വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
2 തെസ്സലൊനീക്യർ 3:14-ൽ പരാമർശിച്ചിരിക്കുന്ന ‘വേർതിരിക്കൽ’ സഭാപരമായ ഒരു ഔദ്യോഗിക നടപടിയാണോ അതോ അച്ചടക്കമില്ലാത്തവരെ ഒഴിവാക്കാൻ ക്രിസ്ത്യാനികൾ വ്യക്തിപരമായി ചെയ്യുന്ന ഒരു സംഗതിയാണോ?
അത്തരം ‘വേർതിരിക്കലിൽ’ സഭാ മൂപ്പന്മാർക്ക് വ്യക്തമായൊരു പങ്കുണ്ടെന്ന് തെസ്സലൊനീക്യരോടുള്ള പൗലൊസ് അപ്പൊസ്തലന്റെ വാക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ, പിന്നീട് ഓരോ ക്രിസ്ത്യാനിയും ആത്മീയ ലക്ഷ്യങ്ങൾ മുൻനിർത്തിക്കൊണ്ട് വേർതിരിക്കൽ നടപടി പിന്തുടരുന്നു. പൗലൊസിന്റെ ബുദ്ധിയുപദേശത്തെ, അതു നൽകിയ പശ്ചാത്തലത്തിൽ വീക്ഷിക്കുമ്പോൾ നമുക്ക് ഇത് ഏറ്റവും മെച്ചമായി മനസ്സിലാക്കാനാവും.
സ്ത്രീപുരുഷന്മാരെ വിശ്വാസികളാകാൻ സഹായിച്ചുകൊണ്ട് പൗലൊസ് തെസ്സലൊനീക്യ സഭ സ്ഥാപിക്കുന്നതിൽ പങ്കു വഹിച്ചു. (പ്രവൃത്തികൾ 17:1-4) അവരെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനുമായി പിന്നീട് അവൻ കൊരിന്തിൽനിന്ന് അവർക്ക് എഴുതി. പൗലൊസ് അവർക്ക് ആവശ്യമായ ബുദ്ധിയുപദേശവും നൽകി. “അടങ്ങിപ്പാർപ്പാനും സ്വന്തകാര്യം നോക്കുവാനും സ്വന്തകൈകൊണ്ടു വേല ചെയ്വാനും” അവൻ അവരെ ഉദ്ബോധിപ്പിച്ചു. ചിലരുടെ പെരുമാറ്റം ആ വിധത്തിൽ അല്ലായിരുന്നു. അതുകൊണ്ട് പൗലൊസ് ഇങ്ങനെ കൂട്ടിച്ചേർത്തു: “സഹോദരന്മാരേ, ഞങ്ങൾ നിങ്ങളെ പ്രബോധിപ്പിക്കുന്നതു: ക്രമംകെട്ടവരെ ബുദ്ധിയുപദേശിപ്പിൻ: ഉൾക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിൻ; ബലഹീനരെ താങ്ങുവിൻ.” അപ്പോൾ, ബുദ്ധിയുപദേശം ആവശ്യമായിരുന്ന ‘ക്രമംകെട്ടവർ’ a അവരുടെ ഇടയിൽ ഉണ്ടായിരുന്നെന്നു വ്യക്തം.—1 തെസ്സലൊനീക്യർ 1:2-10; 4:11, 12; 5:14.
ഏതാനും മാസം കഴിഞ്ഞ്, യേശുവിന്റെ ഭാവി സാന്നിധ്യത്തെ കുറിച്ചു കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പൗലൊസ് തെസ്സലൊനീക്യർക്കുള്ള തന്റെ രണ്ടാമത്തെ ലേഖനം എഴുതി. “ഒട്ടും വേല ചെയ്യാതെ പരകാര്യം നോക്കി ക്രമംകെട്ടു നടക്കുന്ന”വരോട് എങ്ങനെ ഇടപെടണം എന്നതിനെ കുറിച്ചുള്ള കൂടുതലായ മാർഗനിർദേശവും പൗലൊസ് നൽകി. അവരുടെ പ്രവർത്തനങ്ങൾ ഒരു കഠിനാധ്വാനി എന്ന നിലയിലുള്ള പൗലൊസിന്റെ മാതൃകയ്ക്കും സ്വന്തം ആവശ്യങ്ങൾക്കായി ജോലി ചെയ്യുന്നതിനെ കുറിച്ചുള്ള അവന്റെ വ്യക്തമായ കൽപ്പനയ്ക്കും എതിരായിരുന്നു. (2 തെസ്സലൊനീക്യർ 3:7-12) ചില നടപടികൾ സ്വീകരിക്കാൻ പൗലൊസ് നിർദേശിച്ചു. ക്രമംകെട്ടു നടക്കുന്നവരെ ഗുണദോഷിക്കാൻ അഥവാ ബുദ്ധിയുപദേശിക്കാൻ മൂപ്പന്മാർ ശ്രമിച്ചതിനു ശേഷമായിരുന്നു ഈ നടപടികൾ കൈക്കൊള്ളേണ്ടത്. പൗലൊസ് ഇങ്ങനെ എഴുതി:
“സഹോദരന്മാരേ, ഞങ്ങളോടു പ്രാപിച്ച പ്രമാണം വിട്ടു ക്രമംകെട്ടു നടക്കുന്ന ഏതു സഹോദരനോടും അകന്നുകൊള്ളേണം എന്നു . . . ഞങ്ങൾ നിങ്ങളോടു ആജ്ഞാപിക്കുന്നു. നിങ്ങളോ, സഹോദരന്മാരേ, നന്മ ചെയ്യുന്നതിൽ തളർന്നുപോകരുതു. ഈ ലേഖനത്തിലുള്ള ഞങ്ങളുടെ വാക്കു അനുസരിക്കാത്തവൻ നാണിക്കേണ്ടതിന്നു അവനോടുള്ള സംസർഗ്ഗം വിട്ടു അവനെ വേറുതിരിപ്പിൻ. എങ്കിലും ശത്രു എന്നു വിചാരിക്കാതെ സഹോദരൻ എന്നുവെച്ചു അവനെ ബുദ്ധിയുപദേശിക്കയത്രേ വേണ്ടതു.”—2 തെസ്സലൊനീക്യർ 3:6, 13-15.
അതുകൊണ്ട്, ക്രമംകെട്ടവരിൽനിന്നു അകന്നുനിൽക്കുന്നതും അവരെ വേർതിരിക്കുന്നതും അവരോടുള്ള സഹവാസം നിർത്തുന്നതും അതേസമയം അവരെ സഹോദരന്മാർ എന്നവണ്ണം ബുദ്ധിയുപദേശിക്കുന്നതും തുടർന്നുള്ള പടികളിൽ ഉൾപ്പെട്ടിരുന്നു. സഭാംഗങ്ങൾ ആ പടികൾ സ്വീകരിക്കുമായിരുന്നത് ഏതു സാഹചര്യങ്ങളിൽ ആയിരുന്നു? അതു വ്യക്തമായി മനസ്സിലാക്കാൻ കഴിയേണ്ടതിന്, ഇവിടെ പൗലൊസിന്റെ പരിഗണനയിൽ ഇല്ലാതിരുന്ന മൂന്നു സാഹചര്യങ്ങളെ കുറിച്ചു നമുക്കു പരിചിന്തിക്കാം.
1. ക്രിസ്ത്യാനികൾ അപൂർണരും കുറവുകൾ ഉള്ളവരുമാണെന്നു നമുക്ക് അറിയാം. എങ്കിലും സത്യ ക്രിസ്ത്യാനിത്വത്തിന്റെ ഒരു അടയാളമാണ് സ്നേഹം. ആയതിനാൽ നാം മറ്റുള്ളവരുടെ തെറ്റുകളെ സഹാനുഭൂതിയോടെ കാണുകയും ക്ഷമിക്കുകയും വേണം. ദൃഷ്ടാന്തത്തിന്, ബർന്നബാസിന്റെയും പൗലൊസിന്റെയും കാര്യത്തിൽ സംഭവിച്ചതു പോലെ, ഒരു ക്രിസ്ത്യാനി അപൂർവമായി കോപത്താൽ പൊട്ടിത്തെറിച്ചേക്കാം. (പ്രവൃത്തികൾ 15:36-40) അല്ലെങ്കിൽ ക്ഷീണം നിമിത്തം ഒരുവൻ പരുഷമായി സംസാരിക്കുകയോ മുറിപ്പെടുത്തുന്ന വാക്കുകൾ ഉപയോഗിക്കുകയോ ചെയ്തേക്കാം. അത്തരം സാഹചര്യങ്ങളിൽ, സ്നേഹം പ്രകടമാക്കിക്കൊണ്ടും ബൈബിൾ ബുദ്ധിയുപദേശം ബാധകമാക്കിക്കൊണ്ടും നമുക്കു തെറ്റുകളെ മൂടാനും നമ്മുടെ സഹക്രിസ്ത്യാനികളോട് ഒപ്പം തുടർന്നു ജീവിക്കുകയും സഹവസിക്കുകയും പ്രവർത്തിക്കുകയും ചെയ്യാനും കഴിയും. (മത്തായി 5:23-25; 6:14; 7:1-5; 1 പത്രൊസ് 4:8) വ്യക്തമായും, ഇത്തരത്തിലുള്ള പിഴവുകളെ കുറിച്ച് അല്ല 2 തെസ്സലൊനീക്യരിൽ പൗലൊസ് പരാമർശിച്ചത്.
2. പ്രവർത്തനങ്ങളും മനോഭാവങ്ങളും നല്ലതല്ലാത്ത ഒരുവനുമായുള്ള സഹവാസം പരിമിതപ്പെടുത്താൻ ഒരു ക്രിസ്ത്യാനി വ്യക്തിപരമായി തീരുമാനിക്കുന്ന സാഹചര്യത്തെ കുറിച്ച് അല്ല പൗലൊസ് ഇവിടെ പ്രതിപാദിക്കുന്നത്. ദൃഷ്ടാന്തത്തിന്, വിനോദ പ്രവർത്തനങ്ങളിലോ ഭൗതിക വസ്തുക്കളിലോ അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി കാണപ്പെടുന്ന ഒരുവനുമായുള്ള സഹവാസം ഒരു ക്രിസ്ത്യാനി കുറച്ചേക്കാം. അല്ലെങ്കിൽ, മാതാപിതാക്കളുടെ അധികാരത്തെ അനാദരിക്കുന്ന, പരുക്കൻ രീതിയിലോ അപകടകരമായ വിധത്തിലോ കളികളിൽ ഏർപ്പെടുന്ന, അല്ലെങ്കിൽ ക്രിസ്ത്യാനിത്വത്തെ ഗൗരവമായി എടുക്കാത്ത ചെറുപ്പക്കാരുമായി തന്റെ കുട്ടി സഹവസിക്കുന്നത് ഒരു മാതാവോ പിതാവോ പരിമിതപ്പെടുത്തിയേക്കാം. സദൃശവാക്യങ്ങൾ 13:20-ലെ പിൻവരുന്ന വാക്കുകൾക്കു ചേർച്ചയിലുള്ള കേവലം വ്യക്തിപരമായ തീരുമാനങ്ങളാണ് അവ: “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.”—1 കൊരിന്ത്യർ 15:33, NW താരതമ്യം ചെയ്യുക.
3. ഇനി, തികച്ചും ഗൗരവമേറിയ പാപത്തിന്റെ കാര്യം പരിചിന്തിക്കാം. അനുതാപമില്ലാതെ കടുത്ത പാപം ചെയ്തുകൊണ്ടിരുന്ന ഒരുവനെ കുറിച്ചു പൗലൊസ് കൊരിന്ത്യർക്ക് എഴുതി. അത്തരം അനുതാപമില്ലാത്ത പാപികളെ സഭയിൽനിന്നു പുറത്താക്കേണ്ടിയിരുന്നു. ആലങ്കാരികമായി പറഞ്ഞാൽ, ആ “ദുഷ്ടനെ” സാത്താനു കൈമാറണമായിരുന്നു. അതിനു ശേഷം വിശ്വസ്ത ക്രിസ്ത്യാനികൾ അത്തരം ദുഷ്ടരുമായി ഇടപഴകരുതായിരുന്നു. അവരെ അഭിവാദനം ചെയ്യുക പോലും അരുതെന്ന് അപ്പോസ്തലനായ യോഹന്നാൻ ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിച്ചു. (1 കൊരിന്ത്യർ 5:1-13; 2 യോഹന്നാൻ 9-11) എന്നാൽ അതും 2 തെസ്സലൊനീക്യർ 3:14-ലെ ബുദ്ധിയുപദേശത്തോടു യോജിക്കുന്നത് അല്ല.
മേൽപ്പറഞ്ഞിരിക്കുന്ന മൂന്ന് സാഹചര്യങ്ങളിൽനിന്നും വ്യത്യസ്തമാണ് 2 തെസ്സലൊനീക്യരിൽ ചർച്ച ചെയ്തിരിക്കുന്ന “ക്രമംകെട്ട”വരുടെ കാര്യം. അവർ അപ്പോഴും ‘സഹോദരന്മാർ’ ആണെന്നു പൗലൊസ് എഴുതി. അവരെ ബുദ്ധിയുപദേശിക്കുകയും അവരോട് ഇടപെടുകയും ചെയ്യുന്നത് ആ നിലയിൽ വേണമായിരുന്നു. അതുകൊണ്ട്, “ക്രമംകെട്ട” സഹോദരന്മാരുടെ പ്രശ്നം ക്രിസ്ത്യാനികൾക്ക് ഇടയിലുള്ള വെറുമൊരു വ്യക്തിപരമായ കാര്യമോ കൊരിന്തിലെ അധാർമിക പ്രശ്നത്തോടുള്ള ബന്ധത്തിൽ പൗലൊസ് ചെയ്തതു പോലെ, സഭാ മൂപ്പന്മാർ പുറത്താക്കൽ നടപടി കൈക്കൊള്ളേണ്ട അത്ര ഗൗരവമേറിയ സംഗതിയോ ആയിരുന്നില്ല. കൊരിന്തിലെ പുറത്താക്കപ്പെട്ട വ്യക്തിയെ പോലെ കടുത്ത പാപം സംബന്ധിച്ചു കുറ്റക്കാർ ആയിരുന്നില്ല ‘ക്രമംകെട്ടവർ.’
തെസ്സലൊനീക്യയിലെ ‘ക്രമംകെട്ടവർ’ ക്രിസ്ത്യാനിത്വത്തിൽനിന്നു ഗണ്യമായി വ്യതിചലിച്ചവർ ആയിരുന്നു. ക്രിസ്തുവിന്റെ തിരിച്ചു വരവ് പെട്ടെന്നുതന്നെ ഉണ്ടാകും എന്ന ചിന്ത നിമിത്തമോ അലസത നിമിത്തമോ അവർ ജോലി ചെയ്യുമായിരുന്നില്ല. അതിനു പുറമേ, ‘പരകാര്യത്തിൽ ഇടപെട്ടു’കൊണ്ട് അവർ കാര്യമായ കുഴപ്പം സൃഷ്ടിച്ചിരുന്നു. സാധ്യതയനുസരിച്ച്, പൗലൊസിന്റെ ഒന്നാമത്തെ ലേഖനത്തിലെ നിർദേശത്തിനും മറ്റു ദിവ്യ നിർദേശങ്ങൾക്കും ചേർച്ചയിൽ സഭാ മൂപ്പന്മാർ അവരെ ആവർത്തിച്ചു ബുദ്ധിയുപദേശിച്ചിട്ടുണ്ടാകണം. (സദൃശവാക്യങ്ങൾ 6:6-11; 10:4, 5; 12:11, 24; 24:30-34) എന്നിട്ടും അവർ സഭയുടെ മേൽ നിന്ദ കൈവരുത്തുന്നതും മറ്റു ക്രിസ്ത്യാനികളിലേക്കു വ്യാപിച്ചേക്കാവുന്നതുമായ പ്രവർത്തന ഗതിയിൽ തുടർന്നു. അതുകൊണ്ട് ക്രിസ്തീയ മൂപ്പനായ പൗലൊസ്, ആ വ്യക്തികളുടെ പേരു പറയാതെതന്നെ അവരുടെ തെറ്റായ ഗതി വെളിച്ചത്താക്കിക്കൊണ്ട് അവരുടെ ക്രമം കെട്ട നടത്തയിലേക്കു പരസ്യമായി ശ്രദ്ധ ക്ഷണിച്ചു.
ക്രമംകെട്ടവരെ ക്രിസ്ത്യാനികൾ വ്യക്തിപരമായി ‘വേർതിരിക്കുന്നത്’ ഉചിതമാണെന്നും അവൻ സഭയെ അറിയിച്ചു. ഏതു പ്രവർത്തന ഗതിയെ കുറിച്ചാണോ സഭയ്ക്കു പരസ്യമായി മുന്നറിയിപ്പു ലഭിച്ചത്, ആ ഗതി പിന്തുടരുന്നവരെ സഭാംഗങ്ങൾ ശ്രദ്ധിക്കണമെന്ന് അത് അർഥമാക്കി. “ക്രമംകെട്ടു നടക്കുന്ന ഏതു സഹോദരനോടും അകന്നുകൊള്ളേണം” എന്നു പൗലൊസ് അവരെ ഉപദേശിച്ചു. അത്തരം ഒരു വ്യക്തിയെ പൂർണമായും ഒഴിവാക്കണമെന്ന് അത് തീർച്ചയായും അർഥമാക്കിയില്ല. കാരണം അവർ, “സഹോദരൻ എന്നുവെച്ചു അവനെ ബുദ്ധിയുപദേശിക്ക”ണമായിരുന്നു. അവർ യോഗസ്ഥലത്തും ഒരുപക്ഷേ ശുശ്രൂഷയിലും ആ വ്യക്തിയുമായുള്ള ക്രിസ്തീയ സമ്പർക്കം തുടരുമായിരുന്നു. നൽകപ്പെടുന്ന പ്രബോധനത്തോട് തങ്ങളുടെ ആ സഹോദരൻ പ്രതികരിച്ച് അസ്വസ്ഥതാജനകമായ വഴികൾ ഉപേക്ഷിക്കുമെന്ന് അവർക്കു പ്രത്യാശിക്കാൻ കഴിയുമായിരുന്നു.
ഏത് അർഥത്തിൽ ആയിരുന്നു അവർ ആ വ്യക്തിയിൽനിന്ന് ഗലാത്യർ 2:12, NW താരതമ്യം ചെയ്യുക.) അവർ ആ വ്യക്തിയുമൊത്തുള്ള സാമൂഹിക ഇടപാടുകളും വിനോദ പരിപാടികളും അവസാനിപ്പിക്കുന്നത്, തത്ത്വനിഷ്ഠയുള്ള ആളുകൾ അയാളുടെ വഴികളെ വെറുക്കുന്നുവെന്ന് അയാൾക്കു കാണിച്ചു കൊടുക്കുമായിരുന്നു. വ്യക്തിക്കു ലജ്ജ തോന്നുകയും അയാൾ മാറ്റം വരുത്തുകയും ചെയ്തില്ലെങ്കിൽ പോലും, കുറഞ്ഞത് മറ്റുള്ളവരെങ്കിലും അയാളുടെ വഴികൾ പഠിച്ച് അയാളെപ്പോലെ ആയിത്തീരാനുള്ള സാധ്യത കുറയുമായിരുന്നു. അതേസമയം, ആ ക്രിസ്ത്യാനികൾ ഓരോരുത്തരും പരിപുഷ്ടിപ്പെടുത്തുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമായിരുന്നു. പൗലൊസ് അവരെ പിൻവരുന്ന പ്രകാരം ഉപദേശിച്ചു: “നിങ്ങളോ, സഹോദരന്മാരേ, നന്മ ചെയ്യുന്നതിൽ തളർന്നുപോകരുതു.”—2 തെസ്സലൊനീക്യർ 3:13.
“അകന്നു’നിൽക്കുമായിരുന്നത്? സാധ്യതയനുസരിച്ച്, അത് സാമൂഹികമായ ഒരു അർഥത്തിലായിരുന്നു. (വ്യക്തമായും, ചില നിസ്സാര തെറ്റുകൾ അഥവാ പിഴവുകൾ വരുത്തുന്ന സഹോദരങ്ങളെ അവജ്ഞയോടെ വീക്ഷിക്കാനോ വിധിക്കാനോ ഈ അപ്പൊസ്തലിക ഉപദേശം യാതൊരു അടിസ്ഥാനവും നൽകുന്നില്ല. പകരം, ഗണ്യമായ തോതിൽ ക്രിസ്ത്യാനിത്വത്തിനു വിരുദ്ധമായ അസ്വസ്ഥതാജനകമായ പ്രവർത്തന ഗതി സ്വീകരിക്കുന്നവരെ സഹായിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
വിപുലമായ ചട്ടങ്ങൾ നൽകിക്കൊണ്ട് ഒരു സങ്കീർണമായ നടപടിക്രമം സൃഷ്ടിക്കാൻ പൗലൊസ് ശ്രമിച്ചില്ല. എന്നിരുന്നാലും, മൂപ്പന്മാർ ക്രമംകെട്ട വ്യക്തിയെ ആദ്യം ബുദ്ധിയുപദേശിക്കുകയും സഹായിക്കാൻ ശ്രമിക്കുകയും വേണമെന്നുള്ളതു വ്യക്തമാണ്. അതു വിജയിക്കുന്നില്ലെങ്കിൽ, അസ്വസ്ഥതാജനകവും മറ്റുള്ളവരിലേക്കു വ്യാപിക്കാവുന്നതുമായ പ്രവർത്തനഗതിയിൽ വ്യക്തി തുടരുന്നെങ്കിൽ, സഭാംഗങ്ങളെ അതു സംബന്ധിച്ചു ജാഗരൂകരാക്കണമെന്ന് അവർ നിഗമനം ചെയ്തേക്കാം. അത്തരം ക്രമംകെട്ട നടത്ത ഒഴിവാക്കേണ്ടതിന്റെ കാരണം പ്രതിപാദിക്കുന്ന ഒരു പ്രസംഗം അവർക്കു നടത്താവുന്നതാണ്. അവർ വ്യക്തിയുടെ പേരു പറയില്ല. എന്നാൽ അവരുടെ മുന്നറിയിപ്പിൻ പ്രസംഗം സഭയെ സംരക്ഷിക്കാൻ സഹായിക്കും. കാരണം അതിനോടു പ്രതികരിക്കുന്നവർ വ്യക്തമായും ക്രമംകെട്ടു നടക്കുന്ന ഏതൊരുവനുമായുള്ള സാമൂഹിക ഇടപാടുകൾ പരിമിതപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കും.
കാലക്രമത്തിൽ, ക്രമംകെട്ട വ്യക്തിക്ക് തന്റെ വഴികളെ കുറിച്ചു ലജ്ജ തോന്നുകയും മാറ്റം വരുത്താൻ അയാൾ പ്രേരിതനാകുകയും ചെയ്യുമെന്നു പ്രതീക്ഷിക്കാവുന്നതാണ്. മൂപ്പന്മാരും സഭയിലെ മറ്റുള്ളവരും ആ മാറ്റങ്ങൾ നിരീക്ഷിക്കുമ്പോൾ, ആ വ്യക്തിയുമായുള്ള വ്യക്തിപരമായ സാമൂഹിക സഹവാസത്തിന്റെ കാര്യത്തിലുള്ള നിയന്ത്രണം അവസാനിപ്പിക്കാൻ അവർക്കു വ്യക്തിപരമായി തീരുമാനിക്കാവുന്നതാണ്.
അപ്പോൾ, ചുരുക്കിപ്പറഞ്ഞാൽ: ഒരുവൻ ക്രമംകെട്ടു നടക്കുന്നെങ്കിൽ സഹായവും ബുദ്ധിയുപദേശവും നൽകാൻ സഭാ മൂപ്പന്മാർ മുൻകൈയെടുക്കുന്നു. ആ വ്യക്തി തന്റെ പ്രവർത്തന ഗതിയിലെ തെറ്റ് കാണാതിരിക്കുകയും അനാരോഗ്യകരമായ ഒരു സ്വാധീനമായി തുടരുകയും ചെയ്യുന്നെങ്കിൽ, ഉൾപ്പെട്ടിരിക്കുന്ന സംഗതി അവിശ്വാസികളുമായുള്ള ഡേറ്റിങ്ങോ അനുചിതമായ മറ്റെന്തെങ്കിലും ഗതിയോ ആയിരുന്നുകൊള്ളട്ടെ, അതു സംബന്ധിച്ച ബൈബിൾ വീക്ഷണം വ്യക്തമാക്കുന്ന ഒരു പ്രസംഗത്തിലൂടെ മൂപ്പന്മാർ സഭയ്ക്കു മുന്നറിയിപ്പു നൽകിയേക്കാം. (1 കൊരിന്ത്യർ 7:39; 2 കൊരിന്ത്യർ 6:14) അപ്രകാരം ജാഗരൂകരാക്കപ്പെടുന്ന സഭയിലെ ക്രിസ്ത്യാനികൾക്ക്, വ്യക്തമായും ക്രമംകെട്ട ഒരു ഗതി പിന്തുടരുന്ന, എന്നാൽ അപ്പോഴും സഹോദരങ്ങൾ ആയിരിക്കുന്ന, വ്യക്തികളുമായുള്ള സാമൂഹിക സഹവാസം പരിമിതപ്പെടുത്താൻ വ്യക്തിപരമായി തീരുമാനിക്കാൻ കഴിയും.
[അടിക്കുറിപ്പുകൾ]
a ഇതിന്റെ ഗ്രീക്കു പദം അച്ചടക്കം പാലിക്കാത്ത സൈനികരോടും ക്ലാസ്സിൽ കയറാതെ നടക്കുന്ന ഉത്തരവാദിത്വ ബോധമില്ലാത്ത വിദ്യാർഥികളോടും ഉള്ള ബന്ധത്തിൽ ഉപയോഗിച്ചിരുന്നു.
[31-ാം പേജിലെ ചിത്രം]
ക്രിസ്തീയ മൂപ്പന്മാർ ക്രമംകെട്ടവരെ ബുദ്ധിയുപദേശിക്കുകയും അപ്പോഴും അവരെ സഹവിശ്വാസികളായി വീക്ഷിക്കുകയും ചെയ്യുന്നു