പ്രകടിപ്പിക്കാനുള്ള ഒരു നല്ല അവസരം പ്രദാനം ചെയ്തു. എന്തോരു പ്രോത്സാഹന കൈമാറ്റം ആയിരിക്കാം അതു കൈവരുത്തിയിട്ടുള്ളത്! ഈ അവസരത്തിലായിരിക്കാം പ്രവൃത്തികൾ 6-ഉം 8-ഉം അധ്യായങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഫിലിപ്പൊസിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ലൂക്കൊസ് ശേഖരിച്ചത്.
രാജ്യ താത്പര്യങ്ങൾ ഉന്നമിപ്പിക്കാൻ യഹോവയാം ദൈവം ഫിലിപ്പൊസിനെ ഫലപ്രദമായി ഉപയോഗിച്ചു. പുതിയ സ്ഥലങ്ങളിൽ സുവാർത്ത വ്യാപിപ്പിക്കാനും തന്റെ ഭവനത്തിൽ ഒരു ആത്മീയ അന്തരീക്ഷം വളർത്താനും ഫിലിപ്പൊസിനെ പ്രാപ്തനാക്കിയത് അവന്റെ തീക്ഷ്ണതയായിരുന്നു. സമാനമായ പദവികളും അനുഗ്രഹങ്ങളും ആസ്വദിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? അങ്ങനെയെങ്കിൽ സുവിശേഷകനായ ഫിലിപ്പൊസ് പ്രകടമാക്കിയ ഗുണങ്ങൾ അനുകരിക്കുന്നതു നിങ്ങൾക്കു പ്രയോജനം ചെയ്യും.