ബൈബിൾ വ്യാഖ്യാനം—ആരുടെ സ്വാധീനത്താൽ?
ബൈബിൾ വ്യാഖ്യാനം—ആരുടെ സ്വാധീനത്താൽ?
“വ്യക്തിപരമായ വിശ്വാസത്തിന്റെയോ വിലയിരുത്തലിന്റെയോ സാഹചര്യത്തിന്റെയോ വെളിച്ചത്തിൽ അഭിപ്രായ രൂപവത്കരണം നടത്തുക” എന്നാണ് “വ്യാഖ്യാനിക്കുക” (“interpret”) എന്നതിന്റെ ഒരു നിർവചനം. (വെബ്സ്റ്റേഴ്സ് നയൻത് ന്യൂ കൊളീജിയറ്റ് ഡിക്ഷണറി) അതുകൊണ്ട് ഒരുവന്റെ പശ്ചാത്തലവും വിദ്യാഭ്യാസവും ബാല്യകാല പരിശീലനവും അയാളുടെ ഏതൊരു വ്യാഖ്യാനത്തെയും പൊതുവെ സ്വാധീനിക്കുന്നു.
എന്നാൽ, ബൈബിൾ വ്യാഖ്യാനത്തിന്റെ കാര്യമോ? നമ്മുടെ സ്വന്തം “വിശ്വാസത്തിന്റെയോ വിലയിരുത്തലിന്റെയോ സാഹചര്യത്തിന്റെയോ” അടിസ്ഥാനത്തിൽ ബൈബിൾ ഭാഗങ്ങൾ വിശദീകരിക്കാൻ നമുക്കു സ്വാതന്ത്ര്യമുണ്ടോ? തങ്ങൾ അപ്രകാരം ചെയ്യുന്നില്ല, മറിച്ച് ദൈവത്താൽ തങ്ങൾ നയിക്കപ്പെടുകയാണെന്ന് മിക്ക ബൈബിൾ പണ്ഡിതന്മാരും പരിഭാഷകരും അവകാശപ്പെടുന്നു.
“ഒരു കത്തോലിക്കൻ” എന്ന തൂലികാനാമത്തിൽ ജോൺ ലിംഗാർഡ് 1836-ൽ പ്രസിദ്ധീകരിച്ച ചതുർ സുവിശേഷങ്ങളുടെ ഒരു നവീന ഭാഷാന്തരത്തിൽ (ഇംഗ്ലീഷ്) യോഹന്നാൻ 1:1-ന്റെ അടിക്കുറിപ്പായി കൊടുത്തിരിക്കുന്നത് അതിന് ഒരു ഉദാഹരണമാണ്. അത് ഇങ്ങനെ പറയുന്നു: “എല്ലാ മതവിശ്വാസങ്ങളിലും ഉള്ള ആളുകൾ തങ്ങളുടെ അഭിപ്രായങ്ങൾക്കുള്ള തെളിവ് വിശുദ്ധ ഗ്രന്ഥങ്ങളിൽ ഉണ്ടെന്നു വിശ്വസിക്കുന്നു: എന്നാൽ വാസ്തവത്തിൽ അവരെ വഴിനയിക്കുന്നതു തിരുവെഴുത്തല്ല, മറിച്ച് തിരുവെഴുത്തു സ്വന്തമായി വ്യാഖ്യാനിക്കുന്ന അവർ തന്നെയാണ്.”
സംഗതി ശരിയാണെങ്കിലും, ആ എഴുത്തുകാരന്റെ ഉദ്ദേശ്യം എന്തായിരുന്നു? ആ വാക്യത്തെ കുറിച്ചുള്ള സ്വന്തം വ്യാഖ്യാനത്തെ പിന്താങ്ങാനായിരുന്നു അദ്ദേഹം അങ്ങനെ അഭിപ്രായപ്പെട്ടത്. അദ്ദേഹം അത് ഇപ്രകാരം പരിഭാഷപ്പെടുത്തി: “ആരംഭത്തിൽ ‘വചനം’ ഉണ്ടായിരുന്നു, ‘വചനം’ ദൈവത്തോടു കൂടെ ആയിരുന്നു; ‘വചനം’ ദൈവമായിരുന്നു.” ഒരു ഒന്നാന്തരം ത്രിത്വോപദേശ പരിഭാഷ.
ത്രിത്വോപദേശത്തെ പിന്താങ്ങുന്ന വിധത്തിൽ യോഹന്നാൻ 1:1 പരിഭാഷപ്പെടുത്താൻ ആ എഴുത്തുകാരനെ പ്രേരിപ്പിച്ചത് എന്തായിരുന്നു? അപ്രകാരം ചെയ്യാൻ അദ്ദേഹത്തെ ‘വഴിനയിച്ചത് തിരുവെഴുത്ത്’ ആണോ? അത് അസാധ്യമാണ്. കാരണം, ത്രിത്വ പഠിപ്പിക്കൽ ബൈബിളിൽ ഒരിടത്തുമില്ല. ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഈ വിഷയത്തെ കുറിച്ചു പറയുന്നതു ശ്രദ്ധിക്കുക: “ത്രിത്വം എന്ന പദമോ അത്തരം ഒരു വ്യക്തമായ ഉപദേശമോ പുതിയ നിയമത്തിൽ കാണുന്നില്ല.” കൂടാതെ, യേൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ഇ. വോഷ്ബേൺ ഹോപ്കിൻസ് ഇങ്ങനെ അഭിപ്രായപ്പെട്ടു: “വ്യക്തമായും യേശുവിനും പൗലൊസിനും ത്രിത്വോപദേശം അജ്ഞാതമായിരുന്നു; . . . അവർ അതേക്കുറിച്ച് ഒന്നും പറയുന്നില്ല.”
അപ്പോൾ, യോഹന്നാൻ 1:1-ഓ മറ്റേതെങ്കിലും ബൈബിൾ വാക്യമോ ത്രിത്വവാദ വ്യാഖ്യാനത്തിനായി ഉപയോഗിക്കുന്നവരെ കുറിച്ച് നമുക്ക് എന്തു നിഗമനം ചെയ്യാൻ കഴിയും? ശ്രീ. ലിംഗാർഡിന്റെ തന്നെ മാനദണ്ഡം അനുസരിച്ചാണെങ്കിൽ, “അവരെ വഴിനയിക്കുന്നത് തിരുവെഴുത്തല്ല, മറിച്ച് തിരുവെഴുത്ത് സ്വന്തമായി വ്യാഖ്യാനിക്കുന്ന അവർ തന്നെയാണ്.”
സന്തോഷകരമെന്നു പറയട്ടെ, ഇക്കാര്യത്തിൽ നമ്മെ വഴിനയിക്കാൻ ദൈവത്തിന്റെ സ്വന്തം വചനമുണ്ട്. അപ്പൊസ്തലനായ പത്രൊസ് എഴുതി: “തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താൽ ഉളവാകുന്നതല്ല എന്നു ആദ്യം തന്നേ അറിഞ്ഞുകൊള്ളേണം. പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.”—2 പത്രൊസ് 1:20, 21.