അസമത്വം ഇപ്പോഴത്തെ യാതനകൾ
അസമത്വം ഇപ്പോഴത്തെ യാതനകൾ
“സകല മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന, സ്രഷ്ടാവ് അവർക്ക് അലംഘ്യമായ ചില അവകാശങ്ങൾ നൽകിയിരിക്കുന്നുവെന്ന, ജീവിക്കാനും സ്വാതന്ത്ര്യം ഉണ്ടായിരിക്കാനും സന്തോഷം കണ്ടെത്താനുമുള്ള അവകാശം അവയിൽ ഉൾപ്പെടുന്നുവെന്ന, സ്വയംസിദ്ധമായ സത്യങ്ങൾ ഞങ്ങൾ അംഗീകരിക്കുന്നു.”—സ്വാതന്ത്ര്യ പ്രഖ്യാപനം, 1776-ൽ ഐക്യനാടുകൾ അംഗീകരിച്ചത്.
“സകല മനുഷ്യരും സ്വാതന്ത്ര്യത്തോടും തുല്യാവകാശങ്ങളോടും കൂടെയാണു ജനിക്കുന്നത്.”—മനുഷ്യ-പൗര അവകാശ പ്രഖ്യാപനം, 1789-ൽ ഫ്രാൻസിലെ ദേശീയ സഭ അംഗീകരിച്ചത്.
“സ്വതന്ത്രരും അതുപോലെ മാന്യതയിലും അവകാശങ്ങളിലും തുല്യരും ആയാണ് സകല മനുഷ്യരും ജനിക്കുന്നത്.”—സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം, ഐക്യരാഷ്ട്ര പൊതു സഭ 1948-ൽ അംഗീകരിച്ചത്.
ഈ കാര്യം സംബന്ധിച്ച് ഒരു സംശയവുമില്ല. സമത്വത്തിനായുള്ള മനുഷ്യന്റെ ആഗ്രഹം സാർവത്രികമാണ്. എന്നാൽ സങ്കടകരമെന്നു പറയട്ടെ, മനുഷ്യ സമത്വം എന്ന ആശയം കൂടെക്കൂടെ ആവർത്തിക്കേണ്ടിവന്നിരിക്കുന്നു എന്ന വസ്തുതതന്നെ സമത്വം കൈവരിക്കാൻ മനുഷ്യന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നു തെളിയിക്കുന്നു.
20-ാം നൂറ്റാണ്ട് അസ്തമിക്കാൻ പോകുന്ന ഇക്കാലത്ത് കാര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ട് എന്ന് ആർക്കെങ്കിലും ആത്മാർഥമായി വാദിക്കാൻ കഴിയുമോ? ഐക്യനാടുകളിലെയും ഫ്രാൻസിലെയും എല്ലാ പൗരന്മാരും അല്ലെങ്കിൽ ഐക്യരാഷ്ട്രങ്ങളിൽ അംഗത്വമുള്ള 185 രാഷ്ട്രങ്ങളിൽ ഏതെങ്കിലും ഒരു
രാജ്യത്തുള്ള സകലരും, തങ്ങൾക്കു ജന്മനാ ഉണ്ടെന്ന് അവകാശപ്പെടുന്ന തുല്യാവകാശങ്ങൾ വാസ്തവത്തിൽ ആസ്വദിക്കുന്നുണ്ടോ?എല്ലാവർക്കും ഇടയിൽ സമത്വം ഉണ്ടായിരിക്കുക എന്ന ആശയം “സ്വയംസിദ്ധ”മാണെങ്കിലും, “ജീവിക്കാനും സ്വാതന്ത്ര്യം ഉണ്ടായിരിക്കാനും സന്തോഷം കണ്ടെത്താനുമുള്ള” അവകാശങ്ങൾ എല്ലാ മനുഷ്യരും തുല്യമായി ആസ്വദിക്കുന്നില്ല. ഉദാഹരണത്തിന്, ആഫ്രിക്കയിൽ ഒരു കുട്ടിയെ ചികിത്സിക്കുന്ന ഒരു ഡോക്ടർക്ക് വേറെ 2,569 പേരെ കൂടി ചികിത്സിക്കേണ്ടിവരുന്നു. അതേസമയം യൂറോപ്പിലാകട്ടെ, ഒരു കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർക്കു വേറെ 289 പേരെ മാത്രം ചികിത്സിച്ചാൽ മതി. ഇത്തരമൊരു സാഹചര്യത്തിൽ, ജീവിക്കാനുള്ള അവകാശം സംബന്ധിച്ച് എന്ത് സമത്വമാണുള്ളത്? അല്ലെങ്കിൽ, ഇന്ത്യയിലെ ഏതാണ്ട് മൂന്നിൽ ഒന്ന് ആൺകുട്ടികളും മൂന്നിൽ രണ്ടു പെൺകുട്ടികളും നിരക്ഷരരായി വളർന്നു വരുകയും അതേസമയം, ജപ്പാനിലെയും ജർമനിയിലെയും ഗ്രേറ്റ് ബ്രിട്ടനിലെയും എല്ലാ കുട്ടികൾക്കുംതന്നെ വിദ്യാഭ്യാസം ഉറപ്പുലഭിക്കുകയും ചെയ്യുമ്പോൾ സ്വാതന്ത്ര്യം ഉണ്ടായിരിക്കാനും സന്തോഷം കണ്ടെത്താനുമുള്ള അവകാശങ്ങളുടെ കാര്യത്തിൽ എന്തു സമത്വമാണുള്ളത്?
1,380 ഡോളർ പ്രതിശീർഷ വരുമാനമുള്ള മധ്യ അമേരിക്കൻ രാജ്യങ്ങളിലെ ജനങ്ങൾക്ക്, 24,990 ഡോളർ പ്രതിശീർഷ വരുമാനമുള്ള ഫ്രാൻസിലെ ആളുകൾക്കുള്ള അതേ ‘മാന്യതയും അവകാശങ്ങളും’ ഉണ്ടോ? വടക്കേ അമേരിക്കയിൽ ജനിക്കുന്ന ഒരു പെൺകുഞ്ഞിനുള്ള 76 വർഷത്തെ ആയുർപ്രതീക്ഷയോടുള്ള താരതമ്യത്തിൽ 65 വർഷത്തെ ആയുർപ്രതീക്ഷയോടെ ജനിക്കുന്ന ഒരു ആഫ്രിക്കൻ പെൺകുഞ്ഞിന് എന്തു സമത്വമാണ് ഉള്ളത്?
അസമത്വത്തിനു പല മുഖങ്ങളുണ്ട്, അവയെല്ലാം വിരൂപങ്ങളാണ്. ജീവിത നിലവാരങ്ങൾ, ആരോഗ്യരക്ഷയ്ക്കും വിദ്യാഭ്യാസത്തിനുമുള്ള അവസരങ്ങൾ എന്നിവയിലെ അസമത്വം അവയിൽ ചിലതു മാത്രമാണ്. ചിലപ്പോൾ, ആളുകളുടെ രാഷ്ട്രീയവും വർഗീയവും മതപരവുമായ വ്യത്യാസങ്ങൾ നിമിത്തം അവർക്കു മാന്യതയും സ്വാതന്ത്ര്യവും ലഭിക്കാതെ പോകുന്നു. ആളുകൾ സമത്വത്തെക്കുറിച്ചു ധാരാളം സംസാരിക്കുന്നുണ്ടെങ്കിലും, അസമത്വത്തിന്റെ ഒരു ലോകത്തിലാണു നാം ജീവിക്കുന്നത്. ഒരു ബാധ—“വ്യാപകമോ വൻതോതിലോ ഉള്ള കഷ്ടതയ്ക്കിടയാക്കുന്ന ഒരു സംഗതി” എന്ന് അതു നിർവചിക്കപ്പെട്ടിരിക്കുന്നു—കണക്കെ മനുഷ്യ സമൂഹത്തെ ഒന്നടങ്കം അസമത്വം ഗ്രസിച്ചിരിക്കുന്നു. ദാരിദ്ര്യം, രോഗം, നിരക്ഷരത, തൊഴിലില്ലായ്മ, വിവേചനം എന്നിവ അതിന്റെ ദാരുണ ഫലങ്ങളിൽ ചിലതു മാത്രമാണ്.
“സകല മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.” എത്ര മഹത്തായ ഒരു ആശയം! എന്നാൽ, യാഥാർഥ്യം നേർ വിപരീതമാണെന്നത് എത്രയോ ദുഃഖകരം!
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട]
UN PHOTO 152113/SHELLEY ROTNER