അസമത്വം—ദൈവം ഉദ്ദേശിച്ചതോ?
അസമത്വം—ദൈവം ഉദ്ദേശിച്ചതോ?
ഒറ്റ വാക്കിൽ പറഞ്ഞാൽ അല്ല. കാരണം എന്താണെന്നു നമുക്കു നോക്കാം.
ജീവിതാസ്വാദനത്തിനും സന്തുഷ്ടിക്കും എല്ലാവർക്കും തുല്യ അവസരങ്ങൾ ഉണ്ടായിരിക്കണം എന്നായിരുന്നു ദൈവത്തിന്റെ ഉദ്ദേശ്യം. മനുഷ്യനെ സൃഷ്ടിച്ചതിനെ കുറിച്ച് നാമിങ്ങനെ വായിക്കുന്നു: “അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യ പ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.” ഭൗമിക സൃഷ്ടി പൂർത്തിയായപ്പോൾ “താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു.”—ഉല്പത്തി 1:26, 31.
ഇന്നത്തെ ശോച്യമായ അസമത്വാവസ്ഥയെ “എത്രയും നല്ലതു” എന്നു ദൈവത്തിനു പറയാൻ കഴിയുമോ? ഇല്ല, കാരണം “ദൈവം സ്നേഹമാകുന്നു.” (1 യോഹന്നാൻ 4:8) അവനെ കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നു: “അവൻ മുഖം നോക്കുന്നില്ല.” “അവന്റെ പ്രവൃത്തി അത്യുത്തമം. അവന്റെ വഴികൾ ഒക്കെയും ന്യായം; അവൻ വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവൻ; നീതിയും നേരുമുള്ളവൻ തന്നേ.” (ആവർത്തനപുസ്തകം 10:17; 32:4; ഇയ്യോബ് 34:19 താരതമ്യം ചെയ്യുക.) അപ്പൊസ്തലനായ പത്രൊസ് ഈ നിഗമനത്തിലെത്തി: “ദൈവത്തിന്നു മുഖപക്ഷമില്ല എന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും ഞാൻ ഇപ്പോൾ യഥാർത്ഥമായി ഗ്രഹിക്കുന്നു.”—പ്രവൃത്തികൾ 10:34 35.
ദൈവം സ്നേഹവാനും മുഖപക്ഷമില്ലാത്തവനും നീതിയും ന്യായവും വിശ്വസ്തതയും ഉള്ളവനും ആകയാൽ, മനുഷ്യന്റെ സന്തോഷാസ്വാദനത്തിനുള്ള അവകാശത്തിന്റെ കാര്യത്തിൽ അവരെ സഹജമായ അസമത്വത്തോടെ സൃഷ്ടിക്കാൻ അവന് എങ്ങനെ കഴിയും? മനുഷ്യരുടെ ഇടയിൽ വിവേചനം അനുവദിക്കുകയും അവരെ അസമത്വത്തിന്റെ ഒരു അവസ്ഥയിൽ ആക്കിവെക്കുകയും ചെയ്യുന്നത് അവന്റെ വ്യക്തിത്വത്തിനു തന്നെ നേർവിപരീതമായിരിക്കും. അവർ എല്ലാവരും “സ്വതന്ത്രരും അതുപോലെ മാന്യതയിലും അവകാശങ്ങളിലും തുല്യരും” ആയി ജനിക്കാനാണ് അവൻ ഉദ്ദേശിച്ചിരുന്നത്. എങ്കിലും ഇന്നു കാര്യങ്ങൾ ആ വിധത്തിലല്ലെന്നു വ്യക്തമാണ്. എന്താണ് കാരണം?
അസമത്വത്തിന്റെ മൂല കാരണം
ദൈവം മനുഷ്യരെ തുല്യരായി സൃഷ്ടിച്ചു എന്നതിന്റെ അർഥം അവർ എല്ലാവരും എല്ലാ കാര്യത്തിലും തുല്യരായിരിക്കാൻ അവൻ ഉദ്ദേശിച്ചു എന്നല്ല. കഴിവുകൾ, താത്പര്യങ്ങൾ, വ്യക്തിത്വം എന്നീ കാര്യങ്ങളിൽ അവർ വ്യത്യസ്തരായിരിക്കാം. സ്ഥാനമാനങ്ങളുടെയും അധികാരത്തിന്റെയും കാര്യത്തിലും അവർക്കു വ്യത്യാസം ഉണ്ടായിരുന്നേക്കാം. ഉദാഹരണത്തിന്, പുരുഷനും സ്ത്രീയും എല്ലാ കാര്യങ്ങളിലും തുല്യരല്ല. എന്നാൽ പുരുഷന് “ഒരു പൂരകം” എന്ന നിലയിലാണു ദൈവം സ്ത്രീയെ സൃഷ്ടിച്ചത്. (ഉല്പത്തി 2:18, NW) അധികാരത്തിന്റെ കാര്യത്തിൽ മാതാപിതാക്കളും മക്കളും തുല്യരല്ലെന്നു വ്യക്തം. ഈ വ്യത്യാസങ്ങളൊക്കെ ഉണ്ടെങ്കിലും, എല്ലാവരും—പുരുഷന്മാരും സ്ത്രീകളും കുട്ടികളും—സന്തുഷ്ടിക്കുള്ള അടിസ്ഥാന ആവശ്യങ്ങൾ തൃപ്തിപ്പെടുത്താനുള്ള തുല്യ അവസരങ്ങൾ ദൈവദത്ത അവകാശമെന്ന നിലയിൽ ആസ്വദിക്കേണ്ടിയിരുന്നു. ദൈവമുമ്പാകെ തുല്യമായ നിലയും മാന്യതയും അവരെല്ലാം ആസ്വദിക്കേണ്ടിയിരുന്നു.
സമാനമായി, മനുഷ്യർക്കു മുമ്പേ സൃഷ്ടിക്കപ്പെട്ട ദൈവത്തിന്റെ ആത്മ പുത്രന്മാർക്കു വ്യത്യസ്ത നിയമനങ്ങളും ഉത്തരവാദിത്വങ്ങളുമാണു ലഭിച്ചത്. (ഉല്പത്തി 3:24; 16:7-11; യെശയ്യാവു 6:6; യൂദാ 9) എന്നുവരികിലും, തങ്ങൾക്കു നൽകപ്പെട്ടിരുന്നതിന്റെ പരിധിക്കുള്ളിൽ ജീവിക്കാനും സന്തുഷ്ടി അനുഭവിക്കാനുമുള്ള ദിവ്യ കരുതലുകൾ തുല്യമായ അളവിൽ ആസ്വദിക്കാൻ അവർക്കെല്ലാം കഴിഞ്ഞിരുന്നു. അങ്ങനെ അവർ ദൈവത്തിന്റെ മുഖപക്ഷമില്ലായ്മ ഏറ്റവും മെച്ചമായ വിധത്തിൽ പ്രതിഫലിപ്പിച്ചു.
ദുഃഖകരമെന്നു പറയട്ടെ, ദൈവത്തിന്റെ മുഖപക്ഷമില്ലാത്ത ക്രമീകരണം ഒരു ആത്മ സൃഷ്ടിക്ക് തൃപ്തികരമല്ലാതായിത്തീർന്നു. കൂടുതൽ ഉയർന്ന, ശ്രേഷ്ഠമായ സ്ഥാനം കാംക്ഷിച്ചുകൊണ്ട്, ദൈവം തനിക്കു നൽകിയതിലും അധികം അവൻ ആഗ്രഹിച്ചു. ഈ തെറ്റായ ആഗ്രഹത്തെ ഊട്ടിവളർത്തിയ അവൻ, സ്രഷ്ടാവ് എന്ന നിലയിൽ സർവാധിപതി എന്ന സ്ഥാനം ഉചിതമായി വഹിക്കുന്ന യഹോവയ്ക്കെതിരെ മത്സരിച്ചു. മത്സരിയായിത്തീർന്ന ഈ ആത്മ ദൈവപുത്രനാണ് തങ്ങൾക്കു ദൈവം തന്നതിലധികം ആവശ്യപ്പെടാൻ മനുഷ്യരെ വശീകരിച്ചത്. (ഉല്പത്തി 3:1-6; യെശയ്യാവു 14:12-14 താരതമ്യം ചെയ്യുക.) അങ്ങനെ, മനുഷ്യർ ജീവനും സന്തുഷ്ടിയും ആസ്വദിക്കാനുള്ള യഹോവയുടെ കരുതലുകൾ താളം തെറ്റിയതു പോലെ തോന്നി. വെളിപ്പാടു 20:2-ൽ “പിശാചും സാത്താനും” എന്നു തിരിച്ചറിയിക്കപ്പെട്ടിരിക്കുന്ന മത്സരിയായ ഈ ആത്മ വ്യക്തിയാണ് മനുഷ്യ അസമത്വത്തിന്റെ ദുഷ്ടനായ കാരണക്കാരൻ.
കാര്യങ്ങൾക്ക് എന്നെങ്കിലും മാറ്റം വരുമോ?
ഒറ്റ വാക്കിൽ പറഞ്ഞാൽ, ഉവ്വ്!
എന്നാൽ, അഭിലഷണീയമായ ഈ മാറ്റങ്ങൾ വരുത്താൻ ആർക്കു കഴിയും? മനുഷ്യ നേതാക്കൾ—ചിലർ വളരെ ആത്മാർഥതയോടെതന്നെ—അപ്രകാരം ചെയ്യാൻ നൂറ്റാണ്ടുകളായി കഠിനശ്രമം ചെയ്തിട്ടുണ്ട്. അതു പരിമിത വിജയമേ കണ്ടിട്ടുള്ളൂ. മനുഷ്യ അസമത്വം എപ്പോഴെങ്കിലും പരിഹരിക്കപ്പെടുമെന്നു പ്രതീക്ഷിക്കുന്നത് അയഥാർഥമാണെന്ന നിഗമനത്തിലേക്ക് അത് അനേകരെ നയിച്ചിരിക്കുന്നു. എന്നിരുന്നാലും, ദൈവത്തിന്റെ വീക്ഷണം യെശയ്യാവു 55:10, 11-ൽ രേഖപ്പെടുത്തിയിരിക്കുന്നു: “മഴയും ഹിമവും ആകാശത്തുനിന്നു പെയ്യുകയും അവിടേക്കു മടങ്ങാതെ വിതെപ്പാൻ വിത്തും തിന്മാൻ ആഹാരവും നല്കത്തക്കവണ്ണം ഭൂമിയെ നനെച്ചു ഫലവത്താക്കി വിളയിക്കുന്നതുപോലെ എന്റെ വായിൽനിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.”
ജീവിക്കാനും സന്തോഷിക്കാനുമുള്ള തുല്യ അവസരങ്ങൾ സകല മനുഷ്യർക്കും പ്രദാനം ചെയ്യാനുള്ള തന്റെ ആദിമ ഉദ്ദേശ്യം നിറവേറ്റുമെന്നു യഹോവയാം ദൈവം പ്രഖ്യാപിച്ചിരിക്കുന്നു എന്നറിയുന്നത് എത്ര ആശ്വാസദായകമാണ്! സത്യത്തിന്റെ ദൈവം എന്ന നിലയിൽ, തന്റെ വാക്കു പാലിക്കാൻ അവൻ ബാധ്യസ്ഥനാണ്. സന്തോഷകരമെന്നു പറയട്ടെ, അവന് അതു ചെയ്യാനുള്ള ശക്തിയും ആഗ്രഹവുമുണ്ട്. അവൻ അത് എങ്ങനെ നിവർത്തിക്കും?
യേശു തന്റെ എല്ലാ അനുഗാമികളെയും പ്രാർഥിക്കാൻ പഠിപ്പിച്ച ദൈവരാജ്യത്തിലാണ് അതിനുള്ള ഉത്തരമുള്ളത്: “നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.” (മത്തായി 6:9, 10) അതേ, ദൈവരാജ്യം മുഖാന്തരം യഹോവ ‘[ഇപ്പോഴുള്ള] രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കും.’ തുടർന്ന് അത് ‘എന്നേക്കും നിലനില്ക്കുകയും’ ചെയ്യും.—ദാനീയേൽ 2:44.
സ്വർഗീയ രാജ്യ ഭരണത്തിൻ കീഴിൽ, ഒരു പുത്തൻ മനുഷ്യ സമുദായം ഉദയം കൊള്ളും. ബൈബിളിലെ അവസാന പുസ്തകമായ വെളിപ്പാടിൽ ഇതു സംബന്ധിച്ച് അപ്പൊസ്തലനായ യോഹന്നാൻ ഇങ്ങനെ എഴുതി: “ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി.” (വെളിപ്പാടു 21:1) അസമത്വത്തിന്റെ വിരൂപമായ മുഖങ്ങൾ—ദാരിദ്ര്യം, രോഗം, നിരക്ഷരത, വിവേചനം, മറ്റു മാനുഷ ദുരിതങ്ങൾ—എല്ലാം പൊയ്പ്പോയിരിക്കും. a
ഒരു നൂറ്റാണ്ടിലധികമായി യഹോവയുടെ സാക്ഷികൾ ആ രാജ്യത്തിലേക്ക് ആളുകളുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ടാണിരിക്കുന്നത്. (മത്തായി 24:14) ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ദൈവോദ്ദേശ്യങ്ങളെ സംബന്ധിച്ച പരിജ്ഞാനം നേടാൻ, അച്ചടിച്ച താളുകൾ ഉപയോഗിച്ചും വ്യക്തിപരമായ സന്ദർശനം നടത്തിയും ആളുകളെ സഹായിക്കുന്നതിൽ അവർ ഉത്സാഹം കാട്ടിയിരിക്കുന്നു. എന്നിരുന്നാലും, അവരുടെ ലോകവ്യാപക വിദ്യാഭ്യാസ വേല, ആളുകൾക്കു ഭാവിയിൽ സമത്വത്തിലും സന്തുഷ്ടിയിലും ജീവിക്കാനുള്ള പ്രത്യാശ നൽകുക മാത്രമല്ല, ഇപ്പോൾപോലും അസമത്വത്തിന്റെ യാതന നിയന്ത്രിക്കാൻ അവരെ സഹായിക്കുകയും ചെയ്തിരിക്കുന്നു. എങ്ങനെയെന്നു നമുക്കു നോക്കാം.
[അടിക്കുറിപ്പുകൾ]
a ദൈവരാജ്യം സകലർക്കും സമത്വം കൈവരുത്തുന്നത് എങ്ങനെ എന്നതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകത്തിന്റെ 10-ഉം 11-ഉം അധ്യായങ്ങൾ കാണുക.
[5-ാം പേജിലെ ആകർഷകവാക്യം]
ജീവിക്കാനും സന്തുഷ്ടി അനുഭവിക്കാനും എല്ലാവർക്കും തുല്യ അവസരങ്ങൾ ഉണ്ടായിരിക്കാൻ ദൈവം ഉദ്ദേശിച്ചു