മറ്റുള്ളവരോട് ബഹുമാനം കാണിപ്പിൻ
മറ്റുള്ളവരോട് ബഹുമാനം കാണിപ്പിൻ
“അന്യോന്യം ബഹുമാനം കാണിക്കുന്നതിൽ മുൻകൈ എടുക്കുവിൻ.”—റോമർ 12:10, NW.
1, 2. (എ) താഴ്മ പ്രകടമാക്കാൻ നാം എന്തു ശീലിക്കേണ്ടതുണ്ട്? (ബി) ബൈബിൾ ‘ബഹുമാനം’ എന്ന പദം മിക്കപ്പോഴും ഉപയോഗിക്കുന്നത് എപ്രകാരമാണ്, ബഹുമാനം കാണിക്കാൻ കൂടുതൽ എളുപ്പം ആർക്കാണ്?
കഴിഞ്ഞ ലേഖനം ദൈവവചനത്തിലെ ഈ ബുദ്ധിയുപദേശത്തിന് ഊന്നൽ നൽകി: “എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചുകൊൾവിൻ. ദൈവം നിഗളികളോടു എതിർത്തുനില്ക്കുന്നു; താഴ്മയുള്ളവർക്കോ കൃപ നല്കുന്നു.” (1 പത്രൊസ് 5:5) മറ്റുള്ളവരോടു ബഹുമാനം കാണിക്കുന്നത് ഒരു ശീലമാക്കുന്നതാണ് താഴ്മ ധരിക്കാനുള്ള ഒരു മാർഗം.
2 നാം മറ്റുള്ളവരോടു കാണിക്കേണ്ട ആദരവും മതിപ്പും പരിഗണനയും സൂചിപ്പിക്കാനാണു ബൈബിളിൽ മിക്കപ്പോഴും ‘ബഹുമാനം’ എന്ന പദം ഉപയോഗിക്കുന്നത്. മറ്റുള്ളവരോടു ദയ ഉള്ളവർ ആയിരുന്നുകൊണ്ടും അവരുടെ മാന്യതയെ ആദരിച്ചുകൊണ്ടും അഭിപ്രായങ്ങൾ ശ്രദ്ധിച്ചുകൊണ്ടും അവർ നമ്മോടു പറയുന്ന ന്യായമായ കാര്യങ്ങൾ ചെയ്യാൻ മനസ്സൊരുക്കം കാട്ടിക്കൊണ്ടും നമുക്ക് അവരെ ബഹുമാനിക്കാൻ കഴിയും. താഴ്മയുള്ളവർക്കു സാധാരണ ഗതിയിൽ അതൊരു ബുദ്ധിമുട്ട് ആയിരിക്കില്ല. എന്നാൽ, അഹങ്കാരികൾക്ക് യഥാർഥ ബഹുമാനം കാണിക്കുക ബുദ്ധിമുട്ടായിരിക്കാം. പകരം, ആത്മാർഥത ഇല്ലാത്ത മുഖസ്തുതിയിലൂടെ പ്രീതിയും നേട്ടങ്ങളും കൈവരിക്കാൻ അവർ ശ്രമിച്ചേക്കാം.
യഹോവ മനുഷ്യരെ ബഹുമാനിക്കുന്നു
3, 4. യഹോവ അബ്രാഹാമിനെ ബഹുമാനിച്ചത് എങ്ങനെ, എന്തുകൊണ്ട്?
3 ബഹുമാനം കാണിക്കുന്നതിൽ യഹോവതന്നെ മാതൃക വെക്കുന്നു. അവൻ മനുഷ്യരെ ഇച്ഛാസ്വാതന്ത്ര്യത്തോടെയാണു സൃഷ്ടിച്ചത്, വെറും യന്ത്ര മനുഷ്യരോട് എന്നപോലെ അവൻ അവരോട് ഇടപെടുന്നില്ല. (1 പത്രൊസ് 2:16) ദൃഷ്ടാന്തത്തിന്, സോദോമിനെ അതിന്റെ കടുത്ത ദുഷ്ടത ഹേതുവായി നശിപ്പിക്കേണ്ടതാണെന്ന് അവൻ അബ്രാഹാമിനോടു പറഞ്ഞപ്പോൾ അബ്രാഹാം ചോദിച്ചു: “ദുഷ്ടനോടുകൂടെ നീതിമാനെയും നീ സംഹരിക്കുമോ? പക്ഷേ ആ പട്ടണത്തിൽ അമ്പതു നീതിമാന്മാർ ഉണ്ടെങ്കിൽ നീ അതിനെ സംഹരിക്കുമോ?” 50 നീതിമാന്മാരെ പ്രതി താൻ ആ നഗരത്തെ നശിപ്പിക്കാതിരിക്കുമെന്ന് യഹോവ മറുപടി നൽകി. അബ്രാഹാം അപ്പോൾ താഴ്മയോടെ അഭ്യർഥിക്കാൻ തുടങ്ങി. അവിടുത്തെ നീതിമാന്മാരുടെ എണ്ണം വെറും 45. . . 40. . . 30. . . 20. . . 10 ആണെങ്കിലോ? 10 നീതിമാന്മാരെങ്കിലും സോദോമിൽ ഉണ്ടെങ്കിൽ താൻ അതിനെ നശിപ്പിക്കില്ലെന്ന് യഹോവ അബ്രാഹാമിന് ഉറപ്പു നൽകി.—ഉല്പത്തി 18:20-33.
4 സോദോമിൽ പത്തു നീതിമാന്മാർ പോലും ഇല്ലെന്ന് യഹോവയ്ക്ക് അറിയാമായിരുന്നു. എന്നിട്ടും അബ്രാഹാമിന്റെ അഭിപ്രായങ്ങൾ ശ്രദ്ധിച്ചുകൊണ്ടും അവനോട് ആദരവോടെ ഇടപെട്ടുകൊണ്ടും യഹോവ അവനെ ബഹുമാനിച്ചു. എന്തുകൊണ്ട്? എന്തെന്നാൽ അബ്രാഹാം “യഹോവയിൽ വിശ്വസിച്ചു; അതു അവൻ അവന്നു നീതിയായി കണക്കിട്ടു.” അബ്രാഹാം “ദൈവത്തിന്റെ സ്നേഹിതൻ” എന്നു വിളിക്കപ്പെട്ടു. (ഉല്പത്തി 15:6; യാക്കോബ് 2:23) അതിനുപുറമേ, അബ്രാഹാം മറ്റുള്ളവരെ ബഹുമാനിക്കുന്നുവെന്ന് യഹോവ കണ്ടു. അബ്രാഹാമിന്റെ ഗോപാലകരും അവന്റെ അനന്തരവനായ ലോത്തിന്റെ ഗോപാലകരും തമ്മിൽ സ്ഥലത്തെ ചൊല്ലി തർക്കം ഉണ്ടായപ്പോൾ തനിക്കു വേണ്ട സ്ഥലം തിരഞ്ഞെടുക്കാൻ ലോത്തിന് ആദ്യ അവസരം നൽകിക്കൊണ്ട് അബ്രാഹാം അവനെ ബഹുമാനിച്ചു. ഏറ്റവും നല്ലതെന്നു തനിക്കു തോന്നിയ സ്ഥലം ലോത്ത് തിരഞ്ഞെടുത്തു. അബ്രാഹാം മറ്റൊരിടത്തേക്കു മാറിപ്പാർക്കുകയും ചെയ്തു.—ഉല്പത്തി 13:5-11.
5. യഹോവ ലോത്തിനെ ബഹുമാനിച്ചത് എങ്ങനെ?
5 യഹോവ നീതിമാനായ ലോത്തിനെയും അതുപോലെതന്നെ ബഹുമാനിച്ചു. സോദോം നശിപ്പിക്കപ്പെടുന്നതിനു മുമ്പ്, ഒരു പർവത പ്രദേശത്തേക്ക് ഓടിപ്പോകാൻ അവൻ ലോത്തിനോടു പറഞ്ഞു. എന്നാൽ, അങ്ങോട്ടു പോകാൻ തനിക്ക് ഇഷ്ടമില്ലെന്നു ലോത്ത് പറഞ്ഞു. അടുത്തുള്ള സോവർ നഗരത്തിലേക്കു പോകാനായിരുന്നു അവനു താത്പര്യം. ആ നഗരം സ്ഥിതി ചെയ്തിരുന്നത് നശിപ്പിക്കപ്പെടേണ്ടിയിരുന്ന പ്രദേശത്ത് ആയിരുന്നുതാനും. യഹോവ ലോത്തിനോടു പറഞ്ഞു: “ഇക്കാര്യത്തിലും ഞാൻ നിന്നെ കടാക്ഷിച്ചിരിക്കുന്നു [“നിന്നോടു പരിഗണന കാണിച്ചിരിക്കുന്നു,” NW]; നീ പറഞ്ഞ പട്ടണം ഞാൻ മറിച്ചുകളകയില്ല.” വിശ്വസ്തനായ ലോത്ത് ചോദിച്ചതു ചെയ്തുകൊണ്ട് യഹോവ അവനെ ബഹുമാനിച്ചു.—ഉല്പത്തി 19:15-22; 2 പത്രൊസ് 2:6-9.
6. യഹോവ മോശെയെ ബഹുമാനിച്ചത് എങ്ങനെ?
6 തന്റെ ജനത്തെ അടിമത്തത്തിൽനിന്നു വിടുവിക്കാനും ദൈവജനത്തെ പോകാൻ അനുവദിക്കുന്നതിനെ കുറിച്ചു ഫറവോനോടു സംസാരിക്കാനും വേണ്ടി യഹോവ മോശെയെ ഈജിപ്തിലേക്കു മടക്കി അയച്ചപ്പോൾ മോശെ ഇപ്രകാരം പ്രതികരിച്ചു: “കർത്താവേ, . . . ഞാൻ വാക്സാമർത്ഥ്യമുള്ളവനല്ല.” യഹോവ മോശെയ്ക്ക് ഇങ്ങനെ ഉറപ്പു നൽകി: “ഞാൻ നിന്റെ വായോടുകൂടെ ഇരുന്നു നീ സംസാരിക്കേണ്ടതു നിനക്കു ഉപദേശിച്ചുതരും.” എന്നിട്ടും മോശെ മടിച്ചുനിന്നു. അപ്പോൾ യഹോവ അവനു വീണ്ടും ഉറപ്പു നൽകുകയും അവന്റെ സഹോദരനായ അഹരോനെ ഒരു വക്താവ് എന്ന നിലയിൽ അവനോടൊപ്പം അയയ്ക്കാൻ ക്രമീകരിക്കുകയും ചെയ്തു.—പുറപ്പാടു 4:10-16.
7. മറ്റുള്ളവരെ ബഹുമാനിക്കാൻ യഹോവ മനസ്സൊരുക്കം കാട്ടിയത് എന്തുകൊണ്ട്?
7 അത്തരം അവസരങ്ങളിലെല്ലാം യഹോവ മറ്റുള്ളവരെ, വിശേഷിച്ചും തന്നെ സേവിക്കുന്നവരെ, ബഹുമാനിക്കാൻ മനസ്സൊരുക്കം കാട്ടി. അവർ ചോദിച്ച കാര്യങ്ങൾ തന്റെ ആദ്യ തീരുമാനത്തിൽ നിന്നു വിഭിന്നമായിരുന്നിരിക്കാം എങ്കിൽ പോലും, അവ തന്റെ ഉദ്ദേശ്യത്തിനു വിരുദ്ധം അല്ലാതിരുന്നിടത്തോളം കാലം യഹോവ അവരുടെ ആവശ്യങ്ങൾ പരിഗണിക്കുകയും അനുവദിച്ചു കൊടുക്കുകയും ചെയ്തു.
യേശു മറ്റുള്ളവരെ ബഹുമാനിച്ചു
8. കടുത്ത രോഗം ബാധിച്ചിരുന്ന ഒരു സ്ത്രീയെ യേശു ബഹുമാനിച്ചത് എങ്ങനെ?
8 മറ്റുള്ളവരെ ബഹുമാനിക്കുന്ന കാര്യത്തിൽ യേശു യഹോവയെ അനുകരിച്ചു. ഒരിക്കൽ, 12 വർഷമായി രക്തസ്രാവമുള്ള ഒരു സ്ത്രീ ജനക്കൂട്ടത്തിൽ ഉണ്ടായിരുന്നു. അവളെ സൗഖ്യമാക്കാൻ വൈദ്യന്മാർക്കു കഴിഞ്ഞിരുന്നില്ല. മോശൈക ന്യായപ്രമാണ പ്രകാരം, അവൾ ആചാരപരമായി അശുദ്ധയായി പരിഗണിക്കപ്പെട്ടിരുന്നു. അവൾ അവിടെ ആയിരിക്കാനും പാടില്ലായിരുന്നു. അവൾ യേശുവിന്റെ പിന്നിൽ എത്തി അവന്റെ വസ്ത്രം തൊട്ടു, സൗഖ്യം പ്രാപിക്കുകയും ചെയ്തു. അവൾ ചെയ്തതിനെ പ്രതി അവളെ ശകാരിച്ചുകൊണ്ട് യേശു ന്യായപ്രമാണത്തിന്റെ സാങ്കേതിക വശങ്ങളിൽ കടിച്ചുതൂങ്ങിയില്ല. മറിച്ച്, അവളുടെ സാഹചര്യം മനസ്സിലാക്കിയ അവൻ അവളെ ബഹുമാനിച്ചുകൊണ്ട് പറഞ്ഞു: “മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോയി ബാധ ഒഴിഞ്ഞു സ്വസ്ഥയായിരിക്ക.”—മർക്കൊസ് 5:25-34; ലേവ്യപുസ്തകം 15:25-27.
9. യേശു ഒരു വിജാതീയ സ്ത്രീയെ ബഹുമാനിച്ചത് എങ്ങനെ?
9 മറ്റൊരു അവസരത്തിൽ ഒരു കനാന്യ സ്ത്രീ യേശുവിനോടു പറഞ്ഞു: “കർത്താവേ, ദാവീദ്പുത്രാ, എന്നോടു കരുണ തോന്നേണമേ; എന്റെ മകൾക്കു ഭൂതോപദ്രവം കഠിനമായിരിക്കുന്നു.” തന്നെ അയച്ചിരിക്കുന്നതു വിജാതീയരുടെ അടുത്തേക്കല്ല, മറിച്ച് ഇസ്രായേൽ ജനതയുടെ അടുത്തേക്കാണ് എന്ന് അറിഞ്ഞുകൊണ്ട് യേശു പറഞ്ഞു: “[ഇസ്രായേൽ] മക്കളുടെ അപ്പം എടുത്തു നായ്ക്കുട്ടികൾക്കു [വിജാതീയർക്ക്] ഇട്ടുകൊടുക്കുന്നതു നന്നല്ല.” “നായ്ക്കുട്ടികളും ഉടയവരുടെ മേശയിൽനിന്നു വീഴുന്ന നുറുക്കുകൾ തിന്നുന്നുണ്ടല്ലോ” എന്നു സ്ത്രീ പ്രതിവചിച്ചു. അപ്പോൾ യേശു പറഞ്ഞു: “സ്ത്രീയേ, നിന്റെ വിശ്വാസം വലിയതു; നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ.” അവളുടെ മകൾ സൗഖ്യം പ്രാപിച്ചു. ആ വിജാതീയ സ്ത്രീയെ അവളുടെ വിശ്വാസത്തെ പ്രതി യേശു ബഹുമാനിച്ചു. കാട്ടുനായ്ക്കൾ എന്നു പരാമർശിക്കാതെ “നായ്ക്കുട്ടികൾ” എന്ന് ഉപയോഗിച്ചുകൊണ്ട് അവൻ കാര്യത്തെ മയപ്പെടുത്തുകയും തന്റെ അനുകമ്പ പ്രകടമാക്കുകയും ചെയ്തു.—മത്തായി 15:21-28.
10. യേശു തന്റെ ശിഷ്യന്മാരെ ഏതു ശക്തമായ പാഠം പഠിപ്പിച്ചു, അത് ആവശ്യമായിരുന്നത് എന്തുകൊണ്ട്?
10 ശിഷ്യന്മാർക്ക് ‘ഞാൻ-മുമ്പൻ’ മനോഭാവം ഉണ്ടായിരുന്നതിനാൽ, താഴ്മ ഉള്ളവരായിരിക്കുകയും മറ്റുള്ളവരെ ബഹുമാനിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യത്തെ കുറിച്ച് യേശു അവരെ ആവർത്തിച്ചു പഠിപ്പിച്ചു. ഒരിക്കൽ അവർക്കിടയിൽ ഒരു തർക്കം ഉണ്ടായ ശേഷം യേശു അവരോടു ചോദിച്ചു: ‘നിങ്ങൾ തമ്മിൽ വാദിച്ചതു എന്ത്?’ എന്നാൽ അവർ മിണ്ടാതിരുന്നു. കാരണം, “തങ്ങളുടെ ഇടയിൽ വലിയവൻ ആർ” എന്നതായിരുന്നു അവരുടെ ഇടയിലെ തർക്കവിഷയം. (മർക്കൊസ് 9:33, 34) യേശു മരിക്കുന്നതിനു മുമ്പുള്ള രാത്രിയിൽ പോലും, ‘തങ്ങളുടെ കൂട്ടത്തിൽ ആരെ ആകുന്നു വലിയവനായി എണ്ണേണ്ടതു എന്നതിനെച്ചൊല്ലി ഒരു തർക്കം അവരുടെ ഇടയിൽ ഉണ്ടായി.’ (ലൂക്കൊസ് 22:24) അതുകൊണ്ട് പെസഹാ ഭക്ഷണത്തിന്റെ സമയത്ത് യേശു ‘ഒരു പാത്രത്തിൽ വെള്ളം പകർന്നു ശിഷ്യന്മാരുടെ കാൽ കഴുകി.’ എത്ര ശക്തമായ ഒരു പാഠം! യേശു ദൈവപുത്രൻ, യഹോവ കഴിഞ്ഞാൽപ്പിന്നെ പ്രപഞ്ചത്തിൽ ഏറ്റവും ഉയർന്നവൻ, ആയിരുന്നു. എന്നിട്ടും തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിക്കൊണ്ട്, ബഹുമാനം പ്രകടിപ്പിക്കുന്ന കാര്യത്തിൽ അവൻ അവരെ ഒരു പാഠം പഠിപ്പിച്ചു. അവൻ പറഞ്ഞു: “ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്നു ഞാൻ നിങ്ങൾക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു.”—യോഹന്നാൻ 13:5-15.
പൗലൊസ് ബഹുമാനം പ്രകടമാക്കി
11, 12. ഒരു ക്രിസ്ത്യാനി ആയ ശേഷം പൗലൊസ് എന്തു പഠിച്ചു, ഫിലേമോനോടുള്ള ബന്ധത്തിൽ അവൻ അത് എങ്ങനെ ബാധകമാക്കി?
11 ക്രിസ്തുവിന്റെ ഒരു അനുകാരി എന്ന നിലയിൽ പൗലൊസ് അപ്പൊസ്തലൻ മറ്റുള്ളവരോടു ബഹുമാനം പ്രകടമാക്കി. (1 കൊരിന്ത്യർ 11:1) അവൻ പറഞ്ഞു: “ഞങ്ങൾ മനുഷ്യരോടു . . . മാനം അന്വേഷിച്ചില്ല; ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പോററുംപോലെ ഞങ്ങൾ നിങ്ങളുടെ ഇടയിൽ ആർദ്രതയുള്ളവരായിരുന്നു.” (1 തെസ്സലൊനീക്യർ 2:6, 7) ഒരു അമ്മ തന്റെ കുഞ്ഞുങ്ങൾക്കു വേണ്ടി കരുതുന്നു. ഒരു ക്രിസ്ത്യാനി ആയിത്തീർന്ന ശേഷം പൗലൊസ് താഴ്മ ഉള്ളവനായിരിക്കാൻ പഠിച്ചു. സഹക്രിസ്ത്യാനികളോട് ആർദ്രതയോടെ ഇടപെട്ടുകൊണ്ട് അവൻ അവരോടു ബഹുമാനം പ്രകടമാക്കി. അപ്രകാരം ചെയ്യുകയിൽ, അവൻ അവരുടെ ഇച്ഛാസ്വാതന്ത്ര്യത്തെ ആദരിക്കുകയും ചെയ്തു. അവൻ റോമിൽ തടവിൽ ആയിരുന്നപ്പോൾ ഉണ്ടായ ഒരു സംഭവം പ്രകടമാക്കുന്നത് അതാണ്.
12 ഒളിച്ചോടിയ ഒരു അടിമ ആയിരുന്ന ഒനേസിമൊസ് പൗലൊസിന്റെ പഠിപ്പിക്കൽ ശ്രദ്ധിച്ചു. അവൻ ഒരു ക്രിസ്ത്യാനിയും പൗലൊസിന്റെ സ്നേഹിതനും ആയിത്തീർന്നു. അടിമയുടെ യജമാനൻ ഏഷ്യാമൈനറിൽ താമസിച്ചിരുന്ന ഫിലേമോൻ എന്ന ഒരു ക്രിസ്ത്യാനി ആയിരുന്നു. “അവനെ . . . എന്റെ അടുക്കൽ തന്നേ നിർത്തിക്കൊൾവാൻ എനിക്കു ആഗ്രഹമുണ്ടായിരുന്നു” എന്ന് എഴുതിക്കൊണ്ട് ഒനേസിമൊസ് തനിക്ക് എത്ര ഉപകാരി ആണെന്ന് ഫിലേമോനുള്ള ഒരു കത്തിൽ പൗലൊസ് വ്യക്തമാക്കി. എന്നിട്ടും, പൗലൊസ് ഒനേസിമൊസിനെ ഫിലേമോന്റെ അടുത്തേക്കു മടക്കി അയച്ചു. എന്തെന്നാൽ അവൻ എഴുതി: “നിന്റെ ഗുണം [“സത്പ്രവൃത്തി,” NW] നിർബ്ബന്ധത്താൽ എന്നപോലെ അല്ല, മനസ്സോടെ ആകേണ്ടതിന്നു നിന്റെ സമ്മതംകൂടാതെ ഒന്നും ചെയ്വാൻ എനിക്കു മനസ്സില്ലായിരുന്നു.” ഒരു അപ്പൊസ്തലൻ എന്ന നിലയിലുള്ള തന്റെ സ്ഥാനം പൗലൊസ് മുതലെടുത്തില്ല. പകരം, ഒനേസിമൊസിനെ റോമിൽ നിറുത്താൻ ആവശ്യപ്പെടാതിരുന്നുകൊണ്ട് അവൻ ഫിലേമോനെ ബഹുമാനിച്ചു. കൂടാതെ, ഒനേസിമൊസിനെ ‘ഒരു ദാസൻ’ ആയിട്ടല്ല, അതിലുപരി ഒരു ‘പ്രിയ സഹോദരനായി’ കണ്ടുകൊണ്ട് അവനെ ബഹുമാനിക്കാൻ പൗലൊസ് ഫിലേമോനെ ഉദ്ബോധിപ്പിച്ചു.—ഫിലേമോൻ 13-16.
നമ്മുടെ നാളിൽ ബഹുമാനം പ്രകടമാക്കൽ
13. എന്തു ചെയ്യാനാണ് റോമർ 12:10 നമ്മോടു പറയുന്നത്?
13 ദൈവവചനം ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: “അന്യോന്യം ബഹുമാനം കാണിക്കുന്നതിൽ മുൻകൈ എടുപ്പിൻ.” (റോമർ 12:10, NW) മറ്റുള്ളവർ നമ്മെ ബഹുമാനിക്കാൻ കാത്തുനിൽക്കുന്നതിനു പകരം, അവരെ ബഹുമാനിക്കാൻ നാം മുൻകൈ എടുക്കണം എന്നാണ് ഇതിന്റെ അർഥം. “ഓരോരുത്തൻ സ്വന്ത ഗുണമല്ല, മററുള്ളവന്റെ ഗുണം അന്വേഷിക്കട്ടെ.” (1 കൊരിന്ത്യർ 10:24; 1 പത്രൊസ് 3:8, 9) അതുകൊണ്ട് യഹോവയുടെ ദാസന്മാർ, കുടുംബ വൃത്തത്തിൽ ഉള്ളവരെയും സഭയിലെ സഹക്രിസ്ത്യാനികളെയും, സഭയ്ക്കു വെളിയിൽ ഉള്ളവരെ പോലും, ബഹുമാനിക്കാൻ അവസരങ്ങൾ തേടുന്നു.
14. ഭാര്യാഭർത്താക്കന്മാർ പരസ്പരം ബഹുമാനം പ്രകടമാക്കുന്നത് എങ്ങനെ?
14 “ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ” എന്നു ബൈബിൾ പ്രസ്താവിക്കുന്നു. (1 കൊരിന്ത്യർ 11:3) ക്രിസ്തു സഭയോട് ഇടപെട്ടതുപോലെ ഭാര്യയോട് ഇടപെടാൻ യഹോവ പുരുഷനെ കടപ്പാടുള്ളവനാക്കുന്നു. ഭാര്യ ഒരു ‘ബലഹീന പാത്രം എന്ന് ഓർത്ത് അവൾക്കു ബഹുമാനം കൊടുക്കാൻ’ 1 പത്രൊസ് 3:7-ൽ ഭർത്താവിനോടു നിർദേശിച്ചിരിക്കുന്നു. ഭാര്യ പറയുന്നതു ശ്രദ്ധിക്കാൻ ആത്മാർഥമായ മനസ്സൊരുക്കം കാട്ടിക്കൊണ്ടും ഭാര്യയുടെ നിർദേശങ്ങൾ കണക്കിലെടുത്തുകൊണ്ടും അദ്ദേഹത്തിന് അതു ചെയ്യാനാകും. (ഉല്പത്തി 21:12) ബൈബിൾ തത്ത്വങ്ങളൊന്നും ലംഘിക്കപ്പെടുന്നില്ലെങ്കിൽ, അദ്ദേഹത്തിന് ഭാര്യയുടെ അഭിപ്രായങ്ങൾക്കു മുൻഗണന കൊടുക്കാവുന്നതാണ്. അദ്ദേഹം അവളെ സഹായിക്കുന്നു, അവളോടു ദയാപൂർവം ഇടപെടുന്നു. തിരിച്ച്, “ഭാര്യക്കു ഭർത്താവിനോട് ആഴമായ ആദരവ് ഉണ്ടായിരിക്കേണ്ടതാണ്.” (എഫെസ്യർ 5:33, NW) അവൾ അദ്ദേഹം പറയുന്നതു ശ്രദ്ധിക്കുന്നു, തന്റെ ഇഷ്ടപ്രകാരം തന്നെ കാര്യങ്ങൾ നടക്കണമെന്നു ശാഠ്യം പിടിക്കുന്നില്ല, അദ്ദേഹത്തെ കൊച്ചാക്കുകയോ നിരന്തരം കുറ്റപ്പെടുത്തുകയോ ചെയ്യുന്നില്ല. ചില കാര്യങ്ങളിൽ മികച്ച കഴിവുകൾ ഉള്ളപ്പോൾ പോലും അവൾ ഭർത്താവിനെ ഭരിക്കാൻ ശ്രമിക്കാതെ താഴ്മ പ്രകടമാക്കുന്നു.
15. പ്രായമായവരോട് എന്തു പരിഗണന കാണിക്കണം, അവർ എങ്ങനെ പ്രതികരിക്കണം?
15 ക്രിസ്തീയ സഭയിൽ വിശേഷാൽ ബഹുമാനം അർഹിക്കുന്നവരുണ്ട്. അതിന് ഒരു ദൃഷ്ടാന്തമാണു പ്രായമായവർ. “നരച്ചവന്റെ മുമ്പാകെ എഴുന്നേല്ക്കയും വൃദ്ധന്റെ [അല്ലെങ്കിൽ വൃദ്ധയുടെ] മുഖം ബഹുമാനിക്കയും . . . വേണം.” (ലേവ്യപുസ്തകം 19:32) അനേക വർഷങ്ങൾ യഹോവയെ വിശ്വസ്തമായി സേവിച്ചവരുടെ കാര്യത്തിൽ ഇതു വിശേഷാൽ സത്യമാണ്. കാരണം, “നരച്ച തല നീതിമാർഗത്തിൽ കാണപ്പെടുമ്പോൾ അത് ഒരു സൗന്ദര്യ കിരീടമാകുന്നു.” (സദൃശവാക്യങ്ങൾ 16:31, NW) തങ്ങളെക്കാൾ പ്രായമായ സഹക്രിസ്ത്യാനികളോട് ഉചിതമായ ആദരവു കാട്ടിക്കൊണ്ട് മേൽവിചാരകന്മാർ മാതൃക വെക്കണം. തീർച്ചയായും, പ്രായമായവരും പ്രായം കുറഞ്ഞവരോട്, വിശേഷിച്ചും ആട്ടിൻകൂട്ടത്തെ മേയിക്കാൻ ഉത്തരവാദിത്വം ഉള്ളവരോട്, ആദരപൂർവകമായ മനോഭാവം പ്രകടമാക്കണം.—1 പത്രൊസ് 5:2, 3.
16. മാതാപിതാക്കളും മക്കളും അന്യോന്യം ബഹുമാനിക്കുന്നത് എങ്ങനെ?
16 കുട്ടികൾ മാതാപിതാക്കളെ ബഹുമാനിക്കണം: ‘മക്കളേ, നിങ്ങളുടെ അമ്മയപ്പൻമാരെ കർത്താവിൽ അനുസരിപ്പിൻ; അതു ന്യായമല്ലോ. “നിനക്കു നൻമ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാനും നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക” എന്നതു വാഗ്ദത്തത്തോടുകൂടിയ ആദ്യകല്പന ആകുന്നു.’ തിരിച്ച്, മാതാപിതാക്കൾ കുട്ടികളെ ബഹുമാനിക്കണം. കാരണം ‘മക്കളെ പ്രകോപിപ്പിക്കാതെ അവരെ യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവത്കരണത്തിലും വളർത്തിക്കൊണ്ടുവരാൻ [NW]’ അവരോടു പറയപ്പെട്ടിരിക്കുന്നു.—എഫെസ്യർ 6:1-4; പുറപ്പാടു 20:12.
17. “ഇരട്ടി മാനത്തിന്നു” യോഗ്യർ ആരാണ്?
17 സഭയെ സേവിക്കുന്നതിൽ കഠിനാധ്വാനം ചെയ്യുന്നവരോടും ബഹുമാനം കാണിക്കേണ്ടതാണ്: “നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നേ, ഇരട്ടി മാനത്തിന്നു യോഗ്യരായി എണ്ണുക.” (1 തിമൊഥെയൊസ് 5:17) അവരെ ബഹുമാനിക്കാനുള്ള ഒരു മാർഗം എബ്രായർ 13:17-ൽ പറയുന്നതു ചെയ്യുന്നതാണ്: “നിങ്ങളെ നടത്തുന്നവരെ [“നിങ്ങളുടെ ഇടയിൽ നേതൃത്വം എടുക്കുന്നവരെ,” NW] അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ.”
18. സഭയ്ക്കു വെളിയിൽ ഉള്ളവരോടു നാം എങ്ങനെ പെരുമാറണം?
18 സഭയ്ക്കു വെളിയിൽ ഉള്ളവരോടു നാം ബഹുമാനം കാട്ടണമോ? ഉവ്വ്. ദൃഷ്ടാന്തത്തിന്, നമ്മെ ഇങ്ങനെ പ്രബോധിപ്പിച്ചിരിക്കുന്നു: “ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ.” (റോമർ 13:1) തന്റെ രാജ്യം തൽസ്ഥാനത്തു വരുന്നതു വരെ അധികാരം പ്രയോഗിക്കാൻ യഹോവ അനുവദിച്ചിരിക്കുന്ന ലൗകിക ഭരണാധികാരികളാണ് ഇവർ. (ദാനീയേൽ 2:44) അതുകൊണ്ട് നാം “എല്ലാവർക്കും കടമായുള്ളതു കൊടു[ക്കുന്നു]; നികുതി കൊടുക്കേണ്ടവന്നു നികുതി; ചുങ്കം കൊടുക്കേണ്ടവന്നു ചുങ്കം; ഭയം കാണിക്കേണ്ടവന്നു ഭയം; മാനം കാണിക്കേണ്ടവന്നു മാനം.” (റോമർ 13:7) നാം “എല്ലാവരെയും,” സ്ത്രീകളെയും പുരുഷന്മാരെയും, “ബഹുമാനി”ക്കേണ്ടതാണ്.—1 പത്രൊസ് 2:17.
19. നമുക്ക് എങ്ങനെ മറ്റുള്ളവർക്കു ‘നന്മചെയ്യാനും’ അവരെ ബഹുമാനിക്കാനും സാധിക്കും?
19 സഭയ്ക്കു വെളിയിൽ ഉള്ളവരെ പോലും നാം ബഹുമാനിക്കണം എന്നതു സത്യമായിരിക്കെ, ദൈവവചനം ഊന്നിപ്പറയുന്നത് എന്താണെന്നു ശ്രദ്ധിക്കുക: “ആകയാൽ അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നൻമചെയ്ക.” (ഗലാത്യർ 6:10) തീർച്ചയായും, മറ്റുള്ളവർക്കു ‘നന്മചെയ്യാ’നുള്ള ഏറ്റവും നല്ല മാർഗം അവരിൽ ആത്മീയ ആവശ്യങ്ങൾ വളർത്തിയെടുക്കുകയും അവ തൃപ്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ്. (മത്തായി 5:3) പൗലൊസ് അപ്പൊസ്തലന്റെ ഈ ഓർമിപ്പിക്കൽ പിൻപറ്റുന്നതിനാൽ നമുക്ക് അതു ചെയ്യാവുന്നതാണ്: “സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ടു ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന്നു കൊള്ളാകുന്നവനായി നില്പാൻ ശ്രമിക്ക.” സാക്ഷ്യം നൽകാനുള്ള എല്ലാ അവസരങ്ങളും നയപൂർവം പ്രയോജനപ്പെടുത്തിക്കൊണ്ട് നാം നമ്മുടെ “ശുശ്രൂഷ നിറപടിയായി നിവർത്തി”ക്കുമ്പോൾ നാം എല്ലാവർക്കും നന്മ ചെയ്യുക മാത്രമല്ല, അവരെ ബഹുമാനിക്കുക കൂടി ചെയ്യുന്നു.—2 തിമൊഥെയൊസ് 2:15; 4:5.
യഹോവയെ ബഹുമാനിക്കൽ
20. ഫറവോനും സൈന്യത്തിനും എന്തു സംഭവിച്ചു, എന്തുകൊണ്ട്?
20 യഹോവ തന്റെ സൃഷ്ടികളെ ബഹുമാനിക്കുന്നു. അപ്പോൾ ന്യായയുക്തമായും നാം തിരിച്ച് അവനെയും ബഹുമാനിക്കേണ്ടതാണ്. (സദൃശവാക്യങ്ങൾ 3:9; വെളിപ്പാടു 4:11) യഹോവയുടെ വചനം ഇങ്ങനെയും പറയുന്നു: “എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും; എന്നെ നിന്ദിക്കുന്നവർ നിന്ദിതരാകും.” (1 ശമൂവേൽ 2:30) ദൈവജനത്തെ പോകാൻ അനുവദിക്കാൻ ഈജിപ്തിലെ ഫറവോനോടു പറഞ്ഞപ്പോൾ അവൻ ധിക്കാരപൂർവം പ്രതിവചിച്ചു: “ഞാൻ യഹോവയുടെ വാക്കു കേൾക്കേണ്ടതിന്നു അവൻ ആർ?” (പുറപ്പാടു 5:2) ഇസ്രായേല്യരെ തകർക്കാനായി ഫറവോൻ തന്റെ സൈന്യത്തെ അയച്ചപ്പോൾ, യഹോവ ഇസ്രായേലിനു വേണ്ടി ചെങ്കടലിലെ വെള്ളം വേർപിരിച്ചു. എന്നാൽ ഈജിപ്തുകാർ അവരെ പിന്തുടർന്നപ്പോൾ വെള്ളം മടങ്ങിവരാൻ യഹോവ ഇടയാക്കി. “ഫറവോന്റെ രഥങ്ങളെയും സൈന്യത്തെയും [യഹോവ] കടലിൽ തള്ളിയിട്ടു.” (പുറപ്പാടു 14:26-28; 15:4) അങ്ങനെ, യഹോവയെ ബഹുമാനിക്കാനുള്ള ഫറവോന്റ അഹങ്കാരപൂർവകമായ നിരസനത്തിന്റെ ഫലം അവന്റെ ദാരുണ അന്ത്യമായിരുന്നു.—സങ്കീർത്തനം 136:15.
21. യഹോവ ബേൽശസ്സരിന് എതിരായിരുന്നത് എന്തുകൊണ്ട്, ഫലം എന്തായിരുന്നു?
21 ബാബിലോണിലെ ബേൽശസ്സർ രാജാവ് യഹോവയെ ബഹുമാനിക്കാൻ വിസമ്മതിച്ചു. യെരൂശലേമിലെ ആലയത്തിൽ നിന്ന് എടുത്തുകൊണ്ടു പോയ സ്വർണംകൊണ്ടും വെള്ളികൊണ്ടുമുള്ള പവിത്ര പാത്രങ്ങളിൽ നിന്നു വീഞ്ഞു കുടിച്ചുകൊണ്ട് ഒരു മദ്യ വിരുന്നിൽ അവൻ യഹോവയെ നിന്ദിച്ചു. അപ്രകാരം ചെയ്യവെ അവൻ തന്റെ വിജാതീയ ദേവന്മാരെ സ്തുതിക്കുകയും ചെയ്തു. എന്നാൽ യഹോവയുടെ ദാസനായ ദാനീയേൽ അവനോടു പറഞ്ഞു: “[നീ] ഹൃദയത്തെ താഴ്ത്താതെ സ്വർഗ്ഗസ്ഥനായ കർത്താവിന്റെ നേരെ തന്നെത്താൻ ഉയർത്തി.” ആ രാത്രിയിൽ തന്നെ ബേൽശസ്സർ കൊല്ലപ്പെട്ടു, രാജത്വം അവനിൽനിന്ന് എടുത്തു മാറ്റപ്പെട്ടു.—ദാനീയേൽ 5:22-31.
22. (എ) ഇസ്രായേൽ നേതാക്കന്മാരുടെയും ജനതയുടെയും മേൽ യഹോവ കോപം ചൊരിഞ്ഞത് എന്തുകൊണ്ട്? (ബി) യഹോവ ആരോടു പ്രീതി കാട്ടി, ഫലം എന്തായിരുന്നു?
22 പൊ.യു. ഒന്നാം നൂറ്റാണ്ടിൽ, ഹെരോദാവ് രാജാവ് പൊതുജനത്തെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചപ്പോൾ അവർ ആർത്തുവിളിച്ചു: “ഇതു മനുഷ്യന്റെ ശബ്ദമല്ല ഒരു ദേവന്റെ ശബ്ദം അത്രേ”! വൃഥാഭിമാനിയായ ആ രാജാവ് അതിനോട് വിയോജിച്ചില്ല, അവൻ മഹത്ത്വം ആഗ്രഹിച്ചു. അപ്പോൾ, “അവൻ ദൈവത്തിന്നു മഹത്വം കൊടുക്കായ്കയാൽ കർത്താവിന്റെ ദൂതൻ ഉടനെ അവനെ അടിച്ചു.” (പ്രവൃത്തികൾ 12:21-23) യഹോവയെ ബഹുമാനിക്കുന്നതിനു പകരം ഹെരോദാവ് സ്വയം ബഹുമാനിച്ചു, അവൻ അടിയേറ്റു മരിച്ചു. ദൈവപുത്രനായ യേശുവിനെ കൊല്ലാൻ ഗൂഢാലോചന നടത്തിക്കൊണ്ട് അന്നത്തെ മതനേതാക്കന്മാർ ദൈവത്തെ അപമാനിച്ചിരുന്നു. യേശു പഠിപ്പിച്ചതു സത്യം ആണെന്നു ചില ഭരണാധിപന്മാർക്ക് അറിയാമായിരുന്നു. എന്നാൽ അവർ അവനെ അനുഗമിച്ചില്ല. കാരണം “അവർ ദൈവത്താലുള്ള മാനത്തെക്കാൾ മനുഷ്യരാലുള്ള മാനത്തെ അധികം സ്നേഹിച്ചു.” (യോഹന്നാൻ 11:47-53; 12:42, 43) ഇസ്രായേൽ ജനത മൊത്തത്തിൽ യഹോവയെയോ അവന്റെ നിയമിത പ്രതിനിധിയായ യേശുവിനെയോ ബഹുമാനിച്ചില്ല. തത്ഫലമായി, യഹോവ അവരെ ബഹുമാനിക്കുന്നതിൽ തുടർന്നില്ല, അവരും അവരുടെ ആലയവും നശിപ്പിക്കപ്പെടാൻ അവൻ അനുവദിച്ചു. എന്നാൽ തന്നെയും തന്റെ പുത്രനെയും ബഹുമാനിച്ചവരെ അവൻ ജീവനോടെ സംരക്ഷിച്ചു.—മത്തായി 23:38; ലൂക്കൊസ് 21:20-22.
23. ദൈവത്തിന്റെ പുതിയ ലോകത്തിൽ ജീവിക്കാൻ നാം എന്തു ചെയ്യണം? (സങ്കീർത്തനം 37:9-11; മത്തായി 5:5)
23 ഇന്നത്തെ വ്യവസ്ഥിതി നശിപ്പിക്കപ്പെട്ട ശേഷം ദൈവത്തിന്റെ പുതിയ ലോകത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും ദൈവത്തെയും അവന്റെ പുത്രനായ ക്രിസ്തു യേശുവിനെയും ബഹുമാനിക്കുകയും അനുസരിക്കുകയും വേണം. (യോഹന്നാൻ 5:22, 23; ഫിലിപ്പിയർ 2:9-11) അത്തരം ബഹുമാനം പ്രകടമാക്കാത്തവർ “ഭൂമിയിൽനിന്നുതന്നെ ഛേദിക്കപ്പെടും.” നേരെമറിച്ച്, ദൈവത്തെയും ക്രിസ്തുവിനെയും ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുന്ന നേരുള്ളവർ ആയിരിക്കും “ഭൂമിയിൽ വസിക്കുന്നത്.”—സദൃശവാക്യങ്ങൾ 2:21, 22, NW.
പുനരവലോകനം
□ മറ്റുള്ളവരെ ബഹുമാനിക്കുക എന്നാൽ അർഥമെന്ത്, യഹോവ മറ്റുള്ളവരെ ബഹുമാനിച്ചത് എങ്ങനെ?
□ യേശുവും പൗലൊസും മറ്റുള്ളവരെ ബഹുമാനിച്ചത് എങ്ങനെ?
□ നമ്മുടെ കാലത്ത് ബഹുമാനം അർഹിക്കുന്നവർ ആരെല്ലാം?
□ നാം യഹോവയെയും യേശുവിനെയും ബഹുമാനിക്കേണ്ടത് എന്തുകൊണ്ട്?
[അധ്യയന ചോദ്യങ്ങൾ]
[17-ാം പേജിലെ ചിത്രം]
അബ്രാഹാമിന്റെ അപേക്ഷ പരിഗണിച്ചുകൊണ്ട് യഹോവ അവനെ ബഹുമാനിച്ചു
[18-ാം പേജിലെ ചിത്രം]
വിജയപ്രദമായ വിവാഹബന്ധങ്ങളിൽ ഭർത്താവും ഭാര്യയും പരസ്പരം ബഹുമാനിക്കുന്നു