ബൈബിൾ പ്രവചനത്തിൽ വിശ്വസിക്കാവുന്നതിന്റെ കാരണം
ബൈബിൾ പ്രവചനത്തിൽ വിശ്വസിക്കാവുന്നതിന്റെ കാരണം
വടക്കുപടിഞ്ഞാറൻ ഗ്രീസിലെ ഇപ്പൈറസിന്റെ രാജാവായ പൈറസ്, റോമാ സാമ്രാജ്യവുമായി ദീർഘകാല പോരാട്ടത്തിൽ ആയിരുന്നു. യുദ്ധത്തിന്റെ അനന്തരഫലം എന്തായിരിക്കും എന്ന് അറിയാനുള്ള ഉത്കടമായ ആഗ്രഹം നിമിത്തം അദ്ദേഹം ഡെൽഫിയിലെ ഭാവികഥന മന്ദിരത്തിൽ ചെന്നു. എന്നാൽ, അദ്ദേഹത്തിനു ലഭിച്ച ഉത്തരം പിൻവരുന്ന രണ്ടു വിധങ്ങളിലും മനസ്സിലാക്കാമായിരുന്നു: (1) “ആക്കൂസിന്റെ മകനായ നിനക്കു റോമാക്കാരെ കീഴ്പ്പെടുത്താനാകും എന്നു ഞാൻ പറയുന്നു. നീ യുദ്ധത്തിനു പോയി മടങ്ങിയെത്തും, നീ ഒരിക്കലും യുദ്ധത്തിൽ കൊല്ലപ്പെടുകയില്ല.” (2) “ആക്കൂസിന്റെ മകനായ നിന്നെ റോമാക്കാർ കീഴ്പ്പെടുത്തും എന്നു ഞാൻ പറയുന്നു. നീ യുദ്ധത്തിനു പോകും, ഒരിക്കലും മടങ്ങിയെത്തുകയില്ല. നീ യുദ്ധത്തിൽ കൊല്ലപ്പെടും.” വെളിച്ചപ്പാടത്തിയുടെ കഥനത്തിന്റെ ആദ്യ അർഥത്തിനു പ്രാധാന്യം കൽപ്പിച്ച് അദ്ദേഹം റോമാക്കാർക്ക് എതിരെ യുദ്ധം ചെയ്തു. യുദ്ധത്തിൽ പൈറസ് തോറ്റു തുന്നംപാടി.
അത്തരം സംഭവങ്ങൾ നിമിത്തം, പുരാതന ഭാവികഥനങ്ങൾ അവ്യക്തതയ്ക്കും അസ്പഷ്ടതയ്ക്കും കുപ്രസിദ്ധിയാർജിച്ചിരുന്നു. എന്നാൽ, ബൈബിൾ പ്രവചനത്തിന്റെ കാര്യമോ? ബൈബിളിലെ പ്രവചനങ്ങൾ ഭാവികഥനങ്ങളെക്കാൾ ഒട്ടും മെച്ചമല്ലെന്നു ചില വിമർശകർ അഭിപ്രായപ്പെടുന്നു. സൂക്ഷ്മനിരീക്ഷണ പാടവമുള്ള തന്ത്രശാലികൾ, പ്രത്യേകിച്ചും പുരോഹിതന്മാർ, ഭാവി സംഭവങ്ങളെ കുറിച്ചു വിദഗ്ധമായി മുൻകൂട്ടി പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മാത്രമാണു
ബൈബിൾ പ്രവചനങ്ങൾ എന്ന് ആ വിമർശകർ അനുമാനിക്കുന്നു. വെറും അനുഭവപരിചയത്തിലൂടെയോ പ്രത്യേക പിടിപാടുകളിലൂടെയോ ഈ മനുഷ്യർ ചില കാര്യങ്ങളുടെ സ്വാഭാവിക പരിണതി മുൻകൂട്ടി കണ്ടതാണത്രേ. ബൈബിൾ പ്രവചനങ്ങളുടെ ചില സവിശേഷതകളെ ഭാവികഥനത്തോടു താരതമ്യം ചെയ്തുകൊണ്ടു നമുക്ക് ഉചിതമായ നിഗമനത്തിൽ എത്തിച്ചേരാനാകും.വിരുദ്ധാശയങ്ങൾ
അസ്പഷ്ടത ഭാവികഥനത്തിന്റെ മുഖമുദ്ര ആയിരുന്നു. ഉദാഹരണത്തിന്, ദുർഗ്രഹമായ രീതിയിലാണു ഡെൽഫിയിലെ മന്ദിരത്തിൽ ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചിരുന്നത്. തന്നിമിത്തം, പുരോഹിതന്മാർ അവ വിശദീകരിക്കവെ വിപരീത വ്യാഖ്യാനവും സാധ്യമാക്കുന്ന വാക്കുകൾ ചമയ്ക്കേണ്ടത് ആവശ്യമായി വന്നു. ലിഡിയയിലെ രാജാവായിരുന്ന ക്രിസസിനു ലഭിച്ച ഉത്തരം അതിന് ഒരു ഉദാഹരണമാണ്. വെളിച്ചപ്പാടത്തിയെ സന്ദർശിച്ചപ്പോൾ അവനോട് ഇങ്ങനെ പറയപ്പെട്ടു: “ഹേലിസ് കുറുകെ കടക്കുന്നപക്ഷം ക്രിസസ് ശക്തമായ ഒരു സാമ്രാജ്യത്തെ നശിപ്പിക്കും.” വാസ്തവത്തിൽ, നശിപ്പിക്കപ്പെട്ട ‘ശക്തമായ സാമ്രാജ്യം’ അവന്റേതുതന്നെ ആയിരുന്നു! കപ്പദൊക്യയെ ആക്രമിക്കാനായി ഹേലിസ് നദി കുറുകെ കടന്ന ക്രിസസിനെ പാർസി രാജാവായ കോരശ് (സൈറസ്) തോൽപ്പിച്ചു.
പുറജാതീയ ഭാവികഥനത്തിനു കടകവിരുദ്ധമായി, ബൈബിൾ പ്രവചനങ്ങൾ കൃത്യതയുടെയും വ്യക്തതയുടെയും കാര്യത്തിൽ ശ്രദ്ധേയമാണ്. അതിന് ഒരു ദൃഷ്ടാന്തമാണ് യെശയ്യാവു എന്ന ബൈബിൾ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ബാബിലോന്റെ പതനത്തെ കുറിച്ചുള്ള പ്രവചനം. പ്രസ്തുത സംഭവം നടക്കുന്നതിന് 200 വർഷം മുമ്പു പ്രവാചകനായ യെശയ്യാവ്, ബാബിലോനെ മേദോ-പേർഷ്യകീഴടക്കുമെന്നു വിശദമായും കൃത്യമായും മുൻകൂട്ടിപ്പറഞ്ഞിരുന്നു. ജേതാവിന്റെ പേരു കോരശ് എന്നായിരിക്കുമെന്നും അവൻ വെള്ളമുള്ള പ്രതിരോധ കിടങ്ങുകൾ വറ്റിച്ച്, തുറന്ന കവാടങ്ങളിലൂടെ കോട്ടകെട്ടി ഉറപ്പിച്ച നഗരത്തിൽ പ്രവേശിക്കുമെന്നും പ്രവചനം വ്യക്തമാക്കി. ഇതെല്ലാം കൃത്യമായിത്തന്നെ നിറവേറി. (യെശയ്യാവു 44:27-45:2) അവിടം ആൾപ്പാർപ്പില്ലാതെ സമ്പൂർണമായി പാഴായികിടക്കുമെന്നും കൃത്യമായി പ്രവചിക്കപ്പെട്ടു.—യെശയ്യാവു 13:17-22.
കൂടാതെ, യോനാ പ്രവാചകൻ പ്രഖ്യാപിച്ച ഈ മുന്നറിയിപ്പിന്റെ വ്യക്തതയും പരിചിന്തിക്കുക: “ഇനി നാല്പതു ദിവസം കഴിഞ്ഞാൽ നീനെവേ ഉന്മൂലമാകും.” (യോനാ 3:4) ഇവിടെ തെല്ലും അസ്പഷ്ടത ഇല്ല! ആ സന്ദേശം അത്യന്തം ഫലപ്രദവും സുവ്യക്തവും ആയിരുന്നു. തന്മൂലം, നീനെവേക്കാർ ഉടനടി “ദൈവത്തിൽ വിശ്വസിച്ചു ഒരു ഉപവാസം പരസ്യം ചെയ്തു വലിയവരും ചെറിയവരും ഒരുപോലെ രട്ടുടുത്തു.” നീനെവേക്കാർ അനുതപിച്ചതു നിമിത്തം യഹോവ അവരുടെമേൽ ആ സന്ദർഭത്തിൽ നാശം വരുത്തിയില്ല.—യോനാ 3:5-10.
രാഷ്ട്രീയ സ്വാധീനത്തിനുള്ള ഒരു ഉപാധിയായും ഭാവികഥനത്തെ ഉപയോഗിച്ചിരുന്നു. ഭരണാധിപന്മാരും സേനാപതികളും സ്വന്തം താത്പര്യങ്ങളും പദ്ധതികളും ഉന്നമിപ്പിക്കുന്നതിനു മിക്കപ്പോഴും, തങ്ങൾക്കു പ്രിയമുള്ള വ്യാഖ്യാനത്തെ പരാമർശിച്ചുകൊണ്ട് അതിന് ഒരു “ദിവ്യപരിവേഷം” നൽകിയിരുന്നു. എന്നാൽ, വ്യക്തി താത്പര്യങ്ങൾക്ക് അനുസൃതമായല്ല ദൈവത്തിന്റെ പ്രാവചനിക സന്ദേശങ്ങൾ നൽകപ്പെട്ടത്.
ദൃഷ്ടാന്തത്തിന്: തെറ്റു ചെയ്ത ദാവീദ് രാജാവിനെ ശാസിക്കുന്നതിൽ നിന്നു നാഥാൻ പ്രവാചകൻ പിന്മാറിനിന്നില്ല. (2 ശമൂവേൽ 12:1-12) പത്തു ഗോത്ര രാജ്യമായിരുന്ന ഇസ്രായേലിൽ യൊരോബെയാം രണ്ടാമൻ വാഴ്ച നടത്തവെ, മത്സരിയായ ആ രാജാവിനെയും പിന്തുണക്കാരെയും അവരുടെ വിശ്വാസത്യാഗവും ദൈവനിന്ദാപരമായ നടത്തയും നിമിത്തം പ്രവാചകന്മാരായ ഹോശേയയും ആമോസും നിശിതമായി വിമർശിച്ചു. (ഹോശേയ 5:1-7; ആമോസ് 2:6-8) ആമോസ് പ്രവാചകൻ മുഖാന്തരം ആ രാജാവിനു യഹോവയുടെ വളരെ കർശനമായ മുന്നറിയിപ്പു നൽകപ്പെട്ടു: “ഞാൻ യൊരോബെയാംഗൃഹത്തോടു വാളുമായി എതിർത്തുനില്ക്കും.” (ആമോസ് 7:9) യൊരോബെയാമിന്റെ ഗൃഹം ഉന്മൂലമാക്കപ്പെട്ടു.—1 രാജാക്കന്മാർ 15:25-30; 2 ദിനവൃത്താന്തം 13:20.
ഭാവികഥനത്തിലൂടെ വിവരങ്ങൾ ലഭിക്കുന്നതിനു മിക്കപ്പോഴും പണം നൽകണമായിരുന്നു. കൂടുതൽ പണം കൊടുക്കുന്നയാൾക്ക് അയാളുടെ ഇഷ്ടാനുസരണമുള്ള വിവരങ്ങൾ ലഭിക്കും. ഡെൽഫിയിലെ ഭാവികഥന മന്ദിരം സന്ദർശിക്കുന്നവർ പ്രയോജനരഹിതമായ വിവരങ്ങൾക്കു വേണ്ടി ഗണ്യമായ തുക ചെലവഴിച്ചിരുന്നു. അങ്ങനെ, അപ്പോളോ ക്ഷേത്രത്തിലും മറ്റു മന്ദിരങ്ങളിലും പണം കുന്നുകൂടി. അതിനു നേരെ വിപരീതമായി, ബൈബിൾ പ്രവചനങ്ങളും മുന്നറിയിപ്പുകളും നൽകപ്പെട്ടിരുന്നത് തെല്ലും പണച്ചെലവോ യാതൊരു മുഖപക്ഷമോ ഇല്ലാതെ, വ്യക്തിയുടെ സ്ഥാനമാനങ്ങളോ സമ്പത്തോ ഗണ്യമാക്കാതെയാണ്. കാരണം, ഒരു യഥാർഥ പ്രവാചകനെ കോഴ കൊടുത്തു പാട്ടിലാക്കാൻ സാധിക്കുമായിരുന്നില്ല. പ്രവാചകനും ന്യായാധിപനും ആയിരുന്ന ശമൂവേലിന് ആത്മാർഥമായി ഇങ്ങനെ ചോദിക്കാൻ സാധിച്ചു: “ഞാൻ വല്ലവന്റെയും കയ്യിൽനിന്നു കൈക്കൂലി വാങ്ങി എന്റെ കണ്ണു കുരുടാക്കീട്ടുണ്ടോ?”—1 ശമൂവേൽ 12:3.
ഭാവികഥനം ചില പ്രത്യേക ഇടങ്ങളിൽ മാത്രമേ നടത്തപ്പെട്ടിരുന്നുള്ളൂ. തന്മൂലം, അതിനായി അവിടം യിരെമ്യാവു 1:1, 2; യെഹെസ്കേൽ 1:1; ദാനീയേൽ 2:48.
വരെ യാത്ര ചെയ്യുന്നതിൽ കാര്യമായ ശ്രമം ഉൾപ്പെട്ടിരുന്നു. ഇപ്പൈറസിലെ റ്റൊമാറസ് പർവതത്തിലുള്ള ഡൊഡോണയിലും പർവതപ്രദേശമായ മധ്യഗ്രീസിലെ ഡെൽഫിയിലും ഒക്കെ ആയിരുന്നു അത്തരം സ്ഥലങ്ങൾ എന്നതിനാൽ ഒരു സാധാരണ വ്യക്തിയെ സംബന്ധിച്ചിടത്തോളം അവിടങ്ങളിൽ എത്തിച്ചേരുന്നതു വളരെ പ്രയാസകരം ആയിരുന്നു. സാധാരണഗതിയിൽ, ധനികരും പ്രബലരുമായ ആളുകൾക്കേ അത്തരം ഭാവികഥന മന്ദിരങ്ങളിൽ ദൈവങ്ങളുമായി ആലോചന കഴിക്കാൻ സാധിച്ചിരുന്നുള്ളൂ. തന്നെയുമല്ല, വർഷത്തിൽ ഏതാനും ദിവസങ്ങളിൽ മാത്രമേ “ദൈവങ്ങളുടെ ഹിതം” വെളിപ്പെടുത്തിയിരുന്നുള്ളൂ. നേരെ മറിച്ച്, യഹോവയാം ദൈവം ജനങ്ങളെ പ്രവചനങ്ങൾ അറിയിക്കേണ്ടതിനു തന്റെ പ്രവാചകന്മാരെ അവരുടെ ഇടയിലേക്കു നേരിട്ട് അയച്ചിരുന്നു. ഉദാഹരണത്തിന്, യഹൂദരുടെ ബാബിലോന്യ പ്രവാസകാലത്തു കുറഞ്ഞപക്ഷം മൂന്നു പ്രവാചകന്മാരെയെങ്കിലും തന്റെ ജനത്തിന് ഇടയിലേക്കു ദൈവം അയച്ചു—യിരെമ്യാവ് യെരൂശലേമിലും യെഹെസ്കേൽ പ്രവാസികളോടൊപ്പവും ദാനീയേൽ ബാബിലോന്യ സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയിലും സേവിച്ചു.—സാധാരണമായി, രഹസ്യമായിട്ടാണു ഭാവികഥനം നടത്തിയിരുന്നത്. തന്മൂലം, ആളുകൾക്കു സ്വന്തം നേട്ടങ്ങൾക്കായി അവയെ വളച്ചൊടിക്കാൻ സാധിക്കുമായിരുന്നു. നേരെ മറിച്ച്, ബൈബിൾ പ്രവചനങ്ങൾ മിക്കപ്പോഴും പരസ്യമായിട്ടാണു നൽകപ്പെട്ടത്. തന്മൂലം എല്ലാവർക്കും അതു കേൾക്കാനും അതിന്റെ ആന്തരാർഥങ്ങൾ മനസ്സിലാക്കാനും സാധിക്കുമായിരുന്നു. തന്റെ സന്ദേശം മത നേതാക്കന്മാർക്കും നഗര വാസികൾക്കും അപ്രിയമാണെന്ന് അറിയാമായിരുന്നിട്ടും യിരെമ്യാ പ്രവാചകൻ പലവട്ടം യെരൂശലേമിൽ പരസ്യമായി പ്രവചിച്ചു.—യിരെമ്യാവു 7:1, 2.
ഇന്നു ഭാവികഥനം പുരാതന ചരിത്രത്തിന്റെ ഭാഗമായി മാത്രം വീക്ഷിക്കപ്പെടുന്നു. ദുഷ്കരമായ നമ്മുടെ കാലത്തു ജീവിക്കുന്ന ആളുകൾക്ക് അതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ല. നമ്മുടെ നാളിനെയോ ഭാവിയെയോ സംബന്ധിച്ച് ഈ ഭാവികഥനങ്ങൾ ഒന്നുംതന്നെ പറയുന്നില്ല. എന്നാൽ അവയിൽനിന്നു വ്യത്യസ്തമായി, ബൈബിൾ പ്രവചനങ്ങൾ “ജീവനും ചൈതന്യവുമുള്ള” ‘ദൈവവചനത്തിന്റെ’ ഭാഗമാണെന്നതു ശ്രദ്ധേയമാണ്. (എബ്രായർ 4:12) ഇതിനോടകം നിവൃത്തിയേറിയിരിക്കുന്ന ബൈബിൾ പ്രവചനങ്ങൾ, ജനങ്ങളുമായുള്ള യഹോവയുടെ ഇടപെടലിന്റെ ഒരു ദൃഷ്ടാന്തമാണ്. അത് അവന്റെ ഉദ്ദേശ്യങ്ങളെയും വ്യക്തിത്വത്തെയും കുറിച്ചു മർമപ്രധാനമായ വിശദാംശങ്ങൾ നൽകുകയും ചെയ്യുന്നു. കൂടാതെ, പ്രധാനപ്പെട്ട ബൈബിൾ പ്രവചനങ്ങൾ സമീപ ഭാവിയിൽ നിവൃത്തിയേറാനിരിക്കുകയാണ്. അടുത്തുതന്നെ സംഭവിക്കാൻ പോകുന്നതിനെ കുറിച്ചു പത്രൊസ് അപ്പൊസ്തലൻ ഇങ്ങനെ എഴുതി: “നാം [ദൈവത്തിന്റെ] വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും [സ്വർഗീയ മിശിഹൈക രാജ്യം] പുതിയ ഭൂമിക്കുമായിട്ടു [നീതിയുള്ള മനുഷ്യ സമൂഹം] കാത്തിരിക്കുന്നു.”—2 പത്രൊസ് 3:13.
ബൈബിൾ പ്രവചനങ്ങളെയും വ്യാജമത ഭാവികഥനങ്ങളെയും കുറിച്ചുള്ള ഹ്രസ്വമായ ഈ താരതമ്യ പരിചിന്തനം, മഹത്തായ ആശയങ്ങൾ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്നതിനോടു സമാനമായ നിഗമനത്തിൽ എത്തിച്ചേരുന്നതിലേക്കു നിങ്ങളെ നയിച്ചേക്കാം: “മർത്ത്യ മനുഷ്യന്റെ മുന്നറിവിനുള്ള പ്രാപ്തി കണക്കിലെടുക്കുകയാണെങ്കിൽ, എബ്രായ പ്രവാചകന്മാർ അതുല്യരായി കാണപ്പെടുന്നു. പുറജാതി ആഭിചാരകരിൽ നിന്നും ലക്ഷണം പറച്ചിലുകാരിൽ നിന്നും ഭിന്നമായി, . . . ദിവ്യ രഹസ്യങ്ങൾ അറിയുന്നതിന് അവർക്കു കർമങ്ങളോ മന്ത്രോപകരണങ്ങളോ ഉപയോഗിക്കേണ്ടതില്ല. . . . കാരണം
അവരുടെ പ്രാവചനിക ഭാഷണങ്ങളിൽ അധികവും, വിജാതീയ ഭാവികഥനങ്ങളിൽ നിന്നു വ്യത്യസ്തമായി, വളരെ വ്യക്തതയുള്ളതായി കാണപ്പെടുന്നു. കുറഞ്ഞപക്ഷം, ദിവ്യ മാർഗനിർദേശത്തിന്റെ ഗതി മനുഷ്യർ മുൻകൂട്ടി കാണാൻ ദൈവം ആഗ്രഹിക്കുന്നതുകൊണ്ട് കാര്യങ്ങളെ സംബന്ധിച്ച അവന്റെ ഉദ്ദേശ്യം മറച്ചുവെക്കുകയല്ല, വെളിപ്പെടുത്തുകയാണ് അവയുടെ ലക്ഷ്യം എന്നു കാണപ്പെടുന്നു.”നിങ്ങൾ ബൈബിൾ പ്രവചനത്തിൽ വിശ്വസിക്കുമോ?
നിങ്ങൾക്കു ബൈബിൾ പ്രവചനത്തിൽ വിശ്വസിക്കാനാകും. വാസ്തവത്തിൽ, നിങ്ങൾക്ക് യഹോവയെയും അവന്റെ പ്രാവചനിക വചനത്തിന്റെ നിവൃത്തിയെയും കേന്ദ്രീകരിച്ചു ജീവിതം പടുത്തുയർത്താനാകും. ബൈബിൾ പ്രവചനം ഇതിനോടകം നിവൃത്തിയേറിയിരിക്കുന്ന ഭാവികഥനങ്ങളുടെ മൃത വൃത്താന്തമല്ല. തിരുവെഴുത്തുകളിൽ കാണുന്ന പല പ്രവചനങ്ങളും നിവൃത്തിയേറിക്കൊണ്ടിരിക്കുകയാണ് അല്ലെങ്കിൽ സമീപ ഭാവിയിൽ നിവൃത്തിയേറാനിരിക്കുകയാണ്. അവയും നിവൃത്തിയേറുമെന്നു ഗതകാലത്തെ ആസ്പദമാക്കി നമുക്കു പൂർണ ഉറപ്പോടെ പറയാനാകും. അത്തരം പ്രവചനങ്ങൾ നമ്മുടെ നാളുകളെ കേന്ദ്രീകരിക്കുന്നതിനാലും അവ നമ്മുടെ ഭാവിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലും നാം അവയെ ഗൗരവമായി കണക്കാക്കണം.
യെശയ്യാവു 2:2, 3-ൽ കാണുന്ന ബൈബിൾ പ്രവചനത്തിൽ നിങ്ങൾക്കു തീർച്ചയായും വിശ്വസിക്കാനാകും: ‘അന്ത്യകാലത്തു യഹോവയുടെ ആലയമുള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതം ആയിരിക്കും; അനേകവംശങ്ങളും ചെന്നു: വരുവിൻ, നമുക്കു യഹോവയുടെ പർവ്വതത്തിലേക്കു, കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും എന്നു പറയും.’ ഇന്നു ദശലക്ഷക്കണക്കിന് ആളുകൾ യഹോവയുടെ ഉന്നത ആരാധനയിൽ ഏർപ്പെടുകയും അവന്റെ പാതകളിൽ നടക്കാൻ പഠിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ വഴികളെ കുറിച്ചു കൂടുതൽ അറിയാനും അവന്റെ പാതകളിൽ നടക്കുന്നതിന് അവനെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചു സൂക്ഷ്മമായ അറിവു നേടാനും ലഭിക്കുന്ന അവസരം നിങ്ങൾ പ്രയോജനപ്പെടുത്തുമോ?—യോഹന്നാൻ 17:3.
ബൈബിളിലെ മറ്റൊരു പ്രവചനത്തിന്റെ നിവൃത്തി നമ്മുടെ ഭാഗത്ത് അടിയന്തിര നടപടി ആവശ്യമാക്കിത്തീർക്കുന്നു. സമീപ ഭാവിയെ കുറിച്ചു സങ്കീർത്തനക്കാരൻ പ്രാവചനികമായി ഇങ്ങനെ പാടി: “ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും; . . . കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല.” (സങ്കീർത്തനം 37:9, 10) ബൈബിൾ പ്രവചനങ്ങളെ പുച്ഛിച്ചു തള്ളുന്നവർ ഉൾപ്പെടെയുള്ള ദുഷ്ടന്മാരുടെ ആസന്നമായ നാശത്തെ അതിജീവിക്കാൻ ആവശ്യമായിരിക്കുന്നത് എന്താണെന്നാണു നിങ്ങൾക്കു തോന്നുന്നത്? ആ സങ്കീർത്തനംതന്നെ ഉത്തരം നൽകുന്നു: “യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും.” (സങ്കീർത്തനം 37:9) യഹോവയെ പ്രത്യാശിക്കുക എന്നതിന്റെ അർഥം അവന്റെ വാഗ്ദാനങ്ങളിൽ പൂർണമായി വിശ്വസിക്കുകയും അവന്റെ നിലവാരങ്ങൾക്കൊത്തു നമ്മുടെ ജീവിതം ക്രമപ്പെടുത്തുകയും ചെയ്യുക എന്നാണ്.—സദൃശവാക്യങ്ങൾ 2:21, 22.
യഹോവയിൽ പ്രത്യാശിക്കുന്നവർ ഭൂമിയെ കൈവശമാക്കുമ്പോൾ ജീവിതം എങ്ങനെയിരിക്കും? അനുസരണമുള്ള മനുഷ്യവർഗത്തിനു മഹത്തായ ഭാവി കൈവരുമെന്നു ബൈബിൾ പറയുന്നു. യെശയ്യാ പ്രവാചകൻ എഴുതി: “അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല. അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും; മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും.” (യെശയ്യാവു 35:5, 6) യോഹന്നാൻ അപ്പൊസ്തലൻ ഉറപ്പേകുന്ന ഈ വാക്കുകൾ രേഖപ്പെടുത്തി: “അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: . . . എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും . . . കല്പിച്ചു.”—വെളിപ്പാടു 21:4, 5.
വിശ്വാസയോഗ്യമായ പ്രവചനങ്ങൾ അടങ്ങിയ ഗ്രന്ഥമാണു ബൈബിൾ എന്ന് യഹോവയുടെ സാക്ഷികൾക്ക് അറിയാം. അവർ അപ്പൊസ്തലനായ പത്രൊസിന്റെ പിൻവരുന്ന ഉദ്ബോധനത്തോടു പൂർണമായും യോജിക്കുന്നു: “പ്രവാചകവാക്യവും അധികം സ്ഥിരമായിട്ടു നമുക്കുണ്ടു. നേരം വെളുക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ ഉദയനക്ഷത്രം ഉദിക്കയും ചെയ്വോളം ഇരുണ്ട സ്ഥലത്തു പ്രകാശിക്കുന്ന വിളക്കുപോലെ അതിനെ കരുതിക്കൊണ്ടാൽ നന്നു.” (2 പത്രൊസ് 1:19) ഭാവി സംബന്ധിച്ചു ബൈബിൾ പ്രവചനങ്ങൾ വെച്ചുനീട്ടുന്ന മഹത്തായ പ്രത്യാശകൾ നിങ്ങളെ പുളകിതരാക്കുമെന്നു ഞങ്ങൾ ആത്മാർഥമായി പ്രതീക്ഷിക്കുന്നു!
[6-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
ഡെൽഫിയിലെ ഭാവികഥന മന്ദിരം ആയിരുന്നു പുരാതന ഗ്രീസിൽ ഏറ്റവും വിഖ്യാതമായിരുന്നത്.
വെളിച്ചപ്പാടത്തികൾ മുക്കാലിയിൽ ഇരുന്ന് ഭാവികഥനം നടത്തിയിരുന്നു
[ചിത്രങ്ങൾ]
മത്തു പിടിപ്പിക്കുന്ന ധൂമം വെളിച്ചപ്പാടത്തിക്കു ഹർഷോന്മാദം പകർന്നിരുന്നു
അവൾ ഉരുവിട്ടിരുന്ന വാക്കുകളിൽ അപ്പോളോ ദേവന്റെ വെളിപാടുകൾ അടങ്ങിയിരുന്നതായി കരുതപ്പെട്ടിരുന്നു
[കടപ്പാട]
മുക്കാലി: From the book Dictionary of Greek and Roman Antiquities; അപ്പോളോ: The Complete Encyclopedia of Illustration/J. G. Heck
[7-ാം പേജിലെ ചിത്രം]
ഡെൽഫിയിലെ മന്ദിരത്തിൽ നടത്തപ്പെട്ടിരുന്ന ഭാവികഥനങ്ങൾ ഒട്ടും ആശ്രയയോഗ്യം ആയിരുന്നില്ല
[കടപ്പാട]
Delphi, Greece
[8-ാം പേജിലെ ചിത്രം]
പുതിയ ലോകത്തെ കുറിച്ചുള്ള ബൈബിൾ പ്രവചനത്തിൽ നിങ്ങൾക്കു പൂർണമായി വിശ്വസിക്കാനാകും