സസന്തോഷം യഹോവയുടെ മാർഗനിർദേശം സ്വീകരിക്കുന്നു
സസന്തോഷം യഹോവയുടെ മാർഗനിർദേശം സ്വീകരിക്കുന്നു
യുളിസസ് വി. ഗ്ലാസ് പറഞ്ഞ പ്രകാരം
ഒരു അസാധാരണ വേളയായിരുന്നു അത്. ബിരുദധാരികളാകാൻ പോകുന്നത് വെറും 127 വിദ്യാർഥികൾ. എന്നാൽ അവിടെ സദസ്സിൽ ഉണ്ടായിരുന്നതോ, പല രാജ്യങ്ങളിൽ നിന്നുള്ള ഉത്സാഹഭരിതരായ 1,26,387 പേരും. വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിന്റെ 21-ാമത് ക്ലാസ്സിന്റെ ബിരുദദാന വേളയായിരുന്നു അത്. ന്യൂയോർക്ക് നഗരത്തിലെ യാങ്കീ സ്റ്റേഡിയത്തിൽ, 1953 ജൂലൈ 19-ന് ആയിരുന്നു ആ ചടങ്ങ്. അത് എന്റെ ജീവിതത്തിലെ സുപ്രധാന സംഭവം ആയിരുന്നത് എന്തുകൊണ്ടാണ്? അതിനു മുമ്പ് എന്റെ പശ്ചാത്തലത്തെ കുറിച്ചു ചില കാര്യങ്ങൾ പറയാം.
അമേരിക്കൻ ഐക്യനാടുകളിലെ ഇൻഡ്യാനയിലുള്ള വിൻസെൻസിൽ 1912 ഫെബ്രുവരി 17-നാണു ഞാൻ ജനിച്ചത്. അതായത്, വെളിപ്പാടു 12:1-5-ൽ വിവരിച്ചിരിക്കുന്ന മിശിഹൈക രാജ്യത്തിന്റെ പിറവിക്ക് രണ്ടു വർഷം മുമ്പ്. അതിനു തലേ വർഷം തന്നെ വേദാധ്യയന പത്രികയുടെ വാല്യങ്ങൾ ഉപയോഗിച്ച് എന്റെ മാതാപിതാക്കൾ ബൈബിൾ പഠിക്കാൻ തുടങ്ങിയിരുന്നു. എല്ലാ ഞായറാഴ്ച രാവിലെയും ഡാഡി അതിലൊരു പുസ്തകത്തിൽ നിന്നു ഞങ്ങളെയെല്ലാം വായിച്ചു കേൾപ്പിക്കും. പിന്നെ ഞങ്ങൾ അതേക്കുറിച്ചു സംസാരിക്കുമായിരുന്നു.
കുട്ടികളുടെ ചിന്തയെ രൂപപ്പെടുത്താൻ മമ്മി താൻ പഠിക്കുന്ന കാര്യങ്ങൾ ഉപയോഗിച്ചു. ദയാലുവും സഹായമനസ്കയുമായ ഒരു നല്ല വ്യക്തിയായിരുന്നു അവർ. മക്കളായി ഞങ്ങൾ നാലു പേർ ഉണ്ടായിരുന്നെങ്കിലും, ഞങ്ങളോടു മാത്രമല്ല അയൽപക്കത്തെ കുട്ടികളോടും മമ്മിക്കു വലിയ സ്നേഹമായിരുന്നു. മമ്മി ഞങ്ങളോടൊപ്പമിരുന്ന് ബൈബിൾ കഥകൾ പറയുകയും പാട്ടു പാടുകയും ചെയ്യുമായിരുന്നു.
മുഴുസമയ ശുശ്രൂഷകരായ പലരെയും മമ്മി വീട്ടിലേക്കു ക്ഷണിക്കുമായിരുന്നു. അവർ ഞങ്ങളോടൊപ്പം ഒന്നോ രണ്ടോ ദിവസം താമസിച്ച്, ചിലപ്പോഴൊക്കെ യോഗങ്ങളും പ്രസംഗങ്ങളും നടത്തുമായിരുന്നു. കഥകളും ദൃഷ്ടാന്തങ്ങളും പറയുന്നവരെ ആയിരുന്നു ഞങ്ങൾക്ക് ഏറെ ഇഷ്ടം. 1919-ൽ ഒരവസരത്തിൽ, അതായത് ഒന്നാം ലോകമഹായുദ്ധം അവസാനിച്ചിട്ട് ഒരു വർഷത്തോളമായപ്പോൾ, സന്ദർശകനായ സഹോദരൻ ചർച്ച പ്രത്യേകിച്ചും കുട്ടികളായ ഞങ്ങളിലേക്കു തിരിച്ചു. അദ്ദേഹം പ്രതിഷ്ഠാപനത്തെ കുറിച്ച്—കൂടുതൽ കൃത്യമായി സമർപ്പണം എന്നാണ് നാം ഇപ്പോൾ പറയുന്നത്—ചർച്ച ചെയ്യുകയും ഞങ്ങളുടെ ജീവിതത്തെ ഇത് എങ്ങനെ ബാധിക്കുന്നു എന്നു മനസ്സിലാക്കാൻ സഹായിക്കുകയും ചെയ്തു. പിന്നെ അന്നു രാത്രി ഉറങ്ങാൻ പോയപ്പോൾ, ഞാൻ എന്റെ സ്വർഗീയ പിതാവിനോടുള്ള പ്രാർഥനയിൽ അവനെ എക്കാലവും സേവിക്കാൻ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞു.
എന്നിരുന്നാലും, 1922-നു ശേഷം മറ്റു ജീവിതോത്കണ്ഠകൾ ആ തീരുമാനത്തെ രണ്ടാം സ്ഥാനത്തേക്കു തള്ളിമാറ്റി. പല സ്ഥലങ്ങളിലും മാറിമാറി താമസിച്ചിരുന്ന ഞങ്ങൾക്ക് യഹോവയുടെ ജനത്തിന്റെ സഭയുമായി സഹവാസമില്ലായിരുന്നു. റെയിൽപ്പാതയിലെ പണിയോടു ബന്ധപ്പെട്ട് പിതാവ് ദൂരെ ആയിരുന്നു. ഞങ്ങളുടെ ബൈബിൾ പഠനം പതിവായി നടന്നിരുന്നില്ല. ഒരു പരസ്യക്കാരൻ ആയിത്തീരുക എന്ന ലക്ഷ്യത്തോടെ സ്കൂൾ കോഴ്സുകൾ തിരഞ്ഞെടുത്ത എനിക്ക് ഒരു പ്രമുഖ സർവകലാശാലയിൽ ചേരണമെന്നായിരുന്നു ആഗ്രഹം.
ജീവിതത്തിലെ എന്റെ ലക്ഷ്യങ്ങൾ ക്രമപ്പെടുത്തുന്നു
1930-കളുടെ മധ്യത്തിൽ ലോകം വീണ്ടും ആഗോള യുദ്ധത്തിലേക്കു വഴുതി വീഴാൻ തുടങ്ങി. ഞങ്ങൾ ഒഹായോയിലെ ക്ലീവ്ലൻഡിൽ താമസിക്കുമ്പോഴാണ് യഹോവയുടെ സാക്ഷികളിൽ പെട്ട ഒരാൾ ഞങ്ങളുടെ വീട്ടിൽ വന്നത്. കുട്ടികളായിരുന്നപ്പോൾ പഠിച്ച കാര്യങ്ങളെക്കുറിച്ചു ഞങ്ങൾ കൂടുതൽ ഗൗരവമായി ചിന്തിക്കാൻ തുടങ്ങി. വളരെ കാര്യഗൗരവമുള്ള എന്റെ മൂത്ത സഹോദരൻ റസ്സൽ ആണ് ആദ്യം സ്നാപനമേറ്റത്. കാര്യങ്ങൾ അത്ര ഗൗരവമായി എടുത്തില്ലെങ്കിലും 1936 ഫെബ്രുവരി 3-ന് ഞാനും സ്നാപനമേറ്റു. യഹോവയ്ക്കുള്ള സമർപ്പണത്തിൽ ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങളോടുള്ള എന്റെ വിലമതിപ്പു വളർന്നുവന്നു. യഹോവയുടെ മാർഗനിർദേശം സ്വീകരിക്കാൻ ഞാൻ പഠിക്കുകയായിരുന്നു. ആ വർഷം തന്നെ എന്റെ സഹോദരിമാരായ കാതറിനും ഗെർട്രൂഡും സ്നാപനമേറ്റു. ഞങ്ങൾ എല്ലാവരും പയനിയർമാരായി മുഴുസമയ ശുശ്രൂഷയിൽ പ്രവേശിച്ചു.
മറ്റൊന്നിനെ കുറിച്ചും ഞങ്ങൾ ചിന്തിച്ചേയില്ല എന്ന് അതിനർഥമില്ല. അതിസുന്ദരിയായ ആൻ എന്ന പെൺകുട്ടിയെക്കുറിച്ച് ചേട്ടന്റെ ഭാര്യ എന്നോടു പറഞ്ഞപ്പോൾ എനിക്ക് ആകാംക്ഷയായി. സത്യത്തെക്കുറിച്ചു കേട്ട നിമിഷം മുതൽ അവൾ വളരെ “ഉത്സാഹഭരിത”യായിരുന്നു. മാത്രമല്ല, അവൾ ഞങ്ങളുടെ വീട്ടിലാണ് യോഗങ്ങൾക്കു വരാനിരുന്നതും. ആ സമയത്ത് അവൾ ഒരു നിയമ കാര്യാലയത്തിൽ സെക്രട്ടറിയായി ജോലി ചെയ്യുകയായിരുന്നു. ഒരു വർഷത്തിനുള്ളിൽ അവൾ സ്നാപനമേറ്റു. എനിക്ക് വിവാഹം കഴിക്കണമെന്ന ഉദ്ദേശ്യമൊന്നും ഇല്ലായിരുന്നു. എന്നാൽ ആൻ സത്യത്തോടു തികച്ചും കൂറുള്ള വ്യക്തിയാണെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. യഹോവയുടെ സേവനത്തിൽ മുഴുഹൃദയത്തോടെ ഏർപ്പെടാൻ അവൾ ആഗ്രഹിച്ചിരുന്നു. “എനിക്കത് ചെയ്യാനാകുമോ?” എന്ന് അവൾ ഒരിക്കലും ചോദിച്ചിരുന്നില്ല. പകരം, “എനിക്കത് എങ്ങനെ ഏറ്റവും നന്നായി ചെയ്യാൻ കഴിയും?” എന്ന് അവൾ ചോദിക്കുമായിരുന്നു. നിയമനം നിറവേറ്റുന്നതിൽ അവൾ ദൃഢചിത്തയുമായിരുന്നു. അവളുടെ ആ ക്രിയാത്മക മനോഭാവമാണ് എന്നെ ആകർഷിച്ചത്. മാത്രമല്ല, അവൾ അതിസുന്ദരിയുമായിരുന്നു, ഇപ്പോഴും അതെ. ഞങ്ങളുടെ വിവാഹം കഴിഞ്ഞ ഉടനെ അവൾ എന്നോടൊത്തു പയനിയറിങ് ആരംഭിച്ചു.
പയനിയർമാർ എന്ന നിലയിൽ മൂല്യവത്തായ പരിശീലനം
സമൃദ്ധി ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഉള്ളതുകൊണ്ടു തൃപ്തരായിരിക്കാനുള്ള രഹസ്യം പയനിയർമാരായ ഞങ്ങൾ പഠിച്ചു. (ഫിലിപ്പിയർ 4:11-13) ഒരു ദിവസം വൈകുന്നേരം ഞങ്ങൾക്കു ഭക്ഷണമൊന്നും ഉണ്ടായിരുന്നില്ല. പണമായി ഞങ്ങളുടെ പക്കൽ ആകെ ഉണ്ടായിരുന്നത് അഞ്ചു സെന്റ് മാത്രം. ഞങ്ങൾ ഒരു ഇറച്ചിക്കടയിൽ ചെന്ന് ‘അഞ്ച് സെന്റിന് ബൊലോഗ്ന (പൊരിച്ച സോസേജ്) തരാമോ’ എന്നു ചോദിച്ചു. അയാൾ ഞങ്ങളെയൊന്നു നോക്കിയിട്ട് നാലു ഖണ്ഡം മുറിച്ചുതന്നു. അത് അഞ്ചു സെന്റിന് കിട്ടുന്നതിനെക്കാൾ കൂടുതലുണ്ടായിരുന്നു എന്ന് എനിക്ക് ഉറപ്പായിരുന്നു. അതു കഴിച്ചു ഞങ്ങൾ വിശപ്പടക്കി.
ശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ കടുത്ത എതിർപ്പു സാധാരണമായിരുന്നു. ന്യൂയോർക്കിലെ സിറക്യൂസിന് അടുത്തുള്ള ഒരു പട്ടണത്തെരുവിൽ പ്രത്യേക പരസ്യയോഗത്തിലേക്കു ശ്രദ്ധ ക്ഷണിക്കാൻ ചെറിയ പ്ലാക്കാർഡുകളും ധരിച്ച് നോട്ടീസുകൾ വിതരണം ചെയ്യുകയായിരുന്നു ഞങ്ങൾ. രണ്ടു തടിയന്മാർ എന്നെ കടന്നുപിടിച്ചു കയ്യേറ്റം ചെയ്തു. യൂണിഫോറം ധരിക്കാത്ത പൊലീസുകാരനായിരുന്നു ഒരാൾ. അദ്ദേഹത്തോട് ബാഡ്ജ് കാണിക്കാൻ അഭ്യർഥിച്ചിട്ടും കാണിച്ചില്ല. അപ്പോൾ ബ്രുക്ലിൻ ബെഥേലിൽ നിന്നുള്ള ഗ്രാൻഡ് സ്യുട്ടർ അവിടെയെത്തി പ്രശ്നം പരിഹരിക്കാൻ പൊലീസ് സ്റ്റേഷനിൽ പോകാമെന്നു പറഞ്ഞു. പിന്നെ അദ്ദേഹം ബ്രുക്ലിനിലുള്ള സൊസൈറ്റിയുടെ ഓഫീസിലേക്ക് ഫോൺ ചെയ്തു. ഒരു കീഴ്വഴക്ക കേസിനുള്ള (test case) അടിസ്ഥാനത്തിനായി അന്നുതന്നെ പ്ലാക്കാർഡുകളും നോട്ടീസുകളുമായി തെരുവിലേക്കു പോകാൻ ഞങ്ങൾ രണ്ടു പേരോട് അവർ പറഞ്ഞു. പ്രതീക്ഷിച്ചതുപോലെതന്നെ, പൊലീസ് ഞങ്ങളെ അറസ്റ്റു ചെയ്തു. കാരണം കൂടാതെ അറസ്റ്റു ചെയ്തതിനു ഞങ്ങൾ നിയമനടപടികൾ സ്വീകരിക്കുമെന്നു പറഞ്ഞപ്പോൾ അവർ ഞങ്ങളെ വിട്ടയച്ചു.
അടുത്ത ദിവസം, ഒരു പുരോഹിതൻ ഇളക്കിവിട്ട ചെറുപ്പക്കാരായ ഒരു കൂട്ടം റൗഡികൾ ഞങ്ങളുടെ യോഗ സ്ഥലത്തേക്ക് ഇരച്ചുകയറി. ആ പരിസരത്തെങ്ങും പൊലീസ് ഇല്ലായിരുന്നു. ആ റൗഡികൾ ബേസ് ബോൾ ബാറ്റുകൾ തടികൊണ്ടു നിർമ്മിച്ച തറയിൽ അടിച്ചു ശബ്ദമുണ്ടാക്കുകയും സദസ്സിലുണ്ടായിരുന്ന ചിലരെ ഇരിപ്പിടത്തിൽ നിന്നും തള്ളിയിടുകയും സ്റ്റേജിൽ കയറിനിന്ന് അമേരിക്കൻ പതാക പിടിച്ചുകൊണ്ട് “ഇതിനെ വന്ദിക്കൂ! ഇതിനെ വന്ദിക്കൂ!” എന്ന് ഉച്ചത്തിൽ വിളിച്ചുപറയുകയും ചെയ്തു. എന്നിട്ട് അവർ അന്ന് അമേരിക്കയിൽ പ്രസിദ്ധമായിരുന്ന “ബീർ ബാരെൽ പൊൾക്കാ” എന്ന ഗാനം ആലപിക്കാനും തുടങ്ങി. അവർ യോഗം ആകെപ്പാടെ അലങ്കോലപ്പെടുത്തി. “നിങ്ങൾ ലോകക്കാരായിരിക്കാതെ ഞാൻ നിങ്ങളെ ലോകത്തിൽനിന്നു തിരഞ്ഞെടുത്തതുകൊണ്ടു ലോകം നിങ്ങളെ പകെക്കുന്നു” എന്നു പറഞ്ഞതിനാൽ യേശു എന്ത് അർഥമാക്കിയെന്നു ഞങ്ങൾ നേരിട്ട് അനുഭവിച്ചറിഞ്ഞു.—യോഹന്നാൻ 15:19.
അക്കാലത്ത് വാച്ച് ടവർ സൊസൈറ്റിയുടെ പ്രസിഡന്റായിരുന്ന ജെ. എഫ്. റഥർഫോർഡ് നടത്തിയ ഒരു പ്രസംഗത്തിന്റെ ഗ്രാമഫോൺ പകർപ്പായിരുന്നു അന്നത്തെ പരസ്യപ്രസംഗം. ഞാനും ഭാര്യയും ആ പട്ടണത്തിൽ ഏതാനും ദിവസം തങ്ങി. ഞങ്ങൾ അവിടെ ആളുകളുടെ വീടുകൾ സന്ദർശിച്ച് അവർക്ക് ആ പ്രസംഗം തങ്ങളുടെ വീടുകളിൽവെച്ചുതന്നെ കേൾക്കാൻ അവസരം ഒരുക്കാമെന്നു പറഞ്ഞു. ചിലർ പ്രസംഗം കേൾക്കാൻ തയ്യാറായി.
വിദേശ സേവനത്തിനു മുന്നോട്ടു വരുന്നു
കാലക്രമത്തിൽ സേവനത്തിന്റെ പുതിയ മേഖലകൾ തുറന്നു. എന്റെ സഹോദരൻ റസ്സലിനും ഭാര്യ ഡോറത്തിക്കും 1943-ൽ ഗിലെയാദ് സ്കൂളിന്റെ ആദ്യ ക്ലാസ്സിൽ സംബന്ധിക്കാൻ ക്ഷണം ലഭിച്ചു. പിന്നെ അവരെ മിഷനറിമാരായി ക്യൂബയിലേക്ക് അയച്ചു. എന്റെ സഹോദരി കാതറിൻ നാലാമത്തെ ക്ലാസ്സിലാണു സംബന്ധിച്ചത്. അവളെയും ക്യൂബയിലേക്ക് അയച്ചു. പിന്നെ ഡൊമിനിക്കൻ റിപ്പബ്ലിക്കിലേക്കും അവിടെനിന്നു പോർട്ടറിക്കോയിലേക്കും അവൾക്കു നിയമനം ലഭിച്ചു. എന്റെയും ഭാര്യയുടെയും കാര്യമോ?
ഗിലെയാദ് സ്കൂളിനെയും സൊസൈറ്റി മറ്റു രാജ്യങ്ങളിലേക്കു മിഷനറിമാരെ അയക്കുന്നതിനെയും കുറിച്ച് അറിഞ്ഞപ്പോൾ വിദേശ സേവനം ഏറ്റെടുക്കുന്നതിനെക്കുറിച്ചു ഞങ്ങളും ചിന്തിച്ചു. ആദ്യം, ഞങ്ങളുടെ സ്വന്തം താത്പര്യമനുസരിച്ച് മെക്സിക്കോയിലേക്കു പോയാലോ എന്നു ഞങ്ങൾ വിചാരിച്ചു. പിന്നെ, ഗിലെയാദ് സ്കൂളിൽ സംബന്ധിച്ച ശേഷം സൊസൈറ്റി ഞങ്ങളെ നിയമിക്കുന്നതുവരെ കാത്തിരിക്കുന്നതാണു നല്ലതെന്നു തോന്നി. യഹോവയുടെ ക്രമീകരണം അതാണെന്നു ഞങ്ങൾ തിരിച്ചറിഞ്ഞു.
ഗിലെയാദ് സ്കൂളിന്റെ നാലാമത്തെ ക്ലാസ്സിൽ സംബന്ധിക്കാൻ ഞങ്ങൾക്കു ക്ഷണം കിട്ടി. ക്ലാസ്സ് ആരംഭിക്കേണ്ടിയിരുന്നതിന്റെ തൊട്ടു മുമ്പാണ് വാച്ച് ടവർ സൊസൈറ്റിയുടെ അന്നത്തെ പ്രസിഡന്റായിരുന്ന എൻ. എച്ച്. നോർ, കുട്ടിക്കാലത്ത് പോളിയോ ബാധിച്ചതു നിമിത്തം ആനിന് ഉണ്ടായ പരിമിതികളെക്കുറിച്ച് കൂടുതൽ അറിഞ്ഞത്. അദ്ദേഹം അക്കാര്യം സംബന്ധിച്ച് ഞങ്ങളോടു സംസാരിച്ചു, മറ്റൊരു രാജ്യത്തു സേവിക്കാൻ ഞങ്ങളെ അയയ്ക്കുന്നതു ബുദ്ധിയായിരിക്കില്ല എന്നു തീരുമാനിക്കുകയും ചെയ്തു.
ഏകദേശം രണ്ടു വർഷം കഴിഞ്ഞ്, ഞാൻ ഒരു കൺവെൻഷനുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കെ എന്നെ കണ്ട നോർ സഹോദരൻ ഞങ്ങൾക്ക് ഗിലെയാദിൽ സംബന്ധിക്കാൻ താത്പര്യമുണ്ടോ എന്നു ചോദിച്ചു. ഞങ്ങളെ വിദേശത്ത് വിടാനല്ല, മറ്റു ചില ഉദ്ദേശ്യങ്ങളാണ് ഉള്ളത് എന്ന് അദ്ദേഹം എന്നോടു പറഞ്ഞു. 1947 ഫെബ്രുവരി 26-ന് ഒമ്പതാമത്തെ ക്ലാസ്സ് രജിസ്റ്റർ ചെയ്തപ്പോൾ വിദ്യാർഥികളായി ഞങ്ങളും ഉണ്ടായിരുന്നു.
ഗിലെയാദിലെ ആ ദിനങ്ങൾ ഒരിക്കലും മറക്കാനാവില്ല. ക്ലാസ്സുകൾ ആത്മീയമായി സമ്പന്നമായിരുന്നു. ആജീവനാന്ത സുഹൃത്തുക്കളെ ലഭിച്ചു. പക്ഷേ സ്കൂളുമായുള്ള എന്റെ ബന്ധം അവിടംകൊണ്ട് അവസാനിച്ചില്ല.
ഗിലെയാദിനെക്കുറിച്ച് അറിയാൻ ഗവൺമെന്റ ആഗ്രഹിക്കുന്നു
ഗിലെയാദ് സ്കൂൾ അപ്പോഴും താരതമ്യേന പുതുതായിരുന്നു. അമേരിക്കൻ ഭരണകൂടത്തിന് ഈ സ്കൂളിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് വ്യക്തമായ രൂപരേഖ ഇല്ലാതിരുന്നതു നിമിത്തം അനവധി പ്രശ്നങ്ങളും ഉടലെടുത്തു. വാഷിങ്ടൺ ഡി. സി.-യിൽ ഒരു പ്രതിനിധിയെ നിയമിക്കാൻ സൊസൈറ്റി തീരുമാനിച്ചു. ഗിലെയാദ് ബിരുദം നേടി ഏതാനും മാസം കഴിഞ്ഞ ഞങ്ങളെയാണ് അങ്ങോട്ട് അയച്ചത്. മറ്റു രാജ്യങ്ങളിൽ നിന്നു ഗിലെയാദിൽ സംബന്ധിക്കാൻ ക്ഷണിക്കപ്പെട്ടവർക്കുള്ള വിസകളും മിഷനറി വേലയ്ക്കായി ബിരുദധാരികളെ വിദേശത്തേക്ക് അയയ്ക്കുന്നതിന് ആവശ്യമായ നിയമരേഖകളും ശരിയാക്കുന്നതിൽ ഞാൻ സഹായിക്കണമായിരുന്നു. ചില ഉദ്യോഗസ്ഥർ സന്മനസ്സുള്ളവരും സഹായമനസ്കരും ആയിരുന്നു. മറ്റു ചിലർക്ക് സാക്ഷികളോടു കടുത്ത വിരോധമായിരുന്നു. ശക്തമായ രാഷ്ട്രീയ ചായ്വുണ്ടായിരുന്ന ചിലർ, അപകടകരമെന്നു തങ്ങൾ കരുതുന്ന ചില സംഘങ്ങളുമായി ഞങ്ങൾക്കു ബന്ധങ്ങളുണ്ടെന്നു തറപ്പിച്ചു പറഞ്ഞു.
ഞാൻ ഒരു ഓഫീസിൽ ചെന്നപ്പോൾ സാക്ഷികൾ യുദ്ധത്തിൽ ചേരുകയോ പതാക വന്ദിക്കുകയോ ചെയ്യാത്തതിനെ അവിടത്തെ ഉദ്യോഗസ്ഥൻ ശക്തമായി വിമർശിച്ചു. അദ്ദേഹം കുറെ നേരം ഒച്ചപ്പാടുണ്ടാക്കിയശേഷം ഞാൻ ഒടുവിൽ ഇങ്ങനെ പറഞ്ഞു: “ലോകത്തിൽ ആരുമായും യഹോവയുടെ സാക്ഷികൾ യുദ്ധത്തിൽ ഏർപ്പെടുന്നില്ല എന്നു താങ്കളോടു പറയാൻ ഞാൻ ആഗ്രഹിക്കുന്നു, അതു താങ്കൾക്കും അറിവുള്ളതാണല്ലോ. ഞങ്ങൾ ലൗകിക കാര്യങ്ങളിൽ കൈകടത്തുന്നില്ല. രാഷ്ട്രീയത്തിലോ യുദ്ധങ്ങളിലോ പങ്കുചേരുന്നില്ല. ഞങ്ങൾ തികച്ചും നിഷ്പക്ഷരാണ്. ഇപ്പോൾ നിങ്ങൾക്കുള്ള പ്രശ്നങ്ങൾ ഞങ്ങൾ പണ്ടേ പരിഹരിച്ചു കഴിഞ്ഞിരിക്കുന്നു. ഞങ്ങളുടെ സംഘടനയിൽ ഐക്യമുണ്ട്. . . . ഇപ്പോൾ ഞങ്ങൾ എന്തു ചെയ്യണമെന്നാണ് താങ്കൾ പറയുന്നത്? ഞങ്ങളുടെ രീതികൾ ഉപേക്ഷിച്ചിട്ട് പകരം നിങ്ങളെപ്പോലെ പ്രവർത്തിക്കണമെന്നോ?” അദ്ദേഹം പിന്നെ ഒന്നും മിണ്ടിയില്ല.
ഗവൺമെന്റ് അധികാരികളുമായി ബന്ധപ്പെട്ട ജോലികൾക്ക് ആഴ്ചയിൽ രണ്ടു ദിവസം മുഴുവനായി മാറ്റി വെച്ചിരുന്നു. കൂടാതെ, ഞങ്ങൾ പ്രത്യേക പയനിയർമാരായി സേവിക്കുകയും ചെയ്തിരുന്നു. അക്കാലത്ത് ഓരോ മാസവും വയൽശുശ്രൂഷയിൽ 175 മണിക്കൂർ ചെലവഴിക്കേണ്ടിയിരുന്നതിനാൽ (പിന്നെ അത് 140 മണിക്കൂർ ആയി കുറച്ചു) ദിവസവും വളരെ വൈകുംവരെ ഞങ്ങൾ ശുശ്രൂഷയിൽ ഏർപ്പെട്ടിരുന്നു. വളരെ സന്തോഷകരമായ സമയമായിരുന്നു അത്. കുടുംബാംഗങ്ങൾ ഒത്തൊരുമിച്ചു പഠിക്കുന്ന അനേകം നല്ല അധ്യയനങ്ങൾ ഞങ്ങൾക്ക് ഉണ്ടായിരുന്നു. അവർ നല്ല പുരോഗതി പ്രാപിച്ചു. കുട്ടികൾ വേണ്ടെന്നു ഞങ്ങൾ തീരുമാനിച്ചിരുന്നെങ്കിലും ആത്മീയമായി പറഞ്ഞാൽ ഞങ്ങൾക്കു കുട്ടികൾ മാത്രമല്ല, കൊച്ചുമക്കളും അവരുടെ മക്കളും ഉണ്ട്. അവർ ഞങ്ങളുടെ ഹൃദയത്തിന് എത്ര സന്തോഷമാണു പകരുന്നതെന്നോ!
1948-ന്റെ ഒടുവിൽ എനിക്ക് കൂടുതലായ ഒരു നിയമനം ലഭിച്ചു. ഗിലെയാദ് സ്കൂൾ അധ്യാപകനും രജിസ്ട്രാറുമായ ഷ്രോഡർ സഹോദരൻ മറ്റു പ്രധാന ജോലികൾ നിമിത്തം തിരക്കിലായിരിക്കുമെന്നും അക്കാരണത്താൽ ആവശ്യമുള്ളപ്പോൾ ഗിലെയാദ് ക്ലാസ്സുകളിൽ പഠിപ്പിക്കണമെന്നും നോർ സഹോദരൻ എന്നോടു പറഞ്ഞു. ഭയത്തോടെയാണെങ്കിലും ഡിസംബർ 18-ാം തീയതി ആനിനെയും കൂട്ടി ന്യൂയോർക്കിലെ സൗത്ത് ലാൻസിങ്ങിലുള്ള ഗിലെയാദിൽ ഞാൻ തിരിച്ചെത്തി. ആദ്യമൊക്കെ ഞങ്ങൾ ഏതാനും ആഴ്ചകൾ മാത്രം ഗിലെയാദിൽ
തങ്ങിയിട്ട് വാഷിങ്ടണിലേക്കു തിരിച്ചുപോകുമായിരുന്നു. ക്രമേണ, വാഷിങ്ടണിൽ ചെലവഴിക്കുന്നതിനെക്കാൾ കൂടുതൽ സമയം ഞങ്ങൾ ഗിലെയാദിൽ ചെലവഴിക്കാൻ തുടങ്ങി.ഞാൻ തുടക്കത്തിൽ പറഞ്ഞതുപോലെ, ഈ സമയത്താണ് ന്യൂയോർക്കിലെ യാങ്കീ സ്റ്റേഡിയത്തിൽ വെച്ച് ഗിലെയാദിലെ 21-ാമത് ക്ലാസ്സിന്റെ ബിരുദദാന ചടങ്ങ് നടന്നത്. അധ്യാപകരിൽ ഒരാൾ എന്ന നിലയിൽ ബിരുദദാന പരിപാടിയിൽ പങ്കെടുക്കാനുള്ള പദവി എനിക്കു ലഭിച്ചു.
ലോകാസ്ഥാനത്ത് സേവിക്കുന്നു
1955 ഫെബ്രുവരി 12-ന് മറ്റൊരു സേവന നിയമനം ഞങ്ങൾക്കു ലഭിച്ചു. യഹോവയുടെ ദൃശ്യ സംഘടനയുടെ ലോക ആസ്ഥാനത്ത് ഞങ്ങൾ ബെഥേൽ കുടുംബാംഗങ്ങൾ ആയി. അതിൽ ഉൾപ്പെട്ടിരുന്നത് എന്തായിരുന്നു? അടിസ്ഥാനപരമായി പറഞ്ഞാൽ, മറ്റുള്ളവരുമായി സഹകരിച്ചു പ്രവർത്തിക്കേണ്ട കൂട്ടുപദ്ധതികളിൽ പങ്കെടുത്തുകൊണ്ട് ലഭിക്കുന്ന ഏതു നിയമനവും ചെയ്യാൻ തയ്യാറാകുക എന്നതാണ്. ഞങ്ങൾ അതു നേരത്തേ ചെയ്തിരുന്നതാണ്. എന്നാൽ ഇപ്പോൾ ഞങ്ങൾ ഒരു വലിയ കൂട്ടത്തിന്റെ—ആസ്ഥാനത്തുള്ള ബെഥേൽ കുടുംബം—ഭാഗമാകാൻ പോകുകയായിരുന്നു. യഹോവയുടെ മാർഗനിർദേശത്തിന്റെ തെളിവെന്നോണം ഞങ്ങൾ ഈ പുതിയ നിയമനം സസന്തോഷം സ്വീകരിച്ചു.
വേലയുടെ ഒരു സുപ്രധാന ഭാഗം വാർത്താ മാധ്യമങ്ങളോടുള്ള ബന്ധത്തിൽ ആയിരുന്നു. ഉദ്വേഗജനകമായ കഥകൾക്കായുള്ള ആഗ്രഹവും മുൻവിധിയോടെയുള്ള വിവരങ്ങളുടെ ലഭ്യതയും നിമിത്തം യഹോവയുടെ സാക്ഷികളെ കുറിച്ചു മോശമായ റിപ്പോർട്ടുകളാണ് പത്രങ്ങളിൽ വന്നിരുന്നത്. ഈ സ്ഥിതിവിശേഷം മാറ്റിയെടുക്കാൻ ഞങ്ങൾ പ്രയത്നിച്ചു.
നോർ സഹോദരൻ ഞങ്ങൾക്ക് ധാരാളം ജോലികൾ തരുമായിരുന്നു. അതുകൊണ്ട് പല നിയമനങ്ങളും ഞങ്ങൾക്കു ലഭിച്ചു. അവയിൽ ചിലതിൽ ഒരു പരസ്യക്കാരൻ എന്ന നിലയിലുള്ള എന്റെ കഴിവുകൾ ഉപയോഗപ്പെടുത്തി. മറ്റു നിയമനങ്ങൾ ഉണ്ടായിരുന്നത് സൊസൈറ്റിയുടെ റേഡിയോ നിലയത്തിൽ ആയിരുന്നു. സൊസൈറ്റി നിർമിച്ച ചലച്ചിത്രങ്ങളോടു ബന്ധപ്പെട്ട ജോലികളും ഉണ്ടായിരുന്നു. ദിവ്യാധിപത്യ ചരിത്രം ഗിലെയാദ് പഠനത്തിന്റെ ഭാഗമായിരുന്നു. എന്നാൽ ആധുനികകാല ദിവ്യാധിപത്യ സംഘടനയുടെ കൂടുതൽ ചരിത്ര വിശദാംശങ്ങൾ യഹോവയുടെ ജനത്തിനു പകർന്നുകൊടുക്കാനും അതു പൊതുജനത്തിനു ലഭ്യമാക്കാനും ഉള്ള പല പദ്ധതികളും ഇപ്പോൾ ഏറ്റെടുത്തു. ഗിലെയാദ് പരിശീലനത്തിൽ ഉൾപ്പെട്ടിരുന്ന മറ്റൊരു സംഗതി പ്രസംഗ പരിശീലനം ആയിരുന്നു. സഭകളിലുള്ള സഹോദരങ്ങൾക്കും അതിനുള്ള അടിസ്ഥാന വൈദഗ്ധ്യങ്ങൾ നേടാൻ തക്കവണ്ണമുള്ള ക്രമീകരണങ്ങൾ ചെയ്യേണ്ടതുണ്ടായിരുന്നു. അതുകൊണ്ട് ധാരാളം ജോലികൾ ചെയ്യാനുണ്ടായിരുന്നു.
സ്ഥിരമായി ഗിലെയാദിൽ
സഞ്ചാര മേൽവിചാരകന്മാരുടെയും ബ്രാഞ്ച് മേൽവിചാരകന്മാരുടെയും പരിശീലനം നടക്കാനിരിക്കെ, 1961-ൽ ഗിലെയാദ് സ്കൂൾ ബ്രുക്ലിനിലേക്കു മാറ്റി. അവിടെയാണ് വാച്ച് ടവർ സൊസൈറ്റിയുടെ മുഖ്യ ഓഫീസുകൾ ഉള്ളത്. ഞാൻ വീണ്ടും ഗിലെയാദ് ക്ലാസ്സിലേക്കു മടങ്ങി—ഇത്തവണ ഒരു പകരം അധ്യാപകനായിട്ടല്ല, പിന്നെയോ ഒരു സ്ഥിരം അധ്യാപകനായിട്ട്. എത്ര നല്ല പദവി! ഗിലെയാദ് സ്കൂൾ യഹോവയിൽ നിന്നുള്ള ഒരു ദാനമാണെന്ന് എനിക്ക് ഉത്തമ ബോധ്യമുണ്ട്. അവന്റെ മുഴു ദൃശ്യ സംഘടനയ്ക്കും പ്രയോജകീഭവിക്കുന്ന ഒരു ദാനമാണ് അത്.
ബ്രുക്ലിനിലെ ഗിലെയാദ് വിദ്യാർഥികൾക്ക് മുമ്പത്തെ ക്ലാസ്സുകളിലുണ്ടായിരുന്നവർക്കു ലഭിക്കാതിരുന്ന അവസരങ്ങൾ ലഭിച്ചു. സന്ദർശകരുടെ കൂടുതൽ പ്രസംഗങ്ങൾ അവർ കേട്ടു. ഭരണസംഘവുമായി അടുത്ത സഹവാസവും ആസ്ഥാനത്തെ ബെഥേൽ കുടുംബവുമായി കൂടുതൽ സൗഹൃദവും അവർ ആസ്വദിച്ചു. കൂടാതെ ഓഫീസ് നടത്തിപ്പിലും ബെഥേൽ ഭവനത്തിന്റെ പ്രവർത്തനത്തിലും ഫാക്ടറിയിലെ വേലയുടെ വിവിധ മേഖലകളിലും വിദ്യാർഥികൾക്ക് പരിശീലനവും ലഭിച്ചു.
ഈ വർഷങ്ങളിലെല്ലാം വിദ്യാർഥികളുടെയും അധ്യാപകരുടെയും എണ്ണം മാറിക്കൊണ്ടിരുന്നു. പല സ്ഥലങ്ങളിൽ മാറിമാറിയാണ് സ്കൂളുകൾ നടത്തിയിരുന്നത്. ഇപ്പോൾ അത് ന്യൂയോർക്കിലെ പാറ്റേഴ്സണിലെ മനോഹരമായ ചുറ്റുപാടുകളിലാണ്.
വിദ്യാർഥികളോടൊത്ത് പ്രവർത്തിക്കുന്നു
ഈ ക്ലാസ്സുകളിൽ പഠിപ്പിക്കുന്നത് എത്രയോ സന്തോഷകരമായിരുന്നു! ഈ പഴയ വ്യവസ്ഥിതിക്കായി പ്രവർത്തിക്കാൻ താത്പര്യമില്ലാത്ത ചെറുപ്പക്കാരുടെ കൂട്ടമായിരുന്നു ആ വിദ്യാർഥികൾ. അവർ തങ്ങളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും ഭവനത്തെയും സ്വഭാഷക്കാരെയും വിട്ടുപിരിയുന്നു. അവർക്കു കാലാവസ്ഥ, ഭക്ഷണം, അങ്ങനെ എല്ലാം വ്യത്യസ്തമാകാൻ പോകുകയാണ്. ഏതു രാജ്യത്തേക്കാണു പോകുന്നതെന്ന് അവർക്ക് അറിയില്ല. എങ്കിലും അവരുടെ ലക്ഷ്യം മിഷനറിമാർ ആയിരിക്കുക എന്നതാണ്. അങ്ങനെയുള്ളവർക്കു പ്രേരണ ആവശ്യമില്ല.
ക്ലാസ്സ് മുറിയിൽ പ്രവേശിക്കുമ്പോഴൊക്കെ വിദ്യാർഥികളുടെ പിരിമുറുക്കം ഇല്ലാതാക്കാൻ ഞാൻ ലക്ഷ്യം വെച്ചിരുന്നു. പിരിമുറുക്കവും ആകുലതയും ഉള്ള ആർക്കും നന്നായി പഠിക്കാനാവില്ല. ഞാൻ ഒരു അധ്യാപകൻ ആയിരുന്നെങ്കിലും, വിദ്യാർഥികളുടെ അവസ്ഥ നന്നായി അറിയാമായിരുന്നു. ഒരിക്കൽ ഞാൻതന്നെ ഒരു ഗിലെയാദ് വിദ്യാർഥി ആയിരുന്നതാണല്ലോ. തീർച്ചയായും, അവിടെ
അവർ കഷ്ടപ്പെട്ടു പഠിക്കണമായിരുന്നു, അനേകം കാര്യങ്ങൾ പഠിക്കുകയും ചെയ്തിരുന്നു. എന്നാൽ അവർ അവിടെ ആയിരിക്കുന്ന സമയം ആസ്വാദ്യകരമാക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു.തങ്ങളുടെ നിയമനങ്ങളിൽ വിജയിക്കുന്നതിന് അവർക്ക് ആവശ്യമായ ചില കാര്യങ്ങൾ ഉണ്ടെന്ന് എനിക്കറിയാമായിരുന്നു. ശക്തമായ വിശ്വാസം ആവശ്യമായിരുന്നു. അതുപോലെതന്നെ താഴ്മയും—അതും ധാരാളമായി. മറ്റാളുകളുമായി ഒത്തുപോകാനും വ്യത്യസ്ത സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരാനും സൗജന്യമായി ക്ഷമിക്കാനും അവർ പഠിക്കേണ്ടതുണ്ടായിരുന്നു. അവർ ആത്മാവിന്റെ ഫലം നട്ടുവളർത്തുന്നതിൽ തുടരേണ്ടതുണ്ടായിരുന്നു. അവർ ആളുകളെയും തങ്ങളുടെ നിയമിത വേലയെയും സ്നേഹിക്കേണ്ടതും ആവശ്യമായിരുന്നു. അവർ ഗിലെയാദിൽ ആയിരുന്നപ്പോൾ ഈ കാര്യങ്ങളൊക്കെയാണ് ഞാൻ എപ്പോഴും ഊന്നിപ്പറഞ്ഞിരുന്നത്.
ഞാൻ എത്ര വിദ്യാർഥികളെ പഠിപ്പിച്ചിട്ടുണ്ടെന്ന് വാസ്തവത്തിൽ എനിക്കറിയില്ല. എന്നാൽ അവരെക്കുറിച്ച് എന്തു തോന്നുന്നു എന്ന് എനിക്കറിയാം. ക്ലാസ്സുമുറിയിൽ അഞ്ചുമാസം അവരോടൊത്തു ചെലവഴിച്ചു കഴിയുമ്പോൾ അവരുമായി ഒരു ഉറ്റബന്ധം സ്ഥാപിക്കപ്പെടുമായിരുന്നു. ബിരുദദാന ദിവസം സ്റ്റേജിലൂടെ നടന്നുവന്ന് അവർ തങ്ങളുടെ ഡിപ്ലോമകൾ സ്വീകരിക്കുന്നതു കാണുമ്പോൾ, കോഴ്സു വിജയകരമായി പൂർത്തിയാക്കിയ അവർ പെട്ടെന്നുതന്നെ വിട്ടുപിരിയുമല്ലോ എന്നു ഞാൻ ചിന്തിക്കുമായിരുന്നു. സ്വന്തം വീട്ടിലെ ഒരംഗം വിട്ടുപിരിയുന്നതു പോലത്തെ ഒരു അനുഭവമായിരുന്നു അത്. തങ്ങളെത്തന്നെ ലഭ്യരാക്കാൻ മനസ്സൊരുക്കം കാണിച്ച, മിഷനറി സേവനത്തിൽ ഏർപ്പെടാൻ സന്നദ്ധരായ ഈ ചെറുപ്പക്കാരെ ഒരുവന് എങ്ങനെ സ്നേഹിക്കാതിരിക്കാനാകും?
വർഷങ്ങൾ കഴിഞ്ഞ്, അവർ സന്ദർശകരായി വരുമ്പോൾ, അവരുടെ സേവനത്തിലെ സന്തോഷകരമായ അനുഭവങ്ങൾ പങ്കുവെക്കുമ്പോൾ, അവർ തങ്ങൾക്കു ലഭിച്ച പരിശീലനം പ്രയോജനപ്പെടുത്തിക്കൊണ്ട് തങ്ങളുടെ നിയമനത്തിൽ തുടരുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നു. അത് എന്നിൽ ഏതുതരം വികാരമാണ് ഉളവാക്കുന്നത്? അത് ഒരു പ്രത്യേക അനുഭൂതിയാണ്.
ഭാവിയിലേക്ക് ഉറ്റുനോക്കുന്നു
എന്റെ കാഴ്ച ക്ഷയിച്ചിരിക്കുന്നു. ഇപ്പോൾ അതിന്റെ ബുദ്ധിമുട്ടുകൾ ശരിക്കുമുണ്ട്. ഇനി ഒരിക്കലും ഗിലെയാദ് ക്ലാസ്സിൽ പഠിപ്പിക്കാൻ എനിക്കാവില്ല. ആദ്യമൊക്കെ ആ വസ്തുതയുമായി പൊരുത്തപ്പെട്ടുപോകാൻ വലിയ ബുദ്ധിമുട്ടായിരുന്നു. എന്നാൽ, ജീവിതത്തിലുടനീളം പുതിയ പുതിയ സാഹചര്യങ്ങളുമായി ഇണങ്ങിപ്പോകാൻ ഞാൻ പഠിച്ചിട്ടുണ്ട്. ഞാൻ മിക്കപ്പോഴും പൗലൊസിനെക്കുറിച്ചും അവന്റെ “ജഡത്തിലെ മുള്ളിനെ”ക്കുറിച്ചും ചിന്തിക്കുന്നു. മൂന്നു പ്രാവശ്യം കഷ്ടതയിൽ നിന്നുള്ള ആശ്വാസത്തിനായി പൗലൊസ് അപേക്ഷിച്ചെങ്കിലും, കർത്താവ് അവനോട് ഇങ്ങനെ പറഞ്ഞു: “എന്റെ അനർഹദയ നിനക്കു മതി; എന്തെന്നാൽ എന്റെ ശക്തി ബലഹീനതയിൽ സമ്പൂർണമായിത്തീരുന്നു.” (2 കൊരിന്ത്യർ 12:7-10, NW) പൗലൊസ് ആ കഷ്ടതയും പേറി ജീവിച്ചു. അവന് അതു സാധിച്ചെങ്കിൽ, ഞാൻ അതു ശ്രമിച്ചു നോക്കേണ്ടതാണ്. ഞാൻ ക്ലാസ്സെടുക്കുന്നില്ലെങ്കിലും, എന്റെ ഓഫീസ് സ്കൂളിനോട് അടുത്തായിരിക്കുന്നതിൽ ഞാൻ നന്ദിയുള്ളവനാണ്. ചിലപ്പോഴൊക്കെ ഞാൻ അവരുമായി സംസാരിക്കാറുണ്ട്. അവരുടെ നല്ല മനോഭാവത്തെ കുറിച്ചു ചിന്തിച്ചുനോക്കുമ്പോൾ എനിക്കു സന്തോഷം തോന്നുന്നു.
ഭാവിയിൽ നടക്കാനിരിക്കുന്നത് അത്ഭുതാവഹമായ കാര്യങ്ങളാണ്. ഒരു അടിസ്ഥാനം ഇപ്പോൾ ഇടപ്പെടുകയാണ്. ഗിലെയാദിന് ഇതിൽ ഒരു പ്രമുഖ പങ്കുണ്ടായിരുന്നിട്ടുണ്ട്. മഹോപദ്രവം കഴിഞ്ഞ് വെളിപ്പാടു 20:12-ൽ പരാമർശിച്ചിരിക്കുന്ന പുസ്തകങ്ങൾ തുറക്കപ്പെടുമ്പോൾ, ആയിരം വർഷത്തേക്ക്, യഹോവയുടെ വഴികളെ കുറിച്ച് ഒരു ബൃഹത്തായ വിദ്യാഭ്യാസ പരിപാടി ഉണ്ടായിരിക്കും. (യെശയ്യാവു 11:9) അവിടംകൊണ്ടും അത് അവസാനിക്കുന്നില്ല. അത് ഒരു തുടക്കം മാത്രം. നിത്യതയിലുടനീളം യഹോവയെക്കുറിച്ചു പഠിക്കാനും അവന്റെ ഉദ്ദേശ്യങ്ങൾ നിറവേറുന്നതു കാണവെ ധാരാളം കാര്യങ്ങൾ ചെയ്യാനും ഉണ്ടായിരിക്കും. യഹോവ തന്റെ മഹത്തായ എല്ലാ വാഗ്ദാനങ്ങളും നിവർത്തിക്കുമെന്ന് എനിക്കു പൂർണ ബോധ്യമുണ്ട്. അപ്പോൾ നമുക്കു വേണ്ടിയുള്ള യഹോവയുടെ മാർഗനിർദേശങ്ങൾ സ്വീകരിക്കുന്നതിന് അവിടെ ഉണ്ടായിരിക്കാൻ ഞാൻ കാംക്ഷിക്കുന്നു.
[26-ാം പേജിലെ ചിത്രം]
1953-ൽ ന്യൂയോർക്കിലെ യാങ്കീ സ്റ്റേഡിയത്തിൽ വെച്ചു നടന്ന ഗിലെയാദ് ബിരുദദാന ചടങ്ങ്
[26-ാം പേജിലെ ചിത്രം]
ഗെർട്രൂഡും ഞാനും കാതറിനും റസ്സലും
[26-ാം പേജിലെ ചിത്രം]
കൺവെൻഷൻ സംഘാടനത്തിൽ എൻ. എച്ച്. നോറിനോടും (ഇടത്തേ അറ്റം) എം. ജി. ഹെൻഷലിനോടും ഒപ്പം സേവിക്കുന്നു
[26-ാം പേജിലെ ചിത്രം]
വാച്ച്ടവർ റേഡിയോ പ്രക്ഷേപണ സ്റ്റുഡിയോയിൽ
[29-ാം പേജിലെ ചിത്രം]
ഗിലെയാദ് ക്ലാസ്സ് മുറിയിൽ
[31-ാം പേജിലെ ചിത്രം]
ആനിനോടൊപ്പം, അടുത്തയിടെ എടുത്ത ചിത്രം